ബ്രിട്ടീഷ് എയർലൈനുകളെ തങ്ങളുടെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനോ വ്യോമാതിർത്തി കടക്കുന്നതിനോ റഷ്യ വിലക്കിയതായി റഷ്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്റർ വെള്ളിയാഴ്ച അറിയിച്ചു.
റഷ്യയുടെ ഉക്രൈയ്‌ൻ അധിനിവേശത്തിന് മറുപടിയായി റഷ്യയുടെ വിമാന കമ്പനിയായ എയ്‌റോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ലണ്ടൻ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് നടപടി.
“യുകെയുമായി ബന്ധമുള്ളതോ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ ഏതെങ്കിലും സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ പ്രവർത്തിപ്പിക്കുന്നതോ ആയ വിമാനങ്ങൾക്ക് റഷ്യൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു,” റോസാവിയേഷ്യ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോ സമയം രാവിലെ 11:00 മുതൽ (0800 GMT) നിരോധനം പ്രാബല്യത്തിൽ വന്നു. റഷ്യൻ വ്യോമാതിർത്തിയിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷ് വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.
യുകെ ഏവിയേഷൻ അധികൃതരുടെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള മറുപടിയായാണ് തീരുമാനമെടുത്തതെന്ന് റഷ്യ പറഞ്ഞു.
യുകെയില്‍ നിന്നു നൂറുകണക്കിനു കണ്ടെയ്നറുകളിലായി കൊണ്ടുവന്ന ഉപയോഗിച്ചുതള്ളിയ കിടക്കകളും ചവിട്ടികളും ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശ്രീലങ്ക തിരിച്ചയച്ചു. 2017 നും 2019 നും ഇടയില്‍ കൊളംബോയില്‍ എത്തിച്ചവയാണു തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകളും ചവിട്ടികളും പരവതാനികളും എന്നപേരിലാണ് ഇവ ശ്രീലങ്കയിലേക്കു കൊണ്ടുവന്നത്.
എന്നാല്‍ ആശുപത്രി മോര്‍ച്ചറികളില്‍ നിന്നുള്ള ശരീരഭാഗങ്ങളുള്‍പ്പെടെ ജൈവമാലിന്യങ്ങളായിരുന്നു ഇവ. ശീതീകരണസംവിധാനമില്ലാത്ത കണ്ടെയ്നറുകളിലാണ് ഇവ എത്തിച്ചത്. പലതില്‍നിന്നും കടുത്ത ദുര്‍ഗന്ധവും വമിച്ചിരുന്നു. 263 കണ്ടെയ്നറുകളിലായി ഏകദേശം 3,000 ടണ്‍ മാലിന്യമാണ് ശ്രീലങ്കയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇതില്‍ അവസാനത്തെ 45 കണ്ടെയ്നറുകളാണ് ഇന്നലെ തിരിച്ചയച്ചത്. 2020 സെപ്റ്റംബറില്‍ ആദ്യബാച്ചായി 21 കണ്ടെയ്നറുകളാണു തിരിച്ചയച്ചതെന്നു ലങ്കന്‍ കസ്റ്റംസ് അറിയിച്ചു.
ശ്രീലങ്കയിലെ ഒരു പ്രാദേശിക കമ്പനിയാണ് ഇവ ഇറക്കുമതി ചെയ്തത്. ഉപയോഗിച്ച കിടക്കകളിലെ സ്പ്രിംങ്ങുകള് തിരിച്ചെടുക്കാനും കോട്ടണ്‍ ശേഖരിച്ച് വീണ്ടും വിദേശകമ്പനികള്‍ക്ക് കയറ്റി അയയ്ക്കാനുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.
മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായത് പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . വിമാനം കാണാതായതിന് പിന്നിൽ പൈലറ്റിന്റെ ആത്മഹത്യ ശ്രമമാണെന്നും കൂടാതെ കൊലപാതക ഗൂഢാലോചനയുമാണെന്ന് ഉന്നത ഏവിയേഷൻ ചീഫ് ഫ്ളൈറ്റ് സേഫ്റ്റി ഓഫീസറും റിട്ടയേർഡ് പൈലറ്റുമായ ജോൺ കോക്സ് പറഞ്ഞു. യു.കെയിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് എന്ന മാധ്യമത്തിൽ വന്ന എംഎച്ച് 370 എന്ന ഡോക്യുമെന്ററിയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനം കാണാതായതിന് പിന്നിൽ പല തരത്തിലുള്ള ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും വിമാന പാതയെ കുറിച്ച് വിദഗ്ദ്ധമായ അറിവും കഴിവുമുള്ള ഒരാൾക്ക് മാത്രമേ വിമാന പാതയിലൂടെ സഞ്ചരിക്കാൻ കഴിയൂ എന്നും വിമാന പാത തെറ്റായ ദിശയിലേക്ക് പോകാനുള്ളതിന്റെ ഉത്തരവാദി പൈലറ്റും ഫസ്റ്റ് ഓഫീസറുമാണെന്നും ഇക്കാരണങ്ങൾ കൊണ്ട് ഇവരെ സംശയിക്കാൻ കാരണമായി എന്നും ജോൺ കോക്സ് പറഞ്ഞു. ഇതേ ഡോക്യുനെന്ററിയിൽ കനേഡിയൻ ഏവിയേഷൻ ക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ലാറി വാൻസിന്റെ അഭിപ്രായത്തിൽ ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ പ്രവൃത്തിയാണെന്നും വിമാനം മനഃപൂർവം ഉപേക്ഷിച്ചതാണെന്നുമാണ്.
2014 മാർച്ച് എട്ടിന് 239 പേരുമായി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച മലേഷ്യൻ എയർലൈൻസ് വിമാനം പെട്ടന്ന് കാണാതാവുകയായിരുന്നു. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്. മെക്കാനിക്കൽ തകാറു മൂലമാണെന്നും സമുദ്രത്തിലേക്ക് പതിച്ചതാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ യാത്രാ വിമാനം തകർന്നതിന്റെ കാരണം വ്യോമയാനത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു എന്നാണ് വാർത്താമാധ്യമങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലാക്ക്‌ബേണ്‍: ക്യാൻസറിനോട് ധീരമായ് പോരാടി യുകെ മലയാളികൾക്ക് മാതൃകയായ ഷിജി (46) ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റല്‍ നേഴ്സായ ഷിജിയുടെ മരണം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി യുകെയിൽ കഴിഞ്ഞ ഡോക്ടര്‍ ഫ്‌ലെമിങും ഭാര്യ ഷിജിയും മനോധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും ആൾരൂപങ്ങളായിരുന്നു. നാല് വര്‍ഷമായി ക്യാൻസർ ബാധിതയായിരുന്ന ഷിജിയുടെ മരണം പ്രിയപ്പെട്ടവർക്കെല്ലാം തീരാവേദനയാണ്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്‌കാരം യുകെയിൽ നടക്കും. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്. മൂവരും വിദ്യാർഥികളാണ്. കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒപ്പമുണ്ട്.
രോഗം മൂർച്ഛിച്ചതോടെ ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിച്ച ഷിജി പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സംവിധാനങ്ങൾക്കൊന്നും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഷിജി, ദൈവത്തിൽ ആശ്രയം വച്ചാണ് മുന്നോട്ട് നീങ്ങിയത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം സ്ഥിരമായി പ്രാര്‍ത്ഥന കൂട്ടായ്മയിലും പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി.
ഭർത്താവ് ഫ്ലെമിങ്ങ്, ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഫ്‌ലെമിങ്ങിന്റെ കരുതലും പരിചരണവും ഏറ്റുവാങ്ങിയാണ് ഷിജി യാത്രയായത്. വിശ്വാസത്തിൽ അടിയുറച്ച് നീങ്ങിയതോടെ രോഗത്തോട് പരിഭവം ഇല്ലാതെ പുഞ്ചിരിയും സന്തോഷവുമായി ശിഷ്ട കാലം ജീവിക്കാനായെന്ന് ഷിജി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭേദപ്പെട്ട രോഗം മടങ്ങിയെത്തി ഷിജിയെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം ഒന്നടങ്കം ദുഃഖത്തിലാണ്.
ഷിജിയുടെ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടിവി സംവാദത്തിന് ക്ഷണിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ പ്രസ്താവന.
നരേന്ദ്ര മോദിയുമായി ടിവിയിൽ സംവാദം നടത്താൻ താൻ ഏറെ ആഗ്രഹിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
റഷ്യക്കെതിരേ ഉപരോധം ശക്തമാക്കി ബ്രിട്ടൻ. അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് ശതകോടീശ്വരൻമാർക്കുമെതിരേ ആദ്യപടിയായി ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.
യുക്രെയ്നിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ സഖ്യകക്ഷികളും ഉപരോധം പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനാൽ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. രാജ്യാന്തര നിയമമാണ് റഷ്യ ലംഘിച്ചതെന്നും സാജിദ് ജാവിദ് പറഞ്ഞു.
റഷ്യയുടെ പിന്തുണയോടെ യുക്രെയ്നുമായി പോരടിക്കുന്ന ഈ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയാണെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഡോൺബാസ് മേഖലയിലെ വിമത പ്രദേശങ്ങളിൽ അമേരിക്കയും ഉപരോധം ഏർപ്പെടുത്തി.
യുകെയിൽ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളെല്ലാം വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചികിൽസയും വാക്സിനേഷനും കൊണ്ട് കോവിഡിനെ ചെറുത്ത്, അതിനൊപ്പം ജീവിക്കുക എന്ന നയമായിരിക്കും ഇനി പിന്തുടരുക.
വ്യാഴാഴ്ച മുതൽ കോവിഡ് പോസീറ്റീവാകുന്നവർ നിർബന്ധിത ഐസൊലേനു വിധേയരാകേണ്ടതില്ല. എന്നാൽ സാധ്യമെങ്കിൽ ഐസൊലേഷൻ ആകാമെന്ന നിർദേശമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രത്യേക പേമെന്റുകളും വ്യാഴാഴ്ച മുതൽ ഇല്ലാതാകും.
രോഗലക്ഷണങ്ങൾ ഉള്ളവർക്ക് നിലവിൽ നൽകുന്ന സൗജന്യ പരിശോധന ഏപ്രിൽ ഒന്നിന് അവസാനിക്കും. സെൽഫ് ഐസൊലേഷൻ കാലത്ത് നൽകിയിരുന്ന അവധിയും ശമ്പളവും ഇനിമുതൽ ഉണ്ടാകില്ല. എന്നാൽ 75 വയസ്സുനു മുകളിലുള്ളവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവര്‍ക്കും സൗജന്യ പരിശോധന തുടരും. ഇവർക്ക് ഒരു ഡോസ് സൗജന്യ ബൂസ്റ്റർ വാക്സീൻകൂടി നൽകും.
ഇംഗ്ലണ്ടിലും നോർതേൺ അയർലൻഡിലും വെയിൽസിലുമെല്ലാം സമാനമായ നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമ്പോൾ സ്കോട്ട്ലൻഡിൽ മാത്രം നേരിയ നിയന്ത്രണങ്ങൾ തുടരും. രോഗികളുമായി സമ്പർക്കത്തിലാകുന്നവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിംങ് സംവിധാനം വ്യാഴാഴ്ച അവസാനിക്കും. ഐസൊലേഷൻ കാലത്ത് ലോം ഇൻകം ഗ്രൂപ്പിലുള്ളവർക്ക് നൽകിയിരുന്ന 500 പൗണ്ട് പേമെന്റ് വ്യാഴാഴ്ച നിലയ്ക്കും.
സ്റ്റാറ്റ്യൂട്ടറി സിക്ക് പേ, എംപ്ലോയ്മെന്റ് അലവൻസ് എന്നിവയൊന്നും ഇനി കോവിഡിനായി പ്രത്യേകം ഉണ്ടാകില്ല. ഐസൊലേഷന്റെ പേരിൽ അവധിയെടുത്താൽ സാധാരണ സിക്ക് ലീവായി പരിഗണിക്കപ്പെടും. സൗജന്യ പരിശോധനയ്ക്കായി ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിന് നൽകിയിരുന്ന ഫണ്ടിങ് നിർത്തലാക്കും.
വിദേശത്തുനിന്നും വരുന്നവർ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണമെന്ന നിബന്ധന തൽക്കാലം തുടരുമെങ്കിലും ഇതും ഒഴിവാക്കുന്നകാര്യം സർക്കാർ ഏപ്രിൽ ഒന്നിനുശേഷം പരിഗണിക്കും. ഇത്തരത്തിൽ എല്ലാ നിയന്ത്രണങ്ങളും ആനുകൂല്യങ്ങളും പിൻവലിച്ചുകൊണ്ട് കോവിഡിൽനിന്നുള്ള സമ്പൂർണമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ നടത്തിയത്.
രാജ്യത്തെ പ്രഥമ പൗരയായ എലിസബത്ത് രാജ്ഞിയ്ക്കു പോലും കോവിഡ് സ്ഥിരീകരിക്കുകയും, ദിവസേന അര ലക്ഷത്തിലധികം ആളുകൾ കോവിഡ് രോഗികളായി മാറുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ബ്രിട്ടന്റെ ഈ കോവിഡ് ‘സ്വാതന്ത്ര്യ’ പ്രഖ്യാപന എന്നതും ശ്രദ്ധേയമാണ്.
പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലെന്നാണ് പറയുന്നത്. എപ്പോൾ എന്താണ് ഇങ്ങനെ പറയാൻ എന്നല്ലെ, ബ്രിട്ടീഷ് നയതന്ത്രജ്ഞയായ റിയാനൺ ഹാരിസിനെ മിന്നു ചാർത്തിയിരിക്കുകയാണ് സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവും ഗോഡ്റോക്ക് ഫിലിംസിന്റെ സ്ഥാപകനുമായ ഹിമാൻഷു പാണ്ഡെ.
നാല് വർഷം മുമ്പാണ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായ റിയാനൺ ഹാരിസ് ജോലിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നത്.ബ്രിട്ടനിലെ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണർ (ദക്ഷിണേഷ്യ) ആയ റിയാനൺ ദില്ലിയിലാണ് ജോലി ചെയ്യുന്നത്. വിവാഹച്ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രമാണ് അവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹംഗ ധരിച്ച്, വലിയ ആഭരണങ്ങളും മെഹന്ദിയും ധരിച്ച്, അവൾ ഒരു ഉത്തരേന്ത്യൻ വധുവിനെപ്പോലെ കാണപ്പെട്ടു. ഷെർവാണിയിലും തലപ്പാവിലുമാണ് വരൻ ഉള്ളത്.
”ഏകദേശം നാല് വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ, ഇവിടെയുള്ള ജീവിതത്തെ കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ, എന്റെ ജീവിതത്തിലെ പ്രണയത്തെ കണ്ടുമുട്ടുമെന്നും വിവാഹം കഴിക്കുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല” അവർ എഴുതി. ‘IncredibleIndia -ൽ ഞാൻ അത്തരമൊരു സന്തോഷം കണ്ടെത്തി, ഇത് എല്ലായ്‌പ്പോഴും തനിക്ക് ഒരു വീടായിരിക്കുന്നതിൽ സന്തോഷമുണ്ട്’ എന്നും റിയാനൺ ഹാരിസ് ടിറ്ററിൽ കുറിച്ചു.
When I arrived in #India nearly 4 years ago, I had many hopes & dreams for my time here. But never did I imagine I would be meeting & marrying the love of my life. ❤️ I found such happiness in #IncredibleIndia & so glad it will always be a home. 🇮🇳 #shaadi #livingbridge #pariwar pic.twitter.com/mfECCj3rWi
— Rhiannon Harries (@RhiannonUKGov) February 18, 2022
യൂനിസ് കൊടുങ്കാറ്റിന്റെ അതി ശക്തമായ നിലയിൽ വടക്ക് പടിഞ്ഞാറൻ യൂറോപ്പിനെ ആഞ്ഞടിക്കുന്നു.ഇതിനിടയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ യുകെയിലെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.കൊടുങ്കാറ്റിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു.എയർ ഇന്ത്യയുടെ വിമാനങ്ങളിലൊന്ന് ടച്ച്ഡൗൺ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കിരൺ ബേദി തന്റെ ട്വിറ്ററിൽ ടച്ച്‌ഡൗണിന്റെ വീഡിയോ പങ്കിട്ടു, “യൂണിസ് കൊടുങ്കാറ്റിന് നടുവിൽ എയർ ഇന്ത്യ വിമാനം ലണ്ടനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നു. വിദഗ്ദ്ധനായ എയർ ഇന്ത്യ പൈലറ്റിനെ പ്രശംസ. ഇന്ത്യൻ പൈലറ്റിൻ്റെ മികവിനെ കമറ്റേറ്ററായ .ജെറി ഡയേഴ്സ് മുക്തകണ്ഠം പ്രശംസിക്കുന്നത് വീഡിയോയിൽ കേൾക്കാം. ബിഗ് ജെറ്റ് ടിവിയുടെ ലൈവ് ഏകദേശം 2 ലക്ഷം പേർ ഒരേ സമയം കണ്ടു.
സ്വിറ്റസർലണ്ടിലെ പ്രസിദ്ധമായ കത്തോലിക്കാ ദേവാലയമായമാണ് സെൻറ് പീറ്റർ ആൻഡ് പോൾ.ഈ പതിനേഴാം തിയതി രാവിലെ ഒൻപതിനുള്ള കുർബാനയിൽ സംബന്ധിച്ചുകൊണ്ടിരുന്ന ഒരാൾ കുഴഞ്ഞു വീഴുന്നു. ബോധമില്ലാതെ ശ്വാസം നിലച്ചു തറയിൽ വീണുകിടക്കുന്ന അയാളെ എന്തുചെയ്യണമെന്നറിയാതെ ജനം അന്തിച്ചു നിന്നപ്പോൾ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന മലയാളി നഴ്‌സ് ഡെയ്‌സി കുറിഞ്ഞിരപ്പള്ളി മുൻപോട്ടുവന്നു .
സമയോചിതമായി ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചുപോയി എന്ന് മനസിലാക്കി കാർഡിയാക് മസാജ് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ആംബുലൻസ് വരുന്നതുവരെ കാർഡിയാക് മസ്സാജ് തുടർന്നു. “ഞങ്ങളുടെ പള്ളിയിൽ ഒരു മാലാഖ യുടെ സാന്നിധ്യം ഡെയ്‌സി കുറിഞ്ഞിരപ്പള്ളിയിലൂടെ ഉണ്ടായി’ചർച്ച് വക്താവ് ഈ സംഭവത്തെക്കുറിച്ചു പ്രതികരിച്ചത് അങ്ങനെയാണ്.
ആ വിഷമഘട്ടത്തിൽ എല്ലാവരും അമ്പരന്നു നിന്നപ്പോൾ മുൻപോട്ടുവന്ന് ഒറ്റക്ക് കാര്യങ്ങൾ ചെയ്യുവാൻ ധൈര്യം കാണിച്ച ഡെയ്‌സി കുറിഞ്ഞിരപ്പള്ളി കണ്ണൂർ തേർത്തല്ലി സ്വദേശിയാണ്. ഇപ്പോൾ കുടുംബസമേതം സ്വിറ്റസർലണ്ടിൽ സ്ഥിരതാമസം ആണ്. പ്രവാസി മലയാളി സാഹിത്യകാരൻ ജോൺ കുറിഞ്ഞിരപ്പളളിയുടെ ഭാര്യയാണ് ഡെയ്‌സി.