മറ്റൊരു രാജ്യവും നേരിടാത്ത കടുത്ത പരീക്ഷണത്തിലൂടെയാണ് ബ്രിട്ടൻ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യവിഭാഗം തലവൻ അഥവാ ചീഫ് മെഡിക്കൽ ഓഫീസർക്കും കിരീടാവകാശിക്കും വരെ കൊറോണ ബാധിച്ചതോടെ രാജ്യത്ത് ഭരിക്കാൻ പോലും ആളില്ലാത്ത അനിശ്ചിതത്വമാണ് ബ്രിട്ടനിലുണ്ടായിരിക്കുന്നത്.ഇത്തരത്തിൽ പ്രമുഖർക്ക് പണി കിട്ടിയതോടെ ഇവരുമായി അടുത്തിടപഴകിയ സകലരെയും ക്വോറന്റീൻ ചെയ്യേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കോവിഡ്-19 പടർന്ന് പിടിച്ച് 759 പേർ മരിക്കുകയും 15,000 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിക്കപ്പെട്ട കണക്കുകൾ.
വേണ്ടത്ര കൊറോണ ടെസ്റ്റിങ് സംവിധാനം യുകെയിൽ ഇല്ലാത്തതാണ് കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയിരിക്കുന്നതെന്ന വിമർശനം ശരിയാണെന്ന് തെളിയിക്കുകയാണ് ഇവിടെ പ്രമുഖർക്ക് പോലും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്.ഇത്തരത്തിൽ രാജ്യത്തെ നിർണായകമായ വ്യക്തികളെ പോലും കോവിഡ്-19 ബാധയിൽ നിന്നും സംരക്ഷിക്കാൻ സാധിക്കാത്ത നിലവിലെ ഗവൺമെന്റ് ഇക്കാര്യത്തിൽ തികഞ്ഞ പരാജയമാണെന്ന ആരോപണവും ശക്തമാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോറിസും ക്രിസ് വിറ്റിയും സെൽഫ് ഐസൊലേഷനിലാണ്. എന്നാൽ ഇവർ വീട്ടിലിരുന്ന് കൊണ്ട് ഔദ്യോഗിക കർത്തവ്യങ്ങൾ നിറവേറ്റുന്നുണ്ട്.
നേതൃത്വത്തിന് ആളില്ലാതായതോടെ കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കൽ ഗോവാണ് രാജ്യത്തെ കൊറോണ വൈറസ് പോരാട്ടത്തിന് നേരിട്ട് നേതൃത്വം കൊടുക്കാൻ നിർബന്ധിതനായത്. ഇന്നലെ നമ്പർ പത്തിൽ വച്ച് നടന്ന കൊറോണ വൈറസ് ഇത് സംബന്ധിച്ച പത്രസമ്മേളനമൊക്കെ നടത്തിയത് ഗോവായിരുന്നു. ബോറിസിനും ഹാൻകോക്കിനും കോവിഡ് ബാധയുണ്ടായത് ഇക്കാര്യത്തിൽ ഗവൺമെന്റിനുണ്ടായ പിഴവിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് ഗോവിന് മുന്നിൽ നിരവധി ഉറവിടങ്ങളിൽ നിന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വേണ്ടത്ര കോവിഡ് ടെസ്റ്റുകൾ ഗവൺമെന്റ് പ്രദാനം ചെയ്യാത്തതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്തിയതെന്ന വിമർശനവും ഇതേ തുടർന്ന് കൂടുതൽ കൂടുതൽ ശക്തമാവുകയാണ്.
എൻഎച്ച്എസ് ജീവനക്കാരടക്കമുള്ളവർക്ക് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം അടുത്ത ആഴ്ച മുതൽ വ്യാപകമാക്കുമെന്ന് വിമർശകരുടെ നാവടപ്പിക്കാനെന്ന മട്ടിൽ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ ഗോവ് പ്രഖ്യാപിച്ചിരുന്നു. ബോറിസിനും ഹാൻകോക്കിനും മറ്റ് പ്രമുഖർക്കും കോവിഡ് പിടിപെട്ടതിനെ വേർതിരിച്ച് കാണേണ്ടതില്ലെന്നും രാജ്യത്തെ എല്ലാവരും കോവിഡ് ബാധ ഭീഷണിയിലാണെന്നുമാണ് ഗോവ് പറയുന്നത്. വൈറസിന് പ്രമുഖരും സാധാരണക്കാരുമെന്ന വേർതിരിവില്ലെന്നും നാം ആരും സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഗോവ് മുന്നറിയിപ്പേകുന്നു.
സീനിയർ മിനിസ്റ്റർമാർ, ഒഫീഷ്യലുകൾ, എയ്ഡുമാർ തുടങ്ങിയവർ ആരായാലും അവർ കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മാത്രമേ അവരെ ടെസ്റ്റിന് വിധേയമാക്കാറുള്ളൂവെന്നാണ് ഡൗണിങ് സ്ട്രീറ്റ് പറയുന്നത്. ഇത് ശരിയാണ സമീപനമാണെന്നും കൊറോണ സംബന്ധിച്ച ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമേ ടെസ്റ്റിന് വിധേയമാക്കുന്നുള്ളൂവെന്നും ഗോവ് റിപ്പോർട്ടർമാരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ബോറിസിന് കൊറോണ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ പങ്കാളിയും 5 മാസം ഗർഭിണിയുമായ കാതി സിമൺസ്(32) രോഗമില്ലെങ്കിലും ഐസൊലേഷനിൽ പ്രവേശിക്കേണ്ടി വരും.
ഇതിന് പുറമെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ സ്റ്റാഫുകളും സീനിയർ മിനിസ്റ്റർമാരും അടക്കമുള്ള നിരവധി പേർ കൂടി ഇനി സമ്പർക്ക വിലക്കിലേക്ക് പോകേണ്ടി വരും.ബോറിസിന് ഒരാഴ്ചത്തെ ഐസൊലേഷനാണ് നിർദേശിച്ചിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ബോറിസുമായി എത്ര പേർ അടുത്തിടപഴകിയെന്ന കാര്യത്തിൽ അവ്യക്തതയുള്ളത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെ തുടർന്ന് മറ്റ് നിരവധി മന്ത്രിമാർക്കും കോവിഡ് ബാധയുണ്ടാകുന്നതിന് സാധ്യതയേറിയിരിക്കുകയാണ്.
കോവിഡ് 19ന്റെ വ്യാപനസാധ്യത കരുതലോടെ മനസിലാക്കാതിരുന്നതാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിരിച്ചടിയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഇത് വ്യക്തമാക്കുന്നു. പ്രതിരോധ മരുന്നുകളിലൂടെ കോവിഡിന്റെ സമൂഹവ്യാപനം തടയാനാകും എന്നായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അന്ന് നൽകിയിരുന്ന ഉപദേശം.
ഇത് മുഖവിലയ്ക്ക് എടുത്ത അദ്ദേഹം ഹസ്തദാനം പോലും ഒഴുവാക്കിയിരുന്നില്ല. ആശുപത്രിയിലെ രോഗികൾക്ക് പോലും ഹസ്തദാനം നൽകിയെന്ന് ബോറിസ് ജോൺസൻ തന്നെ വ്യക്തമാക്കിയിരുന്നു. ‘എനിക്ക് ഒരു പേടിയുമില്ല. ഇന്നലെ ആശുപത്രിയില്‍ പോയപ്പോഴും ഞാന്‍ ഹസ്തദാനം നടത്തി..’ അദ്ദേഹം പലയിടത്തും ആവര്‍ത്തിച്ചു. അമിത ആത്മവിശ്വാസം വിനയായെന്ന് പ്രതിപക്ഷ കക്ഷികളടക്കം ഒളിയമ്പെയ്തുകഴിഞ്ഞു. രാജ്യത്ത് വ്യാപക വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.
രോഗലക്ഷണങ്ങളെ തുടർന്ന് ബോറിസ് സ്വയം ക്വാറന്റീനിൽ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറൻസിലൂടെ ചുമതലകൾ നിറവേറ്റുമെന്നാണ് ബോറിസ് ജോൺസൻ അറിയിച്ചിരിക്കുന്നത്.
യുകെയിൽ ഇതുവരെ 11,658 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 578 പേർ മരിച്ചു. യുഎസ്, ഇറ്റലി, ചൈന, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു ശേഷം കോവിഡ് സ്ഥിതി ഏറ്റവും വഷളായിരിക്കുന്നത് ബ്രിട്ടനിലാണ്. കഴിഞ്ഞ ദിവസം രാജകുടുംബാംഗം ചാൾഡ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്കോട്‌ലൻഡിലെ ബാൽമൊറാലിൽ ഉള്ള രാജകുമാരനു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്.
പടനയിക്കുന്ന പട നായകന്മാർ ഒന്നടങ്കം കൊറോണ വൈറസിന് കീഴടങ്ങിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ. ബോറിസ് ജോൺസനു പിന്നാലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കോവിഡ് – 19 സ്ഥിരീകരിച്ചു. പൂർണവിശ്രമത്തിനുള്ള ഉപദേശം ലഭിച്ചതായി ഹാൻകോക്ക് ട്വിറ്ററിൽ കുറിച്ചു. ലഘുവായ രീതിയിലുള്ള രോഗലക്ഷണങ്ങളേ അദ്ദേഹത്തിന് ഉള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയോടെ തന്റെ ഐസോലേഷൻ തീരും എന്ന പ്രത്യാശയിലാണ് അദ്ദേഹം.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കൊറോണ വൈറസ് ബാധിച്ചു . കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവാണെന്നും , കൊറോണ ബാധയുടെ ചെറിയ ലക്ഷങ്ങൾ ബോറിസ് ജോൺസനിൽ കണ്ടു തുടങ്ങിയതായും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വൈറ്റി പ്രസ്താവനയിൽ അറിയിച്ചു .
കഴിഞ്ഞ 24 മണിക്കൂറുകളായിട്ട് കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങളായ പനിയും ചുമയും തുടങ്ങിയിരുന്നു . അതുകൊണ്ട് തന്നെ താൻ സെൽഫ് ഐസൊലേഷനിലേയ്ക്ക് മാറുകയാണെന്നും എന്നാൽ വീട്ടിൽ ഇരുന്നുകൊണ്ട് ഗണ്മെന്റിനൊപ്പവും , നിങ്ങളോടൊപ്പവും ചേർന്ന് നിന്ന് കോറാണയ്ക്കെതിരെ പോരാടുമെന്നും ബോറിസ് ജോൺസൺ വീഡിയോ കോൺഫറൻസിലൂടെ അറിയിച്ചു .
കോവിഡ് 19 സ്ഥിരീകരിച്ച താൻ പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഔദ്യോഗിക വസതിയില്‍ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറസിലൂടെ ചുമതലകള്‍ നിറവേറ്റുമെന്നും ബോറിസ് ജോണ്‍സന്‍ അറിയിച്ചു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിന് ശേഷമാണ് ബോറിസിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
[ot-video]
Over the last 24 hours I have developed mild symptoms and tested positive for coronavirus.
I am now self-isolating, but I will continue to lead the government’s response via video-conference as we fight this virus.
Together we will beat this. #StayHomeSaveLives pic.twitter.com/9Te6aFP0Ri
— Boris Johnson #StayHomeSaveLives (@BorisJohnson) March 27, 2020
[/ot-video]
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുൻ ന്യൂസീലൻഡ് താരം. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡ് ജഴ്സിയിൽ കളിച്ചിരുന്ന നീൽ ഒബ്രീനാണ് കുടുംബത്തിന്റെ അടുത്തെത്താൻ വിമാന ടിക്കറ്റിന് പണം േതടി പുതിയൊരു തന്ത്രം പയറ്റുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ന്യൂസീലൻഡിൽ കുടുങ്ങിപ്പോയ ഒബ്രീന്, വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്കു തിരികെ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കയ്യിലുള്ള പണവും തീർന്നതോടെയാണ് ഇംഗ്ലണ്ടിലേക്കു മടങ്ങാൻ ‘ക്രൗഡ് ഫണ്ടിങ്’ എന്ന മാർഗം തേടുന്നത്.
ആരാധകരുമായി സ്കൈപ്പിലൂടെയോ മറ്റു വിഡിയോ കോൾ സംവിധാനങ്ങളിലൂടെയോ സംവദിക്കാം, പണം തന്നാൽ മതിയെന്നാണ് ഒബ്രീൻ പറയുന്നത്. ഇതല്ലാതെ നാട്ടിലേക്കു മടങ്ങാൻ പണം കണ്ടെത്താൻ വേറെ വഴിയില്ലെന്നും ഒബ്രീൻ പറയുന്നു. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡിനായി 22 ടെസ്റ്റും 10 ഏകദിനവും നാലു ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഒബ്രീൻ. ഒബ്രീന്റെ ട്വീറ്റിൽനിന്ന്:
‘ഓകെ, ഇംഗ്ലണ്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റിന് പണം കണ്ടെത്തുന്നതിന് പുതിയൊരു വഴി തേടുന്നു. ഇതാണ് ആശയം. ക്രിക്കറ്റ്, രാഷ്ട്രീയം, സോസേജ്, മാനസികാരോഗ്യം, സച്ചിൻ തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും ഞാനുമായി 20 മിനിറ്റ് സ്കൈപ്പ്/വിഡിയോ കോൾ ചെയ്യാൻ അവസരം. എനിക്ക് ചെറിയ രീതിയിൽ പണം നൽകാൻ സന്നദ്ധതയുള്ള ആർക്കെങ്കിലും ഈ ആശയത്തിൽ താൽപര്യമുണ്ടെങ്കിൽ മെസേജ് അയയ്ക്കൂ’ – ഒബ്രീൻ എഴുതി.
∙ ഒബ്രീൻ കുടുങ്ങിയതെങ്ങനെ?
വിരമിച്ചശേഷം ഭാര്യയും മക്കളുമൊത്ത് യുകെയിൽ സ്ഥിരതാമസമാക്കിയ ഒബ്രീൻ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഏതാനും ദിവസം മുൻപ് ന്യൂസീലൻഡിലെത്തിയത്. ലോകവ്യാപകമായി കോവിഡ് ഭീതി പടർന്നുപിടിച്ചതോടെ യുകെയിലേക്കു മടങ്ങാൻ ഉദ്ദേശിച്ചതിലും നേരത്തെ ഒബ്രീൻ ടിക്കറ്റും ബുക്കു ചെയ്തു. പക്ഷേ, മൂന്നു തവണ ടിക്കറ്റ് ബുക്കു ചെയ്തെങ്കിലും ആ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഇതോടെ ന്യൂസീലൻഡിൽ കുടുങ്ങിയ അവസ്ഥയിലായി താരം.
യുകെയിൽ വൈറസ് പടർന്നുപിടിച്ചതോടെ രോഗിയായ ഭാര്യയെ ചൊല്ലിയാണ് ഒബ്രീന്റെ ആശങ്ക. ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മക്കൾ രണ്ടുപേരും തീരെ ചെറുപ്പമാണ്. ഒപ്പമുള്ള അമ്മയ്ക്കാണെങ്കിൽ വയസ്സ് 80 കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഭാര്യ റോസിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഒബ്രീന്റെ വിഷമം. ഈ സമയത്ത് അവൾക്ക് ആശ്വാസമേകേണ്ട തനിക്ക് കൂടെ നിൽക്കാൻ പറ്റിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു.
‘ഈ വൈറസിന് അവളുടെ ജീവനെടുക്കാനാകും. രണ്ടു കൊച്ചു കുട്ടികളും 80 വയസ്സ് പിന്നിട്ട അമ്മയുമൊത്ത് അവൾ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് എന്റെ ആശങ്ക. ഒപ്പം നിന്ന് അവളുടെ വിഷമം പങ്കുവയ്ക്കേണ്ട ആളാണ് ഞാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ അവളുടെ വിഷമം കൂട്ടാൻ മാത്രമേ എന്നേക്കൊണ്ടു പറ്റുന്നുള്ളൂ’ – ഒബ്രീൻ പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ കൊറോണവൈറസ് സംഹാരതാണ്ഡവം തുടരുന്നു. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗം ബാധിച്ച് മരിച്ചവർ 115 പേരാണ്. ഇതോടെ 578 പേർ ഇതുവരെ മരണപെട്ടുകഴിഞ്ഞു. ഒപ്പം ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2, 389 കേസുകളും ചേർത്ത് രോഗബാധിതരുടെ എണ്ണം 11,658 ആയി ഉയർന്നു. പ്രതിദിനം ഇത്രയധികം മരണങ്ങളും കേസുകളും ഉണ്ടാകുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഇറ്റലിക്കോ യുഎസ്എയ്‌ക്കോ സമാനമായ സാഹചര്യത്തിലേക്ക് ബ്രിട്ടൻ നീങ്ങുമോയെന്ന് ഏവരും ഭയപ്പെടുന്നു. എന്നാൽ ആ അവസ്ഥയിലേക്ക് ബ്രിട്ടനെ തള്ളിവിടാതിരിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ബോറിസ് ജോൺസണും സംഘവും. കൊറോണ വൈറസ് പ്രതിസന്ധി നേരിടാൻ 10,000 വെന്റിലേറ്ററുകൾ നിർമിക്കാൻ ബ്രിട്ടീഷ് ഇൻവെന്റർ സർ ജെയിംസ് ഡിസൈന്റെ നേതൃത്വത്തിലുള്ള കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് പുതിയ തരം വെന്റിലേറ്റർ രൂപകൽപ്പന ചെയ്തതായി കമ്പനി അറിയിച്ചു. ഇതിന്റെ ഉല്പാദനത്തിന് രണ്ടാഴ്ചത്തോളം സമയം വേണ്ടിവരുമെന്ന് അവർ അറിയിച്ചു. നിലവിൽ എൻഎച്ച്‌എസിൽ വെറും 8,000 വെന്റിലേറ്ററുകളാണുള്ളത്. ആഭ്യന്തര, അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് 8,000 കൂടി വാങ്ങാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. വൈറസ് ബാധിതരെ ചികിത്സിക്കാൻ എൻഎച്ച്‌എസിന് കുറഞ്ഞത് 30,000 എങ്കിലും ആവശ്യമാണെന്ന് ഇത് വെളിവാക്കുന്നു.
അതേസമയം സ്വയം തൊഴിൽ ചെയ്യുന്ന രോഗബാധിതരെ ലോക്ക്ഡൗൺ കാലത്ത് പിന്തുണയ്ക്കാൻ പുതിയ പാക്കേജ് ചാൻസിലർ റിഷി സുനക് അവതരിപ്പിച്ചു. രോഗം ബാധിച്ചവർക്കുള്ള സഹായം കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഉണ്ടായിരിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ഉദാരമായ പാക്കേജുകളിലൊന്നാണെന്നും റിഷി സുനക് പറഞ്ഞു. ക്ലീനർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, സംഗീതജ്ഞർ, ഹെയർഡ്രെസ്സർമാർ തുടങ്ങിയവർക്ക് ഈ പാക്കേജ് സഹായമാകും. ഈ ജോലിക്കാരുടെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി പ്രതിമാസ ലാഭത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രാന്റ് ലഭിക്കുക. നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജനുവരി 31 നഷ്‌ടമായ ആർക്കും ഈ പദ്ധതി നഷ്‌ടപ്പെടാതിരിക്കാനായി റിട്ടേൺ സമർപ്പിക്കാൻ നാല് ആഴ്ച സമയമുണ്ട്. സ്വയംതൊഴിലാളികളായ 95% പേർക്കും ഈ സഹായം സഹായിക്കുമെന്ന് ചാൻസലർ പറഞ്ഞു. ശരാശരി 200,000 പൗണ്ടിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് ഈ സഹായം ലഭിക്കില്ല. യോഗ്യതയുള്ളവരെ എച്ച്എംആർസി ബന്ധപ്പെടുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും. 3.8 ദശലക്ഷം ആളുകൾ ഈ പദ്ധതിക്ക് അർഹരാണെന്ന് ട്രഷറി അധികൃതർ കരുതുന്നു. കൊറോണ വൈറസ് മൂലം വരുമാനം നഷ്ടപ്പെട്ടുവെന്ന് അപേക്ഷകർ ഒരു ഓൺലൈൻ ഡിക്ലറേഷൻ ഫോം വഴി അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്. മെയ് മുതൽ മൂന്നുമാസം വരെ പരിരക്ഷ നൽകുമെങ്കിലും ജൂൺ തുടക്കത്തിൽ മാത്രമേ വരുമാന സഹായ ഗ്രാന്റുകൾ നൽകാൻ തുടങ്ങുകയുള്ളൂവെന്ന് ട്രഷറി പറഞ്ഞതിനെ തുടർന്ന് വിമർശനം ഉയർന്നു.
കൊറോണ വൈറസ് വാക്സിൻ കണ്ടെത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ധനസഹായമായി യുകെ, 210 മില്യൺ ഡോളർ പ്രഖ്യാപിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ദേശീയ ആരോഗ്യ സേവനത്തെ പിന്തുണയ്ക്കാൻ 560,000 പേർ സന്നദ്ധത പ്രകടിപ്പിച്ചതായി ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഇത് അതിശയകരമായ വാർത്തയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലോകരാജ്യങ്ങളെല്ലാം കൊറോണ വൈറസ് വ്യാപനത്തിൽ തകർന്നടിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആകെ മരണങ്ങൾ 25000ത്തോട് അടുക്കുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,000 ആണ്. ആകെ 85000 കേസുകൾ ആയതോടെ ചൈനയേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മുന്നിലെത്തി.
സ്വന്തം ലേഖകൻ
24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്യപ്പെട്ടവരിൽ കോവിഡ് 19 പോസിറ്റീവ് ആയത് ഒരു വലിയ സംഖ്യ. അതിൽ പലരും ഐസൊലേഷൻ വാർഡുകളിൽ തുടർന്നവരാണ്. ഹെയർഫോർഡ്ഷയറിലും വോർസെസ്റ്റർഷയറിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. യുകെയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൊത്തം 49 പേരാണ് പോസിറ്റീവ് ആയത്, അതിൽ ഗ്ലൗസെസ്റ്റർഷെയറിലെ റോയൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ആഴ്ച ചികിത്സയിലായിരുന്ന ഒരു മുതിർന്ന പൗരൻ മരണപ്പെട്ടു.
വോർസെസ്റ്റർഷെയറിലെ അതിർത്തിക്കുള്ളിൽ 38 കേസുകളുണ്ട്, ഹെയർഫോർഡ്ഷയറിൽ 15ഉം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിൽ 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിൽട്ട്ഷയറിൽ 34 കൊറോണ കേസുകളും, സ്വിൻഡനിൽ ഏഴും, ഓക്സ്ഫോർഡ്ഷയറിൽ 69 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാജ്യത്തുടനീളം സ്കൂളുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. എൻ എച്ച് എസ് രാജ്യത്തെ ജനങ്ങളോട് വീട്ടിനുള്ളിൽ തന്നെ ഇരിക്കാനും രോഗ ബാധ തടയാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക്, കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 422 ആയി ഉയർന്നെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരണസംഖ്യ കുറയ്ക്കാനായി ദയവുചെയ്ത് സഹകരിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച നൈറ്റിംഗേൽ ഹോസ്പിറ്റൽ എന്ന പേരിൽ 4000 രോഗികളെ ഉൾക്കൊള്ളാവുന്ന പുതിയ ഒരു ആശുപത്രി ഈസ്റ്റ് ലണ്ടനിൽ തുറന്നതായി അദ്ദേഹം പറഞ്ഞു.
ഗ്ലൗസെസ്റ്റർ ഷെയറിൽ 234000 ആളുകൾ കൊറോണ വൈറസ് മൂലം രോഗബാധിതരാവാൻ സാധ്യത ഉള്ളവരാണ്. എന്നാൽ യുകെ നടത്തിയ അലംഭാവപരമായ നിലപാടാണ് ഇത്രയധികം രോഗം പടർന്നു പിടിക്കാൻ കാരണമായതെന്ന് ഇറ്റലിയുടെ സയന്റിഫിക് അഡ്വൈസർ ആയ വാൾട്ടർ റിക്കാർഡി ആരോപിച്ചു. ഒരു പത്ത് ദിവസം മുൻപ് എങ്കിലും യുകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നില്ല എന്നും, ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം കുറയുന്നത് കണ്ടെങ്കിലും നേരത്തെ യുകെ ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടത് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ആശ്വാസം പകർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ തീരുമാനം.ജോലിക്ക് വരുന്ന സ്റ്റാഫുകളുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസ് ഒഴിവാക്കിയ ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയായി 50 പൗണ്ട് മുതൽ 200 പൗണ്ട് വരെ പാർക്കിംഗ് ഫീസ് ആയി സ്റ്റാഫുകൾ നൽകേണ്ടിയിരുന്നു. ഇതിനെതിരെ 415000 ത്തോളം സ്റ്റാഫുകൾ ചേർന്ന് ഒപ്പിട്ട പെറ്റീഷൻ സർക്കാരിന് സമർപ്പിച്ചിരുന്നു. കോവിഡ് ബാധ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളിലുള്ള കാർ പാർക്കിംഗ് ഏരിയകളും എൻഎച്ച്എസ് സ്റ്റാഫുകൾക്ക് സൗജന്യമായി നൽകുമെന്ന് നാഷണൽ കാർപാർക്കിംഗ് ഏജൻസി അറിയിച്ചു. എൻഎച്ച്എസ് സ്റ്റാഫുകൾ ചെയ്യുന്ന സേവനങ്ങൾ വലിയതാണെന്നും, അവരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.
അതിനാൽ തന്നെ ഇവരുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസുകൾ ഇളവാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. 405,000 ത്തോളം വരുന്ന എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നന്ദി അർപ്പിച്ചു. ഇവർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ ബാധയെത്തുടർന്ന് ബ്രിട്ടണിൽ ഇതുവരെ 578 പേരാണ് മരണപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി കാലഘട്ടത്തിൽ എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രചോദനം നൽകുന്നതിനായി ആളുകൾ എല്ലാവരും വീടുകൾക്ക് പുറത്തിറങ്ങി കൈയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു. അയർലൻഡിൽ മാത്രം 19 പേരാണ് കൊറോണ ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസ് പിടിപെടാൻ സാധ്യതയുള്ളതിനാൽ ജാമ്യത്തിനായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ നൽകിയ അപേക്ഷ ബ്രിട്ടീഷ് ജഡ്ജി നിരസിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം 15 ൽ താഴെ ആളുകൾ മാത്രം ഹാജരായ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു അപേക്ഷ പരിഗണിച്ചത്.
ജയിലിൽ വൈറസ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നും തടവുകാരെ സംരക്ഷിക്കാൻ ബെൽമാർഷ് ജയിൽ അധികൃതർ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ജഡ്ജി വനേസ ബരൈറ്റ്‌സർ പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പെട്ടെന്ന് മാറിയേക്കാമെങ്കിലും അസാഞ്ചെക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. ‘ഈ ആഗോള മഹാമാരി ജാമ്യം നൽകാൻ ഒരു കാരണമേയല്ല. മാത്രവുമല്ല, മുൻകാല പെരുമാറ്റത്തെ അടിസ്ഥാനമാക്കി, മോചിതനായാൽ തന്നെ ഇയാൾ വിചാരണക്ക് ഹാജരാകുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ജാമ്യം നിരസിക്കുകയാണ്’ എന്നായിരുന്നു വനേസ ബരൈറ്റ്‌സറുടെ പ്രതികരണം.
പ്രതിഭാഗം അഭിഭാഷകൻ എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡ് ക്യുസി ഫെയ്സ് മാസ്ക് ധരിച്ചാണ് കോടതിയിൽ ഹാജരായത്. നെഞ്ചിലും പല്ലിലും അണുബാധയും ഓസ്റ്റിയോപൊറോസിസും ഉള്ള അസാഞ്ചിന് പെട്ടന്നുതന്നെ അണുബാധ യേൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഫിറ്റ്സ്ജെറാൾഡിന്റെ പ്രധാന വാദം. ബെൽമാർഷ് ജയിലിൽ 100 പേർ ഐസൊലേഷനിൽ ആയതിനാൽ മറ്റാർക്കും അവിടേക്ക് പ്രവേശനമില്ലാത്തതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ തുടർച്ചയായി ജയിലിൽ അടച്ചാൽ ആർക്കും രക്ഷപ്പെടാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതവും ഗുരുതരമായി അപകടത്തിലാകുമെന്ന് ഫിറ്റ്സ്ജെറാൾഡ് കോടതിയെ അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ കാരണം അസാഞ്ചെയുടെ അടുത്ത വിചാരണ വാദം മെയ് 18-ന് മാറ്റിവയ്ക്കാനുള്ള സാധ്യതയും അഭിഭാഷകൻ ഉയർത്തി.
48കാരനായ അസാഞ്ചയുടെ ആരോഗ്യം വളരെ മോശമാണെന്നും വിദഗ്‌ധ ചികിൽസ അടിയന്തരമായി നൽകണമെന്നും നേരത്തെ യുഎൻ വക്താവ് ആവശ്യപ്പെട്ടിരുന്നു. 2010ല്‍ ലോകരാജ്യങ്ങളുടെ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടി. ഇവിടെ നിന്ന് ബ്രീട്ടിഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാല സജീവ് കുമാർ
ലണ്ടൻ : മരണ ഭീതിയിൽ കഴിഞ്ഞ യുകെ മലയാളികൾക്ക് ആശ്വാസമായി മാറിയ ഡോക്ടർമാർ അടക്കമുള്ള ഈ ക്ലിനിക്കൽ – അഡ്‌വൈസ് ടീമിനെ നമ്മുക്ക് അഭിനന്ദിക്കാം . കടുത്ത നിയന്ത്രണങ്ങളോടെ ലോകരാജ്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ചിട്ടും, ഭീതിദമായ വേഗത്തിൽ പടർന്നു പിടിക്കുന്ന മഹാമാരിയായി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം മാറിക്കൊണ്ടിരിക്കുകയാണ്. യുകെയിലെ മലയാളികൾക്ക് ഈ സാംക്രമിക രോഗത്തെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും, നിയന്ത്രണമാർഗ്ഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനും, രോഗലക്ഷണങ്ങൾ മൂലമോ, രോഗബാധയെ തുടർന്നോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ വോളണ്ടിയർമാർ മുഖേന അത്യാവശ്യസാധനങ്ങളോ, മരുന്നുകളോ എത്തിച്ചു കൊടുക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരാഴ്ച മുൻപ് (മാർച്ച് 17 ന്) തുടക്കം കുറിച്ച പരസ്പര സഹായ സംരംഭം ജനപ്രീതി ആർജ്ജിച്ചു കഴിഞ്ഞു.
ആദ്യ ദിവസം കേവലം 4 കോളുകളായിരുന്നു വൈദ്യോപദേശം തേടി എത്തിയതെങ്കിൽ, ഇന്നത്തേക്ക് കോളുകളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിക്കുകയാണ്. ആശങ്കയോടെ ഹെൽപ്പ് ലൈനിൽ വിളിച്ച് ആശ്വാസത്തോടെ നന്ദി പറയുന്ന പലർക്കും, തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിലും, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലെ വർദ്ധിച്ച ജോലിത്തിരക്കുകളിലും നിന്ന് ഒഴിവ് സമയം കണ്ടെത്തി തങ്ങളെ ആശ്വസിപ്പിക്കുന്ന ക്ലിനിക്കൽ ടീമിനെ അറിഞ്ഞു നന്ദി പറയണം എന്ന ആഗ്രഹവും ആവശ്യവുമാണ് ക്ലിനിക്കൽ ടീമിന്റെ അനുവാദത്തോടെ അവരെ പരിചയപ്പെടുത്തുന്നതിന് കാരണം.
ജനറൽ പ്രാക്ടീഷണർമാർ, പല വിഭാഗങ്ങളിലായി സ്പെഷ്യലൈസ് ചെയ്ത കൺസൾട്ടന്റുമാർ, മനോരോഗ വിദഗ്ദ്ധർ, ക്ലിനിക്കൽ പ്രാക്ടീഷണർമാർ, സ്പെഷ്യലിസ്റ്റ് നേഴ്‌സുമാർ എന്നിവരടങ്ങിയ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്ന 30 ഡോക്ടർമാരും 10 നേഴ്സുമാരും അടങ്ങുന്നതാണ് യുണൈറ്റഡ് മലയാളി ഒർഗനൈസേഷന്റെ ഹെൽപ്പ് ലൈനിലൂടെ കൊറോണ വൈറസ് ബാധയെ സംബന്ധിച്ച പൊതുവായ ഉപദേശങ്ങൾ നൽകുന്ന ക്ലിനിക്കൽ ടീമംഗങ്ങൾ. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, പൊതുവായ ചർച്ചകൾക്കുമായി മീറ്റിങ്ങുകൾ നടത്തുന്നതിന് ഉണർവ് ടെലിമെഡിസിൻ എന്ന പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. വീഡിയോ കോൺഫറൻസിംഗും, വീഡിയോ കൺസൾട്ടേഷനും സാധ്യമായ ഉണർവ് ടെലിമെഡിസിൻ ഹെൽപ്പ് ലൈനിന്റെ ഭാഗമാക്കി, ആവശ്യമെങ്കിൽ ചോദ്യകർത്താവിനെ നേരിൽ കണ്ട് ഉപദേശം നൽകുന്ന രീതി കൊണ്ടുവരാനും ആലോചനയുണ്ട്.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷനു വേണ്ടി, വെയ്‍ക്ഫീൽഡിൽ ജനറൽ പ്രാക്ടീഷണറായ ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ താൽപ്പര്യപ്രകാരം ആരംഭിച്ച, ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് – 19 ക്ലിനിക്കൽ ടീമിലേക്ക് അദ്ദേഹം വിളിച്ചു ചേർത്തവരും, ഓർഗനൈസേഷന്റെ പരസ്യ അഭ്യർത്ഥനയെ മാനിച്ച് കടന്നു വന്നവരുമായവരുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു. ഇതിനോടകം, നിരവധി പേർക്ക് ആശ്വാസദായകമായ ഉപദേശങ്ങൾ നൽകിയ ഇവരെ നമുക്ക് ഒന്ന് ചേർന്ന് അനുമോദിക്കാം.
ഡോക്ടർമാരുടെ പേരുകൾ
Dr സോജി അലക്സ് (ജി. പി)
Dr ബീന അബ്ദുൽ (കൺസൽട്ടൻറ് ഗൈനക്കോളജിക്കൽ ഓൺകോളജി സർജൻ)
Dr ഹരീഷ് മേനോൻ (അക്യൂട്ട് കെയർ ഫിസിഷ്യൻ)
Dr ജോജി കുര്യാക്കോസ് (കൺസൽട്ടൻറ് സൈക്കിയാട്രിസ്റ്)
Dr അജിത് കർത്താ (ജി. പി)
Dr റിയ ജേക്കബ് (പീഡിയാട്രിക്‌സ്)
Dr മിനി ഉണ്ണികൃഷ്ണൻ
Dr ഷാമിൽ മാട്ടറ (കൺസൽട്ടൻറ് പീഡിയാട്രീഷ്യൻ)
Dr ജോയ് രാജ് (ജി. പി)
Dr ബിജു കുര്യാക്കോസ് (ജി. പി)
Dr അരുൺ റ്റി പി (ജി. പി)
Dr അജേഷ് ശങ്കർ (ഗൈനക്കോളജിസ്റ്)
Dr നിഷ പിള്ള (കാർഡിയോളജി)
Dr സജയൻ (കോൺസൾറ്റൻറ് അനസ്‌തറ്റിസ്‌റ്)
Dr Dr ഹാഷിം (റെസ്പിരേറ്ററി കൺസൽട്ടൻറ്)
Dr ഇർഷാദ് (അക്യൂട്ട്ക മെഡിസിൻ കൺസൽട്ടൻറ്)
Dr എസ് നരേന്ദ്രബാബു (ജി പി)
Dr ആർ ശ്രീലത (കൺസൽട്ടൻറ്)
Dr മിനി ഉണ്ണികൃഷ്ണൻ (ജി പി)
Dr ചോവോടത്തു ഉണ്ണികൃഷ്ണൻ (പീഡിയാക്ട്രീഷ്യൻ)
Dr വിമല സെബാസ്ട്യൻ (കമ്മ്യൂണിറ്റി ഡെന്റൽ ഓഫീസർ)
Dr മാത്യു അലക്സ്
Dr ശ്രീധർ രാമനാഥൻ
Dr സെസി മാത്യു (ജി. പി)
Dr വിജയ കുമാർ കുറുപ് ( കൺസൾട്ടന്റ് ജനറൽ സർജറി)
Dr ബീന കുറുപ് ( കൺസൾട്ടന്റ് പീടിയാട്രിക്‌സ് )
Dr ഷാഫി കളക്കാട്ടിൽ മുത്തലീഫ് (മെന്റൽഹെൽത് കൺസൽട്ടൻറ്)
Dr അശോക് പുലിക്കോട്ട്
Dr ഏലിയാസ് കോവൂർ
Dr തോമസ്
Dr ഷെറിൻ
Dr ശ്രീധർ രാമനാഥൻ
നേഴ്‌സുമാരുടെ പേരുകൾ
ഡോക്ടർ ഷിബു ചാക്കോ എം ബി ഇ (അഡ്വാൻസ്‌ഡ് ക്ലിനിക്കൽ പ്രാക്റ്റീഷനർ)
മിനിജ ജോസഫ് (നഴ്‌സ് മാനേജർ തിയേറ്റർ)
അജിമോൾ പ്രദീപ് (ട്രാൻസ്‌പ്ലാന്റ് കോ-ഓർഡിനേറ്റർ)
ആനി പാലിയത്ത്
ആഷാ മാത്യു (നേഴ്സ് മാനേജർ)
ആൻസി ജോയ്
ദീപാ ഓസ്റ്റിൻ (നേഴ്സ് മാനേജർ)
ഷീന ഫിലിപ്പ്സ് (ക്ലിനിക്കൽ പ്രാക്ടീഷണർ)
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും മാത്രമാണ് ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. പൊതുവായ ഉപദേശങ്ങൾ മാത്രമേ നൽകുകയുള്ളൂ.
ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ് കൂടാതെ, ജോലിപരമോ, സാമ്പത്തികപരമോ, മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ട ഉപദേശങ്ങൾ നകുന്നതിനുള്ള പ്രൊഫഷണൽസിന്റെ വോളണ്ടിയർ ഗ്രൂപ്പും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുന്നവർക്ക് പടിവാതിൽക്കൽ സഹായമെത്തിക്കുന്നതിനുള്ള രാജ്യവ്യാപകമായ 300 -ൽ അംഗങ്ങളുള്ള വോളണ്ടിയർ ഗ്രൂപ്പും കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനും, ആശങ്കാകുലരെ സഹായിക്കുന്നതിനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമായുണ്ട്.
ഭീതിതമായ ഈ സാംക്രമിക രോഗത്തിനെതിരെയുള്ള ലോകജനതയുടെ പോരാട്ടത്തിൽ നമുക്കേവർക്കും പങ്കു ചേരാം. പൊതു നന്മയെ കരുതി ഗവൺമെന്റിന്റെയും, പൊതു ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങളെ ജീവിതത്തിൽ പാലിക്കാം. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആഹ്വാനമനുസരിച്ച് നമുക്കും എൻ എച്ച് എസ് വോളണ്ടിയർ ലിസ്റ്റിൽ പങ്കാളികളാകുകയോ, അനുവർത്തിക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയോ ചെയ്യാം.
രോഗ ലക്ഷണങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ആദ്യം എൻ എച് എസ് ഹെൽപ്പ് ലൈൻ 111 എന്ന നമ്പറിൽ വിളിക്കുക. അടിയന്തിര ആവശ്യങ്ങൾക്ക് 999 വിളിക്കുക.
കൊറോണ രോഗത്തിന്റെ ഭീതിയിൽ കഴിയുന്ന യുകെയിലുള്ള ഏതൊരു മലയാളിക്കും, സമാശ്വാസമാകുന്ന പൊതുവായ ഉപദേശങ്ങൾക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ് ലൈൻ നമ്പറായ 02070626688 ലേയ്ക്ക് വിളിക്കുക .