ജീവനക്കാരിയുമായി അടുത്തിടപഴകിയതിന്‍റെ പേരില്‍ മക്ഡൊണാൾഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഈസ്റ്റർബ്രൂക്ക് പുറത്തേക്ക്. കമ്പനി നയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡില്‍ നിന്നും ഏറ്റവും മുതിര്‍ന്ന സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് വംശജനായ മുൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ഈസ്റ്റർ ബ്രൂക്കിന്‍റെ തീരുമാനം ശരിയായില്ലെന്ന് മക്ഡൊണാൾഡ് പറഞ്ഞു.
ജീവനക്കാരുമായി നേരിട്ടോ, പരോക്ഷമായോ പ്രണയബന്ധം പുലർത്തുന്നതില്‍നിന്നും മാനേജർമാരേ കമ്പനി വിലക്കുന്നു. കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിൽ ബന്ധം അംഗീകരിച്ച ഈസ്റ്റർബ്രൂക്ക് അത് തെറ്റായിപോയെന്നും പറയുന്നുണ്ട്. ‘കമ്പനിയുടെ മൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഞാൻ പടിയിറങ്ങേണ്ട സമയമാണിത്’- അദ്ദേഹം പറഞ്ഞു. ഈസ്റ്റർബ്രൂക്കിനെതിരായ ആരോപണം വിശദമായി ചര്‍ച്ചചെയ്ത കമ്പനി ഡയരക്ടര്‍ ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വോട്ടിനിട്ട് പാസാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കൂടുതല്‍ വിഷദാമാഷങ്ങള്‍ പുറത്തുവരാന്‍ അല്‍പംകൂടെ സമയമെടുക്കും.
മക്ഡൊണാൾഡിന്റെ ഓഹരി വിലയ്‌ക്കൊപ്പം ഈസ്റ്റർബ്രൂക്കിന്റെ പ്രതിഫലവും ഉയർന്നിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ പറയുന്നു. 2017-ൽ മൊത്തം 21.8 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഫലം. മക്ഡൊണാൾഡ്സ് അതിന്റെ മൂന്നാം പാദ വരുമാന റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് അവരുടെ വരുമാനത്തില്‍ 2% ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്റ്റോർ റീ മോഡലിംഗിനായി വളരെയധികം ചെലവഴിക്കുകയും ഡെലിവറി സേവനം വിപുലീകരിക്കുകയും ചെയ്തതാണ് കാരണം. കമ്പനിയുടെ ഓഹരി വില 7.5% കുറഞ്ഞു. നേതൃ മാറ്റവും വിപണിയിലെ കമ്പനിയുടെ പ്രകടനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഒരു വാർത്താക്കുറിപ്പിലൂടെ കമ്പനി അറിയിച്ചു.
52 കാരനായ ഈസ്റ്റർബ്രൂക്ക് 1993-ലാണ് മക്ഡൊണാൾഡില്‍ എത്തുന്നത്. 2006-ൽ അദ്ദേഹം ബ്രിട്ടീഷ് ബ്രാഞ്ചിന്‍റെ മേധാവിയായി. തുടർന്ന് 1,800 റെസ്റ്റോറന്റുകളുടെ മേൽനോട്ടമുള്ള വടക്കൻ യൂറോപ്യൻ മേഖലാ പ്രസിഡന്‍റായി. 2011-ൽ കമ്പനി വിട്ട അദ്ദേഹം പിസ്സ എക്സ്പ്രസിന്റെയും പിന്നീട് വാഗാമയുടെയും ചീഫ് എക്സിക്യൂട്ടീവ് ആയി. 2013-ല്‍ ആഗോള ചീഫ് ബ്രാൻഡ് ഓഫീസറായി വീണ്ടും മക്ഡൊണാൾഡിലേക്ക്. 2015-ൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ആയി. വിവാഹമോചിതനാണ്.
സ്റ്റോക്ക് ഓൺ ട്രെന്റ് : സാത്താന്‍ ആരാധനയ്ക്ക് തുല്യമായ ‘ഹാലോവീന്‍’ ആഘോഷങ്ങള്‍ക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘വിശുദ്ധസൈന്യം’. ‘ഹാലോവീന്‍’ ആഘോഷങ്ങള്‍ക്ക് ബദലായി രണ്ട് വയസുമുതൽ ഉള്ള കുട്ടികളാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘ഹോളീവീന്‍’ (ഓള്‍ സെയിന്റ്‌സ് ഡേ ആഘോഷം) പരിപാടിയിൽ പങ്കുചേർന്നത്. കൊന്തമാസത്തിന്റെ സമാപന ദിവസമായതുകൊണ്ട് അഞ്ച് മണിയോടെ ജപമാലക്ക് ആരംഭം കുറിച്ചു.ഭീകര ജന്തുക്കളുടെയും പിശാചുക്കളുടെയും വേഷമണിയാന്‍ പ്രേരിപ്പിക്കുന്ന ഹാലോവീനില്‍നിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദല്‍ മാര്‍ഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളെ അണിനിരത്തുന്ന ‘ഹോളിവീന്‍’. വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികള്‍ അണിനിരന്നപ്പോൾ വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ദൃശ്യവിരുന്നായിരുന്നു എന്ന് പറയാതെ വയ്യ.. ജപമാലക്ക് ശേഷം വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞു അൾത്താരക്ക് മുന്നിൽ കുട്ടികളും മുതിർന്നവരും അണിനിരന്നപ്പോൾ വിശ്വാസി മനസുകളിലേയ്ക്ക് ഇറങ്ങിവന്നവരിൽ വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ കൊച്ചുത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച അപ്പസ്‌തോലന്മാര്‍ മുതല്‍ നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച വിശുദ്ധ മദര്‍ തെരേസയും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല ഇടവക വികാരി ഫാദർ ജോർജ്ജ് എട്ടുപറയിൽ. തുടർന്ന് പരിശുദ്ധ കുർബാനയോടെ ഹോളിവീൻ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.
ഹാലോവിന്‍ ദിനാഘോഷത്തില്‍നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ തുടക്കംകുറിച്ച ഓള്‍ സെയിന്റ്‌സ് ദിനാഘോഷം ഓരോവര്‍ഷവും യുകെയിലെ കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാലോവീനെ കുപ്പിയിലടച്ചു സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടികളെ ഹോളിവീൻ ചാക്കിലാക്കിയ ഇടവക വികാരിയായ ഫാദർ ജോർജ്ജ് എട്ടുപറയിൽ ആണ് താരമെന്ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ഇപ്പോഴത്തെ ജനസംസാരം. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ എല്ലാ പരിപാടികളും വിജത്തിലെത്തുന്നത്തിന്റെ കാരണം തേടി കൂടുതൽ അലയേണ്ട എന്ന് സാരം.
സ്‌കൂളുകളില്‍ ഒന്നിച്ചു പഠിക്കുന്ന മറ്റ് കുട്ടികള്‍ ചെയ്യുന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ നമ്മുടെ കുഞ്ഞുങ്ങളെയും അനുവദിക്കണമെന്നുണ്ടോ; ആഘോഷത്തിന്റെ പേരില്‍ സാത്താനെ പ്രസാദിപ്പിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ? ഈ ദുരാചാരത്തിന്റെ പശ്ചാത്തലവും യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്താല്‍ അവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാനാകും. മാത്രമല്ല, കത്തോലിക്കാസഭയുടെ മഹത്തായ പാരമ്പര്യമനുസരിച്ച് സകലവിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കാന്‍ അവരെ പ്രേരിപ്പിക്കാനും കഴിയും. ‘നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. ആഘോഷത്തിനുവേണ്ടി ഭീകര വേഷങ്ങള്‍ ധരിച്ചാടുന്നവർ അതിലൂടെ സാത്താന്റെ മഹത്വമാണ് പരോക്ഷമായി പ്രഘോഷിക്കുന്നത് എന്ന വസ്‌തുത വിസ്മരിക്കാതിരിക്കുക.
യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ ചില മലയാളികളും ‘ഹാലോവീന്‍’ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. ആഘോഷത്തിൽ പങ്കെടുക്കുമ്പോൾ മിഠായി (അതുമല്ലെങ്കിൽ ചെറിയ സമ്മാനം ) ലഭിക്കുമെന്ന ഒരേ ഒരു കാരണം കൊണ്ടാണ് ഇത്തരം പരിപാടികളിൽ മലയാളി കുട്ടികൾ പങ്കെടുത്തിരുന്നത് എന്നത് ഒരു സത്യവുമാണ്. എന്നാല്‍, ഹാലോവീന് (കുഞ്ഞു മനസുകളിൽ പതിയുന്ന ഇമേജുകൾ, കോസ്റ്യൂമുകൾ ) പിന്നിലെ അപകടം മനസിലാക്കിയതോടെയാണ് ‘ഓള്‍ സെയിന്റ്‌സ് ഡേ പരിപാടികൾ ‘ വ്യാപകമായി സംഘടിപ്പിച്ചുതുടങ്ങിയത്.
എന്താണ് ഈ ഹാലോവീന്‍ ഡേ ….. സാത്താന്റെ ദിനം
ക്രിസ്തുവിനുമുമ്പ് യൂറോപ്പില്‍ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തില്‍നിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓള്‍ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആള്‍ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കില്‍നിന്നാണ് ഹാലോവീന്‍ എന്ന പേര് ഉണ്ടാകുന്നത്. സകലവിശുദ്ധരുടെയും തിരുനാളിന് തലേദിവസം ഒരു ദുരാചാരത്തിന്റെ ആഘോഷമായിത്തീര്‍ന്നതിന്റെ പശ്ചാത്തലം കൗതുകകരമാണ്. ക്രിസ്തുവിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, വടക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെര്‍ട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്.
പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാന്‍ മരണത്തിന്റെ ദേവനായ ‘സാഹയിന്‍’ അനുവദിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പാപത്തില്‍ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അര്‍പ്പിച്ചിരുന്ന അവര്‍, പിശാചുക്കള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുകയും ചെയ്തിരുന്നു. പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങള്‍ ധരിച്ചാല്‍ തങ്ങളെ ഉപദ്രവിക്കാതെ അവര്‍ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുന്‍പുള്ള രാത്രിയില്‍ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങള്‍ ധരിച്ചിരുന്നത്. റോമാക്കാര്‍ സെര്‍ട്ടിക് പ്രദേശങ്ങള്‍ കീഴടക്കിയപ്പോള്‍ രക്തരൂക്ഷിതമായ പല ആചാരങ്ങളും അവര്‍ നിരോധിച്ചു.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത സെര്‍ട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങള്‍ക്കായി അവര്‍ തിരഞ്ഞെടുത്തത്. ഹാലോവീന്‍ ആഘോഷങ്ങളും വേഷങ്ങളും ‘ജാക്കിന്റെ റാന്ത’ലും ‘ട്രിക്ക് ആന്‍ഡ് ട്രീറ്റു’മൊക്കെ ആഘോഷങ്ങളിലേക്ക് കടന്നു വന്നു. കമ്പോളത്തില്‍ ഈ ആഘോഷത്തിന്റെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വ്യാപാരസമൂഹം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഹാലോവീന്‍ ആഘോഷത്തിന് പ്രചാരം നല്‍കി. അതോടെയാണ് ഹാലോവീന്റെ പേരിലുള്ള ആഘോഷങ്ങള്‍ കൊഴുത്തത്.
ഇന്ത്യന്‍ വംശജനും മുതിര്‍ന്ന എംപി-യുമായ കീത്ത് വാസിനെ യുകെ പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍.
കീത്ത് വാസിനെതിരെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് എംപിമാര്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി എംപി സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി ദുഃഖകരമായ ദിവസം എന്നാണ് പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലാണെന്നാണ് കീത്ത് വാസ് അറിയിച്ചിരിക്കുന്നത്.
2016-ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കീത്ത് വാസിനെതിരെ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് സസ്പെന്‍ഷനിലേക്ക് എത്തിച്ചത്. അന്ന് പരസ്യമായി മാപ്പു പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവച്ചിരുന്നു.
പുരുഷ ലൈംഗികത്തൊഴിലാളികളെ വാഷിംഗ് മെഷിന്‍ വില്‍പനക്കാരനെന്ന പേരില്‍ സമീപിച്ച കീത്ത് വാസ് അവര്‍ക്ക് കൊക്കയ്ന്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ മറവിരോഗം ഉണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കീത്ത് വാസ് അന്വേഷണ സമിതിയോടു വ്യക്തമാക്കി.
സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വച്ച് കീത്ത് വാസ് റൊമേനിയക്കാരായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടിരുന്നു. വാഷിങ് മെഷീന്‍ കമ്പനിയുടെ സെയില്‍സ്മാനാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്.
അടുത്ത തവണ കാണുമ്പോള്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് തുടര്‍ന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ ലഹരിമരുന്ന് താന്‍ ഉപയോഗിക്കില്ലെന്നും കീത്ത് വാസ് പറഞ്ഞു. രണ്ടാം തവണ ഇവര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചു കീത്ത് വാസ് സംസാരിക്കുന്നതിന്റെ രേഖകളും പുറത്തുവന്നു.
യു.കെ മറ്റൊരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പരസ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബോറിസ് ജോൺസണും നിഗൽ ഫാരേജും ഒരുമിച്ചുനിന്ന് ആര്‍ക്കും ‘തടുക്കാന്‍ കഴിയാത്ത ഒരു ശക്തിയായി മാറണമെന്ന്’ നിര്‍ദേശിച്ച അദ്ദേഹം, ജെറമി കോർബിൻ ‘നിങ്ങളുടെ രാജ്യത്തിന് ഒട്ടും ചേരാത്ത ആളാണെന്ന്’ തുറന്നടിക്കുകയും ചെയ്തു.
അതേസമയം, ജോണ്‍സണ്‍ മുന്നോട്ടു വയ്ക്കുന്ന ബ്രെക്‌സിറ്റ് കരാര്‍ യുഎസുമായി തുടര്‍ന്നൊരു വ്യാപാര കരാർ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞു. ‘ഇടപാടിലെ ചില വശങ്ങള്‍’ നോക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാര ഉടമ്പടി ഉണ്ടാക്കുക അസാധ്യമാണ്’ അദ്ദേഹം വ്യക്തമാക്കി. യു.കെ-ക്ക് ഒരു സ്വതന്ത്ര വ്യാപാര നയമാണ് ഉണ്ടാവുക എന്ന ജോൺസന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി ട്രംപുമായി വളരെ അടുപ്പമുള്ളയാളാണെന്നും, യുഎസ് കമ്പനികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പൊതുമേഖല മൊത്തത്തില്‍ തീറെഴുതി കൊടുക്കുവാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നുമാണ് ജോണ്‍സണെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ എൻഎച്ച്‌എസ് വാങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, കോർബിനെതിരെ തിരിയുകയാണ് ചെയ്തത്.
എന്നാല്‍, യുകെ-യുഎസ് വ്യാപാര കരാർ സാധ്യമാകില്ലെന്ന ട്രംപിന്‍റെ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ‘ഞങ്ങളുടെ നിയമങ്ങളുടെയും, വ്യാപാരത്തിന്‍റെയും, അതിർത്തിയുടേയും നിയന്ത്രണം തിരിച്ചുപിടിക്കുന്ന ഒരു പുതിയ കരാര്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതു പ്രകാരം യു.കെ യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകും. അതിനർത്ഥം ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം സ്വതന്ത്ര വ്യാപാര ഇടപാടുകൾ നടത്താം എന്നാണ്’- നമ്പര്‍ 10 വ്യക്തമാക്കി. ‘ഞങ്ങൾക്ക് യുകെയുമായി വ്യാപാരം നടത്താൻ ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ പ്രകാരം അതിന് സാധ്യതയില്ല’ എന്നാണ് ട്രംപ് പറയുന്നത്.
ലണ്ടൻ: സാധാരണ പോലെയുള്ള ഒരു സായാഹ്നം തന്നെ ആയിരുന്നു എക്‌സീറ്ററിലെ പ്രിന്‍സ് പീറ്ററിന്റെ വീട്ടിൽ. ആരെങ്കിലും ഒരാൾ വീട്ടിൽ ഉണ്ടാവും. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ… വീടുകളിൽ പോലും ഒരു ഷിഫ്റ്റ് സമ്പ്രദായം നിലനിക്കുന്ന ജീവിതമാണ് യുകെയിലുള്ളത്. അമ്മയും കുട്ടികളും തനിച്ച്. ഗൃഹനാഥന്‍ ജോലി സ്ഥലത്തും. വൈകുന്നേരത്തെ ജോലികള്‍ എല്ലാം കഴിഞ്ഞ വിശ്രമ വേള. അല്‍പം നാട്ടുവാർത്ത ഒക്കെ കേൾക്കാം എന്ന് കരുതിയായിരിക്കാം എ ലെവല്‍ വിദ്യാര്‍ത്ഥിയായ മകനോട് ടിവിയില്‍ മലയാളം ചാനല്‍ ട്യൂണ്‍ ചെയ്യാന്‍ ആവശ്യപ്പെടുക ആയിരുന്നു ട്രീസ. ഏകദേശം ആറു മണി കഴിഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞതേയുളളൂ. അമ്മ സ്വസ്ഥമായി ടിവി കാണട്ടെയെന്നു കരുതി മകന്‍ മുകള്‍ നിലയിലേക്കും പോയി. മകള്‍ തൊട്ടപ്പുറത്തെ മുറിയില്‍ പഠനവുമായി ബന്ധപ്പെട്ട തിരക്കിലും ആയിരുന്നു. ഇതിനിടയില്‍ ട്രീസ ചായ എടുക്കാനോ മറ്റോ അടുക്കളയില്‍ പോയിരിക്കണം. ഏതാണ്ട് പത്തു മിനിറ്റിനു ശേഷം ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയ പ്രിന്‍സ് മക്കളോട് അമ്മയെവിടെ എന്ന് ചോദിച്ചപ്പോള്‍ താഴെ ഉണ്ടല്ലോയെന്നു മക്കളുടെ മറുപടിയും വന്നു.
ഉടന്‍ അടുക്കളയിലേക്കു വന്ന പ്രിന്‍സിന്റെ സ്തബ്ധ നാഡികളും നിലച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത്. ട്രീസ നിലത്തു വീണു കിടക്കുന്നു. ഉടന്‍ ആംബുലന്‍സ് എത്തി പരിശോധനകള്‍ നടത്തിയെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. ഇപ്പോള്‍ ജീവനും മരണത്തിനും ഇടയില്‍ ഉണ്ടായ പത്തു മിനിറ്റ് ദൈര്‍ഘ്യത്തിന്റെ കാരണം അറിയാതെ കേഴുകയാണ് പ്രിന്‍സും മക്കളും. മരണകാരണം ആയേക്കാവുന്ന ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നതായി ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലെന്നു എക്‌സീറ്റര്‍ മലയാളികളും പറയുന്നു. അക്കാരണത്താല്‍ തന്നെ ബുധനാഴ്ച വൈകിട്ട് അവരുടെ മൊബൈല്‍ ഫോണുകളില്‍ എത്തിയ സന്ദേശം വായിച്ചപ്പോൾ ഉണ്ടായ നടുക്കം പലര്‍ക്കും ഇപ്പോഴും തുടരുന്നു. എപ്പോള്‍ കണ്ടാലും എന്തെങ്കിലും സംസാരിച്ചു കടന്നു പോകുന്ന ട്രീസ ഇനി തങ്ങള്‍ക്കൊപ്പമില്ല എന്ന യാഥാര്‍ഥ്യം ഇനിയും പലരുടെയും മനസ്സില്‍ ഉറപ്പിക്കാനുമായിട്ടില്ല.
കുട്ടികള്‍ അല്‍പം മുതിര്‍ന്നെങ്കിലും മരണത്തിനു തൊട്ടു മുന്‍പ് വരെ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയുടെ വേര്‍പാട് ഇനിയും അവര്‍ ഉള്‍ക്കൊണ്ടോ എന്ന ആശങ്ക ഉറ്റ സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ എങ്ങനെ കുട്ടികളെയും പ്രിന്‍സിനെയും ആശ്വസിപ്പിക്കും എന്ന് കരുതി കുഴങ്ങുന്നവരും ഉണ്ട്. കാരണം ഇതൊന്നും ആരും പ്രതീക്ഷിക്കാത്ത സമയത്താണ് കള്ളനെപ്പോലെ മരണം കടന്നു വന്നത്. ഏതാനും വര്ഷം മുന്‍പ് ട്രീസയും മക്കളും അല്‍പ കാലം നാട്ടില്‍ ചിലവിട്ടിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു . മടങ്ങി എത്തിയ ട്രീസ ഫുള്‍ ടൈം ജോലി ചെയ്തിരുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത് . ഡെവോണ്‍ എന്‍ എച് എസ ട്രസ്റ്റില്‍ സ്റ്റാഫ് നേഴ്‌സായിരുന്നു ട്രീസ . എ ലെവല്‍ വിദ്യാര്‍ത്ഥി ഫ്രാന്‍സിസും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ട്വിങ്കിളുമാണ് മക്കള്‍ .
തളരാന്‍ ഉള്ള സമയമല്ല, താങ്ങാന്‍ ഉള്ള സമയമാണിത് എന്ന് തിരിച്ചറിയുന്ന എക്‌സീറ്റര്‍ മലയാളി സമൂഹവും കാത്തോലിക് വിശ്വാസ സമൂഹവും ഒരുമിച്ചു പ്രിന്‍സിനും മക്കള്‍ക്കും തണലായി മാറുകയാണ്. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാനും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ആശ്വാസം പകരുവാനും ഇന്നലെ വൈകിട്ട് ഫാ. സണ്ണി പോളിന്റെ നേതൃത്വത്തില്‍ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നിരുന്നു. ബ്രിട്ടന്‍ കത്തോലിക്കാ രൂപത കേന്ദ്രത്തില്‍ നിന്നും ബിഷപ്പിന്റെ നിര്‍ദേശം അനുസരിച്ചു ബന്ധപ്പെട്ടവര്‍ പ്രിന്‍സിന്റെ വീട്ടില്‍ വിളിച്ചു ആശ്വാസം പകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്രീസയുടെ സഹോദരന്‍ വിവരം അറിഞ്ഞ് ഉടന്‍ തന്നെ കെന്റില്‍ നിന്നും എക്‌സീറ്ററില്‍ എത്തിയിരുന്നു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സമയ ക്രമീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബ അംഗങ്ങള്‍. മൃതദേഹം കുടുംബത്തിന് ലഭിക്കുന്ന ഉടന്‍ സ്വദേശമായ പൊന്‍കുന്നത്ത് എത്തിക്കാന്‍ ഉള്ള ശ്രമമാണ് കുടുംബം നടത്തുന്നത്. അതിനിടെ, ട്രീസയുടെ വീട്ടില്‍ നടക്കുന്ന ഹൃദ്രോഗ മരണങ്ങളുടെ തുടര്‍ പരമ്പരയില്‍ ഒടുവിലത്തേത് ആയിരിക്കണമേ ട്രീസയുടെ മരണം എന്ന് പ്രാര്‍ത്ഥിക്കുകയാണ് നാട്ടിലെ ബന്ധുക്കളും മറ്റും. രണ്ടു വര്‍ഷം മുന്‍പ് ഇതേ പ്രായത്തില്‍ ട്രീസയുടെ സഹോദരന്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നതായി വിവരം ലഭിച്ചു. ട്രീസയുടെ പിതാവും ഹൃദ്രോഗ ബാധിതനായാണ് മരിക്കുന്നത്.
ഒക്ടോബര്‍ പടിയിറങ്ങുമ്പോള്‍ ട്രീസ്സയുടെയും ഇന്നലെ ലെസ്റ്ററില്‍ മരിച്ച വൃദ്ധ പിതാവ് എന്‍ എസ് ജോണിന്റെയും മരണത്തോടെ ഒക്ടോബറിൽ അതും രണ്ട് ആഴ്ചക്കുള്ളിൽ ആറു മരണങ്ങളാണ് യുകെയിലെ പ്രവാസി മലയാളികൾക്ക് നേരിടേണ്ടിവന്നത്. ഇതിനെല്ലാം പുറമെയാണ് ഇന്ന് രാവിലെ സാലിസ്ബറിയിൽ മരിച്ച കോട്ടയം സ്വദേശിനിയായ സീന ഷിബു.
യുകെ സൗത്താംപ്ടൺ മലയാളി ചിക്കുവിന്റെ മാതാവ് മുവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്കറിയ (81) നിര്യാതയായി
സംസ്‌ക്കാരം 02/11/2019 ശനിയാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്‌ലേഹം തിരുക്കുടുംബ ദേവാലയത്തിൽ.
ശ്രീമതി ബ്രിജീറ്റ് സ്കറിയയുടെ നിര്യാണത്തിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ പങ്കു ചേരുന്നതിനൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കംബോഡിയ : ദിവസങ്ങളോളം നീണ്ടുനിന്ന പരിശ്രമത്തിന് ഫലം കണ്ടില്ല. വെസ്റ്റ് സസെക്സിലെ വോർത്തിംഗിൽ നിന്നുള്ള അമേലിയ ബാംബ്രിഡ്ജിന്റെ (21) മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. കംബോഡിയയിലെ കോ റോങ് ദ്വീപിൽ നിന്നും മുപ്പത് മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സിഹാൻക്വില്ലിലേക്ക് മൃതദേഹം കൊണ്ടുപോയി. അമേലിയയുടെ കുടുംബാംഗങ്ങളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. അമേലിയയുടെ തിരോധനത്തെ തുടർന്ന് കുടുംബം ദ്വീപിൽ എത്തി അന്വേഷണത്തിൽ പങ്കുചേർന്നിരുന്നു. ഒക്ടോബർ 23 നാണ് കോ റോങിൽ നിന്ന് പെൺകുട്ടിയെ കാണാതായത്.
അമേലിയയുടെ സഹോദരൻ ഹാരിയാണ് തന്റെ സഹോദരിയുടെ മരണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ” ഞാൻ അവളെ കണ്ടു. അതെന്റെ കുഞ്ഞനിയത്തിയാണ്. അവളെ ജീവനോടെ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്റെ കുടുംബത്തോടും കൂട്ടുകാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. അമേലിയ… നീ എന്നോട് ക്ഷമിക്കൂ.. ” വികാരനിർഭരനായി ഹാരി ഇപ്രകാരം കുറിച്ചു. മകളുടെ തിരോധാനവും മരണം ഒരിക്കലും സങ്കല്പിക്കാനാവാത്ത ഒന്നാണെന്ന് പിതാവ് ക്രിസ്റ്റഫർ പറഞ്ഞു.
കോ റോങിലെ ബീച്ചിൽ നിന്ന് അമേലിയയുടെ പേഴ്സ്, ഫോൺ, ബാങ്ക് കാർഡ് എന്നിവ പോലീസ് കണ്ടെത്തിയിരുന്നു. ബീച്ചിലെ പാർട്ടിയിലാണ് അവൾ അവസാനമായി പങ്കെടുത്തത്. മുങ്ങൽവിദഗ്ദർ , നാവികസേന, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ 150 ഓളം വോളന്റിയർമാർ കമ്പോഡിയൻ പോലീസിനൊപ്പം കരയിലും കടലിലും നടത്തിയ തിരച്ചിലിൽ പങ്കുചേർന്നു.
അതിനിടയിൽ തിരച്ചിൽ നടത്തുന്നതിന് വിദേശകാര്യ ഓഫിസ് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ സ്റ്റാഫ് നേരിട്ട് ദ്വീപിൽ എത്തി സഹായങ്ങൾ നൽകിയെന്നും അമേലിയക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ കംബോഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ ഓഫീസ് അറിയിച്ചു.
എക്സിറ്റർ : എക്സിറ്ററിൽ കോട്ടയം പൊൻകുന്നം ഇളംകുളം സ്വദേശിയായ മലയാളി നേഴ്സ് മരണമടഞ്ഞു . ട്രീസ ജോസഫാണ് ( 45 ) ഇന്നലെ മരണത്തിന് കീഴടങ്ങിയത് . ദീർഘകാലമായി ചികിത്സയിലായിരുന്നു . വീട്ടിൽ വച്ചായിരുന്നു അന്ത്യം . ഭർത്താവ് പ്രിൻസ് ജോസഫിനും കുട്ടികളായ ട്വിങ്കിൾ , ഫ്രാൻസിസ് എന്നിവർക്കൊപ്പം എക്സിറ്ററിലായിരുന്നു താമസം ഡെവൺ എൻ എച്ച് എസ് ട്രസ്റ്റിലെ സ്റ്റാഫ് നേഴ്സായിരുന്നു . എക്സിറ്റർ മലയാളി അസ്സോസിയേഷനിലെ സജീവ പ്രവർത്തകരായിരുന്നു ട്രീസയുടെ കുടുംബം .
ട്രീസ ജോസഫിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- സൗത്ത് ആഫ്രിക്കയിൽ വെച്ച് പാലത്തിൽ നിന്ന് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് ദമ്പതികളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. പീറ്റർ & മിറാൻഡ, ഹാരിസ് & ക്രിസ് ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച പോർട്ട് എലിസബത്തിനു സമീപമുള്ള പാലത്തിൽ നിന്നും 75 അടി താഴ്ചയിലേക്ക് കാർ നിലം പതിക്കുകയായിരുന്നു. അറുപത്തിയേഴുകാരനായ ഹാരിസ് രക്ഷപ്പെട്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാറിന്റെ ഡ്രൈവറും രക്ഷപ്പെട്ടിട്ടുണ്ട്.
മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് പാലത്തിൽ നിന്നും താഴേക്ക് വീണത്. “എ റോച്ച ” എന്ന ക്രിസ്ത്യൻ പാരിസ്ഥിതിക സംഘടനയുടെ സ്ഥാപക ദമ്പതികളാണ് മിറാൻഡായും ഹാരിസും. ആ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സൗത്ത് ആഫ്രിക്കയിൽ ഈ ദമ്പതികൾ എത്തിയത്. സംഘടനയുടെ ഏറ്റവും വലിയ നഷ്ടമാണ് ദമ്പതികളുടെ മരണമെന്ന് വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമൂഹ മനസ്സാക്ഷിയുടെ നാനാഭാഗങ്ങളിൽനിന്നും ദമ്പതികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. റെഡ്ഹില്ലിലെ ഹോളി ട്രിനിറ്റി ചർച്ച് വികാരി ദമ്പതികളുടെ ഭരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ഇടവക അംഗങ്ങൾ ബുധനാഴ്ച ഒത്തുകൂടി മരിച്ച ദമ്പതികൾക്കെല്ലാം പ്രാർത്ഥന അർപ്പിച്ചു. വേണ്ട എല്ലാ സഹായങ്ങളും സൗത്ത് ആഫ്രിക്കൻ അതോറിറ്റി കളുമായി ചേർന്ന് ചെയ്യുമെന്ന് ഫോറിൻ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.