ഷൈമോൻ തോട്ടുങ്കൽ
നോർവിച്ച് . ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങളിലും കോവിഡിന്റെ ആശങ്കകളിലും കഴിയുന്ന മലയാളി മനസുകൾക്ക് സ്വാന്ത്വനത്തിന്റെ കുളിർ തെന്നലുമായി ഒരു ആശ്വാസ ഗീതം പിറവിയെടുത്തിരിക്കുന്നു . പ്രവാസി ജീവിത കാലത്തും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയും വ്യത്യസ്തമായ പ്രവർത്തനങ്ങളാലും ശ്രദ്ദേയനായ ക്നാനായ യാക്കോബായ സഭയിലെ വൈദീകനും നോർവിച്ചിൽ താമസിച്ചു വരുന്നതുമായ ഫാദർ ജോമോൻ പുന്നൂസ് രചിച്ചു ഈണം പകർന്ന് ജെയ്സൺ പന്തപ്ലാക്കൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും പുതിയ ക്രിസ്ത്യൻ ഡിവോഷണൽ ഗാനം ഇന്ന് റിലീസ് ചെയ്യുന്നു .
പൗരോഹിത്യത്തിന്റെ തിരക്കിലും തനിക്കു ദാനമായി ലഭിച്ച സംഗീതം കളയാതെ സൂക്ഷിക്കുകയും ആത്മ്മീയ പരിപാടികളിലും അതുപോലെ തന്നെ മലയാളി സദസ്സുകളിലും ചിരപരിചിതനാണ് ഫാ . ജോമോൻ . നോര്വിച് മലയാളി അസോസിയേഷൻ സജീവ അംഗവും മുൻപ്രസിഡന്റും ബിസിനസ് സാരംഭകനുമാണ് ജെയ്സൺ പന്തപ്ലാക്കൽ .ഫാദർ ജോമോൻ പുന്നൂസ് അച്ചന്റെ അഞ്ചാമത്തെ ഗാനമായ യേശുവേ നീ നിറയേണമേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ലോകത്തു പുത്തൻ വാഗ്ദാനമായ ശ്രെയ അന്ന ജോസഫ് ആണ് .ഈ ഗാനം നിങ്ങളെ ആത്മീയതയുടെ പുത്തൻ തലങ്ങളിലേക്ക് ഉയർത്തും എന്ന് നിസംശയം പറയാം , പാട്ടു കേൾക്കുവാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
സ്വന്തം ലേഖകൻ
ലണ്ടൻ : ഗാർഹിക പീഡന ബില്ലിൽ ഭേദഗതി വരുത്താൻ സമ്മതിച്ച് എംപിമാർ. “പരുക്കൻ ലൈംഗിക പ്രതിരോധം” (rough sex defence ) ഇനി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും നിരോധിക്കും. ലൈംഗിക പങ്കാളിയെ കൊലപ്പെടുത്തുകയോ അക്രമാസക്തമായി പരിക്കേൽപ്പിക്കുകയോ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ചില പ്രതികൾ കോടതിയിൽ പരുക്കൻ ലൈംഗിക പ്രതിരോധം (50 ഷേഡ്സ് ഡിഫെൻസ് എന്നും അറിയപ്പെടുന്നു) ഉപയോഗിക്കുന്നു. മരണമോ പരിക്കോ സമ്മതത്തോടെയുള്ള ലൈംഗികതയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെടുന്നു. ഇതിനെയാണ് പുതിയ ഭേദഗതിയിലൂടെ എടുത്തുമാറ്റിയത്. ലൈംഗികപരമായി ദുരുപയോഗം ചെയ്യപ്പെടുന്നവർക്ക് അഭയം നൽകുന്നതിനായി വിശാലമായ നിയമനിർമ്മാണം നടത്താൻ ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് ബാധ്യതയുണ്ടാക്കും. പ്രചാരണക്കാർ ഇതിനെ സ്വാഗതം ചെയ്തെങ്കിലും കുടിയേറ്റ സ്ത്രീകളെപ്പോലുള്ളവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചിലർ പറഞ്ഞു.
ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾക്കൊള്ളുന്ന ബിൽ കോമൺസിൽ അവസാന ഘട്ടം പാസാക്കി. ഇനി ഇത് ഹൗസ് ഓഫ് ലോർഡ്‌സിൽ ചർച്ചയ്ക്കായി നീങ്ങും. കഴിഞ്ഞ വർഷം ജൂലൈയിൽ തെരേസ മേയുടെ സർക്കാർ ക്രോസ്-പാർട്ടി പിന്തുണയോടെയാണ് ഇത് അവതരിപ്പിച്ചതെങ്കിലും ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പ് കാരണം പാസാകാൻ കാലതാമസം നേരിട്ടു. ഗാർഹിക പീഡനത്തിന്റെ ഫലങ്ങൾ കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കുട്ടികളെ നിയമപ്രകാരം ഇരകളായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. റഫ് സെക്സ് ഡിഫെൻസ് എന്നതിന്റെ ഉപയോഗം സമീപകാലത്തെ ഏറ്റവും ചടുലവും വേദനാജനകവുമായ സംഭവവികാസങ്ങളിലൊന്നാണ് കോമൺസിൽ സംസാരിച്ച ഹോം ഓഫീസ് മിനിസ്റ്റർ വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്സ്, 2016 ൽ കൊല്ലപ്പെട്ട നതാലി കൊനോലിയെ അനുസ്മരിച്ചു. 40ഓളം പരുക്കുകളാൽ ആണ് 26കാരിയായ നതാലി കൊല്ലപ്പെട്ടത്. ലൈംഗിക പങ്കാളിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും സമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തിയ്ക്കിടെയാണ് പരിക്കേറ്റതെന്ന് പറഞ്ഞ് കൊലപാതകകേസ് ഒഴിവാക്കുകയായിരുന്നു. ലൈംഗിക വേളയിൽ ഒരാളെ കൊലപ്പെടുത്തുന്നവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ ആഗ്രഹിക്കുന്ന കാമ്പെയ്ൻ ഗ്രൂപ്പ്, ഈ ഭേദഗതിയെ തങ്ങളുടെ വിജയമായി കണക്കാക്കി.
കഴിഞ്ഞ ഒരു ദശകത്തിനിടെ യുകെയിൽ 60 സ്ത്രീകളെ പുരുഷന്മാർ കൊലപ്പെടുത്തിയതായി പ്രചാരകർ വാദിച്ചു. സ്ത്രീകൾ അക്രമത്തിന് സമ്മതിക്കുന്നുവെന്ന് അവർ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ ഈ കേസുകളിൽ 45 ശതമാനവും വളരെ കുറഞ്ഞ ശിക്ഷകളാണ് നേരിട്ടത്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബിബിസി ത്രീ 2020 ൽ ഇതുവരെ നാല് കേസുകൾ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 കേസുകൾ. സെന്റർ ഫോർ വിമൻസ് ജസ്റ്റിസ് ഡയറക്ടർ ഹാരിയറ്റ് വിസ്ട്രിച്ച് ബില്ലിനെ നിയമനിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ഗാർഹിക പീഡനത്തിന് ഇരയായവർക്കുള്ള സംരക്ഷണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ സർക്കാർ മുന്നോട്ടുകൊണ്ടുവരണമെന്നും അവർ വാദിച്ചു.
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ രൂപതയിലെ മത പഠന ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ പതിനാറ് കുട്ടികൾ പ്രഥമസ്ഥാനം നേടി. എയ്ജ് ഗ്രൂപ്പ് 8 – 10 ൽ ഒരു കുട്ടിയും എയ്ജ് ഗ്രൂപ്പ് 11 -13 ൽ പതിനൊന്നു കുട്ടികളും എയ്ജ് ഗ്രൂപ്പ് 14 -17 ൽ നാല് കുട്ടികളും ഏറ്റവും കൂടുതൽ മാർക്കുകൾ നേടി മുൻനിരയിൽ എത്തി. രണ്ടാം റൗണ്ട് മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഈ ശനിയാഴ്ച നടത്തും. നാല് ആഴ്ചകളിലായി നടത്തുന്ന രണ്ടാം റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിന് ശേഷം അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അൻപതുശതമാനം കുട്ടികൾ മൂന്നാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടും. വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കായി നടത്തുന്ന ഈ ഓൺലൈൻ മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു . കുട്ടികൾ കൂടുതലായി ബൈബിൾ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് കുട്ടികൾക്കായി ഈ മത്സരങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . സുവാറ ബൈബിൾ ക്വിസിന്റെ ഫൈനൽ മത്സരം ഓഗസ്റ്റ് 29 ന് ആണ് നടത്തുക. മത്സരങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ അറിയുവാനും ഓരോ എയ്ജ് ഗ്രൂപ്പുകൾക്കുമുള്ള പഠന ഭാഗങ്ങൾ അറിയുവാനും കൂടുതൽ വിവരങ്ങൾക്കുമായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ് സന്ദർശിക്കുകയോ ബൈബിൾ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഓൺലൈൻ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
സ്വന്തം ലേഖകൻ
ലണ്ടൻ : ക്രിസ്പ്റ്റോകറൻസി വിപണനത്തിലും ഉപയോഗത്തിലും ഗണ്യമായ വർദ്ധനവെന്ന് ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി യുകെയുടെ കണ്ടെത്തൽ . യുകെയിൽ താമസിക്കുന്ന 26 ലക്ഷം ആളുകൾ ഇതിനോടകം പലതരം ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതായി എഫ് സി എ നടത്തിയ സർവേയിലൂടെ വ്യക്തമാകുന്നു. യുകെയിലെ ധനകാര്യ സേവന വ്യവസായത്തെ നിയന്ത്രിക്കുന്ന ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( എഫ് സി എ ) കഴിഞ്ഞയാഴ്ച്ച “ ക്രിപ്‌റ്റോ അസറ്റ് കൺസ്യൂമർ റിസർച്ച് 2020 ” എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു .
ജനസംഖ്യയുടെ 5.35% പേർ നിലവിൽ പലതരം ക്രിപ്‌റ്റോകറൻസികൾ കൈവശം വയ്ക്കുന്നുണ്ടെന്ന് അവർ കണക്കാക്കി . ക്രിപ്റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നവർ 15 ലക്ഷത്തിൽ നിന്നും 26 ലക്ഷം ആയി ഉയർന്നുവെന്നും പഠനത്തിൽ പറയുന്നു . അതോടൊപ്പം ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് മനസ്സിലാക്കിയവരുടെ എണ്ണം 42 ശതമാനത്തിൽ നിന്ന് 73 ശതമാനമായി കൂടിയെന്നും കണ്ടെത്തി.
75 ശതമാനം ആളുകളും ചുരുങ്ങിയത് 1000 പൗണ്ടിന്റെ എങ്കിലും ക്രിപ്റ്റോ കറൻസികൾ സൂക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു . നല്ലൊരു സാമ്പത്തിക വളർച്ച മുന്നിൽ കണ്ട് നടത്തുന്ന നിക്ഷേപമായും , ദൈനം ദിന ചിലവുകളിൽ നിന്നും ലാഭം നേടുവാനുള്ള മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ സമൂഹം വിലയിരുത്തുന്നു . ഇത് പൊതു സമൂഹത്തിനിടയിൽ ക്രിപ്റ്റോ കറൻസികളുടെ സ്വീകാര്യത കൂടി വരുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു.
സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ബിറ്റ്‌കോയിൻ അടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും ഉടമകൾ ആണെന്നും കണ്ടെത്തി . ക്രിപ്‌റ്റോ ഉടമകളിൽ 77% പേർക്കും മൂന്നോ അതിലധികമോ ക്രിപ്‌റ്റോകറൻസികൾ ഉണ്ടെന്നും തിരിച്ചറിഞ്ഞു. ഓൺലൈൻ എക്സ്ചേഞ്ചിലൂടെയാണ് ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതെന്ന് 77% പേരും വെളിപ്പെടുത്തി . 2020 ലെ ബജറ്റിൽ, “ചില ക്രിപ്റ്റോ അസറ്റുകളെ ഫിനാൻഷ്യൽ പ്രമോഷൻ റെഗുലേഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാൻ ” പദ്ധതിയിടുന്നതായി യുകെ സർക്കാർ പ്രഖ്യാപിച്ചിരുന്നു . കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് കൈവശം വയ്ക്കാവുന്ന പണത്തേക്കാൾ ഉപരി ക്രിപ്റ്റോകറൻസികൾക്ക് ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്.
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഓൺലൈനിലും , നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.
സ്വന്തം ലേഖകൻ
ലിവർപൂൾ : ലിവർപൂൾ സ്വദേശിനിയായ എയർ ഹോസ്റ്റസ് ദുബായിൽ അറസ്റ്റിലായി. 23 കാരിയായ ഡെറിൻ ക്രോഫോർഡിന്റെ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് 2 കഞ്ചാവ് പൊതികൾ കണ്ടെടുത്തതിനെ തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഡെറിനെ ദുബായ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 11 വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ഡെറിൻ എമിറേറ്റ്‌സിൽ സ്വപ്ന ജോലി നേടിയ ശേഷം 2018 സെപ്റ്റംബറിലാണ് ദുബായിലേക്ക് മാറിയത്. “അവൾ നിരപരാധിയാണ്. പോലീസ് അവളെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണ്. പക്ഷേ അവൾക്ക് ആ വ്യക്തിയെ പോലും അറിയില്ല.” സഹോദരിയായ ഡാനിയേൽ പറഞ്ഞു.
“അറസ്റ്റിലായപ്പോൾ പോലീസ് അവളുടെ ഫോൺ എടുത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ജയിലിലേക്ക് മാറ്റപ്പെടുമ്പോൾ അവൾക്ക് എന്നെ വിളിക്കാൻ കഴിഞ്ഞു. അവൾ കരയുകയായിരുന്നു. അതിനാൽ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവൾ അങ്ങനെ ചെയ്തിട്ടില്ല” ഡാനിയേൽ കൂട്ടിച്ചേർത്തു. ഡെറിൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന വ്യക്തിയല്ലെന്നും എമിറേറ്റ്‌സിൽ നല്ലതുപോലെ ജോലി ചെയ്തുവരികയാണെന്നും സഹോദരി വെളിപ്പെടുത്തി. മയക്കുമരുന്നിന് ടെസ്റ്റ് നെഗറ്റീവ് ആയാൽ ഡെറിനെ മോചിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത്. വ്യാഴാഴ്ച ടെസ്റ്റ് വിജയിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും തടവിലാണ്.
“നിലവിൽ യുഎഇ ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് യുവതിയെ ഞങ്ങൾ പിന്തുണയ്ക്കുന്നു. പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ഞങ്ങൾ അവളെ കാണാൻ ശ്രമിക്കും.” വിദേശകാര്യ വക്താവ് അറിയിച്ചു. ഡെറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ 1400 പേർ ഒപ്പിട്ടിട്ടുണ്ട്.
ഷിബു മാത്യൂ.
ആത്മധൈര്യം ഒട്ടും കൈവിടാതെ നൂറാം വയസ്സില്‍ സ്വന്തം ഗാര്‍ഡനില്‍ 100 ലാപ് നടന്ന് മുപ്പത്തിരണ്ട് മില്യന്‍ പൗണ്ട് സമാഹരിച്ച് NHS ന് നല്‍കിയ ക്യാപ്റ്റന്‍ ടോം മൂറിന്റെ ഛായാചിത്രം ക്യാന്‍വാസില്‍ വരച്ച് മലയാളിയായ ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ് NHSന് സമര്‍പ്പിച്ചു. യുകെയിലെ യോര്‍ക്ഷയറിലെ പ്രമുഖ ഹോസ്പിറ്റലായ Airedale NHS ഹോസ്പിറ്റലിന്റെ ഗാലറിയിലാണ് ഫെര്‍ണാണ്ടെസ് വരച്ച ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ ആന്റ് കമ്മ്യൂണിറ്റി ചാരിറ്റിയുടെ ട്വിറ്ററിലുള്ള ഫെര്‍ണാണ്ടെസ് വരച്ച ചിത്രത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഇതേ ഹോസ്പിറ്റലിലെ സ്റ്റെറൈല്‍ സര്‍വ്വീസസിലാണ് ഫെര്‍ണാണ്ടെസ് സേവനമനുഷ്ഠിക്കുന്നത്.
72 വയസ്സ് തികഞ്ഞ NHS ന്റെ ചരിത്രത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2020. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 നെ ചെറുത്തു തോല്പിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയ NHS ജോലിക്കാര്‍ക്ക് പിന്‍തുണയുമായി കീത്തിലിക്കാരനായ 100 വയസ്സ് തികഞ്ഞ ക്യാപ്റ്റന്‍ ടോം മൂര്‍ മുന്നോട്ടു വന്നത് NHS ജോലിക്കാര്‍ക്ക് വലിയ പ്രചോദനമേകിയിരുന്നു. ചാള്‍സ് രാജകുമാരന്‍, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയ രാജ്യത്തിന്റെ പ്രമുഖരും കോവിഡിനെ അതിജീവിച്ചതും NHS സ്റ്റാഫിന്റെ കര്‍മ്മോത്മുഖമായ പരിചരണം കൊണ്ടു മാത്രമാണ്. യുകെയിലെ പ്രവാസി മലയാളികളില്‍ ഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ NHS നോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്യാപ്റ്റന്‍ ടോം മൂര്‍ NHS ന് വളരെ പ്രിയപ്പെട്ടതാണ്. ഫെര്‍ണാണ്ടെസ് വരച്ച ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രത്തിനെ വലിയ പരിഗണയോടെയാണ് NHS കാണുന്നത് എന്നത് ഇതിന്റെ സൂചനയാണ്.
രണ്ടടി ചതുരത്തിലുള്ള ക്യാന്‍വാസില്‍ അക്രലിക് പെയിന്റിലാണ് ഫെര്‍ണാണ്ടെസ് ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഏകദേശം രണ്ടാഴ്ച സമയമെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍. ക്യാപ്റ്റന്‍ ടോം മൂര്‍ തന്റെ നൂറാം വയസ്സിലും NHS ന് നല്‍കിയ പ്രചോദനത്തെ ചെറുതായി കാണുവാന്‍ സാധിക്കില്ല. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമാണ് ഈ ചിത്രം വരയ്ക്കാന്‍ പ്രചോദനമായതെന്ന് ഫെര്‍ണാണ്ടെസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പാണ് ഫെര്‍ണ്ണാണ്ടെസിന്റെ ജന്മദേശം. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യോര്‍ക്ഷയറിലെ കീത്തിലിയില്‍ കുടുംബസമേതം താമസിക്കുന്ന ഫെര്‍ണാണ്ടെസ് കീത്തിലി മലയാളി അസ്സോസിയേഷനിലെ അംഗമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ കലാമേളകളിലും നിരവധി നമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ സജ്ജീവ സാന്നിദ്ധ്യമാണ്.
ഫെര്‍ണാണ്ടെസ് വരച്ച ചില ചിത്രങ്ങള്‍…
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 പ്രതിസന്ധിയിലേൽപിച്ച വാണിജ്യമേഖലയെ കരകയറ്റാനുറച്ച് ചാൻസലർ റിഷി സുനക്. ബ്രിട്ടനിലെ എല്ലാ മുതിർന്നവർക്കും 500 പൗണ്ട് വിലമതിക്കുന്ന വൗച്ചറുകൾ നൽകാൻ സുനക് പദ്ധതിയിടുന്നു. കൊറോണ വൈറസ് മങ്ങലേല്പിച്ച സമൂഹത്തിന്റെ വിവിധ മേഖലകളിൽ ചെലവഴിക്കാൻ എല്ലാ മുതിർന്നവർക്കും 500 പൗണ്ടും കുട്ടികൾക്ക് 250 പൗണ്ടും വീതമുള്ള വൗച്ചറുകൾ നൽകാനുള്ള പദ്ധതികൾ ട്രഷറിയുടെ പരിഗണനയിലാണ്. ഈ പദ്ധതിയിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലാണ് പ്രഥമമായ ലക്ഷ്യം. ചൈന, തായ്‌വാൻ, മാൾട്ട എന്നിവിടങ്ങളിൽ ഇതിനകം ഈ പദ്ധതി നടപ്പാക്കി വിജയിച്ചിട്ടുണ്ട്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, സാംസ്കാരിക, കായിക, ടൂറിസ്റ്റ് വേദികൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്നതിനായി മൊത്തം 500 മില്യൺ യുവാൻ വിലവരുന്ന വൗച്ചറുകൾ ഈ ഏപ്രിലിൽ നൽകിയിരുന്നു.
ഒരു താൽക്കാലിക വാറ്റ് വെട്ടിക്കുറവിനേക്കാൾ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിതെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറഞ്ഞു. ചില്ലറ വില്പനകളെയും ടൂറിസത്തെയും സഹായിക്കാൻ 30 ബില്യൺ പൗണ്ട് വൗച്ചറുകൾ കൈമാറണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ റിഷി സുനാക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു നയം ഹൈ സ്ട്രീറ്റിലെ ആവശ്യം വർദ്ധിപ്പിക്കുമെന്നും സ്ഥാപനങ്ങളെയും തൊഴിലാളികളെയും സഹായിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. “ഈ മേഖലകൾക്കുള്ള വൗച്ചർ ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള ബിസിനസ്സുകളെ പിന്തുണയ്ക്കും.” റെസല്യൂഷന്റെ ജെയിംസ് സ്മിത്ത് പറഞ്ഞു. കോവിഡിൽ നിന്ന് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നത് ലക്ഷ്യമിട്ടുള്ള നയങ്ങളുടെ രൂപരേഖ ചാൻസലർ തയ്യാറാക്കിയിട്ടുണ്ട്.
വൗച്ചറുകൾ അല്ലെങ്കിൽ സ്മാർട്ട് കാർഡുകൾ വഴി പണം അനുവദിക്കാം. കൂടാതെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാം. പണം ചെലവഴിക്കുന്നതിന് ഒരു വർഷത്തെ സമയപരിധി ഉണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏപ്രിലിൽ 90 ശതമാനത്തിലധികം ഇടിഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമം നിലനിൽക്കുന്നത് പല മേഖലകളെയും മോശമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
ജോൺസൻ കളപ്പുരയ്‌ക്കൽ
ലണ്ടൻ : കഴിഞ്ഞ 11 വർഷങ്ങളായി യുകെയിലെ കുട്ടനാട്ടുകാർ യുകെയുടെ വിവിധ നഗരങ്ങളിൽ വർണാഭമായി നടത്തിയിരുന്ന കുട്ടനാട് സംഗമം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വച്ചിരുന്നു . എങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന പോലെ കഴിഞ്ഞ ശനിയാഴ്ച ( 27 – 6 – 2020 ) പകൽ 11 മണി മുതൽ രണ്ട് മണിവരെ വീഡിയോ കോൺഫ്രൻസിലൂടെ നടത്തപ്പെട്ടു. എടത്വാ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു.
മുന്ന് മണിക്കൂറോളം നടന്ന ഓൺലൈൻ കൂട്ടായ്മയിൽ യുകെയിലെ മുപ്പതോളം കുടുംബങ്ങളിൽ നിന്നുള്ള കുട്ടനാട്ടുകാർ പങ്കെടുത്തു . ഈ വർഷത്തെ കുട്ടനാട് സംഗമത്തിന്റെ കൺവീനറായ ശ്രീ : സോണി പുതുക്കരി അധ്യക്ഷത വഹിച്ച ഓൺലൈൻ സംഗമം സാധാരണ നടക്കാറുള്ള കുട്ടനാട് സംഗമത്തിന്റെ മട്ടിലും ഭാവത്തിലും തന്നെ നടത്തപ്പെട്ടു . വഞ്ചിപ്പാട്ടും , കൊയ്ത്തുപാട്ടും , ആർപ്പ് വിളികളും , പൊതു ചർച്ചകളും , ആശംസകളുമായി ഓൺലൈനിൽ ഒന്നിച്ച് കൂടിയ യുകെയിലെ കുട്ടനാട്ടുകാർ ഈ കോവിഡ് കാലഘട്ടത്തിലും ഒരു കുട്ടനാടൻ സംഗമത്തിൽ പങ്കെടുത്ത സന്തോഷത്തോടെയാണ് പിരിഞ്ഞു പോയത്.
മലയാള ചലച്ചിത്ര പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയുടെ മകളായ വൈഗ പ്രശാന്തിന്റെ ഈശ്വര പ്രാർത്ഥനയോട് കൂടി യോഗം ആരംഭിച്ചു . ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമ കമ്മറ്റി അംഗമായ ശ്രീ ജയേഷ് കുമാർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും , അതിഥികൾക്കും സ്വാഗതം നേർന്നു . കമ്മിറ്റി അംഗം ശ്രീ : തോമസ് ചാക്കോ ഓണലൈൻ കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാവർക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മീറ്റിങ്ങിനെ മോഡറേറ്റ് ചെയ്തു . പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായ ശ്രീ : സോണി പുതുക്കരി അധ്യക്ഷ പ്രസംഗം നടത്തി .
തുടർന്ന് എടത്വാ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. മഹാപ്രളയ കാലത്ത് യുകെയിലെ കുട്ടനാട് സംഗമ അംഗങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും , തുടർന്നും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ തുടരണമെന്നും ഡോ : ജോച്ചൻ ജോസഫ് പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
കുട്ടനാടിന്റെ അനുഗ്രഹീത ഗായകരായ പ്രശാന്ത് പുതുക്കരി , അനു ചന്ദ്ര , അനുമോൾ തോമസ് , അന്ന ജിമ്മി , ആൽബിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് കുട്ടനാടൻ ഓർമ്മകൾ ഉണർത്തുന്ന മനോഹര ഗാനങ്ങളുമായി തൽസമയം എത്തി ചേർന്നു. പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെപ്പറ്റി ശ്രീ : ജോൺസൻ കളപ്പുരയ്ക്കൽ സംസാരിച്ചു
ജിമ്മി മൂലം കുന്നം , സിജിമോൻ ജോസ് , ജോർജ്ജ് കുട്ടി തോട്ടുകടവിൽ , സുബിൻ പെരുമ്പള്ളി , റോയി മൂലം കുന്നം , ജോസഫ് വർഗീസ് , സജീഷ് കുഞ്ചെറിയ , രാജു പുതുക്കരി , സിന്നി ജേക്കബ് , ജോർജ്ജ് കുട്ടി കളപ്പുരക്കൽ , ആന്റണി പുറവടി , ജോസ് ഒഡേറ്റിൽ , റാണി ജോസ് , വിനോദ് , ജെസ്സി വിനോദ് , ബീന ബിജു , ഷാജി സ്‌കറിയ , ജോ ഐപ്പ് , മോൻ വാണിയപുരയ്ക്കൽ , ജേശുദാസ് തോട്ടുങ്കൽ , റോയി കുട്ടനാട് , ജേക്കബ് കോയിപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
ഈ കോവിഡ് കാലഘട്ടത്തിലും ഓൺലൈനിലൂടെ ഒത്തു ചേർന്ന എല്ലാ കുട്ടനാട്ടുകാർക്കും ശ്രീ : ഷൈമോൻ തോട്ടുങ്കൽ , ശ്രീ : ജെഗി ജോസഫ് തുടങ്ങിയവർ ആശംസകളും , അഭിനന്ദങ്ങളും നേർന്നു.
വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന കുട്ടനാടിന് കുടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി , പഠന സഹായത്തിനായി ടിവി വാങ്ങി നൽകുന്നത് ഉൾപ്പെടെയുള്ള സഹായ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമം തീരുമാനമെടുത്തു . എത്രയും പെട്ടെന്ന് തന്നെ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം കുട്ടനാട് സംഗമത്തിന്റെ പേരിൽ നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും കമ്മറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടു .
ഉടൻ തന്നെ അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഈ പ്രാവശ്യത്തെ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഈ വർഷം നൽകിയ എല്ലാ സഹകരണത്തിനും വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്ത ഓരോരുത്തർക്കും കമ്മറ്റി അംഗം ശ്രീ : സോജി തോമസ് ജോസ് നന്ദി അർപ്പിച്ചു.
കോവിഡ് പ്രതിസന്ധി ഇല്ലാത്ത ഒരു നല്ല നാളെ ഉണ്ടാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു . വരുന്ന വർഷം ജൂണിലെ അവസാനത്തെ ശനിയാഴ്ച ഇതേ ഭാരവാഹികളുടെ നേതൃത്വത്തിൽ പതിമൂന്നാമത് കുട്ടനാട് സംഗമം ഉജ്ജ്വല വിജയമാക്കി മാറ്റുവാൻ പരിശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടനാട് സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് ഉദാരമായി സംഭാവന നൽകണമെന്നും , യുകെയിലെ കുട്ടനാടൻ മക്കളുടെ സമ്പൂർണ്ണ സംഗമ വേദിയാക്കി അടുത്ത വർഷത്തെ കുട്ടനാട് സംഗമത്തെ മാറ്റണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
2020 ജൂലൈ 5 – ന് ബ്രിട്ടനിൽ എൻഎച്ച് എസ് സ്ഥാപിച്ചിട്ട് 72 വർഷം തികയുന്നു. രാജ്യമെങ്ങും വ്യാപകമായ ആഘോഷങ്ങളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. എൻ എച്ച് എസ് സ്ഥാപിക ദിനത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് . കാരണം എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2020 . ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 ന്റെ ചെറുത്തു തോൽപ്പിക്കാൻ യുകെയിൽ മുന്നിൽ നിന്നത് എൻഎച്ച് എസ് ജീവനക്കാരാണ്. കുറെ മാസങ്ങളായി മറ്റുള്ള രോഗികൾക്കൊപ്പം ഒരു ലക്ഷത്തോളം വരുന്ന കോവിഡ് രോഗികളെ പരിചരിക്കുന്നതിലും സുഖപ്പെടുത്തുന്നതിലും എൻഎച്ച് എസ് സ്തുത്യർഹമായ സേവനമാണ് നടത്തിയത് .
ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് കോവിഡ് – 19 നെ അതിജീവിക്കാനായത് എൻഎച്ച്എസിന്റെ നേട്ടമാണ് . എൻഎച്ച്എസിലെ ജോലിക്കാർക്കൊപ്പം വിരമിച്ച ആയിരക്കണക്കിന് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സന്തോഷത്തോടെ സഹകരിച്ചിരുന്നു.
രാജ്യമൊട്ടാകെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്നലെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ജീവനക്കാരോടുള്ള ആദരസൂചകമായി എൻഎച്ച്എസിനെ ഓർമിപ്പിക്കുന്ന നീല വിളക്കുകൾ തെളിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എൻ എച്ച് എസ് ജീവനക്കാരെ കാണും. മഹാമാരിയെ നേരിടാൻ രാജ്യത്ത് നിസ്വാർത്ഥമായി ഊണും ഉറക്കവുമില്ലാതെ സേവനം നൽകിയ എൻ എച്ച് എസ് ജീവനക്കാർക്ക് വേണ്ടി കൈയ്യടിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
1948 – ജൂലൈ 5 ന് മാഞ്ചസ്റ്ററിലെ പാർക്ക് ഹോസ്പിറ്റലിലാണ് എൻഎച്ച്എസ് ആരംഭിച്ചത് അതിനുശേഷം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി വിവിധ ആശുപത്രികളിലായി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ എൻഎച്ച് എസ് എന്നും രാജ്യത്തിന് അഭിമാനമായിരുന്നു.
യുകെയിലെ പ്രവാസി മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാകയാൽ എൻഎച്ച്എസിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യമെങ്ങും എൻഎച്ച്എസിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ യുകെ മലയാളികൾക്കും അഭിമാനിക്കാം. എൻഎച്ച്എസിൽ ജോലിചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും മലയാളം യുകെയുടെ സ്നേഹാഭിവാദ്യങ്ങൾ.
സ്വന്തം ലേഖകൻ
കർശനമായും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയോടെ ബ്രിട്ടണിൽ പബ്ബുകൾ റസ്റ്റോറന്റ്കൾ, സിനിമ തീയറ്ററുകൾ, ഫാഷൻ സലൂണുകൾ, തീം പാർക്കുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ലോക്ക് ഡൗൺ ഉയർത്തിയെങ്കിലും ജനങ്ങൾ പൂർണമായും സുരക്ഷിതരല്ല എന്ന ഓർമ്മ ഉണ്ടാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് 70 ശതമാനത്തോളം വരുന്ന പബ്ബുകൾ ആദ്യദിനം തന്നെ തുറന്നിരുന്നു, ശേഷിക്കുന്നവ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം തുറന്നു പ്രവർത്തിക്കും. സൂപ്പർ സാറ്റർഡേ എന്നു വിശേഷിപ്പിക്കപ്പെട്ട ശനിയാഴ്ച ജനങ്ങൾ വൈറസ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയ്ക്കായി തിരി തെളിച്ചു.ഡൗണിങ് സ്ട്രീറ്റ് നീലനിറത്തിൽ തിളങ്ങിയപ്പോൾ, മറ്റ് കെട്ടിടങ്ങളും സന്തോഷ പ്രകടനത്തിന്റെ ഭാഗമായി പ്രകാശമുഖരിതമായി. സ് കോട്ട്‌ലൻഡിലും വെയിൽസിലും ഇപ്പോഴും ലോക്ക്ഡൗൺ തുടരുകയാണ്.
അതേസമയം വളരെ നാളുകളായി അടച്ചിട്ട മുറികളിൽ വീർപ്പുമുട്ടിയ യുവതലമുറയാകട്ടെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തെരുവിലേക്ക് ഇറങ്ങിയത് നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴി വച്ചു. നോട്ടിങ്ഹാംഷെയറിൽ പബ്ബിൽ ആഘോഷിക്കാൻ എത്തിയവർ പരസ്പരം അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് നാലു പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശ്നം ഉണ്ടായ ഉടൻ തന്നെ പോലീസ് രംഗത്തെത്തി അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു മാറ്റുകയാണ് ഉണ്ടായത്, അതേത്തുടർന്ന് പബ്ബുകൾ നേരത്തെതന്നെ അടച്ചുപൂട്ടി. ലൈസെസ്റ്റെർഷെയർ വില്ലേജിൽ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് ഒരാളുടെ കഴുത്തിന് മാരകമായി മുറിവേറ്റു.
സൂപ്പർ സാറ്റർഡേയിൽ തുറന്ന മിക്കവാറും പബ്ബുകളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഹൈ സ്ട്രീറ്റ്, എസെക്സ് എന്നിവിടങ്ങളിലും മദ്യപാനികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ലഹരി ഉപയോഗിച്ച ശേഷം അതിക്രമം അഴിച്ചുവിട്ട ഇടങ്ങളിലെല്ലാം ഉടൻതന്നെ പോലീസ് എത്തിയിരുന്നു. എന്നാൽ പബ്ബുകൾ ഒന്നും തന്നെ പോലീസ് നിർബന്ധിച്ചു അടപ്പിക്കാൻ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇനിമുതൽ കൂടുതൽ യൂണിഫോം ധാരികളായ പോലീസുകാരെ ക്രമസമാധാന പരിപാലനത്തിനായി രാജ്യത്ത് അങ്ങോളമിങ്ങോളം വിന്യസിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണനേതൃത്വം.