കോവിഡ് പ്രതിസന്ധിയിൽ ശ്വാസംമുട്ടുന്ന ഇന്ത്യക്ക് ബ്രിട്ടന്റെ സഹായവുമായി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം വെള്ളിയാഴ്ച പുറപ്പെട്ടു. വടക്കൻ അയർലണ്ടിൽ നിന്ന് ബെൽഫാസ്റ്റിൽ നിന്നാണ് വിമാനം പറന്നുയർന്നത്. മൂന്ന് 18 ടൺ ഓക്സിജൻ ഉപ്ദനയൂണിറ്റുകൾ, 1,000 വെന്റിലേറ്ററുകൾ എന്നിവയാണ് വിമാനത്തിലുള്ളത്.
അന്റോനോവ് 124 വിമാനത്തിൽ ഉപകരണങ്ങൾ കയറ്റാൻ എയർപോർട്ട് ജീവനക്കാർ രാത്രി മുഴുവൻ പ്രവർത്തിച്ചു. വിമാനം ഞായറാഴ്ച രാവിലെ ഡൽഹിയിൽ ഇറങ്ങും. റെഡ് ക്രോസിന്റെ സഹായത്തോടെ ഈ ഉപകരങ്ങൾ ആശുപത്രികൾക്ക് എത്തിച്ചുനൽകും.
ഓക്സിജൻ ഉൽപാദന യൂണിറ്റിന് 40 അടി വലുപ്പമാണുള്ളത്. ഇതിൽനിന്നും മിനിറ്റിൽ 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിക്കും. ഒരു സമയം 50 ആളുകൾക്ക് ഉപയോഗിക്കാൻ ഇത് മതിയാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മെയ് 17 മുതൽ ബ്രിട്ടനിലെ സെക്കൻഡറി സ്കൂൾ കുട്ടികൾ ക്ലാസ്സുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. ക്ലാസ്മുറികളിൽ മുഴുവൻ സമയവും ഫെയ്‌സ് മാസ്ക് ധരിക്കുന്നതുമൂലം കുട്ടികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഭൂരിപക്ഷം അധ്യാപക യൂണിയനുകളും കുട്ടികൾ ക്ലാസ് മുറികളിൽ മുഖാവരണം ധരിക്കണമെന്ന അഭിപ്രായക്കാരാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്ലാസ് മുറികൾ വീണ്ടും രോഗം പടർന്നു പിടിക്കുന്നതിൻെറ ഉറവിടങ്ങൾ ആയേക്കാമെന്ന ഭയപ്പാടിലാണ് അധ്യാപകരും രക്ഷിതാക്കളും.
എന്നാൽ അണുബാധ നിരക്ക് കുറയുകയും ഭൂരിപക്ഷം ആൾക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് കിട്ടി കഴിയുകയും ചെയ്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ക്ലാസ് മുറികളിൽ ഫെയ്‌സ് മാസ്ക് ഉപയോഗിക്കണമെന്ന നിബന്ധന ഇളവ് ചെയ്യുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. എന്നാൽ ഫെയ്സ് മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജൂൺ 21 വരെ തുടരണമെന്ന ആവശ്യമാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരിക്കുന്നത്. ഈ ആവശ്യവുമായി വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് അവർ കത്തയച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് നൽകിയ മാനസികസമ്മർദ്ദവും ലോക്ഡൗണും മൂലം രാജ്യത്ത് മദ്യത്തിൻറെ ഉപയോഗം വളരെ കൂടിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മദ്യവുമായി ബന്ധപ്പെട്ട മരണനിരക്ക് 2020-ൽ ഏറ്റവും കൂടുന്നതിന് കോവിഡും ലോക്ഡൗണും കാരണായതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. മദ്യവുമായി ബന്ധപ്പെട്ട് 20% കൂടുതൽ മരണങ്ങളാണ് മുൻവർഷത്തെ അപേക്ഷിച്ച് 2020-ൽ സംഭവിച്ചത്. കണക്കുകൾ പ്രകാരം ഏകദേശം 7500 പേരാണ് മദ്യപാനത്തെ തുടർന്നുണ്ടായ രോഗങ്ങൾ മൂലം മരണപ്പെട്ടത്. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗത്തിൻറെ വർധനവും ഏറ്റവും കൂടുതലായതായി റിപ്പോർട്ടിൽ പറയുന്നു.
ലോകഡൗണും മറ്റ് സാമൂഹിക നിയന്ത്രണങ്ങളും ജനങ്ങളിലെ മദ്യപാനാസക്തിയെ വർദ്ധിപ്പിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒറ്റപ്പെടൽ,വിരസത,മഹാമാരിയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ നേരിടാൻ ലോക്ക്ഡൗൺ സമയത്ത് ആളുകൾ പതിവിലും കൂടുതൽ മദ്യപിച്ചിട്ടുണ്ടെന്ന് പല സർവ്വേകളും വെളിപ്പെടുത്തിയിരുന്നു. കോവിഡ് രോഗികളുടെ ആധിക്യംമൂലം ഹോസ്പിറ്റലുകൾ തിങ്ങിനിറഞ്ഞപ്പോൾ മദ്യപാനവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾക്ക് ശരിയായ ചികിത്സ ലഭ്യമാകാതിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് കരുതപ്പെടുന്നത്. സമ്പന്ന പ്രദേശങ്ങളെ അപേക്ഷിച്ച് ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്നവർ മദ്യപാനത്തോട് അനുബന്ധമായുള്ള രോഗങ്ങളാൽ മരണമാകാനുള്ള സാധ്യത നാലിരട്ടി ആണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോവിഡ് കാലയളവിൽ വിഷമദ്യവുമായി ബന്ധപ്പെട്ട കേസുകളിലും വൻവർദ്ധനവാണ് ഉണ്ടായത്. വിഷ മദ്യവുമായി ബന്ധപ്പെട്ട് മുൻവർഷത്തേക്കാൾ 16 ശതമാനം വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയിലേക്കുള്ള ഔദ്യോഗിക പര്യടനം റദ്ദാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വെർച്വൽ മീറ്റിംഗ് നടത്തി. രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തു. യൂറോപ്യൻ യൂണിയന് മുമ്പ് തന്നെ ഇന്ത്യയുമായി സമ്പൂർണ്ണ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ബ്രിട്ടീഷ് സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, ഇന്ത്യയിലെ യുവാക്കൾക്ക് രണ്ട് വർഷം വരെ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അനുമതി ബ്രിട്ടൻ ഉറപ്പാക്കും. 18-30 വയസ്സിനിടയിലുള്ള മൂവായിരത്തോളം ഇന്ത്യൻ ബിരുദധാരികൾക്ക് ഓരോ വർഷവും യുകെയിൽ പ്രവേശിക്കാനുള്ള അനുമതി നൽകും. അവർക്ക് ഇവിടെ ജോലി തേടാനും 24 മാസം വരെ താമസിക്കാനും കഴിയും. ഇന്ത്യയിൽ താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന യുവ ബ്രിട്ടീഷുകാർക്കും ഇത് ബാധകമാണ്. ഇതിനെ പിന്തുണയ്ക്കുന്ന പുതിയ മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ എഗ്രിമെന്റ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഡിഗ്രി/ ഡിപ്ളോമ യോഗ്യത ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇവർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടതുണ്ട്. മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ സ് കീം അനുസരിച്ച് ബ്രിട്ടനിലെത്താൻ താല്പര്യമുള്ളവർ 2,530 പൗണ്ട് സേവിംഗ് സ് തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കണം. ഇപ്പോൾ ഈ പദ്ധതി പ്രകാരം ഓസ്ട്രേലിയ, ക്യാനഡ, ഹോങ്കോങ്ങ്, ജപ്പാൻ, ന്യൂസിലൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ യുവാകൾക്ക് മാത്രമേ ബ്രിട്ടനിൽ തുടരാൻ അനുവാദമുള്ളൂ. ഇരു രാജ്യങ്ങളിലെയും ചെറുപ്പക്കാർക്ക് വിവിധ സംസ് കാരങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും സഹായകമാകുന്നതാണ് പുതിയ പദ്ധതി. നിയമവിരുദ്ധ കുടിയേറ്റക്കാരെ നീക്കംചെയ്യാനും ഇത് യുകെയെ സഹായിക്കും. ബ്രെക് സിറ്റിന് ശേഷം മൈഗ്രേഷന്റെ എണ്ണം കുറയ്ക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്. മികച്ച വിദ്യാഭ്യാസമുള്ളവരെയും ഉയർന്ന ശമ്പളമുള്ള പ്രൊഫഷണലുകളെയും നിലനിർത്തുന്ന പോയിൻറ് അധിഷ്ഠിത സംവിധാനത്തിലൂടെ കൂടുതൽ വിദഗ് ധ തൊഴിലാളികളെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.
flags of UK and India painted on cracked wall
വിവിധ വ്യാപാര കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടണും ഒരു ബില്യൺ പൗണ്ടിൻ്റെ വ്യാപാര കരാർ ഒപ്പുവച്ചു. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭയാനകമായ സാഹചര്യത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. അടുത്ത ദശകത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. കാരണം ഇരു രാജ്യങ്ങളും തങ്ങളുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.
ലിവർപൂൾ വിസ്റ്റണിൽ താമസിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ഭാര്യ ജൂലി ഫിലിപ്പിന്റെ പിതാവ് ആന്റണി ചാക്കോ 80 വയസു നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു ,പരേതൻ വടക്കാഞ്ചേരി കണ്ണങ്കര സെന്റ് ജോസഫ് പള്ളി ഇടവക അംഗമാണ് .
ആന്റണി ചാക്കോയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃത്തുക്കൾക്കും ഒപ്പം ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. .
ആന്റണി ചാക്കോയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളിയായ വിൽസൺ പിറവം ആലപിച്ചിരിക്കുന്ന കർത്താവാം ദൈവമെന്നെ വിളിച്ചിടുമ്പോൾ, ദൈവാത്മാവാം ചൈതന്യമേ എന്നീ ഗാനങ്ങൾ ശ്രദ്ധേയമാകുന്നു . മഹാമാരിയുടെ സമയത്ത് രോഗികൾക്ക് പ്രത്യാശയും സമാധാനവും ജനഹൃദയങ്ങളിലേയ്ക്ക് ആത്മീയ ഉണർവും നൽകുന്നതാണ് രണ്ടു ഗാനങ്ങളും. പോട്ട ആശ്രമത്തിലെ ബഹുമാനപ്പെട്ട ജോർജ് പനയ്ക്കൽ അച്ചനോടും ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിൽ അച്ചനോടും കൂടി ഗാനശുശ്രൂഷകളിലൂടെയും സുവിശേഷ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനായ ബ്രദർ ടോമി പുതുക്കാടാണ് ഈ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിതനായി രോഗക്കിടക്കയിൽ കിടന്നപ്പോൾ കിട്ടിയ ആത്മീയ ദർശനമാണ് ഈ ഗാനങ്ങൾ എഴുതാൻ ബ്രദർ ടോമിയെ പ്രേരിപ്പിച്ചത്. ഈ രണ്ടു ഗാനങ്ങൾക്കും ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് പോട്ട ആശ്രമത്തിലെ ജേക്കബ് കൊരട്ടി ആണ്.
മനസ്സ് നിർമ്മലമാക്കുന്ന ഈ ഗാനങ്ങൾ ആസ്വാദകർക്കായി സമർപ്പിക്കുന്നു.
സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തിൽ നിന്ന് ബി ജെ പി യെ പൂർണ്ണമായും ഒഴിവാക്കിയെന്ന് ഓർത്ത് സന്തോഷിക്കുന്ന മലയാളിയാണ് നിങ്ങളെങ്കിൽ ഓർക്കുക കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു വലിയ അപകടം കൂടിയാണ്. കാരണം ഇന്ത്യയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല എന്ന് ഉറപ്പുള്ള സംസ്ഥാനങ്ങളിൽ പോലും കോടികൾ ചിലവാക്കി ബി ജെ പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പിന്നിൽ ചില വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വോട്ടിംഗ് മെഷിൻ തട്ടിപ്പിലൂടെയും, വർഗ്ഗീയ കാർഡുകൾ ഇറക്കിയും ഭരണം നേടിയെടുക്കാവുന്ന സംസ്ഥാനങ്ങളിൽ വളരെ പെട്ടെന്ന് പിടിമുറുക്കികൊണ്ട് അല്ലാത്ത സംസ്ഥാനങ്ങളിൽ മറ്റ് കപട മാർഗ്ഗങ്ങളിലൂടെ പിടിമുറുക്കുക എന്ന തന്ത്രമാണ് അവർ ഉപയോഗപ്പെടുത്തുന്നത്. അത്തരം സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ തന്നെയാണ് അവർ ഈ മാർഗ്ഗത്തിനായി ഉപയോഗപ്പെടുത്തുന്നത്.
കേരളം ബി ജെ പിയെ സംബന്ധിച്ച് അത്തരം ഒരു സംസ്ഥാനം തന്നെയാണ് . കാരണം ബി ജെ പിക്കറിയാം ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെയോ , വർഗ്ഗീയത പ്രചരിപ്പിച്ചോ ഭരണം നേടുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്ന്. എന്നാൽ ഇതേ സംസ്ഥാനത്ത് നടന്ന ഈ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനാർഥികളായ സുരേന്ദ്രനും , ശ്രീധരനും , സുരേഷ് ഗോപിയുമൊക്ക തോറ്റിരിക്കുന്നത് വെറും ആയിരത്തിനും പതിനായിരത്തിനുമിടയ്ക്കുള്ള വോട്ടുകൾക്കാണ്. യഥാർത്ഥ കണക്ക് പുറത്ത് വരുമ്പോൾ പലയിടത്തും മൂന്നാം സ്ഥാനത്ത് എത്തിയെന്നും അറിയാൻ കഴിയും. വിജയത്തിന് ആവശ്യമായ ഈ കുറച്ച് വോട്ടുകൾ അടുത്ത് വരുന്ന ഇല്കഷനുകളിൽ ബി ജെ പിക്ക് വളരെ നിസ്സാരമായി ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് ഓർത്തിരിക്കുക. അത് എങ്ങനെയാണ് അവർ ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു സീറ്റ് പോലും മത്സരിച്ച് ജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ഇന്ന് എങ്ങനെയാണ് ബി ജെ പി മന്ത്രിസഭകൾ വന്നതെന്ന് പഠിച്ചാൽ മനസ്സിലാകും.
ഇപ്പോൾ ബി ജെ പി കേരളത്തിൽ നേടിയ വോട്ടുകൾ പൂർണ്ണമായും വർഗ്ഗീയത പ്രചരിപ്പിച്ച് അവർ നേടിയ വോട്ടുകളാണ്. അത് അടുത്ത തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്ന് അവർക്കറിയാം. ഇനിയും വിജയിക്കാൻ വേണ്ട വോട്ടുകൾ വെറും അഞ്ചോ പത്തോ ശതമാനം കൂടി മതി. അതിനായി അവർ ആദ്യം ഉപയോഗിക്കുന്നത് കേരളത്തിലും ഇന്ത്യയിലും ഇല്ലാതായികൊണ്ടിരിക്കുന്ന കോൺഗ്രസ്സിലെ നേതാക്കളെ തന്നെയായിരിക്കും. ഇനിയും കേരളത്തിലെ കോൺഗ്രസ്സിൽ നിന്നുകൊണ്ട് യാതൊരു പ്രയോജനം ഇല്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട് അവർ കോൺഗ്രസ്സ് നേതാക്കളിൽ പലരേയും കോടികൾ നൽകി ബി ജെ പിയിൽ എത്തിക്കും.
ചെറിയ ചെറിയ പാർട്ടികളിലെ എം എൽ എ മാരെയും നേതാക്കളെയും വിലയ്‌ക്കെടുക്കും. വിദ്യാസമ്പന്നർ എന്നും, നിക്ഷപക്ഷർ എന്നും തോന്നിക്കുന്ന ആളുകൾക്ക് പല അവാർഡുകളും , സ്ഥാനമാനങ്ങളും നൽകി ബി ജെ പിയിൽ എത്തിക്കും. അഴിമതിക്കാരായ നേതാക്കളെ സി ബി ഐ , ഇ ഡി പോലെയുള്ള സംവിധാനങ്ങളെ വച്ച് ഭീക്ഷണിപ്പെടുത്തി ബി ജെ പിയിൽ എത്തിക്കും. പണം നൽകി ബി ജെ പി അനുകൂല വാർത്തകൾ നൽകാൻ കഴിയുന്ന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും അല്ലെങ്കിൽ പുതിയവ ഉണ്ടാക്കും. പല ജാതി മത സംഘടനകളിലെയും പുരോഹിതരേയും മറ്റ് നേതാക്കളെയും ഞങ്ങളാണ് ന്യുനപക്ഷ സംരക്ഷകർ എന്ന് പറഞ്ഞു ബി ജെ പി കൂടെ കൂട്ടും. അങ്ങനെ അടുത്ത ഇലക്ഷനിൽ ജയിക്കാൻ ആവശ്യമായ നിസ്സാര വോട്ടുകൾ അവർ നേടിയെടുക്കും. ഇതേ രീതി നടപ്പിലാക്കിയാണ് അവർ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഭരണം നേടിയിരിക്കുന്നത്.
ഇത് കോൺഗ്രസ്സ് നേതാക്കളെ ഉപയോഗപ്പെടുത്തി കേരളത്തിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അവർ ഉടൻ ആരംഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച ഏക സീറ്റായ നേമം ഇല്ലാതായല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും ഇപ്പോൾ എന്നാൽ ഇക്കുറി ബി ജെ പി ക്ക് എം എൽ എ മാരെ കിട്ടിയില്ലെങ്കിലും അവർക്ക് മറ്റ് സംസ്ഥാനങ്ങളിലെ പോലെ എം എൽ എ മാരെ ഉണ്ടാക്കുവാനുള്ള ഏറ്റവും നല്ല രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടായിരിക്കുന്നു എന്നാണ് തിരിച്ചറിയേണ്ടത്. ഇടതുപക്ഷ വിരുദ്ധരായ കോൺഗ്രസ് നേതാക്കൾ ഭരണം കിട്ടിയില്ലെങ്കിൽ ബി ജെ പിയിലേയ്ക്ക് പോകും എന്ന് പറഞ്ഞതിനെ നിസ്സാരമായി കാണരുത്.
ബി ജെ പിയെയും ഇടതുപക്ഷത്തെയും എതിർക്കുന്ന എല്ലാ കൂട്ടായ്മകൾക്കും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന നല്ലൊരു ക്രിയാത്മക പ്രതിപക്ഷ കൂട്ടായ്മ കേരളത്തിൽ ഉടൻ ഉണ്ടാകണം. അങ്ങനെ ബി ജെ പിയുടെ രാഷ്ട്രീയ കച്ചവടത്തിന് തടയിടണം. ആ കൂട്ടായ്മ ബി ജെ പി യുടെ എല്ലാത്തരം ജനവിരുദ്ധ നിലപാടുകളെയും തുറന്ന് കാട്ടുന്ന രീതിയിൽ പ്രവർത്തിക്കണം , അതോടൊപ്പം ബി ജെ പി യിലെയും കോൺഗ്രസ്സിലെയും നിക്ഷപക്ഷരായ ആളുകളെ ആകർഷിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാപരമായ ഭരണം ഇടതുപക്ഷ മന്ത്രിസഭയിൽ നിന്ന് ഉണ്ടാകണം. അതോടൊപ്പം ദേശീയ തലത്തിൽ ഒന്നിക്കാവുന്ന എല്ലാത്തരം പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പ്രതിപക്ഷ കൂട്ടയ്മയ്ക്ക് വഴിയൊരുക്കുവാൻ കേരളം മുൻകൈയ്യെടുക്കണം. ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ബി ജെ പി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കിയ അതേ കപട രാഷ്ട്രീയ തന്ത്രം കേരളത്തിലും നടപ്പിലാക്കുമെന്നുറപ്പാണ്.
എനിക്ക് രാഷ്ട്രീയപരമായി വല്ല അറിവൊന്നും ഇല്ല . വളർന്നു വന്ന സാഹചര്യവും അറിവും അനുസരിച്ച് എപ്പോളും സപ്പോർട്ട് ചെയ്യുന്നതും അംഗീകരിക്കുന്നതുമായ ഒരു പാർട്ടി കോൺഗ്രസ് ആണ്. പക്ഷെ ഇത്രയും നാൾ നേരിട്ടു കണ്ടു അറിഞ്ഞ ആൾ എന്ന നിലയിൽ LDF ചെയ്യുന്ന പല കാര്യത്തിലും ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്നതാണ്. ഒരു പാർട്ടിയിൽ എല്ലാവരും നല്ലവരാകണമെന്നില്ല. എന്തിനേറെ യേശു ക്രിസ്തുവിന്റെ ടീമിൽ പോലുമില്ലായിരുന്നോ മാറ്റിനിർത്തപ്പെടേണ്ട വ്യക്തിത്വങ്ങൾ…
പക്ഷെ അത് മാറ്റിവച്ചിട്ടു ചിലകാര്യങ്ങൾ നമ്മൾ നോക്കികാണുകയാണെങ്കിൽ ആരോഗ്യ സംരക്ഷണം അത് നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഒന്നാണ്. അതിൽ ഒരു പരിധിവരെ ഇന്നത്തെ കേരള സർക്കാർ വിജയിച്ചു എന്ന് നമുക്ക് പലവട്ടം മനസിലായ കാര്യമാണ് .
അത് നിപ്പയുടെ കാര്യം തന്നെയെടുക്കുക. നമ്മളുടെ വീടുകൾ തോറും കയറി ഇറങ്ങി ബോധവത്കരിച്ചും ഹൈജീൻ കിറ്റുകൾ കൊടുത്തും ഉയർത്തിയപോലെത്തന്നെ വെള്ളപൊക്കം വന്നപ്പോളും ആ ഒരു സർക്കാരിന്റെ കഴിവിൽ പിടിച്ചുനിന്നവരാണ് നമ്മൾ മലയാളികൾ .
ഇതിനിടയിൽ ആരോമൂലം ഇല്ലാതാക്കപ്പെട്ട ചില കുഞ്ഞുങ്ങളുടെ ഏങ്ങലടികളും വറ്റിയ മാറുകളുടെ ശാപങ്ങളും അനാധമാക്കപ്പെട്ട ചില കുടുംബങ്ങളുടെ കണ്ണുനീരും ആർക്കൊക്കയോ വേണ്ടി ജയിലറക്കുള്ളിലകപ്പെട്ടു കുടുങ്ങിപ്പോയ ശബദമില്ലാ മുറവിളികളുടെയും മറ്റുപല അരോചക മരണങ്ങളുടെ മണവും… ഓട്ടകൾ ഉണ്ടായിരുന്ന ഖജനാവ് വിളക്കിച്ചേർക്കുന്നതിന് പകരം ഓട്ടകൾ വലുതാവുകയും, വിള്ളലുകൾ രൂപപ്പെടുകയും ചെയ്ത സാഹചര്യമാണ് നമുക്ക് ചുറ്റിലുമുള്ളതെങ്കിലും…
നമ്മുടെ സർക്കാരിന്റെ ചില ആത്മസമർപ്പണവും കഴിവുകളും ഈ ഒരു മഹാമാരിയിലും തുടരുന്നുവെന്നത് നമ്മൾ മറന്നൂടാ. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി പൂത്തതും പഴകിയതുമായ ധാന്യവർഗ്ഗങ്ങൾ കൊടുത്തു സർക്കാർ മനുഷ്യനെ വഞ്ചിച്ചുവെന്ന് പറയുമ്പോളും ആരോടും പറയാതെ ആ ധാന്യത്തിന്റെ ബലത്തിൽ മാത്രം ജീവൻ പിടിച്ചുനിർത്തിയ എത്ര എത്ര കുഞ്ഞുങ്ങൾ, അമ്മമാർ, വയറൊട്ടിയ കുടുംബനാഥൻമാർ ഉണ്ടായിരുന്നുവെന്ന് എല്ലാവരും അറിയണമെന്നില്ല. കാരണം പലരും കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പരത്തുന്നതിന്റെയും വാശിയിലും തിരക്കിലുമായിരുന്നു.
ഇന്നത്തെ അവസ്ഥ തന്നെ നോക്കുക നോർത്ത് ഇന്ത്യയിൽ ഓക്സിജൻ ഇല്ലാതെ ജനങ്ങൾ വഴിയിൽ കിടന്നു മരിക്കുന്നു. സംസ്കരിക്കാൻ ആളും സ്ഥലവും ഇല്ലാതെ പോവുന്ന എത്ര എത്ര മരവിച്ച ദേഹങ്ങൾ. താൻ പ്രസവിച്ചു മുലയൂട്ടി വളർത്തിയ കുഞ്ഞ് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നതു കാണേണ്ടിവരുന്ന എത്ര എത്ര അമ്മമാർ. തനിക്കു താങ്ങും തണലുമായി നിന്നവളുടെ മരവിച്ച ശരീരം എങ്ങോട്ടെന്നില്ലാതെ ദിശ അറിയാതെ സൈക്കിളിൽ കെട്ടി ഏങ്ങി എങ്ങി പോകുന്ന വേറൊരു പടു വൃദ്ധനെ ഇന്നലെയും നമ്മൾ കണ്ടു മറന്നു . ഇനിയും നമ്മൾ അറിയാത്തതും കേൾക്കാത്തതുമായ എത്രയോ രോദനങ്ങൾ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഏതോ ഒരു കോണിൽ കത്തി ചാമ്പലായിട്ടുണ്ടാവാം .
അതേസമയം നമ്മളുടെ കൊച്ചു കേരളത്തിൽ നമുക്കു സ്വന്തമായി വാക്‌സിൻ മേടിച്ചു തന്റെ ജനങ്ങളെ സംരക്ഷിക്കുന്ന, ഓക്സിജൻ ഷാമം നേരത്തെ നോക്കിക്കണ്ടു നമ്മളെ ജീവിക്കാൻ സഹായിക്കുന്ന, പൂത്തതെന്നും പഴയതെന്നും പറഞ്ഞു ആർത്തുചിരിക്കുന്ന മുഖങ്ങൾക്കു പിടികൊടുക്കാതെ തങ്ങളുടെ കർത്തവ്യങ്ങൾ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്ന ഈ ഒരു ഗവൺമെന്റിൽ അഭിമാനം മാത്രം.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തം പാർട്ടി എന്നത് ഒരു പുറം ചട്ട മാത്രമാണ് .മനുഷ്യർ എവിടെ മനുഷനാകുന്നുവോ അവിടെ മതമോ പാർട്ടിയോ തീർത്തും അപ്രസിദ്ധമാകുന്നു. നല്ലതു ചെയ്യുന്ന മനഷ്യനെ കുറിച്ച് നല്ല രണ്ടു വാക്കു പറയണമെങ്കിൽ അത് അത് അവരുടെ ചേതനയറ്റ ശരീരത്തിനു മുമ്പിൽ മാത്രമേ ആകുകയുള്ളു എന്ന സ്വഭാവം ചില പാർട്ടി ഭ്രാന്തും മതഭ്രാന്തും പിടിച്ചവരുടെ സ്വഭാവം ആയി പോയി. അരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ നിങളുടെ ദൈവിക കരങ്ങളെ പാർട്ടി നോക്കാതെ ഇഷ്ടപെടുന്ന ഒരു പാട് ആൾക്കാർ നിങ്ങൾക്ക് ചുറ്റുമുണ്ട് . കൂടുതൽ ഊർജം പേറി മുമ്പോട്ടു പോകുക . ഒന്നും നിങ്ങളുടെ മനസ്സിനെ തളർത്താതെ ഇരിക്കട്ടെ.
ഇനിയും ഒട്ടേറെ നന്മയും സ്നേഹവുമൊക്കെയായ് നമ്മുടെ ഈ കൊച്ചു കേരളം വളർന്നു പന്തലിക്കട്ടെ ഈ ചുവന്ന കുടക്കീഴിൽ …..
അഭിനന്ദനങ്ങൾ
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് നേഴ്സുമാരും 16 കോവിഡ് രോഗികളും ഉൾപ്പെടെ 18 പേർ ഐസിയുവിൽ ഉണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സംഭവം നടന്നത് ഗുജറാത്തിലെ ബറുച്ചിൽ പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ്. ഇന്നലെ പുലർച്ചെയുണ്ടായ സംഭവത്തിൽ അമ്പതിലേറെ പേർ ചികിത്സയിൽ ഉണ്ടായിരുന്ന ഐസിയു പൂർണമായും കത്തിനശിച്ചു. വൈദ്യുത തകരാറാണ് അപകടകാരണം എന്നാണ് സംശയിക്കുന്നത്.
ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 401993 കോവിഡ് കേസുകളാണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇത് ലോക രാജ്യങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതലാണ്. ഇന്നലത്തെ രോഗബാധിതരുടെ എണ്ണവും കൂടി കണക്കിലെടുത്താൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 19.1 ദശലക്ഷത്തിന് മുകളിലായി കോവിഡ് രോഗികളുടെ എണ്ണം. ഇന്നലെ 3523 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. എന്നാൽ മരണസംഖ്യയും രോഗവ്യാപനവും ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബേസിൽ ജോസഫ്
ഈ റെസിപ്പിക്ക് കാരണമായത് പ്രിയ സുഹൃത്തായ അജിത് പാലിയത്തിന്റെ പൈ പുരാണം എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. അപ്പോൾ മനസ്സിലായി മലയാളികൾക്ക് ഒക്കെ പൈ ഇഷ്ടമാണ് പക്ഷെ അതിൽ പാരമ്പരഗതമായി ഉപയോഗിക്കുന്ന ഫില്ലിംഗ് ആണ് എല്ലാവർക്കും ഇഷ്ടക്കുറവ് അപ്പോൾ ആലോചിച്ചു എങ്ങനെ നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇതിനെ ഒന്ന് മാറ്റിയെടുത്താലോ എന്ന്. വീക്കെൻഡ് കുക്കിംഗ് സീസൺ 2 ടീമുമായി ഈ ആശയം പങ്കുവച്ചു. അവസാനം വിന്താലു മസാലയിൽ പോർക്ക് ജോയിന്റ് സ്ലോ കുക്ക് ചെയ്ത് പോർക്ക് ഫില്ലിംഗ് ഉണ്ടാക്കിയാൽ ഏറെ വ്യത്യസ്തമായിരിക്കും എന്ന ഒരു തീരുമാനത്തിൽ എത്തിച്ചേരുകയും അത് പരീക്ഷിക്കുകയും ചെയ്തു. വിന്താലു മസാല ആണ് ഈ ഡിഷിന്റെ കാതൽ. വിന്താലു എന്ന പേര് പോർച്ചുഗീസ് ഡിഷ് ആയ “carne de vinha d’alhos” നിന്നും ഉണ്ടായതാണ്. വിശദമായ പാചക വിധി താഴെ വിവരിക്കുന്നു.
ചേരുവകൾ
1)പോർക്ക് മീഡിയം സൈസ് ജോയിൻറ് (750 ഗ്രാം )
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റൽ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
കറുവാപട്ട 1 പീസ്
ശർക്കര 25 ഗ്രാം
മഞ്ഞൾ പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 കപ്പ് (50 മില്ലി)
3) ടൊമറ്റോ 1 എണ്ണം
4)ഓയിൽ 2 ടീസ്പൂണ്‍
5)പഫ് പേയ്സ്റ്റ്റി ഷീറ്റ്സ് – 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
വിന്താലു മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകൾ വിനാഗിരിയിൽ ചേർത്ത് അരച്ച് എടുക്കുക്കുക. നല്ല കുഴിവുള്ള ഒരു പാനിൽ (കാസറോൾ പാൻ) ഓയിൽ ചൂടാക്കി ഫൈൻ ആയി ചോപ് ചെയ്ത 2 സബോള ,ടൊമറ്റോ, 2 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ നിറമായി കഴിയുമ്പോൾ അരച്ചുവച്ച മസാലയും ചേർത്ത് വഴറ്റുക. മസാല കുക്ക് ആയി കഴിയുമ്പോൾ പോർക്ക് (മുറിക്കാതെ ഒറ്റ പീസ് ആയി ) ചേർത്ത് വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത് മൂടി വച്ച് ചെറു തീയിൽ 90 മിനിറ്റു കുക്ക് ചെയ്യുക. പോർക്ക് വെന്തുകഴിയുമ്പോൾ പുറത്തെടുത്തു ഒരു ഫോർക്ക് കൊണ്ട് പോർക്ക് ചെറുതായി മിൻസ് രീതിയിൽ ചീന്തിയെടുക്കുക (തൊലി ഒഴിവാക്കി മീറ്റ് മാത്രം). ഇങ്ങനെ ചീന്തിയെടുത്ത പോർക്ക് വീണ്ടും അതെ ഗ്രേവിയിൽ ഇട്ട് നന്നയി വറ്റിച്ചെടുക്കുക. ഓവൻ 200 ഡിഗ്രിയിൽ പ്രീഹീറ്റ്ചെയ്യുക. ഒരു ബേക്കിങ് ഡിഷിൽ പഫ് പേയ്സ്റ്ററി കൊണ്ട് ബേസ് ഉണ്ടാക്കി അതിലേയ്ക്ക് ഈ മിശ്രിതം മാറ്റി മുകളിൽ മറ്റൊരു പഫ് പേയ്സ്റ്ററി ഷീറ്റ് കൊണ്ട് കവർചെയ്ത് അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പേയ്സ്ട്രയിക്ക് മുകളിൽ പുരട്ടി .ചൂടായ ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റുക. ( മസാല അരയ്ക്കുമ്പോൾ കുറച്ചു ഗോവൻ കോക്കനട്ട് ഫെനി കൂടി ചേർത്താൽ ഈ മസാല പ്രെസെർവ് ചെയ്തു കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും. ബീഫ് ,മട്ടണ്‍ ,ചിക്കൻ എന്നിവ ഉപയോഗിച്ചും വിന്താലു ഉണ്ടാക്കുമെങ്കിലും പോർക്ക് ആണ് ഓതെന്റിക് വിന്താലു ആയി ഉപയോഗിക്കുന്നത്).
ബേസിൽ ജോസഫ്