കോവിഡ് 19 നെത്തുടർന്ന് ഇത്തവണ ഇന്ത്യയിൽ, ഐപിഎൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ, ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന് യു എ ഇ. കഴിഞ്ഞ ദിവസമാണ് ഐപിഎല്ലിന് ആതിഥേയരാൻ തങ്ങൾ തയ്യാറാണെന്ന് അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ഇത്തരത്തിൽ ഐപിഎല്ലിന് ആതിഥേയരാവാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ബിസിസിഐ ഇതിന് അനുകൂല മറുപടി നൽകിയിരുന്നില്ല.

“മുൻപ് വിജയകരമായി ഐപിഎൽ നടത്തിയ ചരിത്രം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഇതിന് പുറമേ നിരവധി പരമ്പരകളുടെ നിക്ഷ്പക്ഷ വേദിയായും, നിരവധി പരമ്പരകൾക്ക് ആതിഥേയരായുമുള്ള പരിചയം ഞങ്ങൾക്കുണ്ട്.” കഴിഞ്ഞ ദിവസം ഗൾഫ് ന്യൂസിനോട് സംസാരിക്കവെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞു. ഐപിഎൽ ആതിഥേയരാവാനാവുള്ള താല്പര്യം യു എ ഇ ക്രിക്കറ്റ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം മുൻപ് രണ്ട് തവണയാണ് ഐപിഎൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയിട്ടുള്ളത്. 2009 ലും 2014 ലുമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് 2009 ലെ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ടപ്പോൾ, സമാന കാരണം കൊണ്ട് 2014 ഐപിഎൽ സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ യു എ ഇ യിലായിരുന്നു നടത്തിയത്.