Sports

മാന്‍സി സൂപ്പര്‍ ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസിനോട് അവതാരകന്റെ ചോദ്യവും താരത്തിന്റെ ഉത്തരവും ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തിയിരിക്കുകയാണ്. സഹതാരം എവിടെ എന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറഞ്ഞാണ് ഡു പ്ലെസി ആരാധക ശ്രദ്ധ നേടിയത്. എംസാന്‍സി സൂപ്പര്‍ ലീഗില്‍ നെല്‍സണ്‍ മണ്ഡേല ബേ ജയിന്റ്‌സിനെതിരായ മത്സരത്തില്‍ പാള്‍ റോക്‌സിന്റെ നായകനായി ടോസിടാന്‍ എത്തിയപ്പോഴായിരുന്നു ഡുപ്ലെസിസിന്റെ രസികന്‍ മറുപടി. ടോസ് നഷ്ടപ്പെട്ട ഡു പ്ലെസിസിനോട് ടീമിനെ കുറിച്ച് അവതാകരന്‍ ചോദിച്ചു. ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു താരം.

Image result for One change - Viljoen is not playing today because he's lying in bed with my sister as they got married yesterday - Faf du Plessis

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഫാഫ് ഡുപ്ലെസിസിനോട് മാച്ച് ഹോസ്റ്റര്‍ ചോദിച്ചു, ടീമില്‍ എന്തെങ്കിലും മാറ്റം. ഡുപ്ലെസിസിന്റെ മറുപടി ഇങ്ങനെ, ‘ഹാര്‍ഡസ് വില്‍ജോണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല, കാരണം അവന്‍ എന്റെ പെങ്ങളുടെ കൂടെ കട്ടിലിലായിരിക്കും. ഇന്നലെ അവരുടെ വിവാഹമായിരുന്നു.’ ഉത്തരം കേട്ടതും ഹോസ്റ്റിനും കാണികള്‍ക്കും ചിരിയടക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലുള്‍പ്പടെ അംഗങ്ങളായ ഫാഫ് ഡുപ്ലെസിസും ഹാര്‍ഡസ് വില്‍ജോണും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ഡുപ്ലെസിസിന്റെ സഹോദരി റെമിയുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു വില്‍ജോണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫാഫ് ഡുപ്ലെസിസ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ്. വില്‍ജോണ്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരവും.

 

ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്ന കാരണത്താല്‍ റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യയെ വിലക്കിയത്. ഇതേതുടര്‍ന്ന് അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്സിലും റഷ്യയ്ക്ക് മത്സരിക്കാന്‍ കഴിയില്ല. അതേസമയം ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്സില്‍ മത്സരിക്കാം. സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.

സ്വിറ്റ്സര്‍ലന്‍ഡിലെ ലൗസെയ്നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം. ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജന്‍സി (റുസാഡ) നല്‍കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നതാണ് പരാതി.

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടു. ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ് ലേലം നടക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐപിഎല്ലിന്റെ ലേലത്തിനു ആതിഥേയത്വം വഹിക്കുന്നത്.

പുതിയ സീസണില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും നേരത്തേ കൈമാറിയിരുന്നു. ഒഴിവാക്കപ്പെട്ട താരങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കളിക്കാരുമായിരിക്കും ഇത്തവണ ലേലത്തിനുണ്ടാവുക. ലേലത്തിനു സ്ഥിരമായി ചുക്കാന്‍ പിടിക്കുന്ന ഹ്യുഗ് എഡ്മിയെഡസ് തന്നെയായിരിക്കും ഇത്തവണയും നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുക.

971 താരങ്ങള്‍

വിവിധ രാജ്യങ്ങളില്‍ നിന്നായി 971 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 713 പേര്‍ ഇന്ത്യയില്‍ നിന്നുള്ള കളിക്കാരാണെങ്കില്‍ 258 പേര്‍ വിദേശ താരങ്ങളാണ്. 713 ഇന്ത്യന്‍ താരങ്ങളില്‍ 19 പേര്‍ മാത്രമേ ഒരു തവണയെങ്കിലും ദേശീയ ടീമിനായി കളിച്ചിട്ടുള്ളൂ. ശേഷിച്ച 634 പേരും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല.

അതേസമയം, 258 വിദേശതാരങ്ങളില്‍ 196 പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. ശേഷിച്ച 60 പേര്‍ക്കു രാജ്യത്തിനായി അരങ്ങേറാനായിട്ടില്ല. രണ്ടു അസോസിയേറ്റ് താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ അമേരിക്കയില്‍ നിന്നുള്ള താരമാണ്.

ലേലത്തില്‍ ഏതൊക്കെ കളിക്കാരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നു എട്ടു ഫ്രാഞ്ചൈസികളും ചുരുക്കപട്ടിക സമര്‍പ്പിക്കേണ്ടതുണ്ട്. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കു മുമ്പായി ഫ്രാഞ്ചൈസികള്‍ ഈ ലിസ്റ്റ് നല്‍കണം.

ഒരു ഫ്രാഞ്ചൈസിക്കു പരമാവധി നിര്‍ത്താവുന്ന കളിക്കാരുടെ എണ്ണം 25 ആണ്. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി 73 താരങ്ങളെ മാത്രമേ വരാനിരിക്കുന്ന ലേലത്തില്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇവരില്‍ 29 പേര്‍ വിദേശ കളിക്കാരുമായിരിക്കണം.

ദക്ഷിണാഫ്രിക്കയും ഓസീസിനും ഇഞ്ചോടിഞ്ച്

വിദേശ താരങ്ങളില്‍ ഏറ്റവുമധികം പേര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 55 താരങ്ങളാണ് ഐപിഎല്ലില്‍ അവസരം മോഹിച്ച് രംഗത്തുള്ളത്. 54 കളിക്കാരുമായി ദക്ഷിണാഫ്രിക്ക തൊട്ടുതാഴെയുണ്ട്.

ശ്രീലങ്കയില്‍ നിന്നും 39ഉം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും 34ഉം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ന്യൂസിലാന്‍ഡ് (24), ഇംഗ്ലണ്ട് (22), അഫ്ഗാനിസ്താന്‍ (19), ബംഗ്ലാദേശ് (6), സിംബാബ്‌വെ (3), ഹോളണ്ട് (1), അമേരിക്ക (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

വില കൂടിയ താരങ്ങള്‍

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ലേലത്തില്‍ ഏറ്റവുമധികം അടിസ്ഥാന വിലയുള്ളത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇവരെക്കൂടാതെ ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ലല്‍വുഡ്, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരുടെയും അടിസ്ഥാന വില രണ്ടു കോടിയാണ്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് എന്നിവര്‍ക്കു 1.5 കോടി അടിസ്ഥാന വിലയുണ്ട്. റോബിന്‍ ഉത്തപ്പയാണ് ഇക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ താരം.

കാര്യവട്ടത്ത് മലയാളി ക്രിക്കറ്റ് പ്രേമികള്‍ അത്രയധികം പ്രതീക്ഷയിലായിരുന്നു. തങ്ങളുടെ ഹീറോ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ പാഡണിയും. വിന്‍ഡീസിനെതിരായ രണ്ടാം ടി20ക്ക് മുന്‍പ് ടീം ഇന്ത്യ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോഴും ആരാധകര്‍ അതുറപ്പിച്ചു. കാരണം, സഞ്ജുവിന്‍റെ കയ്യില്‍ ഗ്ലൗസുണ്ടായിരുന്നു. എന്നാല്‍ ടീം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ പന്ത് അകത്ത്, സഞ്ജു പുറത്ത്.

പിന്നെ കണ്ടത് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പോരാട്ടം മാത്രമല്ല. ആരാധകരും ഇന്ത്യന്‍ ടീമും നാട്ടിലെ മത്സരത്തില്‍ മുഖാമുഖം വന്നു. ആരാധകരുടെ കലിപ്പ് അത്രയും ഋഷഭ് പന്തിനോടായിരുന്നു. പന്ത് ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍, വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോള്‍…ആരാധകര്‍ കൂവിവിളിച്ചു. ഇതോടെ കാര്യവട്ടത്തെ കളി കാര്യമായി.

ഒടുവില്‍ നായകന്‍ വിരാട് കോലിക്ക് ആരാധകരോട് പറയേണ്ടിവന്നു വായടക്കാന്‍. ഗാലറിക്കരികില്‍ ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ കൂവിവിളിക്ക് പകരം കയ്യടിക്കാന്‍ കോലി ആവശ്യപ്പെട്ടു. ഗ്രൗണ്ടില്‍ തീര്‍ന്നില്ല ഈ ആരാധക പോരാട്ടം. സാമൂഹ്യമാധ്യമങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ അസ്വസ്തരാണ്. സഞ്ജുവിനെ കാര്യവട്ടത്ത് കളിപ്പിക്കാതിരുന്നാല്‍ പ്രതിഷേധിക്കാന്‍ ആരാധകര്‍ പദ്ധതിയിടുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

കാര്യവട്ടം ട്വന്റി–20യില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം മൂന്നാമനായാണ് ഡുബെ ഇറങ്ങിയത്. ദുബെയുടെ ആദ്യട്വന്റി–20 അര്‍ധസെഞ്ചുറിയാണ് ഇത്. നായകന്‍ വിരാട് കോലിക്ക് 19 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെസ്റിക് വില്യംസാണ് കോലിയെ പുറത്താക്കിയത്. കഴി‍ഞ്ഞ മല്‍സരത്തില്‍ വില്യംസിനെതിരായ കോലിയുടെ നോട്ബുക്ക് സെലിബ്രേഷന്‍ ഏറെ ചര്‍ച്ചയായിരുന്നു. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന്റെ പ്രകടനവും ടീമിനെ തുണച്ചു. രോഹിത് ശര്‍മ 15 റണ്‍സും കെ.എല്‍.രാഹുല്‍ 11 റണ്‍സുമെടുത്ത് പുറത്തായി.

രാജ്യാന്തര കരിയറിലെ അഞ്ചാമത്തെ മാത്രം ട്വന്റി20 കളിക്കുന്ന ദുബെയുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. മൂന്നാം നമ്പറിലേക്ക് ലഭിച്ച ബാറ്റിങ് പ്രമോഷൻ മുതലെടുത്താണ് ദുബെ ആദ്യ രാജ്യാന്തര അർധസെഞ്ചുറി കുറിച്ചത്. 27 പന്തുകൾ നേരിട്ട ദുബെ രണ്ടു ഫോറും നാലു സിക്സും സഹിതമാണ് അർധസെ‍ഞ്ചുറി പിന്നിട്ടത്. വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡിനെതിരെ ഒരു ഓവറിൽ നേടിയ മൂന്നു സിക്സ് സഹിതമാണിത്. അർധസെഞ്ചുറി പൂർത്തിയാക്കി അധികം വൈകാതെ ദുബെ പുറത്തായി. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റൺസെടുത്ത ദുബെയെ ഹെയ്ഡൻ വാൽഷിന്റെ പന്തിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു പുറത്താക്കി.

ക്യാപ്റ്റൻ വിരാട് കോലി 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത് പുറത്തായി. കെസറിക് വില്യംസിനായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ സിക്സറിനു പറത്തിയ ശേഷം കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ വൈറലായിരുന്നു. എന്നാൽ, വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളോട് ചുണ്ടിൽ വിരൽ ചേർത്ത് ‘നിശബ്ദരാകൂ’ എന്ന് അടയാളം കാട്ടിയാണ് വില്യംസ് വിക്കറ്റ് പ്രതികരിച്ചത്. കോലിയെക്കൂടി മാറ്റിനിർത്തിയാൽ വിൻഡീസ് ബോളർമാർ എക്സ്ട്രാ ഇനത്തിൽ വഴങ്ങിയ 18 റൺസാണ് ഇന്ത്യയുടെ ‘ടോപ് സ്കോറർ’. രോഹിത് ശർമ (18 പന്തിൽ 15), ലോകേഷ് രാഹുൽ (11 പന്തിൽ 11), ശ്രേയസ് അയ്യർ (11 പന്തിൽ 10), രവീന്ദ്ര ജഡേജ (11 പന്തിൽ ഒൻപത്), വാഷിങ്ടൺ സുന്ദർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ദീപക് ചാഹർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

വിൻഡീസിനായി കെസറിക് വില്യംസ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കലിഞ്ഞ മത്സരത്തിൽ 3.4 ഓവറിൽ 60 റൺസ് വഴങ്ങി നാണംകെട്ട വില്യംസ്, തിരുവനന്തപുരത്ത് നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഇതിൽ കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ പരിഹസിച്ച കോലിയുടെ വിക്കറ്റും ഉൾപ്പെടുന്നു. വാൽഷ് നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഷെൽഡൺ കോട്രൽ, ഖാരി പിയറി, ജെയ്സൻ ഹോള്‍ഡർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഹൈദരാബാദ്: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഏറ്റവുമധികം ഭയപ്പെടുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയെയാണ്. വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് ഇതു സമ്മതിക്കുകയും ചെയ്യുന്നു. കോലിയെ പുറത്താക്കാന്‍ പ്രത്യേക തന്ത്രം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. അതിനു ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരുടീമുകളും മാറ്റുരയ്ക്കുന്നുണ്ട്. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടി20യില്‍ വിജയത്തോടെ തന്നെ തുടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യയും വിന്‍ഡീസും ഇറങ്ങുന്നത്.

ഉജ്ജ്വല ഫോമില്‍ ബാറ്റ് വീശുന്ന കോലിയെ തടയുകയെന്നത് ദുഷ്‌കരമാണെന്നു സിമ്മണ്‍സ് പറയുന്നു. കോലിയെ ഔട്ടാക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

മറ്റു ടീമുകളെപ്പോലെ തന്നെ കോലിയുടെ കാര്യത്തില്‍ പ്രത്യേക ഐഡിയകളൊന്നേും തങ്ങളുടെ പക്കല്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യമെന്നും മുന്‍ അയര്‍ലാന്‍ഡ്, അഫ്ഗാനിസ്താന്‍ കോച്ച് കൂടിയായ സിമ്മണ്‍സ് വിശദമാക്കി.

കോലിയെ ഔട്ടാക്കാന്‍ രസകരമായ വഴികളാണ് സിമ്മണ്‍സിനു പറയാനുള്ളത്. ഒരു വഴി കോലിയെക്കൊണ്ട് ബാറ്റിനു പകരം സ്റ്റംപ് കൈയില്‍ കൊടുത്ത് പന്ത് നേരിടാന്‍ ആവശ്യപ്പെടുകയെന്നതാണ്.

ഏകദിന പരമ്പരയിലേക്കു വരികയാണെങ്കില്‍ കോലിയെ സെഞ്ച്വറി നേടാന്‍ അനുവദിച്ച് മറ്റു താരങ്ങളെ പുറത്താക്കുകയെന്ന വഴി മാത്രമേ വിന്‍ഡീസിനു മുന്നിലുള്ളൂവെന്നും സിമ്മണ്‍സ് പറയുന്നു.

കോലിയെ ഔട്ടാക്കാന്‍ മറ്റൊരു വഴി ഒരേ സമയം രണ്ടു ബൗളര്‍മാരെക്കൊണ്ട് അദ്ദേഹത്തിനെതിരേ പന്തെറിയിക്കുകയെന്നതാണ്. ഈ പരമ്പരയില്‍ ബൗളര്‍മാര്‍ കോലിയെ ഭയപ്പെടുന്നില്ലെന്നു വിന്‍ഡീസ് ഉറപ്പു വരുത്തണം.

വരാനിരിക്കുന്ന മല്‍സരങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. കോലിയെ പുറത്താക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം രണ്ടാം തവണയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പിനു പിന്നാലെ ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തിയിരുന്നു. അന്ന് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരിയിരുന്നു. ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ശേഷിച്ച രണ്ടു കളികളിലും വിന്‍ഡീസിനെ ഇന്ത്യ കശാപ്പ് ചെയ്തപ്പോള്‍ കോലിയായിരുന്നു ഹീറോ. സെഞ്ച്വറികളുമായാണ് അദ്ദഹം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗ് ക്രമത്തിൽ വലിയമാറ്റം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി. ഋഷഭ് പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ട്. ലോകകപ്പിന് മുന്‍പ് ടീം ഘടനയിൽ വലിയ അഴിച്ചുപണി ഉണ്ടാകില്ലെന്നും കോലി വ്യക്തമാക്കി. വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്ന ചര്‍ച്ച പൊടിപൊടിക്കേയാണ് കോലിയുടെ പ്രതികരണം.

സഞ‌്ജുവിനെ ഓപ്പണറായും പരിഗണിക്കണമെന്ന് ടീം മാനേജ്‌മെന്‍റിനോട് നിര്‍ദേശിച്ചതായി ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. “കേരളത്തിനായും ടി20യില്‍ രാജസ്ഥാന്‍ റോയല്‍സിനായും ഓപ്പണ്‍ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്സ്‌മാനായ ശിഖര്‍ ധവാന്‍ പരുക്കേറ്റ് കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ” എന്നും ജയേഷ് ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

രോഹിത് ശര്‍മ്മയ്‌ക്കും കെ എല്‍ രാഹുലിനും കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ സഞ്ജുവിന് ഓപ്പണിംഗില്‍ അവസരം ലഭിക്കാനിടയുള്ളൂ എന്ന സൂചനയാണ് കോലി നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഋഷഭ് പന്തില്‍ വിശ്വാസമുണ്ട് എന്ന കോലിയുടെ വാക്കുകളും ടീം ഘടനയിലെ കൃത്യമായ സൂചനയാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന സഞ്ജു കാര്യവട്ടത്ത് കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വിക്കറ്റ് ആഘോഷങ്ങളിൽ എക്കാലവും വ്യത്യസ്തത സൂക്ഷിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ചൈനമാൻ ബോളർ ടബരേസ് ഷംസി. അതിന് ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്ത്, ആഘോഷങ്ങളിലെ വൈവിധ്യം അങ്ങനങ്ങ് അവസാനിപ്പിക്കാൻ ഷംസിക്ക് ഉദ്ദേശ്യമില്ല. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാൻസി സൂപ്പർ ലീഗിനിടെ കഴിഞ്ഞ ദിവസം ഷംസി വിക്കറ്റ് നേട്ടം ആഘോഷിച്ചത് പുതിയൊരു രീതിയിലാണ്. ആരാധകരുടെയും ക്യാമറക്കണ്ണുകളുടെയും മുന്നിൽ ഉഗ്രനൊരു മാജിക് കാട്ടിക്കൊണ്ട്!

മാൻ‌സി സൂപ്പർലീഗിൽ പാൾ റോക്സിന്റെ താരമായ ഷംസി, ഡർബൻ ഹീറ്റ്സിനെതിരായ മത്സരത്തിലാണ് മാജിക്കിന്റെ അകമ്പടിയോടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാൾ റോക്സ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 195 റൺസാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡർബൻ ഹീറ്റ്സിന്റെ വിഹാൻ ലുബ്ബിനെ പുറത്താക്കിയപ്പോഴാണ് ഷംസി മാജിക് പുറത്തെടുത്തത്.

ഡർബൻ ഹീറ്റ്സ് ഇന്നിങ്സിലെ 14–ാം ഓവറിലാണ് സംഭവം. ഷംസിയുടെ പന്ത് ഉയർത്തിയടിച്ച ലുബ്ബിനു പിഴച്ചു. പന്ത് നേരെ ഹാർദൂസ് വിൽജോയന്റെ കൈകളിലെത്തി. വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഷംസി പോക്കറ്റിൽനിന്ന് ഒരു ചുവന്ന തുണി പുറത്തെടുത്തു. ആരാധകർ നോക്കിയിരിക്കെ ഷംസിയുടെ കയ്യിലിരുന്ന തുണി ഒരു വടി പോലെ തോന്നിക്കുന്ന ഒന്നായി രൂപം മാറി. ഇതിന്റെ വിഡിയോ മാൻസി സൂപ്പർ ലീഗിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുമുണ്ട്. മത്സരത്തിൽ നാല് ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ഷംസി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഡർബൻ ഹീറ്റ്സ് ഏഴു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ബോബ് വില്ലിസ് അന്തരിച്ചു. 70 വയസായിരുന്നു. ആറടി ആറിഞ്ച് പൊക്കമുളള വില്ലിസിന്റെ മാരകമായ പേസ് ബൗളിങ്ങിനെ അക്കാലത്ത് ബാറ്റ്‌സ്മാന്മാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. 1971നും 84നും ഇടയില്‍ 90 ടെസ്റ്റുകളിലും 64 ഏകദിന മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചു. ടെസ്റ്റില്‍ 325 വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലീഷ് വിക്കറ്റ് വേട്ടക്കാരില്‍ 4ാം സ്ഥാനത്താണ്.

പരിക്കിന്റെ പിടിയികപ്പെട്ട് കരിയര്‍ നഷ്ടമാകുമെന്ന ആശങ്കയുണ്ടായെങ്കിലും ശക്തമായി കളിക്കളത്തില്‍ തിരിച്ചെത്തുകയും ശേഷം പത്തുവര്‍ഷത്തോളം തുടരുകയും ചെയ്തു. ആഷസിലൂടെ അരങ്ങേറിയ വില്ലിസ് വിരമിച്ചതിനുശേഷം കമന്റേറ്ററായും പരിചിതനായിരുന്നു. ഇക്കഴിഞ്ഞ ആഷസിലും സ്‌കൈ സ്‌പോര്‍ട്‌സിനായി അദ്ദേഹം കമന്ററി ചെയ്തു. ഒട്ടേറെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

രാജ്യത്തിനായി 1982 മുതല്‍ 84 വരെ ക്യാപ്റ്റനായി. 18 ടെസ്റ്റുകളിലും 29 ഏകദിനങ്ങളിലും ടീമിന്റെ ക്യാപ്റ്റനായി. 1984ലാണ് വിരമിക്കുന്നത്. 1981ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സ് വഴങ്ങി 8 വിക്കറ്റ് പ്രകടനമാണ് ശ്രദ്ധേയം. ആ ആഷസ് പരമ്പരയിലാകെ വില്ലിസ് നേടിയത് 29 വിക്കറ്റുകളാണ്. പരമ്പര ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. 1982ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ടി20 മത്സരത്തില്‍ ലോക ഇലവനും ഏഷ്യ ഇലവനും ഏറ്റുമുട്ടും. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണിത്. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.

1,10,000 പേര്‍ക്കിരിക്കാവുന്നത് ആണ് പുതിയ സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം ആണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. മത്സരത്തിന് ഐസിസി അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

പണി പൂര്‍ത്തിയാകുന്നതോടെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്ക്ക് സ്വന്തമാകും. എംസിജിയില്‍ 95,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച ഓസ്ട്രേലിയന്‍ കമ്പനി തന്നെയാണ് അഹമ്മദാബാദിനെ സ്റ്റേഡിയവും നിര്‍മ്മിക്കുന്നത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്.

ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സവിശേഷതയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബിസിസിഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം. ലോകത്തിലെ വമ്പന്‍ കളിക്കാരെല്ലാം ഉദ്ഘാടനത്തിനുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറും.

RECENT POSTS
Copyright © . All rights reserved