UK

മാഞ്ചസ്റ്റർ ∙ ഫൈസർ ഫാർമസ്യുട്ടിക്കലിന്റെ കോവിഡ് പ്രതിരോധ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിൽ കൂടുതൽ മലയാളി ഡോക്ടർമാർ. മാഞ്ചസ്റ്ററിലെ താമസക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ ഡോ. ശ്രീദേവി നായരാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ഫൈസർ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രതിരോധം പൂർണമാകണമെങ്കിൽ ഇരുപത്തിയൊന്ന് ദിവസത്തിനുശേഷം രണ്ടാം ഡോസുകൂടി എടുക്കണം. ഡോക്ടർ അജികുമാർ കവിദാസൻ എന്ന മലയാളി ഡോക്ടറും വാക്സീൻ സ്വീകരിച്ചിരുന്നു.

സ്റ്റോക്ക്പോർട്ട് നാഷനൽ ഹെൽത്ത് സർവീസ് ഫൌണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറായ ശ്രീദേവി നായർ ഇന്ത്യയിൽനിന്നുള്ള പഠനത്തിനുശേഷം ഇംഗ്ലണ്ടിൽനിന്നും അയർലണ്ടിൽനിന്നും നിരവധി ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഓറോ -ഫേഷ്യൽ വിദഗ്ധയായ ഡോക്ടർ ഈ മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർക്ക് തികച്ചും ആകസ്മികമായാണ് വാക്സീൻ എടുക്കാനുള്ള അവസരം ലഭിച്ചത്. രോഗികൾക്ക് നൽകാനായി കൊണ്ടുവന്ന ആദ്യ വാക്സീനുകളിലെ ബാക്കിയായ മരുന്ന് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുകൂടി നൽകാൻ അധികൃതർ തീരുമാനിച്ചപ്പോഴാണ് ശ്രീദേവിനായർക്കു വാക്സീൻ സ്വീകരിക്കാനുള്ള അവസരം ലഭിച്ചത്. ആശുപതിയിൽ ചികിത്സക്കെത്തിയ എൺപതോളം രോഗികൾക്ക് കൊടുത്തതിനിശേഷം ബാക്കിവന്ന മരുന്നാണ് ഡോക്ടർക്കും സഹപ്രവർത്തകർക്കും ലഭിച്ചത്.

വാക്സീൻ സ്വീകരിച്ചതിനുശേഷം പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുംതന്നെ അനുഭവപ്പെടുന്നില്ലെന്നാണ് ശ്രീദേവി പറയുന്നത്. എന്തായാലും ഡിസംബർ മുപ്പത്തിയൊന്നിന് രണ്ടാം ഡോസുകൂടിയെടുത്തു പൂർണ പ്രതിരോധ ശേഷിയുമായി പുതുവർഷത്തിലേക്കു കടക്കാമെന്നാണ് ഡോക്ടർ ശ്രീദേവി നായർ പ്രതീക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും നിരവധി സർക്കാർ ഏജൻസികളുടെയും അനുമതിയോടെ ഉപയോഗിക്കപ്പെടുന്ന മരുന്ന് കോവിഡ് വ്യാപനത്തിനൊരു അവസാനം കുറിക്കുമെന്നാണ് എല്ലാവരേയുംപോലെ ഡോ. ശ്രീദേവിയും വിശ്വസിക്കുന്നത്‌. ലണ്ടനിലെ റോയൽ ഇൻഫെർമറി ആശുപത്രിയിലെ ഡോക്ടറായ ഭർത്താവ് രഘു മണിയും മൂന്നു മക്കളും പങ്കുവെക്കുന്നതും ഈ പ്രതീക്ഷകൾ തന്നെ.

സാജു അഗസ്റ്റിൻ

മലയാള ചലച്ചിത്ര സംഗീത പ്രേമികൾക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും വിലപ്പെട്ട സംഭാവനകൾ നൽകിയ സംഗീത ഇതിഹാസ രത്നങ്ങളാണ് എസ്. ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗായകർ.

ഈ മഹാ പ്രതിഭകൾ സംഗീത ലോകത്തിനു നൽകിയ സംഭാവനകളെ സ് മരിച്ചു കൊണ്ടും, ഈ അതുല്യപ്രതിഭകൾക്ക് ആദരവ് അർപ്പിച്ചുകൊണ്ടും, ഇവർ ആലപിച്ച ശ്രുതി മധുരങ്ങളായ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് “സ്‌മൃതി ഗീതാഞ്ജലി”

ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്‌ത ഗായകരായ യുകെയിൽ നിന്നുള്ള ഡോ : സവിത മേനോൻ , ഡോ : വാണി ജയറാം (ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം), ഇന്ത്യയിൽ നിന്നും ഡോ: രശ്മി സുധേഷ്‌, ഡോ: സംഗീത ബാലകൃഷ്‌ണൻ എന്നിവരാണ് ഈ സംഗീതാർച്ചന അവതരിപ്പിക്കുന്നത്.

ഓർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത് റിഥം-നിഷാന്ത് കോഴിക്കോട് , ഗിറ്റാർ നിതിൻ, തബല – ലാലു, വിനീഷ്- കീബോർഡ് , തബല – സന്ദീപ് പോപ്പാട് കർ യുകെ തുടങ്ങിയവരാണ്.

കൊച്ചിൻ കലാഭവൻ ലണ്ടനും, പ്രശസ്ത ഗായകനായ ജി വേണുഗോപാൽ കാൻസർ രോഗികളായ കുട്ടികളെസഹായിക്കുന്നതിന് വേണ്ടി നടത്തുന്ന “സസ്നേഹം ജി വേണുഗോപാൽ” ഫൗണ്ടേഷനും ചേർന്നാണ് ഈ ഗാനോപഹാരം പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്. ഡിസംബർ 12 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയംമൂന്ന് മണിമുതൽ (ഇന്ത്യൻ സമയം 8:30) കൊച്ചിൻ കലാഭവൻ ലണ്ടൻറെ we shall overcome ഫേസ്ബുക് പേജിൽ ലൈവായി സ്‌മൃതി ഗീതാഞ്ജലി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും .

യുകെയിൽ നിന്നുള്ള അറിയപ്പെടുന്ന നർത്തകിയും സ്‌റ്റേജ് ആങ്കറുമായ ദീപ്‌തി വിജയനാണ് ഈ പരിപാടി പ്രേക്ഷകർക്ക് മുന്പിലെത്തിക്കുന്നത്. പ്രോഗ്രാം കോർഡിനേറ്റർമാർ റെയ്‌മോൾ നിധിരി, ദീപാ നായർ. പ്രോഗ്രാം കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

. .

https://www.facebook.com/We-Shall-Overcome-100390318290703/

സ്വന്തം ലേഖകൻ 

ഡൽഹി : ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് സുപ്രീം കോടതി പൂർണ്ണമായ അനുമതി നൽകിയതോടുകൂടി കഴിഞ്ഞ വർഷങ്ങളെക്കാൾ ക്രിപ്റ്റോ കറൻസി വ്യാപാരം ഇപ്പോൾ  ഇന്ത്യയിൽ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ചൈനയെ പോലെ മറ്റ് പല ലോക രാജ്യങ്ങളും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും , ഇന്ത്യൻ നികുതി വകുപ്പും ഒരുങ്ങുന്നത്. ബിറ്റ്‌കോയിൻ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്ന നിക്ഷേപകർക്ക് അവരുടെ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആദായ നികുതി ഏർപ്പെടുത്തുവാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.

ക്രിപ്റ്റോ കറൻസികളെ വളരെ നല്ല ഒരു നിക്ഷേപ മാർഗ്ഗമായി കണ്ട് അനേകം ആളുകൾ വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും , അവ വിറ്റ് പലരും വലിയ ലാഭം ഉണ്ടാക്കുന്നത് രാജ്യത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ ആ ലാഭത്തിന് വരുമാന നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായും എക്‌ണോമിക്സ് ടൈമ്സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ക്രിപ്റ്റോ കറൻസികൾ വാങ്ങുമ്പോഴല്ല മറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് മാത്രമാണ് ടാക്സ് നൽകേണ്ടി വരുന്നത്.

ക്രിപ്റ്റോ കറൻസി ബിസിനസ്സുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് വരുന്നത് . പലതരം സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് ടാക്സ് നൽകുന്നത് പോലെ ഡിജിറ്റൽ സ്വത്തായ ക്രിപ്റ്റോ കറൻസികളും വിൽക്കുമ്പോൾ മാത്രം ടാക്സ് നൽകിയാൽ മതി. ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി ക്രിപ്റ്റോ കറൻസി വ്യാപാരത്തെ ഇന്ത്യ ഗവണ്മെന്റ് നിയമപരമായി ക്രമപ്പെടുത്തുമ്പോൾ ഇനിയും ആർക്കും ധൈര്യമായി ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , വിറ്റ് ലാഭം നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഇന്ത്യൻ നികുതി വകുപ്പും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പല ബാങ്കിംഗ് ചാനലുകൾ വഴി ബിറ്റ്‌കോയിൻ നിക്ഷേപകരുടെ വിവരങ്ങൾ നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപകരുടെയും അവരുടെ വരുമാനത്തിന്റെയും വിവരങ്ങൾ കെ വൈ സി ( KYC ) ചെയ്യുമ്പോൾ നൽകുന്ന പാൻ കാർഡ് പോലെയുള്ള രേഖകളിൽ നിന്ന് ക്ര്യത്യമായി കണ്ടെത്താൻ ടാക്സ് അതോറിറ്റിക്ക് വളരെ എളുപ്പത്തിൽ തന്നെ കഴിയും.

അതുമാത്രമല്ല ഓരോ ക്രിപ്റ്റോ കറൻസി വാലറ്റ് അഡ്രസ്സിലെ ഇടപാടുകളും അതാത് ബ്ലോക്ക് ചെയിനുകളിലൂടെ ഗവൺമെന്റിന് കണ്ടെത്താനും ആ ഇടപാടുകൾക്ക് കൃത്യമായ ടാക്സ് ഈടാക്കാനും കഴിയും. അതുകൊണ്ട് തന്നെ ടാക്സ് വെട്ടിപ്പ് പൂർണ്ണമായും ക്രിപ്റ്റോ കറൻസി വ്യാപാരങ്ങളിൽ ഇല്ലാതാകുന്നു . ബ്ലോക്ക് ചെയിനിലെ ഈ സുതാര്യതയാണ് പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുവാൻ പ്രേരിപ്പിച്ചത്.

ഇന്ത്യ ഗവണ്മെന്റിന്റെ ഇത്തരം നടപടികൾ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും ബ്ലോക്ക്ചെയിനിനെപ്പറ്റിയും പഠിക്കുവാനും , അവ ഉപയോഗിച്ച് ധൈര്യപൂർവ്വം ഇടപാടുകൾ നടത്തുവാനും മുന്നോട്ട് വരും എന്ന് ഉറപ്പായി കഴിഞ്ഞു. പല ലോക രാജ്യങ്ങളിലെ പോലെ സ്വകാര്യ – വാണിജ്യ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി വ്യാപാരത്തിലേയ്ക്ക് കടന്നു വരുവാനുള്ള വൻ സാധ്യതയാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്.

 

 

17 വയസ്സിൽ രണ്ടു കൗമാര പ്രായക്കാരെ കൊലപ്പെടുത്തിയശേഷം കാറിലിട്ടു ശരീരത്തിന് തീ കൊളുത്തിയ കോന്നർ കെർണർക്ക് (19) 179 വർഷത്തെ ജയിൽ ശിക്ഷ. ഡിസംബർ 8 ചൊവ്വാഴ്ചയായിരുന്നു ജഡ്ജി വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട തോമസ് ഗ്രിൻ (18), മോളി ലൻഹാം (19) എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് പോർട്ടർ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടർ അർമാന്റോ സാലിനാസ് ചൂണ്ടിക്കാട്ടി. ഒക്ടോബർ 22ന് കോന്നർ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു.

2019 ഫെബ്രുവരി 25 നായിരുന്നു സംഭവം. മയക്കുമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് ഹെബ്രോൻ ഏരിയായിലുള്ള ഗ്രാന്റ് പാരന്റ്സിന്റെ വീടിനോടനുബന്ധിച്ച് ഗാരേജിൽ കൊല്ലപ്പെട്ട തോമസ് ഗ്രിൻ തന്റെ കൈവശമുണ്ടായിരുന്ന തുക കവർച്ച ചെയ്യാൻ ശ്രമിച്ചുവെന്നും ഇതിനെ തുടർന്ന് റിവോൾവർ ഉപയോഗിച്ചു തോമസിനു നേരെ വെടിയുതിർത്തുവെന്നും നിലത്തുവീണ തോമസ് ജീവനുവേണ്ടി യാചിച്ചെങ്കിലും നിർദയമായി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിനുശേഷം അവിടെയുണ്ടായിരുന്ന മോളിയെ മൃതദേഹം കാണിച്ചു, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കേട്ടു തിരികെ നടന്ന മോളിയുടെ തലക്കു നേരേയും കോന്നർ വെടിയുതിർത്തു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഇവരുടെ മൃതദേഹം കൊല്ലപ്പെട്ടവരുടെ തന്നെ ഹോണ്ട സിവിക്കിന്റെ ട്രങ്കിൽ നിക്ഷേപിച്ചു തീ കൊളുത്തുകയും ചെയ്തു. കത്തി നശിച്ച കാർ പിന്നീട് കണ്ടെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട തോമസും മോളിയും കാമുകി കാമുകൻമാരായിരുന്നു.

വീണ്ടും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ലോകത്തെ ഏറ്റവും സ്വാധീനിച്ച വനിതകളുടെ പട്ടികയിലാണ് കെകെ ശൈലജയും ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഫിനാൻഷ്യൽ ടൈംസാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. വായനക്കാർ തെരഞ്ഞെടുത്ത 12 വനിതകളിൽ ഒരാളാണ് ശൈലജ. ഗാർഡിയൻ, ബ്രിട്ടീഷ് മാധ്യമമായ പ്രോസ്‌പെക്ട്, ഫോബ്‌സ് ഇന്ത്യ എന്നീ മാധ്യമങ്ങളും കോവിഡ് പ്രതിരോധ മികവിന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ചിരുന്നു.

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആഡേൺ, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ, അന്തരിച്ച യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്‌ബെർഗ്, പ്രസിദ്ധ ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരാണ് ആരോഗ്യമന്ത്രിയ്ക്ക് ഒപ്പം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുമായി ഏറ്റവും സ്വാധീനമുള്ള വനിതകളെ കണ്ടെത്തുന്ന ‘വുമൻ ഓഫ് 2020’ സ്‌പെഷ്യൽ സീരീസിന്റെ ഭാഗമായിട്ടാണ് പട്ടിക തയ്യാറാക്കിയത്. എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്.

ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ’ ‘കൊറോണ വൈറസ് ഘാതക’ എന്ന് വിശേഷിപ്പിച്ച ലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചാണ് ‘ലണ്ടൻ റീഡർ’ എന്ന പേരിലുള്ള നോമിനേഷൻ.

‘കേരളത്തിന്റെ കൊറോണ വൈറസ് അന്തകയും റോക്സ്റ്റാർ ആരോഗ്യമന്ത്രിയുമായ ശൈലജയെ കൊവിഡ് 19നെതിരെ ഇന്ത്യയിൽ നടത്തിയ പോരാട്ടത്തിലെ സവിശേഷ പ്രവർത്തനങ്ങളുടെ പേരിൽ ഞാൻ നാമനിർദേശം ചെയ്യുന്നു.’

ലോകത്തെ സ്വാധീനിച്ച ചെലുത്തിയ വനിതകളുടെ എണ്ണം 12ൽ ഒതുങ്ങുന്നില്ലെന്നും ഓരോ വർഷവും ശക്തരായ വനിതകളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നും ഫിനാൻഷ്യൽ ടൈംസ് പറയുന്നു.

 

ബ്രിട്ടണിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ് (ആര്‍.സി.എന്‍)ന്റെ ഏറ്റവും പ്രധാന റീജിയണായ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് മലയാളിയായ എബ്രാഹം പൊന്നുംപുരയിടം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ അഞ്ച് ലക്ഷത്തോളും നഴ്സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയില്‍ അറുപതിനായിരത്തില്പരം അംഗങ്ങളുള്ള ലണ്ടന്‍ റീജിയണില്‍ 20 അംഗ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി എന്ന നിലയില്‍ ചരിത്ര നേട്ടമാണ് എബ്രാഹം കൈവരിച്ചിരിക്കുന്നത്. പാലാ സ്വദേശിയായ എബ്രാഹം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ലണ്ടന്‍ കേന്ദ്രീകരിച്ച് നഴ്സിങ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാണ്. 2021 ജനുവരി 1 മുതല്‍ നാല് വര്‍ഷത്തേയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുന്‍പ് 2016ല്‍ ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നുവെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്

ആഗോളതലത്തില്‍ നഴ്സുമാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളില്‍ ഏറ്റവും വലതും സ്വാധീനശേഷിയുള്ളതുമാണ് ആര്‍.സി.എന്‍. 1916ല്‍ നഴ്സുമാര്‍ക്കായി സ്ഥാപിതമായ സംഘടന പിന്നീട് ബ്രിട്ടീഷ് രാജകുടുംബം റോയല്‍ ചാര്‍ട്ടറിലൂടെ നല്‍കിയ പ്രത്യേക പദവിയിലൂടെയാണ് റോയല്‍ കോളേജ് ഓഫ് നഴ്സിങ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. നഴ്സുമാരെ കൂടാതെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍, മിഡ്വൈഫുമാര്‍, ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ആര്‍.സി.എന്‍ അംഗങ്ങളാണ്. ബ്രിട്ടണിലെ തൊഴിലാളി സംഘടന എന്ന സ്ഥാനത്തേക്കാള്‍ ഉപരിയായി അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമേഖലയില്‍ ആര്‍.സി.എന്‍ നടത്തി വരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ നഴ്സിങ് നയരൂപീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആര്‍.സി.എന്‍ നേതൃത്വം നല്‍കാറുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി നഴ്സിങ് സംഘടനകളും ഇവരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ആര്‍.സി.എന്‍ ലണ്ടന്‍ റീജിയണില്‍ ഗ്രേറ്റര്‍ ലണ്ടനിലെ 32 കൗണ്‍സിലുകളില്‍ നിന്നുമുള്ള എന്‍.എച്ച്.എസിനു കീഴിലുള്ള 69 സ്ഥാപനങ്ങളിലും 3000 ല്പരം സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുമായി ജോലി ചെയ്യുന്ന 60,000 ല്പരം അംഗങ്ങളാണുള്ളത്. ഇംഗ്ലണ്ടില്‍ ഒമ്പത് റീജിയണുകളും സ്കോട്ട്ലാന്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ റീജിയണുകളുമായി ആകെയുള്ള 12 റീജിയണുകളില്‍ ഏറ്റവും പ്രധാന റീജിയണാണ് ലണ്ടന്‍ എന്നുള്ളത് എബ്രാഹത്തിന്റെ വിജയത്തിന് ഏറെ പ്രാധാന്യമുളവാക്കുന്നത്. സംഘടനയുടെ ദേശീയ ആസ്ഥാന കേന്ദ്രം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ലണ്ടനിലെ കാവന്‍ഡിഷ് സ്ക്വയറിലുള്ള കെട്ടിടത്തിലാണ് ലണ്ടന്‍ റീജിയന്റെ ഓഫീസും. ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ നഴ്സുമാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കുന്നതിന് എബ്രാഹത്തിന് സാധ്യമാകുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും ആര്‍.സി.എന്‍ സംഘടിപ്പിക്കുന്ന നഴ്സുമാരുടെ ദേശീയ കണ്‍വന്‍ഷനില്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷം വോട്ട് അവകാശമുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അഞ്ച് ലക്ഷത്തോളും വരുന്ന അംഗങ്ങളില്‍ കേവലം 600ല്‍ പരം ആളുകള്‍ക്ക് മാത്രമാണ് വോട്ട് അവകാശം ലഭ്യമാകുന്നത്.

ലോകത്തിലാദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന രാജ്യമായി യുകെ മാറിയപ്പോൾ ആദ്യം തന്നെ അതിൻെറ ഭാഗമാകാൻ ഒരു മലയാളിയ്ക്കും ഭാഗ്യം ലഭിച്ചു. കട്ടപ്പന മാവുങ്കല്‍ കുടുംബാംഗമായ ബോണിയാണ് ആരോഗ്യപ്രവർത്തകരെ പ്രതിനിധീകരിച്ച് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിച്ചത്. മാസങ്ങളായി കോവിഡ് രോഗികള്‍ക്കിടയിലായിരുന്നു ബോണി സേവനം നടത്തി വന്നിരുന്നത്. ബോണിയുടെ ഭാര്യ ടാനിയആണ്. ബോണിയ്ക്കും ടാനിയയ്ക്കും രണ്ടു മക്കളാണുള്ളത്

ഏപ്രിലില്‍ കോവിഡ് വന്നു പോയ ബോണി രോഗത്തിന്റെ എല്ലാ ബുദ്ധിമുട്ടും തിരിച്ചറിഞ്ഞ വ്യക്തിയാണ്. മില്‍ട്ടണ്‍ കെയ്ന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ യുകെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ സാന്നിധ്യത്തിലാണ് കോവിഡ് വാക്‌സിന്‍ ബോണി സ്വീകരിച്ചത്

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. നാലാഴ്ചയ്ക്ക് ശേഷം അടുത്ത ഡോസ് സ്വീകരിക്കണം. പിന്നീട് അഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ വാക്‌സിന്‍ ശരീരത്തില്‍ പ്രയോജനപ്പെടും. വലിയ ആത്മവിശ്വാസത്തിലാണ് ബോണി.

.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കലയേയും സയൻസിനേയും സമന്വയിപ്പിച്ച് മാനവികതയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുക എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകൃതമായ അമ്യൂസിയം ആർട്ട് സയൻസ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കെടിഡിസി എന്നിവയുടെ സഹകരണത്തോടെ ഇൻറർനാഷണൽ ചിത്ര രചന മത്സരം നടത്തുന്നു. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ യുകെയിൽ നിന്നുള്ള കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ആധുനിക കാലഘട്ടത്തിലെ മനുഷ്യ ജീവിതങ്ങളുടെ പരക്കംപാച്ചിലിൽ നഷ്ടപ്പെട്ട മാനവികതയേയും തിരിച്ചു പിടിക്കുകയും കലയുടെയും സയൻസിൻെറയും സമന്വയത്തിലൂടെ സർഗ്ഗാത്മക കഴിവുകളെ എങ്ങനെ വളർത്താം എന്ന ചിന്തയിൽനിന്നാണ് അമ്യൂസിയം ആർട്ട് സയൻസിൻെറ പിറവി. പുതുതലമുറയിലെ സർഗ്ഗ ശേഷിയെ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾ ആകുന്നവരെ കാത്തിരിക്കുന്നത് വളരെ ആകർഷകമായ സമ്മാനങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് www.amuseum.org.in സന്ദർശിക്കുക. ഫോൺ : 07946565837
07960 432577

യുകെ: സൗത്താംപ്ടൺ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വർഗീസ്(85)‌ നിര്യാതയായി.

സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മർത്താ മറിയം ഫൊറോനാ പള്ളിയില്‍.

മക്കള്‍: അലക്സ്, ജെയിംസ് (ബാസിൽഡൺ, യുകെ ), റോസമ്മ ബേബി, മോനിച്ചൻ(ഹൂസ്‌റ്റൻ, ടെക്സാസ് യുഎസ് ), മോളിക്കുട്ടി ടോം(സൗദി), ജിജിമോൻ(സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.

ജിജിമോന്റെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ ഷെഫീൽഡിൽ താമസിക്കുന്ന ജെറി ജോസ്, ജീവിതത്തിൽ നേരിട്ട വലിയ വെല്ലുവിളിയെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് മാത്രം അതിജീവിച്ചതെങ്ങനെയെന്ന് തുറന്നു പറയുകയാണ്. നേഴ്സായിരുന്ന ഭാര്യ യുകെയിലേക്ക് പ്രവാസ ജീവിതത്തിന് ഒരുങ്ങി, ഏജൻസിയുമായി ബന്ധപ്പെട്ട് പണം നൽകി യാത്രയ്ക്കൊരുങ്ങി ഇരുന്ന നേരത്താണ് സന്തോഷമുള്ള ഒരു വാർത്ത തേടിയെത്തിയത്, ഗർഭിണിയാണ്.

പരിചയമില്ലാത്ത ജീവിത സാഹചര്യങ്ങൾ ഉള്ള യുകെയിൽ പോകുമ്പോൾ ശാരീരിക അസ്വസ്ഥതകളും, കുട്ടിയെ നേരാംവണ്ണം നോക്കാനുള്ള സാഹചര്യങ്ങളും വളരെ കുറവ്, അല്ലെങ്കിൽ യുകെയിലെ ജീവിത ശൈലികളിൽ ഉള്ള അജ്ഞത എന്നിവ ഞങ്ങക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ വന്നു. എങ്കിലും ഉദരഫലം ദൈവീക വരമാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു. അങ്ങനെ യുകെയിലെ ജോലി ഇപ്പോൾ വേണ്ട എന്ന തീരുമാനത്തിൽ എത്തി.  ഈ തീരുമാനത്തെ ചില കൂട്ടുകാർ എതിർത്തിരുന്നു. ജോലിയാണ് വലുത് എന്നും, ഇനിയൊരു അവസരം ഉണ്ടായില്ലെങ്കിലോ എന്നും നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. എന്നാൽ കുഞ്ഞാണ് വലുത് എന്ന തീരുമാനത്തിൽ, ഏജൻസിക്കു കൊടുത്ത പണം പോലും ഉപേക്ഷിച്ച് ഞങ്ങൾ ഇരുവരും ഉറച്ച മനസ്സോടെ യുകെ യാത്ര കുഞ്ഞിന് വേണ്ടി ഉപേക്ഷിച്ചു.

എന്നാൽ രണ്ടരമാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് ഭാര്യക്ക് ചിക്കൻപോക്സ് ബാധിക്കുന്നത്. ശരീരം മുഴുവൻ പൊട്ടിയൊഴുകുന്ന വ്രണങ്ങളുമായി സഹനത്തിന്റെ അങ്ങേയറ്റത്തെ വഴികളിലൂടെ സഞ്ചരിച്ചു ജെറിയും ഭാര്യയും. പിന്നീട് ഗർഭാവസ്ഥയിലെ സ്കാനിംഗ് എല്ലാം നടത്തിയത് ബാംഗ്ലൂരിൽ ഉള്ള ഒരു ആശുപത്രിയിൽ ആയിരുന്നു. സ്‌കാൻ റിപ്പോർട്ട് ജെറിയുടെയും ഭാര്യയുടെയും വിഷമം വർദ്ധിപ്പിക്കുന്നതായിരുന്നു. കുട്ടിക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, അതിനാൽ അബോർഷൻ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത ജീവിതത്തിലെ നിമിഷങ്ങൾ. യുകെ യാത്രപോലും വേണ്ടെന്ന് വച്ച ഞങ്ങൾക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.

ആ സമയത്ത് ബാംഗ്ലൂരിൽ ഉള്ള സി എസ് റ്റി ധ്യാന മന്ദിരത്തിലെ ജോർജ് പൂതക്കുഴി അച്ചന്റെ സഹായിയും, ഡ്രൈവറുമായി ജോലിചെയ്തിരുന്ന, പള്ളിയിലെ ശുശ്രൂഷകളിൽ സഹായങ്ങൾ ചെയ്തു പോന്നിരുന്ന ജെറി, അച്ചന്റെ അടുക്കലേക്ക് ഓടിയെത്തി. നിങ്ങൾ പ്രാർത്ഥിക്കുക ദൈവം ഒരു തീരുമാനം എടുക്കട്ടെ എന്ന് അച്ചൻ ആശ്വസിപ്പിച്ചു. അതിനു ശേഷം ഇരുവരും എന്നും കുർബാനയിൽ പങ്കെടുക്കാനും പോകുമായിരുന്നു. നിത്യവും ഏറെ നേരം ദൈവസന്നിധിയിൽ പ്രാർത്ഥനയോടെ ചെലവഴിച്ചു. പിന്നീട് ആത്‌മീയ ഗുരുവായ ഫാദർ ആന്റോ തെക്കൂടൻ (സി എം ഐ ) ഫോണിൽ വിളിച്ചു സാഹചര്യം പറഞ്ഞു. അപ്പോൾ പൂനയിൽ ആയിരുന്ന അച്ചനോട് ഞങ്ങളെ ഒരു തീരുമാനം എടുക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു?

അച്ചൻ പ്രാർത്ഥനക്ക് ശേഷം, പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സുരക്ഷിതമായ ഒരു കുഞ്ഞിനെ ആണ് കാണുന്നത് എന്നും,  നിങ്ങളുടെ കുഞ്ഞിനെ ഈശോ തന്നതാണെന്നും, മനസ്സുനിറഞ്ഞ് ഇരു കൈകളും നീട്ടി സ്വീകരിക്കണമെന്നും അച്ചൻ ജെറിയോടും ഭാര്യയോടും ആയി പറഞ്ഞു. അതോടെ  എന്ത് കുറവുകൾ ഉണ്ടായാലും കുഞ്ഞിനെ വളർത്താൻ ജെറിയും ഭാര്യയും സന്തോഷത്തോടെ പ്രതിജ്ഞയെടുത്തു. തുടർ ചികിത്സകളും പ്രസവവും മൂവാറ്റുപുഴയിലെ നിർമ്മല ആശുപത്രിയിൽ ആയിരുന്നു. പ്രസവശേഷം കാണാൻ വന്ന ബന്ധു കുഞ്ഞിനെ കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് ജെറി ജോസ് ഓർമ്മിക്കുന്നു. കുഞ്ഞിന് ഒരു വിധത്തിലുള്ള അപാകതകളും ഉണ്ടായിരുന്നില്ല.

കുഞ്ഞിന് ഒരു വയസ്സായ ശേഷം ഒരു രൂപപോലും ചെലവില്ലാതെ ഇരുവർക്കും വർക്ക് പെർമിറ്റുമായി യു കെയിലെത്താൻ കഴിഞ്ഞു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് ചിലവില്ലാതെ വീണ്ടും യുകെയിൽ എത്തുവാനുള്ള അവസരം ഉണ്ടായത്.

വൈകല്യങ്ങളും ബുദ്ധിയും ഉണ്ടാവുകയില്ല എന്ന് ഡോക്ടർ പറഞ്ഞ കുട്ടി രണ്ടാം ക്ലാസ്സ്‌ മുതൽ എന്നും പഠനത്തിൽ മുൻപന്തിയിൽ ആയിരുന്നു. എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അവൻ ഇപ്പോൾ യുകെയിലെ ലണ്ടനിൽ ഉള്ള ജോൺ ഫിഷർ സ്കൂളിൽ പത്താം ക്ലാസിന് ശേഷം ജിസിഎസ്ഇയ്ക്ക് പഠിക്കുന്നു.

മിടുക്കനായ അവൻ പഠിക്കുന്ന സ്കൂളിലേക്ക് എടുക്കുന്ന ടീച്ചറിനെ പോലും ഇന്റർവ്യൂ ചെയ്യുന്ന അത്രയും ബുദ്ധിയുള്ള കുട്ടിയായാണ് ഇപ്പോൾ വളരുന്നത്. സ്‌കൂൾ ഒരു ടീച്ചറിനെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ അവർ എടുത്ത ഒരു തീരുമാനം വളരെ വ്യത്യസ്തമായിരുന്നു. ഈ സ്‌കൂളിൽ പഠിക്കുന്ന മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു അതിൽ ഒരാൾ ജോഷ്വാ ജെറി ആയിരുന്നു, മൂന്ന് ക്ലാസ്സുകളിൽ ആയി ഇരുത്തി. ജോലി തേടി വന്ന മൂന്ന് പേർ ഓരോ മണിക്കൂർ ഇവരുടെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികൾ റിപ്പോർട്ട് എഴുതി സ്‌കൂൾ അധികൃതർക്ക് കൊടുക്കുന്നു.

ഇംഗ്ലീഷുകാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ളവർ പഠിക്കുന്ന ജോൺ ഫിഷർ, ലണ്ടനിലെ അറിയപ്പെടുന്ന സ്‌കൂളിലെ ടീച്ചറിനെ നിയമിക്കാൻ മലയാളിയായ ജോഷ്വാ ജെറിയുടെ ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കായിരുന്നു. എൻ്റെ കുട്ടിയുടെ മഹത്വം പറയാനല്ല മറിച്ചു ദൈവ പരിപാലന നമ്മളെ തേടി വരും എന്ന് പറയുവാൻ ആണ് ഇത് പറയുന്നത്… ജെറി തുടർന്നു. കുറവുകൾ മാത്രമേ ഉണ്ടാവൂ എന്ന് ഡോക്ടർ പറഞ്ഞ കുഞ്ഞ് ടീച്ചറിനെ ഇന്റർവ്യൂ ചെയ്യുന്ന ബുദ്ധികേന്ദ്രമായ സാഹചര്യം.

ഓരോ പരിമിതികളുടെ പേരിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവം തരുന്ന സമ്മാനങ്ങളായ കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കുന്നവരോട്, അദ്ദേഹം പറയുന്നു ” പരീക്ഷണ ഘട്ടങ്ങളിൽ തളരാതിരിക്കുക, യേശുവിൽ ഭരമേൽപിക്കുക. അവൻ വഴി കാണിച്ചു തരും”

വീഡിയോ കാണാം…

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved