നോബി ജെയിംസ്
മാനിറച്ചി 3 മിനിറ്റിൽ (venison)
ചേരുവകൾ :
200 ഗ്രാം മാനിറച്ചി
5 അല്ലി വെളുത്തുള്ളി
1 ടീസ്പൂൺ ചതച്ച മുളക് ( വറ്റൽമുളക് )
1 ടീസ്പൂൺ കുരുമുളകുപൊടി
അല്പം കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
അല്പം എണ്ണ
മാനിറച്ചി ചെറുതായി ഞുറുക്കി ഉപ്പു തിരുമി വക്കുക. പാൻ നന്നായി ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക. ഉപ്പു തിരുമി വച്ച മാനിറച്ചി അതിൽ ഇടുക. ഇടുമ്പോൾ തന്നേ ഇളക്കാതെ ഇരിക്കുക. വീഡിയോയിൽ കാണുന്നത് പോലെ ഒരു നിശ്‌ചിത സമയത്തിന് ശേഷം ഇളക്കുക. കുക്ക് ആയതിനുശേഷം ബാക്കി ഉള്ള എല്ലാ ചേരുവകളും ഒന്നിച്ചു ഇട്ടു ഇളക്കുക. ചേരുവകൾ ഇട്ടതിനു ശേഷം 20-25. സെക്കൻഡിൽ കൂടുതൽ കുക്ക് ചെയ്യരുത്
പിന്നെ റം വിസ്കി ഇവ ഒഴിക്കുന്നത് നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു ഒരു സ്‌മോക്കി ഫ്ലേവറിനും ഇറച്ചി ടെൻഡർ ആക്കാനും അത് സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ലണ്ടൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ 30 പേരിൽ ഒരാൾക്കെന്ന തോതിൽ കോവിഡ് വൈറസ് വ്യാപിച്ചതായി കണക്കുകൾ. രോഗവ്യാപനം അതിതീവ്രമാണെന്ന ലണ്ടൻ മേയർ സാദിഖ് ഖാന്റെ പ്രസ്താവനയ്ക്കൊപ്പമാണു കണക്കുകൾ പുറത്തുവരുന്നത്.
ലണ്ടനിൽ ഗുരുതരമായ സാഹചര്യമാണുള്ളത്. കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നഗരത്തിലെ 30 പേരിൽ ഒരാൾക്കെന്ന കണക്കിൽ കോവിഡ് വ്യാപിച്ചിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ അടിയന്തരമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ നിലവിലെ ആരോഗ്യസംവിധാനങ്ങൾ മതിയാകാതെ വരുകയും കൂടുതൽ പേർ മരിക്കുകയും ചെയ്യുമെന്നാണു മേയർ പറയുന്നത്.
ലണ്ടൻ നിവാസികൾക്ക് കൂടുതൽ സാന്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് സാദിഖ് ഖാൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു കത്തയച്ചിട്ടുണ്ട്. ലണ്ടനിൽ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 27 ശതമാനവും വെൻറിലേറ്ററുകളുടെ ആവശ്യത്തിൽ 42 ശതമാനവും വർധനയുണ്ടായതാണു റിപ്പോർട്ടുകൾ.
യുകെയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശയക്കുഴപ്പംമൂലം പ്രതിഷേധിച്ചു.
അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശത്തിനെതിരെ മലയാളികളായ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. യുകെയില്‍നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
യുകെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ പോയാല്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ആര്‍ടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ 14 ദിവസവും നെഗറ്റീവാണെങ്കില്‍ 7 ദിവസവും നിരീക്ഷണത്തില്‍ പോകണമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കാണ് യുകെയില്‍ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്‍ഹിയില്‍ എത്തിയത്.
അതിവേഗ കോവിഡ് ബാധയെ തുടര്‍ന്ന് ഡിസംബര്‍ 23ന് അര്‍ധരാത്രി നിര്‍ത്തിവച്ച യുകെയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.
ലണ്ടൻ: പുതിയ കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യു.കെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യു.കെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യു.കെയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വൈറസ് വ്യാപന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെ ബ്രിട്ടണിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ്.
കൂടുതൽ രോഗവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യു.കെയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് യു.കെയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവയെല്ലാം അടഞ്ഞുകിടക്കുകയാണ്.
ലണ്ടൻ ∙ കോവിഡ് വ്യാപനം അതിരൂക്ഷമായ ബ്രിട്ടനിൽ മലയാളികളെ ദു:ഖത്തിലാഴ്ത്തി ഒരു മരണംകൂടി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി ജോൺ വർഗീസ് (75) ആണ് മരിച്ചത്. കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാഗമാണ് ബേബിച്ചൻ എന്നറിയപ്പെടുന്ന ജോൺ വർഗീസ്. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മരിയയും കോവിഡ് ബാധിച്ച് ചികിൽസയിലാണ്. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും
ജോൺ വർഗീസിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
യു.കെ. മലയാളികളെ ദുഃഖത്തിലാക്കി നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ് ഒറ്റപ്ലാക്കല്‍ (14) ശവസംസ്‌കാര ചടങ്ങുകള്‍ 8.1.2021 ന് നടത്തപ്പെടും. കുറെ വര്‍ഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന ജൂലിയ കഴിഞ്ഞ രണ്ട് വര്‍ഷമായി അവശനിലയിലാകുകയും ഡിസംബര്‍ 30-ാം തീയതി നമ്മളില്‍നിന്ന് വേര്‍പിരിയുകയാണുണ്ടായത്.
കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കല്‍ വിനോദ് ജേക്കബ് രാജി വിനോദ് ദമ്പതികളുടെ മകളാണ് അന്തരിച്ച ജൂലിയാ വിനോദ്. ദിവ്യ, റോണിയ, സാറ, ഡാലിയ എന്നിവര്‍ സഹോദരങ്ങളാണ്. കേരളത്തില്‍ കോട്ടയം, ചിങ്ങവനം സെന്റ്‌ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളി ഇടവക അംഗമാണ് വിനോദും കുടുംബവും. രാജി വിനോദ് കോട്ടയം കിടങ്ങൂർ കുമ്പുക്കൽ കുടുംബാംഗമാണ്
ജനുവരി 8-ാം തീയതി 11.30 ന് യു.കെ.യിലെ ലെസ്‌റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് ദേവാലയത്തിന്റെ തന്നെ സമീപത്തുള്ള ഗില്‍റോസ് സെമിത്തേരിയില്‍ സംസ്‌കാരം
ക്രമീകരിച്ചിരിക്കുന്നു. കോവിഡ്, ലെസ്‌റ്റര്‍ ടിയര്‍ 4 നിബന്ധനകള്‍ നിലവില്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന മുന്‍കൂട്ടി തയ്യാറാക്കിയ മുപ്പത് പേര്‍ക്ക് മാത്രമേ പള്ളിയിലും ശുശ്രൂഷകളിലും സെമിത്തേരിയിലും പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. മുന്‍കൂട്ടി തയാറാക്കിയ മുപ്പത് പേര്‍ അല്ലാതെ ആരും തന്നെ ദേവാലയത്തിലെ ശുശ്രൂഷകളിലോ സെമിത്തേരിയിലെ ചടങ്ങുകളിലോ എത്തിച്ചേരരുത് എന്ന് കുടുംബാംഗങ്ങള്‍ വ്യസനസമേതം അറിയിക്കുന്നു.
ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്‌നാനായ പത്രത്തിലൂടെ തത്സമയം സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്. തത്സമയം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ
കാണുന്ന ലിങ്ക് ഉപയോഗിക്കുക.
യൂട്യൂബ് ലിങ്ക്
ഫെയ്‌സ്ബുക്ക് ലിങ്ക്
https://www.facebook.com/911082815640098/posts/3655625161185836/?d=n
ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളായ മോണ്‍സിഞ്ഞോര്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍. ശുശ്രൂഷകള്‍ നടക്കുന്ന മദര്‍ ഓഫ് ഗോഡ്, സെന്ററ അല്‍ഫോന്‍സാ സീറോമലബാര്‍ മിഷന്‍ വികാരിയുമായ മോണ്‍സിത്തോര്‍ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍, യു.കെ.യിലെ ജൂലിയയുടെ ഇടവകദേവാലയമായ സെയിന്റ് ജൂഡ് ക്‌നാനായ മിഷന്‍ വികാരി ഫാദര്‍ മാത്യു കണ്ണാലയില്‍ എന്നിവര്‍ നേതൃത്വം കൊടുക്കും.
മൃതസംസ്‌കാര ശുശ്രൂഷകളുടെ ഒരുക്കങ്ങളുമായി സഹകരിക്കുന്ന ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി, മദര്‍ ഓഫ് ഗോഡ് ദേവാലയ കമ്മറ്റി,സെയിന്റ് ജൂഡ് ക്‌നാനായ മിഷന്‍, ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍. ലെസ്‌റ്റര്‍ ക്‌നാനായ വനിതാവേദി (വുമണ്‍സ് ഫോറം), ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവരോടുള്ള നന്ദി വിനോദും കുടുംബവും അറിയിക്കുകയുണ്ടായി.
ലണ്ടന്‍: യുകെയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഫെബ്രുവരി പകുതി വരെ, അണുബാധയുടെ തോത് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ കൊവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇന്നലെ മാത്രം 27,000 പേര്‍ രോഗം ബാധിച്ചേ ആശുപത്രിയിലാണെന്ന് ജോണ്‍സണ്‍ പറഞ്ഞു.
കാര്യങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളനുസരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഫെബ്രുവരി പകുതിയോടെ സ്‌കൂളുകള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 2,713,563 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 75,431 പേര്‍ മരണപ്പെടുകയും ചെയ്തു.
സെബാസ്റ്റ്യൻ സ്കറിയ
എക്സിറ്റർ: കൊറോണ വൈറസ് മാനവരാശിക്ക് സമ്മാനിച്ചത് സമാനതകൾ ഇല്ലാത്ത ആഘാതം തന്നെ. എന്നാൽ ആകാംക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ ജനത്തിന് നല്കി തുടങ്ങിയെന്ന ശുഭവാർത്തയോടെ ലോകം പുതുവർഷത്തെ വരവേറ്റപ്പോൾ എക്സിറ്റർ കേരള കമ്മ്യൂണിറ്റി (ഇ.കെ. സി.) ദുരിതകാലത്ത് തങ്ങളുടെ അംഗങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് അവരുടെ ഒപ്പം സഞ്ചിരിക്കുവാൻ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയോടെയാണ് പുതുവർഷത്തിലേക്ക് കടക്കുന്നത് .
കൊറോണയുടെ ദുരിതങ്ങൾ അംഗങ്ങൾ അനുഭവിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ സംഘടന , എക്സിറ്റർ മലയാളിയുടെ ഒരോ ആവശ്യത്തിലും അവരുടെ കൂടെ നില്ക്കുവാൻ സാധിച്ചു എന്നത് അത്യന്തം സന്തോഷകരമായ കാര്യം തന്നെയാണന്ന് ഇ. കെ. സി. ചെർമാൻ കുര്യൻ ചാക്കോ (ബൈജു) പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് ഉണ്ടായ ആദ്യ ലോക് ഡൗൺ കാലത്ത് പ്രസിഡൻ്റ് രാജേഷ് നായരുടെയും സെക്രട്ടറി ജോമോൻ തോമസിൻ്റെയും ട്രെഷറർ ജിന്നി തോമസിൻ്റെയും നേതൃത്വത്തിൽ അംഗങ്ങൾക്ക് പലചരക്കു സാധനങ്ങളും മരുന്നുകളും മറ്റും കമ്മറ്റി അംഗങ്ങളുടെ സഹായത്തോടെ ആവശ്യമായ അംഗങ്ങളുടെ ഭവനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞത് ഇ കെ സി യെ സംബന്ധിച്ചടത്തോളം ചാരിതാർത്ഥ്യകമായ കാര്യമായിരുന്നു ചെയർമാൻ ഓർമ്മിക്കുന്നു.
ജിസിസി, എ ലെവൽ പരീക്ഷകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് അവരവരുടെ ഭവനങ്ങളിൽ എത്തി അവരെ അഭിനന്ദിക്കുകയും പോത്സാഹന സമ്മാനങ്ങൾ നല്കുകയും ചെയ്തു. സമീക്ഷ സർഗ്ഗവേദിയുടെ സീനിയർ കുട്ടികളുടെ പ്രസംഗ മത്സരത്തിൽ സമ്മാനം നേടിയ കമ്മറ്റിയംഗം കൂടിയായ അമൃത ദിലിപിനെയും കമ്മറ്റി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

കോവിഡിൻ്റെ രണ്ടാം വ്യാപനം എക്സിറ്റർ മലയാളി സമൂഹത്തെ കാര്യമായി തന്നെ ബാധിക്കുമ്പോൾ അവർക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം തുടങ്ങിയവ എത്തിച്ചു നല്കി അവരുടെ കൂടെ തന്നെ സംഘടനയും ഒരോ അംഗങ്ങളും ചേർന്നു നില്ക്കുന്നു എന്നത് വളരെ ആശ്വാസകരമായ കാര്യമായി പ്രസിഡൻ്റ് രാജേഷ് നായർ കാണുന്നു.
ക്രിസ്തുമസ് പുതുവർഷ ആലോഷങ്ങൾ കേവലം സ്വന്തം ഭവനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കുവാൻ അംഗങ്ങൾക്കു വേണ്ടി ക്രിസ്തുമസ് വീട് അലങ്കാരം , കരോൾ ഗാന മത്സരങ്ങൾ സംഘടിപ്പിക്കുവാൻ, ഇ. കെ. സി.യ്ക്ക് സാധിച്ചു.
ക്രിസ്തുമസ്സിനോടനുബന്ധിച്ച് അറുപത്തിയഞ്ചോളം വരുന്ന ഭവനങ്ങളിൽ ക്രിസ്തുമസ് കേക്കുകൾ എത്തിച്ചു നല്കുവാൻ കമ്യൂണിറ്റി അംഗം ഷിബു ജോർജ് വഞ്ചിപുരയുടെ നേതൃത്വത്തിൽ റോയൽ മെയിൽ ജീവനക്കാരുടെ സഹായത്തോടെ ഇ.കെ. സി. യ്ക്കു കഴിഞ്ഞു എന്നത് അംഗങ്ങളുടെ പരസ്പര സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും തെളിവാണന്നും രാജേഷ് ചൂണ്ടി കാട്ടി.
വൈസ് പ്രസിഡൻ്റ് ഷൈനി പോൾ, ജോയ്ൻ്റ് സെക്രട്ടറിമാരായ അമൃതാ ജെയിംസ് രഹനാ പോൾ അടക്കം മറ്റു കമ്മറ്റിയംഗങ്ങളും കൊറോണ ദുരിതത്തിൽ നിന്നു മുക്തമായ ഒരു നല്ല വർഷത്തിൽ കമ്യുണിറ്റിയംഗങ്ങളും ചേർന്നുള്ള ആഘോഷങ്ങൾക്കു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ന്യൂ ഡൽഹി: യുകെയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് എന്ന യുകെ മലയാളികളുടെ സ്വപ്നത്തിനു ചിറകു നൽകിയായിരുന്നു എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കിയിരുന്നു.
എന്നാൽ കൊറോണയുടെ വകഭേദം ഉണ്ട് എന്ന വാർത്തക്ക് പിന്നാലെ പല രാജ്യങ്ങളും യുകെയിലേക്കുള്ള ഫ്ലൈറ്റ് നിർത്തലാക്കിയിരുന്നു. അതിൽ എയർ ഇന്ത്യയും ഉണ്ടായിരുന്നു. ഡിസംബർ 30 തിയതിയിലെ അറിയിപ്പ് പ്രകാരം, 2021 ജനുവരി 30 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി എന്ന മാധ്യമ വാർത്തകൾക്ക് ശേഷമാണ് അത് തിരുത്തി ജനുവരി എട്ടാം തിയതി മുതൽ വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യം വ്യോമയാന മന്ത്രി തന്നെ ഇന്ന് ട്വിറ്ററിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ യുകെ മലയാളികൾക്കുള്ള ഇരുട്ടടിയായി മാറിയ പുതിയ തീരുമാനത്തിൽ കൊച്ചിയെ ഒഴുവാക്കിയിരിക്കുകയാണ്. നാനാവിധ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർ ഇനി മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദ്രബാദ് എന്നി നഗരങ്ങളിൽ എത്തി ആഭ്യന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതിയിലായി. ഇപ്പോഴത്തെ തീരുമാനം അനുസരിച്ചു ജനവരി 23 വരെയാണ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നത്. ആഴ്ചയിൽ 15 സർവീസുകൾ മാത്രം ആണ് നടത്തുക. ദിവസങ്ങൾ ഏതെന്ന് വ്യക്തമല്ല. 23 ന് ശേഷം കൊച്ചിക്ക് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്. രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്ന ബാംഗ്ലൂരിലേക്ക് ഇപ്പോൾ സർവീസ് ഉള്ളതും കൊച്ചിക്ക് ഇല്ല എന്നതും ഒരു വിരോധാഭാസമായി.
നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വാസമാണ് കേരളത്തിലേക്കുള്ള യാത്രക്കാർക്കു നൽകിയിരുന്നത്. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമായി. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിരുന്നു .
കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമായിരുന്നു.
[ot-video]
It has been decided that flights between India & UK will resume from 8 Jan 2021.
Operations till 23 Jan will be restricted to 15 flights per week each for carriers of the two countries to & from Delhi, Mumbai, Bengaluru & Hyderabad only. @DGCAIndia will issue the details shortly— Hardeep Singh Puri (@HardeepSPuri) January 1, 2021
[/ot-video]
കാർഡിഫിൽ താമസിക്കുന്ന ബിനു കുര്യാക്കോസിൻെറ വത്സല മാതാവ് മേരി കുര്യാക്കോസ് (75 ) നിര്യാതയായി. പരേത കിടങ്ങൂർ പാരിപ്പള്ളിൽ ( പറമ്പേട്ട് ) ബേബി യുടെ ഭാര്യയാണ്. മേരി കുര്യാക്കോസ് മോനിപ്പള്ളിൽ മുളക്കൽ കുടുംബാംഗമാണ്.
മക്കൾ : ബ്ലെസ്സി തങ്കച്ചൻ (കാർഡിഫ്), ബീന തങ്കച്ചൻ, ബിനു കുര്യാക്കോസ് (കാർഡിഫ്) മരുമക്കൾ : തങ്കച്ചൻ തയ്യിൽ കൂടലൂര് (കാർഡിഫ്), തങ്കച്ചൻ പുല്ലാട്ടുകുന്നേൽ ചെമ്പിളാവ്, ലിയ വിശാഖംതറ കുമരകം (കാർഡിഫ്)
ബിനു കുര്യാക്കോസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.