UK

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ആശ്വാസം പകർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ തീരുമാനം.ജോലിക്ക് വരുന്ന സ്റ്റാഫുകളുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസ് ഒഴിവാക്കിയ ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയായി 50 പൗണ്ട് മുതൽ 200 പൗണ്ട് വരെ പാർക്കിംഗ് ഫീസ് ആയി സ്റ്റാഫുകൾ നൽകേണ്ടിയിരുന്നു. ഇതിനെതിരെ 415000 ത്തോളം സ്റ്റാഫുകൾ ചേർന്ന് ഒപ്പിട്ട പെറ്റീഷൻ സർക്കാരിന് സമർപ്പിച്ചിരുന്നു. കോവിഡ് ബാധ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളിലുള്ള കാർ പാർക്കിംഗ് ഏരിയകളും എൻഎച്ച്എസ് സ്റ്റാഫുകൾക്ക് സൗജന്യമായി നൽകുമെന്ന് നാഷണൽ കാർപാർക്കിംഗ് ഏജൻസി അറിയിച്ചു. എൻഎച്ച്എസ് സ്റ്റാഫുകൾ ചെയ്യുന്ന സേവനങ്ങൾ വലിയതാണെന്നും, അവരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

അതിനാൽ തന്നെ ഇവരുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസുകൾ ഇളവാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. 405,000 ത്തോളം വരുന്ന എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നന്ദി അർപ്പിച്ചു. ഇവർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ ബാധയെത്തുടർന്ന് ബ്രിട്ടണിൽ ഇതുവരെ 578 പേരാണ് മരണപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി കാലഘട്ടത്തിൽ എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രചോദനം നൽകുന്നതിനായി ആളുകൾ എല്ലാവരും വീടുകൾക്ക് പുറത്തിറങ്ങി കൈയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു. അയർലൻഡിൽ മാത്രം 19 പേരാണ് കൊറോണ ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്.

കൊറോണ വൈറസ് പിടിപെടാൻ സാധ്യതയുള്ളതിനാൽ ജാമ്യത്തിനായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ നൽകിയ അപേക്ഷ ബ്രിട്ടീഷ് ജഡ്ജി നിരസിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം 15 ൽ താഴെ ആളുകൾ മാത്രം ഹാജരായ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു അപേക്ഷ പരിഗണിച്ചത്.

ജയിലിൽ വൈറസ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നും തടവുകാരെ സംരക്ഷിക്കാൻ ബെൽമാർഷ് ജയിൽ അധികൃതർ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ജഡ്ജി വനേസ ബരൈറ്റ്‌സർ പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പെട്ടെന്ന് മാറിയേക്കാമെങ്കിലും അസാഞ്ചെക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. ‘ഈ ആഗോള മഹാമാരി ജാമ്യം നൽകാൻ ഒരു കാരണമേയല്ല. മാത്രവുമല്ല, മുൻകാല പെരുമാറ്റത്തെ അടിസ്ഥാനമാക്കി, മോചിതനായാൽ തന്നെ ഇയാൾ വിചാരണക്ക് ഹാജരാകുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ജാമ്യം നിരസിക്കുകയാണ്’ എന്നായിരുന്നു വനേസ ബരൈറ്റ്‌സറുടെ പ്രതികരണം.

പ്രതിഭാഗം അഭിഭാഷകൻ എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡ് ക്യുസി ഫെയ്സ് മാസ്ക് ധരിച്ചാണ് കോടതിയിൽ ഹാജരായത്. നെഞ്ചിലും പല്ലിലും അണുബാധയും ഓസ്റ്റിയോപൊറോസിസും ഉള്ള അസാഞ്ചിന് പെട്ടന്നുതന്നെ അണുബാധ യേൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഫിറ്റ്സ്ജെറാൾഡിന്റെ പ്രധാന വാദം. ബെൽമാർഷ് ജയിലിൽ 100 പേർ ഐസൊലേഷനിൽ ആയതിനാൽ മറ്റാർക്കും അവിടേക്ക് പ്രവേശനമില്ലാത്തതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ തുടർച്ചയായി ജയിലിൽ അടച്ചാൽ ആർക്കും രക്ഷപ്പെടാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതവും ഗുരുതരമായി അപകടത്തിലാകുമെന്ന് ഫിറ്റ്സ്ജെറാൾഡ് കോടതിയെ അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ കാരണം അസാഞ്ചെയുടെ അടുത്ത വിചാരണ വാദം മെയ് 18-ന് മാറ്റിവയ്ക്കാനുള്ള സാധ്യതയും അഭിഭാഷകൻ ഉയർത്തി.

48കാരനായ അസാഞ്ചയുടെ ആരോഗ്യം വളരെ മോശമാണെന്നും വിദഗ്‌ധ ചികിൽസ അടിയന്തരമായി നൽകണമെന്നും നേരത്തെ യുഎൻ വക്താവ് ആവശ്യപ്പെട്ടിരുന്നു. 2010ല്‍ ലോകരാജ്യങ്ങളുടെ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടി. ഇവിടെ നിന്ന് ബ്രീട്ടിഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബാല സജീവ് കുമാർ

ലണ്ടൻ :  മരണ ഭീതിയിൽ കഴിഞ്ഞ യുകെ മലയാളികൾക്ക് ആശ്വാസമായി മാറിയ ഡോക്ടർമാർ അടക്കമുള്ള ഈ ക്ലിനിക്കൽ – അഡ്‌വൈസ് ടീമിനെ നമ്മുക്ക് അഭിനന്ദിക്കാം . കടുത്ത നിയന്ത്രണങ്ങളോടെ ലോകരാജ്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ചിട്ടും, ഭീതിദമായ വേഗത്തിൽ പടർന്നു പിടിക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം മാറിക്കൊണ്ടിരിക്കുകയാണ്. യുകെയിലെ മലയാളികൾക്ക് ഈ സാംക്രമിക രോഗത്തെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും, നിയന്ത്രണമാർഗ്ഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനും, രോഗലക്ഷണങ്ങൾ മൂലമോ, രോഗബാധയെ തുടർന്നോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വോളണ്ടിയർമാർ മുഖേന അത്യാവശ്യസാധനങ്ങളോ, മരുന്നുകളോ എത്തിച്ചു കൊടുക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരാഴ്ച മുൻപ് (മാർച്ച് 17 ന്) തുടക്കം കുറിച്ച പരസ്പര സഹായ സംരംഭം ജനപ്രീതി ആർജ്ജിച്ചു കഴിഞ്ഞു.

ആദ്യ ദിവസം കേവലം 4 കോളുകളായിരുന്നു വൈദ്യോപദേശം തേടി എത്തിയതെങ്കിൽ, ഇന്നത്തേക്ക് കോളുകളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിക്കുകയാണ്. ആശങ്കയോടെ ഹെൽപ്പ് ലൈനിൽ വിളിച്ച് ആശ്വാസത്തോടെ നന്ദി പറയുന്ന പലർക്കും, തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിലും, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലെ വർദ്ധിച്ച ജോലിത്തിരക്കുകളിലും നിന്ന് ഒഴിവ് സമയം കണ്ടെത്തി തങ്ങളെ ആശ്വസിപ്പിക്കുന്ന ക്ലിനിക്കൽ ടീമിനെ അറിഞ്ഞു നന്ദി പറയണം എന്ന ആഗ്രഹവും ആവശ്യവുമാണ് ക്ലിനിക്കൽ ടീമിന്റെ അനുവാദത്തോടെ അവരെ പരിചയപ്പെടുത്തുന്നതിന് കാരണം.

ജനറൽ പ്രാക്ടീഷണർമാർ, പല വിഭാഗങ്ങളിലായി സ്പെഷ്യലൈസ് ചെയ്ത കൺസൾട്ടന്റുമാർ, മനോരോഗ വിദഗ്ദ്ധർ, ക്ലിനിക്കൽ പ്രാക്ടീഷണർമാർ, സ്പെഷ്യലിസ്റ്റ് നേഴ്‌സുമാർ എന്നിവരടങ്ങിയ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്ന 30 ഡോക്ടർമാരും 10 നേഴ്സുമാരും അടങ്ങുന്നതാണ് യുണൈറ്റഡ് മലയാളി ഒർഗനൈസേഷന്റെ ഹെൽപ്പ് ലൈനിലൂടെ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച പൊതുവായ ഉപദേശങ്ങൾ നൽകുന്ന ക്ലിനിക്കൽ ടീമംഗങ്ങൾ. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, പൊതുവായ ചർച്ചകൾക്കുമായി മീറ്റിങ്ങുകൾ നടത്തുന്നതിന് ഉണർവ് ടെലിമെഡിസിൻ എന്ന പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. വീഡിയോ കോൺഫറൻസിംഗും, വീഡിയോ കൺസൾട്ടേഷനും സാധ്യമായ ഉണർവ് ടെലിമെഡിസിൻ ഹെൽപ്പ് ലൈനിന്റെ ഭാഗമാക്കി, ആവശ്യമെങ്കിൽ ചോദ്യകർത്താവിനെ നേരിൽ കണ്ട് ഉപദേശം നൽകുന്ന രീതി കൊണ്ടുവരാനും ആലോചനയുണ്ട്.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷനു വേണ്ടി, വെയ്‍ക്ഫീൽഡിൽ ജനറൽ പ്രാക്ടീഷണറായ ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ താൽപ്പര്യപ്രകാരം ആരംഭിച്ച, ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് – 19 ക്ലിനിക്കൽ ടീമിലേക്ക് അദ്ദേഹം വിളിച്ചു ചേർത്തവരും, ഓർഗനൈസേഷന്റെ പരസ്യ അഭ്യർത്ഥനയെ മാനിച്ച് കടന്നു വന്നവരുമായവരുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു. ഇതിനോടകം, നിരവധി പേർക്ക് ആശ്വാസദായകമായ ഉപദേശങ്ങൾ നൽകിയ ഇവരെ നമുക്ക് ഒന്ന് ചേർന്ന് അനുമോദിക്കാം.

ഡോക്ടർമാരുടെ പേരുകൾ

Dr സോജി അലക്സ് (ജി. പി)
Dr ബീന അബ്ദുൽ (കൺസൽട്ടൻറ് ഗൈനക്കോളജിക്കൽ ഓൺകോളജി സർജൻ)
Dr ഹരീഷ് മേനോൻ (അക്യൂട്ട് കെയർ ഫിസിഷ്യൻ)
Dr ജോജി കുര്യാക്കോസ്‌ (കൺസൽട്ടൻറ് സൈക്കിയാട്രിസ്റ്)
Dr അജിത് കർത്താ (ജി. പി)
Dr റിയ ജേക്കബ് (പീഡിയാട്രിക്‌സ്)
Dr മിനി ഉണ്ണികൃഷ്ണൻ
Dr ഷാമിൽ മാട്ടറ (കൺസൽട്ടൻറ് പീഡിയാട്രീഷ്യൻ)
Dr ജോയ് രാജ് (ജി. പി)
Dr ബിജു കുര്യാക്കോസ് (ജി. പി)
Dr അരുൺ റ്റി പി (ജി. പി)
Dr അജേഷ് ശങ്കർ (ഗൈനക്കോളജിസ്റ്)
Dr നിഷ പിള്ള (കാർഡിയോളജി)
Dr സജയൻ (കോൺസൾറ്റൻറ് അനസ്‌തറ്റിസ്‌റ്)
Dr Dr ഹാഷിം (റെസ്പിരേറ്ററി കൺസൽട്ടൻറ്)
Dr ഇർഷാദ് (അക്യൂട്ട്ക മെഡിസിൻ കൺസൽട്ടൻറ്)
Dr എസ് നരേന്ദ്രബാബു (ജി പി)
Dr ആർ ശ്രീലത (കൺസൽട്ടൻറ്)
Dr മിനി ഉണ്ണികൃഷ്ണൻ (ജി പി)
Dr ചോവോടത്തു ഉണ്ണികൃഷ്ണൻ (പീഡിയാക്ട്രീഷ്യൻ)
Dr വിമല സെബാസ്ട്യൻ (കമ്മ്യൂണിറ്റി ഡെന്റൽ ഓഫീസർ)
Dr മാത്യു അലക്സ്
Dr ശ്രീധർ രാമനാഥൻ
Dr സെസി മാത്യു (ജി. പി)
Dr വിജയ കുമാർ കുറുപ് ( കൺസൾട്ടന്റ് ജനറൽ സർജറി)
Dr ബീന കുറുപ് ( കൺസൾട്ടന്റ് പീടിയാട്രിക്‌സ് )
Dr ഷാഫി കളക്കാട്ടിൽ മുത്തലീഫ് (മെന്റൽഹെൽത് കൺസൽട്ടൻറ്)
Dr അശോക് പുലിക്കോട്ട്
Dr ഏലിയാസ് കോവൂർ
Dr തോമസ്
Dr ഷെറിൻ
Dr ശ്രീധർ രാമനാഥൻ

നേഴ്‌സുമാരുടെ പേരുകൾ

ഡോക്ടർ ഷിബു ചാക്കോ എം ബി ഇ (അഡ്വാൻസ്‌ഡ് ക്ലിനിക്കൽ പ്രാക്റ്റീഷനർ)
മിനിജ ജോസഫ് (നഴ്‌സ്‌ മാനേജർ തിയേറ്റർ)
അജിമോൾ പ്രദീപ് (ട്രാൻസ്‌പ്ലാന്റ് കോ-ഓർഡിനേറ്റർ)
ആനി പാലിയത്ത്
ആഷാ മാത്യു (നേഴ്സ് മാനേജർ)
ആൻസി ജോയ്
ദീപാ ഓസ്റ്റിൻ (നേഴ്സ് മാനേജർ)
ഷീന ഫിലിപ്പ്സ് (ക്ലിനിക്കൽ പ്രാക്ടീഷണർ)

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും മാത്രമാണ് ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. പൊതുവായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ.

ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ് കൂടാതെ, ജോലിപരമോ, സാമ്പത്തികപരമോ, മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ട ഉപദേശങ്ങൾ നകുന്നതിനുള്ള പ്രൊഫഷണൽസിന്റെ വോളണ്ടിയർ ഗ്രൂപ്പും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുന്നവർക്ക് പടിവാതിൽക്കൽ സഹായമെത്തിക്കുന്നതിനുള്ള രാജ്യവ്യാപകമായ 300 -ൽ അംഗങ്ങളുള്ള വോളണ്ടിയർ ഗ്രൂപ്പും കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനും, ആശങ്കാകുലരെ സഹായിക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമായുണ്ട്.

ഭീതിതമായ ഈ സാംക്രമിക രോഗത്തിനെതിരെയുള്ള ലോകജനതയുടെ പോരാട്ടത്തിൽ നമുക്കേവർക്കും പങ്കു ചേരാം. പൊതു നന്മയെ കരുതി ഗവൺമെന്റിന്റെയും, പൊതു ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങളെ ജീവിതത്തിൽ പാലിക്കാം. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആഹ്വാനമനുസരിച്ച് നമുക്കും എൻ എച്ച് എസ് വോളണ്ടിയർ ലിസ്റ്റിൽ പങ്കാളികളാകുകയോ, അനുവർത്തിക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ ചെയ്യാം.
രോഗ ലക്ഷണങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ആദ്യം എൻ എച് എസ് ഹെൽപ്പ് ലൈൻ 111 എന്ന നമ്പറിൽ വിളിക്കുക. അടിയന്തിര ആവശ്യങ്ങൾക്ക് 999 വിളിക്കുക.

കൊറോണ രോഗത്തിന്റെ ഭീതിയിൽ കഴിയുന്ന യുകെയിലുള്ള ഏതൊരു മലയാളിക്കും, സമാശ്വാസമാകുന്ന പൊതുവായ ഉപദേശങ്ങൾക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ് ലൈൻ നമ്പറായ 02070626688 ലേയ്ക്ക് വിളിക്കുക .

സ്വന്തം ലേഖകൻ

ലണ്ടൻ : കൊലയാളി വൈറസ് ബ്രിട്ടന് കനത്ത ഭീഷണിയായി മാറുന്നു. ലോക്ക്ഡൗൺ അടക്കമുള്ള നടപടികൾ രാജ്യം സ്വീകരിച്ചിട്ടും ഇന്നലെ മാത്രം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1452 ആണ്. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 9529 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 43 മരണങ്ങൾ ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 465ലേക്കും ഉയർന്നു. കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർധനവ് അധികാരികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതേസമയം കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ആളുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 504,303 പേർക്കും ഈ അവസ്ഥയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം സേവനത്തിലേക്ക് മടങ്ങിവന്ന എല്ലാ മുൻ എൻ എച്ച് എസ് ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.11,000 ത്തോളം മുൻ ഡോക്ടർമാർ ആരോഗ്യ സേവനത്തിലേക്ക് മടങ്ങിയെത്തും. കൂടാതെ അവരെ സഹായിക്കാൻ 24,000 അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും ഒരുങ്ങിയിട്ടുണ്ട്.

ചാൾസ് രാജകുമാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ സിംഹാസനം വരെയും കൊറോണ ഭീഷണിയിൽ ആയിക്കഴിഞ്ഞു. നെഗറ്റീവ് പരീക്ഷിച്ച ഭാര്യ കാമില്ലയ്ക്കൊപ്പം സ്കോട്ട്‌ലൻഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം. രോഗഭീതിയെത്തുടർന്ന് രാജകൊട്ടാരത്തിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് പോലും രാജ്ഞിയെ കാണുന്നതിന് നിയന്ത്രണങ്ങളുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി ഏപ്രിൽ 21 വരെ പാർലമെന്റ് അടച്ചുപൂട്ടി. പകർച്ചവ്യാധിയെ നേരിടാനുള്ള അടിയന്തര നിയമങ്ങൾ ഇരുസഭകളിലൂടെയും നടപ്പാക്കിയ ശേഷമാണ് ഒരുമാസത്തോളം പാർലമെന്റ് അടച്ചിടാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ലോക്ക്ഡൗൺ ദിനങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ബ്രിട്ടനുപിന്നാലെ ഇന്ത്യയിലും ലോക്ക്ഡൗൺ നടപ്പിലാക്കി. മൂന്നാഴ്ചത്തേക്കാണ് രാജ്യം അടച്ചുപൂട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 12 മരണങ്ങളും 657 കേസുകളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ മരണസംഖ്യ ഇരുപതിനായിരം കടന്നു. 21,200 പേരാണ് ഇതിനകം മരണപെട്ടിരിക്കുന്നത്. 468, 905 പേർക്ക് രോഗം പിടിപെട്ടുകഴിഞ്ഞു. ഭയാനകമായ അന്തരീക്ഷത്തിലൂടെയാണ് ഇറ്റലി കടന്നുപോകുന്നത്. 7,500 മരണങ്ങൾ ഇതുവരെ സംഭവിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം 5000ത്തോളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിക്ക് പുറമെ സ്പെയിൻ, ജർമ്മനി, ഇറാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കനത്ത ഭീഷണിയിലാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തിൽ, മോട്ടോർ വാഹന ഉടമകൾക്ക് ആശ്വാസമായി ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം. എം ഒ റ്റി ടെസ്റ്റിംഗ് ചെയ്യുവാൻ ആറുമാസത്തെ കാലാവധിയാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച, മാർച്ച്‌ 30ന് കാലാവധി തീരുന്ന വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇതോടെ അവശ്യ സേവനങ്ങൾക്ക് ഒരു മുടക്കവും വരത്തില്ലെന്നു ഗവൺമെന്റ് വക്താവ് അറിയിച്ചു. കാറുകൾക്കും,മോട്ടോർ സൈക്കിളുകൾക്കും, വാനുകൾക്കും എല്ലാം ഈ നിയമം ബാധകമാണെങ്കിലും, വാഹനങ്ങൾ എല്ലാം തന്നെ അത്യാവശ്യം റോഡിലൂടെ ഓടുന്നതിനാവശ്യമായ കണ്ടീഷനിൽ ആയിരിക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്. അത്യാവശ്യം റിപ്പയർ വർക്കുകൾക്ക് ഗ്യാരേജുകൾ എല്ലാം തന്നെ തുറന്ന് പ്രവർത്തിക്കുന്നതാണ്. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിരത്തിലൂടെ ഓടിച്ചാൽ ഡ്രൈവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്.

നമ്മൾ സുരക്ഷയ്ക്കാണ് മുഖ്യ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. എം ഒ റ്റി ടെസ്റ്റിങ്ങിനു ആവശ്യമായ കാലാവധി നീട്ടിയതിനനുസരിച്ച്, ഇൻഷുറൻസ് കാലാവധികളും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 30 മുതലാണ് ഈ നിയമം നടപ്പിലാക്കുന്നത്.

തിങ്കളാഴ്ചക്ക് മുൻപ് ഈ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ആവശ്യമായ ചർച്ചകൾ വേണ്ടപ്പെട്ട ഡിപ്പാർട്ട്മെന്റുകളുമായി നടത്തും. നിയമം നടപ്പിലാക്കുന്നതിന് മുമ്പ് യാത്രചെയ്യുന്നവർക്ക് ടെസ്റ്റിംഗ് ബാധകമായിരിക്കും. എന്നാൽ ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ ശ്രദ്ധിക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന ആളുകളുടെ വാഹനങ്ങൾക്ക് പ്രത്യേകം ഇളവുകൾ അനുവദിക്കും. ഡ്രൈവിംഗ് ടെസ്റ്റുകളും, ലോറി, ബസ്, ട്രെയിൻ കോച്ചുകൾ എന്നിവയുടെ ടെസ്റ്റിങ്ങുകളും മറ്റും മൂന്നുമാസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഈ നിയമത്തെ എല്ലാവരും സ്വാഗതം ചെയ്തിരിക്കുകയാണ്. രോഗം പകരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ജനങ്ങൾ എടുക്കണമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി ഓർമ്മിപ്പിച്ചു.

ഒരു ഡോക്ടർ ദമ്പതികൾക്കും അവരുടെ കുട്ടിയുമുൾപ്പടെ പത്തോളംമലയാളികൾക്ക് ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു .ഇതോടെ രോഗബാധിതരായ മലയാളികളുടെ എണ്ണം പതിനെട്ടായി ഉയർന്നു , ബ്രിട്ടനിലെ ആശുപത്രികളിലും കെയർ ഹോമുകളിലും ഉൾപ്പടെ ജോലി ചെയ്യുന്ന ഡോക്ടർമാർ , നഴ്സ് മാർ ഉൾപ്പടെ രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത് എന്നത് മലയാളി സമൂഹത്തിൽ കൂടുത ആശങ്ക ക്കിടയാക്കിയിട്ടുണ്ട്.

കോവിഡ് 19 വ്യാപനം ബ്രിട്ടനിൽ അനുനിമിഷം അനിയന്ത്രിതമായി വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ അടിയന്തിരാവസ്ഥക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .ഭക്ഷണ പദാർഥങ്ങൾ വാങ്ങുന്നതിനോ , ജോലിക്കു പോകുവാനോ, തിരികെ വരുവാനോ , മരുന്നുകളും മറ്റും വാങ്ങുന്നതിനോ അല്ലാതെ മറ്റു കാര്യങ്ങൾക്കായി ആരും വീട് വിട്ടു പുറത്തു പോകരുതെന്ന കർശന നിർദേശമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത് .

ദിവസത്തിൽ ഒരു തവണ ഓടുകയോ , നടക്കുകയോ പോലുള്ള ഏതെങ്കിലും വ്യായാമം ചെയ്യുന്നതിനായി പുറത്തിറങ്ങുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.ആളുകൾ , വീടുകളിൽ തന്നെ കഴിയണം , സുഹൃത്തുക്കളെയോ ,ബന്ധുക്കളെയോ സന്ദര്ശിക്കുവാനോ ആരും ശ്രമിക്കരുത് ,ആരെയും വീടുകളിലേക്ക് സന്ദർശനത്തിനും അനുവദിക്കരുത് , രണ്ടോ അധിലധികമോ ആളുകൾ ഒന്ന് ചേർന്ന് പൊതു നിരത്തുകളിലോ , പൊതു സ്ഥലങ്ങളിലൊ കൂട്ടം ചേരുവാനോ സഞ്ചരിക്കുവാനോ പാടില്ല .

ലൈബ്രറികളും ,ആരാധനാലയങ്ങളും അടക്കണം . തീരെ അത്യാവശ്യമില്ലാത്ത സേവനങ്ങൾ നൽകുന്ന എല്ലാ കടകളും അടച്ചിടുവാനും മാമോദീസ , വിവാഹം , മറ്റു പൊതുപരിപാടികൾ എന്നിവയും ക്യാൻസൽ ചെയ്യണം , വരുന്ന മൂന്നാഴ്ചത്തേക്കാണ് തല്ക്കാലം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കു സ്പോട്ട് ഫൈൻ ഉൾപ്പടെ ചുമത്തുവാൻ പൊലീസിന് പ്രത്യേക അധികാരവും നൽകിയിട്ടുണ്ട് .

എന്നാൽ പൊതു ഗതാഗത സംവിധാനങ്ങൾ ഒന്നും നിർത്തലാക്കിയിട്ടില്ല , ഇതും ജനം പാലിച്ചില്ല എങ്കിൽ രാജ്യം പൂർണ്ണമായും ലോക് ഡൌൺ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .

എന്നാൽ ഈ പ്രഖ്യാപനങ്ങൾക്കുശേഷവും രാജ്യത്തിൻറെ പല ഭാഗത്തും പൊതു സ്ഥലങ്ങളിലും ,ബസുകളിലും , ലണ്ടൻ നഗരത്തിലെ അണ്ടർ ഗ്രൗണ്ട് ട്യൂബുകളിലും ഒക്കെ വലിയ തിരക്കായിരുന്നു അനുഭവപ്പെടുത്തിരുന്നത് ഏതൊക്കെ ജോലികൾ ആണ് അത്യാവശ്യ സർവീസുകളിൽ പെടുന്നതെന്നും , ഏതൊക്കെ ജോലികൾക്കായുള്ളവരാണ് പുറത്തിറങ്ങാൻ സാധിക്കാത്തതെന്നും വ്യക്തമാക്കാതിരുന്നതിനാൽ രാജ്യമെങ്ങും പ്രതിഷേധവും ഉയരുന്നുണ്ട് ഇന്ന് സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത് .

ഇത്രയധികം ആളുകൾക്ക് മരണം സംഭവിക്കുകയും , രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടും രാജ്യത്തെ എയർപോർട്ടുകൾ അടക്കാത്തതിനെതിരെയും കർശന വിമർശനമാണ് ഉയർന്നു വരുന്നത് .വിദേശങ്ങളിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് രണ്ടു ദിവസം കൂടി രാജ്യത്തെ എയർപോർട്ടുകളിൽ കൂടി ഇങ്ങോട്ടേക്ക് എത്താമെന്നും സർക്കാർ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും സർക്കാർ അഭ്യർഥിച്ചു .

കൊറോണ വ്യാപകമായി ട്ടുള്ള നിരവധി രാജ്യങ്ങളിൽ താസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ യാതൊരു നിയന്ത്രണവുംഇല്ലാതെ എയർപോർട്ടുകളിൽ കൂടി ബ്രിട്ടനിൽ എത്തിയാൽ രോഗത്തിന്റെ വ്യാപനം കൂടുതൽ ശക്തമാവുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട് .

ഇതിനിടെ ചൈനയിലും മറ്റു ചില രാജ്യങ്ങളിലും ചെയ്തത് പോലെ കൊറോണ രോഗ ബാധിതർക്കായി പ്രത്യേകം ആശുപത്രികൾ ഉണ്ടാക്കുവാനുള്ള നടപടികളും ബ്രിട്ടൻ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട് .ലണ്ടനിലെ എക്സൽ കൺവെൻഷൻ സെന്റർ പോലെയുള്ള ബൃഹുത്തായ കൺവെൻഷൻ സെന്ററുകളും മറ്റും സ്പെഷ്യൽ കോവിഡ് ആശുപത്രിയാക്കുവാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട് .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെയിലെമ്പാടും ലോക് ഡൗൺ  പ്രഖ്യാപിച്ചതോടുകൂടി തെരുവുകളെല്ലാം തികച്ചും വിജനമാണ്. വളരെ അനുസരണശീലമുള്ള യുകെയിലെ ജനങ്ങൾ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി വീടിനുള്ളിൽ തന്നെ കഴിയുകയാണ്. സമ്മറിന്റെ ആരംഭം ആയതിനാൽ കുട്ടികളൊക്കെ സാധാരണഗതിയിൽ അവധിദിവസങ്ങളിൽ കളിക്കാനായിട്ട് തെരുവുകളിൽ ഇറങ്ങാറുണ്ട് . പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളൊക്കെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. പൊതുവേ പറഞ്ഞാൽ ഭയപ്പെടുത്തുന്ന ഒരു നിശബ്ദതയാണ് തെരുവുകളിൽ ഉള്ളത്. പ്രധാന നിരത്തുകളിലാണെങ്കിലും വാഹന ഗതാഗതം തീർത്തും ഒറ്റപ്പെട്ടതാണ്.

യു കെ മലയാളികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഭൂരിഭാഗംപേരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരായതിനാൽ അവർക്ക് ജോലിക്കുപോയേ തീരൂ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാനായി അർഹതയുണ്ടെങ്കിലും ഭൂരിഭാഗം മലയാളികളും കുട്ടികളെ സ്കൂളുകളിൽ വിടുന്നില്ല എന്നുള്ള തീരുമാനത്തിലാണ് . ഇത് യുകെയിലെ പ്രവാസി മലയാളികളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാരണം ജോലിക്ക് പോകുമ്പോൾ കുട്ടികളെ സംരക്ഷിക്കുന്നതിനായിട്ട് എന്തുചെയ്യണമെന്ന ആലോചനയിലാണ് മലയാളികളിൽ പലരും. സ്കൂളിൽ അയച്ചു കഴിഞ്ഞാൽ അവിടെനിന്ന് കൊറോണ വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടോ എന്ന ആശങ്ക കാരണമാണ് മലയാളികളിലെ ഭൂരിഭാഗം പേരും കുട്ടികളെ സ്കൂളിൽ അയക്കാത്തത്. കൂടാതെ തീർത്തും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ സ്കൂളുകളിൽ അയക്കാവുള്ളൂ എന്ന് സ്കൂളുകളിൽനിന്ന് തന്നെ പലർക്കും നിർദ്ദേശം കിട്ടുകയും ചെയ്തു. ഇതിനുപുറമെ ഭൂരിഭാഗം മലയാളികളും അവരുടെ ജോലി സ്ഥലങ്ങളിൽ കൊറോണ രോഗികളുമായിട്ടാണ് ഇടപഴകേണ്ടി വരുന്നത്. ഇത് പലരിലും മാനസിക പരമായിട്ടുള്ള സ്ട്രെസ്സിനു കാരണമായി തീരുന്നുണ്ട്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ്. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തെ ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്. ഈയൊരു അനിശ്ചിതത്വം ആശങ്കയും തന്നെയാണ് യുകെയിലെ ഭൂരിഭാഗം വരുന്ന മലയാളി കുടുംബങ്ങളിലും നിലനിൽക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥയും.

യുകെ മൊത്തത്തിൽ ലോക് ഡൗൺ ആയപ്പോൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച കമ്മ്യൂണിറ്റികളിൽ ഒന്നാണ് മലയാളി സമൂഹത്തിന്റേത്. കാരണം വളരെയധികം മലയാളി കുടുംബങ്ങളിൽ ഒരാളെങ്കിലും ടാക്സി സർവീസ് പോലുള്ള സ്വയം തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് എന്നുള്ളതാണ്. ഗവൺമെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ പരിമിതമാണ്. ഇത് പല മലയാളി കുടുംബങ്ങളെയും അവരെ ഡിപ്പെൻഡ് ചെയ്ത് ഇന്ത്യയിൽ ജീവിക്കുന്ന അവരുടെ ബന്ധുക്കളെയും സാരമായി ബാധിക്കുന്നതാണ്.

 

ഇന്ത്യൻ നഴ്സുമാർ മിടുക്കരാണെന്ന് ബ്രട്ടീഷ് ഗവൺമെന്റിന്റെ പ്രശംസ. ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് മലയാളി നഴ്സുമാർ പറയുന്നു. കുടുംബത്തിൽ കൊറോണാ വയറസിന്റെ ലക്ഷണങ്ങൾ ഉണ്ട് എന്ന് പറഞ്ഞിട്ടും ഗവൺമെന്റ് പറയുന്ന നിയ്മങ്ങൾ പാലിക്കാതെ പലതരത്തിലുള്ള ഒഴിവുകൾ പറത്ത് അവധി നൽകാതെ ജോലിയിൽ തുടരാൻ മേലധികാരികൾ നിർദ്ദേശിക്കുകയാണിപ്പോൾ. കൊറോണ വയറസിന്റെ ലക്ഷണങ്ങൾ ഇല്ലാതെ ആസ്തമ ചികിത്സയിൽ കഴിയുന്ന മലയാളി യുവതിയോട് കുടുംബം മുഴുവനും പതിനാല് ദിവസം ഐസൊലേഷിനൽ കഴിയണം എന്ന് GP നിർദ്ദേശിച്ചപ്പോൾ, തന്റെ ഭർത്താവിന് ഡയബറ്റിക്സും അസ്തമയമുണ്ട് അതിനാൽ സെൽഫ് ഐസൊലേഷൻ വേണം എന്ന് മലയാളിയായ നഴ്സ് തന്റെ മേലധികാരികളോട് ആവശ്യപ്പെട്ടപ്പോൾ ജോലിയിൽ തുടരാനാണ് മേലധികാരികൾ ആവശ്യപ്പെട്ടത്. ആവശ്യം എന്ന് തോന്നിയാൽ വേറെ താമസ സൗകര്യം ഏർപ്പെടുത്തി തരാം എന്ന് വാഗ്ദാനവും ചെയ്തു. പ്രാദേശീകരായ നഴ്സ്മാരോട് ഇത്തരത്തിലുള്ള ആവശ്യപ്പെടൽ ഇല്ല എന്ന് മലയാളി നഴ്സുമാർ പറയുന്നു. അവർക്ക് ധാരാളം അവധിയും നൽകുന്നു. ബ്രിട്ടണിൽ കൊറോണാ വൈറസ് അതിരൂക്ഷമായി തുടരുമ്പോഴും നിസ്സാര കാരണങ്ങളാൽ അവധിയെടുത്ത് വീട്ടിലിരിക്കുകയാണ് പ്രാദേശികരായ നഴ്സുമാർ. മേലധികാരുടെ ഒത്താശ ഇവരോടൊപ്പമുണ്ട് എന്ന് പരക്കെ ആക്ഷേപമുണ്ട്. മലയാളി നഴ്സ്മാരുടെ ആത്മാർത്ഥതാ മനോഭാവത്തെ ചൂഷണം ചെയ്യുകയാണ് NHS. കൊറോണാ വൈറസുമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും ജോലിയിൽ പ്രവേശിക്കാതിരുന്നാൽ ജോലിയും പിൻനമ്പരും നഷ്ടപ്പെടുമോ എന്ന ഭീതിയും മലയാളി നഴ്സ്മാർക്കുണ്ട്.

കൊറോണ വൈറസിന്റെ ഗൗരവം ഇതു വരെയും പ്രാദേശീകരായ പാശ്ചാത്യർക്ക് മനസ്സിലായിട്ടില്ല. ലോകത്തിൽ മരണനിരക്ക് ഇത്രയധികമായിട്ടും ബ്രട്ടീഷ് ഗവൺമെന്റ് പറയുന്ന ഒരു സുരക്ഷാ നടപടികളും പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല എന്നത് പരിതാപകരം തന്നെ. ആറു മാസത്തിന് ശേഷമുള്ള യുകെയിലെ ഏറ്റവും കൂടിയ ചൂടുള്ള ദിവസമായിരുന്നു ഇന്ന്. പതിനാറ് ഡിഗ്രി ചൂടാണ് ഇന്ന് ബ്രിട്ടണിൽ രേഖപ്പെടുത്തിയത്. കൂട്ടം കൂടി ആൾക്കാർ പാർക്കിലും ബീച്ചിലും നിരത്തുകളിലും നടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അമ്പത് വയസ്സിന് മേൽ പ്രായമുള്ളവരെ വളരെ വിരളമായേ പുറത്ത് കാണുവാൻ സാധിച്ചുള്ളൂ. എഴുപത് വയസ്സിന് മേലുള്ളവർ പുറത്തിറങ്ങരുതെന്ന് ഗവൺമെന്റ് പ്രത്യേക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് യുകെയിൽ 470 പേർ മരിച്ചു കഴിഞ്ഞു. 8077 പേർക്ക് രോഗബാധയുണ്ടെന്നും സ്ഥിതീകരിച്ചു കഴിഞ്ഞു. വരും നാളുകളിൽ ഇത് നിയന്ത്രണാധീതമായി തുടരുമെന്നാണ് കണക്ക് കൂട്ടൽ.

കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടും കൊറോണയുടെ വ്യാപനം തടയാന്‍ കഴിയാതെ യുകെ. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് യുകെയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും ഏറെ മുകളിലായിരിക്കും എന്നാണു കരുതുന്നത്. നാനൂറ്റി ഇരുപതില്‍ അധികം ആളുകളാണ് ഇന്നലെ വരെ യുകെയില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ചാള്‍സ് രാജകുമാരനും കൊറോണ ബാധിതന്‍ ആയിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. 71 വയസ്സുകാരനായ ചാള്‍സ് രാജകുമാരന്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭ്യമായത് ഇന്ന് രാവിലെയാണ്. ബ്രിട്ടനിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഞായറാഴ്ച മുതല്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിലെ സാഹചര്യങ്ങൾ അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം 89 പേരാണ് കൊറോണ ബാധ മൂലം ഒരു ദിവസം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 424 ലേക്ക് ഉയർന്നു. വൈറസ് ബാധ തടയുന്നതിനായി, രാജ്യം മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മരിച്ച 89 പേരിൽ, 83 പേരും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്. രണ്ടുപേർ വെയിൽസിൽ നിന്നും, മൂന്നു പേർ നോർത്തേൺ അയർലണ്ടിൽ നിന്നും, ഒരാൾ സ്കോട്ട്‌ലൻഡിൽ നിന്നുമാണ്. 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ 26 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ മരണപ്പെട്ടവർ 33 മുതൽ 103 വയസ്സിനിടയിൽ പെടുന്നവരാണ്. 33 വയസ്സുള്ള ആളുടെ മരണമാണ് ഏറ്റവും പ്രായം കുറഞ്ഞ മരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഒരു കുട്ടിയുടെ മരണം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ കുട്ടിക്ക് കൊറോണ ബാധ ഉണ്ടെങ്കിലും മരണം ഇതുമൂലം അല്ല എന്ന് പിന്നീട് സ്ഥിരീകരിച്ചു.

രാജ്യത്ത് അവശ്യസാധനങ്ങളുടേതല്ലാത്ത എല്ലാ കടകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മറ്റും ജയിലുകളിലേക്ക് ഉള്ള എല്ലാ സന്ദർശനങ്ങളും കർശനമായി നിരോധിച്ചിരിക്കുകയാണ്. ജനങ്ങൾ അത്യാവശ്യ സേവനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിർദേശവും നൽകിയിട്ടുണ്ട്. ഈ വൈറസ് രണ്ടുമാസത്തോളം നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. അതിനായി ലണ്ടനിലെ എക്സ്ൽ സെന്ററിൽ താൽക്കാലികമായ രോഗികളെ ചികിത്സിക്കാനുള്ള ഒരു ആശുപത്രി അടുത്ത ആഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ പലപ്പോഴും സാമൂഹ്യ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം എന്നും, ജനങ്ങൾ എല്ലാവരും തന്നെ വീടുകളിൽ കഴിയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തു.

ലോകത്താകമാനം കൊറോണയെ പ്രതിരോധിക്കാനുള്ള പല നടപടികളും സ്വീകരിക്കുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് ടോക്കിയോ ഒളിമ്പിക്സ് 2021 ലേക്ക് മാറ്റി. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി നൽകുന്ന കണക്കു പ്രകാരം ലോകത്താകമാനം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ലോകത്താകമാനമുള്ള മരണ സംഖ്യ 17000 കടന്നു. ഒരു ലക്ഷത്തിലധികം പേർക്ക് രോഗം ഭേദമായതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജർമ്മനി കൊറോണയെ പ്രതിരോധിക്കുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം ഡബ്ല്യു എച്ച് ഒ നൽകിയിട്ടുണ്ട്.

Copyright © . All rights reserved