ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.

•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട്‌ പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.

• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.

• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://www.hcilondon.gov.in/page/recent-circulars-on-oci/ സന്ദർശിക്കുക.

ഒസിഐ കാർഡ് എപ്പോൾ പുതുക്കണം?

20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ തിരുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.