UK

ബർമിംങ്ഹാം:- സംസ്കൃതി – 2019 നാഷണൽ കലാമേളക്ക് നാളെ ബർമിംങ്ഹാം ബാലാജി ക്ഷേത്രത്തിൽ അരങ്ങുണരുന്നു. രാവിലെ 09 .00 മുതൽ ബർമ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്കാരിക വേദികളിൽ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും, പ്രതിഭകളും മാറ്റുരയ്‌ക്കുന്നു.

നാളെ രാവിലെ 8 നും 9 നും ഇടയിലായി മത്സരാർത്ഥികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്ററ് നമ്പറുകൾ കൈപ്പറ്റേണ്ടതാണ്. രവിലെ 9.30 നു പരിപാടികള്‍ ആരംഭിക്കും. മുഖ്യ അതിഥി ശ്രീ രാജമാണിക്യം IAS ഉദ്ഘാടനം നിര്‍വഹിക്കും . ഭാരതീയ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. പ്രവാസ ലോകത്തു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന് സംഘാടകർ വ്യക്തമാക്കി .

നാളെ മത്സരങ്ങൾക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് മുഖ്യാതിഥികൾ ആയ ശ്രീ രാജമാണിക്യം IAS, ശ്രീമതി നിശാന്തിനി IPS എന്നിവർ – വിജയികൾ, കലാ പ്രതിഭ, കലാ തിലകം എന്നിവരെ പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും. എല്ലാ മത്സരാർത്ഥികളും,സഹൃദയരും അഭ്യുദയകാംക്ഷികളും രാവിലെ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെർബി: ഡെർബിഷെയറിലും ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാർഷിക തിരുനാളുകളിലൊന്നായ ‘ഡെർബി തിരുനാൾ’ ഈ ഞായറാഴ്ച (ജൂലൈ 7 ) ഉച്ചകഴിഞ്ഞു 2: 00 മുതൽ ഡെർബിയിലെ ബർട്ടൻ റോഡിലുള്ള സെൻ്റ് ജോസഫ്‌സ് കാതോലിക്കാ ദേവാലയത്തിൽ വച്ച് നടക്കുന്നു. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും സീറോ മലബാർ സഭയിൽനിന്നുള്ള ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും ഡെർബി മിഷന്റെ സ്വർഗീയ മധ്യസ്ഥനായ വി. ഗബ്രിയേൽ മാലാഖയുടെയും തിരുനാൾ ഈ വർഷം മുതൽ സംയുക്തമായാണ് ആചരിക്കുന്നത്. മുൻപ്, ഡെർബിയിലും ബർട്ടൻ ഓൺ ട്രെൻഡിലുമുണ്ടായിരുന്ന രണ്ടു വി. കുർബാന കേന്ദ്രങ്ങൾ ഒരുമിപ്പിച്ചാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഡെർബി മിഷൻ രൂപീകരിച്ചത്. മിഷനായതിനു ശേഷമുള്ള ആദ്യ തിരുനാളെന്ന പ്രത്യേകതയും ഈ വർഷത്തെ തിരുനാളിനുണ്ട്.

ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിക്ക്‌ സെൻറ് ജോസഫ്‌സ് പള്ളി വികാരി റെവ. ഫാ. ജോൺ ട്രെഞ്ചാർഡ്‌ കൊടി ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമാവും. തുടർന്ന് പ്രസുദേന്തി വാഴ്ചയുടെ പ്രാർത്ഥനാശുശ്രുഷകൾ നടക്കും. പത്തു മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു മിഷൻ ഡയറക്ടർ റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യകാർമ്മികനാകും. നോട്ടിംഗ്ഹാം രൂപതയിലെ ക്ലിഫ്ടൺ കോർപ്പസ് ക്രിസ്തി പള്ളിവികാരി റെവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ എസ്. സി. ജെ. തിരുനാൾ സന്ദേശം നൽകും. വി. കുർബാനയെത്തുടർന്നു വിശുദ്ധരോടുള്ള ലദീഞ്ഞു പ്രാർത്ഥന, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സ്നേഹവിരുന്നോടുകൂടിയാണ് തിരുനാൾ കർമ്മങ്ങൾക്ക് സമാപനമാകുന്നത്.

തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ കുട്ടികളുടെ അടിമസമർപ്പണ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. കഴുന്ന് എഴുന്നള്ളിച്ചു പ്രാർത്ഥിക്കുന്നതിനും വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയേഴ്സ്സിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും വാഹനങ്ങൾ അനുവദിച്ചിട്ടുള്ള സ്ഥലത്തുമാത്രം പാർക്കുചെയാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്. തിരുനാളിനൊരുക്കമായി തിരുനാൾ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ നടന്നു വരുന്നു.

മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, പ്രസുദേന്തിമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡെർബിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും തിരുനാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാൾ നടക്കുന്ന ദൈവാലയത്തിൻ്റെ അഡ്രസ്: St. Joseph’s Roman Catholic Church, Burton Road, Derby, DE 1 1TJ.

റോമിലെ ഐറിഷ് കോളേജിൽ നടന്നു എന്ന് പറഞ്ഞ് വ്യാജ ലൈംഗിക ആരോപണ വാർത്ത നൽകിയതിന് മുൻ സെമിനാരി വിദ്യാർത്ഥിയോട് മൂന്ന് ഐറിഷ് മാധ്യമങ്ങൾ മാപ്പു പറഞ്ഞു. കൊടുത്ത വാർത്ത തെറ്റായിരുവെന്നും, അത് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞാണ് ഔദ്യോഗികമായി തന്നെ ഐറിഷ് മാധ്യമങ്ങളായ ദി ഐറിഷ് എക്സാമിനറും, ദി ഐറിഷ് ടൈംസും, ദി എക്കോയും മാപ്പു പറഞ്ഞത്.

സ്വവർഗ്ഗ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട് കോണർ ഗനോൺ എന്ന സെമിനാരി വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി 2018 മെയ് മാസത്തിലാണ് പ്രസ്തുത പത്രങ്ങൾ വാർത്ത നൽകിയത്. സെമിനാരി വിദ്യാർത്ഥി മാധ്യമങ്ങൾക്കെതിരെ പിന്നീട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അപ്രകാരം ഒരു വാർത്ത നൽകിയതിന് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നു. ഹൈക്കോടതി തീരുമാനപ്രകാരം കോണർ ഗനോണിന് നഷ്ടപരിഹാരം മാധ്യമങ്ങൾ നൽകേണ്ടിവരുമെന്ന് കരുതപ്പെടുന്നു.

വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്ന് മനസ്സിലാക്കി ദി ഐറിഷ് എക്സാമിനറും, ദി എക്കോയും വാർത്ത ഉടനടി തന്നെ നീക്കം ചെയ്തിരുന്നെങ്കിലും ദി ഐറിഷ് ടൈംസ് കഴിഞ്ഞ ദിവസമാണ് വാർത്ത നീക്കം ചെയ്തതെന്ന് ഐറിഷ് കാത്തലിക് റിപ്പോർട്ട് ചെയ്തു. ആരോപണം ഉന്നയിക്കപ്പെട്ട രണ്ടു വ്യക്തികളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി ഐറിഷ് കാത്തലിക്കിനോട് പറഞ്ഞത് ലൈംഗിക ആരോപണം മൂലമല്ല മറിച്ച് സ്വന്തം തീരുമാനപ്രകാരമാണ് താൻ സെമിനാരി പഠനം ഉപേക്ഷിച്ചത് എന്നാണ്.

 

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കൂടുതൽ പ്രാദേശിക അസോസിയേഷനുകൾക്ക് യുക്മയിൽ പ്രവർത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വർഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു ജൂലൈ ഒന്ന് തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് മുപ്പത്തിയൊന്ന് ശനിയാഴ്ചവരെയുള്ള രണ്ടുമാസക്കാലം “യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ – 2019” ആയി ആചരിക്കപ്പെടുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു.

യുക്മയിലേക്ക് കടന്നുവരാൻ താല്പര്യമുള്ള അസോസിയേഷനുകൾക്ക് തങ്ങളുടെ എക്സിക്യൂട്ടീവ് യോഗങ്ങൾ കൂടി ചർച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സമയം ലഭ്യമാക്കുന്നതിനാണ് രണ്ടുമാസം ദൈർഘ്യമുള്ള മെമ്പർഷിപ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. യുക്മ ഭരണഘടന പ്രകാരം ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ ചേർന്നാണ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്.

പുതുതായി അപേക്ഷ സമർപ്പിക്കുന്ന അസോസിയേഷനുകൾ യുക്മയുടെ ഏത് റീജിയൺ പരിധിയിൽ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജിയണൽ പ്രസിഡന്റ്, റീജിയണിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ, റീജിയണിലെ നാഷണൽ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുൻപ് പരിഗണിക്കുന്നതാണ്. നിലവിൽ യുക്മ അംഗ അസോസിയേഷനുകൾ ഉള്ള പ്രദേശങ്ങളിൽനിന്നും പുതിയ അംഗത്വ അപേക്ഷകൾ വരുന്ന സാഹചര്യങ്ങളിൽ, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടും, മുൻകൂട്ടി അറിയിച്ചുകൊണ്ടുമാകും അംഗത്വം വിതരണം ചെയ്യുക.

അംഗത്വ അപേക്ഷകൾക്കായി [email protected] എന്ന ഇ- മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണെന്ന് ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. നിലവിൽ നൂറ്റിഇരുപതോളം അസ്സോസിയേഷനുകളാണ് യുക്മയിൽ അംഗങ്ങളായുള്ളത്. സാങ്കേതികത്വങ്ങളുടെ പേരുപറഞ്ഞു യു കെ യിലെ മലയാളി അസ്സോസിയേഷനുകൾക്ക് യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുവാൻ പാടില്ലെന്ന് “മെമ്പർഷിപ്പ് ക്യാമ്പയി”നുമായി ബന്ധപ്പെട്ട ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹകസമിതി അഭിപ്രായപ്പെട്ടു.

നൂറ് പൗണ്ടാണ് യുക്മ അംഗത്വ ഫീസ്. ഇതിൽ അൻപത് പൗണ്ട് അതാത് റീജിയണൽ കമ്മറ്റികൾക്ക് ദേശീയ കമ്മറ്റി നൽകുന്നതായിരിക്കും. മുൻകാലങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ട് തീർപ്പു കല്പിക്കപ്പെടാതെ പോയിട്ടുള്ള അപേക്ഷകരും പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യുക്മ അംഗത്വ അപേക്ഷയുമായി ബന്ധപ്പെട്ട വിശദീകരങ്ങൾക്ക് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള (07960357679), ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

യു .കെ യിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ MMAUK യുടെ വാർഷിക സംഗമം ഡാവൻന്ററിയിൽ മെർക്കുർ ഡാവൻന്ററി കോർട്ട് ഹോട്ടലിൽവച്ച് ജൂലൈ 5 മുതൽ 7 വരെയുള്ള തീയതികളിൽ നടത്തപ്പെടും . യുകെയിൽ ജോലിചെയ്യുന്ന മെഡിക്കൽ , ഡെന്റൽ ഡോക്ടർമാരാണ് സംഗമത്തിൽ പങ്കെടുക്കുന്നത് . ജൂലൈ 5 – ം തീയതി വെള്ളിയാഴ്‌ച 6 . 30 -ന് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന സംഗമം ഞായറാഴ്‌ച പുലർച്ചെ 1 മണിയോടുകൂടിയാകും സമാപിക്കുക .

യുകെ യിൽ ജോലിചെയ്യുന്ന മലയാളി ഡോക്ടർമാരുടെ സാമൂഹികവും സാംസ്കാരികവും ആയ ഉയർച്ച ലക്ഷ്യമാക്കിയാണ് MMAUK രൂപീകൃതമായത് . മലയാളി ഡോക്ടർമാർക്ക് അറിവുകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള വേദിയായി ഉയർന്നുവന്ന MMAUK , മലയാളി ഡോക്ടർമാരുടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത് .

MMAUK -യുടെ ഈ വർഷത്തെ വാർഷിക സംഗമം വൈവിധ്യമാർന്ന പരിപാടികളാൽ സമൃദ്ധമാണ് . കലാകായിക മത്സരങ്ങൾ മുതൽ യോഗ ക്ലാസുകൾ വരെ പങ്കടുക്കുന്നവർക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട് . വടംവലിയാണ് കായികമത്സരങ്ങളിൽ പ്രധാനം . മെഡിക്കൽ രംഗത്തെ നൂതന അറിവുകൾ പകർന്നു നൽകാൻ ഉപകരിക്കുന്ന സെമിനാറുകൾ ആണ് സംഗമത്തിൻെറ ശ്രദ്ധേയമായ മറ്റൊരു ആകർഷണം . സംഗമത്തിലേയ്ക്ക് യുകെയിലെ എല്ലാ മലയാളി ഡോക്ടർമാരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ഡോ . ഓ . ജെ പോൾസൺ , ഡോ . ജയൻ മന്നത്ത്‌ , ഡോ . ആന്റണി തോമസ് തുടങ്ങിയവർ അറിയിച്ചു. സംഗമത്തിൽ പങ്കെടുക്കുന്നവർ MMAUK – യുടെ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് .

Click here for Registration form and accommodation details (www.mmauk.com)

മാഞ്ചസ്റ്റർ: – രൊഴ്ചക്കാലം ഭക്തിസാന്ദ്രമായി ആഘോഷിക്കുന്ന ഭാരത സഭയുടെ വിശ്വാസത്തിന്റെ പിതാവായ മാർ.തോമാ ശ്ലീഹായുടെയും, ഭാരത സഭയിലെ പ്രഥമ വിശുദ്ധയും
സഹനപുത്രിയുമായ വി. അൽഫാസാമ്മയുടെയും സംയുക്ത തിരുനാളും യു കെയിലെ ഏറ്റവും പ്രസിദ്ധവുമായ മാഞ്ചസ്റ്റർ തിരുനാളിന് നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊടിയേറും. മാഞ്ചസ്റ്റർ വിഥിൻഷോയിലെ സെന്റ്.ആന്റണീസ് ദേവാലയത്തിൽ നടക്കുന്ന കൊടിയേറ്റത്തിന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൾ ഗാനൻ മുഖ്യകാർമികനാകും. ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കൽ സഹകാർമികനായിരിക്കും.

തുടർന്ന് വൈകിട്ട് 5.30ന് വിഥിൻഷോ ഫോറം സെന്ററിൽ പാട്ടും, നൃത്തവും, കോമഡിയുമായി ഒരു അവിസ്മരണീയ രാവിന് അരങ്ങൊരുങ്ങും. ലൈവ് മെഗാസ്റ്റേജ് ഷോയിൽ പങ്കെടുക്കുന്ന സിനിമാ ടിവി താരങ്ങൾ ഉൾപ്പെട്ട താരനിര ഇന്നലെ എത്തിച്ചർന്നു. മാഞ്ചസ്റ്ററിൽ വന്നിറങ്ങിയ താരങ്ങളെ ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റി സിബി ജെയിംസിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് ടീമംഗങ്ങൾ ഒന്ന് ചേർന്ന് പരിശീലനം നടത്തും.


യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ സംബന്ധിക്കുന്ന പ്രഥാന തിരുനാൾ ജൂലൈ 6ന് ശനിയാഴ്ചയായിരിക്കും നടക്കുന്നത്. യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസയുടെയും ഒരാഴ്ചക്കാലം നീളുന്ന സംയുക്ത തിരുന്നാളാഘോഷങ്ങൾ മാഞ്ചസ്റ്ററിനെ ഭക്തി സാന്ദ്രമാക്കും. പ്രധാന തിരുനാൾ ദിവസമായ ജൂലൈ ആറിന് രാവിലെ 10ന് ആരംഭിക്കുന്ന അത്യാഘോഷപൂർവ്വമായ തിരുന്നാൾ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് മുഖ്യകാർമികനാകും. നിരവധി വൈദികർ സഹകാർമികരാകും. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഭാഗമായി മാഞ്ചസ്റ്റർ മിഷൻ നിലവിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യ തിരുനാൾ എന്ന പ്രത്യേകതയും ഇത്തവണത്തെ തിരുനാളിന് സ്വന്തമാകും.

ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുനാളാഘോഷങ്ങൾ നാളെ ജൂൺ 29 ശനിയാഴ്ച കൊടിയേറ്റത്തോടെ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൾ ഗാനൻ മുഖ്യകാർമികനായി ദിവ്യബലിയും നൊവേനയും തുടർന്ന് തിരുനാളിന്റെ കൊടിയേറ്റവും നടക്കും. കൊടിയേറ്റത്തിന് ശേഷം വൈകുന്നേരം 5.30ന് വിഥിൻഷോ ഫോറം സെന്ററിൽ സംഗീതവും കോമഡിയും ഉൾക്കൊള്ളുന്ന മെഗാഷോ അരങ്ങേറും. ഒരു കുടുംബത്തിന് 25 പൗണ്ടാണ് ടിക്കറ്റ് നിരക്ക്. 10 പൗണ്ട് നിരക്കിൽ സിംഗിൾ ടിക്കറ്റും ലഭ്യമാണ്. ടിക്കറ്റ് വില്പന പൂർത്തിയാകാറായെന്നും ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ ഭാരവാഹികളെ ബന്ധപ്പെട്ട് ടിക്കറ്റുകൾ ഉറപ്പ് വരുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. മലയാളത്തിന്റെ പുതിയ നിരയിലെ ചലച്ചിത്ര പിന്നണി ഗായകരായ നാം ശിവ, സുമി അരവിന്ദ്, ബെന്നി മുക്കാടൻ, സിനിമാ ടിവി താരങ്ങളായ ഷിനോ പോൾ, അരാഫത്ത് കടവിൽ, കോമഡി ഉത്സവം ഫെയിം നിസ്സാം കാലിക്കട്ട് തുടങ്ങി ഒട്ടേറെ സിനിമാ ടി വി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും ലൈവ് ഓർക്കസ്ട്രയുമായി പ്രസ്തുത ഷോയിൽ അണിനിരക്കും.

നാളെ തിരുനാൾ കൊടിയേറിയതിന് ശേഷം പ്രധാന തിരുനാളാഘോഷിക്കുന്ന ജൂലൈ 6 വരെയുള്ള എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ദിവ്യബലിയും നൊവെനയും ഉണ്ടായിരിക്കുന്നതാണ്. ജൂൺ 30 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സീറോ മലബാർ വികാരി ജനറാൾ റവ.ഫാ.ജിനോ അരീക്കാട്ട് ദിവ്യബലി അർപ്പിക്കും. ദിവ്യബലിക്ക് ശേഷം പുത്തരി പെരുന്നാൾ (ഉല്പന്ന ലേലം) ഉണ്ടായിരിക്കുന്നതാണ്. ജൂലൈ ഒന്നിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ദിവ്യബലിക്ക് മുഖ്യകാർമികനാകും. ജൂലൈ രണ്ടിന് റവ.ഫാ. നിക്കോളാസ് കേൻ ലത്തീൻ റീത്തിൽ ഇംഗ്ലീഷ് കുർബാന അർപ്പിക്കും.
ജൂലൈ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ. സജി മലയിൽ പുത്തൻ പുരയിൽ ദിവ്യബലിക്ക് മുഖ്യകാർമികനാകും. ജൂലൈ നാലിന് സീറോ മലങ്കര റീത്തിൽ റവ.ഫാ രഞ്ജിത്ത്
മടത്തിറമ്പിൽ ദിവ്യബലി അർപ്പിക്കും. ജൂലൈ 5 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ. ഫാ.ആൻറണി ചൂണ്ടെലിക്കാട്ട് ദിവ്യബലി അർപ്പിക്കും. എല്ലാ ദിവസവും നൊവേനയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.

 

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 6 ശനിയാഴ്ച രാവിലെ 10ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുഖ്യ കാർമ്മികനായി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അദ്ധ്യക്ഷൻ മാർ.ജോസഫ് ഡ്രാമ്പിക്കൽ പിതാവിനെയും മറ്റ് വൈദികരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതാടെ അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെ ഗായക സംഘം റെക്സ് ജോസ്, മിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കും. ദിവ്യബലിക്ക് ശേഷം മാഞ്ചസ്റ്ററിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയും മറ്റ് മതസ്ഥരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം മാഞ്ചസ്റ്ററിന്റെ തെരുവീഥികളിൽ നടക്കും. മാർ.തോമാശ്ലീഹായുടെയും, വി.അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങളെ അനുസ്മരിപ്പിക്കും. യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതു മുതൽ ഓരോ വർഷം ചെല്ലുംതോറും കൂടുതൽ പ്രശസ്തിതിയിലേക്ക് ഉയരുകയാണ് മാഞ്ചസ്റ്റർ തിരുനാൾ.

ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ 101 അംഗങ്ങളുള്ള വിവിധ കമ്മിറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന വിവിധ കമ്മിറ്റികളുടെ യോഗങ്ങൾ തിരുനാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.

മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
സിബി ജെയിംസ് – 07886670128
ജോബി തോമസ് – 07985234361
ബിജോയി മാത്യു – 07710675575

ദേവാലയത്തിന്റെ വിലാസം –
ST. ANTONY’S CHURCH,
DUNKERY ROAD,
PORTWAY,
M22 0WR

റെജി നന്തികാട്ട് ( പി. ആർ ഒ, ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2019 ലെ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും
ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി  സംഘാടകർ അറിയിച്ചു. 2019 ജൂലൈ 7 ന്
ഞായറാഴ്ച രാവിലെ 11 മണി മുതൽ സൗത്തെന്റിലെ Garon പാർക്കിൽ നടക്കുന്ന
കായികമേളക്ക് സൗത്തെൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും.

റീജിയന്റെ 15 അംഗ അസ്സോസിയേഷനുകളിൽ  നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം പങ്കെടുക്കുന്ന കായികതാരങ്ങളെ കാത്തു  അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നാഷണൽ കായികമേളയുടെ നിയമാവലി  അനുസരിച്ചു നടത്തപ്പെടുന്ന കായികമേളയിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് നാഷണൽ കായികമേളയിൽ പങ്കെടുക്കാൻ സാധിക്കും.

ഇതിനോടകം മത്സരത്തിന്റെ നിയമാവലികൾ എല്ലാ അംഗ അസ്സോസിയേഷനുകൾക്കും
അയച്ചു കൊടുത്തിട്ടുണ്ടു. സമ്മാനപ്പെരുമഴയാണ് വടംവലി മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ലോയാലിറ്റി ഫിനാൻഷ്യൽ കൺ
സൾട്ടൻസി നൽകുന്ന 301 പൗണ്ടിനൊപ്പം  നോർവിച്ചിലെ ജേക്കബ് കേറ്ററിംഗ് നൽകുന്ന
എവർറോളിങ് ട്രോഫിയും നൽകും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് പ്രസിദ്ധ സോളിസിറ്റർ  സ്ഥാപനമായ ലോ ആൻഡ് ലോയേഴ്സ് നൽകുന്ന 201 പൗണ്ടും ലോയല്റ്റി കൺസൾട്ടൻസി നൽക്കുന്ന എവർറോളിങ്ങ് ട്രോഫിയും ലഭിക്കുന്നതാണ്. മൂന്നാം  സ്ഥാനത്ത് വരുന്ന ടീമിന് ടോംടൺ ട്രാവൽസ്‌ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും നൽകുന്നതാണ്.

റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ സെക്രട്ടറി സിബി ജോസഫ് സ്പോർട്സ് കോർഡിനേറ്റർ സാജൻ പടിക്കമാലിൽ ,നാഷണൽജോയിന്റ് സെ‌ക്രട്ടറി സലീന സജീവ്, സൗത്തെൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോർജ് ജോസഫ് ,സെക്രട്ടറി സുരാജ് സുധാകരൻ എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ കമ്മറ്റിയാണ് കായികമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
ബാബു മങ്കുഴയിൽ
07793122621
സിബി ജോസഫ്
07563544588
സാജൻ പടിക്കമാലിൽ
07891345093

സജീഷ് ടോം (പി.ആർ.ഒ & മീഡിയാ കോഡിനേറ്റർ)

യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന “കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്ട്രേഷന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ – 2017” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇത്തവണ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കൂടുതല്‍ ടീമുകള്‍ രംഗത്ത്‌ വരുന്നതിന്‌ യുക്‌മ നേതൃത്വത്തിന്‌ മുമ്പാകെ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.

“കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്‌” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍ സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.

ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു;

ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌.

ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങളിലെ 20 ല്‍ 10 ആളുകളും മത്സരത്തിനിറങ്ങുമ്പോളുള്ള 16ല്‍ 8 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌.

കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മറ്റ് കമ്മ്യൂണിറ്റികളേയും ഈ സംരംഭത്തില്‍ പങ്കാളികളാക്കുക എന്ന് കൂടി ലക്ഷ്യമിടുന്നതിനാല്‍ ടീം അംഗങ്ങളിലെയും മത്സരത്തിനിറങ്ങുന്നവരിലെയും പകുതിയാളുകള്‍ മറ്റ് ഏത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്താവുന്നതാണ്. ബ്രിട്ടണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭാഗക്കാര്‍ ഉള്ളതിനാല്‍ തന്നെ ഏത് എത്നിക് വിഭാഗത്തിലുള്ളവരെയും ടീമുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍ ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.

കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ വൂസ്റ്റര്‍ തെമ്മാടീസ്‌ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് കാരിച്ചാല്‍ എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പരാതികള്‍ക്കിടയില്ലാതെ പങ്കെടുക്കാനെത്തിയ 22 ടീമുകളിലെയും 20 അംഗങ്ങള്‍ക്ക്‌ വീതം ജഴ്‌സി നല്‍കിയത്‌ പരിപാടിയ്ക്ക്‌ വര്‍ണ്ണപ്പകിട്ടേകി. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

ടീം ഒന്നിന് 300 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌.

ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.

കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്‌. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട്‌ മത്സരം നടത്തിയാവും “ഫൈനല്‍ 16” ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.

ടീം രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്:

ജയകുമാര്‍ നായര്‍:07403 223066

ജേക്കബ് കോയിപ്പള്ളി:07402 935193

“കേരളാ പൂരം 2019”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനോജ് പിള്ള (പ്രസിഡന്റ്) : 07960357679, അലക്സ് വര്‍ഗ്ഗീസ് (സെക്രട്ടറി) : 07985641921 എന്നിവരെ ബന്ധപ്പെടേണ്ടതാണ്

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ രൂപതാകുടുംബമൊന്നാകെ തിരുവചനം ധ്യാനിക്കുവാനും പഠിക്കുവാനുമായി ഒരുക്കുന്ന ‘രൂപതാ ഏകദിന ബൈബിൾ കൺവൻഷന്റെ’ ഈ വർഷത്തെ ശുശ്രുഷകൾക്കു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റെവ. ഫാ. ജോർജ്ജ് പനക്കൽ വി. സി. എന്നിവർ നേതൃത്വം നൽകും. രൂപതയുടെ എട്ടു റീജിയനുകളിലായി ഒക്ടോബർ 22 മുതൽ 30 വരെയാണ് ഈ ഏകദിന ബൈബിൾ കൺവെൻഷനുകൾ നടക്കുന്നത്.

“തിരുസഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിൽനിന്നു മാറ്റിനിർത്താനാവാത്തതും ഈ പാരമ്പര്യത്തിലൂടെതന്നെ പ്രഘോഷിക്കപ്പെടേണ്ടതുമായ തിരുവചനം, ദൈവത്തിൻറെ തന്നെ വാക്കുകളായി പ്രസംഗിക്കുകയും കേൾക്കുകയും വായിക്കുകയും സ്വീകരിക്കുകയും ജീവിതത്തിൽ അനുഭവമാക്കുകയും ചെയ്യണ”മെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനത്തിൻറെ അടിസ്ഥാനത്തിലാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത എല്ലാ വർഷവും ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ‘ദൈവഹിതത്തെക്കുറിച്ചു ശരിയായ അറിവില്ലെങ്കിൽ, വേണ്ടതുപോലെ ക്രിസ്തുവിനെ സഭയിൽ ബഹുമാനിക്കാനും ആരാധിക്കാനും കഴിയില്ലെന്നും സത്യത്തോടും ദൈവവചനത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരിക്കണ’മെന്നും വി. പൗലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു.

കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങൾക്ക് കേരളസഭയിൽ തുടക്കമിടുന്നതിൽ ദൈവകരങ്ങളിൽ ശക്തമായ ഉപകരണമായ റെവ. ഫാ. ജോർജ്ജ് പനക്കൽ വി. സി. യാണ് ഇത്തവണ വചനപ്രഘോഷണവേദികളിൽ പ്രധാന പ്രസംഗകനായി ദൈവസന്ദേശമറിയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എട്ടു റീജിയനുകളിലും ദിവ്യബലിയർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ നിന്നും സാധിക്കുന്നത്ര ആളുകൾക്ക് അതാത് റീജിയനുകളിലെ കൺവെഷനിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വൈദികർക്കും കൈക്കാരൻമാർക്കും കമ്മറ്റി അംഗങ്ങൾക്കും മാർ ജോസഫ് സ്രാമ്പിക്കൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ റീജിണനിലും നടക്കുന്ന ഏകദിന കൺവെൻഷൻറെ വിശദ വിവിരങ്ങൾ ചുവടെ ചേർക്കുന്നു:

Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain

Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).

Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).

Date: Friday, 25th October 2019; Region: Manchester; Venue: St. Anthony’s Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).

Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).

Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert’s Church, 98 High Blantyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).

Date: Monday, 28th October 2019; Region: Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).

Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).

Date: Wednesday, 30th October 2019; Region: Southampton: Venue: St. John’s Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503).

സ്റ്റോക്ക് ഓൺ ട്രെൻഡ്: വൈസ് പ്രസിഡന്റ് ആയി തുടങ്ങി രണ്ടു തവണ യുക്മയുടെ ദേശീയ പ്രിസിഡന്റ് ആയ ശ്രീ. വിജി കെ പി ഇത്തവണ പ്രസിഡന്റ് പദം ഏറ്റടുത്തത് സ്വന്തം തട്ടകമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ അമരക്കാരനായാണ്. എസ് എം എ യുടെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളായി എസ് എം എ യുടെ രൂപീകൃത കാലം മുതല്‍ പ്രവര്‍ത്തിക്കുകയും, ഒരു തവണ എസ് എം എ യുടെ ജനറൽ സെക്രട്ടറി ആയി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വിജി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. യുക്മയുടെ ദേശീയ പ്രിസിഡന്റ്ആയി പ്രവര്‍ത്തിച്ചു വളരെകാലത്തെ അനുഭവസമ്പത്തുമായി അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍ യുകെയില്‍ ഏറ്റവും അധികം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓരോ മലയാളികളും സന്തോഷത്തിലും പ്രതീക്ഷയിലുമാണ്.

അദ്ദഹത്തോടൊപ്പം കരുത്തുറ്റ പുതിയ നേതൃത്വവും അധികാരമേല്‍ക്കുകയുണ്ടായി. പോയ വർഷം എസ് എം എയുടെ വൈസ് പ്രസിഡന്റ് ആയും ഇപ്പോള്‍ യുക്മ റെപ്രെസെൻറ്റേറ്റീവ് ആയി പ്രവര്‍ത്തിക്കുന്ന സിനി ആൻറ്റോ സെക്രട്ടറി ആയും, പോയ വര്‍ഷം ട്രഷറര്‍ ആയിരുന്ന റ്റിജു തോമസിനെ വീണ്ടും ട്രീഷറര്‍ ആയും തിരഞ്ഞടുത്തു. ഇവരോടൊപ്പം വൈസ്പ്രസിഡന്റായി അബിനേഷ് ജോസിനെയും, ജോയിന്റ് സെക്രട്ടറി ആയി എബ്രഹാം മാത്യുവിനേയും, ജോയിന്റ് ട്രഷറര്‍ ആയി വർഗീസ്  ആന്റണിയെയും പി. ആര്‍. ഒ. ആയി സിറില്‍ മാഞ്ഞൂരാനെയും തിരഞ്ഞടുക്കുകയുണ്ടായി. രണ്ട് തവണ യുക്മയുടെ കലാകായിക മേളകളില്‍ കിരീടം അണിഞ്ഞിട്ടുള്ള എസ് എം എയിലെ അംഗങ്ങളിലെ കഴിവുകളെ കണ്ടറിഞ്ഞു പോത്സാഹിപ്പിക്കാന്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി ഷാജില്‍ തോമസിനേയും, ബിജു തോമസിനേയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി വിനു ഹോര്‍മിസിനെയും അജി മങ്കലത്തിനെയും തിരഞ്ഞടുത്തു.

2019 വര്‍ഷത്തെ ഓണം പ്രോഗ്രാം സെപ്റ്റംബര്‍ 22 നും ക്രിസ്തുമസ് പ്രോഗ്രാം ഡിസംബര്‍ 28 നും നടത്തുവാന്‍ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചു.

വാർത്ത : സിറില്‍ മാഞ്ഞൂരാന്‍, പി. ആര്‍. ഒ.

RECENT POSTS
Copyright © . All rights reserved