UK

പോർട്സ് മൗത്ത്:  യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:

കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.

അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

മാത്യൂ മാഞ്ചസ്റ്റർ

ഇംഗ്ലണ്ടിലെ മലയാളികളുടെ ഇടയിൽ മുഴുവനും ചർച്ചാവിഷയമാക്കികൊണ്ട് “തണ്ണിമത്തൻ ” വെബ് സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോർഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചവർ എല്ലാവരും തന്നെ എൻ എച്ച് എസ് , നഴ്സിങ് ഫീൽഡിലുള്ള പുതുമുഖങ്ങളുമാണ്.

ഈ ലോക്ക്ഡൗൺ കാലത്ത് തങ്ങളുടേതായ പരിധിയിൽ നിന്നു കൊണ്ട് നിയമങ്ങൾ എല്ലാം പാലിച്ച് കഠിനപ്രയത്നം ചെയ്താണ് അവർ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ഇവിടുത്തെ മലയാളികൾക്കിടയിൽ സംഭവിച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ നിയമ ലംഘനത്തിലേയ്ക്കും അതിന്റെ പ്രത്യാഘാതത്തിലേയ്ക്കും ഉള്ള ഒരു എത്തിനോട്ടമാണ് ആദ്യ എപ്പിസോഡ്.

വീഡിയോ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത എപ്പിസോഡിന്റെ അണിയറ പ്രവർത്തനത്തിലാണ് സംവിധായകനായ അനു ക്രിഷ്ണയൂംനിർമ്മാതാക്കൾ സൈജുവും അനോഷും.

ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് 18 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകള്‍ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

രോഗ വ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലം കണ്ടിട്ടില്ല. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, ഹോളണ്ട്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.

രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗ വ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം.

കോവിഡ് മരണനിരക്കും വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞദിവസം 3047 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഡിസംബർ ഒന്നാം തീയതി യു കെ മലയാളികളെ ദുഖത്തിലാഴ്ത്തി ആകസ്മികമായി നിര്യാതയായ ആലീസ് എബ്രഹാം(57) മിൻെറ മൃതസംസ്കാര ശുശ്രൂഷകൾ നാളെ( 30/12/2020 )  ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും. ആലീസ് എബ്രഹാം പാലാ കുമ്മണ്ണൂർ തുരുത്തിയിൽ കുടുംബാംഗമാണ്. ഭർത്താവ് കുറുവിലങ്ങാട് സ്വദേശി ആശാരിപറമ്പിൽ സക്കറിയ ജോൺ.

ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിൽ മെഡിക്കൽ വാർഡിൽ സ്റ്റാഫ് നേഴ്സായിരുന്ന ആലീസ് എബ്രഹാം ടോയ്‌ലറ്റിൽ ബോധരഹിതയായി വീണതിനെ തുടർന്ന് ഉണ്ടായ അപ്രതീക്ഷിത മരണം ഓക്സ്ഫോർഡ് മലയാളി സമൂഹത്തിനും സഹപ്രവർത്തകർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ പോകാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ആണ് മരണമടഞ്ഞത് . ആലീസ് എബ്രഹാമിൻെറ മൃതസംസ്കാര ശുശ്രൂഷകൾ തൽസമയം താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമായിരിക്കും.

ഓക്‌സ്‌ഫോർഡ്: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ക്രിസ്തുമസിന്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാക്ലിഫ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിന്‍ഡന് അടുത്തുള്ള കാണ്‍ എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തിരുന്ന മലയാളിയായ സന്തോഷ് ചന്നനംപുറത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പരേതൻ ഐ ടി ഉദ്യോഗസ്ഥനായിരുന്നു.

ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാലും കൂടുതൽ പ്രതീക്ഷകൾക്ക് സാധ്യത ഇല്ലാത്തതിനാലും ഇന്ന് ബന്ധുക്കളെ അറിയിച്ച ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു.

ഭാര്യ ഷംന സന്തോഷ്, തലശ്ശേരി സ്വദേശിനിയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിവിത്ത് എന്നിവരാണ് മക്കള്‍.

ബാംഗ്ലൂരില്‍ സ്ഥിരതാമസമായിരുന്നു സന്തോഷിന്റെ മാതാപിതാക്കളും കുടുംബവും. കൂടാതെ സന്തോഷിന് രണ്ട് സഹോദരന്‍മാരാണുള്ളത്.

സന്തോഷിന്റെ അകാല നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മൂലമുള്ള സാമ്പത്തികബാധ്യത ഏറ്റവും കൂടുതൽ വേട്ടയാടിയ ഒരു മേഖലയാണ് ഹൗസിംഗ് മാർക്കറ്റ്. ബ്രിട്ടനിൽ ഹൗസിംഗ് മാർക്കറ്റ് വൻ പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. വീടും വസ്തുവും വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഈ പ്രതിസന്ധിയെ മലയാളിയുടെ മിടുക്ക് കൊണ്ട് മറികടക്കാൻ ശ്രമിക്കുകയായിരുന്നു ഡാർബി ഷെയറിൽ താമസിക്കുന്ന ശ്രീകാന്തും ഭാര്യ സൂര്യമോളും. 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ഈ ദമ്പതികൾ. മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങളൂടെയുള്ള വൻ പ്രചാരമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. എന്നാൽ ഇതുവരെ ടിക്കറ്റ് വിറ്റ് കിട്ടിയ തുക വീടിൻെറ തുകയേക്കാൾ കുറവായതുകൊണ്ട് ശ്രീകാന്തിൻെറ വീടിൻെറ വിൽപന നടന്നില്ല. എന്നാൽ ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക വീടിൻറെ വിലയേക്കാൾ കുറവാണെങ്കിൽ ടിക്കറ്റുകൾ വിറ്റ തുകയുടെ 75 ശതമാനം നറുക്കിട്ട് ഒന്നും രണ്ടും വിജയികൾക്ക് നൽകുമെന്നും ബാക്കി 25 ശതമാനം റാഫിൾ കമ്പനിക്ക് ലഭിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശ്രീകാന്തിൻെറ വീടിൻെറ നറുക്കെടുപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാരാകാൻ ഭാഗ്യം ലഭിച്ചത് രണ്ട് മലയാളികൾക്കാണ്. മാഞ്ചസ്റ്ററിൽ താമസിക്കുന്ന മലയാളിയായ അജു വർഗീസിന് ഒന്നാം സമ്മാനമായ 22,560 പൗണ്ട് ലഭിച്ചപ്പോൾ രണ്ടാം സമ്മാനമായ പതിനായിരം പൗണ്ട് നേടിയത് ടോണ്ടനിൽ താമസിക്കുന്ന ദിലീപ് നായർക്കാണ്. ഒരുപക്ഷെ വീടിൻെറ വിലയ്ക്ക് ഒപ്പമുള്ള ടിക്കറ്റുകൾ വിൽക്കാൻ സാധിച്ചിരുന്നെങ്കിൽ 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീടായിരുന്നു അജു വർഗീസിന് ലഭിക്കേണ്ടിയിരുന്നത്.

ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകനായ ശ്രീകാന്തിൻെറ ആഗ്രഹം വീടു വിറ്റ്, മകളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ യോജിച്ച മറ്റൊരു സ്ഥലത്തേക്ക് മാറുക എന്നതായിരുന്നു. കഴിഞ്ഞ ജൂൺ മാസം മുതൽ വീട് വില്പനയ്ക്ക് ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ഒരു രീതി പരീക്ഷിക്കാൻ ഇവർ മുതിർന്നത്. പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെ വിൽക്കുന്ന ടിക്കറ്റ്ഒന്നിന് 5 പൗണ്ട് ആണ് വില നിശ്ചയിച്ചിരുന്നത്. തൻെറ വീട് വിൽക്കാനുള്ള പദ്ധതി നടന്നില്ലെങ്കിലും നറുക്കെടുപ്പിൽ ഭാഗ്യം രണ്ട് മലയാളികളെ തുണച്ച സന്തോഷത്തിലാണ് ശ്രീകാന്തും ഭാര്യ സൂര്യമോളും.

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ സ്റ്റോക്ക് ഓൺ  ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ്‌ ജോസഫ് (78) ഡിസംബർ 19 നു ആണ് ഹൃദയതംഭനം ഉണ്ടായി മരണപ്പെട്ടത്. വിവരം അറിഞ്ഞ ഉടനെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനായി കുടുംബസമേതം ആണ് നാട്ടിലേക്ക് പുറപ്പെട്ടത്. ശവസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ ബുധനാഴ്ച്ച, തൊടുപുഴക്കടുത്തു വണ്ണപ്പുറം കാളിയാർ പള്ളിയിൽ വച്ചായിരുന്നു.

തന്റെ പിതാവിന്റെ മരണത്തിൽ വളരെയധിയകം ദുഖിതരായിരുന്ന കുടുംബം നാട്ടിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റ് പിടിച്ചാണ് ബാംഗ്ലൂർ വഴി പുറപ്പെട്ടത്. ടിക്കറ്റ്  ഒന്നിന് 950 പൗണ്ടാണ് എയർ ഇന്ത്യക്ക് നല്കേണ്ടിവന്നത്. സാധാരണഗതിയിൽ ഉള്ള വിലയേക്കാൾ ഇരട്ടി കൊടുക്കേണ്ടിവന്നു എന്ന് സാരം. നാലര ലക്ഷത്തിലധികം രൂപ മുടക്കിയാണ് കുടുംബം നാട്ടിലേക്ക് പുറപ്പെട്ടത്.

ഇരട്ടി വിലകൊടുത്തു വിമാന ടിക്കറ്റ് എടുത്തതിൽ അവർക്ക് വിഷമം ഇല്ലാതിരുന്നു.  പിതാവിന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുക .. അത് മാത്രമാണ് ഇവരുടെ ആഗ്രഹം… എന്നാൽ നാട്ടിൽ എത്തിയപ്പോൾ ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ഒരു പ്രവാസി മലയാളിയായ ഒരാൾക്കും താങ്ങാൻ സാധിക്കാത്ത അനുഭവങ്ങളാണ്.

കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന  എല്ലാ നിബന്ധനകളും പാലിച്ചാണ് നാട്ടിൽ എത്തിയത്. കൊറോണ ടെസ്റ്റിന്റെ നെഗറ്റീവ് ഉൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വിമാനത്താവള അധികൃതർക്ക് നൽകി, പി പി ഇ ധരിച്ചു വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. ഒരിടത്തും ഇറങ്ങാതെ നേരെ വീട്ടിലെ ഒന്നാം നിലയിൽ ഒരു മുറിയിൽ എല്ലാവരും ഒതുങ്ങികൂടുകായിരുന്നു. താഴെ ഗ്രൗഡ് ഫ്ളോറിലേക്ക് പോലും ആരും ഇറങ്ങിയില്ല. ഇതിനോടകം തന്നെ ചിലർ തങ്ങൾ എന്ത് ചെയ്യുന്നു എന്നറിയുവാനുള്ള എത്തിനോട്ടം ശ്രദ്ധയിൽ പെട്ടെങ്കിലും കാര്യമാക്കിയില്ല. മുറിക്ക് പുറത്തിറങ്ങാതെ നിയമം അനുസരിക്കുകയായിരുന്നു.

വീട്ടിൽ എല്ലാ ദിവസവും പണിക്ക് വന്നവർ പെട്ടെന്ന് വരാതായി. വിളിച്ചു ചോദിച്ചപ്പോൾ ഇവർ മറ്റുള്ളവരുടെ വീടുകളിൽ പണിക്കുപോകുന്നവർ ആയതിനാൽ പ്രവാസിയായി എത്തിയ അവരുടെ വീട്ടിൽ പണിക്കുപോയാൽ മറ്റാരുടെയും അടുത്ത് പോകാൻ പറ്റില്ല എന്ന ഭീഷണിക്കു മുൻപിൽ പണിക്കാർ വരവ് നിർത്തിയെങ്കിലും അതൊന്നും സാരമില്ല എന്ന് കരുതി ആശ്വസിച്ചു.

മരണപ്പെട്ട പിതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് വെച്ചിരുന്നത്. വീട്ടിൽ മൃതദേഹം എത്തുന്നതിനു മുൻപേ നാട്ടുകാരുടെ പരാതി പ്രളയമാണ് കാളിയാർ ഇടവക വികാരിയച്ചനെ തേടിയെത്തിയത്. ഒരു കാരണവശാലും ബ്രിട്ടണിൽ നിന്നും വന്ന ഇവരെ പങ്കെടുപ്പിക്കാൻ സമ്മതിക്കൂല്ല എന്ന ഇടവകക്കാരുടെ നിലപാടിൽ നിസ്സഹായനായി നിൽക്കുവാൻ മാത്രമേ വികാരിയച്ചന് സാധിച്ചുള്ളൂ.

നിസ്സഹായനായ വികാരിയച്ചന്റെ ഫോൺ കാൾ ബ്രിട്ടനിൽ നിന്നും വന്ന മൂത്ത മകന്റെ ഫോണിൽ ചൊവാഴ്ച രാത്രിയോടെ എത്തി. സാഹചര്യം വിവരിച്ചു. പങ്കെടുക്കാൻ വരല്ലേ എന്ന അഭ്യർത്ഥന… പി പി ഇ കിറ്റ് ഇവിടുന്നെ കരുതി നാട്ടിലെത്തിയ ഇവർക്ക് അത് താങ്ങുവാൻ ഏറെ പണിപ്പെട്ടു. അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും തല്ലിക്കൊഴിച്ചു. സാധാരണഗതിയിൽ ചടങ്ങുകൾ എല്ലാം പൂർത്തിയായി എല്ലാവരെയും സെമിത്തേരിയിൽ നിന്നും മാറ്റിയ ശേഷം ഞങ്ങളെ കാണിക്കുമോ എന്ന യാചനപോലും പതിച്ചത് ബധിരകർണ്ണങ്ങളിൽ ആണ്. ഇതുവരെ എത്തിയ എല്ലാ പ്രവാസികൾക്കും ഇങ്ങനെ ഒരു അവസരം കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധിച്ചിരുന്നു.

നാട്ടിലുള്ളവരുടെ വികാരം മനസിലാക്കുമ്പോഴും, കൊറോണയുടെ വകഭേദം ഉണ്ട് എന്നുള്ള വാർത്ത നാട്ടിലെ എല്ലാ മാധ്യമങ്ങളും വാലും തലയുമില്ലാതെ പടച്ചുവിട്ടു. എന്നാൽ വകഭേദം ഉണ്ടായത് ലണ്ടനിലും സമീപ പ്രദേശത്തുമാണ്. കേരളത്തിന്റെ ഒന്നരയിരട്ടി വലിപ്പമുള്ള യുകെയുടെ മറ്റൊരു മൂലയിൽ അതായത് ലണ്ടനിൽ നിന്നും 300 റിൽ അധികം കിലോമീറ്റർ അകലെ താമസിക്കുന്ന ഇവർക്ക് കൊറോണയുടെ വകഭേദം ഉണ്ട് എന്ന് നാട്ടുകാർക്ക് എങ്ങനെ മുദ്ര കുത്താൻ സാധിച്ചു? എയർപോർട്ടിൽ ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇരിക്കെ ആണ് ഈ ക്രൂരത.

പഞ്ചായത്തു ഇലക്ഷനിൽ എന്തെല്ലാം നടന്നു. പ്രോട്ടോകോൾ ലംഘിക്കുന്നതിൽ അന്ന് ആരും പിന്നിലായിരുന്നില്ല. അതൊന്നും കൊറോണ പടർത്തിയില്ലേ..? അതെ എന്നും ക്രൂശിക്കപ്പെടുന്നത് പ്രവാസിതന്നെയാണ്. ഏതൊരു ആപൽ ഘട്ടത്തിലും സഹായിക്കുന്ന പ്രവാസി വരുമ്പോൾ മാത്രം നിയമം… വിദ്യാസമ്പന്നരാണ് എന്ന് കരുതുന്ന മലയാളികൾ പ്രവർത്തിയിൽ അത് കാണിക്കാറില്ല… ആരോ പടച്ചുവിടുന്ന തെറ്റായ വാർത്തയിൽ പ്രതികരിക്കുന്ന നമ്മൾ അറിയുക സ്വന്തം അനുഭവം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും. പിതാവിന്റെ മരണത്തിൽ പങ്കെടുക്കാൻ എത്തിയവരെ ഇത്തരുണത്തിൽ ദ്രോഹിച്ച നമ്മൾ എവിടെ അതിന്റെ പാപം കഴുകും. ‘ഇന്ന് ഞാൻ നാളെ നീ’  എന്ന് പ്രസിദ്ധനായ കവി ജി ശങ്കരക്കുറുപ്പ് എഴുതിയ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഇനിയാർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

അയര്‍ലന്‍ഡിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്നാ സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അന്‍പതില്‍പ്പരം നവപ്രതിഭകളായ യുവഗായകര്‍ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങള്‍ ഉണര്‍ത്തിയ നിരവധി ഗാനങ്ങളാല്‍ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തില്‍ വിധികര്‍ത്താക്കളായി വന്നത് ശ്രീ.വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യര്‍, ശ്രീ. ജിന്‍സ് ഗോപിനാഥ് എന്നിവരായിരുന്നു.

വിജയികളെ പ്രഖ്യാപിക്കുവാനായി, പരിപാടിയുടെ സംഘാടകരായിരുന്ന, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെ എത്തിച്ചേര്‍ന്നത്, മലയാളികളുടെ പ്രിയാ താരം ശ്രീ. ഗിന്നസ് പക്രുവും ആയിരുന്നു.

ജാക്വിലിന്‍ മെമ്മോറിയല്‍ ഓള്‍ അയര്‍ലണ്ട് ബെസ്റ്റ് ജൂനിയര്‍ സിംഗര്‍ 2020 ലെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്, ഡബ്ലിനിലെ യുവപ്രതിഭയായ കുമാരി ഗ്രേസ് മരിയ ജോസ് ആണ്. റണ്ണര്‍ അപ്പ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഡബ്ലിനിലെ തന്നെ മാസ്റ്റര്‍ ജോസഫ് ചെറിയാനും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡബ്ലിനിലെ കുമാരി ഇഫാ വര്‍ഗീസുമാണ്. കൂടാതെ ഫേസ്ബുക്ക് ഓഡിയന്‍സ് പോളിന്റെ അടിസ്ഥാനത്തില്‍, ‘ഓഡിയന്‍സ് സിംഗര്‍ 2020’ ആയി തെരഞ്ഞെടുക്കപ്പെട്ടത്, തുലാമോറുള്ള കുമാരി. ശിബാനി വേണുഗോപാലുമാണ്.

ഈ മത്സരത്തില്‍ പങ്കെടുത്താ, കുട്ടികള്‍ക്കും, അവരെ തയ്യാറാക്കിയ മാതാപിതാക്കള്‍ക്കും നന്ദി പറയുന്നതോടൊപ്പം, സോഷ്യല്‍മീഡിയകളിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും അവര്‍ക്ക് വേണ്ടാ പ്രോല്‍സാഹനവും, പിന്തുണയും നല്‍കിയ അയര്‍ലന്‍ഡിലെയും, നാട്ടിലെയും എല്ലാം മലയാളികള്‍ക്കും ഹൃദയം നിറഞ്ഞാ നന്ദിയും, സ്‌നേഹവും അറിയിക്കുന്നതായി, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായ, ശ്രീ.ജോമി ജോസ്, ശ്രീ.ശ്യാം ഷണ്മുഖന്‍, ശ്രീ.സൈജന്‍ ജോണ്‍, ശ്രീ. ബെന്നി ആന്റണി, ശ്രീ. ജോസ്‌മോന്‍ ജേക്കബ്, ശ്രീ. അരുണ്‍ രാജ്, ശ്രീ. അനില്‍ ജോസഫ് രാമപുരം തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

[ot-video][/ot-video]

എ​ഡി​ൻ​ബ​ർ​ഗ്: ഇം​ഗ്ല​ണ്ട് മു​ൻ ബാ​റ്റ്സ്മാ​ൻ ജോ​ൺ എ​ഡ്റി​ച്ച് (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ്കോ​ഡ്‌​ല​ൻ​ഡി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. 2000 ൽ ​അ​ദ്ദേ​ഹ​ത്തി​ന് ര​ക്താ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ടം​കൈ​യ്യ​ൻ ബാ​റ്റ്സ്മാ​നാ​യി​രു​ന്ന എ​ഡ്റി​ച്ച് ഇം​ഗ്ല​ണ്ടി​നാ​യി 77 ടെ​സ്റ്റു​ക​ൾ ക​ളി​ച്ചു. 12 സെ​ഞ്ചു​റി​ക​ൾ സ്വ​ന്ത​മാ​ക്കി​യ എ​ഡ്റി​ച്ചി​ന്‍റെ ബാ​റ്റിം​ഗ് ആ​വ​റേ​ജ് 43.54 ആ​യി​രു​ന്നു.

564 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 39,790 റ​ൺ​സ് സ്കോ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 103 സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പെ​ടും. ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ 1963 ൽ ​ആ​യി​രു​ന്നു ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം. 13 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ടെ​സ്റ്റും അ​തേ മൈ​താ​ന​ത്താ​യി​രു​ന്നു എ​ന്നു​മാ​ത്ര​മ​ല്ല എ​തി​രാ​ളി​ക​ൾ ക​രീ​ബി​യ​ൻ ടീം ​ത​ന്നെ​യാ​യി​രു​ന്നു.

ഷിബു മാത്യൂ
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍.
സന്തോഷകരമായ ഒരു ക്രിസ്തുമസ്സ്.
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. നാല്പ്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിര്‍ത്താറായില്ലേ എന്നു ചോദിക്കുന്ന അമ്മായിയമ്മമാരുടെ കാലം. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി. ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്നു പറയുന്ന അമ്മമാരുടെ കാലം.

നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും വളര്‍ന്നിട്ടില്ല. ഓരോ കുഞ്ഞും ദൈവത്തിന്റെ കാരുണ്യമാണ്. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയുടെ വാക്കുകളാണിത്.

ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പിറകെ പായുന്ന പുതു തലമുറക്കാര്‍ക്ക് മാതൃകയാവുകയാണ് യുകെയിലെ ഹഡേല്‍ഫീല്‍ഡില്‍ സ്ഥിരതാമസമാക്കിയ ജോയിസ്സും ജെറിനും. ക്രിസ്തുമസ്സ് നാളില്‍ അവരുടെ വീട്ടില്‍ ഉണ്ണി പിറന്നു. ജൊവീനയെത്തിയത് ഏഴാമതായിട്ടാണ്. ആറു സഹോദരങ്ങളുടെ സന്തോഷം നേരിട്ട് ഞങ്ങള്‍ മലയാളം യുകെയും കണ്ടു.

ഇത് ജോയിസ് മുണ്ടയ്ക്കല്‍, ജെറിന്‍ മുണ്ടയ്ക്കല്‍. ആധുനിക യുഗത്തില്‍ ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സന്താന സൗഭാഗ്യം ലഭിച്ച ദമ്പതികള്‍. ജോര്‍ജിയ, ജൊവാക്യം, ജെറോം, ജെഫ്രി, ജെറാര്‍ഡ്, ജോനാ ഇപ്പോഴിതാ ജൊവിനയും. ഏഴ് മക്കള്‍. മൂവാറ്റുപുഴയാണ് ജോയിസിന്റെ ദേശം. ജെറിന്‍ തൊടുപുഴയില്‍ നിന്നും. മെക്കാനിക്കല്‍ ഡിസൈന്‍ എന്‍ജിനീയറായി ജോയിസ് ജോലി ചെയ്യുന്നു. രണ്ടു പേരുടെയും കുടുംബ പശ്ചാത്തലത്തില്‍ മൂന്ന് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളാരുമില്ല. മക്കള്‍ കൂടുതലുള്ളത് അനുഗ്രഹമാണെന്നിവര്‍ പറയുന്നു. കൂടുതല്‍ മക്കള്‍ വേണം എന്ന് ഞങ്ങളായിട്ട് തീരുമാനിച്ചിട്ടില്ല. അതുപോലെ കുട്ടികള്‍ ഉണ്ടാകുന്നതിന് ഒരു തടസ്സവും ഞങ്ങളായിട്ട് സൃഷ്ടിച്ചിട്ടുമില്ല. ദൈവത്തിന്റെ പദ്ധതികള്‍ ഞങ്ങള്‍ സ്വീകരിച്ചു. ആധുനിക യുഗത്തില്‍ പല മാതാപിതാക്കന്മാരും ധരിച്ച് വെച്ചിരിക്കുന്നത് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ അതൊരു ബാധ്യതയാണെന്നാണ്. അതൊരു നാണക്കേടാണെന്നു ധരിക്കുന്നവരും ധാരാളം. തിരക്കൊഴിഞ്ഞിട്ടും ജീവിത മാര്‍ഗ്ഗം സുരക്ഷിതമാക്കിയതിനും ശേഷം മാത്രം മതി കുട്ടികള്‍ എന്ന ചിന്തയുള്ള മാതാപിതാക്കന്മാരാണ് ഇക്കാലത്ത് ധാരാളമുള്ളത്.

ജോയിസും ജെറിനും മലയാളം യുകെ ന്യൂസിനോട് സംസാരിച്ചത് ഇങ്ങനെ..
2003 ല്‍ ഒരു വിദ്യാര്‍ത്ഥിയായി ഹഡേല്‍സ്ഫീല്‍ഡില്‍ ജോയിസ് എത്തി.
2004ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം.
ഒരു കുഞ്ഞിനെ കിട്ടാന്‍
വരുമാനമോ ജോലിയോ ഒന്നും മാനദണ്ഡമായെടുത്തില്ല. മക്കളെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. യുകെയില്‍ തുടക്കം എന്ന നിലയില്‍ ഷെയറിംഗ് അക്കോമഡേഷനില്‍ താമസിക്കുന്ന കാലത്താണ് ഷെറിന്‍ ഗര്‍ഭിണിയാകുന്നത്. സാമ്പത്തികം അത്ര ഭദ്രമല്ലാതിരുന്നെങ്കിലും ഒരു വീട് വാടകയ്‌ക്കെടുത്തു മാറി. അങ്ങെനെ ഞങ്ങള്‍ ജീവിതം തുടങ്ങി. ആ വാടക വീട്ടില്‍ ജോര്‍ജിയ ജനിച്ചു. കുട്ടികള്‍ ജനിക്കുന്നതും വളരുന്നതും സാഹചര്യങ്ങള്‍ കൊണ്ട് തടസ്സമാകില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും സാഹചര്യങ്ങള്‍ മെച്ചപ്പെടുകയാണ് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ദൈവത്തിന്റെ പദ്ധതികളെ ഞാന്‍ ഒരിക്കലും തടഞ്ഞുവെച്ചിട്ടില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ വളര്‍ത്താനുള്ള സാഹചര്യങ്ങളും കൂടി ദൈവം തരുന്നുണ്ട്.

ഏഴ് മക്കള്‍! സഹായത്തിന് ആരുമില്ലാത്ത ഈ രാജ്യത്ത് ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു.
അതിരാവിലെ ഉണരുന്ന സൂര്യന്‍ എല്ലാവര്‍ക്കും പ്രകാശമാകുന്നു. ജെറിനാണ് മറുപടി പറഞ്ഞത്. ജോയിസ് ആറു മണിക്ക് എണീയ്ക്കും. ഞാനും കൂടെ എണീയ്ക്കും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ രണ്ടു പേരും കൂടി പ്രാര്‍ത്ഥിക്കും. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഇന്ന് വരെയും അത് മുടക്കിയിട്ടില്ല. അത് കഴിഞ്ഞ് പ്രഭാത ഭക്ഷണമൊരുക്കും. ഈ സമയം കൊണ്ട് സ്‌കൂളില്‍ പോകേണ്ട മക്കള്‍ എല്ലാവരും റെഡിയായി പ്രഭാത ഭക്ഷണം കഴിക്കാനെത്തും.
അവര്‍ തനിയേ ഒരുങ്ങും. അവരുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ആദ്യത്തെ രണ്ടു പേരെ എല്ലാക്കാര്യവും ഞങ്ങള്‍ പഠിപ്പിച്ചു. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കണ്ട് ബാക്കിയുള്ളവര്‍ ചെയ്യും. പോരായ്മകള്‍ മൂത്തവര്‍ പരിഹരിച്ച് കൊടുക്കും.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കുട്ടികളെ സ്വയംപര്യാപ്തതയില്‍ എത്തിച്ചതാണോ..?
ഒരിക്കലുമല്ല. ആദ്യം വേണ്ടത് മാതാപിതാക്കന്മാര്‍ ഗുരുക്കന്മാരാകണം. അവരെ മക്കള്‍ മാതൃകയാകണം. അവര്‍ കൊടുക്കുന്ന നല്ല ട്രെയിനിംഗിലാവണം മക്കള്‍ വളരെണ്ടത്. മാതാപിതാക്കള്‍ ചെയ്യേണ്ട കടമകള്‍ക്ക് മുടക്കം വരുത്തരുത്. അവര്‍ക്ക് വേണ്ടുന്ന എല്ലാക്കാര്യങ്ങളും നേരത്തേ ഞങ്ങള്‍ ചെയ്തു വെയ്ക്കും. കൂടാതെ എങ്ങനെ എന്തൊക്കെ ചെയ്യണം എന്നുകൂടി കാണിച്ചു കൊടുക്കും. പിന്നെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. അതും പ്രകാരമാണോ അവര്‍ ചെയ്യുന്നത് എന്ന് നിരീക്ഷിക്കേണ്ട ജോലി മാത്രമേ പിന്നീടുള്ളൂ. മാതാപിതാക്കന്മാര്‍ അച്ചടക്കമുള്ളവരായിരിക്കുകയെന്നതാണ് പരമപ്രധാനം. അങ്ങനെയുള്ള ഒരാളാണ് ജോയിസ്. അടുക്കും ചിട്ടയും ജോയിസിന് നിര്‍ബന്ധമാണ്. ഞാന്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നതു കൊണ്ട് ഇവിടെ പ്രശ്‌നങ്ങള്‍ കുറവാണ്.

രണ്ടോ മൂന്നോ കുട്ടികളില്‍ ഒതുങ്ങുന്ന ഇക്കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടായത് ഒരു ബുദ്ധിമുട്ടായിട്ട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..??

ഒരിക്കലുമില്ല. മാനസികമായി ഞങ്ങള്‍ തയ്യാറായവരാണ്. അംഗങ്ങളുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് പല കാര്യങ്ങള്‍ക്കും കൂടുതല്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. നേരത്തേ എഴുന്നേല്‍ക്കേണ്ടി വരും. നേരത്തെ ഇറങ്ങേണ്ടി വരും. ഷോപ്പിംഗിനും ഭക്ഷണം പാകം ചെയ്യേണ്ടതിനുമൊക്കെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. പക്ഷേ, എല്ലാം ശരിയായി കഴിയുമ്പോഴുള്ള സന്തോഷം. അത് പറഞ്ഞറിയ്ക്കാന്‍ പറ്റാത്തതാണ്. യാത്ര പോകുന്നതാണ് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. വാഹനത്തിനുള്ളിലെ രസകരമായ സംഭവങ്ങള്‍!! അത് ഞങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നു.

കുട്ടികള്‍ കുസൃതി കാട്ടിയാല്‍ വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്യാറുണ്ടോ???
വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്തിട്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തെറ്റില്‍ നിന്ന് ശരിയില്‍ അവര്‍ എത്തുന്നതു വരെ അവരോടൊപ്പം നില്‍ക്കുക. അവരോട് ധാരാളം സംസാരിക്കുക. ഒരു കൂട്ടുകാരനെപ്പോലെ എപ്പോഴും പ്രവര്‍ത്തിച്ച് നമ്മളോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ കുസൃതി കാണിക്കുവാനുള്ള പ്രവണത സ്വഭാവികമായും കുറയും

നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന സന്തോഷം എന്താണ്.??
എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയം എന്ന് പറയേണ്ടി വരും. അംഗങ്ങള്‍ കൂടുതലുള്ളതുകൊണ്ട് സ്വാഭാവികമായും വലിയ ഡൈനിംഗ് ടേബിളാണുള്ളത്. ഭക്ഷണം കഴിക്കാനുള്ള ഒത്തുകൂടലും അടക്കം പറച്ചിലും ഒച്ചയും ബഹളവും ഷെയറിംഗും കെയറിംഗുമൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിയ്ക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണ്.

കൂടുതല്‍ കുട്ടികള്‍ സാമൂഹിക ജീവിതത്തെ എത്രത്തോളം ദോഷകരമായി ബാധിച്ചിട്ടുണ്ട്??

ഒരിക്കലുമില്ല. മക്കള്‍ കൂടുതല്‍ ഉണ്ടായപ്പോള്‍ സമൂഹിക സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്. ഉദാഹരണത്തിന്.. ഞങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാംഗമാണ്. രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ മത്സരത്തിന്റെ എല്ലാ വിഭാഗത്തിലും ഞങ്ങളുടെ വീട്ടിലെ എല്ലാവരും പങ്കെടുക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍, പരിശീലനങ്ങള്‍ ഇതൊക്കെ സാമൂഹിക ജീവിതത്തില്‍ തിരക്കുകൂട്ടുകയാണ്. കൂടാതെ റവ. ഫാ. മാത്യൂ മുളയോലില്‍ വികാരിയായ ഞങ്ങളുടെ ലീഡ്‌സിലെ ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ മുന്‍നിരയിലുണ്ട്. ജെറിന്‍ സണ്‍ഡേ സ്‌ക്കൂളില്‍ പഠിപ്പിക്കുന്നു. ഞാന്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നു. അങ്ങനെ പലതും..

ഇനിയും കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ??
ഉദ്ദേശിച്ചത് എട്ടാമത്തെ കുഞ്ഞിനെ.??
ഉത്തരം പെട്ടന്നായിരുന്നു.
തയ്യാറാണ്. പക്ഷേ ഒരു കുഴപ്പമുണ്ട്. ഇപ്പോള്‍ ഉള്ള വണ്ടി ഒമ്പത് സീറ്റിന്റേതാണ്.
അത് നിറഞ്ഞു. അടുത്ത സ്റ്റേജിലേയ്ക്ക് പോകണമെങ്കില്‍ പുതിയ ലൈസന്‍സ്, ബസ്സ് രൂപത്തിലുള്ള വലിയ വണ്ടി, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍.
അപ്പോള്‍ വണ്ടിയാണോ പ്രശ്‌നം?? ഒരിക്കലുമല്ല. അതൊരു പ്രശ്‌നമായി കാണുന്നില്ല. ദൈവത്തിന്റെ പദ്ധതികള്‍ക്ക് ഒരു തടസ്സവും ഒരിക്കലും സൃഷ്ടിക്കില്ല. സന്തോഷത്തോടെ സ്വീകരിക്കും.

ഈ സംസാരത്തിനിടയിലായിരുന്നു മൂത്തയാള്‍ ജോര്‍ജിയയെ കണ്ടത്. ഞാന്‍ ചോദിച്ചു. കൂട്ടുകാര്‍ ചോദിക്കുമ്പോള്‍ സഹോദരങ്ങള്‍ കൂടുതലുണ്ട് എന്ന് പറയാന്‍ നാണക്കേടുണ്ടോ??
അവള്‍ പറഞ്ഞതിങ്ങനെ..
ഞാന്‍ ഹാപ്പിയാണ്.
കാരണം അവര്‍ക്കാര്‍ക്കും ഇല്ലാത്ത സൗഭാഗ്യം എനിക്കുണ്ടല്ലോ!
അമ്മ ഏഴാമതും ഗര്‍ഭിണിയായത് ജോര്‍ജിയയാണ് എല്ലായിടത്തും വിളിച്ചു പറഞ്ഞത്. ജോര്‍ജിയ വളരെ സന്തോഷത്തിലായിരുന്നു. ലോക് ഡൗണ്‍ കാലത്തായിരുന്നു അവരുടെ വീട്ടില്‍ കൂടുതല്‍ ആഘോഷം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കളിച്ചുല്ലസിക്കുന്ന വീട്. അത് കണ്ട് രസിക്കുന്ന അപ്പനും അമ്മയും. വിശ്വാസം കൂടുതലുള്ള വീടാണിതെന്ന് ജോര്‍ജിയ പറയുന്നു. സങ്കീര്‍ത്തനം 91. അതില്‍ അവള്‍ ആഴത്തില്‍ വിശ്വസിക്കുന്നു.

ധാരാളം കുട്ടികള്‍ സൗഭാഗ്യമാണ്. ദൈവം ഒരു കുഞ്ഞിനെ തന്നാല്‍ ആ കുഞ്ഞ് വഴി ഒരു പാട് കാര്യങ്ങള്‍ ലോകത്ത് നടക്കുവാനുണ്ട്. നമ്മള്‍ അത് സ്വീകരിക്കാതിരുന്നാല്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മുടക്കുകയാണ്. ഉദാഹരണം. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ധാരാളം കുട്ടികള്‍ ഉള്ള കുടുംബത്തില്‍ നിന്നാണ് നമ്മുടെ പിതാവ് ജനിച്ചത്. പിതാവിന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെയൊരു ചിന്താഗതിയില്‍ അല്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ പിതാവിനെ ലഭിക്കുമായിരുന്നോ..?? ജോയിസ് ചോദിച്ചു.

മക്കള്‍ക്കൂടുതലുള്ളത് കുടുംബത്തിന് ബലമാണ്. ഇക്കാലത്ത് ഇല്ലാതെ പോകുന്നതും അതുതന്നെയാണ്. ക്രൈസ്തവര്‍ മറന്നു പോകുന്ന നഗ്‌നസത്യം. ജോയിസ് ജെറിന്‍ ദമ്പതികളുടെ വീട്ടിലെ സന്തോഷമാണ് ഞങ്ങള്‍ മലയാളം യുകെ പ്രിയ വായനക്കാര്‍ക്ക് ഈ ക്രിസ്തുമസ്സ് കാലത്ത് സമ്മാനിക്കുന്നത്…
ഇത് ഞങ്ങള്‍ നേരിട്ടറിഞ്ഞ സത്യങ്ങളാണ്.
മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സാശംസകള്‍..

RECENT POSTS
Copyright © . All rights reserved