കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പതിവ് ശൈലി പുലർത്തി മലയാളികളിലെ ഒരു വിഭാഗം രംഗത്ത്. സച്ചിന്റെ അഭിപ്രായം വിവാദമായപ്പോൾ മരിയ ഷറപ്പോവയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളിയുടെ മാപ്പ് പറച്ചിലിന്റെ മേളമായിരുന്നു. സച്ചിനെ പിന്തുണച്ച് ശ്രീശാന്ത് വന്നതോടെ ഇക്കൂട്ടർ നേരെ പോയത് ഹർഭജൻ സിങിന്റെ പേജിലേക്കാണ്.

വർഷങ്ങൾക്ക് മുൻപ് ഇരുവരം തമ്മിലുണ്ടായ കയ്യാങ്കളിയുടെ ചുവട് പിടിച്ചാണ് ഈ പോക്ക്. ‘അണ്ണാ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു.. നിങ്ങളാണ് ശരി..’ എന്നൊക്കെയാണ് മലയാളത്തിൽ പേജിന് താഴെ എത്തുന്ന കമന്റുകൾ. കർഷകരെ പിന്തുണച്ച് തുടക്കം തന്നെ രംഗത്തുള്ള വ്യക്തിയാണ് ഹർഭജൻ സിങ്.
‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’– എന്നാണ് സച്ചിനെ തുണച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.