ദീക്ഷയുടെ ‘ഭാവിക’ വർക്ഷോപ്പ് പരമ്പരയിലെ’ സ്കെച്ച്’ എന്ന പെയിൻറിങ് പെൻസിൽ ഡ്രോയിങ് വർക്ക് ഷോപ്പ് ഈ ഞായറാഴ്ച, ഏപ്രിൽ 11-ന് വീണ്ടും നടക്കുന്നു. സ്കെച്ച് 2-വിൽ ചിത്രകലയോട് ആഭിമുഖ്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ B.F.A ഗ്രാജുവേറ്റ് ആയ റ്റിറ്റോ സ്റ്റാൻലിയാണ് ഈ വർക്ഷോപ്പ് നടത്തുന്നത്.
ആദ്യതവണ ‘സ്കെച്ച്’- ൽ കുട്ടികൾ വരച്ച ചിത്രങ്ങളാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്. അതിൽ പങ്കെടുത്തവരുടെ അഭ്യർത്ഥന പ്രകാരമാണ് ‘സ്കെച്ച് ‘ ഒരുക്കിയിരിക്കുന്നത്. ഇതിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി’ ദീക്ഷ’ യുടെ ടീമിനെ സമീപിക്കുക.
facebook Page- Deekshaa,
Instagram – @ deekshaa.arts.
Email – [email protected],
Contact number- 07455276367
ഈ ഓൺലൈൻ വർക്ഷോപ്പിന്റെ ഫീസ് :
കുട്ടികൾ – 3 പൗണ്ട് / Session
മുതിർന്നവർ – 6 പൗണ്ട് / Session
ഏപ്രിൽ 10, ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് മുമ്പായി, താല്പര്യമുള്ളവർ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി . ഷെഫീൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) ആണ് വിടപറഞ്ഞത് . കോവിഡ് ബാധിതനായി ബാൻസലി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറ്റിലേറ്ററിൽ ആയിരുന്നു. നാട്ടിൽ മരങ്ങാട്ടുപള്ളി സ്വദേശിയാണ്. ഭാര്യ രാജി ദിനേശ്. മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിനി നമിത ദിനേശ്, ഇയർ 11 വിദ്യാർത്ഥിനി നിഖിത ദിനേശ് എന്നിവരാണ് മക്കൾ.
ദിനേശ് മേടപ്പള്ളിയുടെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.
ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്റെപേസ് ബൗളറുമായ ജോഫ്ര ആർച്ചറുൾപ്പടെയുള്ളവർ രംഗത്തെത്തി.
തുടർന്ന് വിശദീകരണുമായി തസ്‌ലീമ നസ്‌റീൻ വീണ്ടുമെത്തി, ”മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്‌ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്‌ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്”.-തസ്‌ലീമ ട്വീറ്റ് ചെയ്തു.
ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജോഫ്ര ആർച്ചർ ”ഓഹ് ഇത് തമാശയായിരുന്നോ. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”- എന്നാണ് ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മുഈൻ അലി തന്റെ ജേഴ്‌സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലിമ നസ്‌റിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
— Jofra Archer (@JofraArcher) April 6, 2021
ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് പരേത.
അന്ത്യ കർമങ്ങൾ നാളെ (ഏപ്രിൽ എട്ടാം തീയതി വ്യാഴാഴ്ച )രാവിലെ 11 മണിക്ക് വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ടെട്ടൻഹാൾ ഡെയിൻ കോർട്ട് സെമിത്തേരിയിൽ മൃത സംസ്ക്കാരം നടക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെടുന്ന വ്യാഴാഴ്ചത്തെ സംസ്കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
രണ്ടു ദിവസത്തെയും ചടങ്ങുകളുടെ ലൈവ് കാസ്റ്റിങ് ഉണ്ടായിരിക്കും. ലിങ്ക് ചുവടെ കൊടുക്കുന്നു
വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്ന അന്നമ്മ തദ്ദേശത്തെ മലയാളി സമൂഹത്തിന്റെ ഏവരുടെയും മാതൃസ്ഥാനീയയായിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്ത് അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ,ഗ്ലാഡിസ് ,ഇമ്മാനുവൽ .
വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ് . മമ്മിയുടെ വിയോഗത്തിൽ ഏറെ ദുഃഖിതരായ വാം അംഗങ്ങൾ അസോയിയേഷൻ ഭാരവാഹികളായ സിറിൽ ,ജിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ഏക മനസോടെയാണ് കുടുംബത്തോടൊപ്പം ചേർന്ന് മമ്മിയുടെ അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്.
ചടങ്ങുകൾ നടക്കുന്ന പള്ളിയുടെ വിലാസം
St Patrick R C Church
299 Wolverhampton Rd,
Wednesfiled
Wolverhampton
WV10 0QQ
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് (54) ഇന്ന് വെളിപ്പിന് നിര്യാതനായ വിവരം വളരെ സങ്കടത്തോടെ നിങ്ങളെ അറിയിക്കുന്നു. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ജിമ്മയുടെ മരണത്തിൽ സ്റ്റോക്ക് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഷുഗർ ലെവൽ താഴ്ന്നു പോയതാണ് മരണകാരണം. കരിങ്കുന്നം, പിഴക് സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതൻ.
ഇന്നലെ ഭാര്യയായ ബീജീസ് ഡ്യൂട്ടിയിലായിരുന്നു. തിരിച്ചെത്തിയത് 9:30pm ന് തിരിച്ചെത്തിയ ഭാര്യ ഭർത്താവിന് എന്തോ അസ്വസ്ഥത തോന്നുന്നു എന്ന് മനസിലാക്കി ചോദിച്ചപ്പോൾ എന്തോ ഒരു വല്ലായ്മ്മ തോന്നുന്നു എന്ന് പറഞ്ഞു. കാര്യം തിരിച്ചറിഞ്ഞ ബീജീസ് ആബുലൻസ് വിളിക്കുകയായിരുന്നു.
റോയൽ സ്റ്റോക്ക് ആശുപത്രിയിൽ എത്തി ചികിത്സ ലഭിച്ചു എങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു.
അകാലത്തിൽ ഉണ്ടായ ജിമ്മിച്ചേട്ടന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
അബർഡീൻ: മരണങ്ങൾ വിട്ടൊഴിയാതെ യുകെ മലയാളികൾ. സ്കോട്ട്ലൻഡ്, അബർഡീൻ നിവാസിയായ എൽദോസ് കുഞ്ഞ്(42) നാട്ടിൽ നിര്യാതനായി. എൽദോസും ഭാര്യ ലീനയും ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം ഭർത്താവിന്റെ തുടർചികിത്സയിൽ ആയിരുന്നു.
ഭാര്യ യുകെയിൽ തിരിച്ചെത്തി രണ്ടാഴ്ചയ്ക്കുള്ളിലാണ് എൽദോസ് കുഞ്ഞിൻെറ ദുഖകരമായ മരണ വാർത്ത തേടിയെത്തിയത്. ഭാര്യ ലീന അബർഡീൻ ഹോസ്പിറ്റലിൽ നഴ്‌സാണ്. ഏകമകൾ ജിയ ഇയർ സിക്സിലാണ്. എൽദോസ് കുഞ്ഞ് കേരളത്തിൽ കോതമംഗലം സ്വദേശിയാണ്.
എൽദോസ് കുഞ്ഞിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലുള്ള മോർണിംഗ് സൈഡ് സ്കൂൾ ഓഫ് മ്യൂസിക് എന്ന പേരിലുള്ള സംഗീത സ്ഥാപനമാണ് മാർച്ച് 28 മുതൽ തങ്ങളുടെ ട്യൂഷൻ ഫീസ് ഇനത്തിൽ ക്രിപ്റ്റോകറൻസിയും അംഗീകരിച്ചത്. വലിയ സ്ഥാപനങ്ങൾ ക്രിപ്റ്റോ എക്കോണമിയിലേക്ക് ചുവടുറപ്പിക്കുന്നത് കാണാൻ തുടങ്ങിയിട്ട് നാളുകളേറെയായി, പിന്നെ എന്തുകൊണ്ട് ഞങ്ങളെപ്പോലെയുള്ള ചെറിയ സ്ഥാപനങ്ങൾക്ക് ആയിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് മോർണിംഗ് സൈഡ് ഡയറക്ടർ ലിൻഡ ബോയ്ഡ് പറഞ്ഞു.
സ്‌കോട്ട്ലൻഡിലെ തന്നെ ഏറ്റവും മികച്ച സംഗീത സ്ഥാപനങ്ങളിൽ ഒന്നാണ് മോർണിംഗ് സൈഡ് സ്കൂൾ ഓഫ് മ്യൂസിക്. ബിറ്റ്കോയിൻ ട്രാൻസാക്ഷൻ രംഗത്തേയ്ക്ക് ഏറെക്കാലം മുൻപ് തന്നെ ചുവട് വെച്ചു തുടങ്ങിയിരുന്നുവെന്ന് ബോയ്ഡ് പറയുന്നു. സ്കൂളിന്റെ ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ മുൻപ് ബിറ്റ് കോയിൻ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ എത്ര വേഗത്തിലും എളുപ്പത്തിലും കാര്യങ്ങൾ ചെയ്യാമെന്നും ഞങ്ങൾക്കറിയാം, വിദ്യാർത്ഥികൾക്ക് കൂടി അതിനുള്ള അവസരങ്ങൾ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ.
സ്കൂളിൽ പഠിക്കുന്ന മുതിർന്ന വിദ്യാർഥികളിൽ പലരും ഫിൻടെക് പോലെയുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്, അവർ തന്നെയാണ് ഇത്തരത്തിൽ ഒരാശയം മുന്നോട്ട് വെച്ചതും. 700 ഓളം കുട്ടികളാണ് നിലവിൽ സ്ഥാപനത്തിൽ പഠനം നടത്തുന്നത്. ഭാവിയിൽ ക്രിപ്റ്റോ കറൻസി ആവും സാമ്പത്തിക വ്യവസ്ഥയെ അടക്കി ഭരിക്കുക. ഏറെ താമസിയാതെ തന്നെ അത് ജീവിത ശൈലിയായി മാറുകയും ചെയ്യും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂളുകൾ ബിറ്റ് കോയിൻ ട്രാൻസാക്ഷനുകൾക്ക് പൂർണമായും പിന്തുണ നൽകുന്നുണ്ട്. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നവർക്ക് നൽകാൻ പറ്റിയ മികച്ച മാർഗമാണ് ക്രിപ്റ്റോ കറൻസി പേയ്‌മെന്റ്. മോർണിംഗ്സൈഡിന്റെ ഡയറക്ടർ ലിൻഡ ബോയ്ഡിന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ആമസോണും , ടെസ്ലയും പോലെയുള്ള വൻകിട വാണിജ്യ സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളെ പേയ്മെന്റിനായി ഉപയോഗപ്പെടുത്തിയതോടുകൂടി ലോകത്തെ മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസികളെപ്പറ്റി പഠിക്കുവാനും അവയെ ഉപയോഗപ്പെടുത്തുവാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡബ്ലിൻ സ്റ്റില്ലോർഗനിലെ ടെസ്‌കോ ഷോപ്പിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ ആൾക്ക് മലയാളി നേഴ്സ് റീനാ വർഗീസിൻെറ സമയോചിത ഇടപെടൽ രക്ഷയായി. ടെസ്‌കോയിൽ കുഴഞ്ഞു വീണ 60 – കാരനെ സഹായിക്കാൻ റീനയും ഒപ്പം ഐറിഷ്‌കാരിയായ നഴ്‌സും ചേർന്നു പരിശോധിച്ചു വേണ്ട പരിചരണം നൽകി . തുടർന്ന് കുഴഞ്ഞു വീണ രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു ശരീരം നീലനിറം ആയതിനെ തുടർന്ന് രണ്ടു നഴ്സുമാർ ചേർന്ന് 4 മിനിറ്റിലധികം സി.പി.ആർ കൊടുക്കുകയും, രോഗിയുടെ ഓക്സിജൻ അളവ് കൂട്ടാനും സ്വയം ശ്വാസം എടുക്കുന്ന അവസ്ഥയിലും എത്തിച്ചു. പിന്നീട് ആംബുലൻസ് എത്തി രോഗിയെ കൊണ്ട് പോയി.
ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്യുന്ന റീനയുടെ വിവരങ്ങൾ അന്വേഷിച്ചു ഇമെയിലിലൂടെ ആശുപത്രി അധികൃതർ അഭിനന്ദനം അറിയിച്ചു.
അയർലണ്ടിൽ വരുന്നതിന് മുമ്പ് ബഹ്‌റൈനിൽ ഹെൽത്ത് മിനിസ്ട്രിയിൽ 16 വർഷത്തോളം ജോലി ചെയ്തിരുന്ന റീന രണ്ടു തവണ വിമാനത്തിൽ ഗുരുതരമായ രോഗിയ്ക്ക് പരിചരണം കൊടുത്ത് ജീവൻ രക്ഷിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം സ്റ്റില്ലോർഗനിൽ താമസിക്കുന്ന റീനാ വർഗീസ് , പത്തനംതിട്ട ചെങ്ങറ സ്വദേശിയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിയെ ചെറുത്തുനിൽക്കാൻ മുൻനിര ഡോക്ടർമാരിൽ ഒരാളായി പ്രവേശിച്ച നിത്യയെന്ന ഡോക്ടറുടെ കഥ അല്പം വ്യത്യസ്തമാണ്. അയർലൻഡിൽ പഠിച്ചിട്ടില്ല എന്ന കാരണം കൊണ്ട് പലയിടത്തും പിന്നോട്ടടിക്കപ്പെട്ടതിന്റെ വേദന അവളുടെ വാക്കുകളിൽ സ്ഫുരിക്കുന്നു.
2017 ൽ കോ സ്ലിഗോയിൽ ആദ്യമായി വന്നിറങ്ങിയപ്പോൾ ഫിലിപ്പീൻകാരിയാണോ എന്ന ചോദ്യമാണ് ആദ്യം വരവേറ്റത്. ഇന്ത്യയിൽ നിന്ന് ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലി ചെയ്യാനാണ് താൻ എത്തിയിരിക്കുന്നത് എന്നറിഞ്ഞപ്പോൾ കേട്ടവരെല്ലാം അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്ന് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് യുകെയിലേക്കും അയർലൻഡിലേയ്ക്കുമുള്ള വർക്ക് പെർമിറ്റ് സംഘടിപ്പിച്ചത്. ആദ്യം വന്ന പരീക്ഷ ഐറിഷ് ആയതുകൊണ്ട് താൻ ഇവിടെ എത്തി എന്ന് നിത്യ വിശ്വസിക്കുന്നു. നിത്യ ജനിച്ചത് തമിഴ്നാട്ടിലാണ്. വൈദ്യ പഠനത്തിനു ശേഷം ആറ് ദിവസം എങ്കിലും ജോലി ചെയ്യണമായിരുന്നു. അതും ആഴ്ചയിൽ രണ്ട് ദിവസം നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ. പിന്നീട് മെഡിക്കൽ ജനറ്റിക്സിൽ ഉപരിപഠനം നടത്താൻ ആയി ഗ്ലാസ്ഗോയിലെത്തി. സ്കോട്ട്‌ലൻഡിലെത്തി കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ലിനിക്കൽ ജോലിയിലേക്ക് തന്നെ തിരിയുന്നതാണ് എന്ന് മനസ്സിലാക്കിയ നിത്യ തിരിച്ചു ചെന്നൈയിലെത്തി രണ്ടര വർഷം പ്രാക്ടീസ് തുടർന്നു.
എന്നാൽ താൻ ചെന്നൈയിൽ നടത്തിയ ഇന്റേൺഷിപ് അയർലൻഡിൽ ജോലിയിൽ പ്രവേശിക്കാൻ തടസ്സമാകുമെന്ന് നിത്യ അറിഞ്ഞിരുന്നില്ല. ഒടുവിൽ വെസ്റ്റ് അയർലൻഡ് സ്റ്റാമ്പ് ഫോർ വിസയ്ക്ക് ബ്യൂമൗണ്ട് ആശുപത്രിയിൽ ജോലിക്ക് കയറി. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവിടുത്തെ പ്രവർത്തനരീതികൾ. പക്ഷേ ആ ജോലിയാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നിത്യ കരുതുന്നുണ്ട്. 9 മാസത്തെ ജോലിക്ക് ശേഷം ടല്ലാട്ട് ആശുപത്രിയിൽ രജിസ്ട്രാർ ആയി ജോലിക്ക് കയറി. ബസിലും മറ്റുമായി ഒന്നര മണിക്കൂർ യാത്ര ചെയ്താണ് ദിവസവും ജോലി സ്ഥലത്തെത്തിയിരുന്നത്. വിചാരിച്ചതിനേക്കാൾ കടുപ്പം ആയിരുന്നു ജോലി. എല്ലാവരും കരുതിയത് താൻ നിർത്തി പോകുമെന്നാണ്. എന്നാൽ ആറുമാസം കാലാവധി പൂർത്തിയാക്കിയതോടെ അത് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ ജോലിക്ക് കയറാൻ കഴിഞ്ഞു. ആ സമയത്താണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ രോഗം പടരുന്നതായി അറിഞ്ഞു. ഏകദേശം അതേ സമയം തന്നെയാണ് അമ്മയും അനന്തരവനും തനിക്കൊപ്പം സമയം ചെലവഴിക്കാൻ ഇന്ത്യയിൽനിന്ന് എത്തിയത്. ഒരു വർഷത്തോളം ഇരുവരും തനിക്കൊപ്പം കുടുങ്ങിപ്പോയി. ഓരോ തവണയും ആശുപത്രിയിൽനിന്ന് തിരിച്ചെത്തുമ്പോൾ ഒരു വയസ്സുള്ള കുഞ്ഞിനും 60 വയസ്സുള്ള അമ്മയ്ക്കും രോഗം താൻ പകർന്നു നൽകുമോ എന്ന ചിന്തയിലായിരുന്നു. ഓരോ വട്ടം ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തുമ്പോഴും അമ്മ തന്നെ അണുനശീകരണം ചെയ്തു. കോവിഡ് അവാർഡുകളിൽ തുടർച്ചയായി മണിക്കൂറുകൾ ജോലി ചെയ്തു. ഒരു പരിഭവവും ഉണ്ടായിരുന്നില്ല. എന്നാൽ, പ്രോട്ടോകോൾ പ്രകാരം താൻ എല്ലാ സഹപ്രവർത്തകരേക്കാളും താഴെ ആണെന്ന് മനസ്സിലായി. എന്തിന് അപേക്ഷിച്ചാലും ഏറ്റവുമൊടുവിൽ ആവും പരിഗണിക്കപ്പെടുക.
ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് തനിക്ക് ഒരു വിവേചനവും നേരിടേണ്ടിവന്നിട്ടില്ല നിത്യ പറയുന്നു. പക്ഷേ നിയമം സ്വദേശികൾക്കും, രാജ്യത്ത് നിന്നും നിയമം പഠിച്ചവർക്കും, സ്വദേശികളെ വിവാഹം കഴിച്ചവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ഒടുവിൽ എല്ലാം മതിയാക്കി തിരിച്ചു പോകാൻ നിത്യ തീരുമാനിച്ചു. 32 വയസ്സുണ്ട് എന്താണ് നേടിയത് എന്ന ചോദ്യത്തിന് ചിലനേരം ഉത്തരമില്ല.
മലയാളികളുടെ വിഷു ആഘോഷത്തിനു ഭാഗമാകാൻ കേരളത്തിൽനിന്നു പുറപ്പെട്ട നേന്ത്രൻ ലണ്ടൻ തീരത്തോട് അടുക്കുന്നു. ഇന്ന് ലണ്ടനിലെ ഗേറ്റ്‌വേ തുറമുഖത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറമുഖത്തെത്താൻ 3–4 ദിവസംകൂടിയെടുക്കും. പോർട്ടിലെ തിരക്കുമൂലം കപ്പൽ പുറത്തു കാത്തുകിടക്കുകയാണ്.
ഏതായാലും ലണ്ടൻ മലയാളികൾക്ക് വിഷുവിന് കേരളത്തിലെ തനത് രുചിയറിയാം. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നേന്ത്രൻ കഴിക്കാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.
ഈ മാസം ആദ്യവാരം ലണ്ടനിലേക്ക് പുറപ്പെട്ട കപ്പലിന് സൂയസ് കനാലിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നില്ല. ഭീമൻ ചരക്കു കപ്പൽ സൂയസ് കനാലിലെ ഗതാഗതം തടപ്പെടുത്തിയതിനു മുൻപേതന്നെ കേരളത്തിൽനിന്നുള്ള നേന്ത്രനുമായി കപ്പൽ സൂയസ് കനാൽ താണ്ടിയിരുന്നു. ഒരുപക്ഷേ കനാൽ കടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.
വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ലണ്ടനിലേക്കുള്ള കയറ്റുമതി. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റിയ 10 ടൺ പച്ച നേന്ത്രക്കായ ഈ മാസം അഞ്ചിനായിരുന്നു പുറപ്പെട്ടത്. 25 ദിവസത്തെ യാത്രയിലാണ് കപ്പൽ ഗേറ്റ് വേ തുറമുഖത്തോട് അടുത്തത്. വരും ദിവസങ്ങളിൽ തുറമുഖത്ത് പ്രവേശിക്കുന്ന കപ്പലിൽനിന്ന് കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.
ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85% വിളഞ്ഞ കായ്കൾ ഫെബ്രുവരി 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്താണ് കയറ്റുമതിക്ക് തയാറാക്കിയത്.
ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും.