യുകെയിൽ ട്രാഫിക് ലൈറ്റ് സംവിധാനത്തിലെ ആംബർ ലിസ്റ്റിൽ നിന്ന് ഫ്രാൻസിനെ മാറ്റാൻ നീക്കം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനത്തിൽ ഫ്രാൻസിൽ നിന്നുള്ള യാത്രാ ചട്ടങ്ങൾ പുതുക്കുമെന്നാണ് സൂചന. ഫ്രാൻസിൽ ബീറ്റ വേരിയൻറ് ഭീഷണി നിയന്ത്രണ വിധേയമായതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു.
കൂടാതെ കേസ് നിരക്കിൽ വർദ്ധനയുണ്ടെങ്കിലും ഗ്രീസിനെയും സ്‌പെയിനിനെയും ആംബർ പ്ലസ് പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചന. ഓഗസ്റ്റ് 5 ന് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. നിലവിൽ ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിനും എടുത്തവർ പത്തുദിവസം വരെ ക്വാറന്റൈനിൽ കഴിയണം. എന്നാൽ രാജ്യം ആംബർ പ്ലസ് പട്ടികയിൽ നിന്ന് ആംബറിലേക്ക് മാറുമ്പോൾ ഈ നിബന്ധനയിൽ നിന്ന് യാത്രക്കാർക്ക് രക്ഷപ്പെടാം.
അതേസമയം ബ്രിട്ടനിൽ രൂക്ഷ വ്യാപനമുള്ള ഡെൽറ്റ വേരിയന്റ് യൂറോപ്പിലെ ബീറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുകയാണെന്നും വരും ആഴ്ചകളിൽ ഇത് വീണ്ടും ഉയരുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്പെയിനിൽ ആശങ്ക പടർത്തുന്നതും കൂടുതൽ വാക്സിൻ പ്രതിരോധ ശേഷിയുമുള്ള ബീറ്റ അഥവാ ദക്ഷിണാഫ്രിക്കൻ വേരിയന്റ് ബ്രിട്ടനിൽ അത്ര പ്രബലമല്ല.
കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ഫ്രാൻസിലെ 3.7 ശതമാനം കേസുകളും ബീറ്റ വേരിയന്റ് മൂലമാണ്. സ്പെയിനിൽ ഇത് 6.9 ശതമാനമാണ്. ഫ്രാൻസിലും കരീബിയൻ പ്രദേശങ്ങളിലെ മാർട്ടിനിക്, ഗ്വാഡലൂപ്പ് ദ്വീപുകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂണിയൻ എന്നിവ ഉൾപ്പെടുന്ന മേഖല എന്നിവിടങ്ങളിൽ ബീറ്റയുടെ വ്യാപനവും ആംബർ ലിസ്റ്റ് പുതുക്കാാനൊരുങ്ങുന്ന യുകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
അതിനിടെ ഇംഗ്ലണ്ടിൽ അതിശക്തമായ മഴ പെയ്തിറങ്ങിയതോടെ തലസ്ഥാന നഗരമായ ലണ്ടനിലെ റോഡുകളും വീടുകളും ട്യൂബ് സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി. ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിലും ഏതാനും ഹോം കൗണ്ടികള്‍ക്കും കൊടുങ്കാറ്റിന് സാധ്യതയുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്.
നോര്‍വിച്ച് മുതല്‍ പ്ലൈമൗത്ത് വരെയുള്ള മേഖലകള്‍ക്ക് ഗതാഗത തടസ്സവും, വൈദ്യുതി തകരാറിനും കാരണമാകുന്ന കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ചികിത്സ ആവശ്യമുള്ളവര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. വിപ്‌സ് ക്രോസ് ഹോസ്പിറ്റല്‍, ന്യൂഹാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിളും കനത്ത മഴയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി ബാര്‍ത്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു.
സൗത്തെൻഡ് ഓൺ സീ: ലോകം നേരിട്ട മഹാമാരിയിൽ നിന്ന് കാത്തു രക്ഷിച്ച ദൈവത്തിനു നന്ദിയേകികൊണ്ട് ഇന്നലെ സൗത്തെൻഡ് ഓൺ സീയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ ശനിയാഴ്ച്ച കുഞ്ഞുങ്ങളുടെ ദിവ്യകാരുണ്യ സ്വീകരണവും ഫാദർ ജോസഫ് മുക്കാട്ടിന്റെയും ഫാദർ ജോഷി തുമ്പക്കാട്ടിന്റെയും മുഖ്യ കാർമികത്വത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.
ഇത്രയും നാൾ ആപത്തൊന്നുമേശാതെ നോക്കി നടത്തിയ നല്ല നാഥന്റെ കാരുണ്യവും സ്നേഹവുമെല്ലാം ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് സൗത്തെൻഡ് ഓൺ സീയിൽ അനുഗ്രഹ പെരുമഴയിൽ പങ്കെടുക്കുവാൻ പരിശുദ്ധാത്മാവിന്റെ സ്നേഹവായ്പ്പിൽ മുങ്ങി നിവർന്ന് കുഞ്ഞുണ്ണികളുടെ മാമ്മോദീസ സ്വീകരണവും യേശുവാകുന്ന മുന്തിരിച്ചെടിയുടെ ശാഖകളിലേക്ക് ഒട്ടിച്ചേർക്കപെട്ടു കൂടുതൽ ഫലം നൽകുവാനായി ഒത്തുചേർന്ന കുഞ്ഞുമക്കളുടെ കുർബാന സ്വീകരണവും എല്ലാത്തിനും താളവും മേളവും തിളക്കവും നൽകാനായി വിശുദ്ധ അൽഫോൻസമ്മയുടെ പെരുന്നാളും ഭക്തിയാദരപൂർവ്വം കൊണ്ടാടി.
റീനു ട്രീസ റോയി, ജോവിറ്റ സാബു സെബാസ്റ്റ്യൻ, മെറിൻ അഞ്ചാണ്ടിൽ, ആൻഡ്രിൻ സെബാൻ ജെയ്‌സൺ, ആരോൺ മാത്യു ടോജി, ആഷെർ എനോച് കുറ്റിക്കാടൻ തോമസ് ……. എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങി എത്തിയത്. ഇതിടൊപ്പം റൂബൻ കുറ്റിക്കാടൻ തോമസിന്റെ മാമ്മോദീസായും നടക്കുകയുണ്ടായി.
വല്യപ്പന്മാരുടേയും വല്യമ്മമാരുടെയുമൊക്കെ അനുഗ്രഹാശിസുകളോടെ നടത്തപെടാൻ ഏറെ ആഗ്രഹിച്ചിരുന്ന കുഞ്ഞുങ്ങൾക്ക് നമ്മുടെ നാടിൻറെ വീര്യം ഒട്ടും തന്നെ കളയാതെ വേദോപദേശങ്ങൾ അതിന്റെതായ ചൈതന്യത്തിൽ പകർന്നു കൊടുക്കാൻ യത്നിച്ച ജിഷ നൈസും ഈ ഒരു നിമിഷത്തെ സ്വർഗ്ഗതുല്യമാക്കാൻ ശ്രുതിമധുരഗാനമാലപിച്ച ഗായഗസംഗത്തിനും ജോലിഭാരമെല്ലാം മാറ്റിവച്ചു എല്ലാ ഇടവക അംഗങ്ങളുടെയും സാരധിയായ് നിന്ന് യെത്നിച്ച ട്രസ്റ്റി ടീമിനും ഏറ്റവുമുപരി എല്ലാത്തിനും ചുക്കാൻ പിടിച്ചു മുന്നോട്ടു നടത്തിയ ഞങ്ങളുടെ ബഹുമാനപെട്ട ജോസഫ് അച്ഛനും ഞങ്ങൾ ഇടവകയുടെ സ്‌നേഹാദരവുകൾ…..
വാർത്ത
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന കൊണ്ടുവരുന്നത് ബന്ധുക്കൾ തന്നെയാണ്.
2019 നവംബർ മാസം രണ്ടു പേരും വീഡിയോ കോൾ വഴി പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു. നാട്ടിലുള്ള വീട്ടുകാർ പരസ്പരം വീടുകളിൽ ചെന്നു കണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. 2021 ജനുവരിയിൽ വിവാഹം നടത്താമെന്നായിരുന്നു വാക്ക് . 2020 ആഗസ്റ്റ് 26. മനുവിൻ്റെ ബർത്ത് ഡേ. വിഷ് ചെയ്യാൻ വിളിച്ച മിന്നുവിനോട് മനു പറഞ്ഞു: “എൻ്റെ വയറിന് വല്ലാത്ത അസ്വസ്ഥത.” അതൊരു തുടക്കമായിരുന്നു. ഗുളികകൾ പലതും കഴിച്ചിട്ടും അസുഖം മാറിയില്ല. ആശുപത്രിയിലെത്തി. പരിശോധനയിൽ ചെസ്റ്റിന് താഴെ ഒരു ട്യൂമർ കണ്ടെത്തി.
ബയോപ്സി റിസൽട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു: അക്യുട്ട് ലിംഫോസൈറ്റിക് ലുക്കേമിയ! എല്ലാവർക്കും വിഷമമായി. നിശ്ചയിച്ച വിവാഹം നടത്തണമോ വേണ്ടയോ എന്നുള്ള ചർച്ചകളായി. മനുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന ചർച്ചകൾക്കിടയിൽ മിന്നു സ്വയം പറഞ്ഞു: ”ഈ അസുഖം വിവാഹത്തിനു ശേഷം വന്നാൽ ഞാനത് ഫെയ്സ് ചെയ്യണം. ഈ അസുഖം എനിക്കും വരാം. അതു കൊണ്ട് വിവാഹവുമായ് മുന്നോട്ടു പോകുക തന്നെ.”
2020 സെപ്തംബറിൽ ഇമ്മാനുവേൽ നാട്ടിൽ എത്തി. ലൂക്കേമിയ തന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏത് രോഗത്തെയും പ്രാർത്ഥനകൊണ്ടും ആത്മധൈര്യം കൊണ്ടും നേരിടാം എന്ന വിശ്വാസം ഇമ്മാനുവേലിനുണ്ടായിരുന്നു. രോഗത്തെക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: ”എനിക്ക് ക്യാൻസറല്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ ഞെട്ടി. എൻ്റെ അമ്മയ്ക്ക് ഇതേ രോഗമായിരുന്നു. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല എന്നും ഞാൻ ഡോക്ടറോട് പറഞ്ഞു….” ഉറച്ച ബോധ്യത്തോടെ ഇമ്മാനുവേൽ തുടർന്നു:
“ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. പഠിക്കാൻ ആവറേജ് ആയ എന്നെ ദൈവം ദുബായിൽ എത്തിച്ചു. എനിക്ക് ജോലി നൽകി. ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ചെലവായത്. എന്നാൽ കുറേയൊക്കെ ഇൻഷുറൻസ് വഴി ലഭിച്ചു. എൻ്റെ അപ്പച്ചനോ, വിവാഹിതയായ ചേച്ചിക്കോ ഈ അസുഖം നൽകാതെ, ദൈവം എനിക്ക് തന്നതിൽ സന്തോഷമേയുള്ളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ദൃഢവിശ്വാസം അന്നും ഇന്നും എനിക്കുണ്ട്….”
2021 ഏപ്രിൽ അവസാനം മിന്നു നാട്ടിലെത്തിയതിനു ശേഷമാണ് ഇരുവരും നേരിൽ കാണുന്നത് തന്നെ. മെയ് 9 ന് മനസമ്മതവും 12 ന് വിവാഹവും കഴിഞ്ഞു. “എന്തിനെയും പോസിറ്റീവായ് സമീപിക്കണം” എന്നതാണ് ഇമ്മാനുവേലിൻ്റെ ആപ്തവാക്യം. ആ ധൈര്യം കണ്ടപ്പോൾ കൂടെ നിൽക്കണമെന്ന് മിന്നുവിനും തോന്നി. നിസാര കാര്യത്തിനുപോലും വിവാഹബന്ധം വേർപെടുത്താൻ തയ്യാറാകുന്ന ദമ്പതികൾക്കും
ജീവിതസുഖത്തിന് ഉദരശിശു തടസമാണെന്ന് വാദിക്കുന്നവർക്കും ഈ യുവ ദമ്പതികൾ വെല്ലുവിളി തന്നെ!
ഒപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏത് രോഗത്തെയും ശാപമായും പാപത്തിൻ്റെ പ്രതിഫലമായുമെല്ലാം കാണുന്നവരുണ്ടല്ലോ? യഹൂദർക്കിടയിലും അത്തരം ചിന്താഗതിക്കാർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജന്മനാ അന്ധനായ ഒരുവനെ നോക്കിക്കൊണ്ട്; ഇവൻ അന്ധനായ് ജനിച്ചത് ആരുടെ പാപം കൊണ്ടാണെന്ന് അവർ ചോദിക്കുന്നതും. “…ആരുടെയും പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ് ” (യോഹ 9 : 3) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി.
വ്യക്തിപരമായ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രതിസന്ധികളും രോഗാവസ്ഥകളും ദൈവത്തിന് ഇടപെടാനുള്ള അവസരങ്ങളായ് കാണുമ്പോൾ മാത്രമേ വിശ്വാസ ജീവിതം സഫലമാകൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. രണ്ട് പേരെയും നന്നായി അറിയുന്ന ഫാദർ ജെൻസൺ പറഞ്ഞു നിർത്തുന്നു സോഷ്യൽ മീഡിയയിൽ.
വീഡിയോ കാണാം
യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.
ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷംവരെ ഉയരാം. പ്രശ്നക്കാരാകോവിഡ് വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയൻറ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ യഥാർത്ഥ രൂപത്തേക്കാൾ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്നതായിരുന്നു എന്നത് ഉദാഹരണം.
അതിനിടെ ബ്രിട്ടനിലെ പ്രതിദിന കൊറോണ വൈറസ് കേസുകൾ തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞയാഴ്ചയിൽ നിന്ന് 41 ശതമാനം ഇടിവ്. മൂന്നാം തരംഗം അടുത്തയാഴ്ച കേസുകൾ വീണ്ടും ഉയർത്തുമെന്ന മുന്നറിയിപ്പിനിടെ ഉണ്ടാകുന്ന സ്ഥിരമായ ഇടിവ് പ്രതീക്ഷകൾ നൽകുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണക്കുകൾ പ്രകാരം യുകെയിൽ 31,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 46,519,998 പേർക്ക് ഇപ്പോൾ ഒരു വാക്സിൻ ആദ്യ ഡോസും 36,953,691 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.
വടക്കൻ അയർലണ്ടിൽ 1,520 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ 163 കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്. വടക്കൻ അയർലണ്ടിൽ ആകെ 2,200,125 പേർക്ക് ഇതുവരെ വാക്സിനുകൾ നൽകി. ശരത്കാലം വരെ രാജ്യത്തുടനീളം കേസുകൾ തുടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗം പടരുന്നത് തുടരുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) എന്നിവയിലെ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എംപിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും.
രണ്ട് പിസിആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ ഉൾപ്പെടുന്ന താമസത്തിനായി യാത്രക്കാർ നിലവിൽ ഒരാൾക്ക് 1,750 പൗണ്ട് നൽകുന്നു. നിരക്കുകൾ വർദ്ധിപ്പിച്ചാൽ ഒരാൾക്ക് 2,250 പൗണ്ട് വീതം നൽകേണ്ടി വരും.
സിംബാബ്‌വെ, ക്യൂബ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളെ ഇപ്പോൾ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ലിസ്റ്റിലുണ്ടായിരുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 30,000 ത്തോളം ഹോളിഡേ മേക്കർമാർ സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ ക്വാറന്റൈനിൽ താമസിച്ചിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കരുതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സർക്കാർ ക്വാറന്റൈനിലേക്ക് മടങ്ങിവരേണ്ട ഒരേയൊരു ആളുകൾ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പൗരന്മാരാണ്, അല്ലെങ്കിൽ സ്ഥിരമായി താമസിക്കാനുള്ള അവകാശമുള്ള ആളുകൾ മാത്രമാണെന്നും കോമൺസിൽ സംസാരിക്കവെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള മൂർച്ചയുള്ള ഉപകരണമായി ഹോട്ടൽ ക്വാറന്റൈൻ 2021 ഫെബ്രുവരിയിലാണ് നടപ്പിലാക്കിയത്. കൂടാതെ ഏതെങ്കിലും പുതിയ വകഭേദങ്ങളും യുകെയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിനുമുള്ള മാർഗ്ഗമായും കൂടിയാണ് സർക്കാർ ഹോട്ടൽ ക്വാറന്റൈൻ അവതരിപ്പിച്ചത്.
ഡബ്ലിന്‍: അയർലണ്ടിലെ മലയാളികൾക്ക് ദുഃഖം നൽകി ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജിഷ സൂസന്‍ ജോണ്‍ (39) മരണമടഞ്ഞു. ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയാണ് പരേത. മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് ജിഷ സൂസൻ.
തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോൺ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ. ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജിഷ. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഹോസ്പിറ്റലില്‍ ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് ജിഷ മരണമടഞ്ഞത്.
ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ. അയർലണ്ടിലെ അത്ലോണിലും,ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും ജിഷ സൂസൻ ജോൺ നഴ്‌സായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യവേ ആണ് അയർലണ്ടിലേക്ക് കുടിയേറിയത്.
ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ശവസംസ്ക്കാരം സംബന്ധിച്ച വിവരം തീരുമാനമായിട്ടില്ല. ജിഷയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുമിത്രാദികളെ അറിയിച്ചുകൊള്ളുന്നു.
യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അവശ്യ ഗതാഗതം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ വിതരണങ്ങൾ, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, അവശ്യ പ്രതിരോധ സേവനങ്ങൾ, തദ്ദേശ സ്വയംഭരണം എന്നീ മേഖലകൾക്കാണ് പുതിയ ഇളവ് ബാധകം.
ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സെൽഫ് ഐസോലേഷൻ മതിയാക്കി ജോലിസ്ഥലത്തേക്ക് പോകാനും ദിവസേനയുള്ള കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ ജോലി തുടരാനും അനുമതിയുണ്ട്. എന്നാൽ ടെസ്റ്റിൽ പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ തുടരുകയും ക്വാറൻ്റീൻ ചട്ടങ്ങൾ പാലിക്കുകയും വേണം.
പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഇളവുകൾ ബാധകമാകൂ. മാത്രമല്ല ഇവർ രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ക്വാറൻ്റീനിൽ നിന്ന് ഒഴിവാക്കാവുന്ന നിർണായക ജോലികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മേൽപ്പറഞ്ഞ മേഖലകൾ ഒഴികെ ജോലികളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല.
ഉത്തരവിലെ അവ്യക്തത മൂലം നിർണായക സേവനങ്ങളിൽ പരിമിതമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഈ ഇളവുകൾ ലഭ്യമാകൂ എന്നാണ് സൂചന. മാത്രമല്ല, ഓഗസ്റ്റ് 16 വരെ മാത്രമാണ് ഈ ഇളവുകൾക്ക് പ്രാബല്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ ബ്രിട്ടനിൽ ഔദ്യോഗിക കണക്കുപ്രകാരം 39,906 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17.8 ശതമാനം കുറവാണ്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ് താൽക്കാലികം മാത്രമാണെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകി. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ പോൾ ഹണ്ടറിൻെറ അഭിപ്രായത്തിൽ പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് കാണിക്കുന്നുണ്ട്. പക്ഷേ ജൂലൈ 19 -ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷമുള്ള രോഗവ്യാപനം നിലവിലെ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വരും ആഴ്ചകളിൽ രോഗവ്യാപനം ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്നുള്ള സുരക്ഷാ മുന്നറിയിപ്പ് മൂലം ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതു മൂലമുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 16 മേഖലകളിൽ ജോലി ചെയ്യുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവുകൾ ബാധകം. ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേയ്ക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.
സ്റ്റോക്ക് ഓണ്‍ ട്രെന്ഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ചിരകാല അഭിലാഷത്തിന് സാക്ഷാൽക്കാരം. യുകെയിലേക്കുള്ള പ്രവാസജീവിത നാളുകലും വർഷങ്ങളും കടന്നു പോയിട്ടും തങ്ങളുടെ വിശ്വാസ ജീവിത സാഹചര്യങ്ങൾക്ക് ഒരു പള്ളി വേണം എന്ന ചിന്തയും അതിനുള്ള ശ്രമങ്ങളുമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.
യുകെ – അയർലൻഡ് ഇടവകകളുടെ പാത്രിയാർക്കൽ വികാരി അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയാണ് ഇതിനുള്ള അനുമതി കൊടുത്തിരിക്കുന്നത്. ‘സെന്റ് കുര്യയാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് കോൺഗ്രിഗേഷൻ’ എന്നാണ് സ്റ്റോക്ക് ഓൺ ട്രെന്റ് ഇടവകയെ നാമകരണം ചെയ്‌തിരിക്കുന്നത്. ഇരുപതോളം കുടുംബങ്ങൾ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇപ്പോൾ ഉള്ളത്. ഇടവക ഇൻചാർജ് ആയി ഫാദർ ഗീവർഗ്ഗീസ് തണ്ടായതിനാണ് ഇപ്പോഴുള്ള താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസികളുടെ നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ആകെതുകയാണ് സ്റ്റോക്ക് വിശ്വാസ സമൂഹത്തിന് ഉണ്ടായ ഇപ്പോഴത്തെ ആഗ്രഹ സഫലീകരണം. മാസത്തിലെ എല്ലാ മൂന്നാം ഞായറാഴ്ച്ചയും സ്റ്റോക്ക് ഓൺ ട്രെന്റിൽ കുർബാന ഉണ്ടാകുന്നതാണ്.
വിശ്വാസികൾ ആയിരിക്കുന്ന സ്ഥലത്തു തന്നെ ഒരു പള്ളി ലഭിച്ചപ്പോൾ അതിയായ സന്തോഷം ഇടവക അംഗങ്ങൾ പങ്കുവെക്കുന്നു. കേരളത്തിലെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും പ്രവാസികളായി യുകെയിലേക്കു പറിച്ചു നടപ്പെട്ട ആദ്യകാലങ്ങളിൽ ആര്ക്കും ഇല്ലാതിരുന്ന ആശങ്കകൾക്ക് തുടക്കം കുറിച്ചത് കുട്ടികൾ ഉണ്ടാകുകയും, അവരുടെ വളർച്ചയിൽ മാതാപിതാക്കൾ പിന്തുടർന്ന് വളർന്ന ജീവിത സാഹചര്യങ്ങളും മൂല്യങ്ങളും എങ്ങനെ പകർന്നു നൽകും എന്ന ചിന്ത ഉടലെടുത്തതോടെയാണ്.
കുട്ടികളുടെ ജീവിതത്തിൽ സ്വാധീനിക്കുന്നത് അവർ കാണുന്നതും ജീവിക്കുന്നതുമായ സമൂഹത്തിലെ സാമൂഹിക ചുറ്റുപാടുകൾ ആണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും നല്ലതേത് ചീത്തയേത് എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഒരു പരിധിവരെ വിശ്വാസങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ട വസ്തതുതയാണ്.
പള്ളിയുടെ ട്രസ്റ്റിയായി ബിനോയി കുര്യനും (07525013428) സെക്രട്ടറി ആയി റെയ്‌നു തോമസും (07916292493) സേവനം ചെയ്യുന്നു. എല്ലാ ശിശ്രുഷകൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും അംഗങ്ങളെയും പ്രാർത്ഥനാപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായും പള്ളി കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
നീരവ് മോദിക്ക് ആത്മഹത്യാപ്രവണത ഉണ്ടെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ അത് ബാധിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുംബൈ ആര്‍തര്‍ ജയിലിലെ മോശം സാഹചര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ആയിരിക്കില്ല നടക്കുകയെന്നും അഭിഭാഷകര്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജെറാള്‍ഡ് വാദിച്ചു.
കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് തന്നെ മോശം കാര്യമാണ്. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ലണ്ടനിലെ വാന്റ്‌സ്വര്‍ത്ത് ജയിലില്‍ വിചാരണ തടവുകാരനാണ് ഇപ്പോൾ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.