യുകെയില്‍ പുതുതായി കുട്ടികളുമായി എത്തുന്ന കുടുംബങ്ങള്‍ ഇരട്ടക്കെണിയിലേക്കാണ് വന്നെത്തുന്നത്. വ്യാജ വ്‌ലോഗര്‍മാരുടെയും യൂ ട്യൂബര്‍മാരുടെയും തരികിട ഏജന്‍സികളും പറയുന്നത് കേട്ട് യുകെ സ്വര്‍ഗം ആണെന്നും ലക്ഷങ്ങള്‍ കൈയില്‍ എത്തും എന്നും കേട്ടാണ് കുഞ്ഞു കുട്ടി പരിവാരങ്ങളുമായി അനേകം കുടുംബങ്ങള്‍ യുകെയില്‍ എത്തുന്നത്. ഒരു സീനിയര്‍ കെയറര്‍ക്ക് വര്‍ഷം 20000 പൗണ്ടില്‍ മാത്രം, ശമ്പളം ലഭിക്കുമ്പോള്‍ അതിന്റെ ഇരട്ടിയിലേക്കു ചിലവുകള്‍ എത്തുന്ന കെട്ടകാലമാണിപ്പോള്‍.
രണ്ടും മൂന്നും കുട്ടികളുമായി മികച്ച ജോലിയില്ലാതെ എത്തുന്ന കുടുംബങ്ങള്‍ നരക യാതനയിലാണ് യുകെയില്‍ തള്ളിനീക്കുന്നത്. ഇതിനിടയില്‍ രണ്ടുപേര്‍ക്കും ഫുള്‍ ടൈം ജോലിയില്ലെങ്കില്‍ കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും വയ്യാത്ത നിലയിലാകും. ഇത്തരം ഒരു ഇരട്ടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് നൂറു കണക്കിന് യുകെ മലയാളി കുടുംബങ്ങള്‍.
ഈ സാഹചര്യത്തിലാണ് മറ്റു മാര്‍ഗം ഇല്ലാതെ പല പുതിയ മലയാളി കുടുംബങ്ങളും രണ്ടു പേരും മിനിമം വേജ് ശമ്പളത്തില്‍ ഫുള്‍ ടൈം ജീവനക്കാരായി ജോലിക്കു പോകും. കയ്യില്‍ കിട്ടുന്നതില്‍ നിന്നും കുട്ടികളെ നോക്കാന്‍ ചൈല്‍ഡ് മൈന്‍ഡറെ ഏല്‍പ്പിച്ചാല്‍ പിന്നീട് ബാക്കിയൊന്നും മിച്ചമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തെറ്റാണെങ്കിലും പലരും നിവര്‍ത്തിയില്ലാത്ത അവസ്ഥയിൽ കുട്ടികളെ കുറച്ചു നേരത്തേക്കെങ്കിലും ഒറ്റയ്ക്കിരുത്തി ജോലിക്കു പോകും.
കഴിഞ്ഞ ദിവസം കവന്‍ട്രിയിൽ കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയ മാതാപിതാക്കള്‍ അനുഭവിച്ചത് ആശങ്കയുടെയും വേദനയുടെയും നാലു നാളുകളാണ്. കുട്ടിയെ തനിച്ചാക്കി ജോലിക്കു പോയ പിതാവ് മാതാവ് തിരിച്ചെത്തുമ്പോൾ അയൽവാസികൾ പോലീസിനെ വിളിച്ചുവരുത്തി കുട്ടിയെ ഏൽപ്പിച്ചിരുന്നു. നാലു ദിവസത്തെ നിയമ പോരാട്ടത്തിനും ശിക്ഷ നടപടിക്കും ശേഷമാണ് കരഞ്ഞു തളർന്ന മാതാപിതാക്കൾക്ക് കുട്ടിയെ തിരിച്ചു കൊടുത്തത്.
പുതുതായി എത്തുന്ന കുടുംബങ്ങള്‍ പരസ്പരം സൗഹൃദം കെട്ടിപ്പടുക്കാനും സഹായം ആവശ്യമായ സമയത്ത് അത് ചോദിയ്ക്കാന്‍ മടിക്കുകയും ചെയ്താല്‍ കാണാമറയത്ത് ഇരിക്കുന്ന അപകടക്കെണി പോലും അരികില്‍ എത്തുന്ന രാജ്യമാണ് യുകെ. . ഒരു കുഞ്ഞിനെ സോഷ്യല്‍ കെയര്‍ സംരക്ഷണം ഏറ്റെടുത്താല്‍ പിന്നെ വിട്ടു കിട്ടുക എന്നത് മാതാപിതാക്കളുടെ ഭാഗ്യം പോലെയിരിക്കും.
ഇത്തരത്തില്‍ അനേകം കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ യുകെയിലെ മലയാളി കുടുംബങ്ങള്‍ക്ക് നഷ്ടമായിട്ടുള്ളത്. അതിനാല്‍, മുന്നറിയിപ്പുകള്‍ അവഗണിയ്ക്കാതിരിക്കുക എന്നതാണ് യുകെയില്‍ എത്തിയ പുതിയ മലയാളികള്‍ ഏറ്റവും വേഗത്തില്‍ മനസിലാക്കിയിരിക്കേണ്ട ആദ്യ പാഠവും.
പ്രെസ്റ്റൺ: യുകെ മലയാളികൾ നാട്ടിലേക്കുള്ള വിമാന യാത്രയുടെയും അനുദിന ജീവിത ചെലവുകളുടെയും വർദ്ധനവിൽ തലയിൽ കൈവച്ചിരിക്കുമ്പോഴും നമ്മുടെ കുട്ടികൾ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് നമ്മളിൽ അധികം പേരും ശ്രദ്ധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. അതുമല്ലെങ്കിൽ എന്തെങ്കിലും ലോക സംഭവവികാസങ്ങൾ കുട്ടികളുമായി സംസാരിക്കുക… തീരെ സാധ്യത കുറവ് ആണ്. എന്നാൽ ഇതിനെല്ലാം ഒരു ഉത്തരവുമായി ഇതാ പ്രെസ്റ്റണിൽ നിന്നും ഒരു കൊച്ചു മിടുക്കി എത്തിയിരിക്കുകയാണ്. പേര് കൃപ തങ്കച്ചൻ. ഈ നാലാം ക്ലാസ്സുകാരി കൊച്ചു മിടുക്കി എന്താണ് ചെയ്തതെന്ന് അറിയുക.

കോവിഡിന്റെ ആരംഭത്തോടെ കൂട്ടുകാരുമായുള്ള ചങ്ങാത്തത്തിന്റെ വാതിൽ അടഞ്ഞിരുന്നു. കൂടുതൽ കുട്ടികൾ വീടുകളിൽ തന്നെയായി. കൂടുതൽ കുട്ടികളും ഓൺലൈൻ കളികളിലേക്ക് ആണ് ശ്രദ്ധ തിരിച്ചത്. എന്നാൽ ചിലരെങ്കിലും ടി വി വാർത്തകളും ശ്രദ്ധിച്ചു തുടങ്ങി. കോവിഡ് എല്ലാം കെട്ടടങ്ങി എന്ന് കരുതിയപ്പോൾ ആണ് അടുത്ത പ്രഹരം എത്തിയത്. റഷ്യയുടെ ഉക്രൈൻ ആക്രമണം. യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് തങ്ങളെ കാര്യമായി ബാധിക്കില്ല എന്ന് കരുതിയിരിക്കെയാണ് ഇപ്പോൾ വിലക്കയറ്റത്തിന്റെ ചൂട് യൂറോപ്പിൽ മൊത്തം അറിയുന്നത്. ഇപ്പോൾ പലരുടെയും നാട്ടിൽ പോക്കിനെ വരെ ഇത് ബാധിച്ചിരിക്കുന്നു. പിടികൊടുക്കാതെ പായുന്ന വിമാന ടിക്കറ്റ് ചാർജ് പലരുടെയും പ്ലാനുകളെ തകിടം മറിക്കാൻ പ്രാപ്തിയുള്ളതായി ഇപ്പോൾ മാറിയിരിക്കുന്നു.
ഇങ്ങനെയൊക്കെ സാധാരണ മലയാളികൾ കണക്കുകൂട്ടിയപ്പോൾ പ്രെസ്റ്റണിൽ നിന്നുള്ള കൃപ എന്ന കൊച്ചു മിടുക്കിയുടെ മനസ്സുലച്ചത് റഷ്യൻ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കൊച്ചു കുട്ടികളെ ഓർത്തിട്ടായിരുന്നു. വാർത്തകൾ എന്നും കാണുന്ന ശീലമുള്ളകൃപ ഇതുമായി എന്ത് ചെയ്യണമെന്നുള്ള ചിന്തയിൽ ആണ് റഷ്യൻ പ്രസിഡന്റ് പുടിന് ഒരു കത്ത് തന്നെ എഴുതാം എന്ന് കരുതിയത്. തന്റെ മനസ്സിലെ ചിന്തകളുടെ തീക്ഷണത അക്ഷരങ്ങളുടെ രൂപത്തിൽ പേപ്പറിൽ എത്തിയപ്പോൾ സ്കൂളിലെ ക്ലാസ് ടീച്ചർ മിസിസ് റൈറ്റ് അതിശയത്തോടെ അഭിനന്ദിക്കാൻ മറന്നില്ല.
മാത്രമല്ല രണ്ട് മാസങ്ങൾക്ക് മുൻപ് സ്കൂൾ പരിസരത്തെ റോഡുകളുടെ അരികിൽ നിക്ഷേപിച്ച ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനായി കൗൺസിലിലേക്ക് ലെറ്റർ അയച്ചു കാര്യം സാധിക്കുന്നതിൽ കൃപയും ക്ലാസിലെ കുട്ടികളും വിജയം നേടിയിരുന്നു. പ്രസിഡന്റ് പുടിന് എഴുതിയ ലെറ്ററിന് ഹെഡ് ടീച്ചേഴ്സ് അവാർഡും ഈ മിടുക്കി കരസ്ഥമാക്കി. ഇതിനെല്ലാം പുറമെ ഇടവക വികാരിയായ ഫാദർ ബാബു, കൃപയ്ക്ക് സ്വതസിദ്ധമായി ലഭിച്ചിരിക്കുന്ന ഈ സഹാനുഭൂതിയെ വാനോളം പുകഴ്ത്താനും മറന്നില്ല. മറ്റുള്ളവരുടെ വിഷമതകളിൽ തന്നാൽ ആവുന്ന സഹായം നൽകുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ പ്രെസ്റ്റൺ മലയാളികളുടെ അഭിമാനമാണ്.

എല്ലാ ബഹുമാനങ്ങളോടും കൂടെ പ്രസിഡന്റ് പുടിനെ അഭിസംബോധന ചെയ്‌തു തുടങ്ങുന്ന കത്ത്… വളരെയേറെ സങ്കടത്തോടെ, താങ്കൾ എന്തുകൊണ്ട് ഇങ്ങനെ അവരോട് ചെയ്യുന്നു എന്ന് ചോദിക്കുന്നു. വളരെ കാതലുള്ള ചോദ്യങ്ങളുമായി മുന്നേറുന്ന കൃപയുടെ കത്ത് പ്രസിഡന്റ് പുടിനെ ഒന്ന് ഓർമ്മിപ്പിക്കുന്നു… ‘നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ നിനക്ക് എന്ത് പ്രയോജനമെന്ന’ ബൈബിൾ വാക്യം. എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിലും ഈ യുദ്ധത്തിൽ വേദന അനുഭവിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ഉള്ളുലയ്ക്കുന്ന ചിത്രമല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ തെളിയുന്നില്ല എന്ന് കൃപ അസന്നിഗ്ദ്ധമായി കുറിക്കുന്നു. അച്ഛനമ്മമാരെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെ ഓർത്തു വിഷമത്തോടെ വിനയപുരസ്‌കസരം അപേക്ഷിക്കുന്നു താങ്കൾക്ക് ഈ യുദ്ധം ഒന്ന് നിർത്താൻ പറ്റുമോ എന്ന്…? കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌തിരിക്കുന്ന ലെറ്ററിനു മറുപടി ലഭിക്കും എന്ന പ്രതീക്ഷയിലാണ് കൃപ ഇപ്പോൾ ഉള്ളത്.
തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ പെടുന്നു തങ്കച്ചനും കുടുംബവും. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

സ്റ്റോക്ക് ഓൺ ട്രെന്റ് : കോവിഡിന് ശേഷം യുകെ മലയാളികളുടെ അഘോഷവേളകളിൽ സഗീതസാന്ദ്രമാക്കാൻ ഇതാ വരുന്നു നാട്ടിൽ നിന്നുo എളിയ കലാകാരന്മാർ, അനുഗ്രഹിക്കു, പ്രോത്സാഹിപ്പിക്കു.ഈ മാസം അവസാനം മാഞ്ചസ്റ്ററിൽ എത്തുന്ന ടീം സമ്മർ കാലം യുകെ മലയാളികൾ ഒപ്പം ചിലവഴിക്കുന്നതാണ്.
കലാകാരൻമാരെ പരിചയപ്പെടാം.
സാംസൺ സിൽവ : പിന്നണി ഗാനരംഗത്തും, സിനിമ സംഗിത സം വിധാന രംഗത്തും അറിയപ്പെടുന്ന കലാകാരൻ, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാൻഡിലെ നിറ സാന്നിധ്യം, ഒരുപാട് രാജ്യങ്ങളിൽ ആയിരക്കണക്കിന് പ്രോഗാം ചെയ്ത അനുഗഹിത കലാകാരൻ.
അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാർ സിസൺ വൺ, സൂര്യ ടിവിയിൽ ശ്രീകണ്ഠൻ നായർ ഷോ, ഫ്ലവഴ്സ് ടിവി കോമഡി സൂപ്പർ നൈറ്റ്, മഴവിൽ മനോരമ സിനിമ ചിരിമ, ഫ്ലവഴ്സ് ടിവി കോമഡി ഉത്സവം, മഴവിൽ മനോരമ കോമഡി സർക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്സ്, അമൃത ടിവി കോമഡി വൻസ് അപ്പ് ഓൺ ടൈം.
അറാഫെത്ത് : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പർ ഗ്രൂപ്പ് വിന്നർ, പത്തോളം മലയാള സിനിമയിൽ വില്ലൻ, കോമഡി നടൻ. ആൾക്കൂട്ടത്തിൽ ഒരുവൻ, അമ്മച്ചികൂട്ടിലെ പ്രണയകാലം, മാർട്ടിൻ, ഹദിയ, ഫേസ് ഓഫ്, സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങൾ, പത്തോളം പരസ്യ ചിത്രങ്ങൾ, അമ്പതോളം ആൽബംങ്ങൾ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാം ഇന്ത്യക്കകത്തും പുറത്തും അഭിനയിച്ചിട്ടുണ്ട്.
ജിനു പണിക്കർ : പ്രൊഫഷണൽ സിംഗർ, യുകെയിലെ നിരവധി വേദികളിൽ കഴിവ് തെളിയിച്ച കലാകാരി.
അസിർ : വയലിൻ മാന്ത്രികൻ, നിരവധി രാജ്യങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ച കലാകാരൻ. ഡിജെ പ്ലയെർ കൂടിയാണ് ഇദ്ദേഹം.
രാജേഷ് : വിവിധ വേദികളിൽ കഴിവ് തെളിയിച്ച കലാകാരൻ. ലോറൈൻ :പ്രൊഫഷണൽ ഗായിക, കേരളത്തിൽ നിരവധി സ്റ്റേജ്കളിൽ നിറസാന്നിധ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് യുകെ ഗവണ്മെന്റ്. ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി യുകെയെ മാറ്റുക എന്നത് എന്റെ അഭിലാഷമാണെന്നും, രാജ്യത്തെ കമ്പനികൾക്ക് നിക്ഷേപങ്ങളിലൂടെയും, പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ഈ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ഇന്ന് പ്രഖ്യാപിച്ച നടപടികൾ സഹായിക്കുമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.
ക്രിപ്റ്റോ കറൻസികളെയും അവ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളെയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഫിയറ്റ് കറൻസികളായ ഡോളറും , പൗണ്ടും, രൂപയും ഒക്കെ ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യപോലെ തന്നെ ക്രിപ്റ്റോ കറൻസികളെ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ. ക്രിപ്റ്റോ കറൻസി വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് യുകെ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സാമ്പത്തിക നയങ്ങൾ വിശദീകരിക്കുന്ന എച്ച് എം ട്രഷറിയിലാണ് ക്രിപ്റ്റോ അസ്സെറ്റ് നിക്ഷേപവും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇപ്പോൾ നിയന്ത്രിക്കുന്നതിലൂടെ, സർക്കാരിന് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്നും, അതുവഴി ഈ പുതിയ സാങ്കേതികവിദ്യകൾ ആത്യന്തികമായി വിശ്വസനീയമായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നും ചാൻസലർ അറിയിച്ചു. അതോടൊപ്പം യുകെയിലെ സാമ്പത്തിക മേഖല സാങ്കേതികവിദ്യയിൽ എപ്പോഴും മുൻപന്തിയിലാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചു.
ക്രിപ്റ്റോ അസ്സെറ്റ് മേഖലയിൽ വ്യക്തമായ നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിക്കൊണ്ട് അംഗീകൃത പേയ്‌മെന്റ് രൂപമായി ക്രിപ്റ്റോ കറൻസിയിലെ സ്ഥിര വില നിലനിൽക്കുന്ന സ്റ്റേബിൾകോയിനുകളെ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ക്രിപ്‌റ്റോ അസെറ്റിന്റെ ഒരു രൂപമാണ് സ്റ്റേബിൾകോയിനുകൾ, അവ സാധാരണയായി ഡോളർ പോലുള്ള ഫിയറ്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്നതും സ്ഥിരമായ മൂല്യം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണ്.
കൂടാതെ, പരീക്ഷണങ്ങൾക്കും നവീകരണത്തിനും സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനായി ഒരു “ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സാൻഡ്‌ബോക്‌സിനായി” നിയമനിർമ്മാണം നടത്താൻ സർക്കാർ പദ്ധതിയിടുന്നു. അത് ഈ വ്യവസായത്തെ നവീകരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്യും.
ഈ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കും. ക്രിപ്‌റ്റോ അസെറ്റ് മാർക്കറ്റിന്റെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ നികുതി സമ്പ്രദായത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യും.
യുകെയിലെ ക്രിപ്റ്റോ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നവീകരിക്കാൻ സഹായിക്കുന്നതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (FCA) നേത്യത്വത്തിൽ “ക്രിപ്റ്റോ സ്പ്രിന്റ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന, യുകെയുടെ നാണയങ്ങൾ ഉത്പാദിപ്പിക്കുന്ന റോയൽ മിന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പും ആരംഭിക്കും.
ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ നാളെകളിലെ ബിസിനസ്സുകളും അവ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും യുകെയിൽ വരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഈ വ്യവസായത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ അവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകാനാകുമെന്നും ചാൻസലർ സുനക് പറഞ്ഞു.
കൂടുതൽ കാര്യക്ഷമതയും സുതാര്യതയും പ്രതിരോധശേഷിയും കൈവരിക്കുന്നതിന് വികേന്ദ്രീകൃതമായ രീതിയിൽ ഡാറ്റ സമന്വയിപ്പിക്കാനും പങ്കിടാനും ഇത് പ്രാപ്തമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ക്രിപ്റ്റോ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ക്രിപ്റ്റോകറൻസി നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് യുകെ ഗവണ്മെന്റും ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി നടത്തികൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ക്രിപ്റ്റോ അസ്സെറ്റ് സാങ്കേതിക വിദ്യയുടെ ആഗോളകേന്ദ്രമായി മാറുവാൻ യുകെ ശ്രമിക്കുന്നു എന്ന വാർത്ത ലോകം മുഴുവനിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമാണ് പകർന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി മേഖലയിൽ നിയമനിർമ്മാണവും , ടാക്സും ഒക്കെ നടപ്പിലാക്കി വളരെവേഗം മുന്നേറികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിപ്റ്റോ കറൻസി വ്യവസായത്തേയും ഇന്ന് യുകെ ഗവൺമെന്റ് പ്രഖ്യാപിച്ച തീരുമാനങ്ങൾ വളരെയധികം ഗുണകരമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
നോർത്താംപ്ടൺ: യുകെ മലയാളികൾക്ക് ദുഃഖത്തിന്റെ വാർത്തയുമായി നോർത്താംപ്ടണിൽ മലയാളിയുടെ മരണം. കുവൈറ്റിൽ നിന്നും യുകെയിൽ എത്തിയ വിനോദ് സെബാസ്റ്റ്യൻ ആണ് ഇന്ന് ഒരുമണിയോടെ നോർത്താംപ്ടൺ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരേതന് 39 വയസ്സായിരുന്നു. നോർത്താംപ്ടൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. കോഴിക്കോട് പുല്ലൂരാൻപാറ സ്വദേശിയാണ് വിനോദ്. തയ്യിൽ കുടുംബാംഗം.
രണ്ടു വർഷം മുൻപാണ് ബിനിനുവിന്റെ ഭാര്യ യുകെയിൽ എത്തിയത്. കുവൈറ്റിൽ ആയിരുന്ന ബിനു എട്ട് മാസം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. കുവൈറ്റിൽ ആംബുലൻസ് സ്റ്റാഫ് ആയി ജോലി രാജി വച്ചശേഷമാണ് യുകെയിൽ ഭാര്യക്കൊപ്പം കുട്ടികളുമായി ചേർന്നത്.
ഇന്ന് രാവിലെ തോന്നിയ വയറുവേദന കൂടുതൽ ദുസ്സഹമായതോടെ നോർത്താംപ്ടൺ ആശുപത്രി അത്യാഹിതവിഭാഗത്തിൽ വിനോദ് എത്തുകയായിരുന്നു. പരിശോധനകൾ നടന്നു കൊണ്ടിരിക്കെ അതായത് ആശുപത്രിൽ എത്തി രണ്ട് മണിക്കൂറുകൾകൊണ്ട് വിനോദിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ഇന്റെർണൽ ബ്ലീഡിങ് ഉണ്ടാവുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി എന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. വിനോദിന്റെ ആകസ്മിക മരണത്തിൽ നോർത്താംപ്ടൺ മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വയറുവേദനയുമായി പോയ ബിനുവിന്റെ മരണം അവിശ്വസ്തതയോടെ, അതിലേറെ ദുഃഖത്തോടെ അവർ പങ്കുവെക്കുന്നു. വിവരമറിഞ്ഞു നോർത്താംപ്ടൺ മലയാളികൾ എല്ലാ പിന്തുണയുമായി ആശുപത്രിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്.
വിനോദ് സെബാസ്റ്റിൻറെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നതിനോടൊപ്പം അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
കാനഡയിൽ സൗത്ത് സെറിയിൽ മൂന്നു ദിവസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി യുവതി മരിച്ചു. പാലാ കരൂർ മാറിയപുറം ഡോ. അനിൽ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.
മൂന്നു ദിവസം മുൻപ് കാനഡയിൽ മ്യൂസിക് പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഇന്ന് പകലാണ് മരണം സംഭവിച്ചത്. ഭർത്താവ് അനിൽ ചാക്കോയും കാനഡയിൽ ഡോക്റ്ററാണ്. ശില്പ കോട്ടയം ചാഴികാട്ടു ബാബുവിൻ്റെ മകളാണ് .
അപകടസമയത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു ശില്‍പ. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഇതിലൊരു വാഹനം റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് തന്നെ ഒരു കാല്‍ നഷ്ടപ്പെട്ടു. ആശുപത്രിയില്‍ വച്ച് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നു.
പാലാ ബ്ലൂ മൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനിൽ ചാക്കോ. അനിൽ – ശില്പ ദമ്പതികൾക്ക് രണ്ടു മക്കള്‍ നോഹ, നീവ്. യുകെയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
‘ഹോം ഫോർ യുക്രൈൻ’ പുനരധിവാസ പദ്ധതിപ്രകാരം ബ്രിട്ടൻ ഇതുവരെ വിസനൽകിയത് 2700 യുക്രൈൻ പൗരന്മാർക്ക്. ബ്രിട്ടനിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ സഹാനുഭൂതരായ മറ്റുള്ളവരോ അഭയസ്ഥാനം നൽകാമെന്നേറ്റ 2700 പേർക്കാണ് ഈ പദ്ധതിപ്രകാരം വിസഅനുവദിച്ചത്. ഇതുവരെ ലഭിച്ച 28,300 അപേക്ഷകളിൽ നിന്നാണ് 15 ദിവസത്തിനകം പത്തുശതമാനം പേർക്ക് മറ്റ് അന്വേഷണങ്ങൾ പൂർത്തിയാക്കി വിസഅനുവദിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ഈ പദ്ധതിപ്രകാരം വിസഅനുവദിക്കും.
ഇതുവരെ നാൽപത് ലക്ഷത്തിലധികം യുക്രൈൻ പൗരന്മാർ യുദ്ധക്കെടുതിയിൽനിന്നും രക്ഷപ്പെടാൻ നാടുവിട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ഇതിൽ പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ബ്രിട്ടനിലുണ്ട്. ഇത്തരക്കാർക്ക് അഭയം ഒരുക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഒരു ബന്ധവുമില്ലാത്തവർക്കും മാനുഷിക പരിഗണനയുടെ പേരിൽ അഭയം ഒരുക്കുന്ന കാരുണ്യ പദ്ധതിയായി ഹോം ഫോർ യുക്രൈൻ മാറുന്നുണ്ട്.
അഭയാർഥി വീസയ്ക്കുള്ള അപേക്ഷാഫോമുകൾ ദൈർഘ്യമേറിയതാണെന്ന് തുറന്നു സമ്മതിക്കുന്ന മന്ത്രി ലോർഡ് ഹാരിങ്ടൺ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കൂടുതൽ വീസകൾ നൽകാൻ നടപടിയുണ്ടാകുമെന്നും ഉറപ്പു നൽകുന്നുണ്ട്. എന്നാൽ തുടക്കം മുതലേ ഒട്ടേറ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന പദ്ധതിയായതിനാൽ കരുതലോടെയാണ് ഹോം ഓഫിസിന്റെ നടപടികൾ. അഭയാർഥികളുടെ മറവിൽ ഭീകരരോ മറ്റ് ഉദ്ദേശങ്ങളുള്ളവരോ കടന്നുവരാതിരിക്കാനുള്ള മുൻകരുതലാണ് ദീർഘമായ നടപടികളിലൂടെ സർക്കാർ ഉറപ്പുവരുത്തുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചിതറിച്ച യുക്രൈനിൽനിന്നും അഭയാർഥികളായി എത്തുന്നവർക്ക് വാസസ്ഥലം ഒരുക്കാൻ വ്യക്തികൾക്കും സാമൂഹിക സംഘടനകൾക്കും ചാരിറ്റികൾക്കും മതസ്ഥാപനങ്ങൾക്കും അവസരം നൽകുന്ന പദ്ധതിയാണ് ഹോം ഫോർ യുക്രൈൻ. .
ഓരോ അഭയാർഥിക്കും വാസസ്ഥലം ഒരുക്കുന്ന കുടുംബത്തിന് മാസം 350 പൗണ്ട് വീതം സർക്കാർ നൽകും. ടാക്സ്ഫ്രീ ആയാകും ഈ തുക നൽകുക. അഭയാർഥികൾക്ക് ഭക്ഷണത്തിനും മറ്റു ചെലവുകൾക്കുമുള്ള പണം സർക്കാർ അവർക്ക് നേരിട്ടും നൽകും. താമസസ്ഥലത്തിനൊപ്പം അതുകൂടി നൽകാൻ താൽപര്യമുള്ളവർക്ക് അതിനും അവസരമുണ്ട്. ഹൗസിംങ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിൾ ഗോവാണ് രണ്ടാഴ്ച മുമ്പ് യുക്രൈൻ അഭയാർഥികൾക്കായുള്ള ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
വാടകയില്ലാതെ അഭയാർഥികളെ സ്വന്തം വീട്ടിലെ മുറിയിലോ മറ്റേതെങ്കിലും പ്രോപ്പർട്ടിയിലോ താമസിപ്പിക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ സമ്മതം അറിയിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ട് അറിയാവുന്ന യുക്രൈനിയൻ പൗരന്മാരെ സ്പോൺസർ ചെയ്യാനായിരുന്നു ആദ്യ അവസരം. ഭാവിയിൽ ബ്രിട്ടനുമായി യാതൊരു ബന്ധവുമില്ലാത്തവരെയും സ്പോൺസർ ചെയ്യാൻ പദ്ധതിയിൽ അവസരം നൽകും.
ഓരോ വർഷവും വിവിധ പ്രത്യേക കാരണങ്ങളാൽ ജനമനസ്സുകളിൽ സ്ഥാനം പിടിച്ച ഉഴവൂർ സംഗമം യുകെയിലെ വലിയ ഗ്രാമമായ കെറ്ററിംങ്ങിൽ വച്ച് ഒക്ടോബർ 21, 22 തീയതികളിൽ നടത്തുമ്പോൾ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഉഴവൂർകാർ എത്തിച്ചേരും. ഉഴവൂർക്കാരെ വരവേൽക്കാൻ കെറ്ററിംങ്ങ് ടീമംഗങ്ങൾ വളരെ ഉൽസാഹത്തോടെ തയ്യാറെടുക്കുന്നു എന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിജു കൊച്ചിക്കുന്നേൽ അറിയിച്ചു. ഗ്രാമീണ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന കെറ്ററിങ്ങിന്റെ മടിത്തട്ടിൽ വിവിധ സാമൂഹ്യ സാഹിത്യ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും.

ജന്മം കൊണ്ടും കർമ്മം കൊണ്ടും ഉഴവൂരിനെ നെഞ്ചിലേറ്റി ഇരിക്കുന്ന ഉഴവൂർക്കാർ യുകെയിലെ കെറ്ററിംങ്ങിൽ ഒത്തുചേരുമ്പോൾ അതൊരു ഉത്സവം ആയിരിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ സാധിക്കാത്തതിനാൽ യുകെയിലെ എല്ലാ ഉഴവൂർക്കാരും ഒത്തുചേരാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒക്ടോബർ 21, 22 തിയതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിൽ നൂറിലധികം ഫാമിലികൾ ബുക്ക് ചെയ്തു കഴിഞ്ഞു എന്ന് പ്രോഗ്രാം കോഡിനേറ്റർ ബിജു കൊച്ചിക്കുന്നേൽ അറിയിച്ചു. ജോസ് വടക്കേക്കര ചെയർമാനായും, സ്റ്റീഫൻ തറക്കനാൽ, ബിനു മുഡീകുന്നേൽ, ഷിൻസൺ വഞ്ചിന്തനം, ജോമി കിഴക്കേപ്പുറം എന്നിവർ കോഓർഡിനേറ്റേഴ്സ് ആയുള്ള കമ്മിറ്റി എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.




ഈസ്റ്റ്ഹാമില്‍ റസ്റ്റോറന്റില്‍ വച്ചു വെള്ളിയാഴ്ച കുത്തേറ്റു ഗുരുതരാവസ്ഥയിലായ മലയാളി യുവതി അപകടനില തരണം ചെയ്തു. നിരവധി തവണ കുത്തേറ്റ 30 കാരിയെ എയര്‍ ആംബുലന്‍സില്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ആക്രമണം നടത്തിയ ഇന്ത്യക്കാരനായ സഹപാഠി പിന്നീട് അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.20നാണ് ബാര്‍ക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്റോറന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ ശ്രീറാം അംബര്‍ലായെയാണ് അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാള്‍ റിമാന്‍ഡിലാണ്. ശ്രീറാമിനെ ഇന്നലെ തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹൈദരാബാദിന് അടുത്ത സിര്‍സില്ല സ്വദേശികളാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികളും പറയുന്നു. പിതാവ് മലയാളിയായ യുവതിയുടെ കുടുംബവും ഹൈദരാബാദിലാണ്. സിര്‍സിലായില്‍ ഉള്ള വാര്‍ഡമാന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിടെക് പഠന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാര്‍ക്കു നേരെയും ഇയാള്‍ കത്തിവീശി. ഇവര്‍ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റന്‍ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു. യുകെയില്‍ ഉന്നത പഠനത്തിനായി യുവതി ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലും യുവാവ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലുമാണ് എത്തിയത്. കോഴ്‌സ് പൂര്‍ത്തിയായ ശേഷം രണ്ടു വര്‍ഷത്തെ സ്റ്റേ ബാക് സൗകര്യം പ്രയോജനപ്പെടുത്തി താത്കാലിക ജോലി ചെയ്യുകയായിരുന്നു.
യുവതി അകലുന്നതായി തോന്നി ശ്രീറാം ജോലി ഉപേക്ഷിച്ച് യുവതിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.സുഹൃത്തുക്കളില്‍ നിന്ന് ആണ് വിവരം ലഭിച്ചു കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് വര്‍ധമാന്‍ എഞ്ചിനീയറിങ് കോളേജിലെ ബിടെക് പഠനം പൂര്‍ത്തിയാക്കിയാണ് യുവതി ലണ്ടനില്‍ മാസ്റ്റേഴ്‌സ് പഠനത്തിനെത്തിയത്.
അതിനിടെ വിവരങ്ങളെ കുറിച്ച് പൂര്‍ണ്ണമായി ധാരണയില്ലാതെ സഹോദരനെ ലണ്ടനില്‍ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ശ്രീറാമിന്റെ സഹോദരന്‍ അഭിഷേക് അംബര്‍ലാ അഭ്യര്‍ത്ഥിച്ചു.
ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.
പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.