ജോസ്‌ന സാബു സെബാസ്റ്റ്യൻ
അമ്മ ഇല്ലാതെ വളർന്നിട്ടുണ്ടോ . അല്ലങ്കിൽ ഉണ്ടായിട്ടും ഇല്ലാതെ പോലെ ജീവിച്ചിട്ടുണ്ടോ . പാടാണ് കേട്ടോ .. ജനിച്ചുവീഴുമ്പോൾ മുതൽ ഏതൊരു കരച്ചിലിനെയും മായിക്കാൻപറ്റിയ ഒരേ ഒരു തൈലമേ ഈ ഭൂലോകത്തുള്ളൂ ..അതമ്മതൻ മൃദുലമാം ചുംബനം മാത്രം. ജീവിതത്തിൽ അമ്മേന്നു പറഞ്ഞോടി വരുന്ന ഒരു സുഖമുണ്ടല്ലോ ..അതേതു ദുനിയാവിൽ കിട്ടും … ‘ആ അമ്മയുടെ കവിളിൽ കൊച്ചരിപ്പല്ലു കൊള്ളിക്കുമ്പോഴുള്ള സുഖം … അമ്മ തരുന്ന ഒരു ഉരുള ചോറിന്റെ സ്വാദ് …..ആ അമ്മയുടെ പാത്രത്തിൽ നിന്നും കഴിക്കുന്ന ഒരു വറ്റിന്റ രുചി …..അച്ഛൻ തല്ലാൻ വരുമ്പോൾ ഒളിക്കാൻ പറ്റുന്ന നൈറ്റിയുടെ തുമ്പ് …..ഒരു ചെറിയ വേദന പോലും ഇരട്ടിയായി അമ്മയെ കാണിക്കുന്ന ആ സുഖം …..തെറ്റ് ചെയ്യുമ്പോൾ വടിയുമായി ഓടി വന്നാലും അടിക്കാതെ ദേഷ്യഭാവം കാണിച്ചുള്ള നിൽപ് …..കഴിച്ച എച്ചിൽ പാത്രം ധൈര്യ പൂർവം ഇട്ടിട്ടു പോകാനൊരു സ്വതന്ത്ര ഇടം …..ഏതു പ്രതിസന്ധിയിലും സാരമില്ലന്നോതി മുടി തടവുമ്പോൾ വീണ്ടുമൊരു കൈകുഞ്ഞായ് മാറിടുന്ന അനുഭവം….ഇതൊക്കെ തരാൻ വേറേത് സ്വർഗത്തിനാകും …
തന്റെ കുഞ്ഞിന് ജീവൻ കൊടുത്തു എന്നതിലൂടെ മാത്രം അവൾക്ക് സമൂഹം ചാർത്തി കൊടുത്തൊരു പട്ടമല്ല അമ്മയെന്ന പദം. അതിലുപരി അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവളിലൂടെ യാഥാർഥ്യമാകുന്നത് നാളെ എന്നുള്ള ഒരു പ്രതീക്ഷയാണ് . നാളത്തെ ഒരു ജനതയുടെ ഉത്തരവാദിത്തം മുഴുവൻ അവളുടെ ചൂടിലൂടെ നിറവേറ്റപ്പെടുമ്പോൾ അമ്മയ്ക്കൊരു ജോലിയുമില്ല വീട്ടിൽ വെറുതെ ഇരിക്കുന്നുവെന്നു കേൾക്കേണ്ടിവരുക എത്ര വേദനാജനകം.
“ she is more responsible for how to make the new generation more better “.
മക്കളോടുള്ള സ്നേഹം അവൾ പലപ്പോഴും വാക്കാൽ പറയാതെ അവളുടെ ജീവിതത്തിന്റെ മാജിക്കിലൂടെ കാണിച്ചുതരുന്നു. നമ്മൾ നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ…
ആഗ്രഹ സാഫല്യങ്ങളുടെയൊക്കെ പുറകെ പായുമ്പോൾ നാമറിയാതെ അവൾ സഹചാര്യങ്ങൾ നമുക്കനുകൂലമാക്കിയൊരു വടവൃക്ഷമായ് തണലേകുന്നു … ഭക്ഷണത്തിലൂടെ.. കരുതലിലൂടെ .. ആലിംഗനത്തിലൂടെ…. വാക്കുകളുടെ ആശ്ലേഷത്തിലൂടെയൊക്കെ നമുക്കവൾ ഇന്ധനം നിറച്ചു തന്നുകൊണ്ടേയിരിക്കുന്നു …
ഇന്ന് പല അമ്മമാരും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് മക്കളെവിട്ട് ജോലിതേടിയലയുമ്പോൾ നമ്മൾ മനസിലാക്കേണ്ട ഒരുകാര്യം
“ you making survival is more imporant than esthetics of life “
കാരണം ജീവിതത്തിന്റെ സൗന്ദര്യം നിലനിർത്താൻ അമ്മമാർക്കല്ലാതെ വേറാർക്കുമാകില്ല…
മെട്രിസ് ഫിലിപ്പ്
മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി, ബേത് ലഹേമിലെ ഒരു കാലിതൊഴുത്തിൽ പിറന്ന് വീണ്, നസ്രത്തിലൂടെ വളർന്ന്, സ്നേഹത്തിനും കാരുണ്യത്തിനും, ഒരു പുതിയ, അധ്യായം രചിച്ച്, ജെറുസലേമിന്റെ നായകനായി മാറിയ യേശുനാഥൻ, രോഗികളെ സുഖപ്പെടുത്തിയും, അഞ്ച് അപ്പം കൊണ്ട് 5000 പേർക്ക്, മലഞ്ചെരുവിൽ, ഭക്ഷണം നൽകിയും, അത്ഭുതങ്ങൾ പ്രവർത്തിച്ചും, മുന്നോട്ട് പോയപ്പോൾ, സ്വന്തം ശിഷ്യൻ തന്നെ, ചുംബനം നൽകി ഒറ്റികൊടുത്തുകൊണ്ട്, ലോകത്തെ ബിസി എന്നും എ.ഡി. എന്നും കാലത്തെ വേർതിരിച്ചുകൊണ്ട്, കാൽവരിയിലെ ഒരു കുരിശിൽ, രണ്ട് കള്ളൻമാരുടെ നടുവിൽ കിടന്നു മരിച്ചപ്പോൾ, ഒരു നീതിമാന്റെ, ജീവിതം ആണ് അവസാനിച്ചത്.
അതിരുകളില്ലാതെയും അളവുകൾ ഇല്ലാതെയും സ്നേഹിക്കണം എന്നും, കുഞ്ഞുമനസ്സിൻ നൊമ്പരം ഒപ്പിയെടുത്തുകൊണ്ട്, അവരെ തടയാതെ, എന്റെ അടുക്കലേക്ക് അയക്കുവിൻ എന്നാണ് യേശു പഠിപ്പിച്ചത്.
വി. ബൈബിളിൽ, ഏറ്റവും അധികമായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് വാക്കുകൾ വിശ്വവാസവും സ്നേഹവുമാണ്. മാതാവിന്, ഉണ്ണി യേശുവിന്റെ ജനനത്തെകുറിച്ച്, ഗബ്രിയേൽ മാലാഖ സ്വപ്നത്തിൽ അറിയിപ്പ് നൽകിയപ്പോൾ, മാതാവിന്റെ മനസ്സിൽ നിന്നും ഉയർന്നത്, ഇതാ, കർത്താവിന്റെ ദാസി, നിന്റെ വാക്ക്, എന്നിൽ നിറവേറട്ടെ എന്നായിരുന്നു.
ജോസഫ്, മറിയത്തെയും ഉണ്ണിയേശുവിനേയും സ്നേഹം കൊണ്ട് നിറയ്ക്കുകയായിരുന്നു. ബേത് ലഹേമിൽ നിന്നു കുഞ്ഞു പൈതലിനെയും, കൊണ്ട് ഈജിപ്തിലേയ്ക്കുള്ള പാലായാനവും, തുടർന്നുള്ള തിരിച്ചുവരവും, നസ്രത്തിലെ ജീവിതവും, ജോസഫ് ചെയ്ത വലിയ മഹത്വവും ലോകം കണ്ടു.
ആധുനിക ലോകത്തിൽ വിശ്വസിച്ചുള്ള സ്‌നേഹം ഉണ്ടോ? കപടതനിറഞ്ഞതും, സ്വന്തം നേട്ടത്തിനായും, ഉള്ള സ്നേഹമല്ലേ! മറ്റുള്ളവരെ കബളിപ്പിച്ചും, പിടിച്ചുപറിച്ചും നേടുന്നത്, അനുഭവിക്കാൻ പറ്റുമോ?
ഫാ. ചിറമേൽ പറയുന്നത്, കൊടുക്കടോ, കഴിവുള്ളപോലെ, മറ്റുള്ളവരെ സഹായിക്കടോ എന്നല്ലേ! വലുത് കൈ കൊണ്ട് കൊടുക്കുന്നത്, ഇടത് കൈ പോലും അറിയരുത് എന്നല്ലേ യേശു പഠിപ്പിച്ചത്.
ഈ നോമ്പുകാലത്ത്, നമ്മളെ കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ചെയ്തുകൊണ്ട്, സ്നേഹത്തിന്റെ മാതൃക കാണിച്ചുകൊടുക്കാം. സ്നേഹം നൽകുന്നത് വിശ്വാസത്തോടെ ആവട്ടെ. വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ട്, യേശുനാഥൻ ഓരോ അത്ഭുതങ്ങളും ചെയ്തത്. വെള്ളത്തിന് മീതെകൂടി നടന്നുവരുന്നതും, കാറ്റിനെയും കടലിനെയും ശമിപ്പിക്കുന്നതും, തന്റെ പിതാവിനോട് പ്രാർത്ഥിച്ചുകൊണ്ട് തന്നെയാണ്. അതിനാൽ പുതിയ മനുഷ്യരായി, സ്‌നേഹിച്ചും സഹായങ്ങൾ ചെയ്തും, ഈ നോമ്പുകാലം ആചരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ…
കുട്ടികളാണ് വീടിൻറെ ഐശ്വര്യമെന്നും അവരുടെ സർഗാത്മകമായ കഴിവുകൾ വളർത്തുന്നതിലും, വ്യക്തിത്വ വികസനത്തിലും മാതാപിതാക്കൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക് പ്രധാന പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു കുടുംബത്തിൻറെ ജീവിതമാണ് മലയാളം യുകെ മലയാളികളുടെ മുൻപിൽ എത്തിക്കുന്നത്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജെയിംസിന്റെയും മിനിയുടെയും കുടുംബമാണ് കുട്ടികളുടെ സർഗവാസനകളെ വളർത്താൻ തങ്ങളുടേതായ വഴി കണ്ടു പിടിച്ച് പ്രവാസ ജീവിതത്തിലെ തിരക്കുകളിൽ എങ്ങനെ മാതൃകാ കുടുംബം കെട്ടിപ്പെടുക്കാം എന്നതിൻറെ നേർ കാഴ്ചയാകുന്നത്. കുട്ടികൾ ദൈവത്തിൻറെ ദാനമാണെന്ന് വിശ്വസിക്കുന്ന ജെയിംസും മിനിയും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് തികച്ചും ബോധവാന്മാരാണ്.
മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോഴാണ് അവരുടെ കൂടെ നമ്മൾ കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്നാണ് മിനിയുടെയും ജെയിംസിന്റെയും പക്ഷം. എങ്കിൽ മാത്രമേ കുട്ടികൾ നമ്മുടെ കൂട്ടുകാരായി വളരുകയും ജീവിതയാത്രയിലെ സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറാവുകയും ചെയ്യുകയുള്ളൂ . പ്രവാസ ജീവിതത്തിലെ സാംസ്കാരികാന്തരങ്ങളിൽ കുട്ടികളെ കൂട്ടുകാരായി മാറ്റേണ്ടതിന്റെ പ്രസക്തി വലുതാണ്. കളിയും ചിരിയും നിറഞ്ഞതാവണം കുടുംബ ജീവിതമെന്ന ചിന്താഗതിക്കാരാണ് മിനിയും ജെയിംസും. കളിയിലൂടെ കുട്ടികൾക്ക് മാനസികോല്ലാസം നൽകാനും അവരുടെ സർഗാത്മകമായ കഴിവുകളെ വളർത്താനുമാണ് മൈ കുട്ടൂസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും അത് നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തത്.
കുട്ടികളുടെയും മാതാപിതാക്കളുടെയും ജീവിതം ചിരിയും കളിയും നിറഞ്ഞതാക്കാനുള്ള ടിപ്സുമായിട്ടാണ് മൈ കുട്ടൂസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തിലും അവർ കുട്ടികളിൽ ഒരാളായി തീർന്നാൽ അത് അവരുടെ മാനസിക, ശാരീരിക വളർച്ചയിലും, ആത്മവിശ്വാസം വർധിപ്പിക്കാനായും എത്രമാത്രം ഉതകുമെന്നതിന്റെ തെളിവാണ് മൈ കുട്ടൂസ്. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കാനും വൊക്കാബുലറി സ്കിൽ വർദ്ധിപ്പിക്കാനും സഹായകരമാണ് മൈ കുട്ടൂസ് എന്ന ചാനൽ
ഉഴവൂർ സ്വദേശിയായ മൈലപറമ്പിൽ ജെയിംസും മിനിയും സ്റ്റോൺ ട്രെന്റിലെ മലയാളികളുടെ കലാ സാംസ്കാരിക വേദികളിലെ സജീവസാന്നിധ്യമാണ്. കുട്ടികളായ മെഡ് വിൻ, മെൽവിൻ, അൽവിയാ, ഫാബിയ, ജെസ് വിനുമാണ് മൈ കുട്ടൂസിന്റെ അണിയറശില്പികൾ. മെഡ് വിൻ ഒമ്പതാം ക്ലാസിലും, മെൽവിൻ എട്ടാം ക്ലാസിലും, അൽവിയാ ഏഴാം ക്ലാസിലും, ഫാബിയ മൂന്നാം ക്ലാസിലും, ജെസ് വിൻ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. പഠനത്തോടൊപ്പം മൈ കുട്ടൂസിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഈ കുട്ടികൾ അഭിനന്ദനമർഹിക്കുന്നു. മൈ കുട്ടൂസ് കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൊറോണയെന്ന കുഞ്ഞൻ വൈറസിനു മുൻപിൽ മാനവ ജനതയൊന്നാകെ പകച്ചു നിന്നപ്പോൾ , മഹാമാരിയുടെ ഒന്നാം വരവിലും രണ്ടാം വരവിലും ലോക ജനതയൊട്ടാകെ നിസംഗതയോടെ നിശ്ചലമായ സാഹചര്യത്തിൽ, അഹോരാത്രം കഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള അവശ്യ സേവന ദാതാക്കൾ, പ്രതിരോധ നടപടികളുടെ നേത്രത്വ നിരയിലുണ്ടായിരുന്നവർ, പരിണിത പ്രഞ്ജരായ ശാസ്ത്ര ലോകം, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ ഇവരെയൊക്കെ നന്ദിയോടെ ഓർമ്മിക്കാനും , അനുമോദിക്കാനുമായി അവലംബിക്കുന്ന അനതിസാധാരണമായ പല രീതികളും ഈ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നാം കണ്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിൽ സുപരിചിതനായി അറിയപ്പെടുന്ന കലാകാരനും, ചിത്രകാരനുമായ ബോബി ജോസഫ് കാംബസ്ലാംങിന്റെ കരവിരുതിൽ വിരിഞ്ഞത് അത്യപൂർവ്വമായ മറ്റൊരു കലാസൃഷ്ടിയാണ്.
ചക്രവാള സീമയിൽ തെളിയുന്ന മാരിവില്ലിൻ്റെ ഏഴഴകിൽ അൽഭുതത്തോടെ നോക്കി നിൽക്കാത്തവരായി ആരുണ്ട് ? ആ വർണ്ണ വിസ്മയം മനസ്സിൽ കോരിയിടുന്ന വികാരങ്ങൾക്കതിരില്ല. മനുഷ്യനിർമ്മിതമായ ഒരു മഴവില്ലിനെ ഒഴുകുന്ന ജലാശയത്തിൽ സൃഷ്ടിക്കുന്നതിനേപറ്റി നമ്മൾ ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. എന്നാൽ അതും സാധ്യമാണെന്നു തെളിയിക്കുകയാണ് ഗ്ലാസ്ഗോ മലയാളി ബോബി ജോസഫ്.
ഗ്ലാസ് ഗോ കോളേജ് ഓഫ് ആർട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബോബി തൻ്റെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ പ്രൊജക്റ്റ് സമർപ്പിക്കുന്നത് . മാനവ സമൂഹത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്ന് സൃഷ്ടിച്ച കോവിഡ് എന്ന മഹാമാരിക്കു ശേഷം പ്രത്യാശയുടെ പൊൻകിരണങ്ങൾ കണ്ടുണരുന്ന മാനവ സമൂഹത്തിൻ്റെ പുതു പുത്തൻ പ്രതീക്ഷകളെ പ്രതീകാത്മമായി ചിത്രീകരിക്കുകയാണ് ബോബി .
ഒന്നിനുമാവാതില്ലാതെ നാളെയിലേക്ക് നിർവികാരതയോടെ നോക്കി നിൽക്കുന്ന മനുഷ്യൻ, പെയ്തൊഴിയുന്ന ഒരു മഹാമാരിക്കു ശേഷം തെളിയുന്ന മഴവില്ലിനേപ്പോലെ പുത്തൻ പ്രതീക്ഷകളിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നതിനെ തൻ്റെ കലാവിഷ്കാരത്തിലൂടെ ചിത്രീകരിക്കുകയായിരുന്നു ബോബി .
ഗ്ലാസ്‌ഗോയുടെ ഹൃദയ ഭാഗത്തുകൂടി ഒഴുകുന്ന, യുകെയിലെ തന്നെ ഏറ്റവും വലിയ പ്രധാന നദികളിലൊന്നായ ക്ലൈഡ് നദിയിലെ ജലാശയത്തിലാണ് ബോബി തന്റെ കലാവിരുതിലൂടെ പുത്തൻ പ്രതീക്ഷകളുടെ പ്രതീകാത്മകതയായ മാരിവിൽ വൃഷ്ടി വിരിയിച്ചത്. മാർച്ച് 10 ന് രാവിലെ 10 നും 11 നും ഇടയ്ക്ക് പ്രാദേശിക കൗൺസിലിന്റെ പ്രത്യേക അനുവാദത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഗ്ലാസ്ഗോ ആർട്സ് കോളേജ് പ്രതിനിധികൾ , ഏറെ വർഷങ്ങളായി ബോബിയുടെ കരവിരുതിന്റെ മായാജാലങ്ങൾക്ക് വേദിയായ കലാകേരളം സംഘടനയിലെ സുഹൃത്തുക്കൾ, തദ്ദേശിയരും, വിദേശികളും ആയ മറ്റ് അഭ്യുദയാകാംഷികൾ എന്നിങ്ങനെ ജീവിതശ്രേണിയിലെ ഒട്ടേറെ പ്രമുഖർ ഈ അവിസ്മരണീയ മുഹൂർത്തങ്ങളെ നീണ്ട കരഘോഷങ്ങളോടെ വരവേല്ക്കുകയും ഏവരുടെയും മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്തു.
ബോബി ജോസഫ് ഇടുക്കി കട്ടപ്പനയിൽ കൈപ്പയിൽ കുടുംബാംഗമാണ് കഴിഞ്ഞ 15 വർഷക്കാലമായി ഗ്ലാസ്ഗോയിലെ കാമ്പസ്ലാംഗിൽ താമസിക്കുന്നു. ഭാര്യ ലിഡിയ , മകൾ എലീസ്സ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : പാർലമെന്റിൽ ഉടൻ അവതരിപ്പിക്കാനിരിക്കുന്ന ക്രിപ്റ്റോകറൻസി ബില്ലിനെപ്പറ്റി ശുഭപ്രതീക്ഷയോടെ ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി : നിർമല സീതാരാമൻ. ക്രിപ്റ്റോ കറൻസി നിരോധനത്തെപ്പറ്റി നാളിതുവരെ സംസാരിക്കാതെയിരുന്ന മന്ത്രി ഈ രംഗത്തെ നൂതനമായ സാധ്യതകൾ സ്വാഗതം ചെയ്യുന്നതായി വെളിപ്പെടുത്തി. സിഎൻബിസി – ടിവി 18 ചാനലിന് നൽകിയ മറുപടിയിലാണ് നിർമല സീതാരാമൻ ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ക്രിപ്റ്റോ കറൻസി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വിവരം പുറത്ത് വന്നശേഷം ആദ്യമായാണ് മന്ത്രി ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നത്.
ക്രിപ്റ്റോകറൻസിയെ പറ്റി വിശാലമായ തലത്തിലുള്ള ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാടെടുക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ റിസർവ് ബാങ്കുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എത് തരത്തിലുള്ള ഔദ്യോഗികമായ കറൻസി ആയിരിക്കണം ക്രിപ്റ്റോ കറൻസി എന്നതിനെപ്പറ്റി റിസർവ് ബാങ്കിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും . ഈ മേഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ദീർഘമായി അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു കേൾക്കുന്നത്. ലോകം ഈ സാങ്കേതിക വിദ്യയ്‌ക്കൊപ്പം അതിവേഗം കുതിച്ചു മുന്നേറുകയാണ്, ദ്രുത ഗതിയിലുള്ള ഈ വളർച്ച നമ്മൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. നമ്മൾക്ക് അത് ആവശ്യമില്ലെന്ന് പറയാനും കഴിയില്ല. അതിനാൽ തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നും വളരെ തുറന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടാവുക .
ഡിജിറ്റൽ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ഉറ്റുനോക്കി അതേ നിലവാരത്തിൽ തന്നെ നമ്മളും ക്രിപ്റ്റോ കറൻസിയുടെ കാര്യത്തിലും നിലപാടെടുക്കുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. ക്രിപ്റ്റോ കറൻസിയെ ഒഴിവാക്കുന്ന ഒരു നിലപാട് ഒരിക്കലും ഉണ്ടാവില്ലെന്ന സൂചന ഇപ്പോൾ നൽകാൻ കഴിയുമെന്നും , ഡിജിറ്റൽ ലോകത്തും ക്രിപ്‌റ്റോ കറൻസിയിലും നടക്കുന്ന പരീക്ഷണങ്ങൾ നടത്തുവാനുള്ള വഴികൾ തീർച്ചയായും നമ്മളും നോക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ക്രിപ്റ്റോകറൻസി നിയമനിർമ്മാണത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് മന്ത്രി അനുരാഗ് താക്കൂറും വ്യക്തമാക്കിയിരുന്നു. ഭരണം മെച്ചപ്പെടുത്തുന്നതിനായി ക്രിപ്റ്റോകറൻസികൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ വിലയിരുത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ഇന്ത്യൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു .
പുതുമയെയും പുതിയ സാങ്കേതികവിദ്യയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും , ബ്ലോക്ക്ചെയിൻ വളർന്നുവരുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണെന്നും, വെർച്വൽ കറൻസിയുടെ ഒരു രൂപമാണ് ക്രിപ്‌റ്റോകറൻസിയെന്നും , തുറന്ന മനസ്സോടെ പുതിയ ആശയങ്ങൾ വിലയിരുത്തുകയും പര്യവേക്ഷണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്‌ക്കൊപ്പം , ഈ രണ്ട് മന്ത്രിമാരുടെ പ്രസ്താവന ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ച തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പല ലോകരാജ്യങ്ങളെപ്പോലെ ഇന്ത്യയും ഒരു ക്രിപ്റ്റോ സൗഹൃദ രാജ്യമായി മാറുന്നതിന്റെ ലക്ഷങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി, ഇപ്പോൾ പി.ജി ചെയ്തുകൊണ്ടിരിക്കുന്ന റ്റിറ്റോ സ്റ്റാൻലിയാണ് സ്കെച്ച് എന്ന ഈ വർക് ഷോപ്പ് നടത്തുന്ന ചിത്രകാരൻ . നിരവധി ആർട്സ് എക്സിബിഷനുകളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള റ്റിറ്റോ സ്റ്റാൻലി മികച്ച ഒരു ചിത്രകാരനാണ്.
ഈ വർക് ഷോപ്പിന്റെ ഫീസ്:- കുട്ടികൾക്ക് 3 പൗണ്ടും മുതിർന്നവർക്ക് 6 പൗണ്ടുമാണ്.
നിങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, പെയിൻറിങ് ഇവയിലൊന്ന് തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ദീക്ഷയുടെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജസിൽ മെസേജ് അയക്കാം. അല്ലെങ്കിൽ deekshaa . [email protected] എന്ന ഇ-മെയിലിലേയ്ക്കോ 07455276367 എന്ന ഫോൺ നമ്പറിലേയ്ക്കോ മെസേജ് ചെയ്യുക.
തീയതി : – മാർച്ച് 14 ഞായർ
സമയം : 4 പി.എം (യുകെ) ചെയിന്റിംഗ്
5 പി.എം(യുകെ) പെൻസിൽ ഡ്രോയിങ്
രജിസ്ട്രേഷന് അവസാന തീയതി: – ശനിയാഴ്ച രാത്രി 7 മണി
ദീക്ഷയുടെ ഫേസ്ബുക്ക് പേജ്: – Deekshaa
ദീക്ഷയുടെ ഇൻസ്റ്റാഗ്രാം പേജ്: – @ deekshaa. arts
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
ശിവരാത്രി എന്ന പഥം സയന്‍സുമായ് എങ്ങനെ ബന്ധപെട്ടു കിടക്കുന്നുവെന്നു കാണാം ..
ശിവ എന്ന പേരുകേള്‍ക്കുമ്പോള്‍ മനസിലേക്കോടിവരുന്നത് ഹൈന്ദവ ദൈവമുഖമാണ്. പക്ഷെ ഭൂമിക്കുണ്ടാവുന്ന ചില ചിലമാറ്റങ്ങള്‍..ഗുരുത്വാകര്‍ഷണ ബലത്തിന്റെ ഏറ്റകുറച്ചിലുകള്‍ എന്നിവയൊക്കെ അനുസരിച്ചുവരുന്ന ഒരു പ്രേത്യേക ദിവസത്തിനു ഇന്ത്യന്‍ കള്‍ചര്‍ അനുസരിച്ചു ശിവരാത്രി എന്ന പദം വന്നു.
എന്തിനേറെ നമഃശിവായ എന്ന വാക്കിനര്‍ത്ഥം തന്നെ
ന ഭൂമിയും
മ ജലവും
ശീ അഗ്‌നിയും
വാ വായുവും
യ എന്നാല്‍ സ്‌പേസുമടങ്ങിയ ഭൂമിയുടെ അഞ്ച് എലെമെന്റ്‌സ് ആണന്നറിഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ ഇമ്പമായി. അതില്‍ കണ്ടെത്തിയ ചില സത്യങ്ങളിവിടെ കുറിക്കട്ടെ …
മഹാശിവരാത്രിയെന്ന സങ്കല്പ ദിവസവും നമ്മള്‍ വസിക്കുന്ന പ്ലാനെറ്റും സോളാര്‍ സിസ്റ്റവും ഗാലക്‌സിയും കോസ്‌മോസുമൊക്കെയായ് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു .
അങ്ങനെയിരിക്കെ ശിവരാത്രി എന്ന് പേരിട്ടിരിക്കുന്ന ആ പ്രേത്യേക ദിവസത്തില്‍, കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മളുടെ പ്ലാനറ്റ് ഒരു പ്രേത്യേക പൊസിഷനിലേക്ക് വരുന്നതുമൂലം അത് ഭൂമിയിലെ ജീവജാലങ്ങളെയും നദികളെയും ഒരു പ്രത്യേകതരത്തില്‍ ബാധിക്കുന്നു. അതോടൊപ്പം തന്നെ ഭൂമിയുടെ വടക്കന്‍ അര്‍ദ്ധഗോളത്തിനു വരുന്ന ചില മാറ്റങ്ങള്‍ നിമിത്തം ഭൂമിയിലെ ജലനിരപ്പുയരുകയും പൂര്ണചന്രനുദിക്കുകയും മല്‍സ്യ ബന്ധനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുകയുമൊക്കെ ചെയ്യുന്നു .
അന്നേദിവസം ജലനിരപ്പിനു സംഭവിക്കുന്ന മാറ്റം പോലെത്തന്നെ 70 ശദമാനം ജലാംശനിര്മിതമായ നമ്മുടെ ശരീരത്തിലും ചില മാറ്റങ്ങള്‍ക്ക് ആ ദിവസം കാരണമാകുന്നു (increase the fluid level). അതുമൂലം നമ്മുടെ സന്തോഷത്തിന്റെയും എനര്‍ജിയുടെയും ലെവലോക്കെ പതഞ്ഞു പൊങ്ങാന്‍ പറ്റിയ പാകത്തില്‍ ആ ഒരു പ്രത്യേക ദിവസത്തെ ഭൂമി നമുക്കായ് ഒരുക്കിയിരിക്കുന്നു . കൂടാതെ അന്നേ ദിവസം മാനസിക അസുഖങ്ങളുള്ളവരുടെയൊക്കെ രോഗം മൂര്‍ച്ഛിക്കുന്നതിനു കാരണം ഫുള്‍ മൂണ്‍ അല്ല മറിച്ചു ഭൂമിയില്‍ ഉണ്ടാകുന്ന ഈ മാറ്റമാണ്.
അങ്ങനെയുള്ള ആ രാത്രിയില്‍ 70 ശതമാനം ജലാംശമുള്ള നമ്മള്‍ എഴുന്നേറ്റിരിക്കുന്നതിലൂടെ നമ്മുടെ ശരീരം upright പൊസിഷനില്‍ ആവുകയും ആ ദിവസത്തിന്റെ പൂര്‍ണ ഭലം നമ്മുക്ക് ആസ്വദിക്കാന്‍ പറ്റുകയും ചെയ്യും. പക്ഷെ മറിച്ചു അന്നേദിവസം രാത്രിയില്‍ നമ്മള്‍ കിടക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന്റെ പൊസിഷന്‍ തിരശ്ചീനമാകുന്നതിലൂടെ നമ്മുടെ ശരീത്തില്‍ ചില നെഗറ്റീവ് മാറ്റങ്ങള്‍ക്കിട വരുത്താം.
അതിനെ തടയുന്നതിനാണ് ശിവരാത്രി ദിവസം എല്ലാവരും ഉണര്‍ന്നിരിക്കുന്നതും . ചിലര്‍ ബാറുകളില്‍ രാത്രികാല സമയം മുഴുവന്‍ ചെലവഴിക്കുമ്പോള്‍ മറ്റുചിലര്‍ ചീട്ടുകളിയും സ്ട്രീറ്റ് ഷോസുകളും പാതിരാ സിനിമ കാണലുമൊക്കെയായ് ( 3 രാത്രി ഷോ കള്‍ പതിവാണ് ) കഴിയാവുന്നതും തങ്ങളുടെ ശരീരം ലംബമായി നിര്‍ത്താന്‍ ശ്രമിക്കുന്നതും .
ഈ ഒരുദിവസത്തിന്റെ കൂടുതല്‍ ബെനെഫിറ്റ്‌സും മറ്റുള്ള ജീവജാലങ്ങളെക്കാള്‍ മനുഷ്യരായ നമുക്ക് അനുഭവിക്കാന്‍ പറ്റുന്നത് നമ്മുടെ സ്‌പൈന്‍ മാത്രമേ വെര്‍ട്ടിക്കല്‍ ആയി നിലനില്‍ക്കുന്നുള്ളു എന്നതുതന്നാണ് ..
ഇതൊക്കെ അറിയുമ്പോള്‍ സത്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറിനെന്തൊരു ബ്യുട്ടിയാണല്ലേ ?
കോട്ടപ്പടി മുട്ടത്തുപാറ വട്ടക്കുടിയിൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (84) യാണ് നിര്യാതയായത്. സ്ംസ്കാരം വ്യാഴാഴ്ച്ച (11/3/2021) രാവിലെ 10 മണിയ്ക്ക് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. നെല്ലിക്കുഴി കളമ്പുകാട്ട് കുടുംബാംഗമാണ് പരേത.
ജോർജ്ജ്കുട്ടിയുടെ ഭാര്യ സിജിയും മക്കളും (കവന്റ്രി) , സിജിയുടെ മൂത്ത സഹോദരി സിൽവിയും ഭർത്താവ് ജോൺസനും മക്കളും (ബർമ്മിംഗ്‌ഹാം) എന്നിവർ യുകെയിലാണ് താമസം.
മറ്റ് മക്കൾ : ജോൺ, റാണി, സിസ്റ്റർ അനു സിഎംസി ( കാർമ്മൽ ആശുപത്രി അശോകപുരം)
മരുമക്കൾ: ഗ്രേസി പുളിക്കക്കുന്നേൽ വടക്കുംഭാഗം , ജോയി തോട്ടുമാരിക്കൽ അയിരൂർപാടം, ലിസി പൂണേലി അങ്കമാലി, റോയി അവരാപ്പാട്ട് വെളിയേൽചാൽ, ജോൺസൺ മറ്റത്തിൽ പനയമ്പാൽ ജോർജ്ജ്കുട്ടി വടക്കേക്കൂറ്റ് പൂവത്തിളപ്പ്.
ജോർജ്ജുകുട്ടി വടക്കേക്കൂറ്റിന്റെ ഭാര്യാമാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
രാജകുടുംബത്തില്‍ നിന്നും നേരിട്ട വംശീയാധിക്ഷേപങ്ങളെ കുറിച്ച് മേഗന്‍ മാര്‍ക്കിളും രാജകുമാരന്‍ ഹാരയും പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. മേഗന്‍ മാര്‍ക്കിളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരവും ടിവി അവതാരകയുമായ സിമി ഗരേവാള്‍.
”മേഗന്‍ പറഞ്ഞ ഒരു കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു വാക്ക് പോലും. ഇരയാണെന്ന് വിശ്വസിപ്പിക്കാന്‍ അവള്‍ കള്ളം പറയുകയാണ്. വംശീയത എന്ന മറ ഉപയോഗിച്ച് അവള്‍ സിംപതി നേടാനാണ് ശ്രമിക്കുന്നത്. പാപിയാണവള്‍” എന്നാണ് സിമി ഗരേവാളിന്റെ ട്വീറ്റ്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയതിന്റെ കാരണമാണ് മേഗനും രാജകുമാരന്‍ ഹാരിയും തുറന്നുപറഞ്ഞത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തില്‍ നിന്നും മേഗനെ സംരക്ഷിക്കുന്നതില്‍ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളര്‍ത്തിയെന്നും ഹാരി പറയുന്നു.
ഗര്‍ഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കുമോ എന്നതില്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും രാജകുടുംബത്തില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനം ഹാരിയുടേതായിരുന്നെന്നും തന്റെയും ഹാരിയുടെയും ജീവിതത്തെ ആ തീരുമാനം രക്ഷിച്ചെന്നും മേഗന്‍ പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിയെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിമര്‍ശിച്ചു. സന്തുലിതമായ ഒരു ചര്‍ച്ചക്കുപകരം തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും ഭരണസ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജനായ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഗുര്‍ച്ച് സിംഗിന്റെ പരാതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരാഴ്ചക്കിടെ യുകെയില്‍നിന്ന് ഒരു ലക്ഷത്തിലധികം ഒപ്പുകളാണ് പരാതിക്ക് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മാര്‍ട്ടിന്‍ ഡേ ചര്‍ച്ചക്ക് തുടക്കമിട്ടു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് യുകെ ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്. അവരെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷവും ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കുന്നതും വലിയ ആശങ്കകള്‍ക്ക് കാരണമാണ്. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചിന്തിക്കാന്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രക്ഷോഭം ഇടയാക്കുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഗൗരവമേറിയ കാര്യമാണെന്നും കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അടുത്ത ബന്ധം ബ്രിട്ടന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതിന് ഒരിക്കലും തടസമാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി ഏഷ്യയുടെ ചുമതലയുള്ള സഹമന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു.
അതേസമയം, കണ്‍സര്‍വേറ്റീവ് എംപി തേരേസ വില്ലിയേഴ്‌സ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. യുകെയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനെതിരെ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. യുകെ ജനാധിപത്യത്തിന് എതിരാണെന്ന് എന്നല്ല അതിനര്‍ത്ഥമെന്നായിരുന്നു തേരേസയുടെ പ്രതികരണം.
എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ലണ്ടനിലെ ഹൈകമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. യുകെയില്‍ നിന്നുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്ക് അവര്‍ സാക്ഷികളുമാണ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന കാര്യം എവിടെയും ഉയര്‍ന്നിട്ടില്ലെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറിയസംഘം നടത്തിയ ആഭ്യന്തര ചര്‍ച്ചയെക്കുറിച്ച് സാധാരണഗതിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായം പറയാറില്ല. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സ്‌നേഹത്തെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെയും കണക്കിലെടുക്കാതെ ഇന്ത്യയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അതിലെ തെറ്റ് തീരുത്തേണ്ടതുണ്ടെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.