ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിന് ആവേശകരമായ പരിസമാപ്തി. കോവെൻട്രിയിലെ എക്സൽ ലേഷർ സെൻ്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ധനുഷ് – ബേസിൽ സഖ്യം വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് -സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്. രവിതേജ – മനോബിരം സഖ്യം മൂന്നാം സ്ഥാനം നേടി. പ്രവീൺ – ആബേൽ സഖ്യത്തിനാണ് നാലാം സ്ഥാനം. പതിനാറ് റീജിയണുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപതോളം ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. 501 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനത്തുകയായി ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 101 പൗണ്ടും നൽകി. കോവെൻട്രി മേയർ ജസ്വന്ത് സിംഗ് ബിർദി മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് വിഭാഗം കാബിനറ്റ് മെമ്പർ കമറാൻ കാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈഫ് ലൈൻ പ്രൊട്ടക്റ്റ് സിഇഒ ജോയ് തോമസ്, ആദിസ് എച്ച് ആർ കൺസൾട്ടൻസി പ്രതിനിധികളായ സ്വപ്ന, പ്രവീൺ എന്നിവർ സന്നിഹിതരായി.

രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിൽ മുന്നൂറോളം ടീമുകളാണ് പങ്കെടുത്തത്. ടീമുകളുടെ എണ്ണം കൊണ്ടും സമ്മാനത്തുകയുടെ വലുപ്പം കൊണ്ടും യുകെയിലെ ഏറ്റവും വലിയ ബാഡ്മിൻ്റൺ ടൂർണമെൻ്റുകളിൽ ഒന്നായിമാറി. മലയാളികൾക്ക് പുറമെ സ്വദേശികളും വിദേശികളും മത്സരത്തിൻ്റെ ഭാഗമായി. കോർട്ടിന് അകത്തും പുറത്തും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. സംഘാടന മികവിലും ടൂർണമെൻ്റ് വേറിട്ടുനിന്നു.

അടുത്ത വർഷം മുതൽ കൂടുതൽ റീജിയണുകളിലേക്ക് മത്സരം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ആദിസ് എച്ച്ആർ കൺസൾട്ടൻസി, ദി ടിഫിൻ ബോക്സ് എന്നീ സ്ഥാപങ്ങളായിരുന്നു ടൂർണമെൻ്റിൻ്റെ പ്രധാന പ്രായോജകർ.