UK

സ്വന്തം ലേഖകൻ

ലണ്ടൻ : ലണ്ടനിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ വ്യാപകമാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ്. ഇത് ആദ്യമായാണ് ലണ്ടൻ നഗരത്തിൽ തത്സമയ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. സ്ഥലത്തെ പ്രധാന കുറ്റവാളികളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. അഞ്ചു മുതൽ ആറു മണിക്കൂർ വരെ ഇത് പ്രവർത്തിക്കും. 70 ശതമാനം കുറ്റവാളികളെ കണ്ടെത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൃത്യത വളരെ കുറവാണെന്ന് സ്വതന്ത്ര അവലോകനത്തിൽ പറയുന്നു. ഒരു മാസം കൊണ്ട് ലണ്ടനിൽ ക്യാമറ പൂർണമായി സജ്ജമാകും. പ്രാദേശിക ജനങ്ങളെ ഇത് മുൻകൂട്ടി അറിയിക്കുമെന്നും പോലീസ് പറഞ്ഞു.

ജനങ്ങളെ സുരക്ഷിതരായി കൊണ്ടുപോകാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്ഗ്രേവ് പറഞ്ഞു.“സുരക്ഷിതമായ ഒരു നഗരത്തിൽ താമസിക്കാനും ജോലിചെയ്യാനും നാമെല്ലാവരും ആഗ്രഹിക്കുന്നു: കുറ്റവാളികളെ തടയാൻ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കാണാതായ കുട്ടികളെയോ മുതിർന്നവരെയോ കണ്ടെത്താനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് എഫ്രഗ്രേവ് പറഞ്ഞു. സ്ട്രാറ്റ്‌ഫോർഡിന്റെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്റർ, ലണ്ടന്റെ വെസ്റ്റ് എൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം 10 തവണ ക്യാമറകളുടെ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.

മുഖം തിരിച്ചറിയുന്നത് എത്രത്തോളം കൃത്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതിനാൽ തന്നെ ഈയൊരു പദ്ധതിയ്ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. യുകെയിലെ പൗരസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് സ്വകാര്യതാ പ്രചാരണ ഗ്രൂപ്പായ ബിഗ് ബ്രദർ വാച്ച് പറഞ്ഞു. ഒരു പൗരന്റെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ടമാവുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.

സ്വന്തം ലേഖകൻ

യു കെ :- കൊറോണ വൈറസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് യുകെയിലെത്തിയ രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 14 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. എന്നാൽ ബ്രിട്ടനിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എണ്ണൂറോളം പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് മൂലം 26 പേർ ചൈനയിൽ മരണപ്പെട്ടു. യുകെ ഗവൺമെന്റ് അടിയന്തര യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് യോഗത്തിന് നേതൃത്വം നൽകിയത്.

ചൈനയിൽ നിന്നെത്തിയ എല്ലാ സന്ദർശകരും നിരീക്ഷണത്തിലാണെന്നും, ആവശ്യമായ പേരിൽ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. സാഹചര്യം നേരിടുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിനെ എത്രയും വേഗം നശിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡർ ലിയു സിയമോങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കോട്ട്ലൻഡിൽ അഞ്ചുപേരെയും, വെയിൽസിലും, ബെൽഫാസ്റ്റിലും ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ബ്രിട്ടീഷ് കലാകാരനായ മൈക്കിൾ ഹോപ്പും ഉൾപ്പെടും.

ചൈനയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിർത്തിവെക്കണമെന്ന് ഫോറിൻ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതുവരെയും ഈ സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമായി അംഗീകരിച്ചിട്ടില്ല.

സ്വന്തം ലേഖകൻ

കൂടുതൽ ശ്രദ്ധയും പരിചരണവും ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ശിശുമരങ്ങളുടെ പേരിൽ റിപ്പോർട്ട്‌ വന്ന ആശുപത്രികളിലാണ് മിന്നൽ പരിശോധന നടന്നത്. വിവരങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നതിനാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി )റിസൾട്ട്‌ പുറത്തു വിട്ടിട്ടില്ല. 2016ൽ നടന്ന അന്വേഷണത്തിൽ ശിശു പരിചരണവിഭാഗത്തിൽ കൂടുതൽ നവീകരണം വേണ്ടി വരുമെന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച നടന്ന ബേബി ഹാരി റിച്ഫോർഡിന്റെ മരണമാണ് അന്വേഷണത്തിന് വഴി വെച്ചിരിക്കുന്നത്.

വർഷത്തിൽ ഏകദേശം 7000ത്തോളം പ്രസവങ്ങൾ നടക്കുന്ന 5ആശുപത്രികളാണ് ഈസ്റ്റ്‌ കെന്റിലേത്. ഇവിടെ ശിശുരോഗ പരിചരണത്തിൽ നേരിടുന്ന അനാസ്ഥ മുൻപും ചർച്ചയായിരുന്നു.
റ്റെഡ് ബേക്കർ, ചീഫ് ഇൻസ്‌പെക്ടർ ഫോർ ഹോസ്പിറ്റൽസ്, പറയുന്നു. 2016 ലെ അന്വേഷണത്തിൽ ഈസ്റ്റ്‌ കെന്റിലെ എൻ എച് എസ് കേന്ദ്രങ്ങളിലെ ശിശുപരിചരണവിഭാഗത്തിൽ ആവശ്യത്തിന് സൗകര്യങ്ങളില്ല എന്ന് റിപ്പോർട്ട്‌ നൽകിയതാണ്. അതിന് 2018 ലും വലിയ മാറ്റം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ വിദഗ്ദ്ധ അന്വേഷണവും ജീവനക്കാരുടെ പരിശീലനവും അത്യാവശ്യമാണ്.

2017 നവംബറിൽ ജനിച്ച, ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച മൂലം ഒരാഴ്ചക്കുള്ളിൽ മരിച്ച ഹാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. ട്രസ്റ്റ്‌ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

ട്രസ്റ്റ്‌ മറ്റേർണിറ്റി കെയർ വിപുലീകരിക്കാൻ ഒന്നര മില്യൺ പൗണ്ട് ചെലവഴിച്ചിരുന്നു. അതിനായി പത്തോളം സ്കീമുകളിലായി പരിശീലനമുൾപ്പടെയുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. അതിനാൽ ട്രസ്റ്റ്‌ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് യുകെയിലേക്ക് പടരാനുള്ള സാധ്യത അധികമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലോകം മുഴുവനും ഏകദേശം 500 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് മൂലം ഏകദേശം 18 പേരാണ് ചൈനയിൽ മരണപ്പെട്ടത്. യുകെയിൽ ഇതു വരെ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സ്കോട്ട്‌ലൻഡിലും, നോർത്തേൺ അയർലൻഡിലുമായി ആറു പേർ നിരീക്ഷണത്തിലാണ്.

ചൈനയിലെ വുഹാനിലാണ് കൊറോണാ വൈറസിന്റെ ഉത്ഭവസ്ഥാനം. സ്കോട്ട്‌ലൻഡിൽ അഞ്ച് പേർക്ക് രോഗം സംശയിക്കുന്നതായി സ്കോട്ട്‌ലൻഡ് ഗവൺമെന്റ് സ്ഥിരീകരിച്ചു.നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ഒരാൾ നിരീക്ഷണത്തിലാണ്. എന്നാൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും, ടെസ്റ്റുകൾ എല്ലാം തന്നെ മുൻകരുതലുകളായാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വുഹാനിലേക്കുള്ള ഫ്ലൈറ്റ് സർവീസുകളും, അതുപോലെ അവിടെനിന്നുള്ളവയും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടണിൽ നിരീക്ഷണവിധേയമാണ്.

യുകെയിൽ രോഗം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ഏതെങ്കിലും കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ചികിത്സ സഹായങ്ങൾക്കായി എൻഎച്ച്എസ് സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂർ, സൗദിഅറേബ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ചൈനയെ കൂടാതെ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തായ് ലൻഡിൽ നാലോളം കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് പാർലമെന്റ് കൂടി ബ്രെക്സിറ്റ് ബില്ല് പാസാക്കിയതോടെ ഒട്ടുമിക്ക കടമ്പകളും പിന്നിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇനി രാജകുടുംബത്തിന്റെ അനുവാദം കൂടി മാത്രമാണ് വേണ്ടത്. ജനുവരി 31 ആണ് ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അധികാരികളുമായി ഉള്ള ചർച്ച വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും, ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങളിലെ ആളുകളുടെ അവകാശങ്ങളെ പറ്റിയുള്ള ചർച്ചകളും മറ്റും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2016 – ൽ ആണ് ആദ്യമായി ബ്രിട്ടനിൽ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന റഫറണ്ടം നടന്നത്. അതിനു ശേഷം നീണ്ട മൂന്നു വർഷങ്ങൾ വേണ്ടി വന്നു ബ്രെക്സിറ്റ് നടപ്പിലാക്കുവാൻ. ജനുവരി മുപ്പത്തിയൊന്നാം തീയതി 11 മണിയോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും. പിന്നീട് പതിനൊന്നു മാസം ഒരു പരിവർത്തന കാലഘട്ടമാണ്. 2021 ജനുവരി മാസം ഒന്നാം തീയതിയോടുകൂടി എല്ലാവിധ ബന്ധങ്ങളും അവസാനിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പാർലമെന്റ് ഈ ബില്ലിനെ അംഗീകരിച്ചത്. ഇത് കൺസർവേറ്റീവ് പാർട്ടിയുടെ വിജയമായാണ് വിലയിരുത്തുന്നത്, ഒപ്പം ബോറിസ് ജോൺസന്റെയും.

ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം 

യു കെ :പൗരത്വത്തിന് അർഹതയുള്ളവരും എന്നാൽ അപേക്ഷിക്കാൻ കഴിയാത്തവരുമായ ഒരു ലക്ഷത്തിലധികം വരുന്ന കുട്ടികൾ ലണ്ടനിൽ ഇപ്പോഴും താമസിച്ചുവരുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന വോൾവർഹാംപ്ട്ടൺ സർവ്വകലാശാലയുടെ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്. സർവ്വകലാശാലയുടെ ഗവേഷണത്തിൽ 18 വയസ്സിൽ താഴെയുള്ള 107000 കുട്ടികളും 18 നും 24 നും ഇടയിൽ പ്രായമായ 26000 കുട്ടികളുമാണ് ലണ്ടനിൽ സുരക്ഷിതമല്ലാതെയും കുടിയേറ്റരേഖയില്ലാതെയും താമസിച്ചുപോരുന്നത്.ഇതിൽ പകുതിയിലധികവും യു കെ യിൽ തന്നെ ജനിച്ചവരും പൗരത്വത്തിന് അർഹതയുള്ളവരുമാണ്. ബ്രിട്ടീഷ് പൗരത്വത്തിനായി 1,012 ഡോളർ കൊണ്ട് ഒരു കുട്ടിയെ രജിസ്റ്റർ ചെയ്യുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞമാസം നിയമവിരുദ്ധമായി വിധിച്ചിരുന്നു.

ഉപദേശസേവനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും കുടിയേറ്റവും പൗരത്വഫീസും വെട്ടികുറയ്ക്കുന്നതിനും മന്ത്രിമാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മേയർ സാദിഖ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി ചെറുപ്പക്കാർക്ക് പൗരത്വം ഇല്ലാതിരിക്കുന്നത് ഒരു ‘ദേശീയ അപമാനമായി’കണക്കാക്കാം എന്ന് അദ്ദേഹം സർക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചു.
യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് സ്കീമിലേക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിനായി കുട്ടികളെയും ചെറുപ്പക്കാരെയും പിന്തുണയ്ക്കുന്നില്ലെങ്കിൽ ബ്രെക്സിറ്റുമായി കൂടുതൽ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുകെ യിൽ വളർന്നുവന്ന കൂടുതൽ കുട്ടികളിലും യുകെ പൗരത്വവും കുടിയേറ്റനയവും പരാജയപ്പെടുകയാണെന്ന് കോറം ചിൽഡ്രൻസ് ലീഗൽ ആന്റ് പബ്ലിക് അഫേഴ്‌സ് ഗ്രൂപ്പ്‌ ഹെഡ് കമേന ഡോർലിംഗ് പറഞ്ഞു. ഈ കുട്ടികൾ നിയമപരമായി പൗരന്മാരാകേണ്ടതിനുപകരം പരിമിതിയിലാണ് വളർന്നു വരുന്നത്. രാജ്യത്തെ കുട്ടികളെയും ചെറുപ്പക്കാരെയും അവരുടെ അവകാശ നയത്തിൽ നിന്ന് ഒഴിവാക്കിയാൽ ഒരു പൗരത്വത്തിനും ഇമിഗ്രേഷൻ സംവിധാനത്തിനും വിജയിക്കാൻ കഴിയില്ല എന്നും അവർ കൂട്ടിചേർത്തു.

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ നിന്നും ഒരു പെൺകുട്ടി തന്റെ കഴിവുകൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്ന ജിമ്മിയാണ് തന്റെ മധുരമാർന്ന ശബ്ദം കൊണ്ട് മലയാളി മനസ്സുകളെ മുഴുവൻ കീഴടക്കിയിരിക്കുന്നത്. പാട്ടിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അന്ന, നിരവധി സ്റ്റേജുകളിൽ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ്. മൂന്നു നാല് വയസ്സ് മുതൽ തന്നെ സ്റ്റേജുകളിൽ കയറി തുടങ്ങിയ അന്ന, ഇപ്പോൾ “ഈശോയുടെ പുഞ്ചിരി” എന്ന ആൽബത്തിൽ ‘അമ്പിളിമാമ പാട്ടുകാരാ….’ എന്ന ഗാനം ആലപിച്ചിരിക്കുകയാണ്. ഫാദർ ഷാജി തുമ്പേചിറയിൽ ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത്.

പാട്ടിനോടും നൃത്തത്തോടും ഒപ്പം, കായിക ഇനങ്ങളിലും അന്ന നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബിർമിങ്ഹാം സിറ്റി മലയാളി അസോസിയേഷൻ നടത്തിയ മത്സരങ്ങളിലും, പള്ളിയിലെ മത്സരങ്ങളിലും മറ്റും അന്ന പങ്കെടുത്തിട്ടുണ്ട്. ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടും, അല്ലാതെയും നിരവധി സ്റ്റേജ് പെർഫോമൻസുകൾ അന്ന നടത്തിയിട്ടുണ്ട്. 2014- ൽ യുക്മ ഇന്റർനാഷണനിൽ പാട്ടിന് അന്ന ഒന്നാം സ്ഥാനം നേടി. 2017- ൽ ബ്രിസ്റ്റോളിൽ വച്ച് നടന്ന സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവത്തിൽ പാട്ടിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. 2019- ൽ സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവം ലിവർപൂളിൽ വച്ച് നടത്തപ്പെട്ടപ്പോൾ, അവിടെയും അന്ന പാട്ടിന് രണ്ടാം സ്ഥാനം നേടി. സമർപ്പണ എന്ന പേരിൽ നടത്തുന്ന ചാരിറ്റി പരിപാടിയിൽ വർഷങ്ങളായി അന്ന പാടി വരുന്നു. സീറോ മലബാർ സഭയുടെ ബർമിങ്ഹാമിലെ സാറ്റ്ലി മിഷനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ക്വയർ ഗ്രൂപ്പിലും അന്ന സജീവ സാന്നിധ്യമാണ്. അന്നക്കുട്ടി ബിർമിംഗ്ഹാമിൽ ദീക്ഷാ മ്യൂസിക്കൽ സ്കൂളിൽ ആരതി ടീച്ചറിന്റെ ശിക്ഷണത്തിൽ ആണ് പാട്ടു പഠിക്കുന്നത് .

അന്ന ജിമ്മിയുടെ കുടുംബം ബർമിംഗ്ഹാമിൽ താമസമാക്കിയിട്ട് 15 വർഷത്തോളമായി. ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളാണ് അന്ന. മൂത്തമകൻ ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകളായ അന്ന ഇയർ 8 വിദ്യാർത്ഥിയാണ്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് അന്നയുടെ സ്വദേശം. അങ്ങനെ തന്റെ കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് അന്ന എന്ന കൊച്ചുമിടുക്കി.

 

സ്വന്തം ലേഖകൻ

കഴിഞ്ഞ വർഷം ഒക്ടോബറിൽ എസെക്സിലെ ഇൻഡസ്ട്രിയൽ പാർക്കിൽ വച്ച് ട്രാക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 വിയറ്റ്നാമീസ് നാഷണൽസ് ലോകമനസ്സാക്ഷിക്കേറ്റ മുറിവായിരുന്നു. വിയറ്റ്നാമിൻെറയും യുകെയുടെയും ഇടയിൽ നടക്കുന്ന കരളുറയുന്ന മനുഷ്യക്കടത്തിന്റെയും അടിമകച്ചവടത്തിന്റെയും കഥകളാണ് പുറത്തുവന്നിരിക്കുന്നത്.

നോർത്ത് ഇംഗ്ലണ്ടിലെ ട്രെയിൻ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയ ബാ എന്ന വിയറ്റ്നാമീസ് ബാലന്റെ കഥ മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും മനുഷ്യക്കടത്തിന്റേതും ആണ്. ഇപ്പോൾ ലണ്ടനിൽ വളർത്തഛന്റെയും വളർത്തമ്മയും കൂടെ കഴിയുന്ന ബാ എന്ന ബാലൻ 18 വയസ്സിലെ വളർച്ച ഇല്ലാത്ത അനാരോഗ്യവാനായ കുട്ടിയാണ്. അവൻ തന്റെ അനുഭവ കഥ വിവരിക്കുമ്പോൾ കേട്ടു നിൽക്കുന്ന ആളിന് പൂർണ്ണമായി മനസ്സിലാവുന്നുണ്ട് എന്നും, കഥ പറച്ചിൽ അവനെ മാനസികമായി തളർത്തുന്നില്ല എന്നും അമ്മ ശ്രദ്ധിക്കുന്നു. ലണ്ടനിലെ വീട്ടിലെ അടുക്കളയിൽ ഇരുന്നുകൊണ്ടാണ് ബാ കഥ പറഞ്ഞു തുടങ്ങിയത്.

യുകെയിലേക്ക് വർഷംതോറും കടത്തിക്കൊണ്ടു വരുന്ന വിയറ്റ്നാമീസ്കാരിൽ ഒരാൾ മാത്രമാണ് ബാ. നാഷണൽ ക്രൈം ഏജൻസിയുടെ കണക്കുകൾ പ്രകാരം 2018ലെ 702 കേസുകളിൽ മൂന്നിലൊന്നും 2018ലെ 702 കേസുകളിലെ മൂന്നിലൊന്ന് അടിമകളും വിയറ്റ്നാമീസുകാരായിരുന്നു. ഓരോ വർഷവും 18000 പേർ യൂറോപ്പിലേക്ക് എത്തിപ്പെടുന്നുണ്ട്.

ബായെ കടത്തിക്കൊണ്ടുവന്നത് ചൈനീസുകാർ ആണെന്നാണ് കരുതുന്നത്. ഹോചി മിൻ സിറ്റിയിലെ ഒരു തെരുവിൽ, ലോട്ടറി കച്ചവടം നടത്തിയും പൈപ്പിനുള്ളിൽ ഉറങ്ങിയും ആണ് ബാ ജീവിച്ചത്. മുതിർന്ന ആളുകൾ പലപ്പോഴും അവന്റെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിക്കാറുണ്ടായിരുന്നു. ഒരുദിവസം ഒരുപാട് പണം സമ്പാദിക്കാനുള്ള വഴി കാണിച്ചുതരാം എന്നുപറഞ്ഞ് ഒരു വയസ്സായ മനുഷ്യൻ ബാ യുടെ അടുത്തെത്തി. വേണ്ട എന്നു പറഞ്ഞു ഓടിരക്ഷപ്പെടാൻ ശ്രമിച്ച അവനെ ഒരു ചാക്ക് കൊണ്ട് മൂടി ബലമായി ഒരു വാനിനുള്ളിൽ കയറ്റി. വഴിയിലെവിടെയോ വച്ച് അക്രമികൾ മാറിയതായി അവൻ അറിഞ്ഞു. കുറേ ദൂരം സഞ്ചരിച്ച് ശേഷം അവർ എത്തിപ്പെട്ടത് ചൈനയിലെ ഒരു വെയർഹൗസിൽ ആയിരുന്നു. ജോലിക്കായി ഒരിടത്തേക്ക് അയക്കാൻ പോവുകയാണെന്നും കാത്തിരിക്കാനും ആവശ്യപ്പെട്ട് അവനെ അവിടെ മാസങ്ങളോളം പാർപ്പിച്ചു. ഒരു കാരണവുമില്ലാതെ ഇടയ്ക്കിടയ്ക്ക് അവനെ തല്ലി ചതക്കുമായിരുന്നു. ഒരിക്കൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന് അവന്റെ നെഞ്ചിലൂടെ ചൂടുവെള്ളം ഒഴിച്ചു. ഒന്ന് അനങ്ങാനോ കരയാനോ ആവാതെ ദിവസങ്ങളോളം അവിടെ കിടന്നു. അന്ന് പൊള്ളിയ പാടുകൾ ശരീരമാസകലം ഇപ്പോഴുമുണ്ട്.

ഒരു ദിവസം ഒരു ട്രക്കിൽ കയറ്റി അവനെ യുകെയിൽ എത്തിച്ചു. നിശബ്ദമായ ആ ട്രക്കിനുള്ളിൽ കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷ നേടാൻ അവൻ കാർഡ്ബോർഡ് കഷണങ്ങളാണ് ഉപയോഗിച്ചത്. വളരെ നീണ്ട ആ യാത്രയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് ഭ്രാന്ത് പിടിച്ച് അവന് ഉറങ്ങാൻ പോലും സാധിച്ചില്ല. യുകെയിലെ ഒരു അനധികൃത കഞ്ചാവ് തോട്ടത്തിലെ തോട്ടക്കാരൻ ആയിട്ടാണ് അവനെ അവിടെ എത്തിച്ചത്. ആൾപ്പാർപ്പില്ലാത്ത ഒരു രണ്ടുനില വീട്ടിൽ അവനെ പൂട്ടിയിട്ടു. കൃത്യമായ സമയക്രമത്തിൽ ചെടികൾ നനയ്ക്കുകയും, ലൈറ്റിട്ട് ചെടികൾക്ക് പ്രകാശം നൽകുകയുമായിരുന്നു അവന്റെ ജോലി. അവൻ ചെയ്ത ജോലിയുടെ പ്രതിഫലം അവന് ഒരിക്കലും ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനും ജോലിചെയ്യാനും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. എപ്പോഴെങ്കിലും ചെടികൾ വിളവ് നൽകാതിരുന്നാൽ അവന്റെ ചൈനീസ് സംസാരിക്കുന്ന യജമാനൻ അവനെ തല്ലിച്ചതക്കുമായിരുന്നു. അവൻെറ നെഞ്ചിലെ പൊള്ളിയ പാടുകളിൽ ആണ് എപ്പോഴും അയാൾ ചവിട്ടിയിരുന്നത്.

അവിടുത്തെ സ്റ്റെയർ റൂമിലെ ജനാലചില്ല് പൊട്ടിച്ചു ഒരിക്കൽ ബാ ഓടിരക്ഷപ്പെട്ടു. ഒരു പാക്കറ്റ് ബിസ്കറ്റ് മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നത്. കൺമുൻപിൽ കണ്ട റെയിൽവേ ലൈനിലൂടെ ഓടിരക്ഷപ്പെട്ട അവൻ എത്തിയത് ഒരു റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അവിടുത്തെ ബ്രിട്ടീഷ് പോലീസുകാരാണ് ആദ്യമായി അവനോട് കരുണയോടെ പെരുമാറിയത്.

പുതിയ വീട്ടിൽ ഇപ്പോൾ അവൻ സുരക്ഷിതനാണ്. ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതും, കോളേജിൽ മികച്ച ഗ്രേഡ് വാങ്ങിയതിന് സമ്മാനം ലഭിച്ചതും എല്ലാം ഇപ്പോൾ മാത്രമാണ്. ബാ അനേകം കുട്ടികളിൽ ഒരാളുടെ പ്രതിനിധി മാത്രമാണ് എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.

ബോറിസ് ജോൺസന്റെ ബ്രക്സിറ്റ് ഉടമ്പടിക്ക് പാർലമെന്റിൽ ആദ്യത്തെ തിരിച്ചടി. ബ്രിട്ടീഷ് ഉപരിസഭയായ പ്രഭുസഭയിൽ ബില്ലിനെതിരെ കൊണ്ടുവന്ന മൂന്ന് ബില്ലുകളാണ് പാസ്സായത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ശേഷം ഇതാദ്യമായാണ് ബോറിസ് ജോൺസന് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്.

ബ്രക്സിറ്റിനു ശേഷവും യുകെയിൽ നിയമപരമായി താമസിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പ്രതിനിധികൾ‌ക്ക് ഔദ്യോഗിക രേഖകൾ നൽകണമെന്ന ഭേദഗതിയാണ് പാസ്സായവയിലൊന്ന്.ഉപരിസഭയിൽ ബോറിസ് ജോൺസന്റെ കക്ഷിക്ക് ഭൂരിപക്ഷമില്ല നിലവിൽ.

യൂറോപ്യൻ യൂണിയൻ അനുകൂലികളായ ലിബറൽ ഡെമോക്രാറ്റുകളാണ് ഭേദഗതി കൊണ്ടുവന്നത്. ബ്രെക്സിറ്റിനു ശേഷവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം ഈ ഭേദഗതിയോടെ ലഭിക്കും. ഇവരുടെ രാജ്യത്തെ സാന്നിധ്യത്തെ ഉറപ്പാക്കുന്നതിന് ഡിജിറ്റൽ പ്രമാണങ്ങൾ നൽകാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഇതും തഴയപ്പെട്ടു. എല്ലാവർ‌ക്കും സാധാരണ രേഖകൾ കൂടി നൽകേണ്ടതായി വരും.

സ്വന്തം ലേഖകൻ

ലണ്ടൻ : പൊതുഖജനാവിൽ നിന്ന് പണം എടുക്കാതെ രാജ്യത്തെ സേവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഇനി അതിന് കഴിയില്ലെന്നും ഹാരി രാജകുമാരൻ. ഞായറാഴ്ച വൈകുന്നേരം ചെൽസിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സെന്റബിൾ എന്ന ജീവകാരുണ്യ സംഘടന നടത്തിയ ചടങ്ങിൽ ആണ് ഹാരി വികാരനിഭരനായി സംസാരിച്ചത്. സെന്റിബിൾ തുടങ്ങിവെച്ചതും ഹാരി തന്നെയാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് താനും മേഗനും മാറി നിൽക്കുന്നതെന്ന് ഹാരി പറഞ്ഞു. ” യുകെയെ ഞാൻ സ്നേഹിക്കുന്നു. ഇവിടുന്ന് പോയാലും ഇതെന്റെ വീട് തന്നെയാണ്.” വികാരനിർഭരനായി ഹാരി കൂട്ടിച്ചേർത്തു. ഒപ്പം മേഗനിലൂടെ താൻ എല്ലാ സന്തോഷവും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇരുവരും പൂർണമായി യുകെ വിട്ടുപോകുകയല്ല എന്നും ഹാരി വ്യക്തമാക്കി.

വസന്തകാലം മുതൽ അവർ രാജകീയ പദവികളിൽ നിന്നും ഔദ്യോഗിക സൈനിക നിയമനങ്ങൾ ഉൾപ്പെടെയുള്ള രാജകീയ ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പണം ഉപയോഗിക്കാതെ, രാജ്ഞിയെയും കോമ്മൺവെൽത്തിനെയും സൈന്യത്തിനെയും സേവിക്കണമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോൾ മറ്റുവഴികൾ ഇല്ലാത്തതിനാൽ രാജകീയ പദവികൾ ഒഴിയുകയാണെന്നും ഹാരി തുറന്നുപറഞ്ഞു. കൊട്ടാരത്തിലെ എല്ലാവരോടും തനിക്കുള്ള സ്നേഹവും നന്ദിയും ഹാരി പങ്കുവെച്ചു. വിവാഹം കഴിഞ്ഞ നാളുകളിൽ ഈ രാജ്യത്തെ സേവിച്ച് കൂടെ നിൽക്കാൻ ആണ് തങ്ങൾ ആഗ്രഹിച്ചതെന്നും അതിനാൽ തന്നെ ഇപ്പോൾ ഹൃദയവേദനയോടെയാണ് പടിയിറങ്ങുന്നതെന്നും ഹാരി പറഞ്ഞു. മേഗനുവേണ്ടിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഹാരി വ്യക്തമാക്കി.

ഹാരി രാജകുമാരനും മേഗനും രാജകീയ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അമിത മാധ്യമശ്രദ്ധയെക്കുറിച്ചും സംസാരിച്ചു. അമ്മയുടെ മരണത്തിലേക്ക് നയിച്ച അതേ ശക്തികൾക്ക് ഭാര്യ ഇരയായെക്കാമെന്ന് ഭയന്നതായി ഹാരി പറഞ്ഞു. താനും മേഗനും സേവനജീവിതം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുടർന്നുള്ള ജീവിതം രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഹാരി, തന്റെ വികാരനിർഭരമായ പ്രസംഗം അവസാനിപ്പിച്ചത്.

RECENT POSTS
Copyright © . All rights reserved