രണ്ടാം ഏകദിന മത്സരത്തിൽ രോഹിത്തിന്റെയും രാഹുലിന്റെയും തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ വെടിക്കെട്ടിന് തുടക്കമിടുകയായിരുന്നു പന്ത് – അയ്യർ സഖ്യം . റോസ്റ്റൻ ചേസിന്റെ ഓവറിൽ ഇരുവരും ചേർന്ന് 31 റൺസാണ് അടിച്ചു കൂട്ടിയത് . 1999 ൽ ന്യൂസിലാന്റിന് എതിരെ സച്ചിനും അജയ് ജഡേജയും ചേർന്ന് ഒരോവറിൽ അടിച്ചു കൂട്ടിയ 28 റൺസ് എന്ന റെക്കോർഡാണ് ഇരുവരും മറികടന്നത് . ഏകദിനത്തിലെ ഇന്ത്യയുടെ ഒരോവറിലെ ഏറ്റവും സ്കോറാണ് വിസാഗിൽ നേടിയത് .

ക്രീസില്‍ ശ്രേയസിനൊപ്പം പന്തെത്തിയതോടെ കളിയുടെ ഗിയര്‍ മാറി. കൂറ്റനടികളുമായി ഇരുവരും കളം നിറഞ്ഞു. തുടക്കമിട്ടത് പന്തായിരുന്നു. അല്‍സാരി ജോസഫ് എറിഞ്ഞ 44ാം ഓവറില്‍ പന്ത് രണ്ട് സിക്‌സുകള്‍ പറത്തി. പിന്നീടെറിഞ്ഞ കോട്രലിന്റെ ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് പന്ത് അടിച്ചെടുത്തത്.

പന്ത് കത്തിക്കയറിയതോടെ ശ്രേയസും ഉഷാറായി. റോസ്റ്റന്‍ ചെയ്‌സ് എറിഞ്ഞ 46ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറുമാണ് അയ്യര്‍ പറത്തിയത്. ഇരുവരുടേയും മിന്നല്‍ ബാറ്റിങാണ് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.