Sports

ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിൽ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ രക്ഷകനായ താരമാണ് മുഹമ്മദ് ഷമി. ഭുവനേശ്വർ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാൻ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക് ഉൾപ്പെടെ രണ്ടു മൽസരങ്ങളിൽനിന്ന് ഇതുവരെ നേടിയത് എട്ടു വിക്കറ്റാണ്. പരുക്കും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിച്ച നാളുകൾക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് വേദിയിലേക്കുള്ള ഷമിയുടെ ശക്തമായ മടങ്ങിവരവ്. ഭാര്യ ഹസിൻ ജഹാനുമായുള്ള പ്രശ്നങ്ങളാണ് കഴിഞ്ഞ വർഷം ഷമിയെ ഏറ്റവുമധികം ഉലച്ചത്. ഇതോടെ ഒരു ഘട്ടത്തിൽ താരത്തിന്റെ ക്രിക്കറ്റ് കരിയർ തന്നെ ചോദ്യചിഹ്‌നമായതാണ്.

പ്രശ്നങ്ങളെല്ലാം മാറിയെന്നു കരുതിയിരിക്കെ, ഷമിക്കെതിരെ കടുത്ത വിമർശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ഹസിൻ ജഹാൻ. ഷമി ടിക് ടോക്ക് അക്കൗണ്ടിൽ പിന്തുടരുന്നതിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഷമി നാണം കെട്ടവനാണെന്നും ഒരു മകളുള്ള കാര്യം മറക്കുകയാണെന്നും തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഹസിൻ ജഹാൻ ആരോപിക്കുന്നു.

ഈയിടെയാണ് ഷമി ടിക് ടോക്കിൽ അക്കൗണ്ട് ആരംഭിച്ചത്. നിലവിൽ 97 പേരെയാണ് ഇതിൽ ഷമി ഫോളോ ചെയ്യുന്നത്. എന്നാല്‍, ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’- കുറിപ്പിൽ ഹസിന്‍ വിമർശനമുന്നയിക്കുന്നു. ഷമിയുടെ ടിക് ടോക് അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് വിമർശനം.

ഗാർഹിക പീഡനക്കുറ്റമാരോപിച്ച് ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.

ഇതിനു പിന്നാലെയാണ് കോഴ ആരോപണം ഉയർത്തിയത്. ഇംഗ്ലണ്ടിൽ വ്യവസായിയായ മുഹമ്മദ് ഭായ് എന്ന വ്യക്തി നൽകിയ പണം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്നു സ്വീകരിച്ചതായി ഷമിയുടെയും ഭാര്യയുടെയും ഫോൺ സംഭാഷണത്തിൽനിന്നു സൂചന ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു കോഴ ആരോപണത്തിലെ അന്വേഷണം. ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു.

കോപ്പ അമേരിക്കയില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. പത്താംമിനിറ്റില്‍ മാര്‍ട്ടിനെസും, എഴുപത്തിനാലാം മിനിറ്റില്‍ ലോ സെല്‍സോയും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. ഇതോടെ ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ സെമിഫൈനലിന് അരങ്ങൊരുങ്ങി.

ബുധനാഴ്ചയാണ് സെമിഫൈനല്‍ നടക്കുക. മാര്‍ട്ടിനെസിനെ മുന്നില്‍ നിര്‍ത്തി ആക്രമണഫുട്ബോളാണ് അര്‍ജന്റീന തുടക്കം മുതല്‍ പുറത്തെടുത്തത്. 2008 ബെയ്ജിങ് ഒളിപിക്സിലാണ് അവസാനമായി ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. കോപ്പ അമേരിക്കയില്‍ അവസാനം ഏറ്റുമുട്ടിയത് 2007ലും.

കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും മുന്നേറിയതോടെ ബുധനാഴ്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയം ലോകഫുട്ബോളിലെ സൂപ്പർ ക്ലാസിക്കോയ്ക്ക് അരങ്ങാകും.

ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ ലൗതാരോ മാർട്ടിനെസ്, എഴുപത്തിനാലാം മിനിറ്റില്‍ പകരക്കാരൻ ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. തുടക്കം മുതൽ ആക്രമണ ശൈലിയിലാണ് അർജന്റീന മുന്നേറിയത്.

അർജന്റീനയുടെ ഇതിഹാസ താരം ലയനൽ മെസ്സിയുടെ കോർണർ കിക്കിൽ അഗ്യൂറോയുടെ പിന്തുണയോടെയാണ് മാർട്ടിനെസ് ഗോൾ വല കുലുക്കിയത്.

രണ്ടാം പകുതിയിൽ ഡി പോൾ നൽകിയ പാസ് ഏറ്റെടുത്തു മുന്നേറിയ അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തൊട്ടുപിന്നാലെ ഓടിക്കയറിയ സെൽസോ ഗോൾ കണ്ടെത്തുകയായിരുന്നു.

പേസ്-സ്പിന്‍ ബൗളിംഗിന്‍റെ വസന്തകാലം തീര്‍ത്ത കോലിപ്പടയ്ക്ക് മുന്നില്‍ 125 റണ്‍സിന്‍റെ കൂറ്റന്‍ പരാജയമാണ് വെസ്റ്റ് ഇന്‍ഡീസ് ഏറ്റുവാങ്ങിയത്.

നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയും അര്‍ധ സെഞ്ചുറിയോടെ കരുത്തറിയിച്ച മത്സരത്തില്‍ ബൗളിംഗില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് നീലപ്പട വിജയിച്ച് കയറിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ഇതോടെ വമ്പനടിക്കാരുടെ വിന്‍ഡീസ് നിരയുടെ പോരാട്ടം 143 റണ്‍സില്‍ അവസാനിച്ചു.

സ്കോര്‍: ഇന്ത്യ- നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268
വെസ്റ്റ് ഇന്‍ഡീസ്- 34.2 ഓവറില്‍ 143 റണ്‍സിന് പുറത്ത്

വിജയലക്ഷ്യമായ 269 റണ്‍സിലേക്ക് വാനോളം പ്രതീക്ഷയുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമി കനത്ത ആഘാതം ഏല്‍പ്പിച്ചു. ഹാട്രിക് പ്രകടനത്തിന്‍റെ കരുത്തമായി എത്തിയ ഷമി ആദ്യ പത്തോവര്‍ പിന്നിടും മുമ്പ് രണ്ട് വിക്കറ്റുകള്‍ എറിഞ്ഞിട്ടാണ് നയം വ്യക്തമാക്കിയത്.

വിന്‍ഡീസിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ ക്രിസ് ഗെയ്‍ലിനെ കേദാര്‍ ജാദവിന്‍റെ കെെകളില്‍ എത്തിച്ച് ഷമി വിക്കറ്റ് വേട്ടയ്ക്ക് ആരംഭം കുറിച്ചു. 19 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു ഗെയ്‍ലിന്‍റെ അക്കൗണ്ടില്‍. തന്‍റെ തൊട്ടടുത്ത ഓവറില്‍ ഷെയ് ഹോപ്പിനെയും (5) മടക്കി ഷമി ഇരട്ടപ്രഹരം ഏല്‍പ്പിച്ചു.

പിന്നീട് ഒത്തുച്ചേര്‍ന്ന സുനില്‍ ആംബ്രിസും(31) നിക്കോളാസ് പൂരനും(28) ഇന്ത്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവുംവിധമുള്ള ശ്രമങ്ങള്‍ നടത്തി. ആംബ്രിസിനെ ഹാര്‍ദിക് പാണ്ഡ്യയും പൂരനെ കുല്‍ദീപ് യാദവും വീഴ്ത്തിയതോടെ വിന്‍ഡീസിന്‍റെ വന്‍ തകര്‍ച്ച തുടങ്ങി.

ഷിമ്രോണ്‍ ഹെറ്റ്‍മെയറിനെ ഒരറ്റത്ത് നിര്‍ത്തി ഇന്ത്യ ആഞ്ഞടിച്ചതോടെ നായകന്‍ ഹോള്‍ഡര്‍ അടക്കം വിന്‍ഡീസ് താരങ്ങള്‍ അതിവേഗം ബാറ്റ് വച്ച് കീഴടങ്ങി. കാര്‍ലോസ് ബ്രാത്‍വെയ്റ്റിനെയും ഫാബിയന്‍ അലനെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തി ജസ്പ്രീത് ബുമ്ര ഹാട്രിക് പ്രകടനത്തിന് അടുത്ത് വരെയുമെത്തി. തിരിച്ചെത്തിയ ഷമി ഹെറ്റ്‍മെയറിനെ കൂടെ പറഞ്ഞയച്ചോടെ ഇന്ത്യന്‍ ആരാധകര്‍ ആഘോഷപ്രകടനങ്ങള്‍ക്ക് ഗാലറിയില്‍ തുടക്കമായി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. തുടക്കം തന്നെ വമ്പനടികള്‍ക്ക് ശ്രമിക്കാതെ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നടത്തിയത്.

നിര്‍ഭാഗ്യം പിടികൂടി രോഹിത് ശര്‍മ വീണതോടെ ഒത്തുച്ചേര്‍ന്ന കെ എല്‍ രാഹുലും വിരാട് കോലിയും ഇന്ത്യയുടെ അടിത്തറ ശക്തമാക്കി. വന്‍ സ്കോറിലേക്ക് ഇന്ത്യ കുതിക്കുന്ന ഘട്ടത്തില്‍ രാഹുല്‍ (48) വീണതോടെ വിന്‍ഡീസ് സ്കോറിംഗിനും കടിഞ്ഞാണിടുകയായിരുന്നു.

നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ വിജയ് ശങ്കറും ഒപ്പം കേദാര്‍ ജാദവും മടങ്ങിയതോടെ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്ന നായകന്‍ കോലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു.

ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി.

തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം (46) ഒത്തുച്ചേര്‍ന്ന ധോണി ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുക്കുകയായിരുന്നു. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെമര്‍ റോച്ചാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.

വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മൽസരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് അര്‍ധസെഞ്ചുറി. 55 പന്തിൽ ആറ് ബൗണ്ടറി സഹിതമാണ് കോലി അർധസെഞ്ചുറി നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഇന്ത്യ 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റണ്‍സ് എന്ന നിലയിലാണ്. കോലിക്കൊപ്പം ധോണിയാണ് ക്രീസിൽ. ഓപ്പണർമാരായ ലോകേഷ് രാഹുൽ (64 പന്തിൽ 48), രോഹിത് ശർമ (23 പന്തിൽ 14), വിജയ് ശങ്കർ (19 പന്തിൽ 14) , കേദാർ ജാദവ് (10 പന്തിൽ 7) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. രോഹിത് ശർമയുടെയും വിജയ് ശങ്കറിന്റെയും കേദാർ ജാദവിന്റെയും വിക്കറ്റ് കെമർ റോച്ചിനാണ്. വിൻഡീസിനായി റോച്ച് മൂന്നും ജെയ്സൺ ഹോൾഡർ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മൽസരത്തിൽ അഫ്ഗാനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. അതേസമയം, വിൻഡീസ് നിരയിൽ സുനിൽ ആംബ്രിസ് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കേറ്റു ടീമിനു പുറത്തായ ആന്ദ്രെ റസ്സലിനു പകരമാണ് ആംബ്രിസ് ടീമിലെത്തിയത്. ഫാബിയൻ അലനും ടീമിലുണ്ട്.

 

പന്ത് ചുരണ്ടല്‍ ആരോപണത്തിന്‍റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടുപേരെ ക്രിക്കറ്റ് ആരാധകര്‍ ഉടന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പറയാനാവില്ല. ആരാധകര്‍ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാന്‍ താന്‍ ആളല്ല… ഓസ്ട്രേലിയയുമായുള്ള പോരാട്ടത്തിന് മുമ്പ് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വാക്കുകളാണ് ഇത്.

പറഞ്ഞതു പോലെ കളത്തിലെത്തിയ ‍ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഇംഗ്ലണ്ട് ആരാധകര്‍ കൂവി. എന്നാല്‍, കാണികളിൽ നിന്ന് അപമാനം ഉണ്ടായെങ്കിലും കളിക്കളത്തിൽ അർധ സെഞ്ചുറി പ്രകടനം ഒരിക്കൽ കൂടെ ആവർത്തിച്ചു വാർണർ. ജയത്തോടെ തിരിച്ചടിക്കാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞതോടെ ഇംഗ്ലീഷുകാര്‍ക്ക് കണ്ണീരോടെ സ്റ്റേഡിയം വിട്ടു.

സ്റ്റീവ് സ്മിത്തിനെയും ഇംഗ്ലീഷ് കാണികൾ മത്സരിച്ച് കൂവി. പന്ത് ചുരണ്ടൽ വിവാദമാണ് കാണികളുടെ പ്രതികരണത്തിന് കാരണമെന്ന് ന്യായം പറയുന്നവരുണ്ട്. പക്ഷേ, ക്രിക്കറ്റിലെ ഇംഗ്ലീഷ്-ഓസീസ് വൈരം അറിയുന്നവർ അങ്ങനെ പറയില്ല. വിനാശകാലെ വിപരീത ബുദ്ധിയെന്നാണ് ഷെയ്ൻ വോൺ കാണികളുടെ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്.

ഈ പരിഹാസങ്ങളെല്ലാം താരങ്ങളെ പ്രചോദിപ്പിക്കുകയേ ഉള്ളുവെന്നും വോൺ ട്വീറ്റ് ചെയ്തു. ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന റൺവേട്ടക്കാരനാണ് വാർണർ. ഇംഗ്ലീഷ് മണ്ണില്‍ 500 റൺസ് പിന്നിട്ടുകഴിഞ്ഞു താരം. മൂന്ന് അർധസെഞ്ചുറി പ്രകടനവുമായി സ്റ്റീവ് സ്മിത്തും മോശമാക്കിയില്ല. കാണികൾക്ക് കൂവാൻ അനുവാദം നൽകിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിൻ മോർഗനുള്ള പ്രതികാരമായാണ് ഓസ്ട്രേലിയക്കാർക്ക് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തെ കാണുന്നത്.

വിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകകപ്പിലെ കമന്റേറ്റര്‍മാരിലൊരാളാണ് ലാറ. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി മുംബൈയിലെ ഹോട്ടലിലെത്തിയതായിരുന്നു താരമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്ത കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

ക്രിക്കറ്റ് ലോകം കണ്ട ഏക്കാലത്തേയും മഹാനായ താരങ്ങളിലൊരാളായ ലാറ 2007 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. 131 ടെസ്റ്റുകളില്‍ നിന്നുമായി 11,953 റണ്‍സും 299 ഏകദിനങ്ങളില്‍ നിന്നുമായി 10,405 റണ്‍സും നേടിയിട്ടുണ്ട് ഈ ഇതിഹാസ താരം.

 

ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ പുറത്താകുമോ? അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരമൊരു സാധ്യതയ്ക്കു വഴിമരുന്നിട്ട് ഇംഗ്ലണ്ടിന് ഈ ലോകകപ്പിലെ മൂന്നാം തോൽവി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 44.4 ഓവറിൽ 221 റൺസിൽ അവസാനിച്ചു. തോൽവി 64 റൺസിന്. ഏഴു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യതകളിൽ കരിനിഴൽ വീണുകഴിഞ്ഞു. ഓസ്ട്രേലിയയാകട്ടെ, ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.
10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയ്സൻ ബെഹ്റെൻഡോർഫാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. മാർക്കസ് സ്റ്റോയ്നിസിനാണ് ശേഷിച്ച വിക്കറ്റ്.‌ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറിയുമായി ഒറ്റയ്ക്കു പൊരുതിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്റ്റോക്സ് 115 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 89 റൺസെടുത്തു.

ജോണി ബെയർസ്റ്റോ (39 പന്തിൽ 27), ജോസ് ബട്‍ലർ (27 പന്തിൽ 25), ക്രിസ് വോക്സ് (34 പന്തിൽ 26), ആദിൽ റഷീദ് (20 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും അവയൊന്നും ഓസീസ് സ്കോറിനെ വെല്ലുവിളിക്കാൻ പര്യാപ്തമായില്ല. ജയിംസ് വിൻസ് (പൂജ്യം), ജോ റൂട്ട് (ഒൻപതു പന്തിൽ എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ നാല്), മോയിൻ അലി (ഒൻപതു പന്തിൽ ആറ്), ജോഫ്ര ആർച്ചർ (നാലു പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. മാർക്ക് വുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ടോപ് സ്കോറർമാരിൽ വാർണറിനു പിന്നിൽ രണ്ടാമതാണ് ഫിഞ്ച് (496 റൺസ്).
116 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറു ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20–ാം ഏകദിന അർധസെഞ്ചുറി. വാർണർ പുറത്തയശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നുവന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. അതിനുശേഷമുള്ള 17.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസിനു നേടാനായത് 112 റൺസ് മാത്രം.

ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്‍വെൽ (എട്ടു പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തോല്‍പിച്ച് ബംഗ്ലദേശ് സെമി സാധ്യതകള്‍ സജീവമാക്കി. ബംഗ്ലദേശ് ഉയര്‍ത്തിയ 263റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ ഔട്ടായി. 51 റണ്‍സ് എടുക്കുകയും 29 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലദേശിന്‍റെ വിജയശില്‍പി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. 83 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമും, 51 റണ്‍സ് നേടിയ ഷാക്കിബുമാണ് ബംഗ്ലദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മുജീബുര്‍ റഹ്മാന്‍ അഫ്ഗാനിസ്ഥാനായി മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ കരുതലോടെ തുടങ്ങിയെങ്കിലും ഷാക്കിബിന്‍റെ സ്പിന്നിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.

ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബ്, റഹ്മത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍ എന്നിവരെയാണ് ഷാക്കിബ് പുറത്താക്കിയത്. 47 റണ്‍സെടുത്ത ഗുല്‍ബാദിനും 49 റണ്‍സെടുത്ത സമിയുള്ള സന്‍വാരിയുമാണ് അഫ്ഗാന്‍ സ്കോര്‍ 200ല്‍ എത്തിച്ചത്.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് 49 റണ്‍സിന് തോറ്റു. 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിജയിച്ചെങ്കിലും 5 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഏഴ് മൽസരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടിയ സൗത്ത് ആഫ്രിക്ക 9ാം സ്ഥാനത്താണ്. ഇതോടെ ഇംഗ്ലിഷ് ലോകകപ്പിലെ ദുരന്തചിത്രമായി ദക്ഷിണാഫ്രിക്ക ലോകകപ്പിനു പുറത്താകുമെന്ന് ഉറപ്പായി.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ശരാശരിയിലൊതുങ്ങിയ ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണു നേടിയത്. നിലയുറപ്പിക്കുന്നതിൽ ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കു പിഴച്ചതോടെ അവരുടെ മറുപടി നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 259 റണ്‍സിൽ അവസാനിച്ചു. തോൽവി 49 റൺസിന്. 2003നുശഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ട് കാണാതെ പുറത്താകുന്നത്.

ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി നേടിയത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി മാത്രം. 79 പന്തു നേരിട്ട ഡുപ്ലേസി അഞ്ചു ബൗണ്ടറി സഹിതം 63 റൺസാണു നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ഒരിക്കൽക്കൂടി അതു മുതലാക്കാനാകാതെയാണ് ഡുപ്ലേസി മടങ്ങിയത്. ഓപ്പണർ ക്വിന്റൺ ഡികോക്ക് (60 പന്തിൽ 47), വാൻഡർ ദസ്സൻ (47 പന്തിൽ 36), ഡേവിഡ് മില്ലർ (37 പന്തിൽ 31) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ആൻഡിൽ പെഹ്‌ലൂക്‌വായോ (32 പന്തിൽ പുറത്താകാതെ 46), ക്രിസ് മോറിസ് (10 പന്തിൽ 16) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ തോൽവിഭാരം കുറച്ചത്. പാക്കിസ്ഥാനായി ഷതാബ് ഖാൻ, വഹാബ് റിയാസ് എന്നിവർ മൂന്നും മുഹമ്മദ് ആമിർ രണ്ടും ഷഹീൻ അഫ്രീദി ഒന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാനു വേണ്ടി ഹാരിസ് സുഹൈൽ (59 പന്തിൽ 89), ബാബർ അസം (80 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്ഗി എൻഗിഡി 9 ഓവറിൽ 64 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 10 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഇമ്രാൻ താഹിറിന്റെ പ്രകടനവും ശ്രദ്ധേയമായി.

ഓപ്പണർമാരായ ഫഖർ സമാൻ (44), ഇമാം ഉൾ ഹഖ് (44), മുഹമ്മദ് ഹഫീസ് (20), ഇമാദ് വാസിം (23) എന്നിവരും പാക്കിസ്ഥാനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വഹാബ് റിയാസ് (നാല്), സർഫ്രാസ് അഹമ്മദ് (പുറത്താകാതെ രണ്ട്), ഷതാബ് ഖാൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി മൂന്നും ഇമ്രാൻ താഹിർ രണ്ടും എയ്ഡൻ മർക്രം, ആൻഡിൽ പെഹ്‌ലൂക്‌വായോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കോപ്പ അമേരിക്ക ഫുട്ബോളില്‍ പെറുവിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ . ജയത്തോടെ ഏഴുപോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി . ബൊളീവിയയെ തോല്‍പ്പിച്ച് വെനസ്വേലയയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

വെനസ്വേലയ്ക്കെതിരെ ഗോളടിക്കാന്‍ മറന്ന ബ്രസീല്‍ പെറുവിനെതിരെ ഗോള്‍മഴതീര്‍ത്ത് ക്വാര്‍ട്ടര്‍ഫൈനലില്‍ . 12ാം മിനിറ്റില്‍ കാസിമിറോയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് .

ഏഴുമിനിറ്റികനം റോബര്‍ട്ടോ ഫിര്‍മിനോയുടെ വക രണ്ടാം ഗോള്‍ . മൈതാനം നിറഞ്ഞു കളിച്ച ബ്രസീലിയന്‍ മധ്യനിര മുന്നേറ്റനിരയിലേയ്ക്ക് പന്തെത്തിച്ചുകൊണ്ടേയിരുന്നു . ഫലം 32ാം മിനിറ്റില്‍ എവര്‍ട്ടന്റെ വക മൂന്നാം ഗോള്‍. രണ്ടാം പകുതിയില്‍ ഡാനി ആല്‍വസും വില്ലിയനും ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബൊളീവിയയെ ഒന്നിനെതിരെ മൂന്നുഗോളഉകള്‍ക്ക് തോല്‍പിച്ചാണ് വെനസ്വേലയും ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത് .

കളിയുടെ ആദ്യ പകുതി തന്നെ മൂന്നുഗോളുകള്‍ക്ക് ബ്രസീല്‍ മുന്നിലെത്തി . പന്ത്രണ്ടാം മിനിറ്റില്‍ കാസമിറൊയും ഇരുപത്തിയേഴാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയും മുപ്പത്തിരണ്ടാം മിനിറ്റില്‍ എവര്‍ട്ടന്‍ സോര്‍സും ഗോള്‍ നേടി . രണ്ടാം പകുതിയില്‍ ഡാനി ആല്‍വസും വില്ല്യനും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി . ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി . മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്‍പിച്ച് വെനിസ്വലയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു .

Copyright © . All rights reserved