UK

റോമി കുര്യാക്കോസ്

ഐഒസി (യു കെ) – ഐഒസി വിമൻസ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച 75- മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി. ഇന്ത്യൻ വംശജനും മുതിർന്ന ലേബർ പാർട്ടി എം പിയുമായ വീരേന്ദ്ര ശർമ മുഖ്യാഥിതിയായി പങ്കെടുത്ത മാതൃരാജ്യ സ്നേഹം സ്പുരിച്ചു നിന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ യു കെയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള പൗര പ്രമുഖരും വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഐഒസി പ്രവർത്തകരും ഒത്തുകൂടി.

ഐഒസി സീനിയർ വൈസ് പ്രസിഡന്റും യൂറോപ് വനിത വിംഗ് കോർഡിനേറ്ററുമായ ഗുമിന്ദർ രന്ധ്വാ ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്ത എം പി വീരേന്ദ്ര ശർമ്മയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഐഒസി സീനിയർ ലീഡർ നച്ചത്തർ ഖൽസി ആഘോഷ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ പരോമോന്നത നീതി ന്യായ നിയമ സംഹിത നടപ്പിൽ വരുത്തിയ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഐഒസി (യു കെ) കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ സ്വാഗതം ചെയ്തു. പ്രവാസത്തിലും മാതൃരാജ്യ സ്നേഹം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നതിന്റെ തെളിവാണ് ചടങ്ങിൽ ദൃശ്യമായ ജനപങ്കാളിത്തം എന്ന് അദ്ദേഹം സ്വാഗതം പ്രസംഗത്തിൽ പറഞ്ഞു.

 

വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുർന്നുകൊണ്ട്, വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിനം നമ്മെ ഒരുമിച്ചു ചേര്‍ക്കുന്നു എന്ന് ചടങ്ങുകൾ ഉൽഘാടനം ചെയ്തുകൊണ്ട് എം പി വീരേന്ദ്ര ശർമ പറഞ്ഞു.

ഐഒസി (യു കെ) തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ്‌ ഖലീൽ മുഹമ്മദ്‌ ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഐഒസി വനിത വിംഗ് ജനറൽ സെക്രട്ടറി അശ്വതി നായർ, യൂത്ത് വിംഗ് എക്സിക്യൂട്ടീവ് മെമ്പർ വിഷ്ണു ദാസ് എന്നിവർ മുഖ്യാതിഥി എം പി വീരേന്ദ്ര ശർമ്മക്ക് പൂക്കൾ നൽകി ആദരിച്ചു. ആഷിർ റഹ്മാൻ, അജി ജോർജ് തുടങ്ങിയവർ ഐഒസി (യു കെ) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥയിലും തിരക്കുകളെല്ലാം മാറ്റിവെച്ചു ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഐഒസി സീനിയർ വൈസ് പ്രസിഡന്റ് ഗുമിന്ദർ രന്ധ്വാ നന്ദി അർപ്പിച്ചതോടു കൂടി ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

ഇപ്സ്വിച് മലയാളി അസോസിയേഷന്‍, (ഐ എം എ )യുടെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബാബു മത്തായി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജിനീഷ് ലൂക്ക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ട്രെഷറർ ബാബു ടി സി 2023-2024 കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

ഐക്യം കൊണ്ടും സംഘാടന മികവുകൊണ്ടും അതിലേറെ ജന പങ്കാളിത്തം കൊണ്ടും മികച്ച ഭരണം കാഴ്ച വെച്ച ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം ഒന്നടങ്കം അഭിനന്ദിച്ചു. പ്രസിഡന്റ്‌ ബാബു മത്തായി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു,കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തുടർന്നു ബാബു മങ്കുഴിയിൽ വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഐ എം എ യുടെ സ്ഥാപക നേതാവും ഏവർക്കും പ്രിയങ്കരനുമായ ജോജോ തോമസ് പേട്രൻ ആയിട്ടുള്ള പുതിയ കമ്മിറ്റി യുടെ നേതൃത്വം സേവനത്തിന്റെ 17വര്‍ഷം പിന്നിടുന്ന ഐ എം എ യുടെ പ്രവർത്തനത്തിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല.

അദ്ദേഹത്തോടൊപ്പം നെവിൻ മാനുവൽ പ്രസിഡന്റ്‌, അരുൺ പൗലോസ് വൈസ് പ്രസിഡന്റ്‌ ഷിബി വൈറ്റസ് സെക്രട്ടറി, അഖില പ്രവീൺ ജോയിന്റ് സെക്രട്ടറി, ബാബു റ്റി സി ട്രഷറര്‍, ബാബു മങ്കുഴിയിൽ പി ആര്‍ ഒ, എന്നിവരെയും , ആർട്സ് കോർഡിനേറ്റർസ് ആയി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്, യഥാക്രമം ജയരാജ്‌ കെ ജി, ധന്യ രാജേഷ്, ആൻസി ജെലിൻ ,ബിനീഷ്,ജിഷ സിബി,എന്നിവരെ തിരഞ്ഞെടുത്തു. സ്പോർസ് കോർഡിനേറ്റർസ് ആയി ജെയിൻ കുര്യാക്കോസിനെയും, ഷെറൂൺ തോമസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.


ഐ റ്റി കൺസൾട്ടന്റ് ആയി സിനോ തോമസിനെയും, ഓഡിറ്റർ ആയി ജോജോ തോമസിനെയുമാണ് യോഗം തിരഞ്ഞെടുത്തത്. ബിപിൻ അഗസ്‌തി, നിഷ ജെനിഷ്, ജെയിൻ കുര്യാക്കോസ് എന്നിവരെ യുക്മ കോർഡിനേറ്റർസ് ആയി യോഗം നില നിർത്തി.

കൂടാതെ ബാബു മത്തായി, ജിനീഷ് ലൂക്ക, അപ്പു തോമസ്, ജിൻസ് വർഗീസ്, തങ്കച്ചൻ മത്തായി, ജെയ്സൺ സെബാസ്റ്റ്യൻ, രാജേഷ് നായർ, ജയ ജോർജി, സിജോ പള്ളിക്കര, ജോർജ് മുത്തേടൻ, ജയ്മോൻ ജോസ്, ആഷാ ജസ്റ്റിൻ, ജെയിംസ് പാലോടം, ജോമോൻ ജോസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്തു.

ഐ എം എ യുടെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാം,ഈസ്റ്റര്‍,വിഷു ,ഈദ് ആഘോഷം ഏപ്രില്‍ 6നു ഇപ്സ്വിച്ചിലെ സെന്റ്ആൽബൻസ് ഹൈസ്കൂളിൽ വിവിധ കലാപരിപാടികളോടെ ഗംഭീരമായി നടത്തപ്പെടുമെന്ന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അറിയിച്ചു.

ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും സാന്നിധ്യ സഹകരണം ഉറപ്പാക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു കൊള്ളുന്നു.

ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്‌സിന്റെ കൈവശമുള്ള കാറിന് ഏകദേശം നാല് കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും ഈ കാറില്‍ യാത്ര ചെയ്യുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ഫിലിപ്പ് രാജകുമാരന്‍ വണ്ടിയോടിക്കുകയും എലിസബത്ത് രാജ്ഞിക്കൊപ്പം മിഷേല്‍ ഒബാമ വണ്ടിയുടെ പിറകിലെ സീറ്റില്‍ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. ഏറെ ചരിത്രപ്രധാന്യമുള്ള ഈ വാഹനം വലിയ തുകയ്ക്ക് തന്നെ ലേലം കൊള്ളുമെന്നാണ് കരുതപ്പെടുന്നത്.

എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന അതേ വാഹനനമ്ബര്‍ തന്നെയാണ് ഇപ്പോഴും ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ബ്രാംലി മോട്ടോര്‍ കാര്‍സിലെ സെയില്‍സ്മാനായ ജാക്ക് മോര്‍ഗന്‍ ജോനസ് പറഞ്ഞു. സാധാരണഗതിയില്‍ രാജകൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന വണ്ടിയുടെ നമ്ബര്‍ മാറ്റാറുണ്ട്. എന്നാല്‍, അതേ നമ്ബര്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നതിനാല്‍ അത് രാജ്ഞി ഉപയോഗിച്ചതാണോയെന്നതില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല, മോര്‍ഗന്‍ ജോനസ് പറഞ്ഞു.

രാജ്ഞിയുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റേഞ്ച് റോവറില്‍ രഹസ്യ ലൈറ്റ് സംവിധാനം, പോലീസ് എമര്‍ജന്‍സി ലൈറ്റിങ്, വാഹനത്തിലേക്ക് കയറുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ട്.

സാലിസ്ബറിയിലെ ആദ്യകാല മലയാളികളിൽ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നി (54)യ്ക്ക് നാളെ അന്ത്യയാത്രയേകാന്‍ ഒരുങ്ങി യുകെ മലയാളി സമൂഹം. ഫെബ്രുവരി മൂന്ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ സാലിസ്ബറിയിലെ ഹോളി റെഡീമര്‍ ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും നടക്കുക. സംസ്കാര ചടങ്ങുകൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാത്ത ബന്ധു മിത്രാദികൾക്ക് വേണ്ടി സംസ്കാര ശുശ്രൂഷകൾ തത്സമയ സംപ്രേഷണം ചെയ്യുന്നതായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ആർക്കും സംസ്കാര ശുശ്രൂഷകൾ ലൈവ് ആയി കാണാവുന്നതാണ്.

Website: https://eventsmedia.uk/beenavinny/
Facebook: https://www.facebook.com/eventsmedialive
YouTube: https://www.youtube.com/watch?v=cYxJLWRJSgU

ബീനയുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളടക്കം നൂറുകണക്കിന് പേരാണ് ചടങ്ങില്‍ പങ്കെടുക്കുവാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് പാര്‍ക്ക് ആന്റ് റൈഡ് ബിഷപ്പ്ഡൗണില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 23-ാം തീയതി രാത്രിയാണ് സാലിസ്ബറി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് ബീന വിന്നി മരണത്തിനു കീഴടങ്ങിയത്. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയും ആയിരുന്നു.

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗവും കൂടിയാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന വിന്നി സാലിസ്ബറിയിലെ മതാധ്യാപിക കൂടിയായിരുന്നു. റോസ്‌മോള്‍ വിന്നി, റിച്ചാര്‍ഡ് വിന്നി എന്നിവര്‍ മക്കളും വിന്നി ജോണ്‍ ഭര്‍ത്താവുമാണ്.

ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ചില രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയിൽ നിലവിൽ വന്നു. എൻ.എച്ച്എസ്സിലെ തിരക്കും ജിപി അപ്പോയിൻ്റ്മെന്റുകൾ കിട്ടാനുള്ള പ്രയാസവും പുതിയ സംവിധാനത്തിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങൾ , ഇംപെറ്റിഗോ , ഷിംഗിൾസ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീർണ്ണമല്ലാത്ത യൂറിനറി ഇൻഫെക്ഷൻ എന്നീ രോഗങ്ങൾക്കാണ് ജിപി അപ്പോയിൻമെൻ്റുകളോ പ്രിസ്ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നത്.

ഈ സംവിധാനത്തിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിൻ്റ്ന്മെന്റുകൾ കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രാഥമിക ചികിത്സ മാത്രം ആവശ്യമുള്ളവർക്ക് ഫാർമസികളിൽ നിന്ന് മരുന്ന് ലഭിക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്ന് എൻഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മഹാമാരിക്ക് മുമ്പുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ജീപികൾക്ക് ഇപ്പോൾതന്നെ നല്ല ജോലിഭാരമാണ്. അതു കൂടാതെ ഇംഗ്ലണ്ടിലുടനീളമുള്ള ആളുകളിൽ എട്ടുപേർക്കും ഒരു ഫാർമസിയിൽ എത്തിച്ചേരാൻ വെറും 20 മിനിറ്റ് നേരത്തെ നടത്തത്തിന്റെ ആവശ്യമേയുള്ളൂ. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ഫാർമസികൾ ഉള്ളതിനാൽ അവിടെയുള്ള ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാവുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.

എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതൽ പേർ പ്രാഥമിക പരിചരണത്തിന് ഇനി ഫാർമസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് മൾട്ടിപ്പിൾ ഫാർമസികളുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്‌ല ഹാൻബെക്ക് പറഞ്ഞു. എന്നാൽ ഫാർമസികൾക്ക് ലഭിക്കാനുള്ള 1.2 ബില്യൺ പൗണ്ടിന്റെ ധനസഹായം ലഭിക്കുന്നില്ലെന്ന് അവർ സർക്കാരിനെ കുറ്റപ്പെടുത്തി. ഇതിന്റെ ഫലമായി പല ഫാർമസികളും പ്രവർത്തന സമയം കുറയ്ക്കുകയോ പൂർണമായും അടച്ചുപൂട്ടുകയോ ചെയ്തതായി അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ശരാശരി മോർട്ട്ഗേജ് നിരക്കുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2021 നവംബറിനു ശേഷം ആദ്യമായാണ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഇത്രയും കുറയുന്നത്. നേരത്തെ 5.34 ആയിരുന്ന മോർട്ട്ഗേജ് നിരക്ക് 0.06 കുറഞ്ഞ് 5.28 ശതമാനമായത് വായ്പ എടുക്കാനിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് ഭവന വിപണിയിൽ പുത്തൻ ഉണർവിന് കാരണമായിട്ടുണ്ടെന്ന കണക്കുകളും വ്യക്തമാക്കുന്നു. വീട് വാങ്ങുന്നതിന് നവംബറിൽ മോർട്ട്ഗേജ് ലഭിച്ചവരുടെ എണ്ണം 49,300 ആയിരുന്നു. എന്നാൽ ഇത് ഡിസംബർ ഡിസംബറിൽ 50,500 ആയി ഉയർന്നു. ഭവന വിപണി സജീവമാകുന്നതിന്റെ സൂചനയായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.


പുതിയതായി ലോൺ എടുക്കാനിരിക്കുന്നവരെ കൂടാതെ റീ മോർട്ട്ഗേജ് ചെയ്യുന്നവർക്കും പലിശ നിരക്കിലെ കുറവ് പ്രയോജനം ചെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്. റീ മോർട്ട്ഗേജ് നടത്തിയവരുടെ എണ്ണം നവംബറിൽ 25,700 ആയിരുന്നത് ഡിസംബറിൽ 30,800 ആയി ഉയർന്നത് ഇതിന്റെ സൂചനയാണ്. അതേസമയം മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുന്നതിനും അതേ തുടർന്ന് വീടുകളുടെ വില വർധനവിനും കാരണമാകുമെന്ന വിലയിരുത്തലുകളും വിദഗ്ധർ പങ്കു വയ്ക്കുന്നുണ്ട്.

യുകെയിൽ പെർമനന്റ് വിസ ലഭിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് .പൊതുവെ പണപ്പെരുപ്പവും കൂടിയതും പലിശ നിരക്ക് ഉയർന്നതും യുകെയിലെത്തുന്ന മലയാളികളെ പുതിയ വീടുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന വസ്തുതയാണ്.

വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.

ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .

ഇന്നലെ രാത്രി ഉണ്ടായ ഗുരുതരമായ അപകടത്തെ തുടർന്ന് എം 4 താത്കാലികമായി അടച്ചതായി പോലീസ് അറിയിച്ചു. പോലീസ് ഇൻവെസ്റ്റിഗേഷൻ കഴിയുന്നത് വരെയാണ് മോട്ടോർവേ ഭാഗികമായി അടച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ന്യൂപോർട്ടിനും കാർഡിഫിനും ഇടയിൽ മോട്ടോർ വെയിൽ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ 52 വയസ്സുകാരനായ ഒരാൾ മരണമടഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് മോട്ടോർവേയുടെ ജംഗ്‌ഷൻ 28 നും 29 നുമിടയിൽ ഗുരുതരമായ അപകടം ഉണ്ടായത്. ഒരു ബിഎംഡബ്ലിയു എക്സ് 4 , വോക്‌സൽ അജില, വോക്‌സ്‌വാഗൺ പോളോ എന്നിവയാണ് അപകടത്തിൽ ഉൾപ്പെട്ടത്. ഇതിൽ വോക്‌സാൽ ഓടിച്ചിരുന്ന ന്യൂപോർട്ടിൽ നിന്നുള്ള അന്പത്തിരണ്ടുകാരൻ കൊല്ലപ്പെട്ടതായാണ് ഗ്വെൻറ് പോലീസ് അറിയിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി ഇന്ന് ഉച്ചയോടു കൂടി മാത്രമേ മോട്ടോർ വേയിൽ പൂർണ്ണ തോതിലുള്ള ഗതാഗതം സാധ്യമാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

വെസ്റ്റ് യോര്‍ക്ക്ഷയറിലെ ലീഡ്‌സിൽ ത്രീ ഹോഴ്‌സ് ഷൂ പബ്ബിലെ ടോയ്‌ലറ്റിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ജനിച്ചയുടൻ ഉപേക്ഷിച്ച രീതിയിൽ ഒരു പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് 4:45 ഓടെയാണ് റോത്ത്‌വെല്ലിന് സമീപമുള്ള, ഔള്‍ട്ടണിലെ ത്രീ ഹോഴ്സ് ഷൂ പബ്ബിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. എമര്‍ജന്‍സി സർവീസുകൾ ഉടനടി സംഭവസ്ഥലത്ത് എത്തുകയും കുഞ്ഞിന്റ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തികച്ചും ഭീകരമായ ഒരു സംഭവം എന്ന് ഇതിനെ വിശേഷിപ്പിച്ച പോലീസ് ഈ കുഞ്ഞിന്റെ അമ്മയോട് ഉടനടി വൈദ്യസഹായം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം പോലീസുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസവം കഴിഞ്ഞ ഉടനെ ആയതിനാല്‍ ഈ സമയം, അമ്മയ്ക്കും പ്രസവാനന്തര ശുശ്രൂഷകള്‍ ആവശ്യമായി വരുമെന്നും പോലീസ് വക്താവ് അറിയിച്ചു. സാഹചര്യ തെളിവുകളും മറ്റും വച്ച് നോക്കുമ്പോൾ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ച് തന്നെയായിരിക്കും പ്രസവവും നടന്നതെന്ന് കരുതുന്നതായി പോലീസ് പറയുന്നു.

സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവത്തില്‍ എല്ലാവരോടും ഖേദം രേഖപ്പെടുത്തി പബ്ബ് വക്താവ് സമൂഹമാധ്യമങ്ങളില്‍ എത്തി. ഈ അസാധാരണ ഘട്ടത്തില്‍ സഹായവും പിന്തുണയുമായി വന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം ഇന്നലെ തന്നെ ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അമ്മയുടെ ആരോഗ്യവും ക്ഷേമവുമാണ് ഇപ്പോള്‍ പ്രഥമ പരിഗണനയില്‍ ഉള്ളതെന്ന് പറഞ്ഞ പോലീസ്, അവരെ കണ്ടെത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അറിയിച്ചു. പോലീസ് സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 101 എന്ന നമ്പറിലോ പോലീസുമായി ബന്ധപ്പെടാനും അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുമായി ബന്ധപ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ലീഡ്‌സിലെ മറ്റേണിറ്റി അസസ്സ്‌മെന്റ് യൂണിറ്റുമായി ബന്ധപ്പെടുകയും ആവാം.

സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ എല്‍മെറ്റ് ആന്ദ് റോത്ത്‌വെല്‍ എം പി സര്‍ അലെക് ഷെല്‍ബ്രൂക്ക് ജനങ്ങളോട് ഈ അവസരത്തില്‍ ഊഹോപോഹങ്ങള്‍ പരത്തരുത് എന്ന് അപേക്ഷിച്ചു. അമ്മയെ എത്രയും പെട്ടെന്ന് കണ്ടെത്തി അവര്‍ക്കാവശ്യമായ വൈദ്യ സഹായം എത്തിക്കുന്നതിനാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ബ്രിസ്റ്റോളിനെ നടുക്കിയ ഇരട്ട കൊലപാതകത്തിന് പിന്നിൽ ‘പോസ്റ്റ് കോഡ് ഗ്യാങ് വാർ’ ആണെന്ന് പ്രദേശവാസികൾ ആരോപിച്ചു. കുറച്ചു നാളുകളായി പ്രദേശത്തെ രണ്ടു വില്ലേജുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ ശത്രുതയും ഇടയ്ക്കിടയ്ക്ക് ചെറിയ അക്രമങ്ങളും ഉണ്ടായിരുന്നതായി ഇവർ പറയുന്നു. ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ശക്തി പ്രകടനത്തിന്റെ ഭാഗമായുണ്ടായ ആക്രമണത്തിലാണ് നിരപരാധികളായ രണ്ടു കുട്ടികൾ കൊല്ലപ്പെടാനിടയായത് എന്നും നാട്ടുകാർ ആരോപണമുന്നയിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെ ആണ് ബ്രിസ്‌റ്റോളിലെ ഇൽമിൻസ്റ്റർ അവന്യുവിൽ കൗമാരക്കാരായ രണ്ട് കുട്ടികൾ ഒരു സംഘം ആൾക്കാരുടെ കത്തിക്കുത്തേറ്റ്‌ ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തുക്കളും അയൽവാസികളുമായ മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15 ) എന്നിവരാണ് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മരണമടഞ്ഞത്. ഇവരുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു കാറിൽ ഇവിടെയെത്തിയ സംഘം കത്തിയും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സമീപത്തെ രണ്ടു പോസ്റ്റ് കോഡുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ അടുത്തിടെ ചില പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ കൊല്ലപ്പെട്ട കുട്ടികൾ ഒരു ഗ്യാങ്ങിന്റെയും ഭാഗമായിരുന്നില്ലയെന്നാണ് അറിയുന്നത്. ആള് മാറിയാണ് ഇവർ ആക്രമിക്കപ്പെട്ടത് എന്നാണ് ഇവരുടെ കുടുംബങ്ങളും അയൽക്കാരും പറയുന്നത്.

 

ബഹളം കേട്ടെത്തിയ സമീപവാസികളും ഇവിടെ ആ സമയം നിർത്തിയിട്ടിരുന്ന ഒരു ബസിലെ യാത്രക്കാരും കുത്തേറ്റു വീണ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽ നിന്നെടുത്ത് കൊണ്ട് വന്ന തുണി ഉപയോഗിച്ച് രക്തപ്രവാഹം തടയാൻ താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് സമീപവാസിയായ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് ഗ്യാങ്ങുകളുടെ ഉപദ്രവം ഉള്ളതിനാൽ പേര് വെളിപ്പെടുത്തരുത് എന്നും ഇയാൾ അഭ്യർത്ഥിച്ചു. ഏകദേശം ഇരുപതു മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് സ്ഥലത്തെത്തിയത് എന്നും അപ്പോഴേക്കും ധാരാളം രക്തം വാർന്നു പോയിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഇരുവരെയും ബ്രിസ്റ്റോളിൽ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

 

കൊലപാതകത്തിൽ പങ്കെടുത്തു എന്ന് കരുതുന്ന നാല് പേർ ഇതുവരെയായി പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. നാൽപ്പത് വയസ്സുള്ള ഒരാളെയും പതിനഞ്ചുകാരനായ ഒരു കൗമാരക്കാരനെയും ഞായറാഴ്ച തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു ഇരുപതുകാരനും ഇരുപത്തി രണ്ടു വയസ്സുകാരനും തിങ്കളാഴ്ച പോലീസ് പിടിയിലായി. ഒരു വാഹനവും കസ്റ്റഡിയിൽ എടുത്തതായി ഡെവൺ ആൻഡ് സോമർസെറ്റ് പോലീസ് അറിയിച്ചു.

കുട്ടികളുടെ മരണത്തിൽ ദുഖാർത്തരായ ഏകദേശം ഇരുനൂറിലധികം ആളുകൾ ഇന്നലെ ഇവർ കുത്തേറ്റ് വീണ സ്ഥലത്ത് ഒരുമിച്ച് കൂടി ആദരാഞ്ജലി അർപ്പിച്ച്. പൂക്കളും മെഴുകുതിരികളുമായി എത്തിച്ചേർന്ന ഇവർ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് എഴുതിയ ബാനറുകളും സ്ഥലത്ത് സ്ഥാപിച്ചു.

ബ്രിട്ടനിൽ കത്തിക്കുത്ത് ഏറ്റു മരണമടയുന്ന ആളുകളുടെ എണ്ണത്തിൽ വൻവർധന ആണ് ഉണ്ടായിരിക്കുന്നത്. 2025 ഓടെ കത്തിയുമായി പൊതു ഇടങ്ങളിൽ തിരിച്ചറിയുന്ന ക്യാമറ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇത് മൂലം സർക്കാർ ഇപ്പോൾ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമാനതകളില്ലാത്ത ലൈംഗികാതിക്രമത്തിന്റെ വാർത്തയാണ് ഷെഫീൽഡ് നിന്ന് പുറത്തുവന്നിരിക്കുന്നത്. സുന്ദരമായ സ്വപ്നങ്ങൾ കണ്ട് ഉറങ്ങാൻ കിടന്ന ഒരു പെൺകുട്ടിയോട് മോഷ്ടാവ് അതിക്രൂരമായ ലൈംഗികാതിക്രമം നടത്തിയതിന്റെ വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.

മോഷ്ടാവ് മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ മുറിയിൽ ജനലിലൂടെ പ്രവേശിച്ച് അവളെ ലൈംഗികമായി ആക്രമിച്ചപ്പോൾ ആ കുരുന്ന് ആദ്യം കരുതിയത് ഇത് ഒരു പേടിസ്വപ്നമാണെന്നാണ്. അവൾ ഉണർന്നപ്പോൾ അക്രമി തുറന്ന ജനലിലൂടെ പുറത്ത് ചാടി രക്ഷപ്പെടുകയും ചെയ്തു. ആദ്യം പെൺകുട്ടി സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും കരുതിയത് അത് അവളുടെ പേടിസ്വപ്നമാണെന്നാണ്. എന്നാൽ താൻ നേരിട്ട ലൈംഗികാതിക്രമത്തിന്റെ മുറിപ്പാടുകൾ പെൺകുട്ടി കാണിച്ചപ്പോഴാണ് അവർ ആ നഗ്നസത്യം തിരിച്ചറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

ഷെഫീൽഡിലെ ഡാർനാലിലുള്ള അവളുടെ വീടിന്റെ ജനൽ പാളികളിൽ നിന്ന് പോലീസ് കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തിയതാണ് കേസിന് നിർണ്ണായകമായത്. അങ്ങനെ ആ ദുഃഖസത്യം വെളിവാക്കപ്പെട്ടു. ആ 12 വയസു മാത്രം പ്രായമുള്ള കുരുന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നു.

കിടപ്പുമുറിയിലെ ജനൽ പടിയിൽ കുറ്റവാളിയായ ഹോർവാത്തിൻ്റെ വിരലടയാളം കണ്ടെത്തിയതിനെ തുടർന്ന് പ്രതി രണ്ടാം നിലയിൽ കയറാൻ ഉപയോഗിച്ച ഗോവണിയും പോലീസ് കണ്ടെത്തി. ആദ്യം ഗോവണി ഉപയോഗിച്ച് മോഷണത്തിന് ശ്രമിച്ചതായി പ്രതി സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയത് അയാൾ നിഷേധിച്ചു. പക്ഷേ തെളിവുകൾ അയാൾക്ക് എതിരായിരുന്നു. ഈ കേസ് ശരിക്കും ഒരു വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പോലീസ് ഓഫീസർ പറഞ്ഞു. ദു:സ്വപ്നം പോലെ ഒരു കേസ് എന്നാണ് പോലീസ് അന്വേഷണത്തെ വിശേഷിപ്പിച്ചത്. വരും വർഷങ്ങളിൽ ക്രൂരനായ ലൈംഗിക കുറ്റവാളി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടതായി വരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പോലീസ് ഓഫീസർ ബസ് ഫീൽഡ് പറഞ്ഞു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ധീരമായ നിലപാട് സ്വീകരിച്ച പെൺകുട്ടിയെയും കുടുംബത്തെയും അദ്ദേഹം അഭിനന്ദിച്ചു

Copyright © . All rights reserved