Sports

ന്യൂഡല്‍ഹി: ഫൂട്‌ബോള്‍ താരവും ഇന്ത്യന്‍ നേവിയുടെ കളിക്കാരനുമായിരുന്നു ജേക്കബ് ഫ്രാന്‍സീസ് (വില്‍സണ്‍-52) ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ നേവി നഗറിലെ ആശുപത്രിയില്‍ നിര്യാതനായി. കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ ജേക്കബ് ഫ്രാന്‍സിസ് സ്‌കൂള്‍ തലം മുതല്‍ കാല്‍പ്പന്തില്‍ മികവ് തെളിയിച്ചതാണ്. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് പഠനകാലത്ത് ജില്ല, സംസ്ഥാന, നാഷണല്‍ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കാളിയായിരുന്നു. ചങ്ങനാശേരി എസ്. ബി കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. അതിരമ്പുഴ ഫുട്‌ബോള്‍ ക്ലബിന്റെ സജീവ കളിക്കാരനായിരുന്നു. ദേശേീയ തലത്തില്‍ സുബ്രോതോ കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 29 വര്‍ഷമായി ഇന്ത്യന്‍ നാവിക സേനയുടെ ഫുട്‌ബോള്‍ ടീം അംഗമായി ജോലി ചെയ്യുകയായിരുന്നു.
കോട്ടയം കൈപ്പുഴ നരിക്കുന്നേല്‍ പരേതരായ ഫ്രന്‍സിസ്, ഏലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ഷാജി, ടോമി, രാജു, ബിന്ദുമോള്‍, ബിനോഷ്. ഭാര്യ കാഞ്ഞിരപ്പള്ളി എലിക്കുളം പുത്തന്‍ വേലിക്കകത്ത് ഷൈനി, മക്കള്‍ വിദ്യാര്‍ത്ഥികളായ എലീസ, എലൈസ. സംസ്‌കാരം മെയ് 28-ന് അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയില്‍.

വിവിധ ഫുട്‌ബോള്‍ ക്ലബ് അംഗങ്ങള്‍ വില്‍സന്റെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ചു.മലയാളികള്‍ ഉള്‍പ്പെടുന്ന യുറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുവേണ്ടി മുഖ്യസംഘാടകന്‍ രാജു ജോര്‍ജ് (ലണ്ടന്‍) അനുശോചനം അറിയിച്ചു.

 

പ്രശസ്ത ജപ്പാന്‍ റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു. 22 വയസായിരുന്നു. ഹന കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാര്‍ഡം റെസിലിംഗ് ആണ് താരത്തിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2019 ലെ സ്റ്റാര്‍ഡം ഫൈറ്റിംഗ് സ്പിരിറ്റ് അവാര്‍ഡ് ജേതാവാണ് ഹന കിമുറ.

കഴിഞ്ഞ വെള്ളിയാഴ്ച തന്റെ വളര്‍ത്തു പൂച്ചയോടൊപ്പമുള്ള ചിത്രം ഗുഡ്‌ബൈ എന്ന ക്യാപ്ഷനോടെ ഹന കിമുറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഹന ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ജപ്പാനീസ് പോലീസ് വ്യക്തമാക്കിയത്.

നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്ത ടെറസ് ഹൗസ് എന്ന റിയാലിറ്റി ഷോയിലും ഹന അഭിനയിച്ചിരുന്നു. ഇത് ഏറെ പ്രശസ്തമായിരുന്നു. റിയാലിറ്റി ഷോ പിന്നീട് കൊറോണ ഭീതിയില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ഡം റെസലിംഗ് ടീം അംഗങ്ങള്‍ ഹനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ടിന്റി20 ലോകകപ്പ് മാറ്റിവെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടത്താനാണ് തീരുമാനമെങ്കില്‍ രാജ്യങ്ങള്‍ താരങ്ങളെ ഐപിഎലിന് അയക്കരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ഇന്ത്യയുടെ ഐപിഎലിന് ലോക ടൂര്‍ണമെന്റിനെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ സെപ്റ്റംബര്‍ -ഒക്‌ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്‍ നടത്തിയാല്‍ ഞാന്‍ അതിനെ ചോദ്യം ചെയ്യും. പണമാണ് ഇവിടെ വിഷയം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. ടി 20 ലോകകപ്പിന് പകരം ഐപിഎല്‍ നടന്നാല്‍ അതിനര്‍ത്ഥം ഇന്ത്യ ഗെയിം നടത്തുന്നുവെന്നാണ് അര്‍ഥം. അവര്‍ ഇതിനോട് അടുത്തു കഴിഞ്ഞു. എന്നാല്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ ഒന്നിച്ച് അത് തടയണം. വിവിധ രാജ്യങ്ങള്‍ കളിക്കാരെ ഐപിഎല്ലിലേക്ക് അയക്കുന്നത് തടയുന്നതിലൂടെ അതിനാവുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്ലിന് വഴിയൊരിക്കി കൊടുക്കുന്നത് തെറ്റായ വഴിയിലാണ് നമ്മുടെ പോക്കെന്നത് വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ് 28ന് ചേരുന്ന ഐസിസി യോഗത്തില്‍ എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം വന്നതോടെ ബംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാളികളടക്കമുള്ള താരങ്ങളും ജീവനക്കാരും നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്, ഒളിമ്പ്യന്‍ കെടി ഇര്‍ഫാന്‍ തുടങ്ങിയ താരങ്ങളടക്കമാണ് ഇവിടെ പരിശീലനത്തിലെത്തുന്നത്. മരിച്ച പാചകക്കാരന്‍ ചൊവ്വാഴ്ച സായിയില്‍ നടന്ന യോഗത്തിനെത്തിയിരുന്നു. 25 മുതല്‍ 30 വരെ ആളുകള്‍ പങ്കെടുത്ത ഈ യോഗത്തിനെത്തിയ എല്ലാവര്‍ക്കും ഇപ്പോള്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

പരിശോധനകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ക്യാംപസിലേയ്ക്ക് കടക്കാന്‍ അനുവദിച്ചിരിക്കുന്നത്. പിന്നീടാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന്റെ സാമ്പിള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ് ലോകത്തെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. താരത്തിന്റെ അത്ഭുതപ്പെടുത്തുന്ന ക്യാച്ചുകള്‍ ആരാധകരെ ആര്‍ഷിച്ചിരുന്നു. 1992 ലെ ലോകകപ്പ് വേളയില്‍ പാകിസ്ഥാന്റെ ഇന്‍സമാം-ഉല്‍-ഹഖിനെ പുറത്താക്കിയ പ്രസിദ്ധമായ ക്യാച്ച് ആര്‍ക്കും മറക്കാനാവില്ല. തന്റെ മികച്ച ഫില്‍ഡിംഗ് അനുഭവങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ന് ലോകക്രിക്കറ്റിലെ മികച്ച ഫില്‍ഡര്‍മാര്‍ ആരെല്ലാമെന്നും പറഞ്ഞു. ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റ് സെഷനില്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായി സംസാരിക്കുകയായിരുന്നു ജോണ്ടി റോഡ്സ്.

ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ന്യൂ സീലാന്‍ഡര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ദക്ഷിണാഫ്രിക്കന്‍ എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് ലോകത്തെ മികച്ച ഫില്‍ഡര്‍മാരായി ജോണ്ടി റോഡ്സ് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിംഗും ഫീല്‍ഡിംഗും താന്‍ ഏറെ ഇഷ്ടപ്പെടുന്നു. മൈതാനത്ത് രവീന്ദ്ര ജഡേജയ്ക്ക് മികച്ച വേഗതയാണ്. തന്റെ റോള്‍ വളരെ പ്രതിജ്ഞാബദ്ധമായി താരം ചെയ്യുന്നു. മികച്ച ക്യാച്ചുകളാണ് അദ്ദേഹത്തില്‍ നിന്ന് പിറക്കുന്നത്. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍, , മൈക്കല്‍ ബെവന്‍ ഇരുവരും മികച്ച ഫില്‍ഡര്‍മാരാണ്.

ഇന്ത്യന്‍ മൈതാനത്ത് ഫീല്‍ഡിംഗ് എളുപ്പമല്ലെന്ന കാര്യം തനിക്ക് നന്നായി അറിയാമെന്നും അതിനാല്‍ റെയ്നയുടെ വലിയ ആരാധകനാണെന്നും ജോണ്ടി പറഞ്ഞു. ”നിങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യയില്‍ എത്രമാത്രം കഠിനമായ ഫീല്‍ഡുകള്‍ ഉണ്ടെന്ന് എനിക്കറിയാം, ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ഒരു വലിയ ആരാധകനാണ് ’50 കാരന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരെക്കുറിച്ച് ചോദിച്ചപ്പോള്‍, ജോണ്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് പ്രതിഭയായ സ്റ്റീവ് സ്മിത്തിനെയും തിരഞ്ഞെടുത്തു.

രാജ്യാന്തര ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡ്സ് വാചാലനായി. 1990കളിൽ ഫീൽഡിങ് കളിയുടെ വലിയ ഭാഗമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഫീൽഡിങ് മത്സരഫലത്തെ തന്നെ സ്വാധീനിക്കുമെന്ന് ടീമുകൾ മനസിലാക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാ താരങ്ങളും മികച്ച രീതിയിൽ ഫിറ്റ്നസ് നിലനിർത്തുന്നതും എടുത്ത് പറയേണ്ടതാണെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേർത്തു.

ലോക്ക് ഡൗണില്‍ ഓര്‍മ്മപുതുക്കുകയാണ് പലരും.അത്തരത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്ന സമയത്ത് ഗാംഗുലിയുടെ വീട് സന്ദര്‍ശിച്ച് സച്ചിന്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്്. ഗാംഗുലിയുടെ വീട്ടിലെ സ്ത്രീകള്‍ സച്ചിന് പിന്നില്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. സച്ചിനെ നേരിട്ട് കാണാനായതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ട്.

ഗാംഗുലിയെ എല്ലാവരും ദാദ എന്നു വിളിക്കുമ്പോള്‍ സച്ചിന്‍ മാത്രം ‘ദാദി’ എന്നാണ് വിളിക്കാറുള്ളത്. ഇത് പലപ്പോഴും അഭിമുഖങ്ങളില്‍ സച്ചിന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

 

കോവിഡ് ബാധിച്ചു മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച സ്വന്തം മകനെ താന്‍ കൊന്നതാണെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ഫുട്ബോള്‍ താരം സെവ്ഹർ ടോക്ടാഷ്. ആശുപത്രിയിൽ ഐസലേഷനിൽ കഴിയവേയാണ് ഒരാഴ്ച മുൻപ് ടോക്ടാഷിന്റെ മകൻ കാസിം മരിച്ചത്. കാസിം മരിച്ച് 11–ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാഷ് രംഗത്തെത്തിയത്. ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. ഇദ്ദേഹത്തെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ടോക്ടാഷ് കൊലപാതക കുറ്റം ഏറ്റത്.

മകന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. മകന്‍ മരിച്ച് ദിവസങ്ങൾക്കുശേഷം ‘ഈ ലോകത്തെ ആശ്രയിക്കരുത്’ എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് ടോക്ടാഷ് പൊലീസിനോടു വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ച് ടോക്ടാഷിന്റെ മൊഴിയിങ്ങനെ:”കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാൻ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ അതേപടി പിടിച്ചു. ആ സമയം അവൻ ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാൻ തലയിണ മാറ്റിയത്.

അതിനുശേഷം എന്നെ സംശയിക്കാതിരിക്കാൻ കാസിമിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടർമാരെ വിളിച്ചുവരുത്തുകയായിരുന്നു. എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കൽപ്പോലും സ്നേഹിക്കാൻ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാൻ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല”.

പിന്നീട് കുറ്റബോധം വേട്ടയാടിയെന്നും സഹിക്കാതെ വന്നപ്പോളാണ് എല്ലാ സത്യങ്ങളും ഏറ്റുപറയുന്നതെന്നും ടോക്ടാഷിന്റെ മൊഴിയിലുണ്ട്. ടോക്ടാഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കാസിമിന്റെ മൃതദേഹം ഖബറിൽനിന്നെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

തുർക്കിയിലെ ടോപ് ഡിവിഷൻ ഫുട്ബോൾ ലീഗായ ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.

2014 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് യുവരാജ് തിരിച്ചെത്തിയപ്പോൾ പ്രതീക്ഷയിലായിരുന്നു ആരാധകർ. ആ ഇടങ്കയ്യന്‍ ബാറ്റിങ്ങ് വിസ്മയം കാണാനായിരുന്നു കാത്തിരിപ്പ്. എന്നാൽ ഫൈനലിൽ ശ്രീലങ്കയോട് ഇന്ത്യ തോല്‍വി സമ്മതിച്ചു. 21 പന്തിൽ 11 റൺസ് മാത്രമായിരുന്നു യുവ്‍രാജ് നേടിയത്.

ഈ ഫൈനലിന് ശേഷം കരിയർ അവസാനിച്ചു എന്നുവരെ കരുതിയിരുന്നെന്ന് യുവരാജ്സിങ്ങ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുറഖത്തില്‍ പറഞ്ഞു. ആരാധകരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങി ജീവിതം മടുത്തുവെന്നും ആരെയോ കൊന്ന ഒരു വില്ലനെപ്പോലെ തോന്നിയെന്നും യുവി പറയുന്നു.

അതു സാധാരണ ഒരു മത്സരമായിരുന്നെങ്കിൽ ഇത്രേയും വിമർശനങ്ങൾ കേൾക്കേണ്ടി വരുമായിരുന്നില്ല. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു വില്ലനെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ ഇന്നിങ്സിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഞാൻ നന്നായി കളിക്കാന്‍ സാധിച്ചില്ല.

ആരാധകർ വീടിനുനേരെ കല്ലെറിഞ്ഞു. ജയിലിൽ പോകാൻ തയ്യാറായി നിൽക്കുന്ന ഒരു കൊലപാതകിയെപ്പോലെയാണ് എന്നെത്തന്നെ എനിക്കു തോന്നിയത്. ആ സമയത്ത് തന്റെ കരിയര്‍ അവസാനിച്ചെന്നുവരെ തോന്നിപ്പോയെന്നും യുവ്‍രാജ് പറയുന്നു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മികച്ച ഫിനീഷറാക്കിയത് താനാണെന്ന അവകാശ വാദവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ഗ്രെഗ് ചാപ്പല്‍ രംഗത്തെത്തിയിരുന്നു. പ്ലേറൈറ്റ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് ലൈവിലായിരുന്നു ചാപ്പലിന്റെ അവകാശവാദം. എന്നാല്‍ ചാപ്പലിന്റെ അവകാശവാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. തന്റെ ഉപദേശം കരിയറിന്റെ തുടക്കകാലത്ത് ധോണിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നായിരുന്നു ചാപ്പല്‍ പറഞ്ഞത്. എല്ലാ പന്തുകളെയും ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ നിന്ന് ചിന്തിച്ച്, കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് ധോണിയെ എത്തിച്ചത് താനാണെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

എന്നാല്‍ ചാപ്പലിന്റെ അവകാശ വാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. ചാപ്പല്‍ പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മോശം കാലഘട്ടമാണെന്ന് പരിഹസിച്ച് #worstdaysofindiancricketundergreg എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ഹര്‍ഭജന്‍ ചേര്‍ത്തിട്ടുണ്ട്. ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചതായി ലൈവ് ചാറ്റിനിടെ ചാപ്പല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശം ഉള്‍പ്പെടുന്ന ഒരു വാര്‍ത്ത റീട്വീറ്റ് ചെയ്താണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ പരിഹാസമുയര്‍ത്തിയത്. ‘അദ്ദേഹം ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത് ശരിയായിരിക്കും. കാരണം, അദ്ദേഹം ആ സമയത്ത് എല്ലാവരെയും ‘സിക്‌സടിക്കുന്ന’ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ കളികളെല്ലാം എപ്പോഴും വ്യത്യസ്തമായിരുന്നു’ ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

2005-ല്‍ ജയ്പൂര്‍ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി നേടിയ 183 റണ്‍സ് മാച്ച് വിന്നിങ് ഇന്നിങ്സ് മറക്കാന്‍ സാധിക്കില്ല. പുണെയിലായിരുന്നു അടുത്ത മത്സരം. അതിനു മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്നും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും ധോണിയോട് പറഞ്ഞതായും ചാപ്പല്‍ വ്യക്തമാക്കിയിരുന്നു. പുണെ ഏകദിനത്തില്‍ 260 റണ്‍സോ മറ്റോ ആയിരുന്നു വിജയലക്ഷ്യം. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്‌സാണ് ധോണി ഇവിടെ കാഴ്ചവെച്ചത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ 12-ാമനായ ആര്‍.പി സിങിനെ തന്റെയടുത്തേക്ക് അയച്ച് ധോണി സിക്സറുകള്‍ അടിക്കട്ടേയെന്ന് ചോദിച്ചു. എന്നാല്‍ പാടില്ലെന്നും വിജയലക്ഷ്യം ഒറ്റയക്കത്തിലെത്തുന്നതുവരെ കാത്തിരിക്കാനും താന്‍ പറഞ്ഞു. ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോണി സിക്‌സറിലൂടെ വിജയം പൂര്‍ത്തിയാക്കിയെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള പ്രശ്‌നങ്ങളും കുപ്രസിദ്ധമാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാന്‍, വി.വി.എസ്. ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ് തുടങ്ങിയ താരങ്ങള്‍ക്കും ചാപ്പലിന്റെ കാര്യത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.

 

രാജ്യാന്തര പുരസ്‌കാരം നേടി ഇന്ത്യന്‍ കായിക താരം സാനിയ മിര്‍സ. ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡാണ് താരത്തിന് ലഭിച്ചത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരം കൂടിയാണ് സാനിയ. അമ്മയായതിനു ശേഷം സാനിയ കരിയറിലേക്ക് നടത്തിയ ശക്തമായ തിരിച്ചു വരവ് പരിഗണിച്ചാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

ഏഷ്യ-ഓഷിയാന മേഖലയില്‍ നിന്നും പോള്‍ ചെയ്ത 16,985 വോട്ടുകളില്‍ 10000 വോട്ടുകള്‍ നേടിയാണ് സാനിയ പുരസ്‌കാരത്തിന് അര്‍ഹയായത്. ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തിയ വോട്ടുകള്‍ പരിഗണിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. അതേസമയം, പുരസ്‌കാരത്തുകയായി ലഭിച്ച 1,51790 രൂപ ( 2000 യുഎസ് ഡോളര്‍) തെലുങ്കാന കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരിക്കുകയാണ് സാനിയ.

‘ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയായത് ഒരു ബഹുമതിയാണ്. ഈ അവാര്‍ഡ് എന്റെ മുഴുവന്‍ ആരാധകര്‍ക്കും രാജ്യത്തിനും സമര്‍പ്പിക്കുന്നു. വോട്ട് ചെയത് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഭാവിയില്‍ രാജ്യത്തേക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ കൊണ്ടു വരാനാവുമെന്ന് പ്രതീക്ഷിക്കുന്നു, ലോകം ഈ വൈറസ്( കൊറോണ ) മൂലം കടുത്ത ഘട്ടത്തിലൂടെ പോവുന്ന സാഹചര്യത്തില്‍ ഈ പണം തെലുങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്,’ സാനിയ മിര്‍സ അറിയിച്ചു.

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആണ് ഫെഡ്കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് 2009 ല്‍ തുടക്കമിട്ടത്. കരിയറില്‍ അസാമാന്യമായ കഴിവും ആത്മാര്‍ത്ഥയും കാണിക്കുന്ന ടെന്നീസ് താരങ്ങള്‍ക്കാണ് ഈ അവാര്‍ഡ് ലഭ്യമാകുന്നത്.

RECENT POSTS
Copyright © . All rights reserved