Sports

ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിൽ ഇനി ജീവന്മരണ പോരാട്ടത്തിന്റെ നാലു നാളുകൾ. മൂന്നാം റൗണ്ട് മത്സരങ്ങളിൽ ഒരേ സമയത്താണ് ഒന്നിലേറെ മത്സരം നടക്കുക എന്ന പ്രത്യേകതയും ഉണ്ട്. ഒത്തുകളി നടക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതുവരെ മൂന്ന് ടീമുകൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. അതിനാൽ തന്നെ ഇനിയുൾ മത്സരങ്ങൾ പല വമ്പൻ ടീമുകൾക്കും പരീക്ഷണം തന്നെയാണ്.

പല ടീമുകൾക്കും അവസാന മത്സരം ശേഷിക്കെ ഇനിയും സാധ്യത കിടപ്പുണ്ട്. പോർച്ചുഗൽ, ഫ്രാൻസ്, ബ്രസീൽ ടീമുകൾ മാത്രമാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇന്ന് എ ഗ്രൂപ്പിൽ നിർണായക മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ഖത്തർ ഒഴികെയുള്ള ടീമുകൾക്ക് എല്ലാം സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ് ബിയിലും പോരാട്ടം കനക്കും. ഇംഗ്ലണ്ടിന് വെയ്ൽസിനെതിരെ ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി ഏഴു പോയന്റോടെ പ്രീക്വാർട്ടറിലെത്താം. നാലു ഗോൾ ശരാശരിയുള്ളതിനാൽ സമനില നേടിയാലും നാലു ഗോളിന്റെ വ്യത്യാസത്തിൽ തോൽക്കാതിരുന്നാലും പ്രീക്വാർട്ടറിലെത്താം.

ഇത് വരെ മികച്ച മത്സരങ്ങൾ ഒരുപാട് കണ്ട ലോകകപ്പിൽ അവസാന ഗ്രൂപ് മത്സരങ്ങളും ആവേശകരമായി തുടരാനാണ് സാധ്യത.

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.

12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റില്‍ വിനീഷ്യസിനും കിട്ടി ഒരവസരം. റഫീഞ്ഞയുടെ പാസ് ബോക്‌സില്‍ കണക്റ്റ് ചെയ്യാനുള്ള വിനിഷ്യസിന്റെ ശ്രമം ഗോള്‍ കീപ്പര്‍ തടുത്തിട്ടു. റഫീഞ്ഞയുടെ ഷോട്ട് സോമര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല.

രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍പം കൂടി ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 53-ാം മിനിറ്റില്‍ അവര്‍ക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയന്‍ ബോക്‌സിലേക്ക്. ഫാബിയന്‍ റീഡര്‍ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

റീബൗണ്ടില്‍ ഗോള്‍ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഗോള്‍ശ്രമം പുറത്തേക്ക്. 64-ാം മിനിറ്റില്‍ സ്വിസ് വലയില്‍ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോള്‍ വിനിഷ്യസിന്. വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസി പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ ആഘോഷവും തുടങ്ങി. എന്നാല്‍ വാറില്‍ വിനിഷ്യസ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റില്‍ കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.

ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ പരാജയപ്പെടുത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തർ സമയം വൈകീട്ട് 4 മണിക്ക് നടന്ന മത്സരത്തില്‍ അബ്ദുല്‍ഹമിദ് സാബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ബെൽജിയത്തിന്റെ വല കുലുക്കിയത്.

എഴുപത്തിമൂന്നാം മിനുട്ടിൽ ഫ്രീ കിക്കിലൂടെയാണ് അബ്ദുൽ ഹമീദ് സബീരി ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയിലെ അധികസമയത്ത് അബൂഖ്‌ലാൽ രണ്ടാമത്തെ ഗോൾ നേടി മൊറോക്കോയെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു.

കളിയുടെ തുടക്കം മുതലേ നിറഞ്ഞ് കളിച്ച മൊറോക്കോക്ക് മുന്നിലെത്താൻ കിട്ടിയ അവസരം റഫറിയുടെ പ്രതികൂല വിധിയിൽ നഷ്ടമാവുകയായിരുന്നു.

അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും മുട്ടുകുത്തിച്ചതിന് ശേഷമുള്ള മൂന്നാമത്തെ അട്ടിമറി വിജയത്തിനാണ് ഇന്ന് തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.വ്യാഴാഴ്ച കാനഡയുമായാണ് മൊറോക്കോയുടെ അടുത്ത മൽസരം.

വീണ്ടും ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ പുറത്തിരുത്തിയതിന് എതിരെ ആരാധക രോഷം കനക്കുന്നു. ട്വിറ്ററില്‍ ട്രെന്‍ഡിങാണ് സഞ്ജുവിന് എതിരായ അനീതി.ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ ടീമിലുള്‍പ്പെടുത്താത്തതിനെതിരെ ആരാധകരുടെ വന്‍ പ്രതിഷേധം നടക്കുകയാണ്.

ബിസിസിഐയും ഇന്ത്യന്‍ ടീമും സഞ്ജുവിനോട് കടുത്ത അനീതി കാട്ടുകയാണെന്ന് ആരാധകര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുന്നു. ഇതോടെ #SanjuSamosn ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങിലായി. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് സഹിതമാണ് വിമര്‍ശനമുന്നയിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ 36 റണ്‍സെടുത്ത സഞ്ജു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

അതേസമയം, ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ആണെങ്കില്‍ ഏകദിനത്തില്‍ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിക്കൂടെയെന്നാണ് ചിലരുടെ ചോദ്യം.

 

ലോകകപ്പിൽ ദോഹയിലെ ഫാൻ പാർക്കുകളിലും തെരുവുകളിലും അർജന്റീനയുടെ തോൽവിക്ക് ശേഷം വലിയ ആഘോഷമാണ് നടന്നത്. അര്ജന്റീനയോട് ശത്രുതയുള്ള ആരധകർ എല്ലാം ആ ആഘോഷത്തിൽ ചേർന്നു.

“മെസ്സി എവിടെ? ഞങ്ങൾ അവനെ തീർത്തു. ഉൾപ്പടെ വിവിധ വർത്തമാനങ്ങളാണ് സൗദി ആരധകർ പറഞ്ഞത്. ബ്രസീൽ തോറ്റാൽ നെയ്മറോ പോർച്ചുഗൽ തോറ്റാൽ റൊണാൾഡോയോ ഇത്രയധികം ട്രോളുകൾക്ക് ഇര ആകാറില്ല.

സൗദി അറേബ്യയോട് 2-1 എന്ന വിനീതമായ തോൽവിക്ക് ശേഷം മെസ്സിയും അദ്ദേഹത്തിന്റെ അർജന്റീന ടീമും കളിയാക്കപ്പെടുന്നു. ഇപ്പോൾ ഇന്ന് നിർണായക മത്സരത്തിൽ മെക്സികോയെ നേരിടാനിറങ്ങുന്ന മെസിക്കും കൂട്ടർക്കും അതി സമ്മർദ്ദമുണ്ട്.

തോറ്റാൽ പുറത്തേക്ക് എന്ന ഘട്ടത്തിൽ അതി സമ്മർദ്ദത്തിന് മെസിയും കൂട്ടരും അടിമപ്പെടുമോ? ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്.

ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയിൽ പൊളിച്ചടുക്കി ബ്രസീൽ. റിചാർലിസന്റെ ഇരട്ട ഗോൾ നേട്ടത്തിൽ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനു മിന്നും വിജയം. 62,73 മിനിറ്റുകളിലായിരുന്നു റിചാർലിസന്റെ ഗോളുകൾ. സെർബിയ പ്രതിരോധ താരങ്ങൾ ആദ്യ പകുതിയിൽ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽ ബ്രസീൽ വിജയം വെട്ടിപ്പിടിച്ചത്.

ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്സർലൻഡ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സെർബിയയ്ക്കെതിരെ 59 ശതമാനം പന്തടക്കവുമായി കളി പൂർത്തിയാക്കിയ ബ്രസീൽ തൊടുത്തുവിട്ടത് 22 ഷോട്ടുകളാണ്, അതില്‍ എട്ടെണ്ണം ഓൺ ടാർഗറ്റ്. അതേസമയം ഗോൾ വീണതോടെ തിരിച്ചടിക്കാൻ സെർബിയ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

മത്സരത്തിനിടെ ബ്രസീലിന്‍റെ സൂപ്പർ താരം നെയ്മറിന് പരിക്ക്. പരിക്കേറ്റ് കാൽവീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നു. മത്സരം പൂർത്തിയാകുന്നതിന് മുൻപ് കളംവിട്ട നെയ്മർ ഡഗൗട്ടിൽ ഇരുന്ന് കരയുന്നതും ചിത്രത്തിൽ കാണാം. എതിർതാരത്തിൽ നിന്നേറ്റ ചവിട്ടാണ് നെയ്മറെ പരിക്കേൽപ്പിച്ചത്. മത്സരത്തിൽ 9 തവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്.

നെയ്മറുടെ പരിക്ക് ഇനിയുള്ള മത്സരങ്ങളെ ബാധിക്കുമോ എന്ന് ആരാധകര്‍ ആശങ്കപ്പെടുന്നതിനിടെ കോച്ച് ടിറ്റെ വിശദീകരണവുമായി രംഗത്തെത്തി. പരിക്കില്‍ ആശങ്ക വേണ്ടെന്നും നെയ്മര്‍ അടുത്ത മത്സരങ്ങളില്‍ കളത്തിലുണ്ടാകുമെന്നുമാണ് ടിറ്റെ അറിയിച്ചത്.

സെര്‍ബിയയുമായുള്ള മത്സരം അവസാനിക്കാന്‍ 11 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ചവിട്ടേറ്റ് നെയ്മറിന്‍റെ കണങ്കാലിന് പരിക്കേറ്റത്. സെര്‍ബിയയുടെ ആക്രമണാത്മക പ്രതിരോധത്തിനിടെയായിരുന്നു പരിക്ക്. കളിയുടെ അവസാന മിനിറ്റുകളിൽ കണ്ണീരോടെ ബെഞ്ചിലിരുന്ന നെയ്മര്‍ പതുക്കെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.

പരിക്ക് ഗുരുതരമല്ലെന്ന് ടിറ്റെ അറിയിച്ചു- “വിഷമിക്കേണ്ട, നെയ്മർ ലോകകപ്പിൽ കളിക്കുന്നത് തുടരും, നിങ്ങൾക്ക് അക്കാര്യം ഉറപ്പിക്കാം”.

ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറിന്‍റെ പ്രതികരണമിങ്ങനെ- “ഞങ്ങൾ ഉടനടി ചികിത്സ ആരംഭിച്ചു. 24-48 മണിക്കൂർ നിരീക്ഷിക്കും. കളിയിലുടനീളം നെയ്മറിന് വേദന അനുഭവപ്പെട്ടു, പക്ഷേ പരിക്കിന് ശേഷവും ടീമിനൊപ്പം കളത്തില്‍ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.”

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആദ്യ മത്സരത്തില്‍ ബ്രസീല്‍ സെർബിയയെ തകർത്തത്. റിച്ചാര്‍ലിസനാണ് ബ്രസീലിനായി രണ്ടു ഗോളുകളും നേടിയത്.

ഖത്തറിലെ ഫുട്ബോൾ ആവേശം അലയടിക്കുമ്പോൾ ലോകമാകെ അതിന് പിന്നിൽ അണിനിരക്കുകയാണ്. മലയാളക്കരയിലെ കാര്യവും മറിച്ചല്ല. ഖത്തറിൽ ആരാധകരുടെ കൂട്ടത്തിലും സംഘാടകരുടെ കൂട്ടത്തിലുമടക്കം നിരവധി മലയാളികളുടെ സാന്നിധ്യമുണ്ട്. ചില ടീമുകളുടെ സംഘത്തിലും മലയാളത്തിന്‍റെ കയ്യൊപ്പ് ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടത് ലോക ഫുട്ബോളിലെ കരുത്തരായ ബെൽജിയം ടീമിന്‍റെ പരിശീലക സംഘത്തിലെ മലയാളി സാന്നിധ്യമാണ്. ബെൽജിയം ടീമിന്‍റ വെൽനസ് കോച്ചെന്ന നിലയിലാണ് മലയാളിയായ വിനയ് മേനോൻ പ്രവർത്തിക്കുന്നത്. വിനയ്ന്‍റെ തന്ത്രങ്ങളും പരിശീലന മികവും ബെൽജിയത്തെ ലോകത്തെ നമ്പർ വൺ ടീമുകളുടെ ഗണത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ആദ്യ മത്സരത്തിൽ ഇന്നലെ രാത്രി കാനഡയെ പരാജയപ്പെടുത്തി ബെൽജിയം ഈ ലോകകപ്പിലെ വരവ് അറിയിച്ചുകഴിഞ്ഞു. ബെൽജിയം ടീമിന്‍റെ വിജയത്തിന് പിന്നാലെ വിനയ് മേനോനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിനയ് മേനോന് ആശംസ അറിയിച്ചത്. വിനയ് മേനോന്‍റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാമെന്നും വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമാകാൻ സാധിച്ച മലയാളിയായ വിനയ് മേനോന് ആശംസകൾ. ബെൽജിയം ടീമിന്‍റെ വെൽനസ് കോച്ചെന്ന ഉത്തരവാദിത്തമാണ് വിനയ് നിർവഹിക്കുന്നത്. അദ്ദേഹത്തിന്‍റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാം. വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

അതേസമയം ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയം ഏകപക്ഷീയമായ ഒരുഗോളിനാണ് കാനഡയെ പരാജയപ്പെടുത്തയത്. 44 -ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു വിജയഗോള്‍.

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലാണ് കഴിഞ്ഞ ദിവസം അർജന്റീനയും സൗദി അറേബ്യയും തമ്മിൽ നടന്ന മത്സരത്തിലുണ്ടായത്. കിരീടം മോഹിച്ചെത്തിയ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ കീഴടക്കിയത്. അതേസമയം മത്സരത്തിന്റെ ആദ്യപകുതിയിൽ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ റഫറി നിഷേധിച്ചത് തെറ്റായ അനുമാനത്തിന്റെ പുറത്താണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

പാസ് നൽകുന്ന സമയത്ത് ലൗടാരോ മാർട്ടിനസിന്റെ പൊസിഷൻ ഓഫ്‌സൈഡാണെന്ന് വീഡിയോ റഫറി വിധിച്ചത് തൊട്ടടുത്തുള്ള ഡിഫെൻഡറുടെ പൊസിഷൻ മാത്രം നോക്കിയാണെന്നാണ് ആരോപണം ഉയരുന്നത്. സൗദി ലെഫ്റ്റ് ബാക്കിന്റെ കാലുകൾ വീഡിയോ റഫറി ശ്രദ്ധിച്ചില്ലെന്നും അതു പരിഗണിക്കുമ്പോൾ ലൗടാരോ മാർട്ടിനസ് ഓഫ്‌സൈഡല്ലെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. അർജന്റീനയുടെ വിജയം തന്നെ ഇതു നിഷേധിച്ചുവെന്നും അവർ പറയുന്നു.

ആ ഗോൾ അനുവദിക്കപ്പെട്ടിരുന്നെങ്കിൽ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തുമായിരുന്നു. സൗദിക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ അതോടെ ഇല്ലാതാവുകയും ചെയ്യുമായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് മാത്രം നേടിയ അർജന്റീന അതിനു ശേഷം രണ്ടാം പകുതിയിൽ അഞ്ചു മിനുറ്റിനിടെ രണ്ടു ഗോൾ വഴങ്ങി മത്സരത്തിൽ തോൽവി നേരിടുകയായിരുന്നു.

 

ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇറാനെ 6-2ന് വീഴ്ത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഈ ആവേശം ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലും പ്രകടമാണ്. ഇംഗ്ലണ്ടിന്റെ കളിയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു പോയിരുന്നെങ്കിലും ടിക്കറ്റുകള്‍ പുനര്‍വില്‍പനയ്ക്ക് വയ്ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോഴും ലഭ്യമാണ്.

ഇത്തരം കമ്പനികള്‍ കോടികളാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ ഉണ്ടാക്കുന്നത്. ഇത്തരത്തിലൊരു സൈറ്റായ ടിക്കോംബോയില്‍ ഒരു ടിക്കറ്റ് വാങ്ങണമെങ്കില്‍ രണ്ടരലക്ഷം രൂപ മുടക്കേണ്ടി വരും. ഇത്തരത്തില്‍ 500 ടിക്കറ്റുകള്‍ തങ്ങള്‍ വില്‍പ്പനയ്ക്കായി വച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോടികള്‍ സമ്പാദിക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ വമ്പന്‍ ജയം നേടിയതോടെ ആരാധകരും ആവേശത്തിലാണ്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലും ഇംഗ്ലണ്ട് ഇടംപിടിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ടിക്കറ്റിന് വലിയ ഡിമാന്റ് ഉണ്ടാകാന്‍ കാരണം. നിരവധി ഇംഗ്ലീഷ് ആരാധകര്‍ ടിക്കറ്റില്ലാതെ ഖത്തറില്‍ എത്തിയിട്ടുണ്ട്.

എങ്ങനെയെങ്കിലും ടിക്കറ്റ് കിട്ടിയാല്‍ സ്റ്റേഡിയത്തിലെത്തി കാണണം ഇല്ലെങ്കില്‍ ഫാന്‍ പാര്‍ക്കുകളില്‍ കളി കണ്ട് ആവേശത്തില്‍ പങ്കുചേരണമെന്ന ആവേശമാണ് പലരെയും ഖത്തറിലെത്തിക്കുന്നത്. അതേസമയം, ഇത്തരത്തില്‍ വ്യാജ സൈറ്റുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങിയാല്‍ പണം പോയേക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.

ജർമ്മനിയെ 2-1 ന് തോൽപ്പിച്ച് ജപ്പാൻ, ഹാൻസി ഫ്ലിക്കിന്റെ ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് ഓപ്പണിംഗ് തോൽവി ഏറ്റുവാങ്ങി.രണ്ടാം പകുതിയിൽ പകരക്കാരായ റിറ്റ്‌സു ഡോനും തകുമ അസാനോയും നേടിയ ഗോളുകൾ ജപ്പാൻ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അവിസ്മരണീയ വിജയം നേടി.

ലോകകപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ദിവസവും അട്ടിമറി. ഗ്രൂപ്പ് സിയിൽ അർജൻറീനയോട് സൗദി അറോബ്യ പരാജയപ്പെട്ടതിന് പിന്നാലെ ജർമ്മനിക്ക് ജപ്പാനോട് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻെറ വിജയം. മത്സരത്തിൻെറ ഒന്നാം പകുതിയിൽ ജർമ്മനിയാണ് ആദ്യഗോൾ നേടിയത്. ജർമ്മൻ താരത്തെ ജപ്പാൻ ഗോൾകീപ്പർ പെനാൽട്ടി ബോക്സിൽ ഫൌൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയിൽ നിന്നാണ് ഗോൾ പിറന്നത്. 33ാം മിനിറ്റിൽ ഗുണ്ടോഗനാണ് ടീമിനായി ഗോൾവല ചലിപ്പിച്ചത്. മത്സരത്തിൻെറ 75ാം മിനിറ്റ് വരെ ലീഡ് നിലനിർത്താൻ ജർമ്മനിക്ക് സാധിച്ചു. ഒന്നാം പകുതിയിൽ നിരവധി അവസരങ്ങൾ അവർ മെനഞ്ഞെടുത്തെങ്കിലും പലതും പെനാൽട്ടി ബോക്സിന് മുകളിലൂടെ പറന്നു.

രണ്ടാം പകുതിയിലാണ് ജപ്പാൻ രണ്ട് ഗോളുകളും പിറന്നത്. 75ാം മിനിറ്റിൽ റിറ്റ്സു ഡോവാനാണ് ജപ്പാന് വേണ്ടി ആദ്യം ഗോൾവല കുലുക്കിയത്. ടക്കുമോ അസാനോ 83ാം മിനിറ്റിൽ ടീമിനായി രണ്ടാം ഗോളും നേടി. ആദ്യപകുതി മുഴുവൻ ജർമ്മനിയുടെ ആക്രമണങ്ങളാണ് നിറഞ്ഞ് നിന്നത്. എന്നാൽ ഗോളടിക്കാൻ മാത്രം അവർക്ക് സാധിച്ചില്ല. പ്രത്യാക്രമണങ്ങൾ കൊണ്ട് ജപ്പാൻ ജർമ്മനിയെ ഇടയ്ക്ക് ഞെട്ടിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ എല്ലാം മാറിമറിഞ്ഞു. കിട്ടിയ അവസരങ്ങളിൽ ജപ്പാൻ മുന്നോട്ട് കുതിച്ചു. നാല് തവണ ലോകകിരീടം നേടിയ ജർമ്മനിയെയാണ് ജപ്പാൻ പരാജയപ്പെടുത്തിയത്.

RECENT POSTS
Copyright © . All rights reserved