Sports

ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.

ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമംഗവും മലയാളിയുമായ സഞ്ജു സാംസൺ തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കാൻ അയർലൻഡ് ക്രിക്കറ്റ് ടീം താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വിവിധ ദേശീയ സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയതത്. അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് സഞ്ജുവിന് വാഗ്ദാനവുമായി രംഗത്തെത്തിയത്. സഞ്ജുവിനെ അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കുമെന്നും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം.

‘‘സഞ്ജു ഞങ്ങളുടെ ദേശീയ ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ എല്ലാ മത്സരങ്ങളും കളിപ്പിക്കും. അദ്ദേഹം വളരെ കഴിവുള്ള ബാറ്ററാണ്, അപൂർവ പ്രതിഭകളിൽ ഒരാളാണ്. ഞങ്ങളുടെ ദേശീയ ടീമിനു കളിക്കുന്നതിനു ഞങ്ങൾ അദ്ദേഹത്തിന് ഒരു ഓഫർ നൽകുന്നു. ഞങ്ങളുടെ ടീമിന് അദ്ദേഹത്തെപ്പോലെ ഒരു നായകനും ബാറ്ററും ആവശ്യമാണ്. ഇന്ത്യൻ ടീം അദ്ദേഹത്തെ അവഗണിക്കുകയാണെങ്കിൽ, ഞങ്ങളോടൊപ്പം ചേരാം, ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുകയും എല്ലാ മത്സരങ്ങളും കളിക്കാൻ അനുവദിക്കുകയും ചെയ്യും.’’– അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

എന്നാൽ സഞ്ജു ഈ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ട്. തന്നെ പരിഗണിച്ചതിന് അയർലൻഡിനോട് സഞ്ജു നന്ദി പ്രകടിപ്പിച്ചെങ്കിലും തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി മാത്രമേ കളിക്കാനാകൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കുന്നത് ഒരിക്കലും ചിന്തിക്കാനാവില്ലെന്നും താരം പറഞ്ഞു. “എന്നെ പരിഗണിച്ചതിന് അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഓഫർ സ്വീകരിക്കാൻ കഴിയില്ല. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിക്കാനാണ് ഞാൻ ക്രിക്കറ്റ് തുടങ്ങിയത്. മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ കളിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഈ ഓഫർ സ്വീകരിക്കാൻ കഴിയില്ല, അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റിനോട് ക്ഷമിക്കണം.’’ സഞ്ജു സാംസൺ പറഞ്ഞു.

സ്ഥിരമായി പ്ലേയിങ് ഇലവൻ ടീമിൽ ഇടം ലഭിക്കുന്നില്ലെങ്കിലും അതിനായി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമെന്നും എനിക്ക് സങ്കടമില്ലെന്നും സഞ്ജു സാംസൺ അയർലൻഡിനു മറുപടി നൽകിയതായും സൂചനയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് സഞ്ജു, നിരന്തരമായി അവഗണന നേരിടുന്നെന്ന ആരോപണത്തിനിടെയാണ് ഈ റിപ്പോർട്ടെന്നത് ശ്രദ്ധേയമാണ്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്താതിൽ ബിസിസിഐക്കെതിരെ വിമർശനം ഉയർന്നിരുന്നു.

ആവേശം പെനാല്‍ട്ടി ഷൂട്ടൗട്ടോളം എത്തിയ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ജയിച്ചുകയറിയപ്പോള്‍ (4-3) നെയ്മറുടെ ബ്രസീല്‍ തോറ്റുപുറത്തായി(4-2). ഗോളടിച്ചും അടിപ്പിച്ചും നായകന്‍ ലയണല്‍ മെസ്സി നിറഞ്ഞാടിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിലെത്തി. മറ്റൊരു മത്സരത്തില്‍ നെയ്മറുടെ ഗോളിന് ബ്രസീലിനെ രക്ഷിക്കാനായില്ല. ക്രൊയേഷ്യയോടു തോറ്റ് ബ്രസീല്‍ ലോകകപ്പില്‍നിന്നു പുറത്തായി. ചൊവ്വാഴ്ച രാത്രി 12.30-ന് ആദ്യ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.

നിശ്ചിത സമയത്തും അധികസമയത്തും അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം സമനിലയില്‍ (2-2) തുടര്‍ന്നു. അര്‍ജന്റീനയ്ക്കായി മോളിന (35), ലയണല്‍ മെസ്സി (73 പെനാല്‍ട്ടി) എന്നിവരാണ് ഹോളുകള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകള്‍ നേടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഒന്ന്, രണ്ട് ഷോട്ടുകള്‍ പാഴായി. അര്‍ജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവര്‍ ജയം ഉറപ്പിച്ചു. നിശ്ചിതസമയത്തും (00) അധികസമയത്തും (11) സമനിലയിലായപ്പോഴാണ് ക്രൊയേഷ്യ-ബ്രസീല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്.

അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ മുന്നിലെത്തിയത് നെയ്മറുടെ ഗോളില്‍, കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജയമുറപ്പിച്ച ബ്രസീലിനെതിരെ സമനില ഗോള്‍ നേടി ക്രൊയേഷ്യ. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ആറാം ലോകകിരീടമെന്ന സ്വപ്നം ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ച് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. പെനാല്‍റ്റി ഷോട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ബ്രസീലിന് വേണ്ടി ആദ്യ കിക്കെടുത്ത റോഡ്രിഗോയ്ക്കും നാലാമത്തെ കിക്കെടുത്ത മാര്‍ക്കിനോസിനും പിഴച്ചപ്പോള്‍ നാല് കിക്കുകളും വലയിലെത്തിച്ച ക്രൊയേഷ്യ സെമിയിലേക്ക് കുതിക്കുകയായിരുന്നു.

ആദ്യം വിശേഷണങ്ങള്‍ മതിയാകാത്ത ഗോള്‍ കാലത്തിന് നല്‍കിയും പിന്നെ ഉള്ളില്‍ അലയടിച്ച സാഗരത്തെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞും നെയ്മര്‍ ഖത്തര്‍ ലോകകപ്പിന്റെ കളം വിടുന്നു. അടുത്തൊരു ലോകകപ്പില്‍ ബ്രസീലിന്റെ മഞ്ഞജേഴ്സിയില്‍ ഉണ്ടാകുമെന്നൊരുറപ്പ് ആരാധകര്‍ക്ക് നല്‍കാതെ. ലോകകപ്പ് ജയിക്കാന്‍ കഴിയാത്ത ബ്രസീലിന്റെ കളിയത്ഭുതങ്ങളുടെ പട്ടികയിലേക്കാണ് നെയ്മറിന്റേയും പോക്ക്. സീക്കോയും സോക്രട്ടീസും കക്കയും ജയിക്കാത്ത ലോകകപ്പ് നെയ്മറിനും മോഹിപ്പിക്കുന്ന സ്വപ്നമാകുന്നു.

2014-ല്‍ സ്വന്തം നാട്ടില്‍ കപ്പ് നേടുമെന്ന് ഉറച്ചുവിശ്വസിച്ച ബ്രസീല്‍ ടീമിന്റെ മുന്‍നിരപോരാളിയായിരുന്നു നെയ്മര്‍. എന്നാല്‍ ക്വാര്‍ട്ടറില്‍ കൊളംബിയിന്‍ താരം യുവാന്‍ സുനിഗയുടെ മാരകഫൗളില്‍ വീണുപോയത് നെയ്മര്‍ മാത്രമായിരുന്നില്ല. ബ്രസീലും കൂടിയായിരുന്നു. സൂപ്പര്‍ താരത്തിന്റെ പരിക്കില്‍ ഉലഞ്ഞ ബ്രസീല്‍ സെമിയില്‍ ജര്‍മനിയില്‍ നിന്ന് വന്‍തോല്‍വി ഏറ്റുവാങ്ങി.

2018-ല്‍ റഷ്യയിലേക്ക് വരുമ്പോള്‍ നെയ്മറും ബ്രസീലും ഫേവറിറ്റുകളിയിരുന്നു. മൈതാനത്ത് എതിരാളികളാള്‍ നിരന്തരം ഫൗള്‍ ചെയ്യപ്പെട്ട് നെയ്മര്‍ വീണു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് കീഴടങ്ങാനായിരുന്നു വിധി. ഖത്തറിലേക്ക് വരുമ്പോള്‍ അത് നെയ്മറും പരിശീലകന്‍ ടിറ്റെയും കിരീടം അത്ര ആഗ്രഹിച്ചിരുന്നു. ഇനിയൊരു ലോകകപ്പിനുള്ള ബാല്യമില്ലെന്ന് പലതവണ നെയ്മര്‍ സൂചിപ്പിച്ചിരുന്നു. ടിറ്റെയാകട്ടെ ഈ ലോകകപ്പോടെ ടീമിന്റെ പടിയിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അവസാന പെനാല്‍ട്ടി കിക്ക് എടുക്കാന്‍ കഴിയാതെയാണ് നെയ്മറുടെ മടക്കം. അവസാന കിക്ക് വലയിലെത്തിച്ച് കൈകളുയര്‍ത്തി മൈതാനത്തെ വലംവെക്കുന്ന ഒരു നെയ്മര്‍ കാഴ്ച ആരാധകരും ആഗ്രഹിച്ചിരുന്നു. ഗോള്‍വേട്ടയില്‍ പെലെക്കൊപ്പമെത്തിയതിന്റെ മധുരം കൂടി അതിനുണ്ടാകുമായിരുന്നു. എന്നാല്‍ കണ്ണീര്‍ വാര്‍ക്കുന്ന നെയ്മറുടെ ചിത്രമാണ് കാലം കാത്തുവെച്ചിരുന്നത്.

 

ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ ക്വാട്ടര്‍ ഫൈനലില്‍ ബ്രസീല്‍ രാത്രി എട്ടരയ്ക്ക് ക്രൊയേഷ്യയേയും, അര്‍ജന്റീന രാത്രി പന്ത്രണ്ടരയ്ക്ക് നെതര്‍ലന്‍ഡ്‌സിനേയും നേരിടും. ബ്രസീലും ക്രൊയേഷ്യയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍, നേര്‍ക്കുനേര്‍ കണക്കുകള്‍ എങ്ങനെയാണ്? ആര്‍ക്കാണ് മുന്‍തൂക്കം? ബ്രസീലും ക്രൊയേഷ്യയും ഇതുവരെ ഏറ്റുമുട്ടിയത് അഞ്ച് തവണ മാത്രം. രണ്ട് തവണ ലോകകപ്പില്‍ ഏറ്റുമുട്ടി.

മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിച്ചു. ലോകകപ്പില്‍ രണ്ട് തവണയും ജയം ബ്രസീലിന് ഒപ്പം. മൂന്ന് സൌഹൃദ മത്സരങ്ങളില്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു, ഒന്ന് ബ്രസീല്‍ ജയിച്ചു. മത്സരങ്ങളുടെ നാള്‍ വഴി കൂടി പരിശോധിക്കാം. ലോകകപ്പില്‍ രണ്ടു തവണയാണ് ബ്രസീലും ക്രൊയേഷ്യും നേര്‍ക്കുനേര്‍ വന്നത്. 2006 ലോകകപ്പിലായിരുന്നു ആദ്യ മത്സരം. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയിച്ചു. കക്കയായിരുന്നു ഗോള്‍ നേടിയത്.

2014 ലോകകപ്പില്‍ വീണ്ടും ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രസീല്‍ ജയിച്ചു. നെയ്മര്‍ അന്ന് ഡബിള്‍ നേടി. 2018ലാണ് ഇരുവരും ഒടുവില്‍ ഏറ്റുമുട്ടിയത്. സൌഹൃദ ഫുട്‌ബോള്‍ മത്സരമായിരുന്നു അത്. എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ ജയിച്ചു. രണ്ടു തവണയും ജയം ബ്രസീലിന് ഒപ്പമായിരുന്നു. ഇരു ടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത് 2018 മാര്‍ച്ച് ആറിനാണ്.

അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലാണ് ജയിച്ചത്. നേര്‍ക്കുനേര്‍ പോരില്‍ ബ്രസീലിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1996 ലാണ് ആദ്യ സൗഹൃദ മത്സരം. അന്ന് മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. 2005 മുതല്‍ മറ്റൊരു സൗഹൃദ മത്സരത്തില്‍ കൂടി 1-1 സമനിലയില്‍ പിരിഞ്ഞു. 2018ലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ബ്രസീല്‍ 2-0ത്തിന് ജയിച്ചു. ഇന്ന് മറ്റൊരു സെമിയില്‍ അര്‍ജന്റീന, നെതര്‍ലന്‍ഡ്‌സിനെ നേരിടും. 12.30നാണ് മത്സരം.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍റ്റിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും ക്രിസ്റ്റ്യാനൊ സൈഡ് ബെഞ്ചിലായിരുന്നു. 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്‌സിനെ പിന്‍വലിച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സൂപ്പര്‍ താരത്തെ കളത്തിലിറക്കിയത്. അപ്പോഴേക്കും പോര്‍ച്ചുഗല്‍ സുരക്ഷിത തീരത്ത് എത്തിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഇറങ്ങിയ 21-കാരന്‍ ഗോണ്‍സാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെ സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്‌സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ പോര്‍ച്ചുഗീസ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തില്‍ ലുസെയ്ല്‍ സ്‌റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്റ്റാര്‍റ്റിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

ഘാനയ്‌ക്കെതിരേ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത് അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണ് റൊണാള്‍ഡോ ഈ ലോകകപ്പ് തുടങ്ങിയത്. എന്നാല്‍ പിന്നീട് രണ്ടു കളികളില്‍ ഗോളടിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ, ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ച് കോച്ച് ആന്ദ്രെ സില്‍വയെ ഇറക്കി. അതിന്റെ തുടര്‍ച്ചയായാണ് പ്രീ ക്വാര്‍ട്ടറില്‍ റോണോ ഇല്ലാത്ത ടീമിനെ ഇറക്കിയത്. കഴിഞ്ഞ 31 അന്താരാഷ്ട്ര മത്സരങ്ങളില്‍ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി പോര്‍ച്ചുഗല്‍ ഇറങ്ങുന്നത് ഇതാദ്യമാണ്.

2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് മാര്‍ച്ച് 23ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതാണ് പ്രധാനമാറ്റം. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകവും ഏറെ പ്രതീക്ഷയിലാണ്.

മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകള്‍ എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാണ് ഈ ഫോര്‍മാറ്റ്.

48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയും പറയുന്നത്.

48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഈ രാജ്യങ്ങളിലെ 16 വേദികളാണ് ഫിഫ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 11-ഉം മെക്സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളാണുള്ളത്. ആദ്യമായാണ് ഒരു ലോകകപ്പ് മുന്നു രാജ്യങ്ങളിലായി നടക്കുന്നത്.

സെനഗലിനെ അതിവേഗം കൊണ്ട് തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക് ഓടിക്കയറി! സെനഗലിന്റെ പവർ ഗെയിമിനു മുന്നിൽ അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് മൂന്നു ഗോളും നേടിയത്. ജോർദൻ ഹെൻഡേഴ്സൺ (38-ാം മിനിറ്റ്), ഹാരി കെയ്ൻ (45+3), ബുകായോ സാക്ക എന്നിവരാണ് സ്കോറർമാർ. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നേരിടും.

നിരന്തര മുന്നേറ്റങ്ങളുമായി സെനഗൽ സജീവമാക്കിയ പോരാട്ടത്തെ ആദ്യ പകുതിക്കു തൊട്ടു മുൻപാണ് ഇംഗ്ലണ്ട് അനുകൂലമാക്കിയെടുത്തത്. യുവതാരം ജൂഡ് ബെല്ലിങ്ങാമായിരുന്നു ആദ്യ രണ്ടു ഗോളുകളുടെയും ശിൽപി. 37-ാം മിനിറ്റിൽ ഹാരി കെയ്ൻ നീട്ടി നൽകിയ പന്തുമായി ഓടിക്കയറിയ ബെല്ലിങ്ങാം ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു കട്ട് നൽകിയ പന്ത് ജോർദൻ ഹെൻഡേഴ്സൺ ഗോളിലേക്കു തിരിച്ചു വിട്ടു. ഇടവേളയ്ക്കു പിരിയാൻ നിമിഷങ്ങൾ ശേഷിക്കെ മൈതാനമധ്യത്തിൽ സെനഗൽ താരങ്ങളിൽ നിന്നു പിടിച്ചെടുത്ത പന്തുമായി വീണ്ടും ബെല്ലിങ്ങാമിന്റെ കുതിപ്പ്.

ബെല്ലിങ്ങാം നൽകിയ പന്ത് ഫിൽ ഫോഡൻ ക്യാപ്റ്റൻ കെയ്നു നൽകി. ഓട്ടത്തിനിടെ പന്തിനെ ഒരുക്കിയെടുത്ത് കെയ്നിന്റെ കൂൾ ഫിനിഷ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു സൂപ്പർ ഫാസ്റ്റ് സ്പ്രിന്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. കെയ്നിന്റെ കാൽക്കൽ നിന്നു പോയ പന്ത് ഓടിപ്പിടിച്ച ഫിൽ ഫോഡൻ പന്തുമായി ഓടിക്കയറി. ഡ്രിബിൾ ചെയ്തു പാഞ്ഞ ഫോഡൻ നൽകിയ പന്ത് ബുകായോ സാക സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയുടെ തലയ്ക്കു മുകളിലൂടെ ഉയർത്തി വിട്ടു. കളിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയർത്തിയ സെനഗലിന്റെ ചെറുത്തുനിൽപ് അവിടെ തീർന്നു. ആദ്യ പകുതിയിൽ ഇസ്മായില സാറിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നിരുന്നു. മറ്റൊരു ശ്രമം ഇംഗ്ലിഷ് ഗോൾകീപ്പർ പിക്ഫഡ് രക്ഷപ്പെടുത്തുകയും ചെയ്തു.

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത് എത്തി. പരിക്കേറ്റ് പന്ത് ഈ ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല എന്നത് ഉറപ്പായിരിക്കെയാണ് മാനേജ്‌മന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഒരു സ്പെഷ്യലിസ്റ് കീപ്പർ അല്ലാത്ത രാഹുലിലൈൻ ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ അവസരം കാത്തിരിക്കെ എന്തിനാണ് ടീമിൽ എടുത്തതെന്ന് ആരാതകരും ചോദിക്കുന്നു. ഇന്ത്യൻ മാനേജ്മെന്റിനെയും അവർ നടത്തുന്ന ഈ ” അതിബുദ്ധിയും” മനസിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.” ‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.

രാഹുൽ വല്ലപ്പോഴും മാത്രം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയാറുള്ളത്. ഇന്നലെ ബാറ്റിംഗിൽ നല്ല രീതിയിൽ കളിച്ച രാഹുൽ വിക്കറ്റ് കീപ്പിങ്ങിൽ വരുത്തിയ പിഴവാണ് ഇന്ത്യയെ ജയത്തിൽ നിന്നും തടഞ്ഞത്. രാഹുലിനെയാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉദ്ദേശിക്കുന്നതെങ്കിൽ അയാൾക്ക് ആ ജോലി ഇനി മുതൽ സ്ഥിരമായി നൽകണമെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉൾപ്പടെ അയാൾ തന്നെ കീപ്പ് ചെയ്യണമെന്നും ഭോഗ്‍ലെ പറഞ്ഞു.

2022 ലോക കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ബ്രസീലിനെ നേരിടാതിരിക്കാൻ വ്യാഴാഴ്ച (ഡിസംബർ 1) ജപ്പാനെതിരെ സ്‌പെയിൻ മനഃപൂർവം തോറ്റതായി മുൻ മെക്‌സിക്കോ, റയൽ മാഡ്രിഡ് ഇതിഹാസം ഹ്യൂഗോ സാഞ്ചസ് പറയുന്നു. ബ്രസീലിനെ നേരിടുന്നതിൽ ഉള്ള റിസ്ക്ക് ഒഴിവാക്കാൻ ചെയ്ത പ്രവൃത്തി ആണിതെന്നും വിശ്വസിക്കുന്നു.

സ്പെയിൻ മനഃപൂർവം തങ്ങളുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്താൻ തീരുമാനിച്ചോ എന്ന ചോദ്യത്തിന്, മുൻ റയൽ മാഡ്രിഡ് ഇതിഹാസം ഒരു ESPN ഷോയിൽ പറഞ്ഞു.

”ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ലൂയിസ് എൻറിക്വെയുടെ മനസ് വായിക്കാൻ എനിക്ക് പറ്റും. പക്ഷേ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്താണെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. അതെ, ഒരു അപകടസാധ്യതയുണ്ട്. അവർ ബ്രസീലിനെ പേടിക്കുന്നില്ല, പക്ഷെ ബഹുമാനിക്കുന്നു.”

ജപ്പാനെതിരെ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ അടിക്കാൻ മറന്നതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിൻ ജപ്പാനോട് തോൽക്കുക ആയിരുന്നു.

ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍. എതിരില്ലാത്ത ഒരുഗോളിനാണ് കാനറികളെ, ആഫ്രിക്കന്‍പട അട്ടിമറിച്ചത്. ഇഞ്ചുറി ടൈമില്‍ വിന്‍സന്‍റ് അബൂബക്കര്‍ കാമറൂണിന്‍റെ വിജയഗോള്‍ നേടി. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഫലം നിര്‍ണായകമല്ലായിരുന്നെങ്കിലും ലോകകപ്പില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്തോട് അടിയറവു പറയേണ്ടിവന്നത് ബ്രസീലിന് തിരിച്ചടിയായി.

പന്ത് കൈവശം വച്ചതും ആക്രമിച്ചു കളിച്ചതും ബ്രസീൽ.പക്ഷേ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ കാമറൂൺ ലോകകപ്പില്‍ പുത്തന്‍ ചരിത്രംഎഴുതി. ജി ഗ്രുപ്പിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ പുതിയ നിരയുമയാണ് കളത്തിൽ ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട് നിന്ന ബ്രസീലിനെ കാമറൂൺ ആദ്യ പകുതിയിൽ സമനിലയിൽ തളച്ചു.

രണ്ടാം പകുതിയിൽ ബ്രസീൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും കാമറൂൺ ഗോളി ഡെവിസ് എപാസി വെല്ലുവിളിയായി. സമനിലയെന്നുറപ്പിച്ച കളിയെ ഇഞ്ചുറി ടൈമിൽ കാമറൂൺ മാറ്റിമറിച്ചു. എൻഗോം എംബെകെലിയുടെ ക്രോസിൽ വിൻസെന്റ് അബൂബക്കറിന്റെ തകർപ്പൻ ഹെഡർ ബ്രസീലിന്റെ വല കുലുക്കി. പ്രീക്വർട്ടർ എത്താനായില്ലെങ്കിലും ലോകകപ്പിൽ ബ്രസീലിനെയും അര്‍‍ജന്റീനയെയും പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം കാമറൂണിന് സ്വന്തം.

RECENT POSTS
Copyright © . All rights reserved