UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരിയെ ചെറുത്തുനിൽക്കാൻ മുൻനിര ഡോക്ടർമാരിൽ ഒരാളായി പ്രവേശിച്ച നിത്യയെന്ന ഡോക്ടറുടെ കഥ അല്പം വ്യത്യസ്തമാണ്. അയർലൻഡിൽ പഠിച്ചിട്ടില്ല എന്ന കാരണം കൊണ്ട് പലയിടത്തും പിന്നോട്ടടിക്കപ്പെട്ടതിന്റെ വേദന അവളുടെ വാക്കുകളിൽ സ്ഫുരിക്കുന്നു.

2017 ൽ കോ സ്ലിഗോയിൽ ആദ്യമായി വന്നിറങ്ങിയപ്പോൾ ഫിലിപ്പീൻകാരിയാണോ എന്ന ചോദ്യമാണ് ആദ്യം വരവേറ്റത്. ഇന്ത്യയിൽ നിന്ന് ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലി ചെയ്യാനാണ് താൻ എത്തിയിരിക്കുന്നത് എന്നറിഞ്ഞപ്പോൾ കേട്ടവരെല്ലാം അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്ന് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് യുകെയിലേക്കും അയർലൻഡിലേയ്ക്കുമുള്ള വർക്ക് പെർമിറ്റ് സംഘടിപ്പിച്ചത്. ആദ്യം വന്ന പരീക്ഷ ഐറിഷ് ആയതുകൊണ്ട് താൻ ഇവിടെ എത്തി എന്ന് നിത്യ വിശ്വസിക്കുന്നു. നിത്യ ജനിച്ചത് തമിഴ്നാട്ടിലാണ്. വൈദ്യ പഠനത്തിനു ശേഷം ആറ് ദിവസം എങ്കിലും ജോലി ചെയ്യണമായിരുന്നു. അതും ആഴ്ചയിൽ രണ്ട് ദിവസം നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ. പിന്നീട് മെഡിക്കൽ ജനറ്റിക്സിൽ ഉപരിപഠനം നടത്താൻ ആയി ഗ്ലാസ്ഗോയിലെത്തി. സ്കോട്ട്‌ലൻഡിലെത്തി കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ലിനിക്കൽ ജോലിയിലേക്ക് തന്നെ തിരിയുന്നതാണ് എന്ന് മനസ്സിലാക്കിയ നിത്യ തിരിച്ചു ചെന്നൈയിലെത്തി രണ്ടര വർഷം പ്രാക്ടീസ് തുടർന്നു.

എന്നാൽ താൻ ചെന്നൈയിൽ നടത്തിയ ഇന്റേൺഷിപ് അയർലൻഡിൽ ജോലിയിൽ പ്രവേശിക്കാൻ തടസ്സമാകുമെന്ന് നിത്യ അറിഞ്ഞിരുന്നില്ല. ഒടുവിൽ വെസ്റ്റ് അയർലൻഡ് സ്റ്റാമ്പ് ഫോർ വിസയ്ക്ക് ബ്യൂമൗണ്ട് ആശുപത്രിയിൽ ജോലിക്ക് കയറി. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവിടുത്തെ പ്രവർത്തനരീതികൾ. പക്ഷേ ആ ജോലിയാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നിത്യ കരുതുന്നുണ്ട്. 9 മാസത്തെ ജോലിക്ക് ശേഷം ടല്ലാട്ട് ആശുപത്രിയിൽ രജിസ്ട്രാർ ആയി ജോലിക്ക് കയറി. ബസിലും മറ്റുമായി ഒന്നര മണിക്കൂർ യാത്ര ചെയ്താണ് ദിവസവും ജോലി സ്ഥലത്തെത്തിയിരുന്നത്. വിചാരിച്ചതിനേക്കാൾ കടുപ്പം ആയിരുന്നു ജോലി. എല്ലാവരും കരുതിയത് താൻ നിർത്തി പോകുമെന്നാണ്. എന്നാൽ ആറുമാസം കാലാവധി പൂർത്തിയാക്കിയതോടെ അത് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ജോലിക്ക് കയറാൻ കഴിഞ്ഞു. ആ സമയത്താണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ രോഗം പടരുന്നതായി അറിഞ്ഞു. ഏകദേശം അതേ സമയം തന്നെയാണ് അമ്മയും അനന്തരവനും തനിക്കൊപ്പം സമയം ചെലവഴിക്കാൻ ഇന്ത്യയിൽനിന്ന് എത്തിയത്. ഒരു വർഷത്തോളം ഇരുവരും തനിക്കൊപ്പം കുടുങ്ങിപ്പോയി. ഓരോ തവണയും ആശുപത്രിയിൽനിന്ന് തിരിച്ചെത്തുമ്പോൾ ഒരു വയസ്സുള്ള കുഞ്ഞിനും 60 വയസ്സുള്ള അമ്മയ്ക്കും രോഗം താൻ പകർന്നു നൽകുമോ എന്ന ചിന്തയിലായിരുന്നു. ഓരോ വട്ടം ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തുമ്പോഴും അമ്മ തന്നെ അണുനശീകരണം ചെയ്തു. കോവിഡ് അവാർഡുകളിൽ തുടർച്ചയായി മണിക്കൂറുകൾ ജോലി ചെയ്തു. ഒരു പരിഭവവും ഉണ്ടായിരുന്നില്ല. എന്നാൽ, പ്രോട്ടോകോൾ പ്രകാരം താൻ എല്ലാ സഹപ്രവർത്തകരേക്കാളും താഴെ ആണെന്ന് മനസ്സിലായി. എന്തിന് അപേക്ഷിച്ചാലും ഏറ്റവുമൊടുവിൽ ആവും പരിഗണിക്കപ്പെടുക.

ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് തനിക്ക് ഒരു വിവേചനവും നേരിടേണ്ടിവന്നിട്ടില്ല നിത്യ പറയുന്നു. പക്ഷേ നിയമം സ്വദേശികൾക്കും, രാജ്യത്ത് നിന്നും നിയമം പഠിച്ചവർക്കും, സ്വദേശികളെ വിവാഹം കഴിച്ചവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ഒടുവിൽ എല്ലാം മതിയാക്കി തിരിച്ചു പോകാൻ നിത്യ തീരുമാനിച്ചു. 32 വയസ്സുണ്ട് എന്താണ് നേടിയത് എന്ന ചോദ്യത്തിന് ചിലനേരം ഉത്തരമില്ല.

മലയാളികളുടെ വിഷു ആഘോഷത്തിനു ഭാഗമാകാൻ കേരളത്തിൽനിന്നു പുറപ്പെട്ട നേന്ത്രൻ ലണ്ടൻ തീരത്തോട് അടുക്കുന്നു. ഇന്ന് ലണ്ടനിലെ ഗേറ്റ്‌വേ തുറമുഖത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറമുഖത്തെത്താൻ 3–4 ദിവസംകൂടിയെടുക്കും. പോർട്ടിലെ തിരക്കുമൂലം കപ്പൽ പുറത്തു കാത്തുകിടക്കുകയാണ്.

‌ഏതായാലും ലണ്ടൻ മലയാളികൾക്ക് വിഷുവിന് കേരളത്തിലെ തനത് രുചിയറിയാം. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നേന്ത്രൻ കഴിക്കാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.

ഈ മാസം ആദ്യവാരം ലണ്ടനിലേക്ക് പുറപ്പെട്ട കപ്പലിന് സൂയസ് കനാലിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നില്ല. ഭീമൻ ചരക്കു കപ്പൽ സൂയസ് കനാലിലെ ഗതാഗതം തടപ്പെടുത്തിയതിനു മുൻപേതന്നെ കേരളത്തിൽനിന്നുള്ള നേന്ത്രനുമായി കപ്പൽ സൂയസ് കനാൽ താണ്ടിയിരുന്നു. ഒരുപക്ഷേ കനാൽ കടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ലണ്ടനിലേക്കുള്ള കയറ്റുമതി. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റിയ 10 ടൺ പച്ച നേന്ത്രക്കായ ഈ മാസം അഞ്ചിനായിരുന്നു പുറപ്പെട്ടത്. 25 ദിവസത്തെ യാത്രയിലാണ് കപ്പൽ ഗേറ്റ് വേ തുറമുഖത്തോട് അടുത്തത്. വരും ദിവസങ്ങളിൽ തുറമുഖത്ത് പ്രവേശിക്കുന്ന കപ്പലിൽനിന്ന് കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.

ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85% വിളഞ്ഞ കായ്കൾ ഫെബ്രുവരി 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്താണ് കയറ്റുമതിക്ക് തയാറാക്കിയത്.
ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പെണ്ണ് കുനിയുന്നതിന്റെയും നിവരുന്നതിന്റെയുമൊക്കെ അളവു നോക്കി നിന്ന ഇവനയൊക്കെ പണ്ടേ ആരോ ഒതുക്കിട്ടുണ്ട് . അതാണ് പെണ്ണെന്നു കേൾക്കുന്നതേ ഇവനൊക്കെ പേടി.

മഞ്ഞപ്പിത്തമുള്ളവൻ നോക്കുന്നതൊക്കെ മഞ്ഞയായി മാത്രം കാണുന്നവനേക്കാൾ താൻ കാണുന്ന കളറിന് പല ഷേഡുകൾ കൂടെ ഉണ്ടെന്നു മനസിലാക്കാൻ കഴിയുന്നവനാകണം ഒരു ജനനേതാവ് . അല്ലാതെ പെണ്ണുങ്ങളെ ഒരു ആണു നോക്കുമ്പോഴേ ഗർഭമുണ്ടകുമെന്നു കരുതി തലകുനിച്ചു നിക്കുന്നവനെയോ, ഭാരതീയ സ്ത്രീകളോട് സൂര്യാസ്തമയം വരെ ഭവ്യതയും അസ്തമയം കഴിയുമ്പോൾ തനികോണവും കാണിക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങളെയോ അല്ല നമുക്കിന്നാവശ്യം. അതുമല്ലെങ്കിൽ ആരൊക്കെയോ പലവട്ടി ശർദ്ദിച്ചു കുന്നുകൂട്ടിയ പല പഴയ ആശയങ്ങളുടെയും മറവിൽ അവനവന്റെ മാത്രം കുംഭനിറച്ചിട്ടും മതിയാവാതെ ജനങ്ങൾ കേട്ടുമടുത്ത ചില പഴങ്കടകഥകൾ പിന്നെയും പിന്നെയും പറഞ്ഞു അങ്ങാടിയിൽ ചുറ്റിക്കറങ്ങുന്നവനൊക്കെ ജോലി രാജി വച്ചു ചുരുണ്ടു കൂടാൻ നേരമായിട്ടും വീടണയാതെ തന്റെ പൊട്ടത്തരങ്ങളൊക്കെ വമ്പൻ ആശയങ്ങളാക്കി വിളമ്പുന്നവനെയല്ലിന്നാവശ്യം.

മറിച്ച് ആണിനേം പെണ്ണിനേം കണ്ടും കേട്ടും അറപ്പു മാറിയ, അവരുടെ മുമ്പിൽ കൈ വിറയ്ക്കാതെ സംസാരിക്കാനറിയാവുന്നൊരു ജനനേതാവിനെയാണ് നമുക്ക് വേണ്ടത് . അല്ലാതെ പെണ്ണൊന്നു നോക്കിയാൽ ചഞ്ചലിച്ചു പോവുമെന്നു ഭയന്നും കപടസദാചാര മുഖം മൂടി അഴിഞ്ഞു വീഴുമെന്നുമൊക്കെ കരുതി പെണ്ണുങ്ങൾ കൂടുന്നോടത്തു പോവാതെ പരിശുദ്ധത ചമയുന്നവനും എന്നാൽ നേരമിരുട്ടിയാൽ. സോഷ്യൽ മീഡിയയിൽ കത്തുന്ന പച്ച ലൈറ്റിൽ മാത്രം പെണ്ണുങ്ങളെ പെണ്ണുങ്ങളാണെന്ന് മനസിലാക്കുന്നവനെ നമുക്കിന്നാവശ്യമില്ല .

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ പ്ലാനെറ്റിലുള്ള ജീവജാലങ്ങളാണെന്നു മനസിലാക്കി അവരുടെ ഇടയിലേക്ക് രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ഇറങ്ങി ചെല്ലാനും ഹസ്തദാനം നൽകാനും അവരോടൊത്തു ആടാനും പാടാനുമൊക്കെ തക്ക മനക്കരുത്തുള്ളവനേയാണ് ഇന്നാവശ്യം . അല്ലാതെ പെണ്ണിനെ വേറെയേതോ പ്ലാനെറ്റിൽ നിന്നും വന്നൊരു ജീവിമാതിരി ഒളിഞ്ഞും പാത്തും നോക്കിയും, പതുങ്ങിയിരുന്നാക്രമിച്ചു കീഴടക്കാൻ വെമ്പൽ കൊള്ളുന്നവനൊക്കെ താനാശിച്ച ഇരുട്ടുകളികൾ മറ്റൊരാൾ ഒട്ടും പതറാതെ പൊളിച്ചെഴുതി അവരുടെ ഉന്നമനത്തിനായി ചെയ്യുന്നതുകാണുമ്പോൾ പലർക്കും കുരുപൊട്ടുന്നതിൽ എന്തതിശയം ?

ശർദിച്ചാകെ മിനകെടാക്കിയിട്ടു സോറി പറഞ്ഞാൽ മണം പോകുമോ ? കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുക . ഇതൊക്കെ മനസിലായ സ്ഥിതിക്ക് നോക്കീം കണ്ടുമൊക്കെ ഇനി എന്ത് ചെയ്യണമെന്നു ജനങ്ങൾ തീരുമാനിക്കുക …

 

2003 ൽ തന്റെ പതിനാറാം വയസ്സിൽ 1.8 മില്യൺ പൗണ്ട് (17 കോടി 98 ലക്ഷം) ലോട്ടറി അടിച്ച പെൺകുട്ടിയുടെ കഥ അന്ന് ലോകമെങ്ങും ചർച്ചയായിരുന്നു. എന്നാൽ ഇന്ന് സർക്കാർ നൽകുന്ന തുച്ഛമായ പണമാണ് ഇവരുടെ ജീവിതത്തിലെ ഏക ആശ്രയം. കിട്ടിയ കോടികൾ ധൂർത്തടിച്ച് നശിപ്പിച്ച കഥയാണ് ഇന്ന് ഇവർക്ക് ലോകത്തോട് പറയാനുള്ളത്. കംബ്രിയ സ്വദേശിനി കാലീ റോജേഴ്സാണ് ഇന്ന് പണത്തിനായി കഷ്ടപ്പെടുന്നത്.

കൊക്കെയ്ൻ ഉപയോഗിച്ച നിലയിൽ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട ശേഷം കോടതിയിൽ എത്തിയപ്പോഴാണ് കാലീയുടെ ജീവിതകഥ പുറം ലോകമറിയുന്നത്. 33കാരിയായ കാലീ ഇപ്പോൾ 4 കുട്ടികളുടെ അമ്മയുമാണ്. കോടികൾ കൈവന്നശേഷം ഒട്ടേറെ പ്രണയ ബന്ധങ്ങളും ഇവർക്കുണ്ടായി.

ലോട്ടറി അടിച്ച സമയത്തുതന്നെ ഒന്നേമുക്കാൽ കോടിയിലധികം രൂപ വിലവരുന്ന ബംഗ്ലാവിലേക്ക് ഇവർ കാമുകനൊപ്പം താമസം മാറിയിരുന്നു. രണ്ടരകോടിക്ക് മുകളിൽ സുഹൃത്തുക്കൾക്ക് ലഹരിമരുന്ന് പാർട്ടി നൽകാൻ ചെലവഴിച്ചെന്നും ഇവർ പറയുന്നു. മൂന്നു കോടിയോളം രൂപയുടെ ആഢംബര വസ്ത്രങ്ങളും വാങ്ങിക്കൂട്ടി. ഒൻപത് കോടിയോളം രൂപ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇന്ന് എല്ലാം നഷ്ടപ്പെട്ട് സർക്കാർ നൽകുന്ന ധനസഹായം കൈപ്പറ്റിയാണ് ജീവിക്കുന്നത്.

അയർലൻഡിലെ ‘ഐറിഷ് കൈരളി ക്ലബ് ‘ ഫേസ്‍ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അയർലൻഡിലും, യുക്കെയിലും താമസിക്കുന്ന, ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും , സാധാരണക്കാര്‍ക്കുമായി, ‘All Ireland -UK Photography Contest 2021’ നടത്തപ്പെടുന്നു.

ഫോട്ടോഗ്രാഫി മേഖലയിൽ പ്രാവീണ്യം തെളിയിച്ച, പ്രഗൽഭരായ ചിത്രഗ്രാഹകരാണ് ഈ മത്സരത്തിന്റെ ജഡ്ജിങ് പാനലിൽ, വിധികർത്താക്കളായി എത്തുന്നത്. മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ ഫോട്ടോഗ്രാഫി ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫറും,
നിരവധിഹിറ്റ് സിനിമകളുടെ ഫോട്ടോഗ്രാഫറുമായ ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫറും, ഫോട്ടോഗ്രാഫി ഇൻസ്ട്രക്ടറുമായാ ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ്‌ നിങ്ങളുടെ ചിത്രങ്ങൾ മൂല്യനിർണയം നടത്തുന്നത്.

ഈ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനങ്ങളായ, ക്യാഷ് പ്രൈസും, ട്രോഫിയും സ്പോൺസർ ചെയ്‌തിരിക്കുന്നത്, അയർലണ്ടിലെയും യുകെയിലെയും പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ് കെന്നഡി സോളിസിറ്റർസ് ആണ്.

ഫോട്ടോഗ്രാഫിയെന്ന കലയെ നിങ്ങൾ അഗാധമായി പ്രണയിക്കുന്നുണ്ടെങ്കിൽ, ആ നിങ്ങളുടെ ഉള്ളിലെ സർഗ്ഗാത്മകതയായ ക്യാമറയുടെ ലെൻസ് തുറക്കൂ, ലോകം അറിയട്ടെ നിങ്ങളുടെ ഉള്ളിലെ ആ ഫോട്ടോഗ്രാഫറിനെ !

NB: മത്സരത്തിന്റ് വിഷയവും, നിയമവലിയും ‘Irish Kairali Club’ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. മത്സരത്തിൽ വിജയികൾ ആകുന്നവരുടെ ഫോട്ടോകൾ, അയർലൻഡ് – യു.ക്കെയിലെയും, നാട്ടിലെയും, പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് Irish kairali club facebook page – സന്ദർശിക്കുക .
https://www.facebook.com/groups/126002979374966/permalink/160026332639297/

Anil Joseph Ramapuram -+353 899536360
Syam Shanmughan – + 353 87 421 3209.

ഫോട്ടോഗ്രാഫിയുടെ വിഷയം – SPRING (വസന്തകാലം)
Spring All Ireland- UK, Photography Contest 2021.
വസന്തകാലത്തെ വരവേൽക്കാനായി, ഐറിഷ് കൈരളി ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരം

ഫോട്ടോഗ്രാഫി മത്സര നിബന്ധനകൾ

1. അയർലൻഡ് -യുക്കെയിൽ താമസിക്കുന്ന, ഫോട്ടോഗ്രാഫി പ്രൊഫഷന്‍ ആയി സ്വീകരിച്ചവര്‍ക്കും, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും , സാധാരണക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

2. പ്രൊഫഷണല്‍ ക്യാമറ ഉപയോഗിച്ചും മൊബൈല്‍ ക്യാമറ ഉപയോഗിച്ചും ഉള്ള ഫോട്ടോകള്‍ സ്വീകരിക്കുന്നതാണ്.

3. ഫോട്ടോകള്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എഡിറ്റിംഗ് അനുവദനീയമല്ല. കൃത്രിമ ഫോട്ടോകള്‍ എന്‍ട്രികളായി സ്വീകരിക്കുന്നതല്ല.

4. ഫോട്ടോകളില്‍ മത്സരാര്‍ത്ഥിയെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകാന്‍ പാടില്ല.

5. ഫോട്ടോയോടൊപ്പം ക്യാപ്ഷന്‍ ഉണ്ടായിരിക്കണം.

6.മത്സരത്തിന് ഒരാള്‍ക്ക് രണ്ട് എന്‍ട്രികള്‍ വരെ അയക്കാം. നിലവാരമില്ലാത്ത ഫോട്ടോകള്‍ മത്സരത്തില്‍ പരിഗണിക്കില്ല.

7.ഫോട്ടോകൾ അയക്കുന്ന ഇ-മെയിലിൽ ഫോട്ടോ എടുത്ത ആളുടെ പേര്, മൊബൈല്‍ നമ്പര്‍, ഫോട്ടോ എടുത്ത മൊബൈല്‍ അല്ലെങ്കില്‍ ക്യാമറയുടെ പേര് എന്നിവ ഉണ്ടായിരിക്കണം.

8. ജഡ്ജിങ് പാനൽ തിരഞ്ഞെടുക്കുന്ന ആദ്യ മുപ്പത് ചിത്രങ്ങൾ, ഐറിഷ് കൈരളി ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതായിരിക്കും.

9. മത്സരത്തില്‍ ജഡ്ജിങ് പാനൽ നിശ്ചയിക്കുന്ന ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും കൂടാതെ, ഐറിഷ് കൈരളി ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ, അപ്‌ലോഡ് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്ന ചിത്രത്തിന് ‘ജനപ്രിയ ഫോട്ടോ ഗ്രാഫി’ അവാർഡും നൽകപ്പെടുന്നു.

10. ഒന്നിൽ കൂടുതൽ ഫോട്ടോകൾക്ക്, ലൈക്കുകൾ ഒരുപോലെ വരുകയാണെങ്കിൽ, ഫോട്ടോകൾക്ക് കിട്ടിയ കമന്റുകൾ കൂടി പരിഗണിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയിയെ തീരുമാനിക്കുക.

11.ഫോട്ടോയ്ക്ക് ആയിരിക്കും പ്രാധാന്യം. മൊബൈല്‍/ ക്യാമറ എന്നീ വേര്‍തിരിവുകള്‍ ഉണ്ടായിരിക്കുന്നതല്ല.

12.മത്സരം നിബന്ധനകള്‍ക്ക് വിധേയം, അഡ്മിന്‍ പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

13. അവസാന റൗണ്ടിൽ എത്തുന്ന മത്സരാർഥികൾ Consent form-ൽ ഒപ്പിട്ട് നൽകേണ്ടതാണ്.

14. എന്‍ട്രികള്‍ ഏപ്രിൽ 15 -ആം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ പറയുന്ന ഇമെയിലിൽ അയച്ചു തരുക.-

[email protected]

15. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഡബ്ലിൻ ജുഡീഷ്യറിയുടെ പരിധിയിലായിരിക്കും.

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ

സീറോ മലബാർ പ്രവാസി സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.

ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.

ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.

പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാനാ വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.

ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം . എന്നാൽ കുരിശുരൂപം കേരളത്തിൽ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് പ്രചാരത്തിലാകുന്നത്. അതിനും വളരെ മുമ്പ് തന്നെ ഈ പേര് ഈ അപ്പത്തിനുണ്ടായതിൽ നിന്നും നമ്മുടെ പൂർവ പിതാക്കന്മാർ വിശുദ്ധഗ്രന്ഥം വായിക്കുന്ന പതിവില്ലാത്തവരായിരുന്നെങ്കിൽ കൂടിയും (വിശുദ്ധഗ്രന്ഥം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല. ഇന്ത്യയിലെ ഭാഷകളിലേക്കുള്ള തർജ്ജമകൾ വളരെ താമസിച്ചാണുണ്ടായത്.), വേദപുസ്തകത്തിലെ വിവരണങ്ങൾ പല മാർഗ്ഗങ്ങളിൽ കൂടി അറിയുന്നതിൽ ഉത്സാഹികളായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, പുസ്തകമില്ലാതെ തന്നെ, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കൈമാറുന്നതിൽ തീക്ഷ്ണതയുണ്ടായിരുന്ന ഒരു ജനതയുടെ പിന്മുറക്കാരാണ് നമ്മൾ എന്ന്, കുടുംബങ്ങളിലെ പെസഹാ ആചരണം ഓർമ്മപ്പെടുത്തുന്നു. നാല്പതാം വെള്ളിയാഴ്ച ഉണ്ടാക്കുന്ന കൊഴിക്കട്ടയ്ക്കും (ചിലയിടങ്ങളിൽ ശനിയാഴ്ച – കൊഴിക്കൊട്ട ശനി) ഇങ്ങനെയൊരു ചരിത്രം പറയാനുണ്ട്.

കേരളത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ ഇണ്ടറിയപ്പം ആവിയിൽ പുഴുങ്ങിയാണ് (വട്ടയപ്പം പോലെ) ഉണ്ടാക്കുന്നതെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ മറ്റൊരു രീതിയിലാണുണ്ടാക്കുക. വായ് വലുതായ ഒരു കലത്തിനുള്ളിൽ കുറേ മണൽ ഇട്ടശേഷം അതിൻറെ മുകളിൽ ഒരു കിണ്ണത്തിൽ അപ്പത്തിനായി തയ്യാറാക്കിയ കൂട്ട് വയ്ക്കുന്നു. കിണ്ണത്തിന് മീതെ വേറൊരു ചെറിയ കലം വച്ച് അതിനുള്ളിൽ തീക്കനൽ ഇടുന്നു. അതിനുശേഷമാണ് അടുപ്പിൻ മേൽ വയ്ക്കുക. ഇങ്ങനെ ചൂടേറ്റ മണലിനും തീക്കനലിനുമിടയ്ക്കിരുന്ന് ഉണങ്ങിയ അപ്പം തയ്യാറാകുന്നു. കലത്തപ്പം എന്നും ഇതിന് പേരുണ്ടായതങ്ങനെയാണ്.

വീട്ടിലെ കുരിശു വരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.

ഓർത്തഡോക്സ്, യാക്കോബായ സമൂഹങ്ങളിലെ പല കുടുംബങ്ങളിലും ഈ ക്രമം നടപ്പിലുണ്ട്. ഒരുകാലത്ത് ഒന്നായിരുന്ന മാർ തോമാ നസ്രാണികളുടെ പൊതുവായ പാരമ്പര്യമാണ് ഇത് എന്നതിനുള്ള തെളിവാണ് ഈ വസ്തുത.

യഹൂദരുടെ പെസഹാ ഭക്ഷണത്തിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതു പോലെ തന്നെ നമ്മുടെ കുടുംബങ്ങളിൽ ഈ പ്രത്യേക ആചരണത്തിനുള്ള അപ്പത്തിൽ പുളിപ്പ് ഉപേക്ഷിക്കുന്നു എന്ന യാഥാർഥ്യവും ശ്രദ്ധേയമാണ്.

എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ് .എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.

ഇണ്ടറി അപ്പം മുറിക്കൽ പള്ളികളിലോ അസോസിയേഷനുകളിലോ നടത്തേണ്ട കർമ്മമല്ല. കുടുംബങ്ങളിലെ അനുഷ്ഠാനമാണത്. ഇടവകയെ വലിയ കുടുംബമായി സങ്കൽപ്പിച്ച്‌ കുടുംബനാഥനായ വികാരിയച്ചൻ അപ്പം മുറിക്കുന്നത് ഉചിതമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. മറ്റു കുടുംബങ്ങളുടെയോ ബന്‌ധുക്കളുടെയോ മരണം കുടുംബങ്ങളിലെ പെസഹാ ആചരണത്തിന് തടസമാകാറില്ല . അതേ സമയം, മരണപ്പെട്ട ആളുടെ അസാന്നിധ്യം അപ്പം മുറിക്കാതിരിക്കാനുള്ള കാരണമായി ഒരു കുടുംബം കരുതുന്നുവെങ്കിൽ അതിനെ ആർക്കും കുറ്റപ്പെടുത്താനുമാവില്ല.

ഇണ്ടറി പുഴുങ്ങുമ്പോൾ പൊട്ടി കീറുകയോ മറ്റോ ചെയ്താൽ ദോഷമാണെന്ന കേട്ടുകേൾവിയെ ഭയന്ന് അപ്പമുണ്ടാക്കുവാൻ മടിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇങ്ങനെയൊരു കേട്ടുകേൾവി ബുദ്ധിയുള്ള ഏതെങ്കിലും പിതാമഹനോ മഹിതയോ പറഞ്ഞു പരത്തിയതാകാനിട. അപ്പം പൊട്ടിക്കീറാനിടവരുന്നത് കൂട്ട് ശരിയാകാതെ വരികയോ തീ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ്. അതീവശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഇണ്ടറിയപ്പവും പാലും തയ്യാറാക്കേണ്ടത് എന്ന് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാവണം ഈ കേട്ടുകേൾവിയുണ്ടായത്.

കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല . അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ മറന്നു കളയാതിരിക്കാനുള്ള സാമാന്യയുക്തി നമുക്കുണ്ടാകട്ടെ .

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ                ഗ്രേറ്റ്‌ ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയാണ്. കൂടാതെ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൻ്റെ ഡയറക്ടർ എന്നീ മേഘലകളിൽ പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.

 

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ള വാർത്തയല്ല ഇനി കേൾക്കാൻ പോകുന്നത്. ഇതുവരെ യുകെമലയാളികളെ തട്ടിപ്പിൽ നിന്നും രക്ഷിക്കുന്നതിന് ഉതകുന്ന ഒരുപിടി വാർത്തകൾ മലയാളം യുകെ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും എന്താണ്, എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നവർ വളരെ കുറവ്. ഒരുപക്ഷെ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല എന്ന ചിന്തയായിരിക്കാം. ഇനി ചതിക്കപ്പെട്ട ചിലരാകട്ടെ എന്തോ അപമാനം സംഭവിച്ചതുപോലെ ഒരാളോടും പറയാതെ മൂടി വയ്ക്കുന്നു. എന്നാൽ നാം അത് കൂട്ടുകാരോടുപോലും പങ്കുവെക്കാതെ പോകുമ്പോൾ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾക്ക് സഹായം ആണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുക.

ഇനി സംഭവത്തിലേക്ക്..

തട്ടിപ്പ് നടക്കുന്നത് കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതി ഉച്ചക്ക് രണ്ട് മണിയോടെ ബാസിൽട്ടൻ, സൗത്ത് എൻഡ് ഓൺ സീക്ക് അടുത്തായി… ഈ മലയാളി നേഴ്സ് യുകെയിൽ എത്തിയത് കഴിഞ്ഞ 2020 ആഗസ്റ്റിൽ. ഇംഗ്ലീഷ് പരീക്ഷകൾ എല്ലാം പാസ്സായി ഇവിടെയെത്തി, പിന്നീട് NHS ( Natioanl Health Service) വർക്ക് പെർമിറ്റ് ലഭിച്ചത്. യുകെയിൽ എത്തി കടമ്പകൾ എല്ലാം കടന്ന് പിൻ നമ്പറും ലഭിച്ചു. ഏതൊരാളെപോലെയും എത്രയും പെട്ടെന്ന് ഭർത്താവിനെയും കുഞ്ഞിനേയും യുകെയിൽ എത്തിക്കുക എന്ന ചിന്തയോടെ അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് ചതിയന്മാരുടെ ഫോൺ എത്തുന്നത്.

നാട്ടിലേക്കുള്ള എല്ലാ പേപ്പർ വർക്കുകളൂം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ NHS മലയാളി നേഴ്സ്. അക്കൗണ്ടിൽ ആവശ്യത്തിന് പണം വേണം ഭർത്താവിനും കുട്ടിക്കും യുകെയിലേക്ക് വിസ ലഭിക്കുവാൻ. ഒരു കാരണവശാലും അക്കൗണ്ടിൽ പണം ഇല്ലാത്തതുകൊണ്ട് വിസ കിട്ടാതെപോവരുത് എന്ന തീരുമാനത്തോടെ ചിലവുകൾ ക്രമീകരിച്ചു. ഈ മാസത്തെ ബാങ്ക് സ്‌റ്റേറ്റ് മെന്റ് ലഭിക്കുന്നതോടെ വിസക്കുള്ള പേപ്പറുകൾ കേരളത്തേക്ക് അയക്കാം. വന്ന സമയത്തു ലോക്ക് ഡൗൺ ആയിരുന്നതിനാൽ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ സാധിച്ചില്ല. ഓൺലൈൻ ബാങ്കിങ് മാത്രമുള്ള ബാങ്കിലാണ് അക്കൗണ്ട് തുറന്നത്.

കോവിഡ് ഒരു വഴിക്ക് ഭയപ്പെടുത്തുന്നുണ്ടെകിലും, പലപ്പോഴും വഴിമുടക്കിയായി മുന്നിൽ എത്തി. കാരണം തന്റെ ഭർത്താവും കുഞ്ഞും വരുന്നതിന് മുൻപ് വീട് തരപ്പെടുത്തണം. RIGHT MOVE എന്ന പ്രസിദ്ധമായ സൈറ്റിലൂടെ അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. പല വീടുകൾ കണ്ടശേഷം തിരിച്ചു താമസ സ്ഥലത്തേക്ക് നടന്നു പോകവെയാണ് ഈ നഴ്സിന്റെ കൊച്ചു ജീവിതത്തിലെ സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ഫോൺ എത്തുന്നത്.

യുകെയിലെ നിയമങ്ങളെക്കുറിച്ചു വലിയ പിടുത്തമില്ലാത്ത ഈ മലയാളി നഴ്‌സിനെ കെണിയിൽ പെടുത്താൻ ഉതകുന്ന ഫോൺ കാൾ. വിളിക്കുന്നത് HMRC യിൽ നിന്നും ആണെന്ന് വെളിപ്പെടുത്തിയ ഈ വ്യക്തി, മലയാളി നഴ്‌സിന്റെ പേര്, അഡ്രസ്, എന്നുവേണ്ട തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒന്നിന് പിറകെ ഒന്നായി ചെവിയിൽ എത്തിയപ്പോൾ സംശയിക്കാൻ ഇടമില്ലായിരുന്നു.

ഇതുവരെ ഈ ടാക്‌സ് നൽകിയിട്ടില്ലെന്നും ഉടൻ അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞപ്പോൾ കണ്ണിൽ ഇരുട്ടുകയരുന്ന അവസ്ഥ. ഓർമ്മയിൽ തെളിഞ്ഞത് ഭർത്താവിനെയും കുഞ്ഞിനെയും.. ജീവിതം ഇരുൾ അടയുകയാണെല്ലോ എന്ന ചിന്തയിൽ ഒരിക്കൽ പോലും തന്റെ കുടുംബത്തെ കാണാൻ ഒരു അവസരം പോലും ഇല്ല എന്ന ചിന്ത…  മലയാളി നഴ്‌സിന്റെ വാക്കുകൾ പുറത്തേക്ക് വരുന്നത് ബ്രേക്ക് ആവുന്ന സാഹചര്യം… മലയാളം യുകെയോട് ഈ നേഴ്സ് തുടർന്നു. റോഡിനരുകിൽ നിന്നുകൊണ്ടാണ് ഈ ഫോൺ അറ്റൻഡ് ചെയ്‌തത്‌. വണ്ടി പോകുന്ന ശബ്ദം കേൾവിയെ തടസപ്പെടുത്തി എങ്കിലും അവർ ഭീഷണികൾ തുടന്നു. നിൽക്കുന്ന സ്ഥലത്തുനിന്നും നിന്നെ അറസ്റ്റുചെയ്യാൻ പോകുന്നു എന്ന് കൂടി അറിയിച്ചു. പകച്ചുപോയ ഈ മലയാളി നഴ്സിനോട് പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നും അതിന് നാല് ക്രൈറ്റീരിയ ആണ് ഉള്ളതെന്നും ഇവർ അറിയിച്ചു.

ഈ മലയാളി നേഴ്സ് വന്നത് കോവിഡ് ലോക്ക് ഡൗൺ കാലത്തു ആയതുകൊണ്ട് ടാക്‌സ് കോഡ് ലഭിച്ചിരുന്നില്ല. ഈ കഴിഞ്ഞ മാസമാണ് ടാക്സ് കോഡ് ലഭിച്ചത്. സ്വാഭാവികമായും ഈ ഫോൺ കാൾ സത്യമാണ് എന്ന് വിശ്വസിക്കാൻ ഇടവന്നതിന്റെ കാരണം എന്നും ഈ മലയാളി നേഴ്സ് മലയാളം യുകെയോട് വെളിപ്പെടുത്തി.

ആദ്യ ക്രൈറ്റീരിയ അവർ പറഞ്ഞു. കിട്ടിയ വരുമാനത്തിന്റെ ടാക്‌സ് അധികമായി നൽകേണ്ട തുക £779.50 ഇപ്പോൾ തന്നെ കൊടുക്കണം. ഇതിനോടകം ഈ മലയാളിയുടെ ഫോൺ ഹാക്ക് ചെയ്‌തിരുന്നു. രണ്ടാമത്തെ ക്രൈറ്റീരിയ വന്നു. പണമിടപാട് നടന്നു എന്ന് തിരിച്ചറിയാൻ 2400 പൗണ്ട് കൊടുക്കണം. 45 മിനിറ്റുകൾക്കുള്ളിൽ ഈ തുക തിരിച്ചു നിങ്ങളുടെ അക്കൗണ്ടിൽ ഇടുമെന്നും ഉള്ള ഒരു ഉറപ്പും ലഭിച്ചു. അതും  രണ്ട് ട്രാൻസാക്ഷൻ ആയിട്ട് നൽകണമെന്നും. ആദ്യ തുക £999.00. തുടർന്ന് ബാക്കിയായ £1401.൦൦.

എന്നാൽ £999.00 ന്റെ ഇടപാട് പരാജയപ്പെട്ടു എന്നും വീണ്ടും ചെയ്യണമെന്നും നിർദ്ദേശം. പണമിടപാട് പരാജയപ്പെട്ടു എന്ന് കാണിക്കുന്ന ഒരു ഫേക്ക് വെബ് പേജ് ഈ നഴ്സിന്റെ ഫോണിൽ ഹാക്കർമാർ എത്തിക്കുകയായിരുന്നു. വീണ്ടും £999.00

മൂന്നാമത്തെ ക്രൈറ്റീരിയ എത്തി.. അത് സോളിസിറ്റർ.. ഈ കേസുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സോളിസിറ്റർ വീട്ടിൽ പിറ്റേന് തന്നെ എത്തുമെന്നും അവർ കൊണ്ടുവരുന്ന പേപ്പറുകളിൽ ഒപ്പിട്ടാൽ ഈ വിഷയം തീരുമെന്നും അറിയിച്ചു. അതിനായി വക്കീൽ ഫീസ് ആയി കൊടുക്കേണ്ടത് £998.32. അങ്ങനെ ഹാക്കർമാർ പറ്റിച്ചു മേടിച്ച ആകെ തുക £5186.00. (അതായത് Rs. 5,18,600). പണം നഷ്ട്ടപ്പെട്ടതിൽ ദുഃഖം ഉണ്ടെങ്കിലും പ്രതീക്ഷിച്ച സമയത്തു ഭർത്താവിനെയും കുഞ്ഞിനേയും എത്തിക്കുവാൻ സാധിക്കുമോ എന്നതിൽ ആണ് താൻ കൂടുതൽ വിഷമിക്കുന്നത് എന്നും അവർ വെളിപ്പെടുത്തി.

ഇനി യുകെയിൽ എത്തുന്ന മലയാളി നഴ്സുമാർ അറിയാൻ..

താഴെ കാണുന്ന HMRC യുടെ വെബ്സൈറ്റ് കാണുക.. കൂട്ടുകാരുമായി ഷെയർ ചെയ്യുക വഴി മറ്റൊരാൾക്ക് സംഭവിക്കാതെയിരിക്കട്ടെ.

https://www.gov.uk/government/publications/phishing-and-bogus-emails-hm-revenue-and-customs-examples/phishing-emails-and-bogus-contact-hm-revenue-and-customs-examples

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ മുതിർന്ന പൗരന്മാർക്കെല്ലാം വാക്സിൻ നൽകി കഴിഞ്ഞാൽ ബ്രിട്ടൻ വാക്സിൻ പാസ്പോർട്ട് നടപ്പിലാക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി ബോറിസൺ സൂചന നൽകി. വാക്സിൻ പാസ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത മാസം തന്നെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഉയർന്നുവരുന്ന പ്രായോഗികവും ധാർമ്മികവുമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും ഏപ്രിൽ 12 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾ തുറക്കുമ്പോൾ വാക്സിൻ എടുത്തെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അടുത്ത ആറുമാസം കൂടി ഗവൺമെന്റിന് അധികാരം നൽകാൻ പാർലമെൻറ് തീരുമാനിച്ചു. 408 പേർ അനുകൂലിച്ചപ്പോൾ 76 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്നലെ രാജ്യത്ത് പുതിയതായി 6397 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ യുകെയിൽ 63 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത് . ഒരാഴ്ച മുമ്പത്തെ അപേക്ഷിച്ച് മരണ നിരക്കിലും കുറവുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 29 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു.

ബെല്‍ഫാസ്റ്റിൽ ഞായറാഴ്ച ( 21-3-2021) നിര്യാതനായ കിടങ്ങൂര്‍ ചെറുമണത്ത് ജീവന്‍ തോമസിന്റെ (49) മൃതസംസ്‌ക്കാരം 29-3-21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്(ഇന്ത്യൻ സമയം) യു.കെ യില്‍ നടക്കും.

മൃതസംസ്‌ക്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രം യൂട്യൂബ് ചാനലിലും, സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലിലും ഉണ്ടായിരിക്കുന്നതാണ്.

( ഡെന്‍ ബോക്‌സ് നമ്പര്‍-620, കേരളവിഷന്‍ ബോക്‌സ് നമ്പര്‍-48).

29-3-21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ പരേതനുവേണ്ടി ദിവ്യബലിയും, പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അമേരിക്ക : വിസയുടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ലോകത്തെ 70 മില്യൺ സ്റ്റോറുകളിൽ ക്രിപ്‌റ്റോകറൻസിയിൽ ഷോപ്പിംഗ് നടത്തുവാൻ സൗകര്യം ഒരുക്കുന്നതോടൊപ്പം, എല്ലാ ക്രിപ്റ്റോ കറൻസികളും വാങ്ങുവാനും വിൽക്കുവാനും ഉള്ള സൗകര്യം ഒരുക്കുമെന്ന് വിസയുടെ സി ഇ ഒ ആൽഫ്രഡ് കെല്ലി വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോകറൻസി മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ  അത് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ബിറ്റ് കോയിന്റെ വിലയിൽ അടുത്തിടെയുണ്ടായ വർധന കണക്കിലെടുത്ത് വിസ കൂടുതൽ മുഖ്യധാരയിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു. ” ഞങ്ങൾ രണ്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്. വിസ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ബിറ്റ് കോയിൻ വാങ്ങുന്നത് പ്രാപ്തമാക്കുക എന്നതാണ് ഒന്ന്. ചില ബിറ്റ് കോയിൻ വാലറ്റുകളുമായി ചേർന്ന് പ്രവർത്തിച്ച് ബിറ്റ് കോയിൻ ഒരു ഫിയറ്റ് കറൻസിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ വിസ സ്വീകരിക്കുന്ന ലോകത്തെ 70 മില്യൺ സ്ഥലങ്ങളിൽ ഉടനടി ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.” കെല്ലി വ്യക്തമാക്കി.

ഒരു പുതിയ പേയ്‌മെന്റ് വാഹനമാകാനുള്ള ശക്തമായ സാധ്യത ഞങ്ങൾ കാണുന്നു. വാസ്തവത്തിൽ, ലോകമെമ്പാടും വളർന്നുവരുന്ന ക്രിപ്റ്റോ വിപണിയെ വേഗത്തിലാക്കാൻ ഞങ്ങൾക്ക് കഴിയും . ഈ വിപണിയിൽ  വിസ ധാരാളം സ്ഥാപനങ്ങളുമായി ഒന്നിച്ച്  പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉപയോക്താക്കൾക്ക് അവരുടെ വിസ കാർഡുകൾ ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ പ്രാപ്തരാക്കുന്നതിനോ അല്ലെങ്കിൽ ആഗോളതലത്തിൽ വിസ സ്വീകരിക്കുന്ന 70 ദശലക്ഷം വ്യാപാരികളിൽ  ഏതെങ്കിലും ഫിയറ്റ് കറൻസികൾ സ്വീകരിക്കുന്ന വാലറ്റുകളും എക്സ്ചേഞ്ചുകളുമായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും വിസ അവരുടെ ഓഹരി ഉടമകളെ അറിയിച്ചു.

വിസ ഒരിക്കലും ക്രിപ്റ്റോ കറൻസിയിൽ പണമിടപാടുകൾ അനുവദിക്കില്ലെന്നും , കാരണം ഇത് ഒരു പേയ്‌മെന്റ് സംവിധാനമല്ലെന്നും , ഞങ്ങൾ ഫിയറ്റ് കറൻസി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ മാത്രമേ നടത്തുകയുള്ളെന്നും  വിസയുടെ സി ഇ ഒ യായ ആൽഫ്രഡ് കെല്ലി 2018 ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് 2021 ൽ  ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവുകൾ വർദ്ധിച്ചപ്പോൾ അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോ കറൻസികൾ മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ ക്രിപ്റ്റോ കറൻസികളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മാറ്റി പറയേണ്ടി വന്നിരിക്കുന്നു. ലോകസാമ്പത്തിക വിപണി ക്രിപ്റ്റോ കറൻസികളെ പൂർണ്ണമായും അംഗീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .

RECENT POSTS
Copyright © . All rights reserved