UK

ജമ്മു കാശ്മീര്‍ നയത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ വിസ റദ്ദാക്കിയതായി പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ബ്രിട്ടീഷ് എംപിയായ ഡെബ്ബി അബ്രഹാംസ് തന്റെ ഇ വിസ തള്ളിയതായി അറിഞ്ഞത്. കാശ്മീരിലേയ്ക്കുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് ഡെബ്ബി. തന്നെ പരിഗണിച്ചത് ക്രിമിനലിനെപ്പോലെയാണ് എന്ന് ഡെബ്ബി ആരോപിച്ചു. ഡീപോര്‍ട്ടീ സെല്ലിലേയ്ക്ക് കൊണ്ടുപോയി. രാവിലെ 8.50നാണ് ഡല്‍ഹിയിലെത്തിയത്. അപ്പോളാണ് കഴിഞ്ഞ ഒക്ടോബറില്‍ അുവദിച്ച ഇ വിസ റദ്ദാക്കിയതായി അറിയുന്നത്. 2020 ഒക്ടോബര്‍ വരെ വാലിഡിറ്റിയുണ്ട് ഇ വിസയ്ക്ക്.

ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ഇ വിസ അടക്കമുള്ള രേഖകള്‍ കാണിച്ചു. എന്റെ വിസ തള്ളിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്റെ പാസ്‌പോര്‍ട്ട് കൊണ്ടുപോയി 10 മിനുട്ടിന് ശേഷമാണ് തിരിച്ചുവന്നത്. പിന്നെ വളരെ മോശം പെരുമാറ്റമായിരുന്നു. കൂടെ വരാന്‍ പറഞ്ഞ് ആക്രോശിച്ചു. ഇത്തരത്തില്‍ സംസാരിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ ഡീപോര്‍ട്ടീ സെല്ലിലേയ്ക്കാണ് കൊണ്ടുപോയത്. ഇരിക്കാൻപോലും സമ്മതിച്ചില്ല, ബന്ധുവിനെ വിളിച്ചു. അദ്ദേഹം ബ്രിട്ടീഷ് ഹൈകമ്മീഷനെ വിവരമറിയിച്ചു. വിസ ഓണ്‍ അറൈവലിനെക്കുറിച്ച് ഇമ്മിഗ്രേഷന്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ല. ഞാനിപ്പോള്‍ ഡീപോര്‍ട്ടേഷന് കാത്തിരിക്കുകയാണ്. ഇന്ത്യ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ തീരുമാനം മാറ്റാന്‍ തയ്യാറല്ലാത്തിടത്തോളം. എന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് ഇവര്‍ കാണുന്നത്.

കാശ്മീര്‍ വിഷയം കൈകാര്യം ചെയ്തിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഡെബ്ബി അബ്രഹാംസ് യുകെയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ത്യയുടെ കാശ്മീര്‍ തീരുമാനത്തെ ഡെബ്ബി അബ്രാംസ് സോഷ്യല്‍മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കടപ്പാട്; ദി ഗാർഡിയൻ

ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.

എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.

സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ : സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് എലിസബത്ത് || രാജ്ഞി. ക്രിസ്തീയ വിശ്വാസത്തിനത് എതിരായതിനാലാണത്. ഇംഗ്ലണ്ടിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിനെ രാജ്ഞി വ്യക്തിപരമായി എതിർക്കുന്നുവെന്ന് രാജ്ഞിയുടെ സുഹൃത്ത് ഡെയിലി മെയിലിനോട് പറഞ്ഞു. ക്രിസ്തുമത മൂല്യങ്ങൾക്ക് എതിരായതിനാലാണ് സ്വവർഗ വിവാഹത്തെ എതിർക്കുന്നത്. “ഇത്തരത്തിലുള്ള വിവാഹം തെറ്റാണെന്ന് രാജ്ഞി കരുതുന്നു. കാരണം വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പവിത്രബന്ധമായിരിക്കണം.” ഡെയ്‌ലി മെയിലിനോട് സംസാരിച്ച സുഹൃത്ത് പറഞ്ഞു.

രാജ്ഞിയുടെ 90-ാം ജന്മദിനത്തോടടുക്കുമ്പോൾ വിവാഹത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പത്രം റിപ്പോർട്ട്‌ ചെയ്യുന്നു. 2014 ൽ ഇംഗ്ലണ്ടിലും, വെയിൽസിലും, സ്കോട്ട്ലൻഡിലും സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ വ്യക്തിപരമായി എതിർക്കുന്ന രാജ്ഞി നിയമത്തെ ചോദ്യം ചെയ്യുന്നില്ല. യുകെ പ്രസിദ്ധീകരണത്തിന്റെ അവകാശവാദം നിരസിച്ച് ഡെയ്‌ലി ബീസ്റ്റ് തിങ്കളാഴ്ച ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു .

ബ്രിട്ടൻ :- യുകെയുടെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഡെന്നിസ് ചുഴലിക്കാറ്റിന്റെ മധ്യത്തിലും, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിൽ ഒന്ന് അതിസാഹസികമായി ചരിച്ചു ഇറക്കി തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ് 2 പൈലറ്റുമാർ. എത്തിഹാദിന്റെ A380 വിമാനമാണ് ശനിയാഴ്ച ലാൻഡ് ചെയ്തത്. സിയാര ചുഴലിക്കാറ്റിന് ശേഷം ലണ്ടനിൽ ആഞ്ഞടിച്ചതാണ് ‘ഡെന്നിസ് ‘ ചുഴലിക്കാറ്റ്. 91 mph  വേഗത്തിലാണ് കാറ്റ് യുകെയിൽ  ആഞ്ഞടിച്ചത്. ലണ്ടനിൽ അടുത്തിടെയായി ആഞ്ഞടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ഇത്. ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കുറെയധികം ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ഇതിനിടയിലാണ് എത്തിഹാദിന്റെ വിമാനം അതിസാഹസികമായി ലാൻഡ് ചെയ്തത്.’ ക്രാബ് ‘ ലാൻഡിങ് എന്ന പ്രക്രിയയിലൂടെയാണ് വിമാനം താഴെയിറക്കിയത്.

അബുദാബിയിൽ നിന്നും ലണ്ടനിലേക്ക് ഉള്ളതായിരുന്നു ഈ വിമാനം. ഡെന്നിസ് ചുഴലിക്കാറ്റി നോടനുബന്ധിച്ച് അതി ശക്തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതി ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരണപ്പെട്ടു.ട്രെയിൻ സർവീസുകളും, വിമാന സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.

[ot-video][/ot-video]

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുഎസിൽ നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ജൂണിനു മുൻപ് സന്ദർശനം നടന്നേക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച സന്ദർശനത്തിലെ പ്രധാന അജൻഡയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നു വേർപിരിഞ്ഞ ബ്രിട്ടൻ യുഎസുമായി സുപ്രധാനമായ ചില വ്യാപാരക്കരാറുകളിൽ ഈ സന്ദർശനത്തിനിടെ ഒപ്പുവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ചൈനീസ് ടെലികോം കമ്പനി വാവേയ്ക്ക് ബ്രിട്ടനിൽ 5ജി മൊബൈൽ നെറ്റ്‍വർക് അനുവദിച്ചതിൽ യുഎസിനുള്ള അതൃപ്തിയാണ് സന്ദർശനം മാറ്റിവയ്ക്കാൻ കാരണമെന്ന് വാർത്തയുണ്ട്. ഡിജിറ്റൽ സർവീസസ് നികുതി, ഇറാൻ ആണവ കരാർ എന്നീ വിഷയങ്ങളിലും ബ്രിട്ടന്റെ നിലപാടിനോട് യുഎസിന് എതിർപ്പുണ്ട്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കു ജോൺസൻ നടത്താനിരുന്ന സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.

ആണ്‍ സുഹൃത്തിനെ ആക്രമിച്ച കേസില്‍ വിചാരണ നേരിടാനൊരുങ്ങവേ ടി വി അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐ ടി വി 2വിന്റെ ലവ് ഐലന്‍ഡ് പരിപാടിയുടെ അവതാരക കരോലിന്‍ ഫ്ലാക്കിനെയാണ് ലണ്ടനിലെ വസതിയില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാലിനാണ് വിചാരണ ആരംഭിക്കേണ്ടിയിരിക്കുന്നത്.സുഹൃത്ത് ലൂയിസ് ബര്‍ട്ടന്‍ വെള്ളിയാഴ്ച കരോലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്ക് മുന്‍പ് ആണ്‍ സുഹൃത്തുമായി ഏതെങ്കിലും തരത്തില്‍ ആശയവിനിമയം നടത്തുന്നതില്‍ നിന്നു കരോലിന് കോടതിയുടെ വിലക്കുണ്ട്.

കരോലിന്റെ മരണം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ളാക് കുടുംബത്തിന്റെ അഭിഭാഷകന്‍ കരോലിന്‍ ആത്മഹത്യ ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു.

കരോലിന്‍ അവതാരകയായ ലവ് ഐലന്ഡിന്റെ ഹൈലൈറ്റ്സ് സംപ്രേക്ഷണം ചെയ്യില്ലെന്ന് ഐ ടി വി അറിയിച്ചു. കരോലിന്‍ അവതാരകയായ ടി വി സീരീസ് ദ സര്‍ജൂറിയുടെ സംപ്രേക്ഷണം ചാനല്‍ ഫോറും നിര്‍ത്തിവെച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആണ്‍ സുഹൃത്തിനെ ആക്രമിച്ചതിന് പോലീസ് കരോലിനെ അറസ്റ്റ് ചെയ്തത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- യുകെ യിൽ കൊറോണ ബാധമൂലം ചികിത്സയിലായിരുന്ന ഒമ്പത് പേരിൽ, എട്ടു പേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാഷണൽ ഹെൽത്ത് സർവീസ്, ശനിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ എല്ലാവരെയും രണ്ടു തവണ രോഗ പരിശോധനയ്ക്ക് വിധേയമാക്കി, രോഗം ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷം ആണ് ഡിസ്ചാർജ് ചെയ്തത് എന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വൈറലിലെ ആറോ പാർക്ക്‌ ആശുപത്രിയിൽ ഐസൊലേഷനിലായിലിരുന്ന 94 ആളുകളും ആശുപത്രിവിട്ടു. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടനിലേക്ക് ആദ്യമെത്തിയ ആളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴും ചൈനയിൽ നിന്നെത്തിയ നൂറോളം ആളുകൾ ഐസൊലേഷനിലാണ്.

ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് നടത്തിയ വാർത്താസമ്മേളനത്തിൽ, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത എല്ലാവരും പൂർണ്ണ ആരോഗ്യം ഉള്ളവരാണെന്നും, എല്ലാവരെയും പരിശോധനകൾക്കു ശേഷമാണ് ഡിസ്ചാർജ് ചെയ്തതെന്നും പറഞ്ഞു. എന്നാൽ രോഗം പടരാതിരിക്കാൻ ആളുകൾ കുറച്ചു ദിവസങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ് നല്ലതെന്ന് എൻഎച്ച് സ്ട്രാറ്റജിക് ഇൻസിഡന്റ് ഡയറക്ടർ പ്രൊഫസർ കെയ്ത് വില്ലേറ്റ് പറഞ്ഞു.

ചൈനയ്ക്ക് പുറത്ത് ഏകദേശം 24 രാജ്യങ്ങളിലായി അഞ്ഞൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഏകദേശം 2641 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ രോഗബാധിതരുടെ എണ്ണം 66492 ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധമൂലം മൂന്ന് മരണങ്ങൾ ആണ്സ്ഥിരീകരിച്ചിട്ടുള്ളത് – ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും, ജപ്പാനിലും ആണ് ഇവ. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ഫീസടച്ച് പഠിക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിച്ചിറങ്ങിയ ക്യാബിനറ്റ് മന്ത്രിമാർ ആണ് ബോറിസ് ജോൺസന്റെ സഭയിൽ അധികവും.ഡൗണിങ് സ്ട്രീറ്റിലേക്ക് പുതുതായി എത്തിയവർ ആധുനിക ബ്രിട്ടന്റെ മുഖം എന്ന് അവകാശപ്പെടാവുന്ന മന്ത്രിമാരാണ്. ജനസംഖ്യക്ക് ആനുപാതികമായി നോക്കുമ്പോൾ സഭയിൽ ഉള്ളവരുടെ ഒൻപത് ഇരട്ടിയിലേറെ ആൾക്കാരും സ്വകാര്യ വിദ്യാഭ്യാസം നേടിയവരാണ്. ചാൻസലറായ സാജിദ് ജാവേദിന്റെ അപ്രതീക്ഷിതമായ രാജിയെ തുടർന്നാണ് ഈ വിഷയത്തിൽ റിസർച്ച് നടത്തപ്പെട്ടത്. ട്രഷറിയുടെ അധികാരത്തിനുവേണ്ടി വടംവലി നടത്തിയ ജാവേദ് ഒരു കോംപ്രിഹെൻസീവ് സ്കൂളിൽ പഠിച്ച വ്യക്തിയാണ്.

യുകെയിലെ സാധാരണക്കാരിൽ 7 ശതമാനം പേർക്ക് മാത്രമാണ് സ്വകാര്യ വിദ്യാഭ്യാസം സാധ്യമാകുന്നത് എന്നിരിക്കെ, ക്യാബിനറ്റിൽ 26 മന്ത്രിമാരിൽ 17 പേരും പ്രൈവറ്റ് വിദ്യാഭ്യാസം നേടിയവരാണ്. അത് സഭയിലെ ഏകദേശം 65 ശതമാനം പേർ വരും. രണ്ടു മന്ത്രിമാർ ഗ്രാമർ സ്കൂളിൽ പഠിച്ചപ്പോൾ ഏഴുപേർ സാധാരണ സ്റ്റേറ്റ് സ്കൂളിൽ പഠിച്ചവരാണ്. പക്ഷേ അത് വെറും 27 ശതമാനം മാത്രമാണ്.

ബ്രെക്സിറ്റ് കാരണം യുകെയ്ക്ക് മുഴുവൻ കരുത്തും പുറത്തെടുക്കാൻ ആവും എന്ന ബോറിസ് ജോൺസൺന്റെ അവകാശവാദം പൂർണ്ണമായി ദഹിക്കാൻ സാധിക്കുന്നില്ല എന്ന് മന്ത്രിസഭയുടെ പുനസംഘടന രൂപീകരണത്തെ പറ്റി ലിബറൽ ഡെമോക്രാറ്റ്സ് അഭിപ്രായപ്പെട്ടു. പഴയതിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇവരും ചെയ്യാൻ പോകുന്നില്ല. പാർട്ടി വക്താവായ ക്രിസ്റ്റൈൻ ജാർഡീൻ പറയുന്നു ” ബോറിസ് ജോൺസൺന്റെ കാബിനറ്റ് തന്നെ, ജനങ്ങളോട് എത്രമാത്രം കുറച്ച് ആണ് അവരുടെ സഭ സംവദിക്കുന്നത് എന്നും അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നത് എന്നുമുള്ളതിന്റെ തെളിവാണ്. 2016ലെ തെരേസയുടെ ക്യാബിനറ്റിനേക്കാൾ രണ്ടിരട്ടി കൂടുതലാണ് ഇപ്പോഴത്തെ സഭയിൽ ഉള്ള സ്വകാര്യ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം. 2015ലെ ഡേവിഡ് കാമറൂണിന്റെ മന്ത്രിസഭയിൽ 50 ശതമാനവും, 1979ലെ മാർഗരറ്റ് താച്ചറുടെ മന്ത്രിസഭയിൽ 91 ശതമാനവും ആയിരുന്നു സ്വകാര്യ വിദ്യാഭ്യാസംനേടിയവരുടെ എണ്ണം . പ്രൈം മിനിസ്റ്റർ ഉൾപ്പെടെ 26 മന്ത്രിമാരും ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ പഠിച്ചവരാണ്.

കഴിഞ്ഞ ജൂലൈയിൽ ഇലക്ഷൻ ജയിച്ച സമയത്ത്, എല്ലാ മേഖലയിൽ നിന്നുമുള്ള ജനങ്ങൾക്കും സഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ജോൺസൺ ഉറപ്പുനൽകിയിരുന്നു. സട്ടൻ ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായ സർ പീറ്റർ ലാമ്പലിന്റെ അഭിപ്രായത്തിൽ, ഇത് രാഷ്ട്രീയ മുഖത്തിന് ആകെയുണ്ടായ മാറ്റമാണ്. കൺസർവേറ്റീവ് എംപിമാരിൽ അധികംപേരും പല വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇപ്പോഴത്തെ സഭയുടെ ഘടന പ്രകാരം അവർ സമൂഹത്തിൽ ഉയർന്ന പദവിയിലിരിക്കുന്നവർക്ക് മാത്രം മുഖം നൽകാനും ആവശ്യങ്ങൾ പരിഗണിക്കാനും ബാധ്യസ്ഥരാണ്. പുതിയ ക്യാബിനറ്റ് പ്രകാരം ആൻഡ്രിയ ലിഡ്സൺ, തെരേസ വില്ലേഴ്സ്, എസ്തർ മാക് വേ എന്നിവർക്ക് പദവി നഷ്ടപ്പെട്ടു. മുൻ കൾച്ചറൽ സെക്രട്ടറിയായിരുന്ന ബരോനെസ് മോർഗൻ സ്ഥാനമൊഴിഞ്ഞു. പ്രീതി പട്ടേൽ, ലിസ് ട്രസ്, തെരേസ കോഫേയ്, ബരോനെസ് ഇവാൻസ് എന്നിവർ സ്ഥാനം നിലനിർത്തിയപ്പോൾ ആനി മേരി ട്രെവില്യന്, അമാൻഡ മില്ലിങ്, സ്വല്ല ബ്രേവർ മാൻ എന്നിവർ സ്ഥാനക്കയറ്റം നേടി.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിതർ ആകെ 9 പേരാണ്. ഈ രോഗികളുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരെയും കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60000 കടന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. എന്നാൽ കോവിഡ് 19 രോഗം യുകെയിൽ ഒറ്റ അക്കത്തിൽ ഒതുങ്ങുന്നത് ആശ്വാസകരമാണ്. യുകെയുടെ പ്രതിരോധം അത്രമാത്രം ശക്തമാണെന്നതാണ് കാര്യം. രോഗം പടരാനുള്ള സാധ്യത ഉള്ളപ്പോൾ തന്നെ അതിനെ പ്രതിരോധിക്കാൻ ഉള്ള ശ്രമത്തിലാണ് അധികൃതർ. രോഗം എത്രയും പെട്ടെന്നു തിരിച്ചറിയുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസറായ പോൾ ഹണ്ടർ പറഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടാനുള്ള സർക്കാരിന്റെ തന്ത്രത്തിൽ രോഗനിയന്ത്രണവും ഐസൊലേഷനും പ്രധാനമാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി ബിബിസിയോട് പറഞ്ഞു . “അടിസ്ഥാനപരമായി ഞങ്ങൾക്ക് നാല് തന്ത്രപരമായ ലക്ഷ്യങ്ങളാണുള്ളത് : ആദ്യത്തേത് ഉൾക്കൊള്ളുക; രണ്ടാമത്തേത് കാലതാമസം വരുത്തുക ; മൂന്നാമത്തേത് ഗവേഷണം നടത്തുക അല്ലെങ്കിൽ നിരീക്ഷിക്കുക, നാലാമതായി പ്രതിരോധിക്കുക.” അങ്ങനെ നമുക്ക് രോഗത്തെ തടയാൻ കഴിയുമെന്ന് ഫെബ്രുവരി 13 ന് അദ്ദേഹം ടുഡേ പ്രോഗ്രാമിൽ പറഞ്ഞു.

രോഗം പകരുന്നത് തടയാൻ മെച്ചപ്പെട്ട യൂണിറ്റുകളാണ് യുകെയിൽ ഉള്ളത്. ഇംഗ്ലണ്ടിൽ അത്തരം ആറ് യൂണിറ്റുകളുണ്ട്. കോവിഡ് -19 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പ് യുകെയിലെ മറ്റുള്ളവരിലേക്ക് വൈറസ് പടർന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നു. സ്ഥിരീകരിച്ച കോവിഡ് -19 കേസുമായി നിങ്ങൾ ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ, പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് നിങ്ങളെയും ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുക. ഇതുവരെ, വൈറസിനായി 2,521 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, ഒമ്പത് എണ്ണം ഒഴികെ ബാക്കി എല്ലാം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന ആർക്കും ഒരു ഒറ്റപെട്ട ജീവിതം തിരഞ്ഞെടുക്കാം. അതിനർത്ഥം, ജോലിയിൽ നിന്നോ സ്കൂളിൽ നിന്നോ ഒഴിഞ്ഞു രണ്ടാഴ്ചയോളം വീട്ടിൽ നിൽക്കുക, നിങ്ങളുടെ വീട്ടിലേക്കുള്ള സന്ദർശകരെ ഒഴിവാക്കുക തുടങ്ങിയവയാണ് . രോഗം പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ നിന്ന് തിരിച്ചെത്തിയവർ ശക്തമായ നിരീക്ഷണത്തിൽ തന്നെയാണ്. രോഗികളെ ഒരു പ്രദേശത്ത് ഒരുമിച്ച് കൂട്ടുന്നതും അവരെ ചികിത്സിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുന്നതു പോലുള്ള മുൻകരുതലുകൾ നടപ്പാക്കേണ്ടതുണ്ട്.

ആശുപത്രികൾക്ക് പുറത്ത്, രോഗം പടരുന്നത് തടയാൻ സർക്കാർ അടിയന്തര പദ്ധതികൾ ആരംഭിക്കും. ഈയൊരു രോഗം പടരുന്നത് മൂലം ചൈനയിൽ എഫ് 1 റേസ് മാറ്റിവച്ചു.സ്പെയിനിൽ മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി. ഒപ്പം സ്കൂളുകളും പൂട്ടാൻ തുടങ്ങിയിരിക്കുന്നു. ഉയർന്ന താപനിലയിലുള്ള പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. രോഗം പടരാതിരിക്കാനുള്ള ഉപദേശം ലളിതമാണ്. സോപ്പ് അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് പതിവായി കൈ കഴുകുക, അസുഖമുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക, കഴുകാത്ത കൈകൾ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ അണുബാധ ഏൽക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയും. മറ്റ് 24 രാജ്യങ്ങളിൽ വൈറസ് കണ്ടെത്തിയപ്പോൾ, രോഗികളുടെ എണ്ണം 500 ൽ താഴെയാണ്, അറിയപ്പെടുന്ന രണ്ട് മരണങ്ങൾ മാത്രം. ചൈനയ്ക്ക് പുറത്തുള്ള രോഗികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്. പ്രത്യേകിച്ച് ജപ്പാനിൽ 259 ഉം സിംഗപ്പൂർ 67 ഉം. ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535 ആയെന്നാണു ഔദ്യോഗിക വിവരം. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു .

ആതിര സരാഗ്

“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)

“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും  മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.

കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.

ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ  മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി  ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.

ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു  സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ  കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി  മാറുകയാണ്.

അന്വേഷണമാണ്  ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും  ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി  നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ  ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ  നോക്കിക്കാണുന്നത്.

താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.

വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

 

RECENT POSTS
Copyright © . All rights reserved