ബ്രിട്ടീഷ് സ്വവര്‍ഗ ദമ്പതികളുടെ രണ്ടു ഗര്‍ഭപാത്രങ്ങളില്‍ രണ്ടു ഘട്ടമായി വളര്‍ന്ന ഭ്രൂണത്തിലൂടെ അവര്‍ക്ക് ജനിച്ചത് ആൺകുട്ടി

ബ്രിട്ടീഷ് സ്വവര്‍ഗ ദമ്പതികളുടെ രണ്ടു ഗര്‍ഭപാത്രങ്ങളില്‍ രണ്ടു ഘട്ടമായി വളര്‍ന്ന ഭ്രൂണത്തിലൂടെ അവര്‍ക്ക് ജനിച്ചത് ആൺകുട്ടി
December 11 08:05 2019 Print This Article

ഒരു ഭ്രൂണത്തെ രണ്ടു ഘട്ടങ്ങളിലായി രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുത്ത് കുഞ്ഞിന് ജന്മം നല്‍കിയത് വൈദ്യശാസ്ത്രരംഗത്തിനു നേട്ടമായി. ലോകത്താദ്യമായാണ് രണ്ട് ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ പൂര്‍ണ്ണവളര്‍ച്ച വരെ എത്തിക്കുന്നത്.

ബ്രിട്ടീഷ് സ്വവര്‍ഗ ദമ്പതികള്‍ക്കാണ് ഇത്തരത്തില്‍ ഒരു ആണ്‍കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്. ജാസ്മിന്‍ ഫ്രാന്‍സിസ് സ്മിത്ത് (28), ഡോണ ഫ്രാന്‍സിസ് സ്മിത്ത് (30) എന്നീ സ്വവര്‍ഗ ദമ്പതികള്‍ക്കാണ് കുഞ്ഞ് ജനിച്ചത്.

ഡോണയുടെ അണ്ഡമാണ് കൃത്രിമ ബീജ സങ്കലനത്തിന് വിധേയമാക്കിയത്. കൃത്രിമ ബീജ സങ്കലന പ്രക്രിയക്ക് (ഐ.വി.എഫ്) ശേഷം ഇത് തിരികെ ഡോണയുടെ ഗര്‍ഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിച്ചു. ഈ ഭ്രൂണത്തെ 18 മണിക്കൂറിന് ശേഷം പങ്കാളിയായ ജാസ്മിന്റെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് ഭ്രൂണം വളര്‍ന്നതും കുഞ്ഞായി രൂപാന്തരപ്പെട്ടതും ജാസ്മിന്റെ ഗര്‍ഭപാത്രത്തിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജാസ്മിന്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്‍കി. ഒട്ടിസ് എന്നാണ് കുഞ്ഞിന് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. രണ്ട് മാസം പ്രായമായ കുഞ്ഞും അമ്മമാരും സുഖമായി കഴിയുകയാണ്.

സ്വവര്‍ഗ ദമ്പതിമാര്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍, രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന കുഞ്ഞിന് ജന്മം നല്‍കുന്നത് ലോകത്ത് ആദ്യമായാണെന്ന് ബ്രിട്ടീഷ് ഫെര്‍ട്ടിലിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജെയിംസ് സ്ററുവര്‍ട്ട് പറയുന്നു. പങ്കാളിത്ത മാതൃത്വം എന്നാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയ രീതിയെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്.

ആര്‍മി ലാന്‍സ് കോര്‍പറല്‍ ആയ ഡോണയും ഡെന്റല്‍ നഴ്സായ ജാസ്മിനും ഓണ്‍ലൈന്‍ സൗഹൃദത്തിലൂടെയാണ് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ തുല്യ പങ്ക് വഹിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെ വൈകാരികമായ അനുഭവമാണിതെന്നും ഇരുവരും പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles