ഡർബി: യുകെ മലയാളി കുടുംബങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെ ദുഷ്ക്കരമായ പാതയിൽ കൂടിയാണ്. ഒരു മരണം നടന്നാൽ അതിൽ പങ്കെടുക്കാൻ പോലും നിർവാഹമില്ലാത്ത ഒരു സാമൂഹിക അവസ്ഥ.. ഒരു കൂട്ടുകാരൻ, സഹപ്രവർത്തകൻ.. വേണ്ട അത് അമ്മയാകാം അച്ഛനാകാം, ഭാര്യയാകാം, ഭർത്താവ്, മക്കൾ ആകാം… തന്റെ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നുള്ള് മണ്ണിടുവാൻ പോലും ഉള്ള അവസരം വെട്ടിച്ചുരുക്കിയ കൊറോണ എന്ന വൈറസ് … ഇതിനെല്ലാം നടുവിൽ ആണ് ഡെർബിയിൽ നിര്യാതനായ സിബി മോളെപറമ്പിൽ മാണിയുടെ ശവസംസ്ക്കാരം ഇന്ന് നടന്നത്.മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ 9.45 നു തന്നെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. ഏകദേശം നാൽപത് മിനിട്ടാണ് വീട്ടിലുള്ള പ്രാർത്ഥനയ്ക്കായി എടുത്തത്. യുകെയിലെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് സമയക്രമം പോലും പാലിച്ചുകൊണ്ടാണ് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കിയത്. മാർ ബസേലിയസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി ഡെർബിയുടെ ചുമതല വഹിക്കുന്ന ഫാദർ സിജു വർഗീസ് കൗങ്ങമ്പിള്ളിൽ ആണ് നേതൃത്വം നൽകിയത്.തുടർന്നുള്ള ചടങ്ങുകൾക്കായി ഡെർബിയിൽ നിന്നും കുറച്ചകലെയുള്ള നോട്ടിങ്ഹാം റോഡ് സെമെട്രിയിൽ പതിനൊന്ന് മണിയോടെ എത്തിച്ചേർന്നു. പതിനൊന്നരയോടെ സെമെട്രിയിലെ ശവസംക്കാര ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. നാട്ടിൽ ബോഡി കൊണ്ടുപോകാൻ ഉള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അതിന് ശ്രമിച്ചില്ല. എന്നാൽ  നാട്ടിൽ ഉള്ളവരുടെ ബന്ധുക്കളുടെ വിഷമതകൾ ഒരുപരിധി വരെ കുറയ്ക്കുവാൻ ശവസംസ്ക്കാര ചടങ്ങുകൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്‌തത്‌ സഹായിച്ചു.1970 തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള വടകരയിൽ മോളെപ്പറമ്പിൽ MR & MRS മാണി സ്‌കറിയയുടെ മകനായി ജനനം. സെന്റ് ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഇടവകാംഗം. ഒരു സഹോദരി മാത്രമാണ് സിബിക്ക് ഉള്ളത്, പേര് സിനി. ഉഴവൂർ കോളേജിൽ വിദ്യാഭ്യസം പൂർത്തിയാക്കിയ സിബി പിന്നീട് മൈസൂർ  ജെ എസ് എസ് കോളേജ് ഓഫ് ഫർമസിയിൽ ഉന്നത ബിരുദം കരസ്തമാക്കി.

ജീവിത യാത്രയിൽ സിബിയുടെ ജീവിത പങ്കാളിയായി അങ്കമാലിക്കാരി അനു വർക്കി കടന്നുവന്നു. സിബിയുടെയും അനുവിന്റെയും സ്വപനങ്ങൾക്ക് ചിറകുകൾ നൽകി ജോൺ സക്കറിയ, മാർക്ക് സക്കറിയ എന്നീ രണ്ട് ആൺ കുട്ടികൾ. കുടുംബ ജീവിതത്തിലെ തിരക്കുകൾ ഉള്ളപ്പോഴും നാട്ടിലെ സാമൂഹിക, സാമുദായിക മണ്ഡലത്തിൽ ഒരു ക്രിയാത്മക വ്യക്തിയായി നിലകൊണ്ടിരുന്നു പരേതനായ സിബി മാണി. എപ്പോഴും ചെറു പുഞ്ചിരിയോടെ കൂടി ഇടവക പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന സിബി എല്ലാവരുടെയും ഇഷ്ടകഥാപാത്രമായിരുന്നു.യുകെയിൽ വന്നശേഷവും താൻ ചെയ്‌തു വന്ന പ്രവർത്തികൾ സമൂഹത്തിനായി ചെയ്യുന്നതിൽ കുറവ് വരുത്തിയിരുന്നില്ല. ഡെർബിയിലെ മലയാളികളുടെ പ്രിയപ്പെട്ട സിബിക്ക് കൊറോണ വൈറസ് ബന്ധിച്ചപ്പോഴും ഒരാളും ഇത്തരമൊരു ദുരന്തം മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല.അങ്ങനെ യുകെയിലെ മലയാളികളുടെ  ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് സിബി മരണപ്പെടുന്നത്.

ഇദ്ദേഹത്തിന് കാർഡിയാക് അറസ്ററ് ഉണ്ടായതാണ്  മരണത്തിന് കാരണമായത്. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്.[ot-video][/ot-video]