സ്വന്തം ലേഖകൻ
ബ്രിട്ടൻ :- 11 വയസ്സ് മുതൽ ബ്രിട്ടണിൽ താമസിച്ചുവരുന്ന വ്യക്തിയെ ജമൈക്കയിലേക്ക് നാടുകടത്താൻ നീക്കം. റേഷോൻ ഡേവിസ് എന്ന മുപ്പതുകാരനെയാണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. 2018 -ലെ വിൻഡ്റഷ് പ്രശ്നങ്ങൾക്ക് ശേഷം ജമൈക്കയിലേക്കുള്ള രണ്ടാമത്തെ ചാർട്ടർ ഫ്ലൈറ്റ് ആണ് ഇത്. പത്തു വർഷങ്ങൾക്കു മുൻപ് ഡേവിസ് നടത്തിയ മോഷണക്കുറ്റത്തിന്റെ പേരിലാണ് ഇപ്പോൾ ഇദ്ദേഹത്തെ നാട്കടത്തുന്നത്. ഈ കുറ്റത്തിന് അദ്ദേഹം രണ്ടു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജമൈക്കൻ പൗരനായ ഇദ്ദേഹം, ബ്രിട്ടീഷുകാരിയായ ഭാര്യയോടും, ആറുമാസം പ്രായമുള്ള മകളോടുമൊപ്പം നോർത്ത് വെസ്റ്റ് ലണ്ടനിലാണ് താമസിക്കുന്നത്.

മുൻപ് നടന്ന പ്രശ്നങ്ങൾക്ക് ശേഷം പിന്നീട് ഇതുവരെയും അദ്ദേഹം ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ല. 20 വർഷത്തോളമായി തനിക്ക് അപരിചിതമായ ഒരു രാജ്യത്തേക്ക് പോകുന്നതിന്റ നടുങ്ങലിലാണ് അദ്ദേഹം. ഇദ്ദേഹത്തെ പോലെ തന്നെ, ഏകദേശം അൻപതോളം ജമൈക്കൻ പൗരന്മാരെ കഴിഞ്ഞ ആഴ്ചകളിലായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെയും ഇദ്ദേഹത്തോടൊപ്പം ചാർട്ടർ ഫ്‌ളൈറ്റിൽ ജമൈക്കയിലേക്കു നാടുകടത്താൻ ആണ് തീരുമാനം. ഇത് ഒരു വൻ വിവാദം ആയി മാറിയിരിക്കുകയാണ്. ഡേവിസിനെ പോലെ ഇത്തരത്തിൽ ബാല്യത്തിൽ തന്നെ ബ്രിട്ടനിൽ താമസമാക്കിയിരുന്ന പൗരന്മാരെ നാടുകടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങളോ, കുടുംബസുഹൃത്തുക്കളോ ഒന്നും തന്നെ ജമൈക്കയിൽ ഇല്ല. താൻ അവിടെ ജനിച്ചുവെങ്കിലും, ബാല്യത്തിൽ തന്നെ ബ്രിട്ടനിലേക്ക് വന്നതാണ്. അത്തരം ഒരു രാജ്യത്തേക്ക് പോകുന്നതിൽ തനിക്ക് വളരെയധികം ആശങ്കയുണ്ട് എന്ന് അയാൾ പറഞ്ഞു . ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോകുന്നതിനുള്ള വിഷമവും അദ്ദേഹം പങ്കുവെച്ചു.

അവിടെ എത്തിയാലും താൻ ആക്രമണങ്ങൾക്ക് ഇരയായി തീരും എന്നും അദ്ദേഹം പറഞ്ഞു. വിദേശ ക്രിമിനലുകളെയാണ് ചാർട്ടർ ഫ്ലൈറ്റിൽ നാടുകടത്തുന്നത് എന്ന വാദമാണ് ആഭ്യന്തരവകുപ്പ് വക്താവ് പങ്കുവെച്ചത്. പലതരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇവരൊക്കെയും. അതിനാൽ അങ്ങനെയുള്ളവരെ നാടുകടത്തുന്നതിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു.
സ്വന്തം ലേഖകൻ
ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താനും അവയിൽ അനാവശ്യ ഇടപെടൽ നടത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു . വ്യക്തമായ തെളിവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. രണ്ടു വീഡിയോകളാണ് ഇതിന് തെളിവായി മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പുറത്തു വിട്ടിരിക്കുന്നത്. ഒരു വീഡിയോക്കൊപ്പം ബാബർപുർ നിയമസഭാ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതൻ സ്‌കൂളിൽ നിന്ന് ആളുകൾ ഉദ്യോഗസ്ഥനെ ഒരു ഇവിഎമ്മുമായി പിടികൂടിയതും കാണാം . രണ്ടാമത്തെ വീഡിയോയിൽ, തെരുവിലൂടെ വോട്ടിങ് മെഷീൻ കൊണ്ടുപോകുന്നത് കാണാം.
പാര്‍ട്ടികളെല്ലാം ചൊവ്വാഴ്ചത്തെ വോട്ടെണ്ണലില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ്. ഇതിനിടെയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി രംഗത്ത് എത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ പലയിടത്തും പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് . സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി പിടിക്കപ്പെട്ടിട്ടുണ്ട്.
സീല്‍ ചെയ്യുന്ന ഇവിഎം മെഷീനുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരെ സ്ട്രോങ് റൂമുകളിലേക്ക് കൊണ്ടുപോവേണ്ടതാണ്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത് . ഇവിടെ നിന്നും ഇവിഎം യന്ത്രങ്ങളുമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ പിടികൂടി. ദില്ലിയിലെ പല സ്ഥലങ്ങളിൽ നിന്നും സമാനമായ രീതിയില്‍ വോട്ടിംഗ് മെഷീൻ മോഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . അതുകൊണ്ടാണ് മൊത്തം പോൾ ചെയ്യപ്പെട്ട വോട്ടിന്റെ കണക്കുകളും ഇലക്ഷൻ കമ്മീഷൻ ഇതുവരെ പുറത്ത് വിടാത്തതും . ബി ജെ പിയും പോലീസ്സും ഇലക്ഷൻ കമ്മീഷനും ഒന്നിച്ചുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് ഡൽഹി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് .
ലണ്ടൻ ∙ പതിനഞ്ചാം വയസിൽ നാടുവിട്ട് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ബ്രിട്ടൻ പൗരത്വം നിഷേധിച്ചതോടെ വീണ്ടും ഈ വിഷയം സജീവ ചർച്ചയാകുന്നു. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷമീമ നൽകിയ അപ്പീൽ കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഇതോടെ ഇപ്പോൾ സിറിയയിൽ കഴിയുന്ന ഇവർക്ക് അവിടെ തന്നെ തുടരേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. ബ്രിട്ടനിലേക്ക് മടങ്ങിയെത്തി ശിഷ്ടകാലം ഇവിടെ ജീവിക്കാനുള്ള അവരുടെ മോഹം ഉടനെങ്ങും നടക്കാൻ സാധ്യതയില്ല. ഷമീമയുടെ ജീവിത്തിലെ നിർണായക ഘട്ടങ്ങളിലൂടെ…
തീരുമാനത്തിനെതിരെ ഉടൻ തന്നെ അപ്പീൽ പോകുമെന്ന് ഷമീമയുടെ അഭിഭാഷകൻ ഡാനിയൽ ഫർണർ അറിയിച്ചു. അവരുടെ അവസ്ഥ മുൻപുള്ളതിലും അപകടത്തിലാണ്. ഇപ്പോൾ അവർ വടക്കൻ സിറിയയിലെ ഒരു അഭയർഥി ക്യാംപിലാണുള്ളത്. വലിയ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാകുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായി തീരുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ അവർക്ക് വേണമെങ്കിൽ ബംഗ്ലാദേശി പൗരത്വത്തിന് അവകാശമുണ്ടെന്നും സ്പെഷൽ ഇമിഗ്രേഷൻ അപ്പീൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണൽ വ്യക്തമാക്കി. ഷമീമയുടെ അപ്പീൽ ട്രിബ്യൂണൽ തള്ളുകയും ചെയ്തു.
ഈസ്റ്റ് ലണ്ടനിൽനിന്നും പതിനഞ്ചാം വയസിൽ കൂട്ടുകാരികൾക്കൊപ്പം സിറിയയിലേക്ക് പാലായനം ചെയ്ത് ഐഎസിൽ ചേർന്ന ഷമീമ ഡച്ചുകാരനായ ഒരു ഭീകരന്റെ ഭാര്യയായി. ഇയാളിൽനിന്നും മൂന്നുതവണ ഗർഭം ധരിച്ചു. ഭർത്താവ് അവിടെ ജയിലിൽ ആയതോടെ ഷമീമ മൂന്നാമത്തെ കുഞ്ഞിനെ ഒമ്പതു മാസം ഗർഭിണിയായിരിക്കവേയാണ് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത്.
മൂന്നാമത്തെ കുഞ്ഞിന് ബ്രിട്ടനിൽ ജന്മം നൽകണമെന്ന ആഗ്രഹം സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിയുമ്പോഴായിരുന്നു ഇവർ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇതിനെതിരേ ബ്രിട്ടനിൽ ശക്തമായ പ്രതിഷേധ സ്വരമുണ്ടായി. ജനവികാരം തിരിച്ചറിഞ്ഞ് ഷമീമയുടെ ആവശ്യം തള്ളിക്കളഞ്ഞ ബ്രിട്ടീഷ് സർക്കാർ ഉടൻതന്നെ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേ അവർ സമർപ്പിച്ച അപ്പീലാണ് ഇമിഗ്രേഷൻ ട്രിബ്യൂണൽ തള്ളിക്കളഞ്ഞത്.
ബ്രിട്ടൺ പൗരത്വം റദ്ദാക്കി അധികം കഴിയുംമുമ്പേ അഭയാർഥി ക്യാംപിൽ വച്ച് ഷമീമ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുട്ടി ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചു. മുമ്പുണ്ടായ രണ്ടുകുട്ടികളും സമാനമായ രീതിയിൽ ജനിച്ചയുടൻ തന്നെ മരിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനായി ബ്രിട്ടനിൽനിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ കടുത്ത നിലപാടാണ് ഇപ്പോൾ 20 വയസുള്ള ഷമീമയുടെ തിരിച്ചുവരവിന് വഴിയടച്ചത്.
ഐഎസ് ഭീകരർക്കൊപ്പം ചേരാൻ ഇറങ്ങിപ്പുറപ്പെട്ടത് തെറ്റായിരുന്നുവെന്ന് ഷമീമ ബീഗം. അനുഭവിച്ച് മതിയായെന്നും ജയിലാണ് ഭേദം, അഭയം നൽകണമെന്നും നേരത്തെ അവർ രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. താനുൾപ്പെടയുള്ള പെൺകുട്ടികൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് അവസ്ഥ. ഉറ്റവരും ഉടയവരുമില്ല. കൂടെ പുറപ്പെട്ട് വന്ന കൂട്ടുകാരികളെല്ലാം ദാരുണമായി കൊല്ലപ്പെട്ടുവെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയാറാണെന്നും ഷമീമ പറയുന്നു.
ആദ്യമായാണ് ഷമീമ പശ്ചാത്തപിക്കുന്നത്. ഐഎസിന്റെ ക്രൂരതകൾ നേരിട്ട് കണ്ടിരുന്ന ഷമീമ അതൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടേയില്ലെന്നായിരുന്നു മുൻപത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്. ഷമീമയ്ക്ക് സിറിയയിൽ വച്ചുണ്ടായ മൂന്ന് കുഞ്ഞുങ്ങളും മരിച്ചു പോയി. മാനസിക ആരോഗ്യം അപകടത്തിലാണെന്നും അവർ വ്യക്തമാക്കി. നരകയാതനയാണ് അനുഭവിക്കുന്നത്. അനുഭവിക്കുന്നതിനെക്കാൾ ക്രൂരമായ ഒരു ശിക്ഷയും തനിക്ക് ലഭിക്കാനില്ലെന്നും കരുണ കാണിക്കണമെന്നുമാണ് അവർ അഭിമുഖത്തിലൂടെ അഭ്യർഥിച്ചിരുന്നു.
സ്വന്തം ലേഖകൻ
ഫ്രാൻസ് : കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം. അടുത്തിടെ സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്. രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് ഇന്നലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബ്രിട്ടീഷുകാരുമായി മറ്റാരൊക്കെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്താനായി ഒരു ഹോട്ട്ലൈൻ (0800 100 379) തുറന്നു. “രോഗം ബാധിച്ചവരുമായി ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്താനായി ഞങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു” ; ആരോഗ്യമന്ത്രി അഗ്നസ് ബുസിൻ പറഞ്ഞു.

ഫ്രാൻസിലെ ആശുപത്രിയിൽ കഴിയുന്ന 11 ബ്രിട്ടീഷുകാർ സ്‌കൂൾ റിസോർട്ടിലെ രണ്ട് പ്രത്യേക ചാലറ്റുകളിൽ താമസിച്ചതായി കോണ്ടാമൈൻസ്-മോണ്ട്ജോയ് മേയർ എറ്റിയെൻ ജാക്കറ്റ് പറഞ്ഞു. ഇതിൽ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി അവിടെ താമസിസിച്ചിരുന്ന 11 ബ്രിട്ടീഷുകാരെയും ലിയോൺ, സെന്റ്-എറ്റിയെൻ, ഗ്രെനോബിൾ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 720 കടന്നു. 35000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുൻദിവസങ്ങളെക്കാൾ കുറഞ്ഞു. മറ്റ് 27 രാജ്യങ്ങളിലായി 320ഓളം രോഗബാധിതരുണ്ട്. യുകെയിലേക്കുള്ള മൂന്നാമത്തെയും അവസാനത്തെയും വിമാനം ഇന്ന് രാവിലെ 150 ഓളം ബ്രിട്ടീഷുകാരുമായി പുറപ്പെടും. തുടർന്ന് 14 ദിവസത്തെ നിരീക്ഷണത്തിനായി അവരെ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് കൊണ്ടുപോകും.
സ്വന്തം ലേഖകൻ
അത്യാവശ്യഘട്ടമാണെങ്കിൽ മാത്രമേ ഞായറാഴ്ച പുറത്തു പോകാവൂ എന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ. 80എംപിഎച് വേഗത കണക്കാക്കപ്പെടുന്ന കാറ്റ് മൂലം ഇന്ന് നടക്കാനിരുന്ന പല പരിപാടികളും മാറ്റി വെച്ചു. ശനിയും ഞായറും ജനങ്ങൾ കരുതലോടെ പെരുമാറണമെന്ന് മറ്റ് ഓഫീസ് അറിയിച്ചു. റോഡുകളും പാലങ്ങളും അടച്ചിടുന്നത് മൂലം ഗതാഗതം സ്തംഭിക്കും.

കാറ്റ് മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾ നേരിടാൻ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട് . കൊടുംകാറ്റിനെ തുടർന്ന് കനത്ത മഴക്കും സാധ്യതയുണ്ട് . ശനിയാഴ്ച നോർത്തേൺ അയർലണ്ട്, സ്കോട് ലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഞായറാഴ്ച യു കെ യിലെ മറ്റു സ്ഥലങ്ങളിലും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കാം. പ്രാന്ത പ്രദേശങ്ങളിൽ 50മുതൽ 60 വരെ എംപിഎച് കാറ്റ് വീശാമെങ്കിലും തീരദേശങ്ങളിൽ 80 എംപിഎച് വരെ ആകാനാണ് സാധ്യത .

യു കെ യുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുഴുവൻ പ്രദേശങ്ങളിലും യെല്ലോ അലെർട് പ്രഖ്യാപിചിരിക്കുകയാണ്. അത്യാവശ്യമെങ്കിൽ മാത്രമേ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാവൂ എന്നും, റെയിൽ ഉപയോഗവും പരിമിതപ്പെടുത്തണമെന്നും എ എ യും, നെറ്റ്‌വർക്ക് റെയിലും അറിയിച്ചു. ട്രാക്കിനും ഇലക്ട്രിക് ലൈനുകൾക്കും നാശ നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്. വലിയ തിരകൾക്ക് സാധ്യത ഉള്ളതിനാൽ കടൽത്തീരങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.
കടപ്പാട് : ദി ഗാർഡിയൻ
ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി കോടതിയില്‍. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്. “എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്. ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല,” അനില്‍ അംബാനി വിവരിച്ചു.
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് ഹരജി നല്‍കിയിരിക്കുന്നത്. അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങള്‍ 925 ദശലക്ഷം ഡോളര്‍ വായ്പ നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. അംബാനിയുടെ വ്യക്തപരമായ ബാധ്യതയേല്‍ക്കലിന്റെ അടിസ്ഥാനത്തിലായിരുന്നു വായ്പ.
വിചാരണയ്ക്കു മുമ്പായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടി വെക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്സ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അനില്‍ അംബാനി.
റിയലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞവര്‍ഷമാണ് പാപ്പരായത്. എന്നാല്‍ അംബാനി കുടുംബത്തിന്റെ കൈയില്‍ പണമില്ലെന്ന് വിശ്വസിക്കാന്‍ ജഡ്ജി തയ്യാറായില്ല. ഇനിയൊരിക്കലും ഉയര്‍ത്താനാകാത്ത വിധത്തില്‍ അനില്‍ അംബാനി ഷട്ടറുകള്‍ അടച്ചിരിക്കുകയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. മുന്‍കാലങ്ങളില്‍ പരസ്പരം സഹായിക്കാറുണ്ടായിരുന്ന കുടുംബമാണ് അംബാനി കുടുംബമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 56.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സഹോദരന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്.
എന്നാല്‍ തന്റെ കക്ഷിക്ക് താങ്ങാവുന്നതിലും വലിയ തുക അടയ്ക്കാന്‍ ആവശ്യപ്പെടരുതെന്ന് അനില്‍ അംബാനിക്കു വേണ്ടി ഹാജരാകുന്ന വക്കീല്‍ റോബര്‍ട്ട് ഹോവെ വാദിച്ചു. എന്നാല്‍, അംബാനിയുടെ വാദം മറ്റൊരു അവസരവാദപരമായ നീക്കമാണെന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയെയും, ചൈന ഡവലപ്മെന്റ് ബാങ്കിനെയും, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയെയും പ്രതിനിധീകരിക്കുന്ന വക്കീല്‍ ബങ്കിം തങ്കി പറഞ്ഞു. വായ്പ നല്‍കിയവരെ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ് അനിലിന്റെ ലക്ഷ്യം. അനില്‍ കോടതിയുത്തരവ് അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷവും അനില്‍ അംബാനി സമാനമായൊരു കുടുക്കില്‍ ചെന്നു പെട്ടിരുന്നു. എറിക്സണ്‍ എബിയുടെ ഇന്ത്യന്‍ വിഭാഗമാണ് 77 ദശലക്ഷം ഡോളറിന്റെ അടവ് മുടങ്ങിയതിനെതിരെ കേസ് നല്‍കിയത്. അനില്‍ ജയിലില്‍ പോകുമെന്ന നില വന്നപ്പോള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി ഇടപെടുകയും പണം കൊടുത്തു തീര്‍ക്കുകയുമായിരുന്നു.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിൽ നിരവധി ഇന്ത്യാക്കാരും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. കപ്പലിലുള്ളവരെ പുറത്തിറക്കാതെ കൊറോണ പടരുന്ന സാഹചര്യത്തെ ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. കപ്പലിൽ വേണ്ട ചികിത്സകൾ നൽകുന്നുണ്ട്. 200 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്. ഇവരിലാർക്കും കൊറോണ ബാധയില്ലെന്നാണ് വിവരം.
പ്രിൻസസ് ക്രൂയിസസ് കമ്പനിയുടെ ഡയമണ്ട് പ്രിൻസസ് കപ്പലിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലെ 64 പേർക്ക് കൊറോണ ബാധിച്ചതായാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്. കപ്പലിൽ ആകെ 3700 യാത്രക്കാരുണ്ട്. ഇവരെക്കൂടാതെ കപ്പൽ ജീവനക്കാർ വേറെയും. അവശനിലയിലായിത്തുടങ്ങിയ ചില രോഗികളെ ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലെത്തിച്ചതായി വിവരമുണ്ട്.
ഇന്ത്യൻ പൗരന്മാർക്കാർക്കും കൊറോണയില്ലെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യൻ എംബസി കാര്യങ്ങൾ നേരിട്ട് നിരീക്ഷിച്ചു വരുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.കൊറോണ ബാധിച്ചവരിൽ 28 പേർ ജപ്പാന്‍കാരാണ്. പതിനൊന്ന് യുഎസ് പൗരന്മാരും കൂട്ടത്തിലുണ്ട്. ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 61 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ചൈനാക്കാരുമുണ്ട്. യുകെ, ന്യൂസീലാൻഡ്, തായ്‌വാൻ, ഫിലിപ്പൈൻസ്, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതം കൊറോണ ബാധിതരാണ് കപ്പലിൽ.
സ്വന്തം ലേഖകൻ
ലണ്ടൻ : കുടുംബാസൂത്രണ വിദഗ്ധനായ മനീഷ് ഷാ ജയിലിൽ. സ്ത്രീ രോഗികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ മനീഷ് ഷാ, 23 സ്ത്രീകളെയും ഒരു 15 വയസുകാരി കുട്ടിയേയും ആക്രമിക്കുകയുണ്ടായി. ഒപ്പം സ്വന്തം സുഖത്തിനായി പല പരീക്ഷണങ്ങളും നടത്തുകയും ചെയ്തു. രോഗികളിൽ അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ആക്രമണങ്ങൾ നടത്തിയത്. റോംഫോർഡിൽ നിന്നുള്ള ഷാ, 2009 മെയ് മുതൽ 2013 ജൂൺ വരെ അനാവശ്യ പരിശോധനകൾ നടത്തിയെന്ന് ഇരകളെ ബോധ്യപ്പെടുത്തി. അധികാരസ്ഥാനം ദുരുപയോഗം ചെയ്ത വഞ്ചകൻ എന്നാണ് ജഡ്ജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഈ ആക്രമണങ്ങൾ ഒക്കെ “പ്രതിരോധ മരുന്ന്” ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 50 കാരനായ ഡോക്ടർ, കഴിഞ്ഞ ശരത്കാലത്തിലാണ് മാവ്നി മെഡിക്കൽ സെന്ററിൽ ആറ് ഇരകൾക്കെതിരായ 25 ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ൽ നടന്ന ഒരു വിചാരണയിൽ, മറ്റ് 18 ആളുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. അങ്ങനെ ആകെ 23 രോഗികളുമായി ബന്ധപ്പെട്ട 90 കുറ്റകൃത്യങ്ങൾക്കാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

സ്വന്തം ലൈംഗിക തൃപ്തിക്കായി അനാവശ്യ ക്ലിനിക്കൽ പരിശോധനകൾ അദ്ദേഹം നടത്തി. സ്ത്രീകൾക്കെല്ലാം കടുത്ത അധിക്ഷേപവും അപമാനവും തോന്നുന്നുവെന്നും മനീഷ് ഷായുടെ മേൽ അവർ ചെലുത്തിയ വിശ്വാസം ഭയങ്കരമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും സോ ജോൺസൺ ക്യുസി പറഞ്ഞു. അവരെ അദ്ദേഹം വളരെയധികം വേദനിപ്പിച്ചു എന്ന് അവർ പറഞ്ഞു. വിശ്വാസവഞ്ചനയിലൂടെ സ്ത്രീകളെ ചൂഷണം ചെയ്ത ജിപി മനീഷ് ഷായ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
ഗ്ലാസ്‌ഗോ: യു കെ യിൽ ഇദംപ്രഥമമായി മാർഷൽ ആർട്സിൽ ചീഫ് ഇൻസ്റ്റക്ടർ പദവി നൽകിയപ്പോൾ അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരൻ ടോം ജേക്കബ് മലയാളികൾക്ക് അഭിമാനമാവുന്നു. ജപ്പാനിൽ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തർദ്ദേശീയ കരാട്ടെ സെമിനാറിൽ ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അർപ്പ ണവും പുറത്തെടുക്കുവാനും, ആയോധനാ കലകളിൽ തന്റെ വൈഭവം പ്രദർശിപ്പിക്കുവാനും സുവർണാവസരമാണ് ലഭിച്ചത്. കൂടാതെ മാർഷൽ ആർട്സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീർഘമായ 35 വർഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്‌ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാൻ കൂടുതലായി സ്വാധീനിച്ചത്.

കളരി(തെക്കൻ ആൻഡ് വടക്കൻ),കുങ്ഫു, കരാട്ടെ, ബോക്സിങ് അടക്കം വിവിധ ആയോധന കലകളിൽ ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇൻസ്ട്രക്ടർ ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറിൽ പങ്കെടുക്കുവാനുള്ള എൻട്രി അസാധാരണ വൈഭവം ഉള്ള മാർഷൽ ആർട്സ് വിദഗ്ദർക്കേ നൽകാറുള്ളൂ.

ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളിൽ കരാട്ടെ ട്രെയിനർ ആയി പ്രവർത്തി ചെയ്തിട്ടുണ്ട്. അബുദാബിയിൽ കൊമേർഷ്യൽ ബാങ്കിൽ ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളിൽ ഏറെ ശിഷ്യഗണങ്ങൾ ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഗ്ളാസ്ഗോയിൽ കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യിൽ നിന്നും മാർക്കറ്റിങ്ങിൽ എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

കരാട്ടെ അഭ്യാസ മുറകൾ സ്വായത്തമാക്കുമ്പോൾ അതിലൂടെ നേടാവുന്ന ഗുണങ്ങളും പ്രയോജനങ്ങളും കുട്ടികളെ മനസ്സിലാക്കുവാനും, ഒരു ഉപജീവന മാർഗ്ഗമായും ഉപയോഗിക്കാവുന്ന ഈ ആയോധന കലയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപ്പര്യം ഉണർത്തുവാനും, അച്ചടക്കത്തോടെയും,ചിട്ടയോടും കൂടി കരാട്ടെ പരിശീലിക്കുവാനും ടോമിന്റെ ക്ലാസ്സുകൾ കൂടുതൽ ഗുണകരമാണ്. മാനസിക, ആരോഗ്യ, സുരക്ഷാ മേഖലകളിൽ കരാട്ടെയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആർജ്ജിക്കുന്നതിനും, കരാട്ടെയുടെ ലോകത്തിൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കുവാനും ഉതകുന്ന പഠന രീതിയാണ് ടോമിനെ പ്രത്യേകം ശ്രദ്ധേയനാക്കുന്നത്. വിവിധ ട്രെയിനിങ് സ്‌കൂളുകൾ തുറക്കുവാനും, ഉള്ള കേന്ദ്രങ്ങൾ തുടരുന്നതിനും ഗ്രേഡുകൾ നൽകുന്നതിനും യു കെ യിൽ ഇനി ടോമിനെ ആശ്രയിക്കേണ്ടതായി വരും.
സ്കോട്ട്ലൻഡ് ആൻഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റൽ കിക്ക് ബോക്സിങ്ങിലും ലോക ഒന്നാം നമ്പർ ആയ ജയിംസ് വാസ്റ്റൺ അസോസിയേഷനിൽ നിന്ന് 2018 ൽ അഞ്ചാം ഡാൻ ബ്ലാക്ക് ബെൽറ്റ്, ജപ്പാൻ- ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിൻകോ കായ് കരാട്ടെ അസോസിയേഷനിൽ നിന്നും 2014 ൽ നാലാം ഡാൻ ബ്ലാക്ക് ബെൽറ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയിൽ നിന്നും 2005 ൽ മൂന്നാം ഡാൻ ഷോട്ടോക്കൻ കരാട്ടെ ജപ്പാൻ ബ്ലാക്ക് ബെൽറ്റ്, ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിൽ നിന്നും 2002 ൽ ബ്ലാക്ക് ബെൽറ്റ് രണ്ടാം ഡാൻ, ഷോട്ടോക്കാൻ കരാട്ടെ ജപ്പാൻ 1996 ൽ ബ്ലാക്ക് ബെൽറ്റ് ഒന്നാം ഡാൻ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങൾ കരസ്ഥമാക്കുകയും തന്റെ ആയോധന വിദ്യാഭ്യാസ മേഖലകളുടെ ഉന്നത നേട്ടങ്ങളുടെ പട്ടികയിൽ അഭിമാനപൂർവ്വം കോർത്തിണക്കുവാനും സാധിച്ചിട്ടുള്ള ടോം ജേക്കബ് ആയോധന കലാ രംഗത്തു ലോക ഒന്നാം നമ്പർ താരമാണെന്നുതന്നെ വിശേഷിപ്പിക്കാം എന്നാണ് അന്തർദേശീയ സെമിനാറിൽ ടോമിനെപ്പറ്റി പ്രതിപാദിക്കപ്പെട്ടത്.

യു കെ യിലെ പ്രശസ്തവും ആദ്യകാല ബോക്സിങ് ക്ലബുമായ വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിൽ 10 വർഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലർത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയിൽ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യൻ കരാട്ടെയിൽ ഒമ്പതാം ഡാൻ ബ്ലാക്ക് ബെൽറ്റ് താരവും, കരാട്ടെയിൽ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ജി8 ൽ പ്രശസ്ത കരാട്ടെ ഗുരു ഇയാൻ അബ്ബറെനിന്റെ ഷോട്ടോക്കൻ സ്റ്റൈൽ ബുങ്കായ് & പ്രാക്ടിക്കൽ ആപ്ലിക്കേഷനുകളുമായുള്ള പരിശീലനം ലോക നിലവാരം പുലർത്തുന്ന അസുലഭ അവസരമാണ് ടോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എംഎംഎ & ബ്രസീലിയൻ ജിയു-ജിറ്റ്സു, സ്കോട്ട്ലൻഡിന് പടിഞ്ഞാറുള്ള ഗ്രാങ്പ്ലിംഗ് ടീമിനൊപ്പം പരിശീലനം തുടരുന്ന ടോം, ഷോട്ടോക്കൻ സ്റ്റൈൽ കരാട്ടെ കോളിൻ സ്റ്റീൽ സെൻസി അഞ്ചാം ഡാൻ ജിസ്സെൻ റായിഡു (സ്കോട്ട്ലൻഡ്) ന്റെയും , പോൾ എൻഫിൽഡിനോടൊപ്പം (യുഎസ്എ) ഗോജു ശൈലിയുമായുള്ള കരാട്ടെ പരിശീലനവും ഒപ്പം തുടർന്ന് പോരുന്നു. സീനിയർ ഷോട്ടോക്കൻ സെൻസി ജോൺ ലണ്ടൻ മൂന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ്, സെൻസി ബ്രെയിൻ ബ്ലാക്ക് ബെൽറ്റ് മൂന്നാം ഡാൻ, ഐകിഡോ ഉപയോഗിച്ചുള്ള പരിശീലനവും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയോഗിയുടെ ബാലൻസ് തെറ്റിക്കുന്ന ഒരു അഭ്യാസമുറയാണ് ഐകിഡോ.
നിരവധി അഭിമാനാർഹമായ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ടോം കഴിഞ്ഞ 35 വർഷമായി ആയയോധന കലകളിൽ കഠിനമായ പരിശീലനം തുടർന്ന് കൊണ്ടിരിക്കുകയാണ്.

ജപ്പാൻ ഒക്കിനാവ കരാട്ടെ ആൻഡ് കോബു-ദോ ഷോർ-റായിഡു റെഹോക്കൻ അസോസിയേഷൻ ചെയർമാനും റെഡ് ബെൽറ്റിൽ പത്താം ഡാൻ കരാട്ടെ & പത്താം ഡാൻ കോബുഡോയും നേടിയിട്ടുള്ള ആഗോള പ്രശസ്തനുമായ ഹാൻഷി ഹഗോൺ നനോബുവിലയിൽ നിന്നാണ് യു കെ ചീഫ് ഇൻസ്ട്രക്ടർ പദവി ടോം ജേക്കബ് നേടിയത്.
പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കൽ) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കൽ കുടുംബാംഗമാണ്. മുൻകാല ആലപ്പുഴ ഡി സി സി പ്രസിഡണ്ടും നെഹ്‌റു കുഞ്ഞച്ചൻ എന്ന് ബഹുമാനപുരസ്സരം വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകൻ ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസ്സിൽ പഠിക്കുന്ന പത്തു വയസ്സുള്ള ഏക മകൻ ലിയോൺ ടോം കഴിഞ്ഞ അഞ്ചു വർഷമായി ബോക്സിങ് പരിശീലനം നടത്തി വരുകയാണ്.
ആയോധനകലകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും, ഈ മേഖലകളിൽ നാളിന്റെ ശബ്ദവും, നാമവും ആകുവാനും ടോമിന് കഴിയട്ടെ എന്നാശംസിക്കാം.

സ്വന്തം ലേഖകൻ
സ് കോട് ലൻഡ് : 16 വയസ്സുകാരന് സമൂഹമാധ്യമത്തിലൂടെ അനിയന്ത്രിതമായി സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണത്തെ തുടർന്ന് സ് കോട്ട്ലൻഡിലെ ധനകാര്യ സെക്രട്ടറി ബജറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജിവച്ചു. ആറു മാസമായി കുട്ടിയുമായി നിരന്തരം സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടെന്നാണ് മന്ത്രി ഡെറക് മക്കെയുടെ മേലുള്ള ആരോപണം. സംഭവം സ് കോട്ടിഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. താൻ തെറ്റായി പെരുമാറിയെന്നും നടന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും മക്കെപറഞ്ഞു. ഒപ്പം കുട്ടിയോടും അവന്റെ കുടുംബത്തോടും അദ്ദേഹം ക്ഷമ ചോദിച്ചു. ബുധനാഴ്ച വൈകുന്നേരം വരെ മക്കെയുടെ പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹത്തിനെതിരായ കൂടുതൽ ആരോപണങ്ങളെക്കുറിച്ചും തനിക്ക് അറിവില്ലായിരുന്നെന്ന് മന്ത്രി നിക്കോള സ്റ്റർജിയൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും 270 സന്ദേശങ്ങൾ അയച്ചു. പല സന്ദർഭങ്ങളിലും കുട്ടിയുമായി കൂടുതൽ അടുത്തിടപഴകിയതായി പത്രം വിശദീകരിക്കുന്നു. പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വിവരങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ വിലയിരുത്തുകയാണെന്നും സ് കോട്ട്‌ലൻഡ് പോലീസ് പറഞ്ഞു. സ് കോട്ടിഷ് കൺസർവേറ്റീവ് നേതാവ് ജാക്സൺ കാർല, മാക്കെയോട് സ്കോട്ടിഷ് പാർലമെന്റിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പെരുമാറ്റം ഒരു മന്ത്രിയുടേതിനോട് ഒട്ടും യോജിക്കുന്നതല്ല എന്നും കാർല പറഞ്ഞു. മാക്കെയെ തന്റെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടതായി പത്രം പറയുന്നു.

“സർക്കാരിൽ സേവനം ചെയ്യുന്നത് ഒരു വലിയ പദവിയാണ്, ഒപ്പം സഹപ്രവർത്തകരെയും പിന്തുണക്കാരെയും നിരാശപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു” ; മാക്കെ വെളിപ്പെടുത്തുകയുണ്ടായി. 2013ൽ കുടുംബബന്ധം ഉപേക്ഷിച്ച മാക്കെ ഇത്തരം ഒരു അവസ്ഥയിൽ എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബജറ്റ് അവതരിപ്പിക്കാനായി ഒരുങ്ങി വന്ന മാക്കെയ്ക്ക് അതിനു സാധിച്ചില്ല. മാക്കെയുടെ അഭാവത്തിൽ പൊതു ധനമന്ത്രി കേറ്റ് ഫോർബ്സ് ആവും ബജറ്റ് അവതരിപ്പിക്കുക.