Sports

ന്യൂഡൽഹി: മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് അപമാനിക്കപ്പെട്ടതായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ വസിം അക്രം . ഇൻസുലിൻ ഉള്ള ബാഗ് കൈവശം വെച്ചതിനാണ് തന്നെ രൂക്ഷമായി ചോദ്യം ചെയ്തതെന്ന് അക്രം ട്വിറ്ററിൽ കുറിച്ചു. 1992 ലോകകപ്പ് കിരീടം നേടിയ പാകിസ്ഥാൻ ടീമിൽ അംഗമായിരുന്നു ലോകത്തെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ അക്രം.

“മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് ഇന്ന് വളരെ മോശം അനുഭവമുണ്ടായി. ഇൻസുലിൻ ബാഗ് കയ്യിൽ വെച്ച് കൊണ്ടാണ് ലോകത്തെല്ലായിടത്തും ഞാൻ യാത്ര ചെയ്യാറുള്ളത്. ഇൻസുലിൻ ബാഗ് തുറന്ന് അതിനുള്ളിലുള്ളതെല്ലാം പുറത്തിടാൻ ആവശ്യപ്പെട്ടു. അവരെന്നെ വളരെ രൂക്ഷമായി ചോദ്യം ചെയ്യുകയും ബാഗിലുള്ളത് പുറത്തിടാൻ ആജ്ഞാപിക്കുകയും ചെയ്തു,” അക്രം ട്വീറ്റ് ചെയ്തു.

പാകിസ്ഥാന് വേണ്ടി അക്രം 104 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 414 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 356 ഏകദിനങ്ങളിൽ നിന്ന് 502 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ഐസിസി ഏകദിന ലോകകപ്പിൽ കമൻററി ടീമിലും അക്രം ഉണ്ടായിരുന്നു.

 

വിവാദങ്ങൾക്ക് വഴിവച്ച ലോകകപ്പ് ഫൈനലായിരുന്നു ഇത്തവണത്തേത്. ഫൈനലിൽ ന്യൂസിലന്റും ജംഗ്ലണ്ടും ഏറ്റുമുട്ടി സമനിലയിൽ എത്തിയപ്പോൾ സൂപ്പർ ഒാവറിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. ഇരുടീമും ഒരേപോലെ റൺസ് നേടി. അവസാനം ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യപിച്ചു. ഇതോടെ വിവാദങ്ങളും തലപൊക്കി. ഇത്തരമൊരു നിയമം ക്രിക്കറ്റിൽ ഇല്ലെന്നും ഇല്ലാത്ത ബൗണ്ടറികൾ ഇംഗ്ലണ്ടിനും നൽതകിയെന്നുമെല്ലാം സീനിയർ താരങ്ങൾ പ്രതികരിച്ചു. അംപയർമാരുടെ തെറ്റായ തീരുമാനത്തേയും എല്ലാവരും വിമർശിച്ചു.

Image result for overthrow controversy kumaradharmmasena

എന്നാൽ, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓവർത്രോയ്ക്ക് 6 റൺസ് നൽകിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അംപയർ കുമാർ ധർമസേന.തനിക്കതിൽ മനസ്താപമില്ലെന്നും ധർമസേന വ്യക്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിന് ജയിക്കാൻ അവസാന 3 പന്തിൽ 9 റൺസാണ് വേണ്ടിയിരുന്നത്. ആ സമയത്ത് ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനായി ഓടുമ്പോൾ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ആയിരുന്നു.

ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നിട്ടും ഓവർ ത്രോ ഫോർ ഉൾപ്പെടെ ധർമസേന 6 റൺസ് അനുവദിച്ചത് മത്സര ഫലത്തിൽ നിർണായകമായി. ശരിക്കും അഞ്ചു റൺസ് മാത്രമേ അനുവദിക്കേണ്ടിയിരുന്നുള്ളുവെന്ന് സൈമൺ ടോഫൽ ഉൾപ്പെടെയുള്ള അംപയർമാർ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. ‘ടിവി റീപ്ലേ കണ്ട് വിമർശിക്കാൻ എളുപ്പമാണ്.

റീപ്ലേ കണ്ടപ്പോൾ പിഴവു പറ്റിയെന്ന് എനിക്കും മനസ്സിലായി. ലെഗ് അംപയറുടെ അഭിപ്രായം തേടിയ ശേഷമാണ് 6 റൺസ് അനുവദിച്ചത്. ആ തീരുമാനത്തെ ഐസിസി അഭിനന്ദിച്ചതുമാണ്’– ശ്രീലങ്കയുടെ മുൻ ഓഫ് സ്പിന്നർ കൂടിയായ ധർമസേന പറഞ്ഞു.

ഒരിക്കൽ സച്ചിന്‍ പറഞ്ഞു ഇവന്‍ ഭാവിയിലെ താരമെന്ന്. ഇന്ന് ഇന്ത്യന്‍ ടീമില്‍ ഒരു സര്‍പ്രൈസ് മാത്രം. അത് സച്ചിന്‍ പറഞ്ഞ ആ താരം തന്നെ. ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍. വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലെ ഒരേയൊരു സര്‍പ്രൈസ് മാത്രം.കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയ്ക്കായി തിളങ്ങിയ രാഹുല്‍ ആ മികവിലൂടെയാണു സിലക്ടര്‍മാരുടെ കണ്ണില്‍പെട്ടത്. വെസ്റ്റിന്‍ഡീസില്‍ ട്വന്റി20യിലാകും രാഹുല്‍ കളിക്കാനിറങ്ങുക. രാഹുല്‍ അംഗമായ ടീമില്‍ അര്‍ധ സഹോദരന്‍ ദീപക് ചാഹറും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ രാഹുലിന്റെ സ്‌പെല്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റിട്ട രാഹുലിനെപ്പറ്റി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞതിങ്ങനെ: പ്രതിഭാസ്പര്‍ശമുള്ള താരമാണു രാഹുല്‍. ഭാവിയിലെ താരം. എത്ര കൃത്യതയോടെയാണു രാഹുല്‍ പന്തെറിയുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി 13 വിക്കറ്റാണു താരമെടുത്തത്.

14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 63 വിക്കറ്റെടുത്തിട്ടുണ്ട് രാഹുല്‍. 6 തവണ 5 വിക്കറ്റ് നേട്ടം കൊയ്തു. ഒരു അര്‍ധസെഞ്ചുറിയോടെ 336 റണ്‍സ് നേടിയിട്ടുമുണ്ട്. 2017ല്‍ ധോണിയും സ്റ്റീവ് സ്മിത്തും ഉള്‍പ്പെട്ട പുണെയ്ക്കായി ഐപിഎല്ലില്‍ അരങ്ങേറി.

പിന്നീട്, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനം. സന്ദര്‍ശകര്‍ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തു.പക്ഷേ, അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടംകിട്ടിയില്ല. രാഹുലിന്റെ അര്‍ധസഹോദരന്‍ ദീപക് നേരത്തെയും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഒരു ട്വന്റി20യും ഒരു ഏകദിനവും.

വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ മടങ്ങിയെത്തി. മുന്‍ നായകന്‍ ധോണി സ്വയം പിന്മാറിയതോടെ ഋഷഭ് പന്താണ് ഏകദിനത്തിലും ടി20യിലും വിക്കറ്റ് കീപ്പര്‍. ടെസ്റ്റ് ടീമില്‍ പന്തിനൊപ്പം വൃദ്ധിമാന്‍ സാഹയും ഇടം പിടിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ബുംറ ടെസ്റ്റ് ടീമിലുണ്ട്.

വിരാട് കോഹ് ലിയ്ക്ക് വിശ്രമമനുവദിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നായകന്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറിയതോടെ താരം പര്യടനത്തിനുണ്ടാകും. ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ്മയും അജിന്‍ക്യ രഹാനെയും ഇടം നേടിയിട്ടുണ്ട്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ടീം ഇങ്ങനെ,

വിരാട് കോഹ്‌ലി, അജിന്‍ക്യാ രഹാനെ, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

ഏകദിന ടീമില്‍ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മികച്ച ഫോമില്‍ കളിക്കവെയായിരുന്നു ലോകകപ്പിനിടെ ധവാന് പരുക്കേല്‍ക്കുന്നത്. വിജയ് ശങ്കറും ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടിയില്ല. പകരം മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തി. അതേസമയം, ലോകകപ്പില്‍ പഴി കേട്ട കേദാര്‍ ജാദവ് ടീമിലിടം നേടിയിട്ടുണ്ട്.

നവ്ദീപ് സെയ്‌നിയും ഖലീല്‍ അഹമ്മദും ഏകദിന ടീമിലുണ്ട്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ടീം ഇങ്ങനെ,

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്,യുസ്വേന്ദ്ര ചാഹല്‍,കേദാര്‍ ജാദവ്,മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി.

രാഹുല്‍ ചാഹര്‍, ക്രുണാല്‍ പാണ്ഡ്യ,ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ ടി20 ടീമിലിടം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയ രാഹുലിനിന് സുവര്‍ണാവസരമാണ്. വാഷിങ്ടണ്‍ സുന്ദറും ടി20 സ്‌ക്വാഡിലുണ്ട്. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.

ടീം ഇങ്ങനെ,

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ,രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി.

 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. വിക്കറ്റ് കീപ്പര്‍ എം.എസ്.ധോണി പിന്‍മാറിയതോടെ ഋഷഭ് പന്ത് ഒന്നാംവിക്കറ്റ് കീപ്പറാകും. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് പരിഗണിച്ച് ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഏകദിനത്തിലും ട്വന്റി20യിലും വിശ്രമം നല്‍കുമെന്നാണ് സൂചന. അടുത്ത മാസം മൂന്നിനാണ് പര്യടനം തുടങ്ങുക.

 

ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയിലാണ്. താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ആരാധകരും താരങ്ങളും എല്ലാം സംസാരിക്കുന്നത്. വിരമിക്കാറായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അടുത്തൊന്നും അങ്ങനെ ഒരു തീരുമാനമുണ്ടാകരുതെന്നാണ് ധോണി ആരാധകരുടെ പ്രാർത്ഥന. ആ പ്രാർത്ഥന ഫലം കാണുന്നു എന്ന സൂചനകളാണ് ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ നൽകുന്നത്

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി വിരമിക്കുമെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാൽ തൽക്കാലം വിരമിക്കാൻ താരം ഉദ്ദേശിക്കുന്നില്ലെന്നാണ് അരുൺ പാണ്ഡെ പറയുന്നത്

“നിലവിൽ ധോണിക്ക് വിരമിക്കാൻ പദ്ധതിയില്ല. അദ്ദേഹത്തെ പോലൊരു താരത്തിന്റെ ഭാവി സംബന്ധിച്ച് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് ദൗർഭാഗ്യകരമാണ്,” അരുൺ പാണ്ഡെ പറഞ്ഞു.

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് ധോണി ഉണ്ടാകില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് അരുൺ പാണ്ഡെയുടെ പ്രസ്താവന. ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.

അതേസമയം, ധോണിയെ സെലക്ടർമാർ പറഞ്ഞ് മനസിലാക്കണം എന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് രംഗത്തെത്തിയിരുന്നു. എപ്പോൾ വിരമിക്കണം എന്നത് ധോണിയുടെ തീരുമാനം തന്നെയാണ്. എന്നാൽ സെലക്ടർമാരുടെ പണി ധോണിയെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. ഇനി മുമ്പോട്ട് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കാണാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കണമെന്നും സെവാഗ് പറഞ്ഞു.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവാക്കൾക്ക് ഇടം നൽകേണ്ട സമയമായെന്ന് മുൻ താരം ഗൗതം ഗംഭീർ പറഞ്ഞിരുന്നു. 2023 ൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം. ധോണി വിരമിക്കുകയാണെങ്കിൽ പകരക്കാരായി മൂന്നുപേരുടെ പേരുകളും 37 കാരനായ ഗംഭീർ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ മലയാളി താരമായ സഞ്ജു സാംസണും ഉണ്ട്. ”യുവാക്കളായ കളിക്കാർക്ക് അവസരം നൽകേണ്ട സമയമാണിത്. ഋഷഭ് പന്തോ സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ലെങ്കിൽ വിക്കറ്റ് കീപ്പറാകാൻ കഴിവുളള മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെ തിരഞ്ഞെടുക്കാം. ഒന്നോ ഒന്നര വർഷത്തേക്കോ ഒരാൾക്ക് അവസരം നൽകുക, അവൻ മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകുക. അങ്ങനെ അടുത്ത ലോകകപ്പിൽ ആരായിരിക്കണം വിക്കറ്റ് കീപ്പറെന്ന് കണ്ടെത്താനാവും,” ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ഇത്തവണ അഭിപ്രായം പറയാൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കാവില്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുളള സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും പുതിയ കോച്ചിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റിയാണ് ഇതിന് അന്തിമ അംഗീകാരം നല്‍കുകയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

”കഴിഞ്ഞ തവണ മുൻ കോച്ച് അനിൽ കുബ്ലെയുമായി ഒത്തുപോകാൻ തനിക്കും ടീമിനും ബുദ്ധിമുട്ടുണ്ടെന്ന് കോഹ്‌ലി അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുമ്പോൾ കോഹ്‌ലിക്ക് അഭിപ്രായം പറയാനാവില്ല. ഇത്തവണ കപിൽ ദേവ് ആണ് കോച്ചിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ തലവൻ. അദ്ദേഹം കോഹ്‌ലിയുടെ കോഹ്‌ലിയുടെ വാക്കുകൾ കേൾക്കില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇത്തവണ മുഖ്യ പരിശീലകനെ സഹായിക്കുന്നതിനുളള സപ്പോർട്ടിങ് സ്റ്റാഫിനെയും സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്താൽ മതിയെന്നാണ് ബിസിസിഐ തീരുമാനം. ”സപ്പോർട്ടിങ് സ്റ്റാഫിനെയും സെലക്ഷൻ കമ്മിറ്റി ആയിരിക്കും തിരഞ്ഞെടുക്കുക. സാധാരണ പരിശീലകനെയാണ് സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാൻ അനുവദിക്കാറുളളത്. എന്നാൽ ഇത്തവണ, സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതിനു മുൻപേ പരിശീലകനെ തിരഞ്ഞെടുത്താൽ മാത്രം അദ്ദേഹത്തിനും ഈ പ്രക്രിയയിൽ പങ്കാളിയാകാം,” ഉദ്യോഗസ്ഥൻ പറഞ്ഞു.

2017 ലെ ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ കുംബ്ലെയും കോഹ്‌ലിയും തമ്മിലുളള പോര് രൂക്ഷമായതിനെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനത്തുനിന്നും രാജിവച്ചത്. അതിനുശേഷമാണ് രവി ശാസ്ത്രിയെ പുതിയ കോച്ചായി തിരഞ്ഞെടുത്തത്. 2019 ലോകകപ്പ് വരെയായിരുന്നു കരാർ. എന്നാൽ ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ തുടർന്ന് 45 ദിവസം വരെ മുഖ്യ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും കരാർ പുതുക്കി നൽകി.

സെപ്റ്റംബർ 15 ന് ഇന്ത്യയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുളള പരമ്പരയ്ക്ക് മുൻപായി പുതിയ പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ശ്രമം. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബോളിങ് കോച്ച് ഭരത് അരുണ്‍, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബങ്കാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍ എന്നിവക്ക് പുതിയ അപേക്ഷകൾ നൽകാവുന്നതാണ്.

2022 ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികളായി. ഗ്രൂപ്പ് ഇയില്‍. ഇടം നേടി ഇന്ത്യക്ക് ആതിഥേയരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി ടീമുകളാണ് എതിരാളികള്‍. ഓസീസ് ഇതിഹാസം ടിം കാഹിലാണ് ഡ്രോയില്‍ ടീമുകളെ ഓരോ ഗ്രൂപ്പുകളിലാക്കി തിരിച്ചത്. ആതിഥേയരാജ്യം എന്ന നിലയില്‍ ലോകകപ്പിലേക്ക് ഖത്തര്‍ യോഗ്യത നേടിക്കഴിഞ്ഞു.

മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം. അതിന്, ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാമത് എത്തുകയോ, എല്ലാ ഗ്രൂപ്പുകളിലുമായി രണ്ടാമത് എത്തുന്ന ടീമുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതാവണം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. സെപ്തംബര്‍ അഞ്ചിനാണ് ഒമാനെതിരായ മത്സരം. ഇന്ത്യയുടെ മത്സര ക്രമം ഇങ്ങനെ.

സെപ്തംബര്‍ അഞ്ച് 2019- ഇന്ത്യ-ഒമാന്‍(ഹോം മത്സരം)
സെപ്തംബര്‍ 10,2019 -ഇന്ത്യ-ഖത്തര്‍(എവേ മത്സരം)
ഒക്ടോബര്‍ 15,2019 – ഇന്ത്യ-ബംഗ്ലാദേശ്(ഹോം)
നവംബര്‍ 14, 2019- അഫ്ഗാനിസ്ഥാന്‍-ഇന്ത്യ(എവേ)
നവംബര്‍ 19, 2019- ഇന്ത്യ-ഒമാന്‍(എവേ)
മാര്‍ച്ച് 26, 2020- ഇന്ത്യ-ഖത്തര്‍(ഹോം)
ജൂണ്‍ നാല്, 2020- ബംഗ്ലാദേശ്-ഇന്ത്യ(എവേ)
ജൂണ്‍ 9, 2020- ഇന്ത്യ-അഫ്ഗാനിസ്ഥാന്‍(ഹോം)

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അടുത്ത ദിവസങ്ങളിലായി വിരമിക്കല്‍ ചര്‍ച്ചകള്‍ ഒന്നു കൂടി കൊഴുക്കാന്‍ തുടങ്ങി. താരം കളി നിര്‍ത്തുന്നതിലും തുടരുന്നതിലും ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നു.

എന്നാല്‍ ധോണി കളി മതിയാക്കണമെന്ന് പറയുന്നത് ഇപ്പോള്‍ മറ്റാരുമല്ല. താരത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സംസാരത്തിനിടെ ധോണിയുടെ മാതാപിതാക്കളാണ് തന്നോടു ഇക്കാര്യം പറഞ്ഞത്. മകന്‍ ഇപ്പോള്‍തന്നെ കളി മതിയാക്കണമെന്നാണ് അവരുടെ അഭിപ്രായം.

എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് താന്‍ പറഞ്ഞു. അടുത്ത ട്വന്റി 20 ലോകകപ്പിനു ശേഷം വിരമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ അവര്‍ അതിനോടു യോജിച്ചില്ല. ഈ വലിയ വീട് ആരു നോക്കുമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. ഇത്രയും കാലം വീട് നോക്കിയ നിങ്ങള്‍ക്കു ഒരു വര്‍ഷം കൂടി അത് തുടര്‍ന്നു കൂടേയെന്നും താന്‍ ചോദിച്ചെന്നും കേശവ് ബാനര്‍ജി പറഞ്ഞു.

ലോകകപ്പ് സൂപ്പർ ഓവറിലെ അവസാന പന്തിൽ ഡബിൾ എടുക്കാനുള്ള ഓട്ടത്തിനിടെ കിവീസ് താരം മാർട്ടിൻ ഗപ്ടിലിനു വേഗം അൽപം കുറഞ്ഞിരുന്നോ? വേഗം കുറവായിരുന്നു എന്നതാണു വാസ്തവം. ഗപ്ടിലിന്റെ ഇടതു കാലിൽ രണ്ടു വിരലുകളേയുള്ളു! 13–ാം വയസ്സിൽ, ഇടതുകാലിൽ ട്രക്ക് കയറിയപ്പോൾ ചതഞ്ഞരഞ്ഞ 3 വിരലുകൾ പിന്നീടു മുറിച്ചു നീക്കുകയായിരുന്നു.

എന്നാൽ പഴയതുപോയ ഓടാനും നടക്കാനും ഇടതു കാലിൽ അവശേഷിച്ച രണ്ടുവിരലുകൾ‌ മതി എന്ന തിരിച്ചറിവ് മാർട്ടിൻ ഗപ്ടിൽ എന്ന പോരാളിയെ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിൽ എത്തിച്ചു. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഒരേയൊരു കിവീസ് ബാറ്റ്സ്മാനെന്ന റെക്കോർഡുകാരനായ ഗപ്ടിലിന് പക്ഷേ, ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിൽ കിവീസിനെ വിജയലക്ഷ്യത്തിൽ എത്തിക്കാനായില്ല.

സൂപ്പർ ഓവറിലെ അവസാന പന്തു മാത്രമാണു ഗപ്ടിൽ നേരിട്ടത്. അപ്പോൾ കിവീസ് വിജയത്തിനു വേണ്ടിയിരുന്നത് 2 റൺസ്. ഗപ്ടിൽ ആദ്യ റൺ ഓടിയെടുത്തപ്പോഴേക്കും ഡീപ് മിഡ് വിക്കറ്റിൽനിന്നു വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിലേക്കു ത്രോ എത്തി. ക്രീസിലേക്കുള്ള മുഴുനീളൻ‌ ഡൈവിനും ഗപ്ടിലിനെ രക്ഷിക്കാനായില്ല. ബൗണ്ടറിക്കണക്കിൽ ലോകകപ്പ് നഷ്ടമായതോടെ കണ്ണീരണിഞ്ഞ ഗപ്ടിലിനെ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ എത്തിയാണ് ആശ്വസിപ്പിച്ചത്.

കിവീസിനു ലോകകപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഗപ്ടിലിന്റെ ഫീൽഡിങ് മികവിന്റെ കൂടി പേരിലാകും ഈ ലോകകപ്പ് ഓർമിക്കപ്പെടുക. ഓസീസിന് എതിരായ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഇടംകൈ ഡൈവിങ് ക്യാച്ച്, സെമിയിൽ എം.എസ്. ധോണിയെ റണ്ണൗട്ടാക്കിയ ഡയറക്ട് ഹിറ്റ്. ഇവ രണ്ടും ഈ ലോകകപ്പിന്റെ ഓർമച്ചിത്രങ്ങളാണ്!

ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസീലൻഡ് താരമാണ് മാർട്ടിൻ ഗപ്ടിൽ. വെസ്റ്റിൻഡീസിനെതിരെ അരങ്ങേറിയ ഗപ്ടിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 2009 ജനുവരി 10ന് ഓക്‌ലൻ‍ഡിൽ നടന്ന ഈ മൽസരം മഴമൂലം പൂർത്തിയാക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. ഓപ്പണറായെത്തിയ ഗപ്ടിൽ 135 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 122 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 10.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസെടുത്തു നിൽക്കെ മൽസരം മഴ മുടക്കി.

ഏകദിനത്തിൽ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ മാർട്ടിൻ ഗപ്ടിലിന്റെ പേരിലാണ്. 2015 ലോകകപ്പ് ക്വാർട്ടറിൽ വെസ്റ്റിൻഡീസിനെതിരെ ഗപ്ടിൽ നേടിയത് പുറത്താകാതെ 237 റൺസ്! 163 പന്തിൽ 24 ബൗണ്ടറിയും 11 സിക്സും സഹിതമാണ് ഗപ്ടിൽ 237 റൺസെടുത്ത്. ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 393 റൺസെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 250ൽ അവസാനിച്ചു. ഏകദിനത്തിൽ ന്യൂസീലൻഡ് താരങ്ങളുടെ ഏക ഇരട്ട സെഞ്ചുറി കൂടിയാണിത്. ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോറും ഇതുതന്നെ. ഏകദിനത്തിൽ ഗപ്‌ടിലിനേക്കാൾ ഉയർന്ന വ്യക്തിഗത സ്കോർ ഇന്ത്യൻ താരം രോഹിത് ശർമയ്ക്കു (264) മാത്രം.

RECENT POSTS
Copyright © . All rights reserved