ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു. മറ്റുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചു. ഈ മാസം 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ഇതേ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി രാവിലെ തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാേപക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ സുപ്രീംകോടതി പരിഗണിച്ചില്ല.
ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ‘അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ ജാമ്യം റദ്ദാക്കാം’. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്ഐആറില്‍ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ കുറിപ്പ് അതേപടി ജഡ്ജി ഹൈക്കോടതിയില്‍ വിധിയില്‍ എഴുതി വച്ചെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. എന്നാൽ ഈ കുറിപ്പ് തന്‍റേതല്ലെന്ന് സോളിസിറ്റല്‍ ജനറല്‍ വ്യക്തമാക്കി.
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാടകീയ ജയം. 359 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ളണ്ട് മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്ക്സിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 219 പന്തിൽ പുറത്താകാതെ 135 റൺസെടുത്ത സ്റ്റോക്ക്സിന്‍റെ ബാറ്റിൽനിന്ന് പിറന്നത് 11 ബൌണ്ടറികളും എട്ട് സിക്സറുകളും. ആദ്യ ഇന്നിംഗ്സിൽ 67 റൺസിന് പുറത്തായശേഷമാണ് ഏകദിനത്തിലെ ലോകജേതാക്കളായ ഇംഗ്ലണ്ട് നാടകീയമായി ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടും ഓസീസും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്(1-1)
സ്കോർ: ഓസ്ട്രേലിയ- 179 246, ഇംഗ്ലണ്ട്- 67 362/9 (125.4 ഓവർ, ലക്ഷ്യം- 359)
359 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട് മൂന്നിന് 156 റൺസ് എന്ന നിലയിലാണ് നാലാംദിനം ബാറ്റിങ്ങ് തുടർന്നത്. എന്നാൽ ഓസീസ് ബൌളർമാർ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പ്രഹരമേൽപ്പിച്ചു. ഒരു വശത്ത് ബെൻ സ്റ്റോക്ക്സ് മിന്നുന്ന ബാറ്റിങ്ങുമായി കത്തിക്കയറി. 77 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ 36 റൺസെടുത്ത ബെയർസ്റ്റോ മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 245 എന്ന നിലയിലായി. വൈകാതെ ജോസ് ബട്ട്ലർ കൂടി മടങ്ങിയതോടെ ആറിന് 253 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് കൂടി നഷ്ടമായതോടെ ഒമ്പതിന് 286 എന്ന നിലയിൽ ഇംഗ്ലണ്ടി തോൽവി ഉറപ്പിച്ചു.
എന്നാൽ അത്ഭുതകരമായ പ്രകടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പതിനൊന്നാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് നടത്തിയ വെടിക്കെട്ട് ഒടുവിൽ ജയത്തിൽ കലാശിച്ചു. ഇതിനിടയിൽ ഒട്ടനവധി അവസരങ്ങൾ ഓസീസിന് ലഭിച്ചെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അവർക്ക് സാധിച്ചില്ല.
ലിയോൺ എറിഞ്ഞ മത്സരത്തിലെ 125-ാമത്തെ ഓവർ സംഭവബഹുലമായിരുന്നു. ഈ ഓവർ തുടങ്ങുമ്പോൾ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. മൂന്നാം പന്ത് സ്റ്റോക്ക്സ് സിക്സറിന് പായിച്ചു. അഞ്ചാമത്തെ പന്തിൽ റണ്ണൌട്ടിലൂടെ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ബൌളറായ ലിയോൺ തന്നെ അത് നഷ്ടപ്പെടുത്തി. ആറാമത്തെ പന്ത് എൽബിഡബ്ല്യൂ ആയിരുന്നെങ്കിലും അംപയർ അപ്പീൽ അനുവദിച്ചില്ല. ഓസീസിന്‍റെ കൈവശമുള്ള റിവ്യൂ അവസാനിക്കുകയും ചെയ്തിരുന്നു. അടുത്ത ഓവറിൽ കമ്മിൻസിന്‍റെ മൂന്നാം പന്ത് ലീച്ച് സിംഗിൽ എടുത്തതോടെ സ്കോർ ടൈ ആയി. നാലാം പന്ത് കവറിലൂടെ ബൌണ്ടറി പായിച്ച് ബെൻ സ്റ്റോക്ക്സ് തികച്ചും മാന്ത്രികമായ ജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു.
ആഷസിലെ ആദ്യ മത്സരം ഓസ്ട്രേലിയ 251 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ നാലു മുതൽ എട്ട് വരെ മാഞ്ചസ്റ്ററിൽ നടക്കും.
ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവിനെ അഭിനന്ദിച്ച് കായിക താരം പി.ടി.ഉഷ. സിന്ധുവിന്റെ വിജയം വരും തലമുറകളെ കൂടി പ്രചോദിപ്പിക്കുമെന്ന് പി.ടി.ഉഷ പറഞ്ഞു. സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്നതായും പി.ടി.ഉഷ ട്വീറ്റ് ചെയ്തു. സിന്ധുവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് പി.ടി.ഉഷ അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കുട്ടിയായ സിന്ധു പി.ടി.ഉഷയുടെ മടിയില്‍ ഇരിക്കുന്നതാണ് ചിത്രം.
The passion and dedication for the sport will always be rewarded when hardwork comes into play. @Pvsindhu1 success will inspire generations to come!
Hefty congratulations on winning the Gold at #BWFWorldChampionships2019 🇮🇳 pic.twitter.com/xBP7RgOHnt— P.T. USHA (@PTUshaOfficial) August 25, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. സിന്ധു ഇന്ത്യയുടെ അഭിമാനമായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബാഡ്‌മിന്റണിനോടുള്ള ആത്മസമര്‍പ്പണം ഏവരെയും ഉത്തേജിപ്പിക്കുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പി.വി.സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. ബാഡ്‌മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിന്റണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. സ്‌കോർ: 21-7, 21-7.
മത്സരത്തിൽ ഒരിക്കൽ പോലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ ഒകുഹാരയ്ക്ക് സാധിച്ചില്ല. വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം സിന്ധു പ്രതികരിച്ചു. വിജയം അമ്മയ്ക്ക് സമ്മാനിക്കുന്നു. വിജയം അമ്മയ്ക്കുള്ള സമ്മാനമാണെന്നും പി.വി.സിന്ധു പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വർണമാണ് പി.വി.സിന്ധു ഇപ്പോൾ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായില്ല.
വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസ് ജയം. സ്കോർ– ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിൻഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിൻക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റൻ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
നോർത്ത് സൗണ്ട്∙ ജസ്പ്രീത് ബുമ്രയുടെ മാരക ബോളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസിന് ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി. 8 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയ്ക്കു മുന്നിൽ ദിശാബോധം നഷ്ടമായ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 100 റൺസിന് അവസാനിച്ചു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോൺ കാംബെൽ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽനിന്നു കരകയറാൻ വിൻഡീസിനു കഴിഞ്ഞില്ല.
പിന്നീട് ഡാരൻ ബ്രാവോ (2), ഷായ് ഹോപ് (2), ജെയ്സൻ ഹോൾഡർ (8) എന്നിവരെ ബോൾഡ് ചെയ്ത ബുമ്ര അതിവേഗം 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിനിടെ ഷർമാർ ബ്രൂക്സ് (2), ഷിമ്രോൺ ഹെറ്റ്മയർ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശർമയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോൾ വിൻഡീസ് ക്ലോസ്. 38 റൺസെടുത്ത കെമർ റോഷാണ് അവരുടെ ടോപ് സ്കോറർ.
നേരത്തേ, ടെസ്റ്റ് ക്രിക്കറ്റിലെ 2 വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്കു വിരാമമിട്ട അജിൻക്യ രഹാനെയാണ് (242 പന്തിൽ 102) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ വിരാട് കോലിയെ (51) മടക്കിയ റോസ്ടൻ ചേസ് വിൻഡീസിനു ശുഭ സൂചന നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ 135 റൺസ് ചേർത്ത രഹാനെ– വിഹാരി സഖ്യം അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 17 റൺസെടുത്തു നിൽക്കെ രഹാനെ നൽകിയ ക്യാച്ച് ജോൺ കാംപെൽ വിട്ടുകളഞ്ഞതു മത്സരത്തിൽ വഴിത്തിരിവായി.
പിന്നീടു രഹാനെ, ടെസ്റ്റിലെ പത്താം സെഞ്ചുറി കുറിച്ചു മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ ലീഡ് കൈവരിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റിൽ രഹാനെയുടെ ഇതിനു മുൻപുള്ള സെഞ്ചുറി നേട്ടം. സെഞ്ചുറി തികയ്ക്കാനുള്ള തിടുക്കത്തിനിടെ ജെയ്സൻ ഹോൾഡറുടെ വൈഡ് ബോളിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകിയാണു വിഹാരി പുറത്തായത്. ഇതോടെ കോലി ഇന്ത്യൻ ഇന്നിങ്സും ഡിക്ലയർ ചെയ്തു.
ബാഡ്മിന്റന്‍ ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ പി.വി.സിന്ധു ഇന്നിറങ്ങും. ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് എതിരാളി. 3.30നാണ് മല്‍സരം. സെമിയില്‍ ചൈനയുടെ ചെന്‍ യൂ ഫേയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ലോകചാംപ്യന്‍ഷിപ്പ് ഫൈനലാണ്. കഴിഞ്ഞ രണ്ട് ഫൈനലിലും പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല.
നോർത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മൂന്നിന് 185 റൺസെന്ന നിലയിലാണ്. വിരാട് കോഹ്ലി(51), അജിങ്ക്യ രഹാനെ(53) എന്നിവരാണ് ക്രീസിൽ. രണ്ടുദിവസം ബാക്കി നിൽക്കേ ഇന്ത്യക്ക് ഇപ്പോൾ 260 റൺസിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിംഗ്സിൽ 81 റണ്‍സ് എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നിലംപൊത്തി. ലോകേഷ് രാഹുൽ(38), മയാങ്ക് അഗർവാൾ(16), ചേതേശ്വർ പുജാര(25) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. റോഷ്ടൺ ചേസ് രണ്ടും കെമർ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.
എന്നാൽ നാലാം വിക്കറ്റിൽ കോഹ്ലി-രഹാനെ സഖ്യം ഒന്നിച്ചതോടെ ഇന്ത്യ പിടിമുറുക്കി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചത്. 33 റണ്‍സ്കൂടി ചേർക്കാനേ ഇന്ത്യ അവരെ അനുവദിച്ചുള്ളൂ. ഒന്നാം ഇന്നിംഗ്സിൽ 297 റണ്‍സിനു പുറത്തായ ഇന്ത്യ ആതിഥേയരെ 222ൽ ഒതുക്കി 75 റണ്‍സ് ലീഡ് സ്വന്തമാക്കി. 39 റണ്‍സ് എടുത്ത ജേസണ്‍ ഹോൾഡറെ മുഹമ്മദ് ഷാമിയും മിഗ്വേൽ കമ്മിൻസിനെ പൂജ്യത്തിന് രവീന്ദ്ര ജഡേജയും പുറത്താക്കി വിൻഡീസ് ഇന്നിംഗ്സിനു തിരശീലയിട്ടു. ഇന്ത്യക്കായി ഇഷാന്ത് ശർമ 43 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 359 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 156 റൺസെടുത്തു. രണ്ടു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 203 റൺസ് വേണം. അർധസെഞ്ചുറിയുമായി ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റൻ ജോ റൂട്ടിലാണ് (75) ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും. രണ്ട് റൺസുമായി ബെൻസ്റ്റോക്സാണ് റൂട്ടിന് കൂട്ട്. നേരത്തെ രണ്ടിന് 15 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ജോ ഡെൻലിയും (50) ചേർന്നാണ് രക്ഷപെടുത്തിയത്. ഈ സഖ്യം 126 റൺസാണ് കൂട്ടിച്ചേർത്തത്. ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്കോർ: ഓസ്ട്രേലിയ 179, 246. ഇംഗ്ലണ്ട് 67, മൂന്നിന് 156.
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.
20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.
45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.
ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ മീകച്ച ലീഡിലേക്ക്. രണ്ടാം ദിനത്തിൽ 171/6 എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. നാലു വിക്കറ്റ് ശേഷിക്കെ ഓസീസിന് ഇപ്പോൾ 283 റണ്‍സ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ വെറും 67 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ കാര്യങ്ങൾ കുറേക്കൂടി കടുപ്പമാകും. മാർനസ് ലെബുഷെയ്ൻ (53), ജയിംസ് പാറ്റിൻസണ് (2) എന്നിവരാണു രണ്ടാം ദിനം കളി അവസാനിപ്പിക്കുന്പോൾ ക്രീസിൽ. ആദ്യ ഇന്നിംഗ്സിൽ 179 റണ്‍സിനു പുറത്തായ ഓസ്ട്രേലിയ, തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ വെറും 67 റണ്‍സിന് ചുരുട്ടിക്കൂട്ടിയതോടെയാണു മത്സരം ചൂടുപിടിച്ചത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡിന്റെ പേസ് ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ നിലംപൊത്തുകയായിരുന്നു. ഇതോടെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 112 റണ്‍സ് ലീഡ് ലഭിച്ചു. 12 റണ്‍സെടുത്ത ജോ ഡെൻലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത്.
12.5 ഓവറിൽ ഹെയ്സൽവുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് മൂന്നും പാറ്റിൻസണ് രണ്ടും വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലേ ഡേവിഡ് വാർണറെ (0) നഷ്ടപ്പെട്ടു. 52 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്പോഴേയ്ക്കും ഹാരിസ് (19), ഉസ്മാൻ ഖവാജ (23) എന്നിവർ പവലിയനിൽ തിരിച്ചെത്തി. ഇതിനുശേഷം ക്രീസിലെത്തിയ ഒന്നാം ഇന്നിംഗ്സിലെ രക്ഷകൻ ലെബുഷെയ്ൻ ട്രാവിസ് ഹെഡ് (25), മാത്യു വേഡ് (33) എന്നിവർക്കൊപ്പം കൂട്ടകെട്ടുകൾ സൃഷ്ടിച്ചതാണ് ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഓസീസിനെ തകർച്ചയിൽനിന്നു രക്ഷിച്ചത്. ടിം പെയ്ൻ അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ്, സ്റ്റ്യുവർട്ട് ബ്രോഡ് എന്നിവർ രണ്ടു വിക്കറ്റ് നേടി. ജോഫ്ര ആർച്ചറുടെ 45 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 179-ൽ ഒതുക്കിയത്. അർധ സെഞ്ചുറി നേടിയ മാർനസ് ലെബുഷെയ്ൻ (74 റണ്‍സ്) ഓപ്പണർ ഡേവിഡ് വാർണർ (61 റണ്‍സ്) എന്നിവർ ചെറുത്തുനിന്നു. പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് ലെബുഷെയ്ൻ ഓസീസ് ടീമിൽ ഇടംപിടിക്കുന്നത്.
ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആന്‍റിഗ്വ ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ 297 റൺസ് പിന്തുടരുന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 108 റൺസ് പിന്നിലാണ്.
രണ്ടാം ദിനം ബാറ്റിംഗാരംഭിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന നിലയിലായിരുന്നു. രവീന്ദ്ര ജഡേജയുടെ മികച്ച ഇന്നിംഗ്സ് ആണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റൺസ് നേടി.
പിന്നെ കണ്ടത് സ്‌കോർ പിന്തുടരാൻ ഇറങ്ങിയ വീൻഡീസിന് മേൽ ഇന്ത്യൻ ബൗളർമാരുടെ മേധാവിത്വം. ഇശാന്ത് ശർമ്മ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ്.