UK

യുകെയിൽ കോവിഡ് കേസുകൾ ഏകദേശം മൂന്ന് മാസത്തേതിൽ നിന്നുള്ള ഏറ്റവും ഉയർന്ന നിലയിൽ.അതേസമയം പുതിയ കേസുകളുടെ എണ്ണം ഏഴ് ദിവസത്തെ ശരാശരിയിൽ പ്രതിദിനം 44,145 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ശൈത്യകാല പ്രതിസന്ധി ഒഴിവാക്കാൻ നിർബന്ധിത ഫെയ്സ് മാസ്കുകളും വീട്ടിൽ നിന്ന് കൂടുതൽ ജോലി ചെയ്യുന്നതുൾപ്പെടെ തിരികെ കൊണ്ടുവരുന്ന ഒരു ‘പ്ലാൻ ബി’ ഉടൻ നടപ്പാക്കണമെന്ന്, മുതിർന്ന എൻഎച്ച്എസ് വിദഗ്ദർ മുന്നറിയിപ്പ് നൽകി.

എൻ‌എച്ച്‌എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ, കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ബാക്കപ്പ് തന്ത്രം നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എൻഎച്ച്എസ് കോൺഫെഡറേഷൻ ഇംഗ്ലണ്ട്, വെയിൽസ്, എന്നിവിടങ്ങളിലെ മുഴുവൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഒന്നിച്ചു ചേർന്നുള്ള സംഘടനയാണ്.

വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തിന് എൻഎച്ച്എസ് തയ്യാറെടുക്കുകയാണെന്നും, വർദ്ധിച്ചു വരുന്ന കേസുകളിൽ ഒരു പിടി കിട്ടാൻ സർക്കാർ പരാജയപ്പെട്ടാൽ, പകർച്ച വ്യാധികളിൽ നിന്ന് രാജ്യം വീണ്ടെടുക്കുന്നത് അപകടത്തിലാക്കുമെന്നും ടെയ്‌ലർ പറഞ്ഞു. മാർച്ചിന് ശേഷം യുകെയിലെ കൊറോണ വൈറസ് മരണങ്ങൾ ഏറ്റവും ഉയർന്ന ദൈനംദിന തലത്തിലേക്ക് ഉയരുമ്പോഴാണ് കർശനമായ മുന്നറിയിപ്പ്.

ചൊവ്വാഴ്ച, കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ച് 28 ദിവസത്തിനുള്ളിൽ 223 പേർ കൂടി മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യുകെയിലെ മൊത്തം മരണസംഖ്യ 138,852 ആയി. വാരാന്ത്യത്തിൽ മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം ചൊവ്വാഴ്ചകളിൽ ഈ സംഖ്യ പലപ്പോഴും കൂടുതലാണെങ്കിലും, മാർച്ച് 9 ന് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

തങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുന്ന വിധത്തിൽ പെരുമാറുന്നതിലൂടെ’ എൻഎച്ച്എസിന് അധിക പിന്തുണ നൽകാൻ ടെയ്‌ലർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഗവൺമെന്റ് പ്ലാൻ ബി കാലതാമസം കൂടാതെ നടപ്പാക്കേണ്ട സമയമാണിതെന്നും, മുൻകരുതൽ നടപടികളില്ലാതെ, ഒരു ശൈത്യകാല പ്രതിസന്ധിയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ചുവരുന്ന കേസ് നിരക്കുകൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന്’ ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. എന്നാൽ നൈറ്റ്ക്ലബ് പ്രവേശനത്തിനായി വാക്സിൻ പാസ്പോർട്ടുകൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്ലാൻ ബി അവതരിപ്പിക്കാനുള്ള പദ്ധതി നിലവിൽ പ്രധാനമന്ത്രിയുടെ പരിഗണനയിൽ ഇല്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

2050 ഓടെ യുകെയെ ഹരിത രാജ്യമാക്കാൻ ഒരു ട്രില്യൺ പൗണ്ടിന്റെ വൻ പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി നികുതിയും ഉപഭോക്തൃ ചെലവുകളും ഉയരുമെന്നാണ് ട്രഷറിയുടെ മുന്നറിയിപ്പ്. ഇത് പണപ്പെരുപ്പത്തിനും ഉയർന്ന നികുതികൾക്കും ഇടയാക്കുമെന്നും ചാൻസലർ റിഷി സുനക് പറയുന്നു.

എന്നാൽ സമ്പൂർണ ഹരിത രാജ്യമാകാനുള്ള ആഗ്രഹത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ട്രഷറി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.നെറ്റ് സീറോ ലക്ഷ്യം കൈയ്യെത്തിപ്പിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടം ശക്തമാക്കാനുമുള്ള വിശദമായ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

കാർബൺ ബഹിർഗമനം കു റയ്ക്കുന്നതിൻ്റെ ഭാഗമായി മൂലധന ചെലവിൽ മാത്രം പ്രതിവർഷം 60 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് എകദേശ കണക്ക്. ഗ്യാസ് ബോയിലറുകൾ ഉപേക്ഷിക്കാൻ വീട്ടുകാർ നിർബന്ധിതരാകുന്നതിനാൽ, ബില്ലുകൾ ഉയരുന്നതിനുള്ള സാധ്യതയുമുണ്ട്.

പ്രതിവർഷം 50 ശതമാനത്തിലധികം വർദ്ധനവായിരിക്കും കുടുംബങ്ങൾ ചുമക്കേണ്ടി വരിക എന്നാണ് ഇത് അർഥമാക്കുന്നത്. ഹീറ്റ് പമ്പുകൾ ചെലവേറിയതും സാധാരണക്കാർക്ക് അനുയോജ്യമാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. ട്രഷറി ഒരു തവണ 5,000 പൗണ്ട് സബ്‌സിഡി നൽകാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇൻസ്റ്റലേഷൻ കൂടി കണക്കിലെടുക്കുമ്പോൾ ഈ ആനുകൂല്യം വളരെ കുറവാണ്. മാത്രമല്ല മൂന്ന് വർഷത്തേക്ക് പ്രതിവർഷം 30,000 ബോയിലറുകൾക്കാണ് സബ്സിഡി. ഇതും രാജ്യ വ്യാപകമായ ആവശ്യം നിവർത്തിക്കാൻ കഴിയുന്ന ഇളവുകളല്ല.

മാത്രമല്ല ആളുകൾക്ക് അവരുടെ വീടുകൾ ഇൻസുലേറ്റ് ചെയ്യാനുള്ള ധനസഹായത്തിൻ്റെ അഭാവം സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. കാരണം വീടുകൾ നന്നായി ഇൻസുലേറ്റ് ചെയ്തില്ലെങ്കിൽ ചൂട് പമ്പുകൾ പ്രവർത്തിക്കില്ല. ഉത്തരം കിട്ടാത്ത ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ഉയരുമ്പോഴും സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ജോൺസൺ.

അതേസമയം ഇലക്ട്രിക് കാർ വിപ്ലവത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ട്രഷറി മറ്റൊരു മുന്നറിയിപ്പും നൽകുന്നുണ്ട്. ഇന്ധന തീരുവ ഇല്ലാതാകുന്നതോടെ പ്രതിവർഷം 37 ബില്യൺ പൗണ്ടിൻ്റെ കുറവാണ് ട്രഷറി വരുമാനത്തിൽ ഉണ്ടാവുക.റോഡ് വിലനിർണ്ണയം പോലുള്ള പകര നികുതികൾ വിടവ് നികത്തില്ലെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ആളുകൾക്ക് അധിക നികുതികൾ അല്ലെങ്കിൽ ചെലവ് വെട്ടിക്കുറക്കൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ. 50 മീറ്ററോളം നീളമുള്ള നിരവധി ബ്ലൂബോട്ടിലുകളാണ് ബീച്ചുകളിൽ ചത്തു തീരത്തടിയുന്നത്. കോൺവാളിലെ പോർത്തെറാസ് കോവിലുള്ള സെന്നെൻ ബീച്ചിലാണ് ഇവയെ കണ്ടെത്തിയത്. ഇവിടെ കടലിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പും അധികൃതർ നൽകിക്കഴിഞ്ഞു. കനത്ത കാറ്റാണ് ഇവ കൂട്ടത്തോടെ കരയിലേക്കെത്താൻ കാരണമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിലും ഇവ എത്താൻ സാധ്യതയുണ്ട്. ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇവയുടെ വിഷം നിറഞ്ഞ ടെന്റക്കിളിന് ആഴ്ചകളും മാസങ്ങളും വരെ നിലനിൽക്കാനാകും. അതിനാൽത്തന്നെ ചത്തു തീരത്തടിഞ്ഞ ബ്ലൂ ബോട്ടിലുകളെപ്പോലും തൊടരുതെന്നാണ് മുന്നറിയിപ്പ്. ഇവയ്ക്കു പോലും കുത്താനുള്ള ശേഷിയുണ്ട്!

ജെല്ലിഫിഷ് എന്നാണ് വിളിക്കുന്നതെങ്കിലും അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ പറ്റാത്ത കടൽജീവികളാണ് ബ്ലൂ ബോട്ടിലുകൾ. പോർചുഗീസ് മാൻ ഓഫ് വാർ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. പണ്ടുകാലത്ത് ഇതേ പേരിലുണ്ടായിരുന്ന യുദ്ധക്കപ്പലുകളിൽ നിന്നാണ് ഇവയ്ക്കും ഈ പേര് ലഭിച്ചത്. ആ കപ്പൽ പായ് നിവർത്തിക്കഴിഞ്ഞാൽ ഈ ജെല്ലിഫിഷുകളുടെ അതേ ആകൃതിയായിരുന്നു. ബ്ലൂ ബോട്ടിലുകളിൽത്തന്നെ രണ്ട് തരക്കാരുണ്ട്–അറ്റ്‌ലാന്റിക് പോർചുഗീസ് മാൻ ഓഫ് വാറും (ഫിസാലിയ ഫിസാലിസ്–Physalia physalis) ഇൻഡോ–പസഫിക് (ഫിസാലിയ യുട്രിക്കുലസ്– Physalia utriculus) വിഭാഗക്കാരും. അറ്റ്ലാന്റിക് സമുദ്രത്തിലും പസിഫിക്– ഇന്ത്യൻ മഹാസമുദ്രങ്ങളിലും കാണപ്പെടുന്നവയാണ് ആദ്യ വിഭാഗക്കാർ. പക്ഷേ ഇൻഡോ–പസിഫിക് ബ്ലൂ ബോട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും മാത്രമാണ് കാണപ്പെടുന്നത്.

അറ്റ്ലാന്റിക്കിൽ കാണുന്നവയെപ്പോലെ കുത്തിക്കൊല്ലുന്ന തരം ഭീകരന്മാരല്ല ഇവ. കുത്തേറ്റാൽ കൃത്യമായ പ്രാഥമിക ചികിത്സ കൊണ്ടുതന്നെ രക്ഷപ്പെടാം. അതേ സമയം ഏതെങ്കിലും വിധത്തിലുള്ള അലർജിയോ ഹൃദയസംബന്ധിയായ രോഗങ്ങളോ ഉള്ളവർക്കാണ് കുത്തേറ്റതെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. കണക്കുകൾ നോക്കിയാൽ ഇൻഡോ–പസഫിക് പോർചുഗീസ് മാൻ ഓഫ് വാറിന്റെ കുത്തേറ്റുള്ള മരണം രാജ്യാന്തര തലത്തിൽ തന്നെ വളരെ കുറവുമാണ്.

വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വായു നിറച്ച ബലൂൺ പോലുള്ള ഒരു അറയും അതിനു താഴെ തൂങ്ങിയാടുന്ന നൂലു പോലുള്ള ടെന്റക്കിളുകളും ചേർന്നതാണ് ഇവയുടെ ശരീരം. ഒരൊറ്റ ജീവിയല്ല ഇവയെന്നതാണു സത്യം. ടെന്റക്കിളുകളെപ്പോലെ ആകൃതിയുള്ള ‘പോളിപ്സ്’ എന്ന ഒരുകൂട്ടം ജീവികള്‍ ‘ബലൂണിനു’ താഴെ കൂടിച്ചേർന്ന് കോളനിയായി ഒരൊറ്റ ജീവിയെപ്പോലെ ജീവിക്കുന്നതു കൊണ്ടാണ് ജെല്ലിഫിഷുകളെന്ന് ഇവയെ വിളിക്കാൻ ഗവേഷകർ മടിക്കുന്നത്. ജെല്ലിഫിഷ് എന്നാൽ ഒരൊറ്റ ജീവിയാണല്ലോ! പക്ഷേ പലതരക്കാരാണെങ്കിലും ഒരൊറ്റ ‘യൂണിറ്റ്’ ആയി നിന്ന് ഇരതേടുകയാണ് ഇവയുടെ സ്വഭാവം. അതായത് ഇരതേടുന്ന കാര്യത്തിൽ അവയുടെ സ്വഭാവം ശരീരകോശങ്ങളും കലകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഏതൊരു ജലജീവിയെയും പോലെത്തന്നെയാണ്.

സ്വന്തമായി ചലിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതിനാൽത്തന്നെ ഉൾക്കടലിൽ നിന്ന് കാറ്റിലും വേലിയേറ്റത്തിലുമെല്ലാം പെട്ടാണ് ഇവ ‘ബലൂണുകളുടെ’ സഹായത്തോടെ ഒഴുകി തീരത്തേക്കെത്തുന്നത്. മൺസൂൺ കാലത്ത് ബീച്ചുകളിൽ ഇവയെ കാണപ്പെടുന്നതും അതുകൊണ്ടാണ്. അറ്റ്ലാന്റിക്കിൽ കാണപ്പെടുന്നവയുടെ ‘വായു അറയ്ക്ക്’ 12 ഇ‍ഞ്ച് വരെ വലുപ്പമുണ്ടാകും. ഇൻഡോ–പസഫിക്കിനാകട്ടെ ആറിഞ്ചു വരെയും. ഇരുവിഭാഗം ബ്ലൂബോട്ടിലുകളും കൂട്ടത്തോടെയാണു സഞ്ചരിക്കുക.

ബ്ലൂ ബോട്ടിലുകളുടെ ശരീര ഘടന ഇങ്ങനെയാണ്: വായു നിറഞ്ഞ ഒരു തരം ‘പോളിപ്’ ആണ് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുക. ഗാസ്ട്രോസൂയിഡുകൾ, ഗോണോസൂയിഡുകൾ, ഡക്ടിലോസൂയിഡുകൾ എന്നീ തരം പോളിപുകളാണ് ‘ബലൂണിനു’ താഴെയുണ്ടാകുക. വെള്ളത്തിലെ ഇരകളെ കണ്ടെത്തി അവയെ ആക്രമിക്കേണ്ട ചുമതല ഡക്ടിലോസൂയിഡിനാണ്. അറ്റത്ത് വിഷം നിറഞ്ഞ, നീളത്തിലുള്ള ഒരൊറ്റ ടെന്റക്കിൾ (cnidocytes) ആണ് ഇരയെ കുത്തിക്കൊല്ലാൻ സഹായിക്കുന്നത്. ശേഷം അവയെ ഗാസ്ട്രോസൂയിഡുകൾക്ക് എത്തിച്ചുകൊടുക്കും. അവയാണ് ബ്ലൂബോട്ടിലുകളും വായും ദഹനത്തിനു സഹായിക്കുന്നതുമായ പോളിപുകൾ. പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നതാണ് (മുട്ടയിടാനും ബീജത്തെ പുറംതള്ളാനും) ഗോണോസൂയിഡുകൾ.

കാറ്റിലും മറ്റും പെട്ട് കൂട്ടം തെറ്റുന്ന ബ്ലൂ ബോട്ടിലുകളാണ് പലപ്പോഴും ബീച്ചുകളിൽ എത്തിപ്പെടുന്നത്. ഓസ്ട്രേലിയൻ ബീച്ചുകളിലെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് യുട്രിക്കുലസുകൾ. ഇവിടെ ഇവയുടെ വിഷം നിറഞ്ഞ ‍ടെന്റക്കിളിന് ഏതാനും സെന്റിമീറ്റർ മുതൽ മീറ്ററു കണക്കിന് നീളം വരെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലാന്റിക്കുകളുടെയത്ര ദോഷകരമല്ലെങ്കിലും കുത്തേറ്റാൽ ഒരു മണിക്കൂറിലേറെ വേദനയുണ്ടാകും. കൈകളിലെയും കാലുകളിലെയും ‘ലിംഫ്’ ഗ്രന്ഥികളെയാണ് വിഷം ബാധിക്കുക.

കുത്തേറ്റാലുടൻ ശരീരത്തിന് പരമാവധി താങ്ങാവുന്നിടത്തോളം ചൂടിലുള്ള വെള്ളം കൊണ്ട് മുറിവു കഴുകണം. സോഡയോ നാരങ്ങാനീരോ ഉപ്പുവെള്ളമോ ഒരുകാരണവശാലും മുറിവിൽ പ്രയോഗിക്കരുത്. പകരം മുറിവിൽ വിനാഗരി ഉപയോഗിച്ച് തുടർച്ചയായി തുടയ്ക്കുകയോ സ്പ്രേ ചെയ്യുകയോ വേണം. ഐസ് കഷ്ണങ്ങൾ മുറിവിൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. നെഞ്ചുവേദനയോ ശ്വാസം മുട്ടലോ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ആശുപത്രിയിലെത്തിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുത്തൂറ്റ് ബാങ്ക് ബ്രാഞ്ച് മാനേജരും ബർമിംഗ്ഹാം നിവാസിയുമായ ഡേവിസ് ജോർജിൻറെ ഭാര്യ എബീത റോസ് സേവ്യറിൻ്റെ പിതാവ് നെടുങ്കുന്നം മാവേലിൽ സേവ്യർ തോമസ് (മാവേലിൽ ബേബിച്ചൻ – 67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (20 -10 – 2021) ഉച്ചയ്ക്ക് 1 മണിക്ക് മുണ്ടക്കയത്തുള്ള ഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭവനത്തിലുള്ള കർമ്മങ്ങൾക്ക് ശേഷം മൃതദേഹം പുന്നവേലി ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ എൽസമ്മ തൊടുപുഴ കോടിക്കുളം തോയ്യാലിൽ കുടുംബാംഗമാണ്. മക്കൾ : തോമസ് സേവ്യർ , എബീത റോസ് സേവ്യർ (ബർമിംഗ്ഹാം, യുകെ) . മരുമക്കൾ : ഡേവിസ് ജോർജ് കരുവേലിൽ, നെടുംകുന്നം (ബർമിംഗ്ഹാം, യുകെ), സിന്ധു. കൊച്ചുമക്കൾ: ഷോൺ, ഷെയ്ൻ, ലിസ്, ലില്ലി, ലീൻ .

സേവ്യർ തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയമോളുടെ മൃതസംസ്കാര ശുശ്രൂഷകൾ 26-10-21 രാവിലെ 10:30 ന് ബർമിംഗ്ഹാം സേക്രഡ് ഹാർട്ട് ആൻഡ് ഹോളി സോൾസ് (B27 6RG 1151 Warwick Road) പള്ളിയിൽ വെച്ച് അഭിവന്ദ്യ അയ്യൂബ് മോർ സിൽവാനോസ് മെത്രാപോലീത്തയുടെയും, സഹ വൈദികരുടേയും സാന്നിധ്യത്തിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സോളിഹുൾ വിഡ്നി മാനർ (B939AA) സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും പള്ളി അധികൃതർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. പാർക്കിങ്ങിനായി റോഡിനും സൂപ്പർ മാർക്കറ്റിനും സമീപമുള്ള സ്ഥലം ഉപയോഗിക്കേണ്ടതാണ് . മൃതസംസ്കാര ശുശ്രൂഷകൾക്ക് വരുന്നവർ പള്ളിയിലോ പള്ളി പരിസരത്തോ സോഷ്യൽ ക്ലബ് കാർ പാർക്കിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത് . റിസർവ് ചെയ്ത സീറ്റുകൾ അടുത്ത ബന്ധു മിത്രാദികൾക്ക് വേണ്ടിയാണ് . പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. പൊതുദർശനത്തിനായി അല്ലാതെ പള്ളിയിൽ കൂട്ടം കൂടരുത്. ആൾക്കാർക്ക് കാത്തിരിക്കാനായി സൗകര്യം ഒരുക്കിയിരിക്കുന്നത് സോഷ്യൽ ക്ലബിലാണ് . അതുപോലെ തന്നെ സെമിത്തേരിയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല.

അലീവിയ ഒക്ടോബർ രണ്ടാം തീയതി രാത്രി രണ്ടുമണിക്കാണ് മരണമടഞ്ഞത്. അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിലാണ് ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം സ്ഥിരതാമസമാക്കിയിരിക്കുന്നത് .

 

 

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് ജസ്റ്റിൻ പനക്കലിൻെറ പിതാവ് ജെയിംസ്‌ പനക്കൽ (85) നിര്യതനായി. ജസ്റ്റിൻെറ പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിൻെറ അനിശോചനം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കുന്നു.

കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ടീം നീലാംബരി 2021 ഒക്ടോബർ 16 ന് സംഘടിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി നൈറ്റ് വൻ വിജയമായി. ഭാരതത്തിന്റെ ആത്മാവറിഞ്ഞ ഗാനചക്രവർത്തി ശ്രീ. SP ബാലസുബ്രഹ്മണ്യം , ഇംഗ്ലണ്ട് മലയാളികളുടെ എല്ലാമെല്ലാമായിരുന്ന ഹരിയേട്ടൻ,പുത്തൻ പ്രതീക്ഷയായിരുന്ന സിനിമാ ഡയറക്ടർ ശ്രീ. സച്ചി, വിവിധ കലാ രംഗങ്ങളിൽ മികവിന്റെ പര്യായമായിരുന്ന അഭിനയകുലപതി ശ്രീ. നെടുമുടി വേണു എന്നീ മഹാത്മാക്കൾക്ക് ആദരമർപ്പിച്ചു കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.

യുകെ പൂളിലെ സെന്റ് എഡ്വേർഡ്സ് സ്ക്കൂൾ ഹാളിൽ ഒക്ടോബർ 16 നു അരങ്ങേറിയ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് മിഴിവുറ്റതാക്കാൻ മലയാള സിനിമാ സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറും നിർമ്മാതാവും നടനുമായ ശ്രീ.ഉണ്ണി ശിവപാൽ തട്ടീം മുട്ടീം സീരിയലിലൂടെ മലയാളിയുടെ ഓമനയായിത്തീർന്ന ഭാഗ്യലക്ഷ്മി എന്ന മീനാക്ഷി ജനപ്രിയനും സാംസ്ക്കാരിക പ്രവർത്തകനുമായ ശ്രീ. സന്തോഷ് പാലി എന്നിവർ മുഖ്യാതികളായി വന്നെത്തി.

ഉച്ചയ്ക്ക് മൂന്നര മുതൽ രാത്രി പത്തര വരെ നീണ്ടു നിന്ന ഈ കലാസന്ധ്യയിൽ കേരളത്തിലെയും യുകെയിലും
പ്രമുഖ ഗായകർ അതീവ ഹൃദ്യമായ ഗാനങ്ങളുമായി മനസ്സു കുളിർപ്പിച്ചപ്പോൾ, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, , സിനിമാറ്റിക് ഡാൻസ് തുടങ്ങിയ നൃത്തവിശേഷങ്ങളുമായി അപ്സര നർത്തകിമാരും അരങ്ങിൽ സജീവമായി.

കവിയും ഗാനരചയിതാവുമായ ശ്രീ. പാപ്പച്ചൻ കടമക്കുടി , യുകെയിലെ കലാ സാഹിത്യരംഗങ്ങളിൽ നിറഞ്ഞു നില്ക്കുന്ന ശ്രീ. ബോബി അഗസ്റ്റിൻ , യു കെ കലാഭവന്റെ ഡയറക്റ്ററും . സാംസ്ക്കാരിക പ്രവർത്തകനുമായ ശ്രീ. ജയ്സൻ കലാഭവൻ ഉത്തരവാദിത്ത നിർവഹണത്തിൽ ഊർജ്ജസ്വലനായ പ്രവർത്തനകേരളപോലിസ് സബ് ഇൻസ്പെക്ടർ സുനിൽ ലാൽ എന്നിവരെ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സ്തുത്യർഹമായ സേവന മികവിന്റെ അടിസ്ഥാനത്തിൽ ടീം നീലാംബരി ആദരിച്ചു.

യുകെയിലെ ഏറ്റവും മികച്ച സൗണ്ട് എഞ്ചിനീയർ ശ്രീ. ശ്രീനാഥന്റെ ജാസ് ലൈവ്, വെളിച്ച വിനിമയത്തിൽ യുകെയിൽ ഒന്നാം നമ്പറായ ശ്രീ.ഷിനു എന്നിവരുടെ അനുപമമായ പ്രവർത്തന മികവ് സ്റ്റേജിലെ ഗാന-നൃത്ത പരിപാടികൾക്ക് അതുല്യമായ കൃത്യതയും ഭംഗിയും പകർന്നു.

പരിപാടിയുടെ സ്റ്റിൽ ഫോട്ടോ സെഷൻ സ്റ്റാർട് ക്ലിക്ക് , ബിജു മൂന്നാനപ്പള്ളി ബിടിഎം ഫോട്ടോഗ്രാഫി, സന്തോഷ് ബഞ്ചമിൻ ടൈം ലെസ് സ്റ്റുഡിയോ എന്നിവരും ഓർമ്മകളെ എന്നും സജീവമായി നിറുത്തുവാൻ വീഡിയോ ഗ്രാഫിയിൽ പകർത്തി അനശ്വരമാക്കിയ സാം, ജിസ്മോൻ, ആദ്യാവസാനം ഗിരീഷ് പുത്തഞ്ചേരി നൈറ്റ് ലൈവായി ഒപ്പിയെടുത്ത് പ്രക്ഷേപണം ചെയ്ത മാഗ്നാ വിഷൻ.ടി വി, LED യാൽ സ്റ്റേജും പരിസരങ്ങളും മായാ പ്രപഞ്ചമായി മാറ്റിയ വെൽസ് കളർ മീഡിയ എന്നീ മീഡിയാ പ്രതിഭകളുടെ സജീവ സാന്നിധ്യമാണ് ഈ സംരംഭം കൂടുതൽ കൂടുതൽ ആകർഷകമാക്കിയത്. വേദിയോടനുബന്ധിച്ച് രാവിലെ മുതൽ മട്ടാഞ്ചേരി ടൗൺടന്റെ ലഘുഭക്ഷണശാല വളരെ ഹൃദ്യമായിരുന്നു .

ടീം നീലാംബരിയുടെ ആത്മാർത്ഥതയും സംഘാടക മികവുമാണ് ഇത്ര ജനപ്രീതിനേടിയ ഒരു സംഗീത സായാഹ്നത്തിനു പിന്നിലുള്ള പ്രേരക ശക്തി. ഗിരീഷ് പുത്തഞ്ചേരി നൈറ്റിന്റെ വിജയത്തിനായി അവിശ്രമം ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ച മനോജ് മാത്രാടൻ , ജയ്സൻ ബത്തേരി , സത്യനാരായണൻ , സജി കോശി , മഹേഷ് അലക്സ് , ഷീല സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സംഘാടക സംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത വർഷം അവസാനത്തോടെ, കുറഞ്ഞത് അഞ്ച് രാജ്യങ്ങളെങ്കിലും ബിറ്റ് കോയിനെ നിയമപരമായി അംഗീകരിക്കുമെന്ന് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിറ്റ് മെക്സ് സിഇഒ അലക്സ് ഹോപ്റ്റ്നർ. ബിറ്റ് കോയിൻ സ്വീകരിക്കുന്നതിൽ വികസ്വര രാജ്യങ്ങൾ മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ക്രിപ്റ്റോ അംഗീകരിക്കുന്നതിലൂടെ അതിന്റെ സ്വീകാര്യത വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തന്റെ ഈ പ്രവചനത്തിന് മൂന്ന് പ്രധാന കാരണങ്ങൾ ഉണ്ടെന്നും ഹോപ്റ്റ്നർ കൂട്ടിച്ചേർത്തു. പണമയക്കൽ, നാണയപെരുപ്പം, രാഷ്ട്രീയം എന്നിവയാണ് അത്.

എൽ സാൽവഡോറിന്റെ ജിഡിപിയുടെ 23 ശതമാനവും 2020 ൽ പണമയക്കലിലൂടെ ആയിരുന്നു. രണ്ടാമത്തെ ഘടകം പണപ്പെരുപ്പമാണ്. വികസിത രാജ്യങ്ങളുടെ പണപ്പെരുപ്പം ഈ വർഷം 2.4 ശതമാനവും വികസ്വര രാജ്യങ്ങളുടേത് 5.4 ശതമാനവും ആയിരിക്കുമെന്ന് ഇന്റർനാഷണൽ മോണറ്ററി ഫണ്ട്‌ (ഐഎംഎഫ്) പ്രവചിച്ചു. തുർക്കിയിൽ ഈ വർഷം പണപ്പെരുപ്പം 15% ത്തിൽ കൂടുതൽ ഉയർന്നപ്പോൾ, ക്രിപ്റ്റോ ഏറ്റെടുക്കൽ വർദ്ധിച്ചിരുന്നു. സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ക്രിപ്റ്റോ ഉപയോഗിക്കുന്നത് പെട്ടെന്ന് നിരോധിച്ചുകൊണ്ട് തുർക്കി പ്രതികരിച്ചു. പണപ്പെരുപ്പം ഇപ്പോൾ 19.25% ആണ്.

മൂന്നാമത്തെ ഘടകം രാഷ്ട്രീയമാണ്. പല ഭരണാധികാരികളും വിവേകവുമുള്ളവരും പുരോഗമനവാദികളും ആണെന്ന് ഹോപ്റ്റ്നർ അഭിപ്രായപ്പെട്ടു. എൽ സാൽവഡോറിന് സമാനമായ പാതയിലൂടെ അടുത്ത വർഷം പല നേതാക്കളും സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളിൽ നിന്നുണ്ടാവുന്ന വീഴ്ചകൾ ക്രിപ്റ്റോയുടെ വികസനത്തെ ബാധിക്കുമെന്ന ആശങ്കയും ഹോപ്റ്റ്നർ പങ്കുവച്ചു.

സൂറിക്: പ്രവാസി മലയാളികൾ ലോകത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്‌ഥാനം കൈവരിക്കുന്നത് അപൂർവ്വമല്ല. എന്നാൽ ഒരു സർക്കാരിൻെറ മുഖം മിനുക്കാനായി പ്രസ് സെക്രെട്ടറിയായി ഒരു മലയാളി നിയമിതനാവുന്നത് ആദ്യമായാണ്. ഓസ്ട്രിയൻ ചാൻസലറുടെ പ്രസ് സെക്രട്ടറിയായി ഷിൽട്ടൻ ജോസഫ് പാലത്തുങ്കൽ (29) നിയമിതനായി. ഓസ്ട്രിയൻ സർക്കാരിൻെറ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികളിൽ പ്രവർത്തിച്ചുവരവെയാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഷാലൻ ബെർഗിന്റെ വക്താവായും, മീഡിയ വിഭാഗം തലവനുമായും ഷിൽട്ടന്റെ നിയമനം.

അഴിമതി ആരോപണങ്ങളെ തുടർന്ന് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലറായിരുന്ന സെബാസ്റ്റിയൻ കുർസ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുഖം നഷ്‌ടമായ ചാൻസലർ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ ഉദ്ദേശിച്ചാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ കൊണ്ടുവരുന്നത്.

ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജനിച്ചതും വളർന്നതും വിയന്നയിലാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ലണ്ടൻ സ്പോർട്സ് ലീഗ് വോളിബാൾ ടൂർണമെന്റിൽ കേംബ്രിഡ്ജിന്റെ പടക്കുതിര നയിച്ച സ്‌പൈക്കേഴ്‌സ് കേംബ്രിഡ്ജ് രണ്ടാം തവണയും കിരീടം ചൂടി . ആവേശം നിറഞ്ഞ ഫൈനലിൽ ബ്രോംലി ലണ്ടനെ നിലംതൊടാൻ അനുവദിക്കാതെ കേംബ്രിഡ്ജിന്റെ ചുണക്കുട്ടികൾ കപ്പിൽ മുത്തമിട്ടു. സ്കോർ . ബ്രോംലി ലണ്ടൻ രണ്ടാം സ്ഥാനവും ഷെഫീൽഡ് മൂന്നാം സ്ഥാനവും നേടി . ലിവർപൂൾ ലയൻസിനു നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു .

RECENT POSTS
Copyright © . All rights reserved