ഓള്‍റൗണ്ട് പ്രകടനം കൊണ്ട് ഈ ലോക കപ്പിന്റെ താരമായി മാറിയ കളിക്കാരനാണ് ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. 542 റണ്‍സും 11 വിക്കറ്റും ഇതിനോടകം സ്വന്തമാക്കിയ ബംഗ്ലാതാരം അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

എന്നാല്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ബംഗ്ലാദേശ് താരം സന്തുഷ്ടനല്ല. താന്‍ മിന്നിത്തിളങ്ങിയപ്പോഴും ടീം സെമി കാണാതെ പുറത്തായതാണ് ഷാക്കിബിനെ നിരാശനാക്കുന്നത്.

‘ലോക കപ്പിന്റെ ആകെ ഫലം നിരാശ സമ്മാനിക്കുന്നു. ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മത്സരഫലം മാത്രമാണ് ഒടുവില്‍ വിലയിരുത്തുക. തോല്‍വിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.

ഇന്ത്യയോട് 28 റണ്‍സിന് പരാജയപ്പെട്ടതോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. പാകിസ്ഥാനെതിരെ ഒരു മത്സരം അവശേഷിക്കുന്നുണ്ടെങ്കിലും അത് ബംഗ്ലാദേശിന് നിര്‍ണായകമല്ല, ജയങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് മാത്രം.

ബംഗ്ലാദേശ് പുറത്തായെങ്കിലും ലോക കപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ് രണ്ടാമതുണ്ട്. ഏഴ് ഇന്നിംഗ്സുകളില്‍ 542 റണ്‍സും 11 വിക്കറ്റും ഈ ഓള്‍റൗണ്ടര്‍ക്കുണ്ട്. രോഹിത്ത് ശര്‍മ്മയാണ് റണ്‍വേട്ടയില്‍ ഒന്നാമത്.