ഡബ്ലിനില്‍ യുവാവിനെ റോഡില്‍ അക്രമിക്കുന്നത് തടയാനിടപെട്ട കൗമാരക്കാരനായ ഫുട്ബോള്‍ താരം കുത്തേറ്റു മരിച്ച ദാരുണമായ സംഭവത്തില്‍ ടേക്ക് എവേ ഡെലിവറിക്കാരനായ ബ്രസീലുകാരന്‍ അറസ്റ്റിലായി.ഫുട്ബോള്‍ താരമായ ജോഷ് ഡന്നിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ മുഖ്യപ്രതിയാണ് ഇയാള്‍. ഡബ്ലിന്‍ നോര്‍ത്തില്‍ താമസിക്കുന്ന ബ്രസീലിയന്‍ പൗരനെയാണ് സ്റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ നിന്നുള്ള ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തത്.

ഡന്‍ഡി യുണൈറ്റഡ്, ബോഹെമിയന്‍സ് എഫ്‌സി എന്നീ ഫുട്ബോള്‍ ക്ലബ്ബുകളുടെ മികച്ച താരമായിരുന്നു ജോഷ് ഡണ്‍ .ചൊവ്വാഴ്ച രാത്രി ഒന്‍പതിന് ശേഷമാണ് ഡബ്ലിനിലെ വടക്കന്‍ നഗരത്തില്‍ നടന്ന സംഭവത്തില്‍ (16)കുത്തേറ്റ് വീണത്.

ജോഷും 16കാരനായ സുഹൃത്തും നടന്നുവരുന്നതിനിടെ 23 കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത് കണ്ടു. ഡെലിവറി സൈക്ലിസ്റ്റിന്റെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണ് ആക്രമിക്കപ്പെട്ടത്.ഈസ്റ്റ് വാളിലെ ഈസ്റ്റ് റോഡിലാണ് സംഭവം.ജോഷും സുഹൃത്തും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 23കാരനും ജോഷിനും കുത്തേറ്റത്.

ഇരുവരേയും മൂന്നുതവണ വീതമാണ് കുത്തിയത്.ഇവരെയും ഡബ്ലിനിലെ മാറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോഷ് മരിച്ചു.23 വയസുള്ള പുരുഷന്റെ പുറകിലാണ് കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് മോഷണ കേസില്‍ ഗാര്‍ഡ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.

കൊല്ലപ്പെട്ട കൗമാരക്കാരന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും അക്രമണത്തിനിടെ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുക മാത്രമേ ചെയ്തുള്ളുവെന്നും ഉന്നത ഗാര്‍ഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മറ്റ് പ്രതികളില്ലെന്നും ഇദ്ദേഹം അറിയിച്ചു.

വര്‍ഷങ്ങളായി നിരവധി പ്രശസ്ത ക്ലബ്ബുകള്‍ക്കായി കളിച്ചയാളായിരുന്നു ജോഷ്. സെന്റ് കെവിന്‍ ബോയ്സ് എഫ്‌സിയിലെ ഫുട്‌ബോള്‍ ഡയറക്ടര്‍ കെന്‍ ഡോണോ,സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് ,ബോഹെമിയന്‍സ് എഫ്‌സി ടോള്‍ക റോവേഴ്‌സ് എഫ്‌സി തുടങ്ങിയ നിരവധി ക്ലബുകളും സംഘടനകളും ആദരാഞ്ജലിയും അനുശോചനവുമറിയിച്ചു.