Jet set to go #CWC19 #TeamIndia
കായിക പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഫിഫ വുമൺസ് ലോകകപ്പ്, കോപ്പ അമേരിക്ക, ഫിഫ അണ്ടർ 20 ലോകകപ്പ്. ഇതിൽപരം എന്താണ് ഒരു കായിക പ്രേമിക്ക് വേണ്ടത്. ആവേശത്തിന്റെ പെരുമാഴക്കാലം തീർക്കുകയാണ് ജൂൺ മാസം.
ഏകദിന ക്രിക്കറ്റ് ലോകകപ്പ്
ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാർക്കിടയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. മൂന്നാം കിരീടം തേടി കോഹ്‌ലിയും സംഘവും മൈതാനത്ത് ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശ പോരാട്ടം ജൂലൈ 14ന് ആണ്. ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്.
ഫിഫ അണ്ടർ 20 ലോകകപ്പ്
ഫിഫ അണ്ടർ 20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. മേയ് 23ന് ആരംഭിച്ച മത്സരങ്ങളുടെ പ്രാഥമിക ഘട്ടം ഇനിയും പൂർത്തിയായിട്ടില്ല. അണ്ടർ 20 ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് പോളണ്ടാണ്. 24 രാജ്യങ്ങളുടെ കൗമാര പടയാണ് ലോകകപ്പിൽ മാറ്റൂരയ്ക്കുന്നത്. അർജന്റീനയും പോർച്ചുഗലുമെല്ലാം മത്സരിക്കുന്ന വേദിയിൽ ബ്രസീൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ലോകകപ്പ് നടത്തിപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യയെ മറികടന്ന് പോളണ്ട് യോഗ്യത നേടുകയായിരുന്നു. അണ്ടർ 20 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ജൂൺ 15ന് ആണ്.
കോപ്പ അമേരിക്ക
ലാറ്റിനമേരിക്കൻ വമ്പന്മാർ കൊമ്പുകോർക്കുന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നത് ജൂൺ 14നാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്. ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.
ഫിഫ വനിത ലോകകപ്പ്
ഇത്തവണത്തെ ഫിഫ വനിത ലോകകപ്പ് നടക്കുന്നതും ഇതേ ദിവസങ്ങളിൽ തന്നെയാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30ന് ആരംഭിക്കുമ്പോൾ വനിത ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നത് ജൂൺ ഏഴിനാണ്. ഫ്രാൻസാണ് ഇത്തവണത്തെ വനിത ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഫ്രാൻസ് ടൂർണമെന്റിന് വേദിയാകുന്നതും. ഫ്രാൻസിലെ ഒമ്പത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ ഫ്രാൻസ് സംഘടിപ്പിക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഉപയോഗിക്കുന്ന ആദ്യ വനിത ലോകകപ്പ് എന്ന പ്രത്യേകതയം ഫ്രാൻസ് ലോകകപ്പിനുണ്ട്.
ആകെ 24 ടീമുകളാണ് വനിത ഫുട്ബോൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.
ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 95 റണ്‍സ് ജയം. 360 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 264 റണ്‍സിന് പുറത്തായി. ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇനി ലോകകപ്പിന് ഒരുങ്ങാം . 90 റണ്‍സെടുത്ത മുഷ്ഫിഖുറും 73 റണ്‍സെടുത്ത ലിറ്റന്‍ ദാസും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ചാ സഖ്യത്തിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി.
102 ന് നാലെന്ന നിലയില്‍ സമ്മര്‍ദത്തിലായിരുന്ന ഇന്ത്യയെ ധോണിയും രാഹുലും രക്ഷിച്ചു. 99 പന്തിൽ 108 റണ്‍സെടുത്ത രാഹുല്‍ കിട്ടിയ അവസരം മുതലാക്കി. 78 പന്തിൽ 113 റണ്‍സെടുത്ത് എം.എസ്.ധോണിയും കരുത്ത് കാട്ടി. ഏഴു സിക്സും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്സ്. രാഹുൽ നാല് സിക്സും 12 ഫോറും അടിച്ചുകൂട്ടി. കോഹ്‌ലി 47 റണ്‍സെടുത്തു. ഓപ്പണിങ് നിര തുടര്‍ച്ചയായി രണ്ടാംമല്‍സരത്തിലും പരാജയപ്പെട്ടത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.
മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ന്യൂസീലന്‍ഡിനെ 91 റണ്‍സിന് തോല്‍പ്പിച്ചു. 421 റണ്‍സാണ് സ്കോര്‍ ചെയ്തത്. 101 റണ്‍സെടുത്ത ഷായ് ഹോപ്പും 54 റണ്‍സെടുത്ത റസലും 50 റണ്‍സെടുത്ത ലെവിസുമാണ് റണ്‍മല തീര്‍ത്തത്.
മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം 330 റണ്‍സിന് അവസാനിച്ചു. 106 റണ്‍സെടുത്ത ടോംബ്ലണ്ടലിന്റേയും 85 റണ്‍സെടുത്ത വില്യംസണിന്റേയും പോരാട്ടം പാഴായി.
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ മരിച്ചതായി വ്യാജവാര്‍ത്ത. കാനഡയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയില്‍ മരിച്ചതായാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വ്യാജപ്രചരണത്തിന് പിന്നാലെ വാര്‍ത്ത നിഷേധിച്ച് ജയസൂര്യ തന്നെ പിന്നീട് രംഗത്തെത്തി.
തന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ അവഗണിക്കണമെന്നും താനിപ്പോള്‍ ശ്രീലങ്കയിലാണുളളതെന്നും അടുത്തൊന്നും കാനഡ സന്ദര്‍ശിച്ചിട്ടില്ലയെന്നും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നുമാണ് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ ജയസൂര്യ വാര്‍ത്ത നിഷേധിച്ചതറിയാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ മരണവാര്‍ത്തയുടെ വാസ്തവം അന്വേഷിച്ച് ട്വീറ്റ് ചെയ്തു. ‘ജയസൂര്യ മരിച്ചെന്ന വാര്‍ത്ത ശരിയാണോ? എനിക്ക് വാട്സാപ്പില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. എന്നാല്‍ ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ഒന്നും കാണാനില്ല’. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ ജയസൂര്യ നിഷേധിച്ചതായി നിരവധി ആരാധകര്‍ അശ്വിന് മറുപടി നല്‍കി.
ഏകദിന ലോകകപ്പിന് ഒരുക്കമായുള്ള ആദ്യ സന്നാഹ മൽസരത്തിൽ ന്യൂസീലൻഡിനോട് ആറ് വിക്കറ്റിന് തോൽവി സമ്മതിച്ച് ഇന്ത്യ. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 37.1 ഓവറിൽ ലക്ഷ്യം കണ്ടു. ന്യൂസീലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (67), റോസ് ടെയ്‌ലർ (71) എന്നിവർ അർധസെഞ്ചുറി നേടി
മാർട്ടിൻ ഗപ്റ്റിൽ (22), കോളിൻ മൺറോ (4), ഹെന്ററി നിക്കോളാസ് (15), ടോം ബ്ലൺഡൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, ഹാർദ്ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 115 റണ്‍സ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഒൻപതാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – കുൽദീപ് യാദവ് സഖ്യം പടുത്തുയർത്തിയ 62 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററായ ജഡേജ 54 റൺസെടുത്ത് ഒൻപതാമനായാണ് പുറത്തായത്. ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്സ്. കുൽദീപ് യാദവ് 36 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 19 റൺസെടുത്ത് പത്താമനായി പുറത്തായി.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ഒന്നരമാസം കായികലോകത്തിന് ഇനി ഉത്സവാമായിരിക്കുമെന്ന് ഉറപ്പ്.
ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ഇംഗ്ലണ്ടും വെയ്ൽസും
ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങൾക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനൽ പോരാട്ടം ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.
മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപോരാട്ടം ജൂലൈ 14നാണ്. ലോകകപ്പ് മത്സരക്രമം ഐസിസി നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.
അസോസിയേറ്റ് രാജ്യങ്ങളുടെ പങ്കാളിത്തമില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പ് മത്സരം എന്ന പ്രത്യേകതയും ഇംഗ്ലണ്ട് ലോകകപ്പിനുണ്ട്. 2017 ൽ അഫ്ഗാനിസ്ഥാനും അയർലണ്ടിനും ഐസിസി ടെസ്റ്റ് പദവി നൽകിയിരുന്നു. പിന്നാലെ നടന്ന യോഗ്യത മത്സരങ്ങളിൽ അസോസിയേറ്റ് രാജ്യങ്ങൾക്ക് ജയിക്കാനും സാധിക്കാതെ വന്നതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾ മാത്രം കളിക്കുന്ന ലോകകപ്പായി ഇത്തവണത്തേത് മാറുകയായിരുന്നു.
ലോകകപ്പിൽ ഏറ്റുമുട്ടുന്നത് പത്ത് ടീമുകൾ
പത്ത് ടീമുകളാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയ്ക്ക് ഇംഗ്ലണ്ട് യോഗ്യത നേടിയപ്പോൾ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തലാണ് ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. യോഗ്യത റൗണ്ട് മത്സരങ്ങളിലൂടെ അഫ്ഗാനിസ്ഥാനും വിൻഡീസും യോഗ്യത നേടുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം
ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ഇത് രണ്ടാം അവസരമാണ്. 2015 ലാണ് അഫ്ഗാനിസ്ഥാൻ ആദ്യമായി ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടുന്നത്. 2017ൽ ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷം അഫ്ഗാൻ ആദ്യമായി കളിക്കുന്ന ലോകകപ്പ് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. മികച്ച ഒരുപിടി താരങ്ങളുമായാണ് അഫ്ഗാൻ ലോകകപ്പിനെത്തുന്നത്.
നായകൻ: ഗുൽബാദിൻ നയ്ബ്
ബാറ്റ്സ്മാൻ: നൂർ അലി സദ്രാൻ, അസ്ഗർ അഫ്ഗാൻ, നജീബുള്ള സദ്രാൻ, ഹസ്രത്തുള്ള സസായി, ഹഷ്മത്തുള്ള ഷാഹിദി
ഓൾറൗണ്ടർ: ഗുൽബാദിൻ നയ്ബ്, റഹ്മത്ത് ഷാ, സൈമുള്ള ഷെൻവാരി, മുഹമ്മദ് നബി
വിക്കറ്റ് കീപ്പർ: മുഹമ്മദ് ഷഹ്സാദ്
ബോളർ : റാഷിദ് ഖാൻ, അഫ്ത്താബ് അലം, മുജീബ് ഉർ റഹ്മാൻ, ദവ്‌ലാത്ത് സദ്രാൻ, ഹമീദ് ഹസൻ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
ആറാം കിരീടം ലക്ഷ്യം വച്ചാണ് ഓസ്ട്രേലിയ ഇംഗ്ലണ്ട് ലോകകപ്പിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാർകൂടിയാ ഓസ്ട്രേലിയും എത്തുന്നത് വൻതാരനിരയുമായാണ്. സ്മിത്തിന്റെയും വാർണറുടെയും മടങ്ങിവരവും ടീമിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.
നായകൻ: ആരോൺ ഫിഞ്ച്
ബാറ്റ്സ്മാൻ: ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്
ഓൾറൗണ്ടർ: ഗ്ലെൻ മാക്സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ജെ റിച്ചാർഡ്സൺ
വിക്കറ്റ് കീപ്പർ: അലക്സ് ക്യാരി
ബോളർ: പാറ്റ് കമ്മിൻസ്, നഥാൻ കൗൾട്ടർനിൽ, മിച്ചൽ സ്റ്റാർക്ക്, ജേസൺ ബെഹ്‌റൻഡോർഫ്, ആദാം സാമ്പ, നഥാൻ ലിയോൺ
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
കന്നി കിരീടം ലക്ഷ്യമിടുന്ന ടീമുകളിൽ ഒന്നാണ് ബംഗ്ലാദേശ്. 1999 മുതൽ ഇങ്ങോട്ടുള്ള എല്ല ലോകകപ്പ് മത്സരങ്ങളിലും യോഗ്യത നേടാൻ ബംഗ്ലാദേശിന് ആയെങ്കിലും ടൂർണമെന്റിൽ തിളങ്ങാൻ അവർക്ക് ഇതുവരെ സാധിച്ചട്ടില്ല. 2007ൽ സൂപ്പർ എട്ടിലും 2015ൽ ക്വാർട്ടർ ഫൈനലിൽ എത്തിയതുമാണ് ഇതുവരെയുള്ള ബംഗാൾ കടുവകളുടെ മികച്ച പ്രകടനം.
നായകൻ : മഷ്റഫെ മൊർട്ടാസ
ബാറ്റ്സ്മാൻ: തമീം ഇക്ബാൽ, സൗമ്യ സർക്കാർ, സബീർ റഹ്മാൻ.
ഓൾറൗണ്ടർ: മഹ്മുദുള്ള, മുഹമ്മദ് സൈഫുദ്ദീൻ, മൊസഡെക്ക് ഹൊസൈൻ, ഷക്കീബ് അൽ ഹസൻ, മെഹിദി ഹസൻ.
വിക്കറ്റ് കീപ്പർ: ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹ്മാൻ, മുഹമ്മദ് മിഥുൻ.
ബോളർ: മഷ്റഫെ മോർട്ടാസ, റുബൽ ഹൊസൈൻ, മുസ്തഫിസൂർ റഹ്മാൻ, അബു ജയ്ദ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്ന് തന്നെയാണ്. ക്രിക്കറ്റിന്റെ കളിതൊട്ടിലാണെങ്കിലും ഇന്ന് വരെ ലോകകിരീടം ഉയർത്താൻ ഇംഗ്ലണ്ടിന് സാധിച്ചട്ടില്ല. ഇത്തവണ ആ ചീത്തപേര് മാറ്റാനാണ് ഇംഗ്ലണ്ട് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്.
നായകൻ: ഇയാൻ മോർഗൻ
ബാറ്റ്സ്മാൻ: ജോ റൂട്ട്, ജേസൺ റോയ്, ഇയാൻ മോർഗൻ
ഓൾറൗണ്ടർ: ബെൻ സ്റ്റോക്സ്, മൊയിൻ അലി, ജോ ഡെൻലി, ക്രിസ് വോക്സ്, ടോം കുറാൻ, ഡേവിഡ് വില്ലി.
വിക്കറ്റ് കീപ്പർ: ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലർ
ബോളർ:ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ്, മാർക്ക് വുഡ്
ഇന്ത്യൻ ക്രിക്കറ്റ് ടീം
രണ്ട് തവണ ലോകകപ്പ് കിരീടം ഉയർത്തിയ ടീമാണ് ഇന്ത്യ. ഏറ്റവും ഒടുവിൽ 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പാണ് ഇന്ത്യ സ്വന്തമാക്കിയത്. 2015ൽ സെമിയിൽ അവസാനിച്ച ഇന്ത്യൻ കുതിപ്പ് ഇത്തവണ കിരീടത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് പ്രേമികളും.
നായകൻ: വിരാട് കോഹ്‌ലി
ബാറ്റ്സ്മാൻ: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി
ഓൾറൗണ്ടർ: വിജയ് ശങ്കർ, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ.
വിക്കറ്റ് കീപ്പർ: എം.എസ് ധോണി, ദിനേശ് കാർത്തിക്, കെ.എൽ രാഹുൽ
ബോളർ: കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസപ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ
ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം
ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡ് കഴിഞ്ഞ തവണ ലോകകപ്പ് ഫൈനലിൽ എത്തിയത്. അതും സ്വന്തം നാട്ടിൽ നടന്ന പോരാട്ടത്തിൽ. ഫൈനലിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയ കിവികൾ ഇത്തവണ കിരീടം ഉയർത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് എത്തുന്നത്.
ബാറ്റ്സ്മാൻ: കെയ്ൻ വില്ല്യംസൺ, മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്‌ലർ
ഓൾറൗണ്ടർ: കോളിൻ ഡി ഗ്രാൻഡ്ഹോം, കോളിൻ മുൻറോ, ജെയിംസ് നീഷാം, മിച്ചൻ സാന്റനർ.
വിക്കറ്റ് കീപ്പർ: ടോം ബ്ലണ്ടൽ, ടോം ലഥാം, ഹെൻറി നിക്കോളാസ്
ബോളർ: ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗ്യൂസൺ, മാറ്റ് ഹെൻറി, ടിം സൗത്തി, ഇഷ് സോധി.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
ലോകകപ്പിലെ ശക്തമായ സാനിധ്യമാണ് എപ്പോഴും പാക്കിസ്ഥാൻ. 1992ൽ കിരീടവും 1999ൽ റണ്ണറപ്പുമായ പാക്കിസ്ഥാൻ നാല് തവണ സെമിഫൈനൽ കളിച്ച ടീമാണ് പാക്കിസ്ഥാൻ. 2011ലാണ് പാക്കിസ്ഥാൻ അവസാനമായി സെമിഫൈനൽ കളിച്ചത്. 2015ൽ പാക്കിസ്ഥാൻ ക്വാർട്ടർ ഫൈനൽസിൽ പുറത്താവുകയായിരുന്നു. ഇത്തവണ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ മുൻനിരയിൽ തന്നെയാണ് പാക്കിസ്ഥാൻ.
നായകൻ: സർഫ്രാസ് അഹമ്മദ്
ബാറ്റ്സ്മാൻ: ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, ആബിദ് അലി.
ഓൾറൗണ്ടർ: ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈൽ, ഷബാദ് ഖാൻ, ഫഹീം അഷ്റഫ്, ഇമാദ് വാസിം.
വിക്കറ്റ് കീപ്പർ: സർഫ്രാസ് അഹമ്മദ്
ബോളർ: ഷാഹിൻ അഫ്രീദി, ഹസൻ അലി, ജുനൈദ് ഖാൻ, മുഹമ്മദ് ഹസ്നൈൻ
ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും; പ്രവചനാതീതം പാക്കിസ്ഥാന്‍
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം
ക്രിക്കറ്റിലെ നിർഭാഗ്യ ടീമുകളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. വലിയ താരനിരയുണ്ടായിട്ടും ഒരിക്കൽ പോലും കിരീടം സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കക്ക് ആയിട്ടില്ല. തുടക്കത്തിൽ വൻ മുന്നേറ്റം നടത്തിുമെങ്കിലും പടിക്കൽ കലം ഉടക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പതിവ്. ഇത്തവണയെങ്കിലും ആ ചീത്തപ്പേര് മാറ്റാം എന്ന പ്രതീക്ഷയോടെയാണ് ഡുപ്ലെസിസും സംഘവും എത്തുന്നത്. ഡിവില്ലിയേഴ്സിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്.
നായകൻ: ഫാഫ് ഡുപ്ലെസിസ്
ബാറ്റ്സ്മാൻ: ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് മില്ലർ, എയ്ഡൻ മർക്രാം, ഹഷിം അംല, റാസി വൻ ഡെർഡൂസൺ
ഓൾറൗണ്ടർ: ജീൻ പോൾ ഡുമിനി, ആൻഡിലെ ഫെലുക്വായോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, ക്രിസ് മോറിസ്
വിക്കറ്റ് കീപ്പർ: കഗിസോ റബാഡ, ലുങ്കി എൻങ്കിഡി, ഇമ്രാൻ താഹിർ, ഡെയ്ൽ സ്റ്റെയിൻ, തബ്രെയ്സ് ഷംസി
ശ്രീലങ്കൻ ക്രിക്കറ്റ് ടീം
ഏഷ്യൻ കരുത്തുമായി ലോകകപ്പ് വേദികളിൽ കരുത്ത് കാണിച്ചിട്ടുള്ള ടീമാണ് ശ്രീലങ്ക. ഒരു തവണ കിരീടം ഉയർത്താനും ദ്വീപ് രാഷ്ട്രത്തിനായി. 2011ഇന്ത്യ കിരീടം നേടുന്നത് കലാശ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു. പിന്നാലെ ഇതിഹാസ താരങ്ങളും വിരമിച്ചതോടെ ശ്രീലങ്ക താഴേക്ക് വീണു. ലോകകപ്പിലൂടെ വീണ്ടും കരുത്ത് കാട്ടുക എന്ന വലിയ ലക്ഷ്യമാണ് ശ്രീലങ്കക്ക് മുന്നിലുള്ളത്.
നായകൻ: ദിമുത്ത് കരുണരത്നെ
ബാറ്റ്സ്മാൻ: ദിമുത്ത് കരുണരത്നെ, അവിഷ്കെ ഫെർണാണ്ടോ, ലഹിരു തിരിമാനെ
ഓൾറൗണ്ടർ: എഞ്ജലോ മാത്യൂസ്, ദനഞ്ജായ ഡി സിൽവ, ഇസുറു ഉദാന, മിലിന്ദ സിരിവരദാന, തിസാര പെരേര, ജീവൻ മെൻഡിസ്.
വിക്കറ്റ് കീപ്പർ: കുസാൽ പെരേര, കുസാൽ മെൻഡിസ്.
ബോളർ: ജെഫ്രി വാണ്ടർസെ, ലസിത് മലിംഗ, സുറംഗ ലാക്മാൽ, നുവാൻ പ്രദീപ്
വിൻഡീസ് ക്രിക്കറ്റ് ടീം
പ്രതാപ കാലത്തെ ഒർമ്മപ്പെടുത്തുന്ന നിരവധി താരങ്ങൾ സമകാലിക ക്രിക്കറ്റിൽ വന്നെങ്കിലും ലോകകിരീടം മാത്രം അകന്ന് നിന്ന ടീമാണ് വിൻഡിസ്. ടി20 ലോകകപ്പ് നേടാനായത് മാത്രമാണ് ടീമിന് എടുത്ത് പറയാനുള്ള നേട്ടം. 2012ലും 2016ലും വിൻഡീസ് ടി20 ലോകകപ്പ് സ്വന്തമാക്കി. എന്നാൽ ഏകദിനത്തിൽ കാര്യമായ നേട്ടമൊന്നും വിൻഡീസിന്റെ പേരിൽ അടുത്ത കാലത്തില്ല.
നായകൻ: ജേസൺ ഹോൾഡർ
ബാറ്റ്സ്മാൻ: ക്രിസ് ഗെയ്ൽ, എവിൻ ലെവിസ്, ഡാരൻ ബ്രാവോ, ഷിമ്രോൻ ഹെറ്റ്മയർ.
ഓൾറൗണ്ടർ: ആഷ്‌ലി നഴ്സ്, ഫാബിയാൻ അലൻ, ആന്ദ്രെ റസൽ, കാർലോസ് ബ്രാത്ത്‌വൈറ്റ്, ജേസൺ ഹോൾഡർ
വിക്കറ്റ് കീപ്പർ: നിക്കോളാസ് പൂറാൻ, ഷായ് ഹോപ്പ്
ബോളർ: കെമർ റോച്ച്, ഓഷെയ്ൻ തോമസ്, ഷാനോൻ ഗബ്രിയേൽ, ഷെൾഡൻ കോട്ട്രെൽ
മത്സരങ്ങങ്ങൾ നടക്കുന്നത് 11 വേദികളിൽ
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
1. എഡ്ഗ്ബാസ്റ്റൻ – ബെർമിങ്ഹാം, 25000 കാണികളെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിൽ ഒരു സെമിഫൈനൽ മത്സരം ഉൾപ്പടെ അഞ്ച് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
2. ബ്രിസ്റ്റോൾ കൗണ്ടി ഗ്രൗണ്ട് – ബ്രിസ്റ്റോൾ, ഇവിടെ 17500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ അവസരം ലഭിക്കുക. മൂന്ന് മത്സരങ്ങളാണ് ബ്രിസ്റ്റോൾ സ്റ്റേഡിയത്തിൽ നടക്കുക.
3. സോഫിയ ഗാർഡൻസ് – ഗ്ലാമോർഗൻ, 15643 പേരെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക. നാല് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.
4. റിവർസൈഡ് ഗ്രൗണ്ട് – ചെസ്റ്റർ ലെ സ്ട്രീറ്റ്, മൂന്ന് ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ആ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20000 ആണ്.
5. ഹെഡ്‌ലിങ്‌ലി – യോർക്ക്ഷെയർ, 18350 പേരെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക. നാല് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.
6. കൗണ്ടി ഗ്രൗണ്ട് – ടോട്ടൻ, തരതമ്യേന ചെറിയ ഗ്രൗണ്ടായ ഇവിടെ 12500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ സാധിക്കുക. മൂന്ന് മത്സരങ്ങളാണ് ടോട്ടൻ സ്റ്റേഡിയത്തിൽ നടക്കുന്നത്.
7. റോസ് ബൗൾ – സതംപ്ടൺ, 25000 കാണികളെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
8. ട്രെണ്ട് ബ്രിഡ്ജ് – നോട്ടിങ്ഹാം, ഇവിടെ 17500 കാണികൾക്കാണ് ഒരു സമയം കളി കാണാൻ അവസരം ലഭിക്കുക. അഞ്ച് മത്സരങ്ങളാണ് നോട്ടിങ്ഹാം സ്റ്റേഡിയത്തിൽ നടക്കുക.
9. ഓൾഡ് ട്രഫോർഡ് – മാഞ്ചസ്റ്റർ, 26000 കാണികളെ ഉൾപ്പെടുന്ന ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിലാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നടക്കുന്നത്. ഒരു സെമി ഫൈനൽ ഉൾപ്പടെ ആറ് മത്സരങ്ങളാണ് ഇവിടെ നടക്കുക.
10. ഓവൽ – ലണ്ടൻ, അഞ്ച് ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 20000 ആണ്. ഉദ്ഘാടന മത്സരവും ഇവിടെയാണ് നടക്കുന്നത്.
11. ലോർഡ്സ് – ലണ്ടൻ, ക്രിക്കറ്റിന്റെ കളിത്തൊട്ടിലെന്നും മെക്കയെന്നും അറിയപ്പെടുന്ന ലോർഡ്സിലാണ് ഫൈനൽ ഉൾപ്പടെ അഞ്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 28000 കാണികളെയാണ് ഈ സ്റ്റേഡിയം ഉൾക്കൊള്ളുക.
ഓവല്‍: സന്നാഹ മത്സരത്തില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് വീണ് ഇന്ത്യന്‍ മുന്‍നിര. ന്യൂസിലാന്‍ഡിന് 180 റണ്‍സിന്റെ വിജയ ലക്ഷ്യം. മധ്യനിരയില്‍ രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. പിന്നീട് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.
ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.
നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.
നാലാം സ്ഥാനാക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ കിവീസിനെതിരെ ഇറങ്ങിയത്. എന്നാല്‍ ആ സ്ഥാനത്ത് ഇറങ്ങിയ കെഎല്‍ രാഹുല്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
നാലാം സ്ഥാനത്ത് ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഇതുവരെ വ്യക്തമായൊരു ഉത്തരം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇന്നത്തേയും അടുത്തേയും പരിശീലന മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ആ നാലാം സ്ഥാനക്കാരനെ കണ്ടെത്താന്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, മറുവശത്ത് ന്യൂസിലാന്‍ഡിലിന് ടോം ലാഥമിന്റെ അഭാവം തിരിച്ചടിയായേക്കും.
വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്.
ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും സംഘവും മുംബൈയിൽ നിന്നാണ് യാത്ര തിരിച്ചത്. ഈ മാസം 30ന് തുടങ്ങുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അടുത്ത മാസം അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.
ലോകകപ്പിന് മുമ്പ് ശനിയാഴ്ച ന്യുസിലന്‍ഡിനും ചൊവ്വാഴ്ച ബംഗ്ലാദേശിനും എതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കും. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനായി വിമാനം കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളില്‍ നിന്ന് മറ്റൊരു കണ്ടെത്താലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നടത്തിയിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളായ ചഹാലും മുഹമ്മദ് ഷമിയുമെല്ലാം അവരുടെ ടാബ്ലറ്റുകളില് ഏറെ ആരാധകരുള്ള പബ്ജിയാണ് കളിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയും ഭുവനേശ്വര്‍ കുമാറും അടക്കമുള്ളവരും അവരുടെ ടാബ്ലറ്റുകളില് ഏറെ തിരക്കിലാണ്.
ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിന്റെ ക്ഷീണത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പ് സ്ക്വാഡിലെ മിക്ക താരങ്ങളും 14 മത്സരങ്ങള്‍ വീതം കളിച്ചു. എം എസ് ധോണി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ ഫൈനല്‍ വരെയും കളിച്ചു. അതിനാല്‍ ലോകകപ്പിന് മുന്‍പ് പ്രത്യേക ടീം ക്യാമ്പൊന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.
ഐപിഎല്‍ കഴിഞ്ഞ് താരങ്ങള്‍ ക്ഷീണിച്ചതിനാല്‍ ലോകകപ്പിന് മുന്‍പ് ടീം ക്യാമ്പ് നടത്തുന്നത് അനുചിതമാകും എന്നായിരുന്നു മാനേജ്മെന്റിന്റെ കാഴ്ചപ്പാട്. 2011ൽ അവസാനം ലോകകപ്പ് ജയിച്ച ഇന്ത്യ, കഴിഞ്ഞ തവണ സെമിയിൽ പുറത്തായിരുന്നു. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും വിരാട് കോലിയെയും സംഘത്തെയും തൃപ്തിപ്പെടുത്തില്ല.
വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി. ലോകകപ്പിന്റെ ഫോര്‍മാറ്റാണ് ഏറെ വെല്ലിവിളി ഉയര്‍ത്തുകയെന്നും കോലി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു… ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാന് പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതുക്കൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമെന്നും കോലി.
1992ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മ്മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇംഗ്ലിഷ് കായിക പ്രേമികൾക്ക് ഇത് ഉത്സവകാലമാണ്. യുവേഫ ചാംപ്യൻസ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും എന്തായാലും ഇംഗ്ലണ്ടിലെത്തുമെന്ന് ഉറപ്പാണ്. ഈ മാസം 29നു നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസിയും ആർസനലും ഏറ്റുമുട്ടുമ്പോൾ ജൂൺ ഒന്നിനു ചാംപ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ലിവർപൂളും ടോട്ടനം ഹോട്സ്പറും കൊമ്പുകോർക്കുന്നു. ഇതിനിടയിൽ 30ന് ലോകകപ്പ് ക്രിക്കറ്റിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ കൊടിയുയരുകയും ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ആതിഥേയ ടീമിനെക്കുറിച്ചു നാട്ടുകാർക്കു വലിയ പ്രതീക്ഷയാണ്. പലവട്ടം തെന്നിപ്പോയ ലോകകിരീടം ഇക്കുറി ലോർഡ്സിൽ ഇംഗ്ലിഷ് നായകൻ ഉയർത്തുമെന്നു തന്നെയാണ് അവരുടെ വിശ്വാസം. ഇംഗ്ലിഷ് ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ലെന്ന് ക്രിക്കറ്റിനെക്കുറിച്ചു ധാരണയുള്ള ആരും സമ്മതിക്കുകയും ചെയ്യും. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഏകദിന പരമ്പരയുടെ കാര്യമെടുക്കാം. പാക്കിസ്ഥാൻ തുടരെ നാലു തവണ മുന്നൂറിലേറെ റൺസ് കുറിച്ചു. പക്ഷേ, നാലു കളികളിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു.
ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കിൽ തുടരുന്ന ഇംഗ്ലണ്ടിന്റെ മേധാവിത്തം അത്രമേൽ പ്രകടമാണ് സമീപകാലത്ത്. കണക്കുകൾ പ്രകാരം അവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഏക ടീം ഇന്ത്യ മാത്രം. കഴിഞ്ഞ ലോകകപ്പ് കളിച്ചവരിൽ ക്യാപ്റ്റൻ മോർഗൻ, ജോസ് ബട്‌ലർ, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവർ ഇത്തവണ ഇംഗ്ലണ്ടിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി.
ബാറ്റിങ് നിരയുടെ അസാമാന്യ പ്രഹരശേഷിയാണ് ഇംഗ്ലണ്ടിന്റെ മസിൽ പവർ. ഒന്നോ രണ്ടോ താരങ്ങളല്ല, മിക്കവരും വമ്പനടിക്കാരാണ്. ഓപ്പണർമാരായ ജെയ്സൻ റോയുടെയും ജോണി ബെയർസ്റ്റോയുടെയും നശീകരണ ശേഷി ഇന്ത്യയുടെ രോഹിത് ശർമ– ശിഖർ ധവാൻ ജോടിയെപ്പോലും വിസ്മയിപ്പിക്കും. പിന്നാലെ വരുന്നവരിൽ ക്യാപ്റ്റൻ മോർഗനും ബട്ലറും ബെൻ സ്റ്റോക്സും മോയിൻ അലിയുമെല്ലാം ഒന്നിനൊന്നു പ്രശ്നക്കാർ. അൽപമെങ്കിലും മയമുള്ള നിലപാട് പ്രതീക്ഷിക്കാവുന്നത് ക്ലാസിക് ശൈലി ഇനിയും കൈമോശം വരാത്ത മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിൽനിന്നു മാത്രം.
1979, 87, 92 ലോകകപ്പുകളിൽ കിരീടത്തിന് അടുത്തെത്തിയ ശേഷം രണ്ടാം സ്ഥാനക്കാരുടെ നെഞ്ചുരുക്കത്തോടെ മടങ്ങേണ്ടി വന്നതാണ് ഇംഗ്ലണ്ടിന്റെ ഭൂതകാലം. ആ ചരിത്രം തിരുത്തിയെഴുതാൻ ഇതിലും മികച്ച സമയമില്ല. ടീമിന്റെ ഫോമും ആതിഥേയരെന്ന നിലയുമെല്ലാം അനുകൂല ഘടകങ്ങളാണ്. ലോകകപ്പ് നേടി കളിജീവിതം അവിസ്മരണീയമാക്കാൻ സീനിയർ താരങ്ങളായ മോർഗൻ, ബട്‌ലർ, റൂട്ട് , വോക്സ് തുടങ്ങിയവർക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്നും ഉറപ്പില്ല.
അന്തിമ ടീമിൽ വെസ്റ്റ് ഇൻഡീസ് വംശജനായ ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഉൾപ്പെട്ടില്ലെങ്കിൽ ബോളിങ് നിരയിലെ നിഗൂഢ ഘടകം നഷ്ടമാകും. പേസ് ബോളർമാരായ ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ടോം കറൻ എന്നിവരെല്ലാം ഭേദപ്പെട്ട ബോളർമാരണെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയെയോ ഇന്ത്യയുടെ ജസ്പ്രിത് ബുമ്രയെയോ പോലെ ഏതു ഘട്ടത്തിലും ഒരു പോലെ തിളങ്ങാൻ ശേഷിയുള്ളവരല്ല. ബാറ്റിങ് മികവിന്റെ തണലിലാണു പല കളികളിലും ബോളർമാർ പിടിച്ചു നിൽക്കുന്നത്.
ലഹരി മരുന്ന് ഉപയോഗത്തെത്തുടർന്ന് അലക്സ് ഹെയ്ൽസ് 15 അംഗ ടീമിൽനിന്നു പുറത്തായതു ടീമിന്റെ ഒരുമയെ ലോകകപ്പിൽ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന അമിത ആത്മവിശ്വാസം അപകടത്തിലേക്കു നയിച്ചാലും പ്രശ്നമാണ്. മികച്ച പ്രകടനത്തിനു ശേഷം അടുത്ത കളിയിൽ നിറം മങ്ങുന്ന പ്രവണത മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്റെ ദൗർബല്യമായിരുന്നു. പരുക്കിൽനിന്ന് അടുത്ത കാലത്തു മാത്രം മോചിതരായ താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്.
പാക്കിസ്ഥാനെതിരെ അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ലീഡ്സില്‍ നടന്ന മത്സരത്തില്‍ 54 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ 46.5 ഓവറില്‍ 297ന് എല്ലാവരും പുറത്തായി. ക്രിസ് വോക്സ് ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
സര്‍ഫറാസ് അഹമ്മദ് (97), ബാബര്‍ അസം (80) എന്നിവര്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഫഖര്‍ സമാന് (0), അബിദ് അലി (5), മുഹമ്മദ് ഹഫീസ് (0), ഷൊയ്ബ് മാലിക് (4), അസിഫ് അലി (22), ഇമാദ് വസീം (25), ഹാസന് അലി (11), മുഹമ്മദ് ഹസ്നൈന് (28) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഷഹീന് അഫ്രീദി (19) പുറത്താവാതെ നിന്നു. ആദില്‍ റഷീദ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ജോ റൂട്ട് (84), ഓയിന്‍ മോര്ഗന് (76) എന്നിവരാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
പാക്കിസ്ഥാനായി ഷഹീന് അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. ജയിംസ് വിന്‍സെ (33), ജോണി ബെയര്‍സ്റ്റോ (32), ജോസ് ബട്ലര് (34), ബെന്‍ സ്റ്റോക്സ് (21), മൊയീന്‍ അലി (0), ക്രിസ് വോക്സ് (13), ഡേവിഡ് വില്ലി (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടോം കുറന് (29), ആദില്‍ റാഷിദ് (2) എന്നിവര്‍ പുറത്താകാതെ നിന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഇംഗ്ലണ്ട് 340 റണ്‍സിലധികം നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. അഫ്രീദിക്ക് പുറമെ ഇമാദ് വസീം പാക്കിസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.