അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അമ്പയർമാരിലൊരാളാണ് ഇംഗ്ലണ്ടിന്റെ ഇയാൻ ഗുഡ്. 2006 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ 70 ടെസ്റ്റുകളും, 140 ഏകദിനങ്ങളും, 37 ടി20 മത്സരങ്ങളും അന്താരാഷ്ട്ര തലത്തിൽ നിയന്ത്രിച്ചിട്ടുള്ള ഗുഡ്, മഹാന്മാരായ ഒട്ടേറെ താരങ്ങളുടെ കളി അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. ഇപ്പോളിതാ താൻ അമ്പയറായിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ആസ്വദിച്ച് കണ്ടത് ഏതൊക്കെ ബാറ്റ്സ്മാന്മാരുടെ കളിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാലിസ്, ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിംഗാണ് താൻ ഏറ്റവുമധികം ആസ്വദിച്ച് കണ്ടതെന്ന് ഗുഡ് പറയുന്നു. എന്നാൽ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിന്റെ ഏറ്റവും മികച്ച ഫോമിലെ പ്രകടനങ്ങൾ തനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും, താൻ അമ്പയറിംഗ് ഫീൽഡിലേക്ക് ഉയർന്ന് വന്ന സമയത്ത് പോണ്ടിംഗിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ഏകദേശം അവസാനിച്ചിരുന്നതായും ഗുഡ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഞാൻ എറ്റവുമധികം ആസ്വദിച്ച ബാറ്റ്സ്മാന്മാരിലൊരാൾ ജാക്വസ് കാലിസാണ്. വളരെ മികച്ച താരമായിരുന്നു അദ്ദേഹം. അത് പോലെ തന്നെയാണ് സച്ചിനും, വിരാടും. എന്നാൽ ചില കാര്യങ്ങളിൽ എനിക്ക് നിരാശയുണ്ട്. പോണ്ടിംഗിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ കഴിഞ്ഞില്ല എന്നതാണ് അതിലൊന്ന്. അദ്ദേഹം ഒന്നാന്തരം താരമായിരുന്നു. ” മുൻ ഇംഗ്ലീഷ് അമ്പയർ പറഞ്ഞുനിർത്തി.