മിയാമോൾക്ക് സങ്കട കണ്ണീരുമായി യാത്രയയപ്പ് . സംസ്കാര ശുശ്രൂഷകൾ ഇന്ന് നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക് നാനായ കത്തോലിക്ക ദേവാലയത്തിൽ

മിയാമോൾക്ക്  സങ്കട കണ്ണീരുമായി  യാത്രയയപ്പ് . സംസ്കാര ശുശ്രൂഷകൾ ഇന്ന് നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക് നാനായ കത്തോലിക്ക ദേവാലയത്തിൽ
October 28 03:57 2020 Print This Article

കോട്ടയം ∙ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി മരണമടഞ്ഞ ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് 4 – ന്. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്. മകൾ മിയയെയും കൂട്ടി തിരിച്ചുപോകാനായിരുന്നു അയർലൻഡിൽ നിന്ന് ജിഷ എത്തിയത്. ക്വാറന്റീൻ അമ്മയ്ക്കും മകൾക്കുമിടയിൽ വേലി തീർത്തു. ഏഴു ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ മകളെ കാണാൻ കാത്തിരുന്ന ജിഷ ഇന്നലെ കണ്ണുനീരോടെ മിയയെ കണ്ടു– ആശുപത്രി മോർച്ചറിയിൽ.

ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്.

ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കാണാനും കഴിഞ്ഞിരുന്നില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ.

ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ് ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles