സതാംപ്ടണിലെ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ നേടിയ സെഞ്ചുറി കരുതായി. 128 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്.

144 പന്തില്‍ നിന്നും 122 റൺസാണ് രോഹിത് നേടിയത്. ഏകദിനത്തിൽ രോഹിത്തിന്റെ 23–ാം സെഞ്ചുറിയാണിത്. ശിഖർ ധവാൻ (12 പന്തിൽ എട്ട്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (34 പന്തിൽ 18), ലോകേഷ് രാഹുൽ (42 പന്തിൽ 26) , ധോണി (46 പന്തിൽ 34) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാദ രണ്ടും പെഹ്‌ലൂക്‌വായോയും ക്രിസ് മോറിസും ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ നാലുവിക്കറ്റും, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ഇവരുടെ ബൗളിംഗ് മികവാണ് നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്കൻ സ്കോർ 227 റണ്‍സിൽ ഒതുക്കിയത്.

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയെ, എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇരുവരും ചേർന്ന് 66 റൺസെടുത്തു. 34 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ മുൻനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.