മെട്രിസ് ഫിലിപ്പ്
കല്ലും മണ്ണും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ, ഭാരം നിറഞ്ഞ കുരിശും ചുമന്നുകൊണ്ട്, അങ്ങ് പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ടു നിൽക്കുന്ന യേശുനാഥന്റെ, യാത്രയുടെ അനുസ്മരണത്തിന്റെ നാളുകൾ ആണ് ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പീലാത്തോസിന്റെ അരമനയിൽ, കുറ്റം ചെയ്യാത്തവൻ, കുറ്റക്കാരനായി, നിൽക്കുമ്പോൾ, യേശുനാഥന്റെ മനസ്സിൽ, നിറഞ്ഞുനിൽക്കുന്ന, നൊമ്പരം എത്ര വലുതായിരിക്കും. ഗെത് സമേൻ തോട്ടത്തിൽ ഇരുന്നുകൊണ്ട്, പിതാവേ കഴിയുമെങ്കിൽ, ഈ പാനപാത്രം, എന്നിൽ നിന്നും അകറ്റണമേ എന്ന് പ്രാർത്ഥിക്കുന്നതും, എങ്കിലും എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടേ, എന്നും പറയുന്ന യേശുനാഥൻ, തന്റെ പീഡാനുഭവും ഉദ്ധാനവും മുന്നേ പ്രവചിച്ചിരുന്നു. വി. ബൈബിളിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖൻമാർ, നിയമജ്ഞർ, എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (Luke 9:22).
“മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു” (Luke 9:44).
എന്റെ ജെറുസലേം യാത്രയിൽ, പീലാത്തോസിന്റെ അരമനക്കുള്ളിൽ, ഉള്ള തടവറകൾ കാണുവാൻ സാധിച്ചിരുന്നു. അതിൽ, ഏറ്റവും ആഴത്തിൽ ഉള്ള ഒരു ഇടുങ്ങിയ തടവറക്കുള്ളിലേയ്ക്ക് യൂദൻമാർ, കൈകളിൽ കയർ കെട്ടി, ഒരു കൊടും കുറ്റവാളിയെ പോലെ യേശുവിനെ ഇറക്കികിടത്തിയിരുന്നു. കണ്ണീരും, രക്തവും പറ്റിപിടിച്ച ആ തടവറയ്ക്കുള്ളിൽ, നിൽക്കുമ്പോൾ, ഓരോ വിശ്വാസികളും സ്വയം ഉരുകിതീരുന്ന നൊമ്പരം അനുഭവിക്കും.
പിറ്റേന്ന് രാവിലെ മുതൽ വിചാരണ തുടങ്ങി. പീലാത്തോസ്, അവനിൽ കുറ്റം ഒന്നും കാണുന്നില്ല. ഓശാന നാളിൽ സൈത്തിൻ കൊമ്പുകളും വീശി, ദാവീദിന്റെ പുത്രന് ഓശാന ഓശാന എന്ന് ആർത്തുവിളിച്ചു എതിരേറ്റവരും ഇന്ന് തള്ളിപറഞ്ഞു കഴിഞ്ഞു. അന്നത്തെ കൊടും കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ കുരിശു മരണം ആണ്. കുറ്റം ചെയ്തവരെ മാത്രം,ശിക്ഷ വിധിക്കുന്ന, പീലാത്തോസ് അവസാനം കുറ്റം ചെയ്യാത്ത യേശുവിനെ കുരിശ് മരണത്തിനുള്ള വിധിവാചകം ഉച്ചരിച്ചു.
ഭാരമുള്ള കുരിശ് ചുമന്നുകൊണ്ടുള്ള, യാത്ര ആരംഭിക്കുന്നതിന് മുന്നേയും ശേഷവും അതിക്രൂരമായ പീഡനങ്ങൾ ആണ് യേശുവിന് ലഭിച്ചത്. തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നവർ ആരുമില്ല, ഏറ്റവും വിശ്വസ്ഥനായ, പത്രോസ് വരെ തള്ളിപറഞ്ഞു. കോഴി കൂവുന്നതിന് മുന്നേ നീ മൂന്ന് പ്രാവശ്യം എന്നെ തള്ളിപറയും എന്ന് നേരത്തേ പ്രവചിച്ച യേശുവിനെകുറിച്ച് പത്രോസ് അപ്പോൾ ഓർത്തു കരഞ്ഞു. ജെറുസലേം ദേവാലയം കല്ലിൻ മേൽ കല്ലിലാതെ നശിക്കുകയും മൂന്ന് ദിവസം കൊണ്ട് പുനരുദ്ധരിക്കും എന്ന് പറഞ്ഞ യേശു. ലോകപാപങ്ങൾക്ക് പരിഹാരമായി, കുരിശുമരണം സ്വയം ഏറ്റെടുത്ത യേശുവിന് വേണ്ടി നമുക്കും കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കാം.
പതിനാല് സ്ഥലങ്ങൾ കടന്ന് പോയി വേണം, കാൽവരിയിലെ, ഗാഗുൽത്താമലയിലേയ്ക്കുള്ള അവസാനയാത്ര എത്തി ചേരാൻ. ഓരോ സ്ഥലങ്ങളിലും ഓരോ സംഭവങ്ങൾ നടക്കുന്നു. ഈശോമിശിഹാ മരണത്തിന് വിധിക്കപ്പെടുന്ന ഒന്നാം സ്ഥലം മുതൽ, കുരിശു ചുമക്കുന്നു, കല്ലുകൾ നിറഞ്ഞ വഴിയും, ഭാരമുള്ള കുരിശും, വിറക്കുന്ന കാലുകളും കൊണ്ട് മൂന്ന് പ്രാവശ്യം യേശു വീഴുന്നതും, തന്റെ മാതാവിനെ വഴിയിൽ വെച്ചു കണ്ടപ്പോൾ ഉണ്ടായ വേദന ഹൃദയം തകർക്കുന്നതായിരുന്നു.
കുരിശു യാത്ര മുന്നോട്ട് പോകുംതോറും, യേശു തളർന്നു കൊണ്ടിരുന്നു. അപ്പോൾ, ശിമയോൻ എന്നൊരാൾ വയലിൽ നിന്ന് വരുന്നതും, യേശുവിന്റെ കുരിശു ചുമക്കുവാൻ, പട്ടാളക്കാർ നിർബന്ധിക്കുകയും ചെയ്യുന്നു. യാത്ര മുന്നോട്ട് പോകുന്ന വഴിയിൽ വച്ച് , ഭക്തയായ വെറോണിക്കയ്‌ക്ക് മിശിഹായുടെ തിരുമുഖം തുടയ്ക്കുവാൻ ഭാഗ്യമുണ്ടായി.
ജെറുസലേം പഴയ പട്ടണത്തിന് ചുറ്റിലും, വലിയ കോട്ട മതിൽ പണിതിട്ടുണ്ട്. ഇതിനുള്ളിലൂടെയാണ്, യേശുവിന്റെ കുരിശു ചുമന്നുകൊണ്ടുള്ള അവസാന യാത്ര. ഈ കോട്ടയ്ക്കുള്ളിൽ, നിരവധി ചെറിയ ചെറിയ തെരുവുകൾ ഉണ്ട്. യേശു ഈ വഴികളിലൂടെ, സഞ്ചരിക്കാറുണ്ടായിരുന്നു. അതിനാൽ, അവിടെയുള്ള സ്ത്രീ ജനങ്ങൾ ഉൾപ്പടെയുള്ള ആളുകൾക്ക്, യേശുവിനെ അറിയാം. വലിയ ആരവങ്ങളോടു കൂടി പോകുന്ന, കുരിശു യാത്ര, എന്തെന്ന് കാണുവാൻ സ്ത്രീകൾ ഓടി എത്തി, തങ്ങൾക്ക് പരിചിതനായ യേശുവിനെ കണ്ടപ്പോൾ അവർ വാവിട്ട് കരഞ്ഞു. എന്നാൽ യേശു അവരെ ആശ്വസിപ്പിക്കുന്നു.
ആ യാത്ര കാൽവരികുന്നിൻ മുകളിൽ എത്തി ചേർന്നു, തുടർന്ന് യൂദന്മാർ യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു നീക്കി, മീറ കലർത്തിയ വീഞ്ഞു കുടിക്കാൻ കൊടുത്തു. അവശനായ യേശുവിനെ, കുരിശിൽ പിടിച്ചു കിടത്തി, കൈകളിൽ, ആണികൾ അടിച്ച ശേഷം, രണ്ട് കള്ളൻമാരുടെ നടുവിൽ, കുരിശിൽ തറച്ചു. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ജീവൻ വെടിഞ്ഞു. അപ്പോൾ ഭൂമിയിളകി, ഭൂമി അന്ധകാരമായി തീർന്നു. യേശു നീതിമാൻ ആയിരുന്നു എന്ന് ഇതെല്ലം കണ്ടപ്പോൾ ഒരു ശതാധിപൻ വിളിച്ചുപറഞ്ഞു.
ലോകത്തിന് പുതിയ ഒരു വെളിച്ചം പകർന്നു നൽകാൻ, കാലിതൊഴുത്തിൽ പിറന്നുവീണ ആ ഉണ്ണി യേശുവിനെ വളർത്തി വലുതാക്കിയ, മാതാവിന്റെ മടിയിൽ, മരിച്ചു കിടക്കുന്ന, തന്റെ പ്രീയ പുത്രന് അന്ത്യചുംബനം നൽകുമ്പോൾ, ഒരു പട്ടാളക്കാരൻ, കുന്തം കൊണ്ട് കുത്തിയ വിലാപ്പുറത്തു നിന്ന് രക്തവും വെള്ളവും ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
പീലാത്തോസിന്റെ അനുവാദത്തോടെ, പുതിയതായുള്ള, ഒരു കല്ലറയിൽ, പരിമള ദ്രവ്യങ്ങൾ കൊണ്ട് പൊതിഞ്ഞ് യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ്, ലോകത്തിന്റെ മുൻപിൽ, ഒരു പുതിയ അധ്യായം തുറന്നു കാട്ടുകയായിരുന്നു യേശു നാഥൻ.
ഈ നോമ്പുകാലം, ഓരോ വിശ്വവാസികൾക്കും പരിവർത്തനത്തിന്റെയും, ചെയ്തുപോയ പാപങ്ങൾക്കുള്ള പരിഹാരമായി, ഈ കുരിശിന്റെ വഴി നമുക്ക് ഉപകാരപ്പെടണം. ഓരോ പ്രാവശ്യവും, നമുക്ക്, യേശു അനുഭവിച്ച, വേദനയുടെ, ചെറിയ അളവ് നമുക്കും അനുഭവിക്കാൻ സാധിച്ചെങ്കിൽ, ഈ നോമ്പുകാലം, ഏറ്റവും വിജയകരമായിരിക്കും…
വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നല്‍കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം LDF UK & Ireland കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസര്‍ക്കാരിന്റെ കരുതല്‍ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്.
കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തില്‍ വിദേശത്തുനിന്നു വരുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയായിരുന്നു. വിദേശത്തു വെച്ച് വലിയ ചിലവില്‍ കോവിഡ് പരിശോധന നടത്തി യാത്ര തുടങ്ങുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തി വീണ്ടും സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് അധിക ബാധ്യത ആണ് ഉണ്ടാക്കുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികള്‍ ആണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കേരളത്തില്‍ ഇടതുപക്ഷജനകീയസര്‍ക്കാര്‍ നടപ്പിലാക്കിയത് .പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന നിരവധിനടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോളുണ്ടായിട്ടുള്ളത്. ഈ ജനപക്ഷ സര്‍ക്കാര്‍ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും അണിചേരണമെന്നും LDF UK & Ireland ആഹ്വാനം ചെയ്തു.
ലണ്ടൻ ∙ ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി ഏതാനും ദിവസങ്ങൾക്കു മുൻപ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഉഡുപ്പി സ്വദേശി രശ്മി സാമന്ത് വിവാദങ്ങളെ തുടർന്ന് രാജിവച്ചു.
സമൂഹമാധ്യമങ്ങളിലെ രശ്മിയുടെ ചില പഴയ പോസ്റ്റുകളിൽ വംശീയതയും സഹിഷ്ണുതയില്ലായ്മയും ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് രാജി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്റ് ആയിരുന്നു രശ്മി (22).
പ്രചാരണവേളയിൽ വനിതകളെയും ട്രാൻസ്ജെൻഡർ വനിതകളെയും രശ്മി വേറിട്ട് സൂചിപ്പിച്ചത് പ്രതിഷേധത്തിന് ഇടവരുത്തി. ഇതിനു പുറമേ ജർമൻ സന്ദർശനവേളയിൽ വംശഹത്യ നടന്ന സ്ഥലത്തെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പും വിവാദമായി.
മലേഷ്യൻ സന്ദർശനവേളയിലെ ചിത്രത്തിന് ചിങ് ചാങ് എന്ന അടിക്കുറിപ്പ് നൽകിയതു ചൈനീസ് വിദ്യാർഥികളെ ചൊടിപ്പിച്ചു. ചൈനക്കാരെ കളിയാക്കാനാണ് പാശ്ചാത്യർ ചിങ് ചാങ് എന്നു വിളിക്കുന്നത്.
പരാമർശങ്ങളിൽ രശ്മി മാപ്പു പറഞ്ഞെങ്കിലും എതിർപ്പു വർധിച്ചതോടെ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി വ്യക്തമാക്കി.
നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന നീരവിന്റെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14,000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.
ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗണിൽ മരണമടഞ്ഞ അതിരമ്പുഴ പുതുപ്പറമ്പിൽ ലാലുച്ചേട്ടന്റെ ഭാര്യ മോളിചേച്ചിയുടെ അന്ത്യകർമ്മങ്ങൾ ഇന്ന് നടക്കും . ലിവർപ്പൂളിലെ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടക്കുക. ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതാ വികാരി ജനറൽ റവ മോൺ. ജിനോ അരിക്കാട്ട് MCBS മുഖ്യകർമ്മികനാകും. പ്രെസ്റ്റൺ കാത്തീഡ്രൽ വികാരി വെരി റവ ഫാ ബാബു പുത്തൻപുരക്കൽ, ഇടവക വികാരി ഫാ ആൻഡ്രൂസ് ചെതലൻ, ഫാ ജോസ് അന്തിയാംകുളം, ഫാ ജോസ് തേക്കുനിൽക്കുന്നതിൽ എന്നിവർ സഹകാർമ്മികരായിരിക്കും. ഉച്ചകഴിഞ്ഞു 2.30 ന് ഇടവക ദേവാലയത്തിന് അടുത്തുള്ള ഫോർഡ് കത്തോലിക്ക സെമിത്തേരിയിൽ സംസ്കരിക്കും.
ലിതർലാൻഡ് സീറോമലബാർ ഇടവക അംഗവും കുടുംബക്കൂട്ടയ്മ പ്രാർത്ഥനാലീഡറും മാതൃവേദിയിലെ സജീവ പ്രവർത്തകയുമായിരുന്നു മോളിചേച്ചി. ചങ്ങനാശ്ശേരി അതിരൂപത തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയാണ് മാതൃഇടവക. 2001 ൽ ബ്രിട്ടനിലേക്ക് കുടിയേറിയ ലാലുച്ചേട്ടനും കുടുംബവും 2006 മുതൽ വിഗണിൽ സ്ഥിരതാമസമാക്കി. മക്കൾ : മെർലിൻ, മെൽവിൻ, മരുമകൻ-ജെറിൻ.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതുദർശനം ഒഴിവാക്കി സർക്കാർ മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായിരിക്കും നടക്കുക. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ ഓൺലൈൻ വഴി കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Facebook Live :-
https://www.facebook.com/313607902100769/live/
YOUTUBE CHANNEL LINK :-
മേല്പറഞ്ഞ മാധ്യമങ്ങൾ വഴി രാവിലെ 10.45 മുതൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കേരളത്തില്‍ ഇന്ന് 4034 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4823 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. തിങ്കളാഴ്ച 5.81 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 484 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 71 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
കേരളത്തില്‍ ഇന്നലെ 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
സമൂഹ ഭ്രാന്തുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ പറ്റാതാവുമ്പോൾ സ്വന്തക്കാരേം വീട്ടുകാരേം സന്തോഷിപ്പിക്കാനും അവരും സമൂഹവും അടിച്ചേൽപ്പിച്ചതുമായ പലവിധ സ്വപ്നങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ പേറി വരുന്ന ഒരുപറ്റം അഭയാർത്ഥികളാണ് സ്റ്റുഡന്റ് വിസയിൽ വന്നു ചേക്കേറുന്ന നമ്മളിൽ ചിലർ …
പലരും പറയും പോലൊരു എളുപ്പ ജേർണിയല്ല യുകെയിലെ സ്റ്റുഡന്റ് ലൈഫ് . പക്ഷെ പിടിച്ചുനിന്നാൽ വഴികളേറെ. ഇന്ന് പണ്ടത്തെപ്പോലെ ഏതെങ്കിലും ഒരു കോളേജിലേക്ക് സ്റ്റഡി വിസ എടുത്തു വരാനാകില്ല . അപ്രൂവ് ആയിട്ടുള്ള യൂണിവേഴ്സിറ്റികളിലേക്കു മാത്രമേ സ്റ്റുഡന്റസിനു ലീഗൽ ആയി വരാനാകൂ . ഈ കാര്യത്തിൽ ഒരു നിശ്ച്ചത പ്രതിഫലം ഏജന്റുമാർക്ക് യുണിവേഴ്സിറ്റികൾ തന്നെ ഓഫർ ചെയ്യുന്നതിനാൽ സ്റ്റുഡന്റ്സിൽനിന്നും പ്രതിഫലേച്ഛ ഒന്നും തന്നെ ഇല്ലാത്തതെന്നാണ് പല ഏജന്റുമാരും സഹായഹസ്തം നീട്ടുന്നത് . എന്നിരുന്നാലും മിതമായ IELTS സ്കോർ ഒക്കെ ഉണ്ടങ്കിൽ തനിയെ വേണമെങ്കിലും ഒരു യൂണിവേഴ്സിറ്റി സെലക്ട് ചെയ്തു UCAS വഴി ഒരു ഡിഗ്രിക്കു അപ്ലൈ ചെയ്യാവുന്നതുമാണ്.
സ്റ്റഡി വിസയിൽ വന്നു കോഴ്സ് വിജയപ്പൂർവം കമ്പ്ലീറ്റ് ചെയ്യുകയാണെങ്കിൽ മാത്രം അടുത്ത രണ്ടുവർഷം സ്റ്റേയ്ബാക്കുണ്ടെങ്കിലും അതുകഴിയുന്നതിനുള്ളിൽത്തന്നെ ഒരു എംപ്ലോയറിനെ കണ്ടുപിടിക്കുകയും വർക്ക് വിസയിലേക്കു മാറുകയും ചെയ്തില്ലെങ്കിൽ ഒന്നുകിൽ തിരിച്ചുപോവേണ്ടിയോ അല്ലങ്കിൽ വേറെ ഹയർ കോഴ്സ് എടുക്കേണ്ടിയോ വരും . എന്നിരുന്നാലും ഹയർ കോഴ്സ് എടുക്കാനുള്ള കാര്യകാരണങ്ങൾ ഹോം ഓഫീസിനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടിയും വരും . അങ്ങനെ സ്റ്റഡി വിസയിൽ തന്നെ തുടരുന്ന ഒരാൾക്കു 10 വർഷം കമ്പ്ലീറ്റ് ചെയ്താൽ മാത്രമേ പെർമ്മനെന്റ് വിസ കിട്ടാനുള്ള ഓപ്ഷനുള്ളു . പക്ഷെ വർക്ക് പെർമിറ്റിൽ വരുന്ന ഒരാൾക്കു വിജയപൂർവ്വം 6 വർഷം കമ്പ്ലീറ്റ് ചെയ്താൽ റെസിഡൻസി വിസയ്ക്ക് അപ്ലൈ ചെയ്യാൻ സാധിക്കും.
പക്ഷെ കാര്യം ഇതോന്നുമല്ല കടവും ബാധ്യതയുമേറി സ്റ്റഡി വിസയിൽ ഒരിക്കൽ വന്നെത്തിയാൽ ഉറുമ്പു ചക്കപ്പഴത്തിനുള്ളിൽ കയറിയ അവസ്ഥ പോലാവും. പോവാനും പറ്റില്ല പോവാതിരിക്കാനും പറ്റാത്ത ഒരവസ്ഥ വളരെ ശ്രദ്ദിച്ചില്ലെങ്കിൽ വന്നുപെടാം. ഒരിക്കൽ വന്നുപോയാൽ പിന്നീടുള്ള കാര്യങ്ങൾ നമ്മളുടെ മനോബലവും പ്ലാനിങ്ങുമൊക്കെ പോലിരിക്കും.
യൂണിവേഴ്സിറ്റിയിൽ ചേർന്നുകഴിഞ്ഞാൽ പിന്നെ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാവൂ എന്നറിയാമെങ്കിലും ക്യാഷ് ഇൻ ഹാൻഡിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നൊക്കെ പലരും പറഞ്ഞെന്നിരിക്കും . അങ്ങനെ ജോലിതരുന്നവരുണ്ടെങ്കിൽ തന്നെ അവർക്കു ഹോം ഓഫീസിന്റെ ചെക്കിങ് വരുമ്പോൾ പിടിവീഴാനും വളരെ കൂടിയ തോതിൽ ഫൈൻ അടയ്ക്കാനും തയ്യാറായവർ ഇന്നു വളരെ കുറവാണ്. അതുമല്ലെങ്കിൽ സ്റ്റഡി വിസയിൽ വന്നു ജോലി ചെയ്യുന്ന നമ്മുടെ ഫുൾ ഡീറ്റൈയിൽ ടാക്സ് അടയ്ക്കുന്ന കോഡിലൂടെ ചെക്ക് ചെയ്യാവുന്നതേ ഉള്ളു . അതുമല്ലെങ്കിൽ എന്തെങ്കിലും കാരണവശാൽ നിയമലംഘനം നടത്തി എന്നറിഞ്ഞാൽ അപ്പോൾ തന്നെ വിസ ക്യാൻസൽ ചെയ്തു നമ്മളെ തിരിച്ചയക്കും. അതുകൊണ്ട് ഇവിടെ കുറച്ചൊക്കെ നേരേവാ നേരെപോ നയം പാലിച്ചാൽ വല്യതരക്കേടില്ലാതെ പിടിച്ചുനിൽക്കാം.
കഴിയാവുന്നതും term ടൈമിൽ 20 മണിക്കൂർ മാത്രം ജോലി ചെയ്യുക. സിംഗിൾ ആണെങ്കിൽ വീട് 3-4 പേർ കൂടി ഷെയർ ചെയ്തു താമസിക്കുന്നതിലൂടെ കുറച്ചൊക്കെ ബെനെഫിറ്റ്സ് ഉണ്ടാകാം . ഫാമിലി ആണെങ്കിൽ ഡിപെൻഡിഡന്റിനു ഫുൾ ടൈം ജോലിചെയ്യാം. വളരെ ശ്രദ്ദിച്ചും കണ്ടും ഓരോ വർഷവും മുമ്പിൽ വരുന്ന ട്യൂഷൻ ഫീസും വിസ ഫീസുമൊക്കെ മുന്നിൽ കണ്ടുകൊണ്ടു കഴിഞ്ഞുകൂടുവാനെങ്കിൽ ജോലിയുള്ള സിംഗിൾസിനു ഏകദേശമൊരു £400 -£500 പ്രതിമാസം സേവ് ചെയ്യാം. ഫാമിലി ആയി വരുന്നവർ ആണെങ്കിൽ ചിലവ് ചുരുക്കിയാൽ £1000 വരെ ഒക്കെ സേവ് ചെയ്യാം . പക്ഷെ വരുമ്പോൾ മുതൽ മലയാളീസിന്റെ ഇഷ്ടമേഖലയായ പ്രൗഢഗംഭീരമായ വീടൊക്കെ വച്ച് ഇല്ലാത്ത ഭാരം തലയിൽ വക്കുക കൂടാതെ വണ്ടിയൊക്കെ മേടിച്ചു നല്ലൊരു തുക പെട്രോളും മെയിന്റൈൻസും ഇൻഷുറൻസുമൊക്കെ അടച്ചു നല്ലൊരു തുക കളയുക അതുമല്ലങ്കിൽ ആർഭാടപൂർവം മറ്റു പലതും മേടിച്ചുകൂട്ടുക എന്നതൊക്കെ ഒഴിവാക്കി ഒത്തിരി ആർഭാടമൊന്നുമില്ലാതെ കഴിയാവുന്നതും അടുത്ത വർഷത്തേക്കുള്ള വിസയുടെ ഫീസും ട്യൂഷൻ ഫീസുമൊക്കെ സേവ് ചെയ്തു വച്ചാൽ വല്യ തട്ടലില്ലാതെ ഓരോ വർഷവും കടന്നു കൂടാൻ സാധിക്കും.
മേലിൽ പറഞ്ഞതൊക്കെ ഒരു ആവറേജ് ഫാമിലിയിൽ നിന്നും വന്നു ജീവിക്കാൻ കഷ്ടപ്പെടുന്ന സ്റുഡൻസിനെ ഉദ്ദേശിച്ചുമാത്രമാണെങ്കിലും ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഒരു പത്തു വർഷം ജീവിക്കാൻ പഠിച്ചാൽ പിന്നെ ജീവിതത്തിലെ ഏതു സാഹചര്യവും പുഷ്പം പോലെ ഹാൻഡിൽ ചെയ്യാൻ പഠിക്കുമെന്നതും ഒരു മുതൽകൂട്ടാണെ.
സ്റ്റഡി വിസയെ കുറിച്ചുള്ള UK ഗവണ്മെന്റ് സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.gov.uk/student-visa
ടോം ജോസ് തടിയംപാട്
യു കെ യിലെ ബാന്‍ബറിയില്‍ 2005 മുതല്‍ 2009 വരെ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിനി ജോർജാണ് മോഹൻലാൽ സിനിമയായ ദൃശ്യം 2 വിലൂടെ ശ്രദ്ധേയമായത്. വളരെ ചെറിയ ഒരു രംഗത്താണെങ്കിൽ കൂടി മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി എന്നത് വളരെ പ്രധാന്യമേറുന്ന ഒന്നാണ് . ആറോളം സിനിമകളിൽ ചെറിയ വേഷം ചെയ്ത രഞ്ജിനിക്ക് 2019 ലെ ഹിന്ദി ഷോർട്ട് ഫിലിമിനുള്ള അവാർഡ് കൂടാതെ മിസ്സിസ് കേരള പ്രിൻസസ് അവാർഡ് 2020. മിസ്സിസ് ക്വീൻ കേരള 2021. ഉൾപ്പെടെയുള്ള ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

യു കെയിൽ നിന്നും ജോലി നിർത്തി നാട്ടിൽ എത്തിയശേഷം രഞ്ജിനി എറണാകുളത്ത് ILTES പരിശീലകയായി ജോലി നോക്കുകയാണ്. കൂടതെ സിനിമ പ്രവർത്തനങ്ങളും മുൻപോട്ടു കൊണ്ടുപോകുന്നു. ഭര്‍ത്താവ് ഷാജന്‍ മസ്ക്കറ്റില്‍ എന്‍ജിനിയറാണ്. ഇടുക്കി പടമുഖം സ്വദേശി പരേതരായ തേക്കലകാട്ടില്‍ ജോര്‍ജ് ,മേരി ദമ്പതികളുടെ മകളാണ് രഞ്ജിനി. ഷാജന്‍, രഞ്ജിനി ദമ്പതികള്‍ക്ക് രണ്ടുകുട്ടികള്‍ സ്റ്റിവ് ,ഡിയോന്‍.
ക്രോയിടനിലെ ആദ്യകാല മലയാളിയും സാമൂഹിക സാംസ്കാരിക മേഖലകളിലെ സുപരിചിതമായ സാന്നിധ്യവും ആയിരുന്ന ശ്രീ കുഞ്ചൻ സുരേന്ദ്രൻ ഇന്നലെ നിര്യാതനായി. ഭാര്യ ശ്രീമതി നാണു സുകന്യ. പരേതനായ ശ്രീ സാജു സുരേന്ദ്രൻ, എസ്എൻഡിപി യുകെ യൂറോപ്പ് നേതാവും വിവിധ കലാ സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മകളിൽ സജീവമായ ശ്രീ കുമാർ സുരേന്ദ്രൻ, ശ്രീമതി സുനിത ബാലകൃഷ്ണൻ എന്നിവർ മക്കൾ ആണ്. മരുമക്കൾ: ശ്രീമതി കവിത ശ്രീകുമാർ, ശ്രീ അനിൽ ബാലകൃഷ്ണൻ. പേരകുട്ടികൾ: ആയുഷ് ശ്രീകുമാർ, അനശ്വർ ശ്രീകുമാർ, ഹർഷ ബാലകൃഷ്ണൻ, വർഷ ബാലകൃഷ്ണൻ.
കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഭവന സന്ദർശനം ഒരു കാരണവശാലും അനുവദനീയം അല്ല എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം ശ്രീ കുഞ്ചൻ സുരേന്ദ്രൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക പദവികൾ ഹാരി രാജകുമാരനും ഭാര്യ മേഗനും ഏറ്റെടുക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഹാരിയും മേഗനും രാജകീയപദവികളിൽ തുടരില്ലെന്ന് എലിസബത്ത് രാജ്ഞിക്കുവേണ്ടിയുള്ള, കൊട്ടാരത്തിന്റെ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. രാജകീയ പദവികളിൽനിന്ന് ഒഴിയാൻ ഹാരിയും മേഗനും തീരുമാനിച്ചതിനെത്തുടർന്ന് ഒരു വർഷത്തെ സമയപരിധി അനുവദിച്ചിരുന്നു. അടുത്തമാസം ഈ കാലാവധി പൂർത്തിയാകും.
ഇരുവരും പദവികളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലാത്തതിനാൽ, സൈനിക- രക്ഷാധികാര പദവികൾ കൊട്ടാരത്തിലെ മറ്റ് അംഗങ്ങൾക്ക് നൽകുമെന്നും രാജ്ഞി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാജകുടുംബാംഗമായി തുടരാൻ ആഗ്രഹമില്ലെന്ന് സസെക്സ് ഡ്യൂക്കും ഡച്ചസും (ഹാരിയും മേഗനും) എലിസബത്ത് രാജ്ഞിയെ അറിയിച്ചതായി കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി(36)യും 39 കാരിയായ മേഗനും ഒരുവയസുകാരനായ മകൻ ആർച്ചിക്കൊപ്പം 2020 മാർച്ച് മുതൽ യുഎസിലാണ് താമസം. മേഗൻ രണ്ടാമതും ഗർഭിണിയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഹാരിയും മേഗനും യുകെയ്ക്കും ലോകത്തിനും വേണ്ടി തുടർന്നു പ്രവർത്തിക്കുമെന്നും ഔദ്യോഗിക പദവി വഹിച്ചിരുന്ന സംഘടനകൾക്ക് ഇനിയും പിന്തുണ തുടരുമെന്നും ഇരുവരുടെയും വക്താവ് അറിയിച്ചു. റോയൽ മറീൻസ് ക്യാപ്റ്റൻ ജനറൽ ഉൾപ്പെടെയുള്ള ഔദ്യോഗിക പദവികൾ ഹാരിക്ക് ഇതോടെ നഷ്ടമാകും.