മകൾ ഐറയുടെ പേരിൽ നിന്നും ഷമി നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാൻ. ഐറയുടെ പേരിന്റെ അവസാനം ഷമി എന്നുള്ളതു മാറ്റി പകരം, ‘ഐറ ജഹാൻ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഹസിൻ ജഹാൻ പങ്കുവച്ചത്.ഇരുവരും വിവാഹമോചനം നേടിയെങ്കിലും ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്താറുണ്ട്.
പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്.ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട് ഹസിൻ ജഹാന്റെ ആദ്യഭർത്താവ്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. താരത്തിനെതിരെ പൊലീസ് കേസുമെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.
ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു.
ന്യൂസിലൻഡ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. കോവിഡ്-19 മഹാമാരിയെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവയ്‌ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 71.7 ശരാശരിയോടെ 430 പോയിന്റ് ഇന്ത്യയ്‌ക്കുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ഈ പരമ്പരയുടെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. 4-0, 3-0, 3-1, 2-0, 2-1 എന്നീ നിലകളിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്. 70.0 ശരാശരിയിൽ 420 പോയിന്റാണ് ന്യൂസിലൻഡിനുള്ളത്. ഇവരുടെ എല്ലാ മത്സരങ്ങളും പൂർത്തിയായതിനാൽ നിലവിലെ അവസ്ഥയിൽ നിന്ന് പോയിന്റ് കുറയില്ല. അതുകൊണ്ടാണ് ഫൈനൽ ഉറപ്പിക്കാൻ കിവീസിന് സാധിച്ചത്.
അതേസമയം, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കണം. 4-0, 3-0, 3-1 എന്നീ നിലയിൽ ജയിക്കാൻ സാധിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 68.7 ശരാശരിയിൽ 412 പോയിന്റാണ് ഉള്ളത്.
അതേസമയം, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കണം. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയായാൽ ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ കിവീസിനെതിരെ കളിക്കാൻ സാധിക്കും. ഇന്ത്യ രണ്ട് മത്സരത്തിൽ കൂടുതൽ തോൽക്കുകയോ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളിൽ എങ്കിലും ജയിക്കാൻ സാധിക്കാതെയും വന്നാലും ഓസീസിന് സാധ്യതയുണ്ട്.
കോവിഡിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ലോകം. കായിക മേഖലയും ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. ടൂർണമെന്റുകളെല്ലാം ആരംഭിച്ചെങ്കിലും ഇന്ത്യയിൽ മത്സരങ്ങൾ നേരിട്ട് കാണാൻ ആരാധകർക്ക് ഇതുവരെ അവസരമുണ്ടായിരുന്നില്ല. ഇപ്പോൾ കായിക മേഖലയും പൂർണമായി അൺലോക്കിങ്ങിലേക്ക് കടക്കുകയാണെന്ന സീചന നൽകി ബിസിസിഐ. ഇതിന്റെ ഭാഗമായി കാണികളെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരം കാണാൻ ആരാധകർക്ക് അനുമതി നൽകും. ഫെബ്രുവരി 24 മുതൽ 28 വരെ അഹമ്മദാബാദിലെ നവീകരിച്ച മെട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഇവിടേയ്ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് സ്ഥിരീകരിച്ച ശേഷം ഇന്ത്യയിൽ ആദ്യമായാണ് ബിസിസിഐ സ്റ്റേഡയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങുന്നത്. 2019 നവംബറിൽ നടന്ന ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടമാണ് അവസാനമായി കാണികളെ ഉൾക്കൊള്ളിച്ച് ഇന്ത്യയിൽ നടന്ന മത്സരം.
ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അഹമ്മദാബദിൽ തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.
നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.
ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫി ഈ വര്‍ഷം ഉണ്ടാകില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. ഈ വര്‍ഷം നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടക്കാനുള്ളതും കോവിഡ് സാഹചര്യവും വിലയിരുത്തിയാണ് ഇത്തവണ രഞ്ജി ട്രോഫി ബി.സി.സി.ഐ റദ്ദാക്കിയത്.
രഞ്ജി ട്രോഫി റദ്ദാക്കിയെങ്കിലും വിജയ് ഹസാരെ ട്രോഫി നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. കൂടാതെ വനിതകളുടെ ഏകദിന പരമ്പരയും നടത്തും. വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കേണ്ടതും നിലവില്‍ അത്യാവശ്യമാണെന്നതിനാലാണ് വിജയ് ഹസാരെ ട്രോഫിക്കൊപ്പം വനിതാ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റും നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്.
പല ടീമുകളും രഞ്ജി ട്രോഫിക്കായുള്ള മുന്നൊരുക്കങ്ങല്‍ തുടങ്ങിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രഞ്ജി ട്രോഫിക്കുള്ള 26 അംഗ സാദ്ധ്യതാ ടീമിനെ പ്രഖ്യാപിക്കുകയും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാമ്പ് ആരംഭിക്കുകയും ചെയ്തിരുന്നു. ശ്രീശാന്തും ടീമിലിടം നേടിയിരുന്നു.
വിജയ് ഹസാരെ ട്രോഫിയുടെ വേദികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. ബയോബബിള്‍ സുരക്ഷയിലാവും മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി ആദ്യവാരം തന്നെ ടീമുകളെ ബയോ ബബിള്‍ സുരക്ഷയിലേക്ക് മാറ്റാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂണിൽ നടക്കും. ഐസിസി ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.ഐസിസിയാണ് അന്തിമ പോരാട്ടത്തിനുള്ള പുതുക്കിയ തീയ്യതി ഇപ്പോൾ പ്രഖ്യാപിച്ചത് .
പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേദിയാവുക ഏവരും കരുതിയത് പോലെ വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ്. ജൂൺ പതിനെട്ട് മുതൽ 22 വരെയാണ് ഫൈനൽ. ജൂൺ 23 ഫൈനൽ മത്സരത്തിനുള്ള
റിസർവ് ദിനമായും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ജൂൺ 10 മുതൽ 14 വരെയായിരുന്നു ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് നിലവിൽ ഒന്നാംസ്ഥാനത്ത്.ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ പട്ടികയിൽ നിൽക്കുന്നുണ്ട് . ആകെ പോയിന്റിനെക്കാൾ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ തീരുമാനിക്കുവാൻ ഇപ്പോൾ ഉപയോഗിക്കുന്നത് .ശേഷം ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെതിരായ അടുത്ത മാസം ആരംഭിക്കുന്ന നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് നിർണായകമാവുക. കൂടാതെ ഓസ്‌ട്രേലിയ ഫൈനലിന് മുൻപ് ദക്ഷിണാഫ്രിക്കയെ നേരിടും.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ അഞ്ച് പരമ്പര കളിച്ചപ്പോൾ അതിൽ 13 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഒൻപത് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ന്യൂസിലൻഡ് 11 ടെസ്റ്റിൽ ഏഴ് ജയം നേടിയപ്പോൾ മൂന്നിൽ തോറ്റു. ഓസ്‌ട്രേലിയ കളിച്ചത് 14 ടെസ്റ്റിൽ. എട്ട് ജയവും നാല് തോൽവിയും രണ്ട് സമനിലയും. ഇംഗ്ലണ്ട് 17 ടെസ്റ്റിൽ കളിച്ചപ്പോൾ നേടിയത് പത്ത് ജയം. നാല് തോൽവിയും മൂന്ന് സമനിലയും കരസ്ഥമാക്കി .
നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച കോല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.
ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. ഇത്തവണയും സ്റ്റെന്റ് നടപടിക്രമങ്ങള്‍ വേണ്ടിവന്നേക്കും. മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ വന്നതിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചു.
പിന്നീട് ജനുവരി ഏഴാം തീയതിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ബുധനാഴ്ച പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെ ഗാംഗുലിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പേടിക്കാനൊന്നുമില്ലെന്നും ഗാംഗുലിയെ രണ്ടാം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടി, ഡോ. സപ്തര്‍ഷി ബസു, ഡോ. സരോജ് മൊണ്ഡല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡോ. അഫ്താബ് ഖാന് സ്റ്റെന്റിംഗ് നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വാരണാസി സന്ദർശിച്ചത്. കാശി വിശ്വാനാഥ അമ്പലത്തിലും കാൽ ഭൈരവ് അമ്പലത്തിലും ദർശനത്തിനെത്തിയ താരം ഗംഗയിലൂടെ ബോട്ട് യാത്രയും നടത്തിയിരുന്നു. ഇത്തരത്തിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന ഫൊട്ടോസും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ബോട്ട് തുഴച്ചിലുകാരന് വിനയായി. ശിഖർ ധവാൻ സഞ്ചരിച്ചിരുന്ന ബോട്ട് തുഴഞ്ഞ ആൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പക്ഷിപനി വാരണാസിയിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ബോട്ടിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ പക്ഷികൾക്ക് ഭക്ഷണം നൽകാൻ പാടില്ലായെന്നത്. ഇത് സംബന്ധിച്ച നിർദേശം തുഴച്ചിലുകാർക്കും നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.
സഞ്ചാരികൾക്കെതിരെ നടപടിയുണ്ടാവുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബോട്ടുകരോട് വിശദീകരണം ചോദിക്കുമെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാൻ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
View this post on Instagram
ഓസ്ട്രേലിയക്കെതിരായ ചരിത്ര വിജയത്തിനുശേഷം ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. പെറ്റേണിറ്റി ലീവിന് ശേഷം മടങ്ങിയെത്തുന്ന വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചിരിക്കുകയാണ്. 16 അംഗ ടീമിൽ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും മടങ്ങിയെത്തിയിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരെ മിന്നും പ്രകടനവുമായി തിളങ്ങിയ ജോ റൂട്ട് നയിക്കുന്ന ടീമിൽ കോവിഡ് ബാധിച്ച മൊയിൻ അലിയും ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ മൊയിൻ അലി ഇപ്പോൾ വിശ്രമത്തിലാണ്.
ആൻഡേഴ്സണും ബ്രോഡും നയിക്കുന്ന ലോകോത്തര ബോളിങ് നിരയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കുന്ന ആർച്ചറും സ്റ്റോക്സും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സജീവമാക്കുന്നു. റൂട്ട് തന്നെയാണ് ടീമിലെ പ്രധാന ബാറ്റിങ് കരുത്ത്.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജോഫ്ര ആർച്ചർ. മൊയ്ൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബൺഡ്, ജോസ് ബട്‌ലർ, ജാക് ചൗളി, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെൻ സ്റ്റോക്സ്, ഒല്ലി സ്റ്റോൻ, ക്രിസ് വോക്സ്
മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്ന പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.
ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയാധിക്ഷേപം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ യുവ പേസർ സിറാജ്.വംശീയാധിക്ഷേപം നേരിട്ടാലും ഓസ്ട്രേലിയ വിടില്ലെന്ന് ഇന്ത്യന്‍ ടീം അമ്പയർമാരോട് വ്യക്തമാക്കിയിരുന്നതായി വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.
സിഡ്നി ടെസ്റ്റിനിടെയാണ് സിറാജിനെയും ജസ്പ്രീത് ബുമ്രയെയും ഒരു വിഭാഗം കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്.ഓസ്ട്രേലിയയില്‍ താന്‍ വംശീയാധിക്ഷേപം നേരിട്ടുവെന്ന് സിറാജ് വ്യക്തമാക്കി.
എന്നെ ചില കാണികള്‍ തവിട്ട് നിറമുള്ള കുരങ്ങനെന്ന് വിളിച്ചു. കളിക്കാരനെന്ന നിലയില്‍ ഇക്കാര്യം ഞാനെന്‍റെ ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹം അത് ഓണ്‍ഫീല്‍ഡ് അമ്പയർമാരായ പോള്‍ റീഫലിന്‍റെയും പോള്‍ വില്‍സണിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി. എനിക്ക് നീതി ലഭിച്ചോ എന്നത് വിഷയമല്ല.
ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോൾ അത് ക്യാപ്റ്റന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നത് എന്‍റെ കടമയാണ്.അമ്പയർ ഞങ്ങളോട് വേണമെങ്കില്‍ നിങ്ങള്‍ക്ക് കളി മതിയാക്കി ഗ്രൗണ്ട് വിടാമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കളിക്കാനാണ് വന്നതെന്നും ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ കളിച്ചിട്ടേ പോവു എന്നും അമ്പയർമാരെ അറിയിച്ചു.
മോശമായി പെരുമാറുന്ന കാണികളെ നിയന്ത്രിക്കണമെന്നും രഹാനെ ആവശ്യപ്പെട്ടു.
കാണികളുടെ ക്രൂരമായ പെരുമാറ്റം തന്‍റെ പോരാട്ടവീര്യം ഉയര്‍ത്തുകയാണ് ചെയ്തയെന്നും സിറാജ് പറഞ്ഞു.ഓസ്ട്രേലിയയില്‍ നേരിട്ട അധിക്ഷേപങ്ങള്‍ എന്നെ മാനസികമായി കരുത്തനാക്കി.
അതൊന്നും എന്‍റെ കളിയെ ബാധിക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും സിറാജ് വ്യക്തമാക്കി. വംശീയാധിക്ഷേപം നടത്തിയ ആറ് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയശേഷമായിരുന്നു പിന്നീട് മത്സരം തുടര്‍ന്നത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പു പറയുകയുംചെയ്തിരുന്നു.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്മിത്തിനെ റോയല്‍സ് ക്യാപ്റ്റനാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചും സ്മിത്ത് വിവാദത്തിലായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സ് ഹര്‍ഭജന്‍ സിങ്ങിനെ ഒഴിവാക്കി. റെയ്നയെ നിലനിര്‍ത്തി. 22.7 കോടി രൂപയാണ് നിലവില്‍ ചെന്നൈയുടെ അക്കൗണ്ടില്‍ ഉള്ളത്. ഗ്ലെന്‍ മാക്സ്‌വെല്ലിനെ കിങ്സ് ഇലവന്‍ പഞ്ചാബും ലസിത് മലിംഗയെ മുംബൈ ഇന്ത്യന്‍സും റിലീസ് ചെയ്തു. ജേസന്‍ റോയ്, അലക്സ് കാരി എന്നിവരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. മൊയീന്‍ അലി, ആരണ്‍ ഫിഞ്ച് തുടങ്ങിയ താരങ്ങളെ ആര്‍സിബിയും നിലനിര്‍ത്തിയില്ല.