സ്വന്തം ലേഖകൻ
കൊച്ചി : കേരളത്തിൽ നിന്ന് ബി ജെ പി യെ പൂർണ്ണമായും ഒഴിവാക്കിയെന്ന് ഓർത്ത് സന്തോഷിക്കുന്ന മലയാളിയാണ് നിങ്ങളെങ്കിൽ ഓർക്കുക കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു വലിയ അപകടം കൂടിയാണ്. കാരണം ഇന്ത്യയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല എന്ന് ഉറപ്പുള്ള സംസ്ഥാനങ്ങളിൽ പോലും കോടികൾ ചിലവാക്കി ബി ജെ പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പിന്നിൽ ചില വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വോട്ടിംഗ് മെഷിൻ തട്ടിപ്പിലൂടെയും, വർഗ്ഗീയ കാർഡുകൾ ഇറക്കിയും ഭരണം നേടിയെടുക്കാവുന്ന സംസ്ഥാനങ്ങളിൽ വളരെ പെട്ടെന്ന് പിടിമുറുക്കികൊണ്ട് അല്ലാത്ത സംസ്ഥാനങ്ങളിൽ മറ്റ് കപട മാർഗ്ഗങ്ങളിലൂടെ പിടിമുറുക്കുക എന്ന തന്ത്രമാണ് അവർ ഉപയോഗപ്പെടുത്തുന്നത്. അത്തരം സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ തന്നെയാണ് അവർ ഈ മാർഗ്ഗത്തിനായി ഉപയോഗപ്പെടുത്തുന്നത്.
കേരളം ബി ജെ പിയെ സംബന്ധിച്ച് അത്തരം ഒരു സംസ്ഥാനം തന്നെയാണ് . കാരണം ബി ജെ പിക്കറിയാം ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെയോ , വർഗ്ഗീയത പ്രചരിപ്പിച്ചോ ഭരണം നേടുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്ന്. എന്നാൽ ഇതേ സംസ്ഥാനത്ത് നടന്ന ഈ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനാർഥികളായ സുരേന്ദ്രനും , ശ്രീധരനും , സുരേഷ് ഗോപിയുമൊക്ക തോറ്റിരിക്കുന്നത് വെറും ആയിരത്തിനും പതിനായിരത്തിനുമിടയ്ക്കുള്ള വോട്ടുകൾക്കാണ്. യഥാർത്ഥ കണക്ക് പുറത്ത് വരുമ്പോൾ പലയിടത്തും മൂന്നാം സ്ഥാനത്ത് എത്തിയെന്നും അറിയാൻ കഴിയും. വിജയത്തിന് ആവശ്യമായ ഈ കുറച്ച് വോട്ടുകൾ അടുത്ത് വരുന്ന ഇല്കഷനുകളിൽ ബി ജെ പിക്ക് വളരെ നിസ്സാരമായി ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് ഓർത്തിരിക്കുക. അത് എങ്ങനെയാണ് അവർ ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു സീറ്റ് പോലും മത്സരിച്ച് ജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ഇന്ന് എങ്ങനെയാണ് ബി ജെ പി മന്ത്രിസഭകൾ വന്നതെന്ന് പഠിച്ചാൽ മനസ്സിലാകും.
ഇപ്പോൾ ബി ജെ പി കേരളത്തിൽ നേടിയ വോട്ടുകൾ പൂർണ്ണമായും വർഗ്ഗീയത പ്രചരിപ്പിച്ച് അവർ നേടിയ വോട്ടുകളാണ്. അത് അടുത്ത തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്ന് അവർക്കറിയാം. ഇനിയും വിജയിക്കാൻ വേണ്ട വോട്ടുകൾ വെറും അഞ്ചോ പത്തോ ശതമാനം കൂടി മതി. അതിനായി അവർ ആദ്യം ഉപയോഗിക്കുന്നത് കേരളത്തിലും ഇന്ത്യയിലും ഇല്ലാതായികൊണ്ടിരിക്കുന്ന കോൺഗ്രസ്സിലെ നേതാക്കളെ തന്നെയായിരിക്കും. ഇനിയും കേരളത്തിലെ കോൺഗ്രസ്സിൽ നിന്നുകൊണ്ട് യാതൊരു പ്രയോജനം ഇല്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട് അവർ കോൺഗ്രസ്സ് നേതാക്കളിൽ പലരേയും കോടികൾ നൽകി ബി ജെ പിയിൽ എത്തിക്കും.
ചെറിയ ചെറിയ പാർട്ടികളിലെ എം എൽ എ മാരെയും നേതാക്കളെയും വിലയ്‌ക്കെടുക്കും. വിദ്യാസമ്പന്നർ എന്നും, നിക്ഷപക്ഷർ എന്നും തോന്നിക്കുന്ന ആളുകൾക്ക് പല അവാർഡുകളും , സ്ഥാനമാനങ്ങളും നൽകി ബി ജെ പിയിൽ എത്തിക്കും. അഴിമതിക്കാരായ നേതാക്കളെ സി ബി ഐ , ഇ ഡി പോലെയുള്ള സംവിധാനങ്ങളെ വച്ച് ഭീക്ഷണിപ്പെടുത്തി ബി ജെ പിയിൽ എത്തിക്കും. പണം നൽകി ബി ജെ പി അനുകൂല വാർത്തകൾ നൽകാൻ കഴിയുന്ന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും അല്ലെങ്കിൽ പുതിയവ ഉണ്ടാക്കും. പല ജാതി മത സംഘടനകളിലെയും പുരോഹിതരേയും മറ്റ് നേതാക്കളെയും ഞങ്ങളാണ് ന്യുനപക്ഷ സംരക്ഷകർ എന്ന് പറഞ്ഞു ബി ജെ പി കൂടെ കൂട്ടും. അങ്ങനെ അടുത്ത ഇലക്ഷനിൽ ജയിക്കാൻ ആവശ്യമായ നിസ്സാര വോട്ടുകൾ അവർ നേടിയെടുക്കും. ഇതേ രീതി നടപ്പിലാക്കിയാണ് അവർ ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഭരണം നേടിയിരിക്കുന്നത്.
ഇത് കോൺഗ്രസ്സ് നേതാക്കളെ ഉപയോഗപ്പെടുത്തി കേരളത്തിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അവർ ഉടൻ ആരംഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച ഏക സീറ്റായ നേമം ഇല്ലാതായല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും ഇപ്പോൾ എന്നാൽ ഇക്കുറി ബി ജെ പി ക്ക് എം എൽ എ മാരെ കിട്ടിയില്ലെങ്കിലും അവർക്ക് മറ്റ് സംസ്ഥാനങ്ങളിലെ പോലെ എം എൽ എ മാരെ ഉണ്ടാക്കുവാനുള്ള ഏറ്റവും നല്ല രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടായിരിക്കുന്നു എന്നാണ് തിരിച്ചറിയേണ്ടത്. ഇടതുപക്ഷ വിരുദ്ധരായ കോൺഗ്രസ് നേതാക്കൾ ഭരണം കിട്ടിയില്ലെങ്കിൽ ബി ജെ പിയിലേയ്ക്ക് പോകും എന്ന് പറഞ്ഞതിനെ നിസ്സാരമായി കാണരുത്.
ബി ജെ പിയെയും ഇടതുപക്ഷത്തെയും എതിർക്കുന്ന എല്ലാ കൂട്ടായ്മകൾക്കും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന നല്ലൊരു ക്രിയാത്മക പ്രതിപക്ഷ കൂട്ടായ്മ കേരളത്തിൽ ഉടൻ ഉണ്ടാകണം. അങ്ങനെ ബി ജെ പിയുടെ രാഷ്ട്രീയ കച്ചവടത്തിന് തടയിടണം. ആ കൂട്ടായ്മ ബി ജെ പി യുടെ എല്ലാത്തരം ജനവിരുദ്ധ നിലപാടുകളെയും തുറന്ന് കാട്ടുന്ന രീതിയിൽ പ്രവർത്തിക്കണം , അതോടൊപ്പം ബി ജെ പി യിലെയും കോൺഗ്രസ്സിലെയും നിക്ഷപക്ഷരായ ആളുകളെ ആകർഷിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാപരമായ ഭരണം ഇടതുപക്ഷ മന്ത്രിസഭയിൽ നിന്ന് ഉണ്ടാകണം. അതോടൊപ്പം ദേശീയ തലത്തിൽ ഒന്നിക്കാവുന്ന എല്ലാത്തരം പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പ്രതിപക്ഷ കൂട്ടയ്മയ്ക്ക് വഴിയൊരുക്കുവാൻ കേരളം മുൻകൈയ്യെടുക്കണം. ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ബി ജെ പി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കിയ അതേ കപട രാഷ്ട്രീയ തന്ത്രം കേരളത്തിലും നടപ്പിലാക്കുമെന്നുറപ്പാണ്.
എനിക്ക് രാഷ്ട്രീയപരമായി വല്ല അറിവൊന്നും ഇല്ല . വളർന്നു വന്ന സാഹചര്യവും അറിവും അനുസരിച്ച് എപ്പോളും സപ്പോർട്ട് ചെയ്യുന്നതും അംഗീകരിക്കുന്നതുമായ ഒരു പാർട്ടി കോൺഗ്രസ് ആണ്. പക്ഷെ ഇത്രയും നാൾ നേരിട്ടു കണ്ടു അറിഞ്ഞ ആൾ എന്ന നിലയിൽ LDF ചെയ്യുന്ന പല കാര്യത്തിലും ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്നതാണ്. ഒരു പാർട്ടിയിൽ എല്ലാവരും നല്ലവരാകണമെന്നില്ല. എന്തിനേറെ യേശു ക്രിസ്തുവിന്റെ ടീമിൽ പോലുമില്ലായിരുന്നോ മാറ്റിനിർത്തപ്പെടേണ്ട വ്യക്തിത്വങ്ങൾ…
പക്ഷെ അത് മാറ്റിവച്ചിട്ടു ചിലകാര്യങ്ങൾ നമ്മൾ നോക്കികാണുകയാണെങ്കിൽ ആരോഗ്യ സംരക്ഷണം അത് നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട ഒന്നാണ്. അതിൽ ഒരു പരിധിവരെ ഇന്നത്തെ കേരള സർക്കാർ വിജയിച്ചു എന്ന് നമുക്ക് പലവട്ടം മനസിലായ കാര്യമാണ് .
അത് നിപ്പയുടെ കാര്യം തന്നെയെടുക്കുക. നമ്മളുടെ വീടുകൾ തോറും കയറി ഇറങ്ങി ബോധവത്കരിച്ചും ഹൈജീൻ കിറ്റുകൾ കൊടുത്തും ഉയർത്തിയപോലെത്തന്നെ വെള്ളപൊക്കം വന്നപ്പോളും ആ ഒരു സർക്കാരിന്റെ കഴിവിൽ പിടിച്ചുനിന്നവരാണ് നമ്മൾ മലയാളികൾ .
ഇതിനിടയിൽ ആരോമൂലം ഇല്ലാതാക്കപ്പെട്ട ചില കുഞ്ഞുങ്ങളുടെ ഏങ്ങലടികളും വറ്റിയ മാറുകളുടെ ശാപങ്ങളും അനാധമാക്കപ്പെട്ട ചില കുടുംബങ്ങളുടെ കണ്ണുനീരും ആർക്കൊക്കയോ വേണ്ടി ജയിലറക്കുള്ളിലകപ്പെട്ടു കുടുങ്ങിപ്പോയ ശബദമില്ലാ മുറവിളികളുടെയും മറ്റുപല അരോചക മരണങ്ങളുടെ മണവും… ഓട്ടകൾ ഉണ്ടായിരുന്ന ഖജനാവ് വിളക്കിച്ചേർക്കുന്നതിന് പകരം ഓട്ടകൾ വലുതാവുകയും, വിള്ളലുകൾ രൂപപ്പെടുകയും ചെയ്ത സാഹചര്യമാണ് നമുക്ക് ചുറ്റിലുമുള്ളതെങ്കിലും…
നമ്മുടെ സർക്കാരിന്റെ ചില ആത്മസമർപ്പണവും കഴിവുകളും ഈ ഒരു മഹാമാരിയിലും തുടരുന്നുവെന്നത് നമ്മൾ മറന്നൂടാ. എന്തെങ്കിലും പറയണമല്ലോ എന്നുകരുതി പൂത്തതും പഴകിയതുമായ ധാന്യവർഗ്ഗങ്ങൾ കൊടുത്തു സർക്കാർ മനുഷ്യനെ വഞ്ചിച്ചുവെന്ന് പറയുമ്പോളും ആരോടും പറയാതെ ആ ധാന്യത്തിന്റെ ബലത്തിൽ മാത്രം ജീവൻ പിടിച്ചുനിർത്തിയ എത്ര എത്ര കുഞ്ഞുങ്ങൾ, അമ്മമാർ, വയറൊട്ടിയ കുടുംബനാഥൻമാർ ഉണ്ടായിരുന്നുവെന്ന് എല്ലാവരും അറിയണമെന്നില്ല. കാരണം പലരും കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പരത്തുന്നതിന്റെയും വാശിയിലും തിരക്കിലുമായിരുന്നു.
ഇന്നത്തെ അവസ്ഥ തന്നെ നോക്കുക നോർത്ത് ഇന്ത്യയിൽ ഓക്സിജൻ ഇല്ലാതെ ജനങ്ങൾ വഴിയിൽ കിടന്നു മരിക്കുന്നു. സംസ്കരിക്കാൻ ആളും സ്ഥലവും ഇല്ലാതെ പോവുന്ന എത്ര എത്ര മരവിച്ച ദേഹങ്ങൾ. താൻ പ്രസവിച്ചു മുലയൂട്ടി വളർത്തിയ കുഞ്ഞ് ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നതു കാണേണ്ടിവരുന്ന എത്ര എത്ര അമ്മമാർ. തനിക്കു താങ്ങും തണലുമായി നിന്നവളുടെ മരവിച്ച ശരീരം എങ്ങോട്ടെന്നില്ലാതെ ദിശ അറിയാതെ സൈക്കിളിൽ കെട്ടി ഏങ്ങി എങ്ങി പോകുന്ന വേറൊരു പടു വൃദ്ധനെ ഇന്നലെയും നമ്മൾ കണ്ടു മറന്നു . ഇനിയും നമ്മൾ അറിയാത്തതും കേൾക്കാത്തതുമായ എത്രയോ രോദനങ്ങൾ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഏതോ ഒരു കോണിൽ കത്തി ചാമ്പലായിട്ടുണ്ടാവാം .
അതേസമയം നമ്മളുടെ കൊച്ചു കേരളത്തിൽ നമുക്കു സ്വന്തമായി വാക്‌സിൻ മേടിച്ചു തന്റെ ജനങ്ങളെ സംരക്ഷിക്കുന്ന, ഓക്സിജൻ ഷാമം നേരത്തെ നോക്കിക്കണ്ടു നമ്മളെ ജീവിക്കാൻ സഹായിക്കുന്ന, പൂത്തതെന്നും പഴയതെന്നും പറഞ്ഞു ആർത്തുചിരിക്കുന്ന മുഖങ്ങൾക്കു പിടികൊടുക്കാതെ തങ്ങളുടെ കർത്തവ്യങ്ങൾ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്ന ഈ ഒരു ഗവൺമെന്റിൽ അഭിമാനം മാത്രം.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തം പാർട്ടി എന്നത് ഒരു പുറം ചട്ട മാത്രമാണ് .മനുഷ്യർ എവിടെ മനുഷനാകുന്നുവോ അവിടെ മതമോ പാർട്ടിയോ തീർത്തും അപ്രസിദ്ധമാകുന്നു. നല്ലതു ചെയ്യുന്ന മനഷ്യനെ കുറിച്ച് നല്ല രണ്ടു വാക്കു പറയണമെങ്കിൽ അത് അത് അവരുടെ ചേതനയറ്റ ശരീരത്തിനു മുമ്പിൽ മാത്രമേ ആകുകയുള്ളു എന്ന സ്വഭാവം ചില പാർട്ടി ഭ്രാന്തും മതഭ്രാന്തും പിടിച്ചവരുടെ സ്വഭാവം ആയി പോയി. അരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ നിങളുടെ ദൈവിക കരങ്ങളെ പാർട്ടി നോക്കാതെ ഇഷ്ടപെടുന്ന ഒരു പാട് ആൾക്കാർ നിങ്ങൾക്ക് ചുറ്റുമുണ്ട് . കൂടുതൽ ഊർജം പേറി മുമ്പോട്ടു പോകുക . ഒന്നും നിങ്ങളുടെ മനസ്സിനെ തളർത്താതെ ഇരിക്കട്ടെ.
ഇനിയും ഒട്ടേറെ നന്മയും സ്നേഹവുമൊക്കെയായ് നമ്മുടെ ഈ കൊച്ചു കേരളം വളർന്നു പന്തലിക്കട്ടെ ഈ ചുവന്ന കുടക്കീഴിൽ …..
അഭിനന്ദനങ്ങൾ
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് നേഴ്സുമാരും 16 കോവിഡ് രോഗികളും ഉൾപ്പെടെ 18 പേർ ഐസിയുവിൽ ഉണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സംഭവം നടന്നത് ഗുജറാത്തിലെ ബറുച്ചിൽ പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ്. ഇന്നലെ പുലർച്ചെയുണ്ടായ സംഭവത്തിൽ അമ്പതിലേറെ പേർ ചികിത്സയിൽ ഉണ്ടായിരുന്ന ഐസിയു പൂർണമായും കത്തിനശിച്ചു. വൈദ്യുത തകരാറാണ് അപകടകാരണം എന്നാണ് സംശയിക്കുന്നത്.

ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 401993 കോവിഡ് കേസുകളാണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇത് ലോക രാജ്യങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതലാണ്. ഇന്നലത്തെ രോഗബാധിതരുടെ എണ്ണവും കൂടി കണക്കിലെടുത്താൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 19.1 ദശലക്ഷത്തിന് മുകളിലായി കോവിഡ് രോഗികളുടെ എണ്ണം. ഇന്നലെ 3523 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. എന്നാൽ മരണസംഖ്യയും രോഗവ്യാപനവും ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബേസിൽ ജോസഫ്
ഈ റെസിപ്പിക്ക് കാരണമായത് പ്രിയ സുഹൃത്തായ അജിത് പാലിയത്തിന്റെ പൈ പുരാണം എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. അപ്പോൾ മനസ്സിലായി മലയാളികൾക്ക് ഒക്കെ പൈ ഇഷ്ടമാണ് പക്ഷെ അതിൽ പാരമ്പരഗതമായി ഉപയോഗിക്കുന്ന ഫില്ലിംഗ് ആണ് എല്ലാവർക്കും ഇഷ്ടക്കുറവ് അപ്പോൾ ആലോചിച്ചു എങ്ങനെ നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇതിനെ ഒന്ന് മാറ്റിയെടുത്താലോ എന്ന്. വീക്കെൻഡ് കുക്കിംഗ് സീസൺ 2 ടീമുമായി ഈ ആശയം പങ്കുവച്ചു. അവസാനം വിന്താലു മസാലയിൽ പോർക്ക് ജോയിന്റ് സ്ലോ കുക്ക് ചെയ്ത് പോർക്ക് ഫില്ലിംഗ് ഉണ്ടാക്കിയാൽ ഏറെ വ്യത്യസ്തമായിരിക്കും എന്ന ഒരു തീരുമാനത്തിൽ എത്തിച്ചേരുകയും അത് പരീക്ഷിക്കുകയും ചെയ്തു. വിന്താലു മസാല ആണ് ഈ ഡിഷിന്റെ കാതൽ. വിന്താലു എന്ന പേര് പോർച്ചുഗീസ് ഡിഷ് ആയ “carne de vinha d’alhos” നിന്നും ഉണ്ടായതാണ്. വിശദമായ പാചക വിധി താഴെ വിവരിക്കുന്നു.

ചേരുവകൾ
1)പോർക്ക് മീഡിയം സൈസ് ജോയിൻറ് (750 ഗ്രാം )
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റൽ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
കറുവാപട്ട 1 പീസ്
ശർക്കര 25 ഗ്രാം
മഞ്ഞൾ പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 കപ്പ് (50 മില്ലി)
3) ടൊമറ്റോ 1 എണ്ണം
4)ഓയിൽ 2 ടീസ്പൂണ്‍
5)പഫ് പേയ്സ്റ്റ്റി ഷീറ്റ്സ് – 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
വിന്താലു മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകൾ വിനാഗിരിയിൽ ചേർത്ത് അരച്ച് എടുക്കുക്കുക. നല്ല കുഴിവുള്ള ഒരു പാനിൽ (കാസറോൾ പാൻ) ഓയിൽ ചൂടാക്കി ഫൈൻ ആയി ചോപ് ചെയ്ത 2 സബോള ,ടൊമറ്റോ, 2 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ നിറമായി കഴിയുമ്പോൾ അരച്ചുവച്ച മസാലയും ചേർത്ത് വഴറ്റുക. മസാല കുക്ക് ആയി കഴിയുമ്പോൾ പോർക്ക് (മുറിക്കാതെ ഒറ്റ പീസ് ആയി ) ചേർത്ത് വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത് മൂടി വച്ച് ചെറു തീയിൽ 90 മിനിറ്റു കുക്ക് ചെയ്യുക. പോർക്ക് വെന്തുകഴിയുമ്പോൾ പുറത്തെടുത്തു ഒരു ഫോർക്ക് കൊണ്ട് പോർക്ക് ചെറുതായി മിൻസ് രീതിയിൽ ചീന്തിയെടുക്കുക (തൊലി ഒഴിവാക്കി മീറ്റ് മാത്രം). ഇങ്ങനെ ചീന്തിയെടുത്ത പോർക്ക് വീണ്ടും അതെ ഗ്രേവിയിൽ ഇട്ട് നന്നയി വറ്റിച്ചെടുക്കുക. ഓവൻ 200 ഡിഗ്രിയിൽ പ്രീഹീറ്റ്ചെയ്യുക. ഒരു ബേക്കിങ് ഡിഷിൽ പഫ് പേയ്സ്റ്ററി കൊണ്ട് ബേസ് ഉണ്ടാക്കി അതിലേയ്ക്ക് ഈ മിശ്രിതം മാറ്റി മുകളിൽ മറ്റൊരു പഫ് പേയ്സ്റ്ററി ഷീറ്റ് കൊണ്ട് കവർചെയ്ത് അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പേയ്സ്ട്രയിക്ക് മുകളിൽ പുരട്ടി .ചൂടായ ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റുക. ( മസാല അരയ്ക്കുമ്പോൾ കുറച്ചു ഗോവൻ കോക്കനട്ട് ഫെനി കൂടി ചേർത്താൽ ഈ മസാല പ്രെസെർവ് ചെയ്തു കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും. ബീഫ് ,മട്ടണ്‍ ,ചിക്കൻ എന്നിവ ഉപയോഗിച്ചും വിന്താലു ഉണ്ടാക്കുമെങ്കിലും പോർക്ക് ആണ് ഓതെന്റിക് വിന്താലു ആയി ഉപയോഗിക്കുന്നത്).

ബേസിൽ ജോസഫ്

മെട്രിസ് ഫിലിപ്പ്
കോവിഡ് -19 ൽ മുങ്ങിയിരിക്കുന്ന ലോകത്തേയ്ക്ക് ഒരു തൊഴിലാളി ദിനം കൂടി കടന്നു വരുന്നു. ഇത്തവണത്തെ തൊഴിലാളി ദിനത്തിന് കൂടുതൽ അർത്ഥമുണ്ട്. തൊഴിലാളിയും മുതലാളിയും ഒരേ ചരടിൽ കോർത്ത ദിനം. അരപട്ടിണി മുഴുപട്ടിണി എന്ന് വിളിക്കുന്ന കാലം വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. മുതലാളിയുടെ ഫാക്ടറിയുടെ മുൻപിൽ ഉയർത്തികെട്ടിയ കൊടികൾ കാറ്റത്തു പറന്നു കളിക്കുന്നു. ആരെയോ പ്രതീക്ഷിക്കുന്നു. എന്നാൽ ആ ഗേറ്റിനുള്ളിൽ വുഹാനിൽനിന്നും പറന്നിറങ്ങിയ ഒരു വൈറസ് ഒളിച്ചിരിപ്പുണ്ട്. അത് കൊണ്ട് എല്ലാരും പേടിച്ചിരിക്കുയാണ്. സ്വയം രക്ഷയ്ക്കുവേണ്ടി.
ഓരോ മുതലാളിയും കമ്പനികൾ തുറക്കുന്നത് ലാഭം ഉണ്ടാക്കാനും, എന്നാൽ അതിലേറെ, കുറേ ആളുകൾക്ക് ജോലി കൊടുക്കാനും വേണ്ടിയാണ്. ഓരോ തൊഴിലാളിയും ശമ്പളം പറഞ്ഞുറപ്പിച്ചതിന് ശേഷമാണ് ജോലിക്കു കയറുന്നത്. എന്നാൽ കുറേ നാളുകൾ കഴിയുമ്പോൾ കുട്ടിനേതാക്കൾ പിരികയറ്റി വിട്ട്, സമരം തുടങ്ങും, അവസാനം കമ്പനി പൂട്ടും. തൊഴിലാളി പെരുവഴിയിൽ. നേതാവ് ബെൻസിൽ. ഒരു മുതലാളി ഒരു കമ്പനി തുടങ്ങുന്നത് എത്രയോ പണം മുടക്കിയാണ്. അതാരും ചിന്തിക്കുന്നില്ല. ആലോചിക്കൂ തൊഴിലാളികളെ. ഇന്ന് നമ്മുടെ എല്ലാം അടുപ്പുകൾ പുകയുന്നത് ഓരോ മുതലാളിയുടെയും കരുണകൊണ്ടാണ്. നാളെ ലഭിക്കുന്ന ശമ്പളം ഇല്ലാതെ വന്നേക്കാം.
ഓരോ തൊഴിലാളിക്കും അവകാശങ്ങൾ ഉണ്ട്. അതിന് സമരങ്ങൾ വേണം. എന്നാൽ കമ്പനികൾ പൂട്ടിച്ചുകൊണ്ടാകരുത്. കേരളത്തിൽ തൊഴിലാളി സമരങ്ങൾ മൂലം എത്രയോ കമ്പനികൾ പൂട്ടിപോയി. ഈ കൊറോണകാലം കൊണ്ട് സമരം ചെയ്യാതെ തന്നെ കമ്പനികൾ പൂട്ടും. അതിനാൽ ജാഗ്രത വേണം. പട്ടിണിയുടെ കാലം വരുവാൻ പോകുകയാണ്. പ്രവാസികൾ കൂട്ടമായി തിരിച്ചുവന്നു കൊണ്ടിരിക്കുന്നു. സമരം ചെയ്യാൻ ഒരുങ്ങുന്നവരെ നാളെ ഇവർ കല്ലെറിഞ്ഞേക്കാം. കാരണം നിൽക്കകള്ളി ഇല്ലാതെ ആണ് അവർ തിരിച്ചു വന്നിരിക്കുന്നത്.
സർക്കാർ ജോലിയാണ് ഏറ്റവും നല്ല സേഫ് സോൺ. ജോലി ചെയ്തില്ലെങ്കിലും മാസം അവസാനം ശമ്പളം അവർക്ക് ലഭിക്കും. അവർക്ക് ചോദിക്കാൻ യൂണിയനുകൾ ഉണ്ട്. പ്രൈവറ്റ് കമ്പനികളിലുള്ളവർക്ക് ശമ്പളം വളരെ കുറവ്. അത് പോലെ കൂലിപണിക്കാർ, ലോട്ടറി വിൽക്കുന്നവർ അങ്ങനെ അങ്ങനെ നീണ്ടുപോകുന്നവരെ കൂടി ഓർത്താൽ നന്നായിരിക്കും.
ഈ കോവിഡ് കാലം പ്രിയ തൊഴിലാളികളെ ചിന്തിക്കു, നാളെ നിങ്ങൾക്കു ജോലി ഉണ്ടാകുമോ എന്ന്. സർക്കാർ എന്നും കൂടെ ഉണ്ടാകണം എന്നില്ല. കരുതൽ വേണം. ഇതൊരു മുന്നറിയിപ്പാണ്.
ലോകം മുഴുവൻ സാമ്പത്തിക അച്ചടക്കത്തിലേക്കു പോയിരിക്കുന്നു. നിരവധി ആളുകളുടെ ജോലി പോയിരിക്കുന്നു. ഭക്ഷ്യഷാമം ഉണ്ടാകും. ഉൽപ്പന്നങ്ങൾക്കു നല്ല വിലകൊടുക്കേണ്ടി വരും. ജാഗ്രത വേണം.
പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകരേയും ഇന്നോർമ്മിക്കാം. അവർക്കും അവകാശങ്ങൾ ഉണ്ട്. അവരുടെ ഉൽപ്പന്നങ്ങൾക്കും വേണം നല്ല വില. മറ്റെല്ലാ വിഭാഗം തൊഴിലാളികളെയും ഈ അവസരത്തിൽ ഓർക്കുന്നു, അവർക്കു നല്ല നമസ്ക്കാരം നേരുന്നു.
അധുനിക യുഗം ആണ് ഇപ്പോൾ. മനുഷ്യനു പകരം റോബോട്ടുകളും, മെഷിൻസും വന്നു കഴിഞ്ഞു. കമ്പ്യൂട്ടർ, കൊയ്ത്ത് മെഷീനുകൾക്കെതിരെ സമരം ചെയ്തവർ ആണ് നമ്മുടെ നേതാക്കൾ. പുതിയ തൊഴിൽശാലകൾ തുറക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. കയർ, കൈത്തറി, ബീഡി, കശുവണ്ടി തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നു. അവരും കാത്തിരിക്കുന്നുണ്ടകാം ഒരു സമരത്തിനായി. സമരം ഇല്ലാത്ത നാളുകൾ ആണ് വേണ്ടത്. പൂട്ടാൻ എളുപ്പമാണ്. എന്നാൽ തുറക്കാൻ ഒട്ടേറെ കാത്തിരിക്കണം.
കോവിഡ് കാലം മാറി പുതിയ നാളുകൾ വരും. ലോക്ക് ഡൗൺ മാറി എല്ലാം പഴയത് പോലെ ആകും. എന്നാൽ പൂർണ്ണമായി പഴയത് പോലെ ആകും എന്ന് കരുതരുത്. ഈ മഹാമാരിയെ ജഗ്രതയോടെ നേരിടാം. എല്ലാ തൊഴിലാളികൾക്കും ആശംസകൾ.
ഈങ്കുലാബ് സിന്ദാബാദ്.
രണ്ടര ഏക്കർ സ്ഥലത്ത് വളരെ മനോഹരമായി പണിത് പല ബ്രിട്ടീഷ് ചരിത്രങ്ങൾ ഉറങ്ങുന്നതും, ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാഞ്‌ജിയുടെയും ഏക മകളും, എലിബത്ത് രാഞ്ജി രണ്ടിന്റെ ആന്റിയും ആയ മേരി രാജകുമാരി താമസിച്ചെന്ന് അറിയപ്പെടുന്ന ബിൽഡിംങ്ങ് സ്വന്തമാക്കി ഡോക്ടർമാരായ റീമി, ബേബി ദമ്പതികൾ.

യുകെയിലെ പ്രമുഖ ബിസിനസുകാരനും റീമി ഗ്രൂപ്പ് കമ്പനിയുടെ മനേജിങ്ങ് ഡയറക് ടർ കൂടിയാണ് ഡോ. ബേബി ചെറിയാൻ. ഡബ്ല്യൂഎംഎഫ് യുകെ സെക്രട്ടറിയായും, ഒഐസിസി ലീഡർ, ബ്രൈറ്റ് പബ്ലിക് സ്കൂൾ മൂവാറ്റുപുഴ (CBSE) ഡയറക് ടറായും, ഓർത്തഡോക്സ് ചർച്ച് യുകെയുടെ വേദപാഠ ട്രഷറർ എന്നിങ്ങനെ പല രീതിയിലും സേവനം ചെയ്തുവരുന്നു.



അയർലൻഡിലെ ‘ഐറിഷ് കൈരളി ക്ലബ് ‘ ഫേസ്‍ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അയർലൻഡിലും, യുകെയിലും താമസിക്കുന്ന, ഫോട്ടോഗ്രാഫി പ്രൊഫഷന്‍ ആയി സ്വീകരിച്ചവര്‍ക്കും, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും , സാധാരണക്കാര്‍ക്കുമായി നടത്തപ്പെടുന്ന, ‘ഓൾ അയർലൻഡ് – യുകെ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റ് 2021’ മത്സരത്തിന്റെ എൻട്രികൾ അയക്കേണ്ട അവസാന ദിവസം ഈ മാസം മുപ്പതിനാണ്.
ഫോട്ടോഗ്രാഫി മേഖലയിൽ പ്രാവീണ്യം തെളിയിച്ച, പ്രഗൽഭരായ ചിത്രഗ്രാഹകരാണ് ഈ മത്സരത്തിന്റെ ജഡ് ജിങ് പാനലിൽ, വിധികർത്താക്കളായി എത്തുന്നത്. മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ ഫോട്ടോഗ്രാഫി ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫറും, നിരവധി ഹിറ്റ് സിനിമകളുടെ ഫോട്ടോഗ്രാഫറുമായ ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫറും, ഫോട്ടോഗ്രാഫി ഇൻസ്ട്രക്ടറുമായ, ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ് നിങ്ങളുടെ ചിത്രങ്ങൾ മൂല്യനിർണയം നടത്തുന്നത്.

ഈ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനങ്ങളായ, ക്യാഷ് പ്രൈസും, ട്രോഫിയും സ്പോൺസർ ചെയ്‌തിരിക്കുന്നത്, അയർലൻഡിലെ പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ് കെന്നഡി സോളിസിറ്റേഴ് സാണ്.
NB: മത്സരത്തിന്റ് വിഷയം – Spring (വസന്തകാലം)
എന്‍ട്രികള്‍ ഏപ്രിൽ 30- ആം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ പറയുന്ന ഇമെയിലിൽ അയച്ചു തരുക.-
കൂടുതൽ വിവരങ്ങൾക്ക് Irish kairali club facebook page – സന്ദർശിക്കുക .
അനിൽ ജോസഫ് രാമപുരം -+353 899536360
ശ്യാം ഷൺമുഖൻ – + 353 87 421 3209.
സന്ദർലാൻഡ്: യുകെ മലയാളികൾക്ക് ദുഃഖം നൽകി മലയാളി നഴ്‌സിന്റെ മരണവാർത്ത. സുന്ദർലാണ്ടിൽ താമസിച്ചിരുന്ന ബെറ്റി സോജിയാണ് (47) ഇന്നലെ മരണത്തിന് കീഴടങ്ങിയത്. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിൽ ഇന്നലെ (23/04/2021) ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഡയാലിസീസ് നടക്കുന്നതിനിടയിൽ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. സോജി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികൾ. എ ലെവൽ വിദ്യാർത്ഥിനിയായ സാന്ദ്ര ജോജി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ബെൻ ജോജി എന്നിവർ.
ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബെറ്റിയും കുടുംബവും നാട്ടിൽ എത്തിയത്. ഈസ്റ്റർ ദിവസമാണ് ഇവർ കുടുംബസമേതം നാട്ടിൽ എത്തിയത്. മെയ് ആദ്യ ആഴ്ചയിൽ യുകെയിലേക്കുള്ള തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തശേഷമാണ് ഇവിടെനിന്നും നാട്ടിലേക്ക് ചികിത്സാർത്ഥം പുറപ്പെട്ടത്. കുറച്ചു നാളുകളായി ഡയബറ്റിക് ചികിത്സയിൽ ആയിരുന്നു ബെറ്റി. തുടർന്ന് ഷുഗർ രോഗത്തിന്റെ പിടിയിൽ കൂടിയായപ്പോൾ കാര്യമായി ആരോഗ്യത്തെ ബാധിച്ചിരുന്നു. തുടർന്നാണ് കൂടുതൽ ചികിസകൾക്കായി നാട്ടിലേക്ക് പുറപ്പെട്ടത്.
സുന്ദർലാണ്ടിൽ നിന്നും 12 മയിലുകൾക്കപ്പുറമുള്ള ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ നേഴ്‌സായിരുന്നു പരേത. 2006 യുകെയിൽ ആദ്യമെത്തിയത് ക്രോയിഡോണിൽ ആയിരുന്നു. പിന്നീട് റെഡിങ്ങിലേക്ക് മാറിയ കുടുംബം തുടർന്ന് 2010 സുന്ദർലാണ്ടിൽ എത്തുകയായിരുന്നു. യുകെയിൽ എത്തുന്നതിന് മുൻപ് സൗദിയിൽ ആയിരുന്നു.
ബെറ്റിയുടെ സംസ്ക്കാരം ഏപ്രിൽ 26 ന് ഉച്ചതിരിഞ്ഞു ഭർത്താവായ സോജിയുടെ ഇടവകയായ താന്നിപ്പുഴ സെന്റ് ജോസഫ് ദേവാലയ സിമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നു. ബെറ്റി, പാലാ ഭരണങ്ങാനം, അമ്പാറനിരപ്പ് സ്വദേശിനിയും , വെളുത്തേടത്ത് വീട്ടിൽ കുടുംബാംഗവും ആണ്.
പരേതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുമുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തുകയും ഇന്ത്യയെ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു പുറകെ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശവും നൽകി.
ഇതേസമയം, ഹോങ് കോങ്ങ് ”എമർജൻസി സർക്യൂട്ട് ബ്രേക്കർ” കൊണ്ടുവരികയും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തു. ഈ മാസം ആദ്യം മുതൽ ന്യൂസിലാൻഡും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
എന്ത് കൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ വിലക്കുന്നത്?
രാജ്യത്ത് 103 പേരിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയെ ട്രാവൽ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തിയത് എന്നാണ് ബ്രിട്ടൺ അറിയിച്ചത്. ഹോങ് കോങ്ങും സമാന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് വരുന്നത് എന്നാണ് ഹോങ് കോങ്ങ് പറയുന്നത്.
ഇതോടൊപ്പം മറ്റു രാജ്യങ്ങളും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പങ്കുവെക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയെ ലെവൽ മൂന്ന് കാറ്റഗറിയിൽ നിന്ന് ലെവൽ നാല് കാറ്റഗറിയിലേക്ക് ഉൾപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ചൊവ്വാഴ്ച രാവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 20,31,977 കോവിഡ് രോഗികളാണ് ഉള്ളത്.
ബ്രിട്ടനും യുഎസും വിലക്കേർപ്പെടുത്തിയോ ?
ബ്രിട്ടൺ സർക്കാരിന്റെ മാനദണ്ഡ പ്രകാരം നിങ്ങൾ ഏപ്രിൽ 23 വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് മുൻപാണ് ബ്രിട്ടനിൽ എത്തുന്നതെങ്കിൽ പത്തു ദിവസത്തേക്ക് ക്വാറന്റൈനിൽ പോവുകയും രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യുകയും വേണം. ഏപ്രിൽ 23 വെള്ളിയാഴ്ച്ച മുതൽ കഴിഞ്ഞ പത്തു ദിവസം ഇന്ത്യയിൽ ഉണ്ടായിരുന്ന ആളാണെങ്കിൽ ബ്രിട്ടീഷ് വംശജനോ ഐറിഷ് വംശജനോ ബ്രിട്ടണിൽ താമസിക്കാൻ അവകാശമുള്ള ആളാണെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകു. ഇങ്ങനെയുള്ളവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും നിർബന്ധമാണ്.
ഇതുസംബന്ധിച്ച് സിഡിസി ഇറക്കിയ പ്രസ്താവനയിൽ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്, “ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് -19 വകഭേദം ബാധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക.” അതോടൊപ്പം, “നിങ്ങൾ നിർബന്ധമായും ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്ക് മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കണം, ജനക്കൂട്ടം ഒഴിവാക്കണം, കൈകൾ കഴുകണം,” എന്നും ഡിസിസി പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ വിമാന കമ്പനികളായ എയർ ഇന്ത്യ, വിസ്താര, യുണൈറ്റഡ്, ബ്രിട്ടീഷ് എയർവേസ് എന്നിവ യുഎസിൽ നിന്നും ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, തുടങ്ങിയ എയർപോർട്ടുകളിലേക്കും തിരിച്ച് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കും സർവിസുകൾ നടത്തുന്നുണ്ട്.