ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണയും ലോക് ഡൗണും എങ്ങും അനിശ്ചിതത്വവും അസന്തുഷ്ടിയുമാണ് രാജ്യമെങ്ങും സമ്മാനിച്ചിരിക്കുന്നത്. പല കോണുകളിൽ നിന്നും എന്നാണ് ലോക് ഡൗൺ അവസാനിക്കും എന്ന ചോദ്യം ഉയരുന്നുണ്ട് .ലോക് ഡൗൺ ഒരു മൂന്നാഴ്ച കൂടി നീണ്ടു നിൽക്കുന്ന സാഹചര്യത്തിലാണ് ഗവൺമെന്റ് ജനങ്ങൾ നടപ്പിലാക്കേണ്ട 5 ലക്ഷ്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും നടത്തുന്ന പത്രസമ്മേളനത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ഇതിനെപ്പറ്റി വിശദമായി പറയുകയുണ്ടായി. ഈ നേട്ടങ്ങൾ കൈവരിക്കുന്നത് രാജ്യത്തിന് പ്രതീക്ഷ നൽകാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

1. എൻഎച്ച്എസിന് കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനാവും എന്നുള്ള ഉറപ്പാക്കൽ.
2. മരണ നിരക്ക് കുറയുന്ന ഒരു ഘട്ടത്തിൽ എത്തുക.
3. അണുബാധ നിരക്ക് കുറയുന്നു എന്ന് ഉറപ്പാക്കുക.
4. ഭാവിയിൽ ആവശ്യത്തിന് വൈറസ് പരിശോധനകിറ്റുകളും പിപിഇയും ഫേസ് മാസ്കുകളും ലഭ്യമാണെന്ന് ഉറപ്പ് വരുത്തുക.
5. അണുബാധയുടെ രണ്ടാംഘട്ട പകർച്ച ഉണ്ടാകാതെ സൂക്ഷിക്കുക.
എന്നിവയാണ് അദ്ദേഹം പങ്കുവെച്ച ലക്ഷ്യങ്ങളിൽ ചിലത്.

വൈറസിൻെറ രണ്ടാംഘട്ട പകർച്ച പൊതുജനത്തിന്റെ ആരോഗ്യത്തെ മാത്രമല്ല സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിക്കുമെന്ന് ഫോറിൻ മിനിസ്റ്റർ റാബ് പറഞ്ഞു. നിലവിൽ യുകെയിൽ 13, 729 മരണങ്ങളാണ് കൊറോണ വൈറസ് മൂലം ഉണ്ടായിരിക്കുന്നത്. 3, 27, 608 ആളുകളിൽ നടത്തിയ ടെസ്റ്റിൽ 1, 03, 093 പേർക്ക്‌ ഫലം പോസിറ്റീവ് ആവുകയും ചെയ്ത ഈ സാഹചര്യത്തിലാണ് ഗവൺമെന്റിന്റെ ഈ പുതിയ നടപടി.

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആശുപത്രികളിൽ കുറയുന്നുണ്ടെന്നും പ്രെസ്സ് കോൺഫ്രൻസിൽ അധികൃതർ വ്യക്തമാക്കി. എന്നാലും ചില ആശുപത്രികളുടെയും പ്രാദേശങ്ങളുടെയും കാര്യത്തിൽ ചില മുൻകരുതലുകൾ ആവശ്യമാണെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . ആദ്യം തന്നെ ജനങ്ങൾ കൊറോണ വൈറസിനെ നേരിടാനുള്ള എൻഎച്ച്എസിന്റെ കഴിവിൽ വിശ്വസിക്കുകയും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുകയും ചെയ്യണമെന്ന് മി. റാബ് കൂട്ടിചേർത്തു.

കൊറോണ എന്ന മഹാമാരിയെ തടുക്കാൻ ഏകദേശം മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടക്കത്തിലേ പറഞ്ഞിരുന്നു. പക്ഷെ കൃത്യമായ ഒരു സമയപരിധി നൽകാൻ തനിക്കാവില്ല എന്നാണ് മി.റാബ് തൻെറ പത്രസമ്മേളനത്തിൽ പറഞ്ഞത് . എന്നാൽ ഏതൊരു തുരങ്കത്തിന്റയും അവസാനം വെളിച്ചമുണ്ട് എന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്തു.