ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റ്   ഇന്ന്  കോവെൻട്രിയിൽ നടക്കും. കോവെൻട്രി മേയറും ഇന്ത്യൻ വംശജനുമായ ജസ്വന്ത് സിംഗ് ബിർദിയും ഭാര്യ കൃഷ്ണ ബിർദിയും ചേർന്ന് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. വർണാഭമായ ചടങ്ങിൽ സമീക്ഷ നാഷണൽ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, പ്രസിഡൻ്റ് ശ്രീകുമാർ ഉള്ളാപ്പിള്ളിൽ, കൊവൻട്രി കൗണ്ടി കൗൺസിലേഴ്‌സ് എന്നിവർക്ക് പുറമെ രാഷ്ട്രീയ-സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മത്സരശേഷം ഡി ജെ പാർട്ടി അരങ്ങേറും. എക്സൽ ലേഷർ സെൻ്ററിൽ രാവിലെ പത്ത് മണിക്ക് മത്സരം ആരംഭിക്കും. ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ആദിസ് എക്കൗണ്ടിംഗ് സൊലൂഷൻസ്, ടിഫിൻ ബോക്സ് എന്നിവരാണ് ടൂർണമെൻ്റിൻ്റെ പ്രായോജകർ.

യുകെയിലെ ഏറ്റവും വലിയ ബാഡ്മിൻ്റൺ ടൂർണമെൻ്റുകളിൽ ഒന്നാണിത്. സ്കോട്ട് ലാൻ്, വെയിൽസ്, നോർത്തേൺ അയലൻ്റ് ഉൾപ്പടെ 16 റീജിയണുകളിൽ നിന്നുള്ള മുന്നൂറോളം ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുത്തു. അയ്യായിരത്തിലേറെ പേർ നേരിട്ടും ഇരുപത്തിഅയ്യായിരത്തോളം പേർ സാമൂഹമാധ്യമങ്ങളിലൂടെയും മത്സരത്തിൻ്റെ ഭാഗമായി. ടൂർണമെൻ്റ് നടത്തിപ്പിന് ആകെ 25,000 പൗണ്ടാണ് ചെലവ്. 5,000 പൗണ്ട് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനത്തുകയായി നൽകി. ഗ്രാൻഡ് ഫിനാലേയിലെ ആദ്യ നാല് സ്ഥാനക്കാർക്കായി കരുതിവച്ചിരിക്കുന്നത് 2,000 പൗണ്ടാണ്. ഇതിന് പുറമെ ട്രോഫികളും വിതരണം ചെയ്യും. വലിയ സമ്മാനത്തുക നൽകുന്ന യുകെയിലെ ചുരുക്കം ചില ടൂർണമെൻ്റുകളിൽ ഒന്നാണിത്. ഇതുവരെ മത്സരങ്ങളുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഗ്രാൻഡ് ഫിനാലെയിലും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.