ന്യൂസ് ഡെസ്ക് , മലയാളം യുകെ
വെയിൽസ് : രോഗവ്യാപനം ഉയർന്നതിനെത്തുടർന്ന് സൗത്ത് വെയിൽസിലെ നാല് പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക്. മെർതിർ ടൈഡ്‌ഫിൽ, ബ്രിഡ്ജന്റ്, ബ്ലെന ഗ്വെന്റ്, ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിൽ നാളെ വൈകുന്നേരം 6 മണി മുതൽ ലോക്ക്ഡൗൺ നടപ്പിലാകും. വ്യക്തമായ കാരണമില്ലാതെ ആളുകൾക്ക് പുറത്ത് പോകാനോ അകത്തേക്ക് കടക്കാനോ സാധിക്കില്ല. പബ്ബുകൾ പോലുള്ളവ രാത്രി 11 മണിയോടെ അടയ്‌ക്കേണ്ടി വരും. പല വീടുകളിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ച നാല് മേഖലകളിലും നിരോധിക്കുന്നതാണ്. 431,000 പൊതുജനങ്ങളെയാണ് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നത്. വെയിൽസിൽ 850,000 ത്തിലധികം പേർ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. സെപ്റ്റംബർ ആദ്യം കീർഫില്ലി കൗണ്ടി ബൊറോയിലേക്കും റോണ്ട സിനോൺ ടാഫിലേക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല് കൗണ്ടികളിലെ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതായി ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് പറഞ്ഞു.

സൗത്ത് വെയിൽസിലെ എല്ലാ കൗൺസിലുകൾ, ഹെൽത്ത് ബോർഡുകൾ, പോലീസ് സേനകൾ എന്നിവരുമായി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിശാലമായ പ്രാദേശിക ലോക്ക്ഡൗണിനെക്കുറിച്ചും കൂടുതൽ കൊറോണ വൈറസ് നിയന്ത്രണ നടപടികൾ ആവശ്യമാണോയെന്നും ഈ യോഗത്തിൽ ചർച്ച ചെയ്യും. ഈ പ്രാദേശിക ലോക്ക്ഡൗണുകൾ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഗെത്തിംഗ് പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ കൂടുതൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : സർക്കാർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും തമ്മിലുള്ള അകലം പഠനനിലവാരത്തിൽ മാത്രമല്ല ഇപ്പോഴിതാ കൊറോണ വൈറസ് ടെസ്റ്റിന്റെ സാഹചര്യത്തിലും ഉടലെടുത്തിരിക്കുന്നു. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധന നേടാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. സ്കൂളുകൾ പുനരാരംഭിച്ചത് മുതൽ ഒരു പരിശോധന ബുക്ക് ചെയ്യുവാൻ സർക്കാർ സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ സ്വകാര്യ സ്കൂളുകൾ ആവട്ടെ ഈ പ്രശ്നങ്ങൾ ഒന്നും നേരിടുന്നതുമില്ല. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി അവരുടെ അംഗങ്ങളിൽ ചിലർ സ്വകാര്യമായി കോവിഡ് -19 ടെസ്റ്റുകൾ വാങ്ങിയതായി ഇൻഡിപെൻഡന്റ് സ്‌കൂൾസ് അസോസിയേഷനും ഇൻഡിപെൻഡന്റ് അസോസിയേഷൻ ഓഫ് പ്രെപ്പ് സ്‌കൂളുകളും വെളിപ്പെടുത്തി. സ്വകാര്യ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഐഎസ്‌എ ചീഫ് എക്സിക്യൂട്ടീവ് റുഡോൾഫ് എലിയട്ട് ലോക്ക്ഹാർട്ട് അറിയിച്ചു.

കോവിഡ് ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസത്തിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് അപകടത്തിലാണെന്ന് സ്‌കൂൾ നേതാക്കളെ പ്രതിനിധീകരിക്കുന്ന മൂന്ന് സംഘടനകളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. ഈ സുപ്രധാന വിഷയത്തിൽ സ്റ്റേറ്റ് സ്കൂളുകളിലെ ഹെഡ് ടീച്ചർമാരും ഗവർണർമാരും പ്രധാനമന്ത്രി ബോറിസ് ജോൺസന് കഴിഞ്ഞാഴ്ച കത്തെഴുതിയിരുന്നു. സർക്കാർ അടിയന്തിരമായി പരിശോധന ഏർപ്പെടുത്തണമെന്നും സർക്കാരിന്റെ കഴിവില്ലായ്മ കാരണം ആരും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലേബർ പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കേറ്റ് ഗ്രീൻ മുന്നറിയിപ്പ് നൽകി.
തുടക്കത്തിൽ എല്ലാ സ്റ്റാഫുകളെയും വിദ്യാർത്ഥികളെയും പരീക്ഷിച്ച ഈറ്റൺ കോളേജ് സ്വകാര്യ പരിശോധന വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. മറ്റൊരു ബോർഡിംഗ് സ്കൂളായ കെന്റിലെ ബെനൻഡെൻ കോവിഡ് -19 ടെസ്റ്റിംഗ് മെഷീനായ സാംബാ II 35,000 പൗണ്ടിന് സ്വന്തമായി വാങ്ങിയിരുന്നു. 90 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാകുന്നതിലൂടെ സ്കൂളിലെ എല്ലാവരെയും പരിശോധിക്കാൻ സാധിക്കും. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അന്തർലീനമായിരിക്കുന്ന അസമത്വങ്ങൾ ഈ പകർച്ചവ്യാധി ഉയർത്തികാട്ടുകയാണെന്ന് ഹെഡ് ടീച്ചർ സാമന്ത പ്രൈസ് തുറന്നു പറഞ്ഞു.
വിദ്യാർത്ഥിയായി യുകെയിലെത്തി സ്വപരിശ്രമം കൊണ്ട് യുകെയിൽ സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ജിയോമോൻ ജോസഫിന് കണ്ണീരോടെ പിറന്ന നാട് വിടചൊല്ലി. സംസ്കാരം ഇന്നലെ ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകി . നേതൃത്വപാടവം കൊണ്ട് ദൈവത്താൽ അനുഗ്രഹീകരിക്കപ്പെട്ടവനായിരുന്നു ജിയോമോൻ ജോസഫെന്ന് മാർ മാത്യു അറയ്ക്കൽ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.
കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ് മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ശുശ്രൂഷകൾ.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.
വിദ്യാർഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.
യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസായത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.



ലണ്ടൻ ∙ എവിടെയാണ് 50 ബില്യൻ പൗണ്ട് (4.75 ലക്ഷം കോടി രൂപ) നോട്ടുകൾ ഒളിപ്പിച്ചുവച്ചിട്ടുള്ളത്? ആരുടെ കയ്യിലാണ് അത്രയും വലിയ തുകയുള്ളത്? കുറച്ചു ദിവസമായി ബ്രിട്ടനെ വലയ്ക്കുകയാണ് ഈ ചോദ്യങ്ങൾ. 50 ബില്യൻ പൗണ്ട് മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ കുറവാണ് യുകെയെ വലയ്ക്കുന്നത്. യുകെയിലെ ആരുടെയും കയ്യിലും ഈ പണമില്ലെന്നാണ് ഔദ്യോഗിക വിവരം. പിന്നെ എവിടെയാണ്, ആരാണ് ഇത്രയും പണം സൂക്ഷിച്ചുവച്ചിട്ടുള്ളത് എന്നതു ദുരൂഹമായി തുടരുന്നു.
പൊതുചെലവുകൾ പരിശോധിക്കുന്ന നാഷനൽ ഓഡിറ്റ് ഓഫിസ് (എൻഎഒ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന നോട്ടുകളെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ, അവ ആരും ഉപയോഗിക്കുന്നതായി കാണുന്നുമില്ല. ഇടപാടുകൾക്ക് ഉപയോഗിക്കാത്ത ഈ നോട്ടുകൾ യുകെയിലെ ആരുടെയും സമ്പാദ്യമായും കണ്ടെത്താനായില്ല. വിദേശത്തുള്ള അക്കൗണ്ടുകളിലോ രാജ്യത്തുതന്നെ റിപ്പോർട്ടു ചെയ്യാത്ത സമ്പാദ്യമായോ അല്ലെങ്കിൽ നിഴൽ സമ്പദ്‍വ്യവസ്ഥയിലോ (Shadow Economy) ഇവയുണ്ടാകാനാണു സാധ്യത.
ഇത്രയും പണം എവിടെയാണുള്ളതെന്നു കണക്കാക്കാൻ വിശ്വസനീയമായ വിവരങ്ങൾ വളരെ കുറവാണെന്ന് എൻഎഒ പറയുന്നു. ട്രഷറി, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, റോയൽ മിന്റ്, ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി, പേയ്‌മെന്റ് സിസ്റ്റംസ് റെഗുലേറ്റർ എന്നീ അഞ്ച് പൊതു സ്ഥാപനങ്ങൾക്കാണു രാജ്യത്തെ പണം കൈകാര്യം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പങ്കുള്ളത്. എന്നാൽ 50 ബില്യൻ പൗണ്ടിനെക്കുറിച്ച് ഈ സ്ഥാപനങ്ങൾക്ക് യാതൊരു കാഴ്ചപ്പാടുമില്ല. രാജ്യത്തെ കറൻസി സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെയെന്നു മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം ആരും കാണിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
യുകെയിൽ 2020 ജൂലൈയിൽ, പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം 4.4 ബില്യൻ എന്ന റെക്കോർഡിലെത്തി. 76.5 ബില്യൻ പൗണ്ടായിരുന്നു ഇതിന്റെ പണമൂല്യം. രണ്ടായിരമാണ്ടിലെ 24 ബില്യൻ പൗണ്ടിൽനിന്നാണ് ഈ കുതിപ്പുണ്ടായത്. എന്നാൽ 2018ൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിന്റെ 20–24% മാത്രമേ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുള്ളൂ എന്നാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കാക്കിയതെന്ന് എൻഎഒ പറയുന്നു. ബാക്കി 5% യുകെയിലെ വീട്ടുടമകളുടെ കയ്യിലുമുണ്ട്.
ഏകദേശം 50 ബില്യൻ പൗണ്ട് വിലമതിക്കുന്ന ബാക്കിയുള്ളവയെക്കുറിച്ച് വളരെക്കുറച്ചേ അറിയൂവെന്നാണ് എൻഎഒ ചൂണ്ടിക്കാട്ടുന്നത്. പണത്തിന്റെ ആവശ്യം എന്തുകൊണ്ടാണു വർധിച്ചത് എന്നതിനെക്കുറിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മറ്റ് സ്ഥാപനങ്ങളും കൂടുതൽ അറിയേണ്ടതുണ്ട്. നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനും നയരൂപീകരണം ശക്തമാക്കാനും ഇതു സഹായിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിസമ്മതിച്ചു.
ഭാവിയിലെ ആവശ്യങ്ങൾക്കായി നാണയ, കറൻസി ഉൽപാദനശേഷി പുതുക്കണമെന്ന് എൻഎഒ പറയുന്നു. നാണയ ഉൽപാദനം കഴിഞ്ഞ ദശകത്തിൽ 65% കുറഞ്ഞ് 2019-20ൽ 383 ദശലക്ഷമായി. 2010-11ൽ ഇത് 1.1 ബില്യൻ ആയിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിനു റോയൽ മിന്റും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പരസ്പരം അനുഭവങ്ങളിൽനിന്നു പാഠമുൾക്കൊള്ളണമെന്നും എൻഎഒ അടിവരയിടുന്നു. ഡിജിറ്റൽ ഇടപാട് വ്യാപകമായിട്ടും കറൻസി ഉപയോഗം കൂടുന്നതും വലിയൊരു അളവു പണം ദൃശ്യമാകാത്തതുമാണു സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിക്കുന്നത്.
‘ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപകമായ ഉപയോഗത്തിലേക്കു സമൂഹം പുരോഗമിക്കുമ്പോൾ, ഇടപാടുകളിൽ പണ ഉപയോഗം കുറയുകയാണ്. എന്നാൽ, ഡിജിറ്റൽ ആക്സസ് ഇല്ലാത്ത ആളുകൾക്ക്, ആവശ്യമുള്ളപ്പോൾ പണം ലഭിക്കുന്നതു ഇതു ബുദ്ധിമുട്ടായിത്തീരും. പത്ത് വർഷം മുമ്പ്, 10 ഇടപാടുകളിൽ ആറെണ്ണത്തിൽ പണം ഉപയോഗിച്ചിരുന്നു. 2019 ആയപ്പോഴേക്കും ഇത് മൂന്നിൽ താഴെയായി. 2028 ഓടെ പത്തിൽ ഒന്നായി കുറയുമെന്നാണു പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.’– എൻഎഒ തലവൻ ഗാരെത്ത് ഡേവിസ് പറഞ്ഞു.
കോവിഡ് വന്നതോടെ ക്യാഷ് സെന്ററുകളിൽനിന്നുള്ള നോട്ടുകളുടെയും നാണയങ്ങളുടെയും ആവശ്യത്തിൽ മാർച്ച് ആദ്യം മുതൽ ഏപ്രിൽ പകുതി വരെ 71 ശതമാനത്തോളം ഇടിവുണ്ടായി. പ്രായമായവരും കുറഞ്ഞ വരുമാനമുള്ളവരുമാണു കൂടുതലായി പണത്തെ ആശ്രയിക്കുന്നത്. ‘പണത്തിന്റെ ഉപയോഗം മൊത്തത്തിൽ കുറയുന്നുണ്ടാകാം, പക്ഷേ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഇപ്പോഴും കറൻസി പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ചും സമൂഹത്തിലെ ദുർബലർക്ക്’– പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർ മെഗ് ഹിലിയർ പറഞ്ഞു.
മലയാളം യുകെ ചീഫ് എഡിറ്ററും, യു.കെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ബിൻസു ജോണിന്റെ പിതാവ് കണ്ണൂർ ചെമ്പേരി വടക്കേൽ കുന്നിൻ പുറത്ത് വി.ജെ ജോൺ(72) നിര്യാതനായി. പുലിക്കുരുമ്പ സെൻറ് ജോസഫ് യു .പി സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. മൃത സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 12.00 മണിക്ക് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആയിരിക്കും. അതിന് മുൻപായി ഭവനത്തിൽ പൊതു ദർശനത്തിന് സൌകര്യമുണ്ടായിരിക്കും. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ മൂലം സംസ്കാര ശുശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ എല്ലാ ബന്ധുമിത്രാദികൾക്കും സാധിക്കാത്തതിനാൽ മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
ഭാര്യ: റോസമ്മ ജോൺ.
മക്കൾ :ബിജു ജോൺ (ബഹറിൻ), ബിൻസു ജോൺ (യു കെ ), ബിന്ദു ജോൺ (മസ്കറ്റ് ) മരുമക്കൾ : ലിൻഡ ബിജു, നിധി ബിൻസു , മോൻസൺ മങ്കര
ജോൺ സാറിന്റെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
മൃതസംസ്കാര ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗ് താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു . ലോകമെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുന്ന പ്രമുഖ പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വർക്കായ വിസ തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപറ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . അതായത് വിസയുടെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡോളറിലും , പൗണ്ടിലും , രുപയിലും ഇടപാടുകൾ നടത്തുന്നതുപോലെ തന്നെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വിസ ഒരുക്കുന്നത് .
ക്രിപ്റ്റോ കറൻസി വാലറ്റുകളെ ക്രെഡിറ്റ് കാർഡുകളുമായും , ഡെബിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കാണ് വിസ തുടക്കം കുറിച്ചിരിക്കുന്നത് . ഈ പ്രക്രീയ പൂർത്തിയാകുന്നതോട് കൂടി ഡോളർ , രൂപ പോലെയുള്ള പരമ്പരാഗത ഫിയറ്റ് കറൻസികൾക്ക് പകരം ക്രിപ്റ്റോ കാർബൺ , ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിസയുടെ ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനാവും . ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ചാൽ എവിടെ ഉപയോഗിക്കും ? , എങ്ങനെ ഉപയോഗിക്കും ?, വിറ്റ് എങ്ങനെ ക്യാഷ് ആക്കും ? എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരമായി മാറുകയാണ് വിസയുടെ ഈ നടപടികൾ .
കുറഞ്ഞ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ചിരിക്കുന്നവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് ലോകത്ത് നിന്നും വന്നിരിക്കുന്നത് . കാരണം ബിസ്സിനസ്സ് ലോകത്ത് ദിനംപ്രതി ക്രിപ്റ്റോ കറൻസികൾക്ക് വില വർദ്ധിക്കുകയും സ്വീകാര്യത കൂടി വരികയുമാണ് . അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങി വച്ചിരിക്കുന്ന ക്രിപ്റ്റോ കറൻസികളെ വരും വർഷങ്ങളിൽ സാധാരണ കറൻസികൾക്ക് പകരം ഉപയോഗിക്കാനും , വലിയ ലാഭത്തിൽ വിറ്റ് പണമാക്കാനും കഴിയുമെന്നാണ് വിസയുടെ ഈ നടപടിയിലൂടെ പ്രതീക്ഷിക്കുന്നത്.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ശാസ്ത്രത്തെപ്പറ്റി മനസ്സിലാക്കുന്നതിനും , ഡിജിറ്റൽ കറൻസികൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി പഠിക്കാനും ഒരു ഗവേഷണ സംഘം വർഷങ്ങളായി പ്രവർത്തിക്കുന്നുവെന്നും , അതിനായി കോടികളുടെ നിക്ഷേപം നടത്തിയെന്നും വിസ വെളിപ്പെടുത്തുന്നു . പുതിയ പല സാങ്കേതികവിദ്യകളിലൂടെയും ക്രിപ്റ്റോ കറൻസി ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളാണ് വിസ ഒരുക്കുന്നത് .
ഉപഭോക്തൃ സംരക്ഷണം മുതൽ പേയ്‌മെന്റ് പുനഃസ്ഥാപനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ ഡിജിറ്റൽ കറൻസികളെക്കുറിച്ച് റെഗുലേറ്റർമാരുടെ ആശങ്കകൾ വേൾഡ് ഇക്കണോമിക് ഫോറവുമായും , സ്വകാര്യ കമ്പനികളുമായും , പൊതുമേഖല സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്ന് ഗ്ലോബൽ പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസ അറിയിച്ചു .
61 ദശലക്ഷം വ്യാപാരികളുള്ള നിലവിലെ ആഗോള ശൃംഖലയുമായി ഡിജിറ്റൽ കറൻസികളെ സംയോജിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും , ഭാവിയിൽ ഡിജിറ്റൽ ആസ്തികൾക്കുള്ള പങ്കിനെ അംഗീകരിക്കുന്നതായും ഈ പേയ്‌മെന്റ് ഭീമൻ പറയുന്നു . വിസയുടെ ഈ നടപടികൾ ക്രിപ്റ്റോ കറൻസികളുടെ സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങൾക്കാണ് മറുപടി നൽകുന്നത് .
ലോകമെമ്പാടും പണം എങ്ങനെ നീങ്ങുന്നുവെന്ന് ഞങ്ങൾ വീക്ഷിക്കുന്നു . വിശാലമായ സാങ്കേതികവിദ്യകളും , പങ്കാളിത്തവും പിന്തുടരുക എന്നാണ് പ്രധാനം . ഈ കാര്യത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഡിജിറ്റൽ കറൻസികൾ ഞങ്ങൾക്ക് ആവേശം നൽകുന്നു . ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൂല്യം കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഡിജിറ്റൽ കറൻസികൾക്ക് കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ ഡിജിറ്റൽ കറൻസി വാലറ്റുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടത്തുകയാണെന്നും , തുടർന്നുള്ള മാസങ്ങളിൽ ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വിസ അറിയിച്ചു .
ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്താൻ അനുവദിക്കുന്ന സാങ്കേതിക സംവിധാനം ഒരുക്കാൻ മാസ്റ്റർകാർഡും ഈ അടുത്ത കാലത്ത് തുടക്കം കുറിച്ചിരുന്നു . ഇതേ സാങ്കേതിക വിദ്യ ഒരുക്കാൻ വിസയും തയ്യാറായത് ക്രിപ്റ്റോ കറൻസികൾക്ക് സാമ്പത്തിക രംഗത്ത് ലഭിക്കുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത് .
വ്യാജമല്ലാത്ത കമ്പനികളിൽ നിന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികയിൽ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് വിസയുടെ ഈ നടപടികൾ നൽകിയിരിക്കുന്നത് .
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ഒരാഴ്ചയ്ക്കുള്ളില്‍ അയർലണ്ട് തലസ്ഥാനമായ ഡബ്ലിന്‍ തെരുവില്‍ ഭവനരഹിതരായി മരിച്ചുവീണത് അഞ്ച് പേര്‍.വീടില്ലാത്തവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ ഫോറം നിര്‍ത്തലാക്കിയതാണ് ഇവര്‍ തെരുവില്‍ മരിക്കാന്‍ കാരണമായതെന്ന് ഇന്നര്‍ സിറ്റി ഹെല്‍പ്പിംഗ് ഹോംലെസ് ചാരിറ്റി ചൂണ്ടിക്കാട്ടി.വളരെ ദു:ഖമുണ്ടാക്കുന്നതാണ് ഈ മരണങ്ങള്‍. ഇതില്‍ മൂന്ന് മരണങ്ങള്‍ക്ക് സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം ആവശ്യമാണെന്നും ചാരിറ്റി സംഘടന കൂട്ടിച്ചേര്‍ത്തു.
ഭവനരഹിതരായ ആളുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ടെന്ന് ഐസിഎച്ച്എച്ച്സിഇഒ ആന്റണി ഫ്ലിന്‍ പറഞ്ഞു.ഇതിനായി ഭവനരഹിതരുടെ ഫോറം പുനരുജ്ജീവിപ്പിക്കണമെന്ന് മേയര്‍ പ്രഭുവിനോട് ആവശ്യപ്പെട്ടു.ഈ മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടോ എന്നത് സംശയകരമാണ്. അതിനാല്‍
കഴിഞ്ഞ മാസത്തെ മരണങ്ങള്‍ സംബന്ധിച്ച് ഡിആര്‍എച്ച്ഇ (ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്സിക്യൂട്ടീവ്) റിപ്പോര്‍ട്ട് നല്‍കണമെന്ന് ചാരിറ്റി അഭ്യര്‍ത്ഥിച്ചു.
മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും ഡബ്ലിന്‍ മേയര്‍ ഹേസല്‍ ചു അനുഭാവം അറിയിച്ചു.ഭവനരഹിതരെ സഹായിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മേയര്‍ ട്വിറ്ററില്‍ പറഞ്ഞു.
കോവിഡ് രോഗബാധ വ്യാപകമായതോടെ സംരക്ഷണത്തിലാക്കിയ ആയിരക്കണക്കിന് ഭവന രഹിതര്‍ക്ക് തുടര്‍ പിന്തുണ നല്കാനാവാഞ്ഞതാണ് ദുരിതത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ പൂച്ചയ്ക്ക് ഉടമയില്‍നിന്നാണു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. ഇതോടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മ വയ്ക്കരുതെന്നും ഭക്ഷണം പങ്കുവച്ചു കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഗ്ലാസ്‌ഗോ സെന്റര്‍ ഫോന്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദപരിശോധനയില്‍ കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
ആറു വയസ്സുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണു പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു ഭേദമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പൂച്ചകളെ വളര്‍ത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ പൂച്ചകളെ കൈകാര്യം ചെയ്യുന്നതിനു മുന്‍പ് കൈകള്‍ കഴുകി വൃത്തിയാക്കണം. ഒരേ കിടക്കയില്‍ പൂച്ചയെ ഒപ്പം കിടത്തി ഉറക്കരുത്. ആഹാരം പൂച്ചകളുമായി പങ്കിടരുതെന്നും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ വൈറോളജി പ്രഫ. മാര്‍ഗരറ്റ് ഹൊസി മുന്നറിയിപ്പു നല്‍കി. ലോകത്ത് ഇതുവരെ വളരെ കുറച്ചു പൂച്ചകള്‍ക്കു മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു വൈറസ് പകരുന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.
യുകെയിൽ നിന്നുള്ള സംഗീത ആൽബം നിർമാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആൽബമായ ‘ഇന്ദീവരം’ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂർവങ്ങളായ ആർദ്രഗാനങ്ങൾ അടങ്ങിയ ഈ ആൽബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗർഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്.
‘വെൺനൂലുപോലെയീ രാമഴ.. ‘ എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യൽ മീഡിയയിലുമായി അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് യേശുദാസിന്റെ അനന്യമായ ശബ്ദമാധുരിയാൽ ശ്രദ്ധേയമായ ഈ ഗാനം സംഗീതപ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
യുകെയിൽ നിന്നുള്ള എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് ആണ് ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചിരിക്കുന്നത്. കാവ്യരസപ്രധാനമായ നിരവധി കവിതകളും കവിതാസമാഹാരങ്ങളും സാഹിത്യലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഈ സാഹിത്യകാരി.
മലയാളസംഗീത ലോകത്ത് സുപരിചിതനായ സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ ശ്രീ. പ്രസാദ് എൻ എ യുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഉൾപ്പെടുത്താവുന്ന ഗാനമാണ് ഇന്ദീവരത്തിലെ ഈ ഗാനം. ഈ ആൽബത്തിലെ മറ്റു ഗാനങ്ങൾക്കും ഈണം പകർന്നിരിക്കുന്നത് ഈ സംഗീതജ്ഞൻ തന്നെയാണ്.
പ്രണയം തുളുമ്പുന്ന വരികളും ഹൃദ്യമായ ഈണവും ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. എക്കാലവും ഓർമ്മിച്ചിരിക്കേണ്ട ഗാനങ്ങളുടെ പട്ടികയിൽ ഈ സൃഷ്ടിയും ഇടം പിടിക്കും എന്നതിൽ സംശയമില്ല. ‘ഇന്ദീവരത്തിലെ’ അടുത്ത ഗാനം ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 7.30 (UK TIME ) ന് ഗർഷോം ടിവിയിൽ റിലീസ് ചെയ്യുന്നു. ആദ്യഗാനത്തിന് പ്രേക്ഷകർ നൽകിയ വലിയ സ്വീകരണത്തിനും പിന്തുണക്കും അനാമിക കെന്റിന്റെ നിർമാതാക്കൾ നന്ദി അറിയിച്ചു.
വെൺനൂലുപോലെയീ രാമഴ.. ‘ ഗാനം കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെസ്റ്റർഫീൽഡ്: യുകെ മലയാളികൾക്ക് ഞെട്ടൽ നൽകി മലയാളി യുവാവിന്റെ മരണം. കോട്ടയം കങ്ങഴം സ്വദേശി തെക്കേടത്ത് സോണി ചാക്കോയാണ് (42) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. ചെസ്റ്റർഫീൽഡിനടുത്തുള്ള മോർട്ടനിൽ കുടുംബസമേതം താമസിച്ചു വരവെയാണ് സോണിയെ മരണം കവർന്നിരിക്കുന്നത്. മണർകാട് ആണ് ഭാര്യ ടിൻറ്റുവിന്റെ സ്വദേശം.
പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാവിലെ എട്ടുമണിയോടെ ഷിഫ്റ്റ് തീർന്ന ടിന്റു നടന്നാണ് വീട്ടിൽ സാധാരണ എത്തിച്ചേരുന്നത്. പതിവുപോലെ എട്ടരയോടെ വീട്ടിൽ എത്തിയ ഭാര്യ ടിൻറ്റു കാണുന്നത് ബെഡ്‌ഡിന് താഴെ മരിച്ചു കിടക്കുന്ന ഭർത്താവിനെയാണ്. മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.
ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ഇപ്പോൾ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.
സ്റ്റുഡൻറ് വിസയിൽ എത്തിയ ഇവർ യുകെയുടെ പല ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ആദ്യ സ്ഥലം മാഞ്ചെസ്റ്ററും തുടർന്ന് വിഗണിലും താമസിച്ച ശേഷമാണ് ചെസ്റ്റർഫീൽഡിൽ എത്തിയത്. ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം സോണിയുടെ ‘അമ്മ മരിച്ചിരുന്നു. ഇതിനുശേഷം വളരെയേറെ മാനസികമായി തളർന്ന അവസ്ഥയിൽ ആയിരുന്നു സോണി. ഡയബെറ്റിക് ആയിരുന്നു അമ്മയുടെ മരണത്തിലെ വില്ലൻ. മലപ്പുറം നിലമ്പൂർ ആണ് സോണിയുടെ ‘അമ്മ വീട്. സോണിയുടെ ഏക സഹോദരി മോബി ഡൽഹിയിൽ ആണ് ഉള്ളത്. ഭർത്താവ് -റോയി.
ആറു വയസുകാരിയായ ഹന്നയും മൂന്ന് വയസ്സുള്ള എയിടനും ആണ് മക്കള്‍. കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് ടിന്റു.
ശവസംസ്ക്കാരം എവിടെ നടത്തണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ കൊണ്ടുപോകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ചാർട്ടേർഡ് ഫ്ലൈറ്റ് പോകുമ്പോൾ സാധ്യമാകുമോ എന്ന കാര്യവും പരിശോധിക്കുന്നു. നാളെയാണ് പോസ്റ്റുമോർട്ടം നടത്തപ്പെടുക. അപ്പോൾ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളു.
സോണിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നു.