ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എല്ലാ മേഖലയിലും വരുത്തി കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ പ്രവചനാതീതമാണ് . നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒട്ടേറെ കാര്യങ്ങൾ ആണ് വിവിധ മേഖലകളിൽ പുതിയതായി എത്തി കൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുള്ള എഐ ടൂളുകൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ യുകെയിൽ ആരംഭിച്ചു. ഇതിനായി 3 മില്യൺ പൗണ്ട് ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ മോർഗൻ പറഞ്ഞു.

യുകെയിൽ പല അധ്യാപകരും ഇപ്പോൾതന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലുള്ള ടൂളുകൾ ഇംഗ്ലണ്ടിലെ ക്ലാസ് മുറികളിൽ ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്തതോ അംഗീകരിക്കപ്പെട്ടതോ അല്ല . ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ചാറ്റ് ജി പി റ്റി പോലുള്ള ജനറേറ്റീവ് എ ഐ ടൂളുകൾ മിക്ക അധ്യാപകരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം ടൂളുകൾ കുറച്ചുകൂടി കുറ്റമറ്റതാക്കാനും കൂടുതൽ അധ്യാപകർക്ക് ഇവയിൽ പരിശീലനം നൽകാനുമാണ് സർക്കാർ പുതിയ പദ്ധതി വഴിയായി ലക്ഷ്യം വയ്ക്കുന്നത്.

എ ഐ ടൂളുകൾ അവതരിപ്പിക്കുന്നത് യുകെയിലെ അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ ആണ് യുകെയുടെ ഈ മേഖലയിലെ ഭാവി പദ്ധതികളെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത് . നിലവിലുള്ള എ ഐ ടൂളുകൾ നൽകുന്ന ഉള്ളടക്കത്തിന്റെ വിശ്വാസ്യത എത്രമാത്രമുണ്ടെന്നതാണ് അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം. ഉള്ളടക്കത്തിന്റെ വിശ്വാസ്യത പരിഹരിക്കാൻ കഴിയുമെങ്കിൽ അധ്യാപകർ അഭിമുഖീകരിക്കുന്ന അമിതഭാരം ലഘൂകരിക്കാൻ എഐ ട്യൂളുകൾക്ക് കഴിയുമെന്ന് സ്‌കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിൻ്റെ അസോസിയേഷൻ ജനറൽ സെക്രട്ടറി പെപ്പെ ഡിയാസിയോ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന ശരാശരി പ്രായം 12 ആണെങ്കിലും പലർക്കും പത്ത് വയസ്സിൽ തന്നെ ആർത്തവം വരുന്നതായി റിപ്പോർട്ട്. ഇത്തരം കുട്ടികൾക്ക് അസഹനീയമായ വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. പലപ്പോഴും സ്കൂളിൽ തനിക്ക് അമിത രക്തസ്രാവത്തെ കുറിച്ചുള്ള ഉത്കണഠ കാരണം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരു പെൺകുട്ടി പറയുന്നു. കുട്ടികളിൽ ഇത്തരം അനുഭവങ്ങൾ കൂടുതൽ സാധാരണമായി കൊണ്ടിരിക്കുകയാണ്.

ഗവേഷണമനുസരിച്ച്, പെൺകുട്ടികളിൽ മുമ്പത്തേക്കാൾ ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിക്കുന്നു. 1950 നും 1969 നും ഇടയിൽ ജനിച്ച സ്ത്രീകൾക്ക് ആർത്തവം ആരംഭിച്ചത് ശരാശരി 12 വയസ്സിൽ ആണെങ്കിൽ 2000 നും 2005 നും ഇടയിൽ ജനിച്ചവരുടെ ശരാശരി പ്രായം 11 വയസ്സായി മാറിയതായി മെയ് മാസം പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയതായി ജേണൽ ജമാ നെറ്റ്‌വർക്ക് ഓപ്പൺ റിപ്പോർട്ട് ചെയ്‌തു.

11 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുന്ന പെൺകുട്ടികളുടെ അനുപാതം 8.6 ശതമാനത്തിൽ നിന്ന് 15.5 ശതമാനമായി വർദ്ധിച്ചതായി പഠനം നടത്തിയ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. യുഎസിന് സമാനമായി യുകെയിലും കുട്ടികളുടെ ഇടയിൽ പൊണ്ണത്തടി വർദ്ധിച്ച് വരുന്നുണ്ട്. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്.
മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ സ്വെൻ- ഗൊറാൻ എറിക്‌സൺ എഴുപത്തിയാറാം വയസ്സിൽ പാൻക്രിയാറ്റിക് ക്യാൻസർ രോഗബാധയെ തുടർന്ന് അന്തരിച്ചു. സ്വീഡിഷുകാരനായ എറിക്‌സൺ 2001 ലാണ് ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ മാനേജരായി ചുമതലയേറ്റത്. 2006 വരെ ഏകദേശം 67 ഓളം മത്സരങ്ങളിൽ അദ്ദേഹം ഇംഗ്ലണ്ട് ടീമിന്റെ മാനേജർ ആയി തുടർന്നു. 2002, 2006 ലോകകപ്പുകളിലും, 2004ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇംഗ്ലണ്ട് ടീമിനെ ക്വാർട്ടർ ഫൈനലിൽ വരെ എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഡേവിഡ് ബെക്കാം , പോൾ സ്കോൾസ്, ഫ്രാങ്ക് ലാംപാർഡ് , വെയ്ൻ റൂണി , സ്റ്റീവൻ ജെറാർഡ് എന്നിവരുൾപ്പെടെയുള്ള ഒരു സുവർണ്ണ തലമുറയെ കളിക്കളത്തിൽ നയിക്കുന്നതിന് എറിക്‌സന് അവസരം ലഭിച്ചു.

ജനുവരിയിൽ ക്യാൻസർ ബാധ കണ്ടെത്തിയതിനു ശേഷവും, തനിക്ക് മുൻപിൽ ഇനിയും ഒരു വർഷം ജീവിക്കുവാൻ ബാക്കിയുണ്ടെന്ന് എറിക്‌സൺ പറഞ്ഞിരുന്നു. തങ്ങളുടെ പിതാവ് രോഗത്തോട് ധീരമായി പോരാടിയെന്നും, എന്നാൽ സമാധാനത്തോടെ ഇപ്പോൾ മരണത്തിലേക്ക് പോയി എന്നും മക്കളായ ലിനയും ജോഹനും പ്രതികരിച്ചു. ഫുട്ബോൾ അസോസിയേഷൻ പെട്രണായ വില്യം രാജകുമാരനും, പ്രധാനമന്ത്രി കെയർ സ്റ്റാർമറും എറിക്‌സന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന് അദ്ദേഹം സമ്മാനിച്ച മഹത്തായ സംഭാവനകളെ ഇരുവരും അനുസ്മരിച്ചു.

ഇംഗ്ലണ്ട് ടീമിൻറെ മാനേജരായി ചുമതല ഏൽക്കുന്നതിന് മുൻപ്, സ്വീഡിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. എറിക്സന്റെ ആരോഗ്യ അവസ്ഥ മോശമായ സാഹചര്യത്തിൽ ഡേവിഡ് ബെക്കാം അദ്ദേഹത്തെ സ്വീഡനിൽ എത്തി സന്ദർശിച്ചിരുന്നു. എറിക്സന്റെ മരണത്തിലുള്ള അഗാധമായ ദുഃഖവും ഡേവിഡ് ബെക്കാം പങ്കുവെച്ചു. നിരവധി താരങ്ങളും എറിക്സന്റെ മരണത്തിലുള്ള തങ്ങളുടെ ദുഃഖം അറിയിച്ചു.
മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നിന്നും അപർണ നായർ – 5 ഡബിൾ A സ്റ്റാറുകളും 4 A സ്റ്റാറുകളും 1 – A യും കരസ്ഥമാക്കി. ജി.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടി. ആൾട്രിഞ്ചാം ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിനിയാണ്. പഠിത്തത്തിൽ എന്നത് പോലെ യുകെ കലാരംഗത്തും പ്രശസ്തയാണ്. ഹരീഷ് നായരുടെയും ജെമിനി നായരുടെയും മകളാണ്.
പ്രവാസ ജീവിതത്തിൽ പുതിയ തലമുറയിലേക്ക് മാതൃഭാഷ പകർന്നു കൊടുക്കുവാൻ കേരളം സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 2020 ൽ സ്ഥാപിതമായ മയിൽപ്പീലി മലയാളം സ്‌കൂളിന്റെ 2024-25 ബാച്ചിലേക്കുള്ള അഡ്മിഷൻ അടുത്ത ആഴ്ച വരെ മാത്രം. സെപ്തംബർ 8 ഞായാറാഴ്ച പഠനോത്സാവത്തോട് കൂടെ പുതിയ വർഷത്തിന്റെ ക്ലാസ്സുകൾ ആരംഭിക്കും.
എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരു മണിക്കൂർ ദൈർഖ്യമുള്ള ക്ളാസുകളിൽ മലയാളത്തിനൊപ്പം നമ്മുടെ നാടിനെപറ്റിയുള്ള അവബോധവും കുട്ടികൾക്ക് ലഭിക്കുന്നു. ഭാഷാ പ്രാവീണ്യം അധിഷ്ഠിതമാക്കി മൂന്നു തലങ്ങളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. യുകെയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ നടത്തുന്ന ക്ളാസുകൾ വിദേശത്ത് വളരുന്ന കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കിയ പാഠ്യപദ്ധതി പിന്തുടരുന്നു. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി തുടങ്ങിയ പാഠ്യപദ്ധതികളും വര്ഷാന്ത്യ പരീക്ഷയും നടത്തിവരുന്നു. ഒരു മാസം £1 മാത്രം എന്ന കണക്കിൽ വര്ഷം £12 മാത്രമാണ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നത്.
താല്പര്യമുള്ളവർ മയിൽപ്പീലി സ്‌കൂൾ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക – https://www.mayilpeelimalayalamschool.co.uk/register-for-online-malayalam-class
ലണ്ടൻ : ഡോ റോയ്സ് മല്ലശ്ശേരിക്ക് വൈ എം സി എ ലണ്ടൻ ഇന്ത്യൻ സ്റ്റുഡന്റസ് സെന്റർ അക്കാഡമിക് എക്സ്ലെൻസ് പുരസ്‌കാരം നൽകി. ഐ എസ് എച്ച് ഡയറക്ടർ എന്ന നിലയിലുള്ള പ്രവർത്തനവും മലയാളം ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ച മോട്ടിവേഷൻ ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്.
ഡോ റോയ്സ് മല്ലശ്ശേരി രചിച്ച “ഹയർ ഫാർദർ ബെറ്റർഓൺ ദി വിങ്സ് ഓഫ് ക്രൈസിസ് ” എന്ന പുസ്തകം വൈ എം സി എ ദേശീയ പ്രസിഡന്റും ഐ എസ് എച്ച് ചെയർമാനുമായ ഡോ വിൻസെന്റ് ജോർജ് പ്രകാശനം ചെയ്തു. ലണ്ടൻ ഐ എസ് എച്ചിൽ നടന്ന സമ്മേളനത്തിൽ ഐ എസ് എച്ച് ജനറൽ സെക്രട്ടറി സാം റോബർട്ട്, ദേശീയ വൈസ് പ്രസിഡന്റ് നോയൽ അമ്മേണ്ണ, റിട്ട ജസ്റ്റിസ് ജെ ബികോശി എന്നിവർ പ്രസംഗിച്ചു. ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു.
സ്വന്തം ലേഖകൻ
എറണാകുളം : കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (kochi blue tigers) ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി, ടീം ഉടമയും സിംഗിള്‍ ഐഡി( single.ID) സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസില്‍ തമ്പി തന്നെയാണ് ടീമിന്റെ ഐക്കണ്‍ സ്റ്റാറും. കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാനായ സെബാസ്റ്റ്യന്‍ ആന്റണി 12 വര്‍ഷക്കാലം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചടങ്ങില്‍ ടീമിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി. അക്രമശാലിലായ കടുവയെയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ടീമിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിംഗിള്‍ ഐഡിയുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിയുമായുള്ള സൗഹൃദമാണ് ക്രിക്കറ്റിനോടുള്ള അഭിനിവേഷം വര്‍ദ്ധിക്കാന്‍ പ്രധാനകാരണമായതെന്നും സുഹൃത്തുകൂടിയായ ബേസില്‍ തമ്പിയാണ് കേരള ക്രിക്കറ്റ് ലീഗ് തനിക്ക് പരിചയപ്പെടുത്തി നല്‍കിയതെന്നും ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. എം.എസ് ധോണിയില്‍ നിന്നുള്ള പ്രചോദനവും ബേസിലിന്റെ പ്രോത്സാഹനവുമാണ് കൊച്ചി ടീമിനെ സ്വന്തമാക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കായിക മേഖലയില്‍ മികച്ച പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുവാന്‍ ഈ ഉദ്യമത്തിന് കഴിയുമെന്നും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു. മികച്ച കളിക്കാരെയും പരിശീലകരെയുമാണ് സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. കേരളത്തിലെ മികവുറ്റ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. രഞ്ജിതാരവും വിക്കറ്റ് കീപ്പറുമായ സിഎം ദീപക് ആണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ബൗളിങ് കോച്ച്- എസ് അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആര്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗബ്രിയേല്‍ ബെന്‍ കുര്യന്‍, പെര്‍ഫോമന്‍സ് അനലിസ്റ്റ്- സജി സോമസുന്ദരം, ട്രെയിനര്‍- ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് ടീം കോര്‍ഡിനേറ്റര്‍- വിശ്വജിത്ത് രാധാകൃഷ്ണൻ
ഹന്‍ദൂസ’ (സന്തോഷം) എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടന്റെ സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യുവജന സംഗമം നടത്തുന്നു. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് സംഗമം. സ്ഥലം: ദി ഹാംഗര്‍, പിയേഴ്‌സണ്‍ സ്ട്രീറ്റ്, വോള്‍വര്‍ഹാംപ്ടണ്‍, WV2 4HP
സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് സ്രാമ്പിക്കലും യുവജനങ്ങളെ അഭിസംബോധന ചെയും. മ്യൂസിക് ബാന്‍ഡ്, ആരാധന, വിശുദ്ധ കുര്‍ബാന, പ്രഭാഷണം : ബ്രെന്‍ഡന്‍ തോംസണ്‍, യുകെ പ്രോഗ്രാം ഡയറക്ടര്‍ – വേഡ് ഓണ്‍ ഫയര്‍, ഉച്ച ഭക്ഷണം, ബാന്‍ഡിന്റെ ഡിജെ, രൂപതയിലുടനീളമുള്ള 1500 യുവജനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം എന്നിവയാണ് സംഗമത്തോടനുബന്ധിച്ച് ക്രമീകരിക്കുന്നത്.
യുവജനങ്ങള്‍ക്ക് അവരുടെ വിശ്വാസത്തെ ആഴപ്പെടുത്താനും സമൂഹത്തിന്റെ സന്തോഷം അനുഭവിക്കാനും യേശുക്രിസ്തുവിലേക്ക് അടുക്കാനുമുള്ള ഒരു അതുല്യ അവസരമാണ് ഈ സംഗമമെന്ന് സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക,
റോമി കുര്യാക്കോസ്
ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – ന്റെ യു കെ നാഷണൽ പ്രസിഡന്റ് ആയി ശ്രീമതി. ഷൈനു ക്ലെയർ മാത്യുസ് നിയമിതയായി. കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് പുറത്തിറക്കിയത്. ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്. സംഘടനയുടെ സാന്നിധ്യം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുക, സംഘടന സംവിധാനം ശക്തമാക്കുക എന്നീ പ്രധാന ദൗത്യങ്ങളാണ് കെ പി സി സി ശ്രീമതി. ഷൈനുവിന് നൽകിയിരിക്കുന്നത്.
ഒ ഐ സി സി (യു കെ) വർക്കിംഗ് പ്രസിഡന്റ്, യൂറോപ്പ് വനിതാ വിംഗ് കോർഡിനേറ്റർ എന്നീ പദവികൾ വഹിച്ചുവരവേയാണ് പുതിയ ചുമതല തേടിയെത്തിയത്. കേരളത്തിലും യു കെയിലും പൊതുരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷൈനു മാത്യൂസിന് അർഹതയ്ക്കുള്ള അംഗീകാരം കൂടി ആയാണ് കെ പി സി സി പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.
20 വർഷങ്ങൾക്ക് മുൻപ് നഴ്സ് ആയി യു കെയിലേക്ക് കുടിയേറിയ ഷൈനു മാത്യൂസ്, വിപരീതമായ ഒട്ടേറെ ജീവിത സാഹചര്യങ്ങളോടും പ്രതിബന്ധങ്ങളോടും പടവെട്ടിയാണ് മുന്നോട്ട് നീങ്ങിയത്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി പടിപടി ആയി അവർ ഉയർത്തിയ ജീവിത സാഹചര്യം ഇന്ന് പലർക്കും പ്രചോദനമാണ്.
കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധന ശേഖരണണാർത്ഥം, 2017, 2022 വർഷങ്ങളിൽ രണ്ടു തവണയായി മഞ്ചേസ്റ്ററിൽ വെച്ച് 150,00 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചിലവിനായി നൽകുകയും ചെയ്തത്. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിക്കപ്പെട്ടത്. അതിന്റെയൊക്കെ തുടർ പ്രവർത്തനമായി സെപ്റ്റംബർ 8 – ന് വീണ്ടും സ്കൈ ഡൈവിങ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് ശ്രീമതി. ഷൈനു.
കെ പി സി സി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഏൽപ്പിച്ച ദൗത്യം അങ്ങേയറ്റം ആത്മാർത്ഥതയുടെ നിറവേറ്റുമെന്നും അതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും തനിക്കുണ്ടാകണമെന്നുമായിരുന്നു ഒ ഐ സി സി (യു കെ) അധ്യക്ഷയായി നിയമിതായ വാർത്തയോട് ശ്രീമതി ഷൈനു ക്ലെയർ മാത്യൂസ് പ്രതികരിച്ചത്.
തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവർത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേർന്നിട്ടുണ്ട്.
പിതാവിന്റെ അടുത്ത മിത്രവും കുടുംബ സുഹൃത്തുമായ ശ്രീ. ഉമ്മൻ ചാണ്ടിയെ തന്റെ ചെറുപ്പം മുതല്ക്കെ അടുത്ത് കണ്ടു അറിയാൻ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി – രാഷ്ട്രീയ – ജാതി – വർണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.
ആതുര സേവന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സ്‌സിംഗ് ഹോമുകളുടെ ഉടമയുമാണ്.
നഴ്സിംഗ് ഹോമുകൾക്ക് പുറമെ, മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ ചുവർച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാൻ ഉതകുന്ന അന്തരീക്ഷം നൽകിക്കണ്ട് ഗൾഫ് നാടുകളിലും യു കെയിലെ കവട്രിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്’ ഹോട്ടൽ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ സ്ഥിരതാമസക്കാരിയായ ഷൈനു, പ്രവാസി ഭാരതി കേരള യുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറത്തിന്റെ ‘ബിസിനസ് വിമെൻ’ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ടി20 കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കി യുകെ മലയാളിയും എം.എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡിയുടെ ഉടമയുമായ പാലാക്കാരൻ സുഭാഷ് ജോർജ്ജ് മാനുവല്‍ . സുഭാഷ് ജോർജ്ജ് കൊച്ചി ടീമിന്റെ ഉടമയായതോടെ യുകെ മലയാളികളുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലകടുവകള്‍ ( ബ്ലൂ ടൈഗേഴ്‌സ് ) കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് യുകെയിലെ ക്രിക്കറ്റ് പ്രേമികളും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഫ്രാഞ്ചൈസികൾക്കായി സംഘടിപ്പിച്ച ലേലത്തിലൂടെയാണ് സുഭാഷ് ജോര്‍ജ്ജ് കൊച്ചിയുടെ ടീമായ ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വലിയ തുകയായ രണ്ടര കോടി രൂപ നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സുഭാഷ് ജോർജ്ജ് സ്വന്തമാക്കിയത്. 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ലേലത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്.
സുഭാഷ് ജോര്‍ജ് മാനുവല്‍ ( സിംഗിൾ ഐഡി ). ഫിലിം ഡയറക്ടർ എസ്. പ്രിയദർശൻ – ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം), ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ഇതിൽ ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള സുഭാഷ് ജോർജ്ജിന്റെ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിൽ ഒന്നാമതായി എത്തിയത്. തൊട്ട് പിന്നാലെ എത്തിയത് ഫിലിം ഡയറക്ടർ പ്രിയദർശന്റെ കണ്‍സോര്‍ഷ്യവുമാണ്.
ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്റ്റാര്‍ ഐക്കണ്‍ . 2014-15 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസില്‍ 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്.

അതോടൊപ്പം കളിക്കാരെ തെരഞ്ഞെടുക്കുവാനായി നടത്തിയ താര ലേലത്തില്‍ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ ടി20 ക്രിക്കറ്റ് ലീഗില്‍ കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും സുഭാഷ് ജോർജ്ജ് മാനുവല്‍ വ്യക്തമാക്കി.

കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. യുകെയിൽ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവല്‍ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ് ജോർജ്ജ്.