ലോക ബാഡ്‌മി‌ന്റ‌ൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവിനെ അഭിനന്ദിച്ച് കായിക താരം പി.ടി.ഉഷ. സിന്ധുവിന്റെ വിജയം വരും തലമുറകളെ കൂടി പ്രചോദിപ്പിക്കുമെന്ന് പി.ടി.ഉഷ പറഞ്ഞു. സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്നതായും പി.ടി.ഉഷ ട്വീറ്റ് ചെയ്തു. സിന്ധുവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് പി.ടി.ഉഷ അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കുട്ടിയായ സിന്ധു പി.ടി.ഉഷയുടെ മടിയില്‍ ഇരിക്കുന്നതാണ് ചിത്രം.


പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. സിന്ധു ഇന്ത്യയുടെ അഭിമാനമായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബാഡ്‌മി‌ന്റ‌ണിനോടുള്ള ആത്മസമര്‍പ്പണം ഏവരെയും ഉത്തേജിപ്പിക്കുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പി.വി.സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. ബാഡ്‌മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിന്റണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. സ്‌കോർ: 21-7, 21-7.

മത്സരത്തിൽ ഒരിക്കൽ പോലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ ഒകുഹാരയ്ക്ക് സാധിച്ചില്ല. വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം സിന്ധു പ്രതികരിച്ചു. വിജയം അമ്മയ്ക്ക് സമ്മാനിക്കുന്നു. വിജയം അമ്മയ്ക്കുള്ള സമ്മാനമാണെന്നും പി.വി.സിന്ധു പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വർണമാണ് പി.വി.സിന്ധു ഇപ്പോൾ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായില്ല.