‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല……
കാലം തെളിവുകൾ നിരത്തി ഞാൻ സത്യമായിരുന്നെന്നു പറയും….’
– ഡോ. ഹാവ്‌ലി ക്രിപ്പൺ
ഭാര്യ കോറ ട്യൂണറെ വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് തൂക്കിലേറ്റുന്നതിലും ഒരാഴ്ച മുൻപ് ഡോ. ഹാവ്‌ലി ക്രിപ്പൺ ഡയറിയിൽ കുറിച്ച ഈ വാക്കുകൾ ഒരു നൂറ്റാണ്ടിനിപ്പുറവും ബ്രിട്ടിഷ് നിയമ വ്യവസ്ഥയെ മുറിപ്പെടുത്തുന്നുണ്ട്. കാലം തെളിവുകൾ നിരത്തി ക്രിപ്പൺ നിരപരാധിയാണെന്നു പറയുമ്പോൾ കോറയുടെ തിരോധാനം ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. 1910 ജനുവരി 31– ഡോ. ഹാവ്‌ലി ക്രിപ്പൺ ഭാര്യ കോറയെ കൊലപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തിയ ദിനം.
അമേരിക്കയിൽനിന്ന് 1900ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഡോക്ടറായിരുന്നു ഹാവ്‌ലി ക്രിപ്പൺ. ഭാര്യ കോറ ഗായികയായിരുന്നു. ബെല്ല എൽമോറ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കോറയുടെ കരിയർ നേട്ടത്തിനായായിരുന്നു കുടിയേറ്റം. സന്തോഷം നിറഞ്ഞ അവരുടെ ജീവിതം മാറിമറിഞ്ഞതു പെട്ടെന്നാണ്.
1910 ജനുവരി 31 തിങ്കൾ. വൈകുന്നേരം ഡിന്നറിന് ബെല്ലയുടെ രണ്ടു സ്നേഹിതരെയും വിളിച്ചിരുന്നു– പോളും ക്ലാരയും. വിരുന്നു കഴിഞ്ഞു രാത്രി ഒരു മണിയോടെ അവർ മടങ്ങി. അതിനു ശേഷം ആരും ബെല്ലയെ കണ്ടിട്ടില്ല. ഒരാഴ്ച കഴിഞ്ഞും ബെല്ലയെ കാണാതെ വന്നതോടെ സുഹൃത്തുക്കൾ തിരക്കി. അവരോടെല്ലാം അവൾ അമേരിക്കയിലേക്കു തിരിച്ചുപോയി എന്നു മാത്രം ക്രിപ്പൺ മറുപടി പറഞ്ഞു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ നാട്ടിൽ വച്ചു ഭാര്യ രോഗബാധിതയായെന്നും മരിച്ചെന്നും അവിടെത്തന്നെ സംസ്കരിച്ചെന്നും ക്രിപ്പൺ വെളിപ്പെടുത്തി. ബെല്ല മരിച്ച് അധികം താമസിയാതെ എതേൽ ലേ നേവ് എന്ന യുവതിയുമായുള്ള ക്രിപ്പണിന്റെ അടുപ്പം പുറംലോകം അറിഞ്ഞു തുടങ്ങി. ആദ്യം ബെല്ലയുടെ വസ്ത്രങ്ങളും ആഭരണങ്ങളും അവൾ അണിഞ്ഞു തുടങ്ങി. പതുക്കെ നേവ് ക്രിപ്പണൊപ്പം താമസം ആരംഭിച്ചു.
ക്രിപ്പണിന്റെ സഹപ്രവർത്തകയും കാമുകിയുമായിരുന്നു നേവ്. അതോടെ അയൽക്കാർക്കും സുഹൃത്തുക്കൾക്കും ക്രിപ്പൺ പറഞ്ഞ കഥകളിൽ സംശയം തോന്നിത്തുടങ്ങി. ബെല്ലയുടെ തിരോധാനത്തെക്കുറിച്ച് അവർ പൊലീസിൽ അറിയിച്ചു.
ജൂലൈ 8ന് അവിടുത്തെ ചീഫ് ഇൻസ്പെക്ടർ വാൾട്ടർ ക്രിപ്പണെ തേടിയെത്തി. അദ്ദേഹത്തോടു ക്രിപ്പൺ പറഞ്ഞത് മറ്റൊരു കഥ; ബ്രൂസ് മില്ലർ എന്ന അമേരിക്കക്കാരനുമായി ബെല്ല പ്രണയത്തിലായിരുന്നുവെന്നും അയാളോടൊപ്പം അവൾ അമേരിക്കയിലേക്ക് ഒളിച്ചോടിയെന്നും. ബെല്ലയെ കണ്ടെത്താൻ പൊലീസ് പലവഴി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ ബെല്ല കൊല്ലപ്പെട്ടു എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ഡോ. ക്രിപ്പണിന്റെ വീട് പരിശോധിച്ചെങ്കിലും കൊലപാതകം തെളിയിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മൂന്നു തവണ പൊലീസ് വീട് പരിശോധിച്ചു. അന്വേഷണം ഊർജിതമായതോടെ ബെല്ലയുടെ കൊലപാതകി എന്ന രീതിയിലായി എല്ലാവരുടെയും പെരുമാറ്റം. അതോടെ അവിടം വിടാൻ ഡോ.ക്രിപ്പണും നേവും തീരുമാനിച്ചു.
നാലാം തവണ പൊലീസ് വീട്ടിലെത്തുമ്പോഴേക്കും ക്രിപ്പണും നേവും അവിടെനിന്നു കടന്നുകളഞ്ഞിരുന്നു. കാനഡയായിരുന്നു ലക്ഷ്യം. ഇത്തവണ വീടു പരിശോധിക്കുമ്പോൾ തറയിൽ പാകിയ ചില കട്ടകൾ ഇളകിയിരിക്കുന്നത് വാൾട്ടറിന്റെ ശ്രദ്ധയിൽപ്പെട്ടു. കട്ടകൾ മാറ്റി പരിശോധിച്ചപ്പോൾ അതിനടിയിൽനിന്നു മനുഷ്യശരീരത്തിന്റെ കുറച്ചുഭാഗം ലഭിച്ചു. തലയും എല്ലുകളും ഒന്നുമില്ലാത്ത കുറച്ചു മാംസം. അതോടെ ബെല്ലയെ ഡോ. ക്രിപ്പൺ വകവരുത്തിയെന്ന് പൊലീസ് ഉറപ്പിച്ചു. ഇക്കാര്യം വാർത്തയായി. ഈ സമയം, വേഷം മാറി പിതാവും മകനും എന്ന രീതിയിൽ ഒരു കപ്പലിൽ ക്രിപ്പണും നേവും കാനഡയിലേക്കു പുറപ്പെട്ടിരുന്നു.
ഇരുവരെയും കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ വന്നു തുടങ്ങിയിരുന്നു. കപ്പലിലെ ക്യാപ്റ്റൻ അവരെ തിരിച്ചറിഞ്ഞു. വയർലെസ് സംവിധാനം ഉപയോഗത്തിലായ കാലമായിരുന്നു. ക്യാപ്റ്റൻ കെൻഡാൾ, സ്കോട്‌ലൻഡ് യാർഡ് പൊലീസിനു വയർലെസിലൂടെ സന്ദേശം അയച്ചു. ജൂലൈ 31 ഞായറാഴ്ച കപ്പൽ സെന്റ് ലോറൻസിൽ തീരമടുത്തു. ഇരുവരെയും കാത്ത് ഇൻസ്പെക്ടർ ഡ്യൂവിന്റെ നേതൃത്വത്തിൽ പൊലീസ് ഉണ്ടായിരുന്നു. പിതാവും മകനുമായി വേഷം മാറിയത് ഡോ. ക്രിപ്പണും നേവുമാണെന്നു തിരിച്ചറിഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്ത് ലണ്ടനിലേക്കു തിരിച്ചു.
ഒക്ടോബർ 18ന് വിചാരണ ആരംഭിച്ചു. കണ്ടെത്തിയ ശരീര ഭാഗം കോറയുടേതല്ലെന്നും അതു തങ്ങൾ അവിടെ താമസിക്കും മുൻപ് മറ്റാരെങ്കിലും മറവു ചെയ്തതാകാമെന്നുമായിരുന്നു ക്രിപ്പണിന്റെ വാദം. എന്നാൽ കോടതി അത് അംഗീകരിക്കാൻ തയാറായില്ല. കിട്ടിയ ശരീര ഭാഗത്തു കാണപ്പെട്ടതു പോലുള്ള ചില മാർക്കുകൾ ബെല്ലയുടെ ശരീരത്തിലും ഉണ്ടായിരുന്നുവെന്ന് പൊലീസിനു തെളിയിക്കാൻ സാധിച്ചു. ശരീര ഭാഗത്തിനൊപ്പം കണ്ടെത്തിയ വസ്ത്രങ്ങളുടെ പാറ്റേൺ 1908നു ശേഷമുള്ള മോഡൽ ആണെന്നുകൂടി തെളിഞ്ഞതോടെ കോറയുടെ ശരീര ഭാഗങ്ങളാണു കണ്ടെത്തിയതെന്ന് പ്രോസിക്യൂഷൻ ഉറപ്പിച്ചു പറഞ്ഞു. വിഷം കഴിച്ചാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിലൂടെ തെളിഞ്ഞു. അതേ വിഷം ജനുവരി 17ന് ക്രിപ്പൺ വാങ്ങിയിരുന്നു എന്നുകൂടി തെളിയിക്കാനായി. അതോടെ ക്രിപ്പൺ ബെല്ലയെ കൊന്നു എന്ന് ജൂറി ഉറപ്പിച്ചു. എതേൽ നേവിനു കൊലപാതകത്തിൽ പങ്കില്ലെന്നും കോടതി കണ്ടെത്തി. ക്രിപ്പൺ അപ്പീലിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോടതി ക്രിപ്പണെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1910 നവംബർ 23, ബുധനാഴ്ച വിധി നടപ്പാക്കി. നേവിന്റെ ഏതാനും ഫൊട്ടോഗ്രഫും കത്തുകളും തന്റെ കല്ലറയിൽ അടക്കണമെന്നും കല്ലറയ്ക്കു മുകളിൽ പേരു കൊത്തി വയ്ക്കരുതെന്നുമായിരുന്നു ക്രിപ്പണിന്റെ അന്ത്യാഭിലാഷം. അതു നടപ്പാക്കി.
ഹാവ്‌ലി ക്രിപ്പൺ മരിച്ചെങ്കിലും ക്രിപ്പൺ കുടുംബത്തിൽനിന്ന് ആ ദുഷ്പേര് പോയില്ല. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ കൊടുംകുറ്റവാളികളുടെ കൂട്ടത്തിൽ ഹാവ്‌ലി ക്രിപ്പൺ എന്ന പേര് എന്നും നിലനിന്നു. പക്ഷേ ഹാവ്‌ലി ക്രിപ്പൺ കോറയെ കൊന്നു എന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ക്രിപ്പൺ കുടുംബം വിശ്വസിച്ചുമില്ല. അത് എക്കാലത്തും ഒരു തർക്കമായി തുടർന്നു. കിട്ടിയ ശരീര ഭാഗങ്ങൾ ബെല്ലയുടേതല്ലെന്ന് പല പഠനങ്ങളും ഉണ്ടായി. ജയിംസ് പാട്രിക് ക്രിപ്പൺ എന്ന പുതു തലമുറക്കാരൻ കുടുംബചരിത്രത്തിലെ ആ പഴയ അധ്യായത്തിലൂടെ വീണ്ടും നടക്കാൻ തീരുമാനിച്ചു.
മിഷിഗൻ സ്റ്റേറ്റ് സർവകലാശയിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഡേവിഡ് ഫോറൻ ഒരു നൂറ്റാണ്ടിനു ശേഷം, ബെല്ലയുടേതെന്നു കരുതുന്ന ശരീരഭാഗങ്ങൾ പരിശോധിച്ചു. റോയൽ ലണ്ടൻ ഹോസ്പിറ്റൽ ആർക്കൈവിൽ അപ്പോഴും ആ ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്നു. അതിന്റെ ഡിഎൻഎ പഠനം നടത്തി. അതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഡോ. ക്രിപ്പണിന്റെ വീട്ടിൽനിന്നു കണ്ടെത്തിയ ശരീരഭാഗം ഒരു സ്ത്രീയുടേതല്ലെന്നു തെളിഞ്ഞു. കോറയുടെ കുടുംബത്തിലെ പിൻതലമുറക്കാരുടെ ഡിഎൻഎയുമായും അവ പൊരുത്തപ്പെട്ടില്ല. അതോടെ ഡെ. ക്രിപ്പണിന്റെ വധശിക്ഷ ബിട്ടിഷ് നിയമ വ്യവസ്ഥയ്ക്കു പറ്റിയ പിഴവാണെന്ന സത്യം പുറത്തുവന്നു. ഡോ. ക്രിപ്പൺ കുറിച്ച വരികൾ യാഥാർഥ്യമായി. കാലം തെളിവുകൾ നിരത്തി… അയാൾ സത്യമായിരുന്നു എന്നു വിളിച്ചു പറഞ്ഞു.
പിൽക്കാലത്ത് ജോൺ ബോയ്ൻ, ക്രിപ്പണിന്റെ ജീവിതം ആസ്പദമാക്കി ‘ക്രിപ്പൺ: എ നോവൽ ഓഫ് എ മർഡർ’ എന്ന പേരിൽ ഒരു നോവൽ എഴുതി. അതു വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി യുകെയിലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബെർഗ്.
കർഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹി പരിധിയിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിവെച്ചുവെന്ന സിഎൻഎൻ വാർത്ത ട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പ്രതികരണം.
‘ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്താണ് ഗ്രെറ്റ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇതിനോടകം നിരവധി പേർ ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ പോപ് ഗായിക റിഹാന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഗ്രെറ്റ ത്യുൻബെയും പിന്തുണയുമായി രംഗത്തെത്തിയത്.
കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ തന്നെ പ്രേരിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ (100) അന്തരിച്ചു. കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മുതല്‍ ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കേ സ്വന്തം വീടിന് ചുറ്റും നൂറ് റൗണ്ട് വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്നു. ഇതിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്‍ ആരോഗ്യ രംഗത്തിന് നല്‍കാന്‍ അദ്ദേഹത്തിനായി.
ഇതില്‍ നിന്നും ജനങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയും നിരവധി പേര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തിരുന്നു. തന്നെ പോലൊരു ചെറിയ ആത്മാവിന് ലോകത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന മൂറിന്റെ വാക്കുകളെ ഏറ്റെടുത്താണ് ജനങ്ങള്‍ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ നല്‍കിയത്.
മൂറിന്റെ ഈ പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യവും പിന്തുണ നല്‍കിയിരുന്നു. മൂറിന്റെ വീടിന് മുകളിലൂടെ വ്യോമസേനാ വിമാനങ്ങള്‍ ആദരസൂചകമായി പറത്തിയാണ് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ആദരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും സേവനം ചെയ്തിട്ടുണ്ട്.
കോവിഡ് മഹാമാരി ലോകമാകെ പിടിച്ചുകുലുക്കിയിരിക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ച് യുകെയിലെ ജനജീവിതത്തെ സ്തംഭിപ്പിക്കുകയും, മരണം ഒരു ലക്ഷം കടക്കുകയും ചെയ്തുവെങ്കിലും പ്രതീക്ഷയുടെയും പ്രത്യാശയുടെയും വാർത്തകളാണ് ഇംഗ്ലണ്ടിൻെറ നോർത്തിലുള്ള സ്കൻന്തോർപ്പിൽ നിന്ന് കേൾക്കുന്നത്.
കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി വളരെ മോശമായിരുന്ന പൂർണഗർഭിണിയായ മലയാളി യുവതി കുഞ്ഞിനെ ജന്മം നൽകുകയും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വാർത്തകൾ യുകെ മലയാളികൾ വളരെ ആശ്വാസത്തോടെയാണ് ശ്രവിച്ചത്.
കാരണം പൂർണ്ണ ഗർഭിണിയായ റോസ് ജിമ്മിച്ചൻ കോവിഡ് ബാധിതയായി അത്യാസന്ന നിലയിലായ വിവരം പ്രാർത്ഥനാ ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിഞ്ഞ യുകെ മലയാളികൾ വളരെയധികം ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ റോസും റോസ് ജന്മം നൽകിയ കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്ത മലയാളി സമൂഹത്തിന് വളരെ ആശ്വാസമായി.
യുകെയിലെ ഹള്ളിനടുത്തുള്ള സ്കൻന്തോർപ്പിലാണ് ജിമ്മി റോസ് ദമ്പതികൾ താമസിക്കുന്നത്. റോസിന് 29 ആഴ്ച ഗർഭിണിയായിരിക്കെയാണ് ഡിസംബർ ആദ്യവാരം കോവിഡ് ബാധിതയായി സ്കൻന്തോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ റോസിൻറെ ആരോഗ്യസ്ഥിതി പൊടുന്നനെ ഗുരുതരമായതിനാൽ റോസിനെ പെട്ടെന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കുഞ്ഞിനെ പുറത്തെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് മുന്നിലില്ലായിരുന്നു.
ഡിസംബർ ഒമ്പതാം തീയതി അതായത് പതിനൊന്ന് ആഴ്ച്ച മുൻപേ റോസ് കൊച്ചു കാതറീന് ജന്മം നൽകിയപ്പോൾ 1.2kg മാത്രമാണ് തൂക്കമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ റോസും, കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
തൻറെ കുഞ്ഞ് ജീവിച്ചിരിക്കുമെന്നോ തനിക്ക് കുടുംബാംഗങ്ങളെ വീണ്ടും കാണാൻ സാധിക്കുമെന്നോ താൻ കരുതിയിരുന്നില്ലെന്നും റോസ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇനി എനിക്ക് ശ്വസിക്കണ്ട’…. “ഞാൻ ഉറങ്ങട്ടെ…” കൊറോണ പിടിപെട്ട് വേദനയിൽ പുളഞ്ഞ ഗർഭിണിയായ യുകെ മലയാളി നഴ്‌സ് സഹപ്രവർത്തകരായ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞതായി ഓർമ്മിച്ചെടുത്തു. അത്രയധികം വേദനയിൽകൂടിയാണ് ആ ദിവസങ്ങൾ കടന്നുപോയത്.
താൻ ജോലി ചെയ്യുന്ന എൻഎച്ച്എസിനോടും അവിടുത്തെ സഹപ്രവർത്തകരോടും ഒത്തിരി നന്ദി ഉണ്ടെന്ന് റോസ് പറഞ്ഞു. എന്തായാലും റോസിൻെറയും കുഞ്ഞു കാതറീൻെറയും അതിജീവനത്തിൻെറ കഥ ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ കോവിഡ് കാലത്തും ഉണ്ടാക്കിയത് പ്രതീക്ഷയുടെയും, പ്രത്യാശയുടെയും കാഴ്ചകളാണ്.
ലണ്ടൻ ∙ യുകെയിൽ വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായി മലയാളി എഴുത്തുകാരൻ. 12 വർഷത്തോളമായി യുകെയിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി വടക്കേമുറി വീട്ടിൽ ജിൻസൻ ഇരിട്ടിയാണ് കഴിഞ്ഞ രാത്രി ജോലി കഴിഞ്ഞു ബസിൽ താമസസ്ഥലത്തേക്കു മടങ്ങുംവഴി ആക്രമിക്കപ്പെട്ടത്.
ജോലിക്കൊപ്പം സൈക്യാട്രിക് നഴ്സിങ്ങിൽ ഡണ്ടി യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനം നടത്തുന്നുണ്ട് ജിൻസൻ. സ്കോട്‌ലൻഡിലെ ചെറുനഗരമായ ഡൻഫേംലൈനിലെ ആശുപത്രിയിൽനിന്നു ജോലി കഴിഞ്ഞ് താമസിക്കുന്ന നഗരമായ ഡണ്ടി സിറ്റിയിലേക്കു മടങ്ങുകയായിരുന്നു. ബസിൽ ജിൻസനെ കൂടാതെ മറ്റൊരു യാത്രക്കാരൻ കൂടിയേ ഉണ്ടായിരുന്നുള്ളൂ.
മാസ്ക് വയ്ക്കാതിരുന്ന വെള്ളക്കാരനായ ഇയാൾ ജിൻസന്റെ സമീപത്തെത്തി പാക്കിസ്ഥാൻ പരാമർശങ്ങളോടെ ‘ഷേക്ക് ഹാൻഡ് നൽകൂ’ എന്ന് ആക്രോശിച്ചു. താൻ ആരോഗ്യ പ്രവർത്തകനാണെന്നും വൈറസ് വ്യാപിക്കുന്ന സമയത്തു കൈ കൊടുക്കുന്നത് നല്ലതല്ലെന്നും വേണമെങ്കിൽ കൈമുട്ടുകൾ കൂട്ടിമുട്ടിക്കാം എന്നും ജിൻസൻ പറഞ്ഞു.
അസഭ്യ വർഷത്തിനിടയിലും അയാൾ അതു സമ്മതിച്ച് കൈമുട്ടുകൾ കൂട്ടി മുട്ടിച്ചശേഷം പിന്നിലെ സീറ്റിൽ പോയി ഇരുന്നു. അൽപ നേരത്തിനുശേഷം എണീറ്റുവന്ന് വംശീയാധിക്ഷേപം നടത്തി ജിൻസന്റെ തലയിൽ അടിച്ചു. തുടർന്ന് മടിയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ അയാളോട് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അക്രമാസക്തനായി കാണപ്പെട്ട അയാൾ ജിൻസനെ ചീത്ത വിളിക്കുന്നത് തുടർന്നു.
ഭയന്ന് ബസിന്റെ സ്റ്റെപ്പിലേക്ക് ഇറങ്ങി ജിൻസൻ പൊലീസിനെ വിളിച്ചു. ബസ് ഡണ്ടി ടൗണിലേക്ക് കയറിയ ഉടൻ പാഞ്ഞെത്തിയ പൊലീസ് ബസിൽ കയറി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ചെറിയ തോതിലുള്ള വംശീയ അധിക്ഷേപവും ആക്രമണവും മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ജീവിതത്തിൽ ആദ്യമായിട്ടാണെന്നു ജിൻസ് പ്രതികരിച്ചു.
ദീക്ഷ ‘യുടെ പുതിയ ഇവന്റ് പരമ്പര ‘Yaadon Ki Baarish- RETRO SONG MASTi ‘ ഈ ചൊവ്വാഴ്ച വൈകുന്നേരം 6.00 മണിക്ക് (യുകെ സമയം) & 11 .30 ന് (ഇന്ത്യൻ സമയം) ആരംഭിക്കുന്നു. ഈ പരമ്പരയിൽ നിങ്ങൾക്ക് പഴയകാല സിനിമകളിലെ അനശ്വരഗാനങ്ങളും (RETRO SONG MASTi), നൃത്തങ്ങളും, (RETRO DANCE MASTi) തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ അവതരിപ്പിക്കുന്നത് കാണാം.
OVAL -Our Voice in Arts and Literature എന്ന ബിർമിംഗ്ഹാമിലുള്ള ഒരു ആർട്സ് കൺസോർഷ്യംഈ പരിപാടി കോ-ഹോസ്റ്റ് ചെയ്യുന്നു. വിവിധ രാജ്യങ്ങളിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി Purbanat CIC എന്ന ബംഗാളി തീയേറ്റർ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ രൂപംകൊണ്ട OVAL – ൽ ദീക്ഷ ഒരു പ്രധാന അംഗമാണ്. ബിർമിംഗ്ഹാം സിറ്റി കൗൺസിൽ ആണ് OVAL -ന് സപ്പോർട്ട് ചെയ്യുന്നത്.
‘Remembering the glory of the past ‘- എന്നാണ് ഈ പരിപാടിയെക്കുറിച്ച് ദീക്ഷയുടെ ഫൗണ്ടിങ് ഡയറക്ടറും Yaadon Ki Baarishൻെറ ആർട്ടിസ്റ്റിക് ആൻഡ് ക്രിയേറ്റീവ് ഡയറക്ടറുമായ ആരതി അരുൺ പറയുന്നത്. പതിവു ലൈവുകളിൽ നിന്നും വ്യത്യസ്തമായ ഈ പരിപാടി കാണുവാനായി ദീക്ഷയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഈ ഇവന്റിൽ ‘Interested enno going enno’ എന്നോ ക്ലിക്ക് ചെയ്താൽ ഈ പരിപാടി തുടങ്ങുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും .
തീയതിയും സമയവും: – ഫെബ്രുവരി 2 ചൊവ്വാഴ്ച , 6.00 പിഎം (യുകെസമയം), 11. 30 പിഎം (ഇന്ത്യൻ സമയം) .
ഫേസ്ബുക്ക് പേജ് – Deekshaa
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു സന്യാസിനി മഠത്തിൽ സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം . ഈ കേസിലെ പ്രതികൾ ആയ ഒരു പുരോഹിതനും ഒരു കന്യാ സ്ത്രീയും ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ് .വളരെയധികം കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഇപ്പോഴും അഭ്യുഹങ്ങൾ തുടരുകയാണ് . സഭ കൊല്ലപ്പെട്ട സിസ്റ്ററിനോടും അവരുടെ കുടുംബത്തിനോടും നീതി കാണിച്ചില്ല എന്ന ആക്ഷേപം വിശ്വാസികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് .
സഭയിൽ ഒരു നവീകരണം ഉണ്ടായേ തീരു, അതിനുള്ള ശക്തിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത് എന്ന് SMMCI അഭിപ്രായപ്പെട്ടു . പുതപ്പിട്ടു മൂടിയാൽ ഉള്ളിൽ നടക്കുന്നത് ഒന്നും അറിയില്ല .ആയതിനാൽ പുതപ്പുകൾ വലിച്ചു മാറ്റണം . സഭയെ തകർക്കുന്നത് വിമർശകരല്ല, മറിച്ചു സഭയുടെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആണ് എന്നും SMMCI വക്താക്കൾ പ്രതികരിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപെട്ടാൽ ആവശ്യമുള്ളവർക്ക് ഈ കലണ്ടർ ലഭിക്കുന്നതായിരിക്കും .
087 788 8374
087 613 7240
089 954 7876
തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: യു കെ യിലെ ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ, തികച്ചും ഒരു ജനകീയ
നായി മാറ്റപ്പെട്ട വ്യക്തിത്വം.. അതിന് പ്രകാശം പകരുന്ന വിടർന്ന ചിരി..ഒന്നു വിളിച്ചാൽ വിളിപ്പുറത്ത് ..
നിസ്വാര്‍ത്ഥമായ സഹായത്തിനായി ജാതിമത വേർതിരുവുകളില്ലാതെ നീട്ടി തന്നിരുന്ന കൈകൾ.. ഇന്ന് ഇതെല്ലാം നല്ല ഓർമ്മകളായി തന്ന്, ഓരോ നെഞ്ചിലും ഒരു നെരിപ്പോട് എരിയിച്ചു കൊണ്ടാണ് ജോസ് കണ്ണങ്കര ഈ ലോകത്തോട് വിട ചൊല്ലിയിരിക്കുന്നത്…തികച്ചും ആകസ്മികമായിരുന്നു ആ സ്നേഹ സമ്പന്നന്റെ ഒരിക്കലും മടങ്ങിവരാത്ത ആ കടന്നു പോകൽ. ആഴ്ച ഒന്ന് പിന്നിടുമ്പോഴും ജോസിന്റെ മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ലിവർപൂളിലെ മലയാളി സമൂഹത്തിന്.
തങ്ങളുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി ,അന്ത്യയാത്രാമൊഴി ചൊല്ലുവാനായി നൂറ് കണക്കിന്പേർ നാളെയും മറ്റെന്നാളുമായി ബിർകെൻഹെഡിലേയ്ക്ക് എത്തിച്ചേരും.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ഏറെ ആണെങ്കിലും,ഇതിനോടകം അഞ്ഞൂറിൽ പരം പേരാണ് തങ്ങളുടെ മുന്നിൽ എന്നും വിടർന്ന ചിരിയും സൗഹൃദവും സമ്മാനിച്ച ആ ആത്മമിത്രത്തെ അവസാനമായി ഒരുനോക്ക് കാണുവാനായി ഓൺലൈൻ ബുക്കിങ്ങിലൂടെ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നത്.
പൊതുദർശനത്തിന് ഒരു ദിവസം തികച്ചും പര്യാപ്തമല്ലെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് അടുത്ത രണ്ടു ദിവസങ്ങളിലായി അന്ത്യോപചാരം അർപ്പിക്കുന്നതിനായി അവസരം ഒരുക്കിയിട്ടുള്ളത്. ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ് നാളെയും,മറ്റൊന്നാളെയുമായി
(ചൊവ്വാ,ബുധൻ ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4മണി വരെയാണ് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരം പൊതു ദർശനത്തിനായി വയ്ക്കുക. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച്, ഒരേ സമയം 6 പേർ വീതം മാത്ര മായിരിക്കും അന്ത്യോപചാരം അർപ്പിക്കുന്നതിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുള്ള ഹാളിലേയ്ക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി കഴിഞ്ഞു.
ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5ന് വെള്ളിയാഴ്ച ലിവർപൂളിലെ ലിതർലാന്റ് ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ, ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്, ലിവർപൂളിലെ ഏറ്റവും പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിൽ പ്രത്യേകം
തയ്യാറാക്കിയിരിക്കുന്ന കല്ലറയിൽ ജോസിനെ സംസ്കരിക്കുന്നതുമായിരിക്കും . എന്നാൽ യുകെയിലെ നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് ദേവാലയത്തിലും
സെമിത്തേരിയിലുമായി ജോസിന്റെ കുടുംബാംഗങ്ങൾ അടക്കം 30 പേർക്ക് മാത്രമേ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിനായി വീഡിയോ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.
അടൂർ നെല്ലിമുകൾ കാഞ്ഞിരങ്ങാട്ട് കുടുംബാംഗമാണ് ജോസ്. പരേതരായ കെ.എം ഇടിക്കുളയുടെയും, ഏലിക്കുട്ടിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകനാണ് ജോസ്. ജോർജ്കുട്ടി,(മസ്കറ്റ് )ലീലാമ്മ ,ബാബു,
രാജൻ, തോമസ്, കുഞ്ഞമ്മ, ലിസ്സി (അടൂർ)റെജി (കോലഞ്ചേരി) എന്നിവരാണ് സോദരങ്ങൾ. കൊറ്റനല്ലൂർ ,
മണക്കാല മർത്തശ് മൂനി ഇടവക അംഗമാണ് പരേതൻ. ഭാര്യ സൂസൻ കല്ലൂർക്കാട്, കളമ്പുകാട്ട് പരേതനായ
കുര്യൻ ജോസഫിന്റെയും, അന്നക്കുട്ടിയുടെയും മകളാണ്. സൂസന്റെ ഇളയ സഹോദരി സാലിയും കുടുംബവും ലിവർപൂളിൽ തന്നെയുണ്ട്. ഏക മകൾ രേഷ്മ മാഞ്ചസറ്ററിലെ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ എഡ്യുക്കേഷൻ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നു. ഭാര്യ സൂസനും ഏകമകൾ രേഷ്മയുമൊത്തുള്ള നീണ്ട 12 വർഷക്കാലത്തെ മസ്കറ്റിലെ പ്രവാസ ജീവിതത്തിന് ശേഷം, 2006ലാണ് ലിവർപൂൾ മണ്ണിലേക്ക് അദ്ദേഹം കടന്നുവരുന്നത്. ഇവിടെ വന്ന കാലം മുതൽ ഏതൊരു വ്യക്തിയെയും തന്റെ സ്വസിദ്ധമായ വിടർന്ന ചിരി സമ്മാനിച്ചുകൊണ്ട് അങ്ങോട്ടു കയറി പരിചയപ്പെടുകയും എറെ വാചാലനാവുകയും ചെയ്തിരുന്ന ജോസ് കണ്ണങ്കര എന്ന പച്ചയായ മനുഷ്യൻ ലിവർപൂളിലെ ഓരോ കുടുംബത്തെയും വ്യക്തിപരമായിഅറിഞ്ഞിരുന്നു. അതിലൂടെ ഒരു പരസഹായിയായി മാറുകയായിരുന്നു ഈ ജനകീയൻ.
എവിടെയൊക്കെ ജോസ് ജോലിചെയ്തിട്ടുണ്ടോ,അവിടെയെല്ലാം നല്ലൊരു സുഹൃത്ത് ബന്ധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് മലയാളികളുടെ ഇടയിൽ മാത്രമായിരുന്നില്ല. ലിവർപൂളിൽ അധിവസിക്കുന്ന അന്യസംസ്ഥാനക്കാരും, ശ്രീലങ്കൻസുമൊക്കെ തങ്ങളുടെ ജോസ് ബായിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് അറിഞ്ഞത്.ഇനി ജോസ് കണ്ണങ്കര ഇല്ലാത്ത ഒരു ലിവർപൂൾ മലയാളി സമൂഹം.. അതിലൊരു ശൂന്യത അലയടിക്കുന്നതുപോലെ ….
സാബു ജോസ്
സർക്കാർ – സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ ഭക്ഷണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കുക, പാകം ചെയ്യുക, മിച്ചമുള്ളതു ശീതീകരിച്ചു സൂക്ഷിക്കുക, അവശിഷ്ടങ്ങൾ കൃത്യമായി ശേഖരിച്ചു നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും അതാതു സ്ഥാപനങ്ങളിലും സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രത്യേകം സംവിധാനങ്ങളുണ്ട്.
വീടുകളുടെ കാര്യമെടുത്താൽ പുറമേ നിന്നാരും നിരീക്ഷണം നടത്താനോ മേൽനോട്ടം വഹിക്കാനോ സംവിധാനങ്ങളില്ലെങ്കിൽ കൂടി, അതാതു പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കീഴിൽ കൃത്യമായി പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്‍മെന്റ് സംവിധാനമുണ്ട്.
പരിഷ്കൃത രാജ്യങ്ങളിലെ ജീവിതം അതേപടി അനുകരിക്കാൻ ശ്രമിക്കുന്ന നമ്മൾ മലയാളികളോ, നമ്മുടെ സർക്കാരുകളോ അടുക്കള, പാചകം, വേസ്റ്റ് മാനേജ്‌മെന്റ്… ഇത്യാദി വിഷയങ്ങളിൽ പാശ്ചാത്യർക്ക് തുല്യമായി ശാസ്ത്രീയമായ നിലയിലേക്ക് ഇനിയും ഏറെ ഉയരേണ്ടിയിരിക്കുന്നു.
കൽക്കരിക്കു ശേഷം; ഇലക്ട്രിസിറ്റി, കുക്കിംഗ് ഗ്യാസ് മുതലായവയുടെ ആവിർഭാവത്തോടെ, പണക്കാരനും പാവപ്പെട്ടവനും പ്രാപ്യമായ വിധം അടുക്കളയിൽ ശാസ്ത്രീയമായ പരിഷ്കാരം പശ്ചാത്യർ സാധ്യമാക്കി. ഒരു മുറിയുള്ള വീടും ആറു മുറിയുള്ള വീടും അടുക്കളയുടെ കാര്യത്തിലും പാചകോപകരണങ്ങളുടെ കാര്യത്തിലും വേസ്റ്റ് മാനേജ്‌മെന്റിലും സമാനത നേടി.
മറ്റൊന്ന്, ഇവരുടെ ഭക്ഷണരീതിയും ക്രമവുമാണ്. ടിൻ ഫുഡ്, പാക്ക്ഡ് ഫുഡ്, റെഡി മെയ്ഡ് ഫുഡ്… എന്നിങ്ങനെ ചൂടു വെള്ളത്തെയോ മൈക്രോ വേവിനെയോ പരിമിതമായി ആശ്രയിച്ചാൽ രുചികരമായ ഭക്ഷണം ഞൊടിയിടയിൽ തയ്യാറാക്കാവുന്ന സ്ഥിതിയുണ്ടായി. സൂപ്പർ മാർക്കറ്റുകളിൽ മിതമായ നിരക്കിൽ ഇത്തരം ഭക്ഷണ വൈവിധ്യങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത നിര സംജാതമായി…
എന്നാൽ നമ്മളോ? വിറകടുപ്പ് നമ്മുടെ ശീലമോ ആശ്രയമോ ആണിന്നും. ഗ്യാസിന്റെ വില താങ്ങാനാവാത്തതും വിറകിന്റെ അനായാസ ലഭ്യതയും ഒക്കെ കാരണങ്ങളാണ്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന പാചക രീതികളും അശാസ്ത്രീയ മാർഗ്ഗങ്ങളും പാചകത്തിലേർപ്പെടുന്നവരിൽ അസ്വസ്ഥതയും മടുപ്പും ഉളവാക്കുന്നു.
ഈ വിഷയം പ്രമേയമാക്കി അടുത്തിടെ പുറത്തിറങ്ങിയ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന സിനിമയെക്കുറിച്ചായിരുന്നു കലുങ്കിൽ സംവാദം.
എന്താണ് പാശ്ചാത്യ ലോകവും നമ്മളും തമ്മിലുള്ള വ്യത്യാസം? കേവലം മൂന്നു പേരടങ്ങുന്ന ഒരു വീട്ടിൽ വീട്ടമ്മയായി വിവാഹം കഴിച്ചെത്തുന്ന യുവതി വൈറ്റ് കോളർ ജോലിയുള്ള ഭർത്താവിനും ന്യായാധിപനായി വിരമിച്ച അമ്മായി അച്ഛനും പ്രിയപ്പെട്ടവളായി ജീവിതം തുടരുന്നതിൽ പരാജയപ്പെടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
സൂക്ഷിച്ചു വിശകലനം ചെയ്താൽ, കേവലം അടുക്കള മാത്രമല്ല; നൂറ്റാണ്ടുകളായി കുടുംബങ്ങൾ പിന്തുടർന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം കൂടി പരിഗണിച്ചാൽ മാത്രമേ ഈ സിനിമ ഒരു സമൂഹത്തിന്റെ ചിന്താശേഷിയിൽ ഏൽപിച്ച ആഘാതത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിയൂ.
പശ്ചാത്യർ, ശാസ്ത്രീയമായി നേടിയ പുരോഗതിയിലൂടെ കുടുംബാംഗങ്ങളുടെ സമത്വ സങ്കൽപ്പങ്ങൾക്ക് വെളിച്ചമേകുകയും ഭാര്യയും ഭർത്താവും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത നുകരുകയും ചെയ്തു.
അതേസമയം, ഇവരുടെ ജീവിത നിലവാരവും ശാസ്ത്രീയ ഭൗതിക നേട്ടങ്ങളും അപ്പാടെ കോപ്പി അടിച്ച നമ്മൾ പരമ്പരാഗതമായി തുടർന്നു വന്ന സാമ്പ്രദായികത മുറുകെ പിടിച്ചു അടുക്കള, സ്ത്രീ ജന്മങ്ങളുടെ ബാധ്യത മാത്രമാക്കി ദയാദാക്ഷിണ്യമില്ലാതെ അവരുടെ തലയിൽ കെട്ടിവച്ചു.
മതങ്ങളും ആചാരാനുഷ്ഠനങ്ങളും നൽകിയ പഴഞ്ചനും പിന്തിരിപ്പനുമായ വിധികളെ അവർ ഇതിനായി കൂട്ടുപിടിച്ചു.
അനുകമ്പ, സ്നേഹം, ദയ തുടങ്ങിയ പദപ്രയോഗങ്ങൾ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുയർന്നു വന്നതാണ്. നീതിയും സമത്വവും ലിംഗ വ്യത്യാസമില്ലാതെ അനുഭവവേദ്യമാകുന്ന നിലയിലേക്ക് സമൂഹത്തിൽ അതു പ്രവർത്തനക്ഷമമാകേണ്ടതുണ്ട് എന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ.
കുടുംബ കലഹങ്ങളും ബന്ധങ്ങളിലെ അസ്വസ്ഥതകളും വലിയ ഒച്ചപ്പാടിനും ലഹളയ്ക്കും കാരണമാകുന്ന സ്ഥിരം കാഴ്ചകളിൽ നിന്നു ഭിന്നമായി കോലാഹലമില്ലാതെ, മാന്യമെന്ന വ്യാജേന സൃഷ്‌ടിക്കപ്പെടുന്ന അസ്വസ്ഥതകൾ അടക്കി വയ്ക്കപ്പെടുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും ഈ സിനിമയുടെ സുഖമുള്ള ട്രീറ്റ് മെന്റിൽ ഒന്നാണ്.
ഒരേ സമയം ലോകോത്തര ജീവിത നിലവാരം പിന്തുടരുകയും അതേ സമയം ഒരേ കൂരയ്ക്കുള്ളിൽ ശാന്തിയില്ലാതെ അവിശ്രമം ഓടിത്തളരുന്ന പാഴ് ജന്മങ്ങളായി, അടുക്കളയുടെ നാലു ചുവരുകളിൽ അകപ്പെട്ടു പോയവരെ കാണാതെ പോകുകയും ചെയ്യുന്ന കാപട്യങ്ങളുടെ നേർക്ക് ഒഴിക്കപ്പെടുന്ന എച്ചിൽ വെള്ളമാണ് ഈ സിനിമ…
ചർച്ചയിൽ ഡോ. പ്രിയ, ഇമ്ത്യാസ്, രാജി രാജൻ, സാന്ദ്ര സുഗതൻ, ധന്യ, അബിൻ, ജോസ്, പത്മരാജ്, നോബി,സുരേഷ് മണമ്പൂർ, സുഗതൻ, മുരളീ മുകുന്ദൻ, സാം, ജേക്കബ് കോയിപ്പള്ളി, കനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
ലണ്ടൻ: ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു മറുപടിയായി ഹോങ്കോംഗ് പൗരന്മാർക്കു പൗരത്വം നല്‍കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. ഹോങ്കോംഗുകാർക്കു പ്രത്യേക ബ്രിട്ടീഷ് വീസ നല്‍കാനുള്ള പദ്ധതി ഇന്നലെ ആരംഭിച്ചു. മൂന്നു ലക്ഷം പേർ അപേക്ഷ നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹോങ്കോംഗുകാർക്കു പ്രത്യേകം അനുവദിച്ചിട്ടുള്ള ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ട് ഉള്ളവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമാണു വീസയ്ക്ക് അപേക്ഷിക്കാനാവുക. വീസ ലഭിക്കുന്നവർക്ക് അഞ്ചു വർഷത്തേക്ക് ബ്രിട്ടനിൽ പഠനത്തിനും തൊഴിലെടുക്കാനും അനുമതി ലഭിക്കും. തുടർന്ന് സ്ഥിരം പൗരത്വത്തിനും അപേക്ഷിക്കാം.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിനോടുള്ള സൗഹൃദം മാനിച്ചാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പറഞ്ഞു. ബ്രിട്ടന്റെ നടപടി ചൈനീസ് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ പ്രതികരിച്ചു. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടിനെ ഇനി ചൈന അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറും മുന്‍പാണ് ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പദവി സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിമയത്തിലൂടെയാണു ചൈന ഹോങ്കോംഗിനു മേൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്.