UK

സ്വന്തം ലേഖകൻ

ബ്രിട്ടനിൽനിന്ന് ഓസ്ട്രേലിയയിലേക്ക് താമസം മാറിയ ആദ്യനാളുകളിൽ തന്നെ സമീപത്തുള്ള ബീച്ചിൽ കാണാതായ മൂന്ന് വയസ്സുകാരിയായ ചെറിൽ ഗ്രിമ്മർക്കായി അന്വേഷണം തുടരും. 1970 ജനുവരി 12ന്, ബ്രിസ്റ്റോളിൽ നിന്നുള്ള ചെറിലിനെ വോള്ളോഗോങ്ങിലെ ഒരു ഷവർ ബ്ലോക്ക്‌ൽ വെച്ച് കാണാതെ ആവുകയായിരുന്നു. കുറ്റക്കാരൻ എന്ന് സംശയിച്ച വ്യക്തിയെ കഴിഞ്ഞ കൊല്ലം വിട്ടയച്ചിരുന്നു.

528, 000പൗണ്ട് വരുന്ന പ്രതിഫല തുക നൽകാം എന്ന് ഇപ്പോൾ വാഗ്ദാനം നൽകിയിരിക്കുന്നത് സഹോദരൻ റിക്കി നഷ് ആണ്. സഹോദരിയെ നഷ്ട്ടപ്പെട്ട ദുഃഖത്തിൽ നിന്ന് ഇപ്പോഴും തങ്ങൾ മുക്തി നേടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും അവളെ ഓർക്കും. ആ നശിച്ച ദിവസം ഓർക്കും. അവൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. അതിനു ഫലം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അവളെ കാണാതായ സ്ഥലത്ത് ഒരു അനുസ്മരണ നടത്തം സഹോദരൻമാർ എല്ലാ കൊല്ലവും നടത്തി വരുന്നു.

2017ൽ പ്രതി എന്ന സംശയത്തിൽ ഒരാളെ അറസ്റ് ചെയ്തു എങ്കിലും തെളിവിന്റെ അഭാവത്തിൽ കഴിഞ്ഞ കൊല്ലം വിട്ടയച്ചു. കാണാതായ സമയത്തു ഒരാൾ ചെറിലിനെ എടുത്തു ഓടുന്നതായി സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതു വരെ വിവരം അറിയിക്കാതെ ഇരുന്നവർക്ക് ഇത് നല്ല ഒരു അവസരം ആണെന്ന് പോലീസ് പറഞ്ഞു. ഇതിന് പ്രതിഫലം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് പോലീസും കുടുംബവും.

ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ പ്രതിമകളാണ് മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ നിന്ന് മാറ്റിയത്. മ്യൂസിയത്തില്‍ ഏറെ ആളുകള്‍ കാണാന്‍ താല്‍പര്യപ്പെടുന്ന പ്രതിമകളായിരുന്നു ഹാരി രാജകുമാരനും മേഗനുമെന്ന് മാനേജര്‍ സ്റ്റീവ് ഡേവിസ് ബിബിസിയോട് പ്രതികരിച്ചു.

ദമ്പതികള്‍ മ്യൂസിയത്തിലെ സുപ്രധാന ആകര്‍ഷണമായി തുടരുമെന്ന് വിശദമാക്കിയ സ്റ്റീവ് നീക്കം ചെയ്ത പ്രതിമകള്‍ എവിടേക്കാണ് മാറ്റുന്നതെന്ന് പ്രതികരിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും പ്രഖ്യാപിച്ചത്. വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് സൂചന.

മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നാണ് ഹാരിയും മേഗനും അറിയിച്ചത്. സ്വകാര്യത നഷ്ടമാകുന്നതിലും മാധ്യമങ്ങളിൽ വ്യക്തി ജീവിത വിവരങ്ങൾ വരുന്നതിലും ഇരുവരും നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തനിച്ച് സ്ഥിരത നേടാനും താല്‍പര്യമുണ്ടെന്ന് ദമ്പതികള്‍ പ്രസ്താവനയില്‍ പറയുന്നു. രാജകുടുംബത്തിനുള്ള പിന്തുണ നിര്‍ബാധം തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കി. തീരുമാനം രാജകുടുംബത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമായതോടെ തങ്ങള്‍ തുടക്കക്കാരാണ്. ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആഗ്രമുണ്ടെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളി‍ല്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്‍റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന്‍ വിശദമാക്കിയിരുന്നു. ആറ് ആഴ്ചയോളം ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയില്‍ മേഗന്‍റെ മാതാവിനോടൊപ്പം ചെലവിട്ടതിന് ശേഷമാണ് ദമ്പതികളുടെ പ്രഖ്യാപനം. വിവാഹവും മകന്‍റെ ജനനവും എല്ലാം ആവശ്യത്തിലധികം മുഖ്യധാരയില്‍ നിറഞ്ഞ് നിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ദമ്പതികള്‍ വിശദമാക്കിയിരുന്നു. രാജകുടുംബത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള ക്രിസ്തുമസ് ആഘോഷങ്ങളിലും ദമ്പതികള്‍ പങ്കെടുത്തിരുന്നില്ല.

കിരീടാവകാശത്തില്‍ ആറാമതാണ് ഹാരിയുടെ സ്ഥാനം. നേരത്തെ സഹോദരന്‍ വില്യവുമായുള്ള ബന്ധം നേരത്തെയുള്ളത് പോലെയല്ലെന്നും സഹോദരന്‍റേത് മറ്റൊരു മാര്‍ഗമാണെന്നും ഹാരി നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കെതിരായ പാപ്പരാസി സ്വഭാവമുള്ള വാര്‍ത്തകള്‍ക്കെതിരെ ദമ്പതികള്‍ നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്‍റെ അമ്മയെ കൊലപ്പെടുത്തിയ പാപ്പരാസികള്‍ക്ക് അധിക്ഷേപിക്കാനായി നിന്നുകൊടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

മരണം വേര്‍പെടുത്തുംവരെ രോഗത്തിലും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും ഒരുമിച്ച് ജീവിച്ചുകൊള്ളാമെന്ന് ബലിവേദിയില്‍ നിന്നുകൊണ്ട് സത്യം ചെയ്‌ത്‌ ടോളിനും ഗ്രിഫ്റ്റി മരിയയും വിവാഹജീവിതത്തിലേക്ക്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ സീറോ മലബാർ ഗെയ്റ്റ് ബ്രിട്ടൻ രൂപതയിൽ ഉള്ള സ്റ്റോക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയിരുന്ന ജെയിസൺ കരിപ്പായി, ക്‌ളീറ്റസ്‌ പ്ലാക്കൽ സി എം ഐ , സിറിൽ മടവനാൽ, ഡോൺബോസ്‌കോ, ജേക്കബ് നാലുപറ, എം സി ബി സ് എന്നീ വൈദീകർ ചേർന്ന് വിവാഹം ആശീർവദിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്റെ ഇപ്പോൾ ഉള്ള ട്രസ്റ്റികളിൽ ഒരാളായ സിബി പൊടിപ്പാറയുടെയും റോസമ്മ സിബിയുടെയും മകളാണ് ബിരുദാനന്തര ബിരുദധാരിയായ ഗ്രിഫ്റ്റി മരിയ.

ഗ്രിഫ്റ്റിയുടെയും ടോളിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ഒരുപിടി സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. സ്വന്തം ഇടവക പെരുന്നാൾ നടക്കുന്നതിനാൽ വിവാഹ ആശിർവാദം നടത്തി കരിപ്പായി അച്ചൻ മടങ്ങുകയായിരുന്നു.

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പരസ്പരം സ്‌നേഹിക്കേണ്ടവരാണ്. പരസ്പരം പ്രാര്‍ത്ഥിക്കേണ്ടവരാണ്. ദൈവത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ ദമ്പതികൾക്ക് സാധിക്കുന്നു.

വിവാഹത്തിലൂടെ ഒരു മനസും ഒരു ശരീരവുമായിത്തീരുന്ന പുരുഷനും സ്ത്രീയും പരസ്പരം മത്സരിക്കേണ്ടവരല്ല എന്ന സത്യം മനസിലാക്കിയപ്പോൾ  ഇരുവരും തങ്ങൾ ആയിരിക്കുന്ന സമൂഹത്തിന് തനതായ സംഭാവനകള്‍ നല്‍കാനുള്ളവരാണ് എന്ന ചിന്ത.. കുടുംബത്തില്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പ്രവര്‍ത്തന മേഖലകള്‍ നിസാരമായി കാണാതെ തുല്യപ്രാധാന്യത്തോടെ വീക്ഷിക്കുമ്പോൾ കുടുംബത്തിൽ ഇമ്പമുണ്ടാകുന്നു.

ഒരിക്കല്‍ ഒരു കുരുടന്‍ എങ്ങനെയോ ഒരു വനത്തില്‍ അകപ്പെട്ടു. പരിഭ്രാന്തനായി അവന്‍ ആ വനത്തിലൂടെ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ എവിടെനിന്നോ ഒരു നിലവിളി കേട്ടു. ആ രോദനം ഒരു മുടന്തന്റേതായിരുന്നു. മുടന്തനെ കുരുടന്‍ തോളിലേറ്റി. തോളിലിരുന്നുകൊണ്ട് മുടന്തന്‍ കുരുടന് വഴി പറഞ്ഞുകൊടുത്തു. അങ്ങനെ അവര്‍ രണ്ടുപേരും രക്ഷപ്പെട്ടു. ഇതുപോലെ പരസ്പര സഹകരണത്തോടെ, ഒരാളുടെ ബലഹീനതയില്‍ മറ്റേയാള്‍ ശക്തി നല്‍കികൊണ്ട് ദമ്പതികള്‍ കുടുംബജീവിതത്തില്‍ മുന്നേറുമ്പോൾ കാണുന്നത് കുടുംബത്തിന്റെ പൂർണ്ണതയാണ്. എല്ലാം തികഞ്ഞവരായി ഈ ലോകത്തില്‍ ആരുമില്ല. പരസ്പരം കുറവുകള്‍ നികത്തുക. അങ്ങനെ ഭര്‍ത്താവ് ഭാര്യയിലും ഭാര്യ ഭര്‍ത്താവിലും പൂര്‍ണത കണ്ടെത്തുക.

വിവാഹ ജീവിതത്തിലേക്ക് കടന്ന മരിയ- ടോളിൻ  ദമ്പതികൾക്ക് മലയാളം യുകെയുടെ ആശംസകൾ നേരുന്നു…

രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും തീരുമാനിച്ചു. ജ്യേഷ്ഠൻ വില്യം രാജകുമാരനുമായുള്ള അകൽച്ചയെ തുടർന്നാണ് രാജ്യം വിട്ട് സ്വതന്ത്രസംരംഭം തുടങ്ങാൻ സസക്സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചത്. കാനഡയിലേക്കാണ് അവരുടെ മടക്കം. ഇക്കഴിഞ്ഞ ക്രിസ്തുമസ് അവർ ആഘോഷിച്ചത് കാനഡയിൽ വെച്ചായിരുന്നു. ഹാരിയും മേഗനും നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും അതിനെക്കുറിച്ച് രാജകുടുംബത്തിലെ മറ്റാരുമായും അവർ കൂടിയാലോചിട്ടില്ലെന്നും പറഞ്ഞ രാജകുടുംബം ദമ്പതികളുടെ പ്രസ്താവനയിൽ അതിയായ ദുഃഖം രേഖപ്പെടുത്തി.

അതേസമയം, എലിസബത്ത് രാജ്ഞിയോടും പിതാവ് ചാൾസ് രാജകുമാരനോടും വില്യം രാജകുമാരനോടും ചർച്ച ചെയ്ത ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നാണ് ഹാരി വ്യക്തമാക്കിയത്. ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ പറയുന്നു. എന്നാൽ, രാജ്ഞി കടുത്ത നീരസത്തിലാണെന്നാണ് റിപ്പോർട്ട്. സ്വന്തം കാലിൽ നിൽക്കാനും ജീവകാരുണ്യപ്രവർത്തനം നടത്താനുമാണ് ഹാരിയും മേഗനും ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് ബ്രിട്ടനെ ഞെട്ടിച്ച് ഹാരി രാജകുമാരനും മേഗനും കൊട്ടാരം വിടുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

രാജകീയ ജീവിതത്തിന്റേയും കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മർദ്ദത്തിലാണ് ഹാരി രാജകുമാരനെന്ന് വാർത്തകളുണ്ടായിരുന്നു. ഒരുപാട് മാസങ്ങളായി തങ്ങൾക്കിടയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും, രാജകീയ ജീവിതവുമായി പൊരുത്തപ്പെട്ടുപോകാൻ വളരെ പ്രയാസമാണെന്നും, മാദ്ധ്യമങ്ങളോട്‌ സംസാരിക്കാൻ താൽപ്പര്യമില്ലെന്നും മേഗൻ വ്യക്തമാക്കി. ബ്രിട്ടനിലും വടക്കൻ അമേരിക്കയിലുമായി ഭാവി ജീവിതം നയിക്കാനാണ് ഇരുവരുടേയും തീരുമാനം. അമേരിക്കയിലെ മുൻ നടി കൂടിയായ മേഗൻ വിവാഹത്തിനു മുൻപ് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തീരുന്നത് ടൊറന്റോയിലായിരുന്നു .

ക്രിസ്റ്റി അരഞ്ഞാണി

ജനുവരി പതിനെട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 20.00 pm വരെ നടത്തപ്പെടുന്ന ഓൾ യുകെ ബാഡ്മിന്റൺ ഡബിൾ ഇന്റർ മീഡിയേറ്റ് ടൂർണമെന്റിലോട്ട് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏതെങ്കിലും മാസ്സ് / മിഷൻ സെന്ററിൽ അംഗങ്ങളായിട്ടുള്ള ടീമുകൾക്ക് സ്വാഗതം. ഇതിൽ ക്നാനായ സമുദായ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

സീറോ മലബാർ സഭ ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. യുകെയിലെ പ്രമുഖവും വിശ്വസനീയവുമായ ഫൈനാൻസ്, മോർട്ട്ഗേജ്, ഇൻഷുറൻസ് സർവീസ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും അതുപോലെ തന്നെ നേഴ്സിംഗ് കെയർ ആൻഡ് ട്രെയിനിങ് മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച യുകെയിലെ പ്രമുഖ നേഴ്സിംഗ് ഏജൻസി എച്ച് സി 24 നഴ്സിംഗ് കമ്പനിയുമാണ്.

First prize – 250പൗണ്ട് + ട്രോഫി
Second prize – 150 പൗണ്ട് + ട്രോഫി
Third prize – 100 പൗണ്ട് + ട്രോഫി
Forth prize – 50 പൗണ്ട് + ട്രോഫി യും ആണ്.

ഇനി 4 ടീമുകൾക്ക് കൂടി മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യുന്ന ആദ്യ 32 ടീമുകൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് ടീമിന് 30 പൗണ്ടാണ്.

രൂപതയുടെ കീഴിലുള്ള മാസ്സ്, മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും അതുപോലെ വിശ്വാസികൾ തമ്മിൽ കൂട്ടായ്മ വളർത്തുക എന്ന ലക്ഷ്യത്തോടൊപ്പം ഓരോ വ്യക്തികളുടെയും കായികപരവും വിശ്വാസ, ആത്മീയ, സാമൂഹിക ആരോഗ്യപരമായ വളർച്ചയും കൂടി ബാഡ്മിന്റൺ ടൂർണമെന്റ് ലക്ഷ്യം വയ്ക്കുന്നു. ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് മെൻസ് ഫോറം ആണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
മെൻസ് ഫോറം പ്രസിഡണ്ട് – ജോഷി വർഗീസ് 07728324877
മെൻസ് ഫോറം സെക്രട്ടറി – ബിജു ജോസഫ് 07737827139
സ്പോർട്സ് കമ്മറ്റി – ക്രിസ്റ്റി സെബാസ്റ്റ്യൻ 07984183286

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിന്റെ കാലൊടിഞ്ഞു. വിമാനം ആകാശച്ചുഴിയില്‍ അകപ്പെടാതിരിക്കാനായി കൂടുതല്‍ ഉയരത്തിലേക്ക് പറന്നപ്പോഴാണ് അപകടം സംഭവിച്ചത്.  അപകടത്തില്‍ എയര്‍ഹോസ്റ്റസിന്റെ കാലിന് ഏഴ് പൊട്ടലുകളുണ്ട്.

തോമസ് കുക്ക് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഈഡന്‍ ഗാരിറ്റിയ്ക്കാണ് (27)അപകടം പറ്റിയത്. 2019 ഓഗസ്റ്റ് 2-നാണ് ഈഡന് വിമാനത്തില്‍വെച്ച് അപകടം സംഭവിക്കുന്നത്. യാത്രാക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

2017 മുതല്‍ ഈഡന്‍ തോമസ് കുക്ക് കമ്പനിയില്‍ ജോലി ചെയ്തുവരുന്നുണ്ട്‌.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാശിയോടെ ഏറ്റുമുട്ടിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒടുവിൽ വിജയം സന്ദർശകരായ ഇംഗ്ലണ്ടിന്. ഏകദിനത്തിൽ ഒരിക്കൽ 438 റൺസ് വിജയലക്ഷ്യം വിജയകരമായി പിന്തുടർന്ന് റെക്കോർഡ് സ്ഥാപിച്ചതിന്റെ മധുര സ്മരണകളുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, സമാനമായ പ്രകടനം ആവർത്തിക്കാനാകാതെയാണ് തോൽവി വഴങ്ങിയത്. ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഉഗ്രൻ തിരിച്ചുവരവ് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തകർത്തത് 189 റൺസിന്. 438 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക്, 137.4 ഓവറിൽ 248 റൺസെടുക്കുമ്പോഴേയ്ക്കും എല്ലാ വിക്കറ്റും നഷ്ടമായി.

സ്കോർ: ഇംഗ്ലണ്ട് – 269 & 391/8 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 223 & 248അവസാന ദിനം ഒൻപത് ഓവറിൽ താഴെ മാത്രം ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക തോൽവിയിലേക്കു വഴുതിയത്. പ്രതിരോധത്തിന്റെ മറുരൂപമായി 288 പന്തിൽ മൂന്നു ഫോറുകൾ സഹിതം 84 റൺസെടുത്ത ഓപ്പണർ പീറ്റർ മലനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജയിംസ് ആൻഡേഴ്സൻ, ജോ ഡെൻലി എന്നിവർ രണ്ടും സ്റ്റുവാർട്ട് ബ്രോഡ്, ഡോമിനിക് ബെസ്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പമെത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും കരുത്തുകാട്ടിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ.

അവസാന ദിനം ജയിക്കാനായി ശ്രമിക്കുന്നതിനേക്കാൾ മുഴുവൻ ഓവറും പിടിച്ചുനിന്ന് സമനില നേടാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബാറ്റെടുത്തവരെല്ലാം ഈ ലക്ഷ്യം മനസ്സിലുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കൻ നിരയിൽ 40നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് രണ്ടു പേർക്കു മാത്രം. 78 പന്തിൽ രണ്ടു ഫോറുകൾ സഹിതം 34 റൺസെടുത്ത ഓപ്പണർ ഡീൻ എൽഗർ, 107 പന്തിൽ ഏഴു ഫോറുകൾ സഹിതം 50 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ക് എന്നിവരാണത്.

പ്രതിരോധത്തിന്റെ നേ‍ർക്കാഴ്ചയുമായി കളംപിടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ വ്യത്യാസത്തിനാണ് സമനില നഷ്ടമായത്. സുബൈർ ഹംസ (59 പന്തിൽ 18), കേശവ് മഹാരാജ് (17 പന്തിൽ രണ്ട്), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (57 പന്തിൽ 19), റാസ്സി വാൻഡർ ദസ്സൻ (140 പന്തിൽ 17), വെർനോൺ ഫിലാ‍ൻഡർ (51 പന്തിൽ എട്ട്), ഡ്വെയിൻ പ്രിട്ടോറിയസ് (22 പന്തിൽ 0), ആൻറിച് നോർജെ (0), കഗീസോ റബാദ (11 പന്തിൽ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

നേരത്തെ, ഡോം സിബ്ലിയുടെ കന്നി സെഞ്ചുറിയു(139*)ടെയും ബെൻ സ്റ്റോക്സിന്റെ തകർപ്പനടിയുടെയും (47 പന്തിൽ 72) സഹായത്തോടെ 8ന് 391 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് ജയിക്കാനുറച്ചാണ് ഇന്നലെ പൊരുതിയത്. 4ന് 218ന് ഇന്നിങ്സ് പുനരാരംഭിച്ച അവർ ഇന്നലെ സ്റ്റോക്സ് എത്തിയശേഷം 32 ഓവറിൽ 32 ഓവറിൽ 157 റൺസ് കൂട്ടിച്ചേർത്തു.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിലെ നിർണായക വഴിത്തിരിവായിരുന്നു സുലൈമാനിയുടെ വധം. ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാന്‍ തലസ്ഥാനം ടെഹ്റാനിൽ വൻ പ്രതിഷേധം നടന്നു. ഒപ്പം ടെഹ്റാനിലെത്തിച്ച മൃതദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യിലുടനീളം ​​‘ഡെ​ത്ത്​ ടു ​അ​മേ​രി​ക്ക’ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പിന്തുടർന്നത്. എന്നാൽ സുലൈമാനിയുടെ മരണത്തിൽ തങ്ങൾക്ക് ദുഃഖമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുറന്നുപറഞ്ഞു. ആയിരക്കണക്കിന് നിരപരാധികളായ സിവിലിയന്മാരുടെയും പാശ്ചാത്യ ഉദ്യോഗസ്ഥരുടെയും മരണത്തിന് കാരണമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്കു കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ മരണത്തിലും ഞങ്ങൾ വിലപിക്കില്ല എന്നാണ് ജോൺസൻ പറഞ്ഞത്. അതേസമയം യുകെ സൈനികരെ കൊല്ലുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.

പ്രശ്ന ബാധിത പ്രദേശങ്ങളിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ യുകെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജോൺസൻ സ്ഥിരീകരിച്ചു.യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. സൗദി അറേബ്യ, തുർക്കി എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളമുള്ള ബ്രിട്ടീഷുകാർക്ക് വിദേശകാര്യ ഓഫീസ് ശക്തമായ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ പോരാട്ട രംഗത്ത് അതിശക്തരായ ഇറാൻ യുഎസിനു നേരെ ഇന്റർനെറ്റിലൂടെ തിരിച്ചടി നൽകിയേക്കുമെന്നാണു സൂചന. ഈ കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്, ബോറിസ് ജോൺസൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇറാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെക്കുറിച്ച് ആദ്യമായാണ് ബോറിസ് ജോൺസൻ സംസാരിക്കുന്നത്. ട്രംപ് , ഇമ്മാനുവേൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ എന്നിവരുമായി ജോൺസൺ നേരത്തെ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാ വിദേശ സൈനികരും രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്റ് പറയുന്നുണ്ട്. യുഎസ് – ഇറാൻ സംഘർഷം ലോക രാജ്യങ്ങളെ എല്ലാം തന്നെ സാരമായി ബാധിച്ചിരിക്കുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : എൻ‌എച്ച്‌എസിലെ ഐടി സംവിധാനങ്ങൾ‌ കാലഹരണപ്പെട്ടതാണെന്നു കണ്ടെത്തി. ഇതുമൂലം എൻ എച്ച് എസ് ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും 15 വ്യത്യസ്ത സിസ്റ്റം ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതായി വരുന്നു. എക്സ് റേ ക്രമീകരിക്കുന്നതിനും ലാബ് ഫലങ്ങൾ കിട്ടാനായും വിവിധ സിസ്റ്റം ഉപയോഗിക്കുമ്പോൾ സമയനഷ്ടവും ഉണ്ടാകുന്നു. ഐടി നവീകരിക്കുന്നതിന്റെ ഭാഗമായി സിസ്റ്റം സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുകയാണെന്ന് ഇംഗ്ലണ്ടിലെ സർക്കാർ അറിയിച്ചു. അടുത്ത വർഷം സിംഗിൾ സിസ്റ്റം ലോഗിൻ കൊണ്ടുവരുന്നു. ഇതിനായി ഏകദേശം 40 ദശലക്ഷം പൗണ്ട് നീക്കിവച്ചിട്ടുണ്ട്. ലിവർപൂളിലെ ആൽഡർ ഹേ ആശുപത്രിയിൽ ഇത് പരീക്ഷിച്ചിരുന്നു. ലോഗിൻ ചെയ്യാൻ എടുക്കുന്ന 45 സെക്കന്റ്‌ സമയം പുതിയ സംവിധാനത്തിലൂടെ 10 സെക്കന്റ്‌ ആയി കുറഞ്ഞു. പ്രതിദിനം അയ്യായിരത്തോളം ലോഗിനുകൾ ഉള്ളതിനാൽ ഇതിലൂടെ 130 മണിക്കൂറിലധികം സമയം ലഭിക്കാനും കഴിഞ്ഞു.

അടിസ്ഥാനകാര്യങ്ങൾ ശരിയായി മനസ്സിലാക്കാനുള്ള സമയമാണിതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിപ്രായപ്പെട്ടു. “നമ്മുടെ ഡോക്ടർമാരും നഴ്സുമാരും ഒന്നിലധികം സിസ്റ്റങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ വളരെയധികം സമയം പാഴാക്കുന്നു എന്നത് തികച്ചും പരിഹാസ്യമാണ്. പലപ്പോഴും കാലഹരണപ്പെട്ട സാങ്കേതികവിദ്യ , ജീവനക്കാരെ നിരാശപ്പെടുത്തുകയും ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കുന്നതിനായി എൻ‌എച്ച്‌എസ്‌ എക്സ് എന്ന പേരിൽ ഒരു പുതിയ ഏജൻസി രൂപീകരിച്ച സർക്കാർ വരും വർഷങ്ങളിൽ എൻ എച്ച് എസിന്റെ ഉയർച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഹാൻ‌കോക്ക് പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കൂട്ടുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നു. എന്നാൽ ഈയൊരു നീക്കം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. പല ഐടി സംവിധാനങ്ങളും പഴഞ്ചനാണെന്നും നവീകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശാലമായ ഐടി സംവിധാനങ്ങൾക്ക് നിക്ഷേപം ആവശ്യമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ആദം ബ്രിമെലോ പറയുകയുണ്ടായി.

 ന്യൂസ് ഡെസ്ക്,  മലയാളം യുകെ

ലണ്ടൻ : ട്രെയിൻ യാത്രക്കാർക്ക് വൻ തിരിച്ചടിയായി ടിക്കറ്റ് നിരക്ക് വർദ്ധനവ്. 2.7% നിരക്ക് വർദ്ധനവ് ആണ് ഉണ്ടായത്. വ്യവസായ സ്ഥാപനമായ റെയിൽ ഡെലിവറി ഗ്രൂപ്പ് നവംബറിൽ പ്രഖ്യാപിച്ചതാണീ വർദ്ധനവ്. തുടർച്ചയായ മൂന്നാം വർഷമാണ് ശരാശരി നിരക്ക് ആർ‌പി‌ഐയ്ക്ക് താഴെയായിരിക്കുന്നതെന്ന് ട്രെയിൻ കമ്പനികൾ പറയുന്നു. വാർഷിക പാസിൽ 100 പൗണ്ടിന്റെ വർദ്ധനവ് ഉണ്ട്. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പല പദ്ധതികളും മുന്നോട്ട് വെക്കുന്നുണ്ട്. “എന്നെ നിങ്ങൾക്ക് വർഷാവസാനത്തോടെ വിധിക്കാൻ കഴിയും. ഈ മാറ്റങ്ങൾക്ക് സമയമെടുക്കും, പക്ഷേ ആളുകൾ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു. ” അദ്ദേഹം ബിബിസിയോട് പറഞ്ഞു. എന്നാൽ ടോറികൾക്ക് കീഴിൽ യാത്രക്കാർ വീണ്ടും കുറഞ്ഞ തുക ആയിരിക്കുമ്പോൾ തന്നെ കൂടുതൽ പണം നൽകുകയാണെന്ന് ലേബർ ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ആൻഡി മക്ഡൊണാൾഡ് പറഞ്ഞു.

യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രയാണ് ആവശ്യമെന്ന് വാച്ച്‌ഡോഗ് ഡയറക്ടർ ഡേവിഡ് സൈഡ്ബോട്ടം പറഞ്ഞു. കാലതാമസത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാൻ അദ്ദേഹം യാത്രക്കാരെ പ്രോത്സാഹിപ്പിച്ചു. യാത്രകൾ മെച്ചപ്പെടുത്തുന്നതിനായി റെയിൽ കമ്പനികൾ നിക്ഷേപം നടത്തുന്നുവെന്ന് റെയിൽ‌വേ ഡെലിവറി ഗ്രൂപ്പിന്റെ നേഷൻ ആൻഡ് റീജിയൻ ഡയറക്ടർ റോബർട്ട് നിസ്‌ബെറ്റ് പറഞ്ഞു. 2020 ൽ ആഴ്ചയിൽ 1,000 അധിക സർവീസുകളും 1,000 വണ്ടികളും കൊണ്ടുവരും. റെയിൽവേയിലേക്ക് ഒരുപാട് നിക്ഷേപങ്ങൾ നടക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി.

വാർഷിക റെയിൽ വിലവർദ്ധനവിന്റെ 40% നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ സർക്കാരുകളാണ്. കഴിഞ്ഞ ജൂലൈയിലെ റീട്ടെയിൽ പ്രൈസസ് ഇൻഡക്സ് (ആർ‌പി‌ഐ) പണപ്പെരുപ്പ നടപടികളിലേക്ക് അവരെ ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ് നിരക്ക് വർദ്ധനവ് തീരുമാനിക്കുന്നത് ട്രെയിൻ കമ്പനികളാണ്. ആർ‌പി‌ഐ പണപ്പെരുപ്പം കഴിഞ്ഞ വർഷം 2.8 ശതമാനമായിരുന്നു. ഇന്നലത്തെ ഈ നിരക്ക് വർദ്ധനവിന് എതിരെ ലണ്ടൻ കിംഗ്സ് ക്രോസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടന്നു.

RECENT POSTS
Copyright © . All rights reserved